Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 8

ആര്‍ത്തി രാഷ്ട്രീയത്തില്‍നിന്ന് ഹരിത രാഷ്ട്രീയത്തിലേക്ക്‌

റസാഖ് പാലേരി

കേരളം ഭരിക്കുന്ന യു.ഡി.എഫ് മുന്നണിക്കകത്ത് പുതിയ കോളിളക്കം സൃഷ്ടിച്ച നെല്ലിയാമ്പതി എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ച വിവിധ മുഖങ്ങളില്‍ വികസിച്ചു കൊണ്ടിരിക്കുകയാണ്. എം.എം ഹസന്റെയും ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ നെല്ലിയാമ്പതി എസ്റ്റേറ്റുകളില്‍ യു.ഡി.എഫ് ഉപസമിതി നടത്തിയ സന്ദര്‍ശന കോലാഹലങ്ങള്‍ക്കിടയിലാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 6-ന് തിങ്കളാഴ്ച എം.എല്‍.എമാരായ ടി.എന്‍ പ്രതാപന്‍, വി.ഡി സതീശന്‍, എം.വി ശ്രേയംസ്‌കുമാര്‍, ഹൈബി ഈഡന്‍, എന്‍.ഇ ബലറാം എന്നിവര്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്. അതോടെ എം.എം ഹസന്‍ ചൊടിച്ചു. ഉപസമിതി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. സതീശാദികളുമായി കൊമ്പുകോര്‍ക്കാന്‍ തുടങ്ങി.
യുവ എം.എല്‍.എമാര്‍ക്കൊപ്പം കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് വി.ഡി സതീശനും ടി.എന്‍ പ്രതാപനും നടത്തിയ നെല്ലിയാമ്പതി സന്ദര്‍ശനത്തെ തുടര്‍ന്ന് ഗ്രീഡി പൊളിറ്റിക്‌സും ഗ്രീന്‍ പൊളിറ്റിക്‌സും നേര്‍ക്കു നേര്‍ ഗോദയിലിറങ്ങിയിരിക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് അധികാര ദുരമൂത്ത് വെട്ടിപിടിക്കാനുള്ള ആര്‍ത്തിയാല്‍ നേതാക്കന്മാര്‍ നടത്തുന്ന കുതികാല്‍വെട്ടും പാരവെപ്പുമുള്‍പ്പെടുന്ന കേവല പൊറാട്ടു നാടകങ്ങളാണ് എന്ന് മുഖ്യധാര രാഷ്ട്രീയക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹരിത രാഷ്ട്രീയത്തിന്റെ പുതിയ വര്‍ത്തമാനം കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ പൊട്ടിവീണത്. ആര്‍ത്തി രാഷ്ട്രീയത്തിന്റെ ചീഞ്ഞളിഞ്ഞ തൊപ്പിയും ഹരിത രാഷ്ട്രീയത്തിന്റെ മനോഹര കിരീടവും ആരുടെ ശിരസുകളിലാണ് കാലം ചാര്‍ത്തുന്നത് എന്ന് കാണാന്‍ കേരളം കാത്തിരിക്കേണ്ടിവരും.
ഹരിത രാഷ്ട്രീയ പുങ്കവന്‍മാര്‍ ഉയര്‍ത്തുന്ന ചിന്തകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ കേരളം കൈനീട്ടി സ്വീകരിക്കുന്ന വികസനത്തിന്റെ പുതിയ കാഴ്ചപ്പാടായിരിക്കും അത്. ഒരു പക്ഷേ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി കേരളത്തിലെ സിവില്‍ സൊസൈറ്റി, മുഖ്യധാര രാഷ്ട്രീയക്കാര്‍ പുറം തിരിഞ്ഞു നിന്നിട്ടും ചിലപ്പോഴൊക്കെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടും പിന്‍വാങ്ങാതെ ഉയര്‍ത്തിക്കൊണ്ടിരുന്ന ജനപക്ഷ രാഷ്ട്രീയ ചിന്തകളാണ് ഹരിത രാഷ്ട്രീയത്തിന്റെ വര്‍ത്തമാനങ്ങളായി കേരളം കേട്ടത്. ഇത് കേവലം കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കും പടലപ്പിണക്കങ്ങളും പാര്‍ട്ടിയിലും ഭരണത്തിലും ഇടം നേടാനുള്ള ഗിരി പ്രഭാഷണവുമാണെങ്കില്‍ കേരളം പുഛിച്ച് തള്ളുക തന്നെ ചെയ്യും. ഹൈക്കമാന്റിനു മുന്നില്‍ കവാത്ത് മറന്നാല്‍ രാഷ്ട്രീയ കേരളം ഇവര്‍ക്കു നേരെ കൊഞ്ഞനം കുത്തും. ഇപ്പോള്‍ തന്നെ ദല്‍ഹിയില്‍ നിന്ന് വിളി വന്നതിനാലോ മറ്റോ രാഹുല്‍ സ്‌പോണ്‍സേഡ് എം.എല്‍.എ കുട്ടന്മാരുടെ നാക്കിറങ്ങി പോയോ എന്ന് ജനങ്ങള്‍ക്ക് സംശയമുണ്ട്. കെ.എം ഷാജിയെയും ശ്രേയംസ് കുമാറിനെയും മഷിയിട്ടു നോക്കിയിട്ടും ഇപ്പോള്‍ ഈ ഫീല്‍ഡില്‍ കാണാനില്ല.
ഹരിതചിന്തകള്‍
അഡ്വ: വി.ഡി സതീശന്‍ എഴുതിയ ലേഖനത്തില്‍ (മാധ്യമം ആഗസ്റ്റ് 22) തന്റെ രാഷ്ട്രീയ ലൈന്‍ വ്യക്തമാക്കുന്നുണ്ട്. അതിലെ സൂചനകളെ ഇങ്ങനെ സംഗ്രഹിക്കാം: ''ഹരിത രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത് സന്തുലിതമായ വികസനവും സര്‍വാശ്ലേഷിയായ വളര്‍ച്ചയുമാണ്. വികസനം എന്ന വാക്കു തന്നെ പുനര്‍ നിര്‍വചിക്കേണ്ടതുണ്ട്. ഭൂമിയുടെ ഉപയോഗം പ്രധാനപ്പെട്ട വിഷയമാണ.് ഇന്ന് റിയല്‍ എസ്റ്റേറ്റ് ദല്ലാളന്മാര്‍ ഭൂമി കൈക്കലാക്കി അവിടെ ബഹുനില കെട്ടിടങ്ങളും വില്ലകളും ഓഫീസ് കോംപ്ലക്‌സുകളും പടുത്തുയര്‍ത്തുന്നു. ഇവര്‍ സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തെയാണ് നാം വികസനമെന്ന് പേരു ചൊല്ലി വിളിക്കുന്നത്. ഒരു പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ അവിടെ നിന്ന് വലിച്ചെറിഞ്ഞ് ആ പ്രദേശത്തിന്റെ പാരിസ്ഥിതികമായ പ്രത്യേകതകളെ അവഗണിച്ച് വികസനത്തിന്റെ തേരിലേറി നാം പോകുകയാണ്. വികസനം നടപ്പാക്കുന്ന സ്ഥലത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലും ജീവിത നിലവാരത്തിലും മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അതിനെ വികസനമെന്ന് വിളിക്കാന്‍ കഴിയൂ. പ്രകൃതിയെയും പരിസ്ഥിതിയെയും തകര്‍ത്തു കൊണ്ടുള്ള വികസനത്തിനും കടിഞ്ഞാണിടണം. ഹരിത രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് പ്രകൃതിയും പരിസ്ഥിതിയും മാത്രമല്ല അത് അക്രമ രാഷ്ട്രീയത്തിനെതിരായും അഴിമതിക്കെതിരായും ഉറച്ച നിലപാടുകളെടുക്കും. വര്‍ഗീയവല്‍ക്കരണത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും സാമൂഹിക നീതി നിഷേധത്തെയും ശക്തിയായി എതിര്‍ക്കും, ദുര്‍ബലരായ ജന വിഭാഗങ്ങളെ കരുതലോടെ നോക്കി കാണുന്ന ആര്‍ദ്രമായ രാഷ്ട്രീയമാണത്.''
ഈ നിരീക്ഷണങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന് ജനകീയ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്ന ധീരവ്യക്തിത്വങ്ങളെയാണ് ഇന്ന് കേരളം തേടുന്നത്. ഒരു പക്ഷെ മുതലാളിത്തവല്‍ക്കരിക്കപ്പെട്ട ആര്‍ത്തി രാഷ്ട്രീയത്തിന്റെ പുറം തോട് പൊട്ടിച്ച് പുറത്തു കടക്കേണ്ടി വന്നാലും ജനപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ ലോകത്ത് അത്തരം വ്യക്തിത്വങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ഉണ്ടാവുക തന്നെ ചെയ്യും. ജനം ഒരു ബദല്‍ രാഷ്ട്രീയത്തിന്റെ പിറവി പ്രതീക്ഷിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലോഡ് അല്‍വാരിസ് ഓര്‍മപ്പെടുത്തിയത് ആ ചിന്തകളാണ്. ''പാരിസ്ഥിതിക പ്രശ്‌നങ്ങളെയും വികസനത്തെയും സംബന്ധിച്ച ഭരണകൂട കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ നിലപാടുള്ള രാഷ്ട്രീയ പ്രസ്ഥാനം ഉയര്‍ന്നു വരേണ്ടതുണ്ട്. സാധാരണ ജനം ഓരോ ദിവസം കഴിയും തോറും പരിസ്ഥിതി വിരുദ്ധമായ ഈ വികസനത്തിന്റെ അപകടങ്ങള്‍ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്.'' ആര്‍ത്തി പൂണ്ട കോര്‍പറേറ്റ് രാഷ്ട്രീയത്തില്‍ നിന്ന് ആര്‍ദ്രമായ ഹരിത രാഷ്ട്രീയത്തിലേക്കുള്ള ഗതിമാറ്റം കേരളം ഉറ്റു നോക്കുകയാണ്.
കേരളം ഉയര്‍ത്തുന്ന ജനകീയ അജണ്ടകള്‍
കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍ ഉയര്‍ന്നു വരുന്ന ജനകീയ സമരങ്ങളും അവ മുന്നോട്ടുവെച്ച വിഷയങ്ങളും അവഗണിച്ച് മുന്നോട്ട് പോകുന്ന പിന്തിരിപ്പന്‍ സമീപനങ്ങളാണ് ഇടത്-വലത് മുന്നണികള്‍ സ്വീകരിക്കുന്നത്. പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞ് ഏറ്റെടുത്ത ജീവല്‍സമരങ്ങളെ അരാഷ്ട്രീയതയുടെ തുരുത്തായി മുദ്രകുത്തി താറടിക്കുന്നതിന് പകരം ജനപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ കൊടിയടയാളമായി ഇവയെ തിരിച്ചറിയാനുള്ള വിവേകമാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കേണ്ടത്. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തുന്ന ജീവല്‍സമരം മുതല്‍ തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാലയിലെ ജനത ഒന്നടങ്കം നടത്തി കൊണ്ടിരിക്കുന്ന ചെറുത്തുനില്‍പ്പുകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് സമരഭൂമികള്‍, ഇവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം തിരിച്ചറിയാന്‍ ഹരിത രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിവെക്കുമെങ്കില്‍ ഏറെ നല്ലത്. ചെങ്ങറ, മൂലമ്പിള്ളി, പ്ലാച്ചിമട, കിനാലൂര്‍, അതിരപ്പിള്ളി, ബി.ഒ.ടി ദേശീയ പാത വികസനം, ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി, മാലിന്യ സമരങ്ങള്‍, ഭൂമിക്ക് വേണ്ടി നടക്കുന്ന പോരാട്ടങ്ങള്‍ എല്ലാം പുതിയ കേരളത്തിന്റെ ദിശ നിര്‍ണയിക്കുന്ന ഇടപെടലുകളാണ്. പക്ഷേ ഭരണ-പ്രതിപക്ഷ വിഭാഗങ്ങള്‍ ഇപ്പോഴും കണ്ണു തുറന്നിട്ടില്ല.
നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള പാട്ടക്കരാര്‍ കഴിഞ്ഞ മുഴുവന്‍ എസ്റ്റേറ്റുകളും തിരിച്ചുപിടിക്കാനും അത് കേരള സര്‍ക്കാറിന്റെ സ്വന്തം ഭൂമിയാക്കി മാറ്റാനുമുള്ള പരിശ്രമങ്ങള്‍ ഇനിയും തുടരണം. നെല്ലിയാമ്പതി, മൂന്നാര്‍ തുടങ്ങിയ കേരളത്തിലെ നൂറുകണക്കിന് പ്രദേശങ്ങളിലെ പാട്ട കാലാവധി കഴിഞ്ഞതും കൈയേറ്റം ചെയ്യപ്പെട്ടതുമായ എസ്റ്റേറ്റുകള്‍ മുഴുവന്‍ തിരിച്ചു പിടിക്കാനുള്ള ശക്തമായ ശ്രമങ്ങളാണ് നടക്കേണ്ടത്. എമര്‍ജിങ്ങ് കേരളക്കു വേണ്ടി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമംവരെ കാറ്റില്‍ പറത്തി മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിന്റെ മണ്ണിനുവേണ്ടി, മനുഷ്യനു വേണ്ടി പുതിയ ജനപക്ഷ ചേരി വളര്‍ന്നു വരേണ്ടത് അനിവാര്യമാണ്. ആ ഹരിത രാഷ്ട്രീയം കേരളം സ്വപ്നം കാണുന്ന പുതിയ രാഷ്ട്രീയമാണ്. അത് കേവല വര്‍ത്തമാനങ്ങളും വാക് പയറ്റുകളുമായി തരംതാഴാതിരിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍