Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 1

അവയവങ്ങള്‍ ദാനം ചെയ്യാമോ?

ഡോ. യൂസുഫുല്‍ ഖറദാവി

മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യല്‍ ഇന്ന് ഒരു സല്‍കര്‍മമായാണ് വിലയിരുത്തുന്നത്. മുസ്ലിംകള്‍ക്ക് അവയവദാനം അനുവദനീയമാണോ? ആണെങ്കില്‍ ഇതര മതസ്ഥര്‍ക്ക് അവരുടെ അവയവം നല്‍കാമോ?
അബൂഹുറയ്റയില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ ഇങ്ങനെ കാണാം: പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ മരണപ്പെട്ടാല്‍ മൂന്നെണ്ണത്തിനൊഴികെ അവനുമായുള്ള ബന്ധം വിഛേദിക്കപ്പെടും. 1. നിലനില്‍ക്കുന്ന സ്വദഖഃ, 2. പ്രയോജനകരമായ വിജ്ഞാനം, 3. അവന് വേണ്ടി പ്രാര്‍ഥിക്കുന്ന സല്‍സന്താനം.(മുസ്ലിം)
ഏതെങ്കിലും വിധത്തില്‍ മറ്റുള്ളവര്‍ക്ക് പ്രയോജനം ചെയ്യുന്നുവെങ്കില്‍ മരണശേഷവും ഒരാള്‍ക്ക് പ്രതിഫലം ലഭിക്കുന്ന കര്‍മമാണ് സ്വദഖതുന്‍ ജാരിയ. പാവങ്ങളെ സഹായിക്കല്‍, അനാഥരെയും വിധവകളെയും അശരണരെയും സംരക്ഷിക്കല്‍, പള്ളി-മദ്റസ എന്നിവക്കും മതപ്രബോധകര്‍ക്കും, ദീന്‍ പഠിപ്പിക്കുന്നവര്‍ പോലുള്ളവര്‍ക്കും വേണ്ട ചെലവുകള്‍ വഹിക്കല്‍ തുടങ്ങിയവക്കായി അടിസ്ഥാനം നിലനില്‍ക്കെ പ്രയോജനപ്പെടുന്ന വഖ്ഫ് സ്വത്തുക്കള്‍ ഉദാഹരണം.
ഇസ്ലാമില്‍ സമ്പത്ത് ഉപയോഗിച്ചുള്ള സ്വദഖയും സമ്പത്തുകൊണ്ടല്ലാത്ത സ്വദഖയുമുണ്ട്. എല്ലാ സല്‍പ്രവൃത്തികളും സ്വദഖയാണെന്ന് പ്രവാചകന്‍ തന്നെ വിശദീകരിക്കുന്നു. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങളെല്ലാം സ്വദഖയാണ്. വഴിയില്‍ നിന്ന് ഉപദ്രവം നീക്കലും നല്ല വാക്ക് പറയലും സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കലും സ്വദഖയാണെന്ന് പ്രവാചകന്‍ പറഞ്ഞതായി ഹദീസുകളില്‍ കാണാം.
അതുപോലെ, അംഗീകൃതമായ സ്വദഖകളുടെ കൂട്ടത്തില്‍ പെട്ടതാണ്, മനുഷ്യന്‍ തന്റെ ശരീരത്തില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നവ ദാനം ചെയ്യുക എന്നത്. ഉദാഹരണമായി രക്തദാനം. ജീവിതം തുടരാന്‍ മനുഷ്യനെ സഹായിക്കലാണത്.
അതുപോലെ മറ്റൊന്നാണ്, ജീവിച്ചിരിക്കെ ശരീരത്തിലെ ഏതെങ്കിലും അവയവം ദാനം ചെയ്യല്‍. ദാനം ചെയ്യുന്ന അവയവം ഇല്ലാതെ തന്നെ തന്റെ ജീവന്‍ നിലനില്‍ക്കുമെന്നും അതിന്റെ അഭാവം യാതൊരു ഉപദ്രവവും ഏല്‍പിക്കില്ലെന്നും ബോധ്യമാവുകയും മറ്റൊരാള്‍ക്ക് അത് ലഭിക്കല്‍ അനിവാര്യമാവുകയും അയാള്‍ക്ക് അത് മുഖേന പ്രയോജനം സിദ്ധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുമ്പോഴാണ് അപ്രകാരം ചെയ്യാറുള്ളത്. അതല്ല ഇവിടെ നമ്മുടെ വിഷയം.
മരണശേഷം ഒരാളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനെ കുറിച്ചാണ് നമ്മുടെ ചര്‍ച്ച. അഥവാ, ഒരാള്‍ക്ക് ഏതെങ്കിലും അത്യാഹിതത്തിന്റെ ഫലമായി മസ്തിഷ്കമരണം സംഭവിച്ചതായി സ്പെഷലിസ്റ് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു. അതേസമയം ഹൃദയം യഥോചിതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ അയാളുടെ ഹൃദയം, കരള്‍, വൃക്ക, കോര്‍ണിയ മുതലായ ജീവനുള്ള ഭാഗങ്ങള്‍ എടുക്കാനും പ്രസ്തുത അവയവങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അത് പ്രയോജനപ്പെടുത്താനും ആധുനിക വൈദ്യശാസ്ത്രത്തിന് സാധിക്കും. സൃഷ്ടിപ്പിലെ അല്ലാഹുവിന്റെ നടപടിക്രമമനുസരിച്ച് മരണത്തിന്റെ വക്കില്‍ കഴിയുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന കര്‍മം ഇതുവഴി നടക്കുന്നു.
ഇന്റര്‍നാഷ്നല്‍ ഇസ്ലാമിക് ഫിഖ്ഹ് കൌണ്‍സില്‍ ഒമാനില്‍ ചേര്‍ന്ന അതിന്റെ എട്ടാം സമ്മേളനത്തില്‍ എടുത്ത തീരുമാനം - സ്ഥിരീകരിക്കപ്പെട്ട മസ്തിഷ്ക മരണത്തെ മരണത്തിന്റെ മുഴുവന്‍ വിധികളും ബാധകമാവുന്ന മരണമായി പരിഗണിച്ചുകൊണ്ടുള്ള തീരുമാനം- ഇവിടെ ഉദ്ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്:
ഇത്തരം ഘട്ടത്തില്‍, ശരിയായ രൂപത്തില്‍ മയ്യിത്ത് സംസ്കരണം നടത്താന്‍ സാധ്യമാവും വിധം ശരീരത്തിന്റെ ബാഹ്യഘടന നിലനിര്‍ത്തിക്കൊണ്ട് ഹൃദയം, വൃക്ക പോലുള്ള ആന്തരികാവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്.
ഒരാള്‍ സ്വാഭീഷ്ടപ്രകാരം അങ്ങനെ ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്താല്‍ അവന്റെ സദുദ്ദേശ്യം പരിഗണിച്ച് അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കും. കാരണം അതുമുഖേന ഒരാളെ ദുരിതത്തില്‍ നിന്ന് രക്ഷിക്കുക എന്ന ദൌത്യത്തില്‍ പങ്കാളിത്തം വഹിക്കുകയാണയാള്‍. അല്ലാഹു പറയുന്നു: ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയാകുന്നു(അല്‍മാഇദ 32).
മരണവേളയില്‍ ഇത്തരം അവയവങ്ങള്‍ ഒരാള്‍ ദാനം ചെയ്യുന്നില്ലെങ്കില്‍ മരണാനന്തരം ഏതാനും നാളുകള്‍ക്കകം അവ ചീഞ്ഞളിഞ്ഞ് പുഴുക്കളുടെ ഭക്ഷണമായിത്തീരും. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മറ്റാര്‍ക്കെങ്കിലും ആവശ്യമാകുന്ന ഘട്ടത്തില്‍ അത് ദാനം ചെയ്യുകയും അല്ലാഹുവിങ്കലുള്ള പ്രതിഫലം കരസ്ഥമാക്കുകയും ചെയ്തുകൂടാ? അവ വെറുതെ നശിക്കുന്നതിനേക്കാള്‍ നല്ലത് അതല്ലേ?
ഒരു മുസ്ലിം അവന്റെ ഏതെങ്കിലും അവയവം അമുസ്ലിമിന് ദാനം ചെയ്താല്‍ അതിന്റെ പേരില്‍ അവന്‍ പ്രതിഫലാര്‍ഹനാകുമോ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. നാം പറയുന്നു: അല്ലാഹു ഖുര്‍ആനില്‍ പരാമര്‍ശിക്കുകയും മുസ്ലിംകളോടും അമുസ്ലിംകളോടും അനുവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുള്ള ബിര്‍റിന്റെ ഭാഗമാണിത്. അല്ലാഹു പറയുന്നു: മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍ നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല (അല്‍മുംതഹിന 8).
സകാത്ത് ധനത്തില്‍ നിന്നൊഴികെയുള്ള ദാനധര്‍മങ്ങള്‍ അമുസ്ലിംകള്‍ക്കും ആവാം എന്ന് പണ്ഡിതന്മാര്‍ പൊതുവെ അഭിപ്രായപ്പെടുന്നു. പ്രവാചക കാലഘട്ടത്തിലെ ചില മുസ്ലിംകള്‍ അവരുടെ മുശ്രിക്കുകളായ ബന്ധുക്കള്‍ക്ക് വേണ്ടി ധനം ചെലവഴിച്ചിരുന്നു. അതേസമയം അത് തെറ്റാണോ എന്ന് ചിലര്‍ ആശങ്കിച്ചപ്പോള്‍ ദിവ്യവചനം അവതരിച്ചു. പ്രവാചകരേ, ജനങ്ങളെ സന്മാര്‍ഗത്തിലാക്കേണ്ട ഉത്തരവാദിത്വം താങ്കള്‍ക്കില്ല. അല്ലാഹു അവനിഛിക്കുന്നവരെ സന്മാര്‍ഗത്തിലാക്കുന്നു. ധര്‍മമാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്തും നിങ്ങള്‍ക്കുവേണ്ടിത്തന്നെയുള്ള നന്മയാകുന്നു. നിങ്ങള്‍ ചെലഴിക്കുന്നത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുമാത്രമാണല്ലോ. ധര്‍മമാര്‍ഗത്തില്‍ ചെലവഴിക്കുന്നതെന്തിനും നിങ്ങള്‍ക്ക് പരിപൂര്‍ണമായി പ്രതിഫലം ലഭിക്കുന്നതാകുന്നു. നിങ്ങളുടെ അവകാശം തെല്ലും ഹനിക്കപ്പെടുന്നതല്ല (അല്‍ബഖറ 272).
സൂറത്തുല്‍ ഇന്‍സാനില്‍ പുണ്യവാന്‍മാരെ വിശേഷിപ്പിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: ഇവര്‍ ദൈവസ്നേഹത്താല്‍, അഗതികള്‍ക്കും അനാഥര്‍ക്കും ബന്ധിതര്‍ക്കും അന്നം നല്‍കുന്നു. (അവരോട് പറയുന്നു:) അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാകുന്നു ഞങ്ങള്‍ നിങ്ങളെ ഊട്ടുന്നത്. നിങ്ങളില്‍ നിന്ന് പ്രതിഫലമോ നന്ദി പ്രകടനമോ ഞങ്ങള്‍ കാംക്ഷിക്കുന്നില്ല (അല്‍ഇന്‍സാന്‍:8,9). അക്കാല ഘട്ടത്തിലെ ബന്ദി മുശ്രിക്കുകളില്‍ പെട്ടവനായിരുന്നു. അവന് ഭക്ഷണം കൊടുക്കുന്നതിനെ പോലും അല്ലാഹു പ്രശംസിക്കുകയാണ്.
ദാഹിച്ച് വലഞ്ഞ നായക്ക് വെള്ളം നല്‍കിയതിന്റെ പേരില്‍ ഒരു വേശ്യക്ക് അല്ലാഹു പൊറുത്തുകൊടുത്തത് പ്രബലമായ ഹദീസില്‍ കാണാം. അതുപോലെ ഒരു നായക്ക് വെള്ളം കൊടുത്തയാളുടെ കര്‍മത്തെ അല്ലാഹു വിലമതിച്ചത് പ്രവാചകന്‍ വിശദീകരിച്ചപ്പോള്‍ സഹാബിമാര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ജന്തുജാലങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ? തിരുമേനി പറഞ്ഞു: എല്ലാ പച്ചക്കരളുള്ളവയുടെ കാര്യത്തിലും പ്രതിഫലമുണ്ട്.
ഒരു മിണ്ടാപ്രാണിയുടെ കാര്യത്തില്‍ ഇസ്ലാം വിഭാവന ചെയ്യുന്ന ഇഹ്സാന്‍ ഇതാണെങ്കില്‍ ആദരണീയനായ മനുഷ്യന്റെ കാര്യത്തില്‍ എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല, ചില ഇസ്ലാമിക കര്‍മശാസ്ത്രകാരന്മാര്‍ സകാത്തുപോലും അമുസ്ലിംകള്‍ക്ക് നല്‍കാമെന്ന വീക്ഷണക്കാരാണ്. ആളുകളോട് യാചിച്ചുനടന്ന ഒരു ജൂതന് ബൈതുല്‍ മാലില്‍ നിന്ന് ആവശ്യമായ വിഹിതം നല്‍കാന്‍ ഖജനാവ് സൂക്ഷിപ്പുകാരനോട് ഉമര്‍(റ) ആവശ്യപ്പെട്ടുവെന്ന് പറയുന്ന നിവേദനത്തിന്റെ പ്രത്യക്ഷാര്‍ഥവും അത് തന്നെയാണ്. ആ സന്ദര്‍ഭത്തില്‍ ഉമര്‍ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: (നിര്‍ബന്ധദാനങ്ങള്‍ പാവങ്ങള്‍, അഗതികള്‍... തുടങ്ങിയവര്‍ക്കുള്ളതാകുന്നു (അത്തൌബ 60). ഇയാള്‍ വേദക്കാരിലെ മിസ്കീനാണ്.
ചുരുക്കത്തില്‍, ഒരു മുസ്ലിം തന്റെ ശരീര ഭാഗം ഒരു അമുസ്ലിമിന് ദാനം ചെയ്യുന്നതില്‍ യാതൊരു വിരോധവുമില്ല. മാത്രമല്ല, അതുമുഖേന അവന്‍ പ്രതിഫലാര്‍ഹനായിത്തീരുകയും ചെയ്യും. അമുസ്ലിംകളിലെ ഒരാള്‍ ഇപ്രകാരം ദാനം ചെയ്യുമ്പോള്‍ അത് മുസ്ലിമിന് പ്രയോജനപ്പെടുന്നതുപോലെ, ഒരു മുസ്ലിം അവര്‍ക്ക് പ്രയോജനപ്പെടുന്നതും ശ്ളാഘനീയമാണ്. അത് അല്ലാഹുവും പ്രവാചകനും നിര്‍ദ്ദേശിച്ച ഇഹ്സാനിന്റെ താല്‍പര്യവുമാണ്.
വിവ: അബൂദര്‍റ് എടയൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍