Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 1

കടം പലിശരഹിത സാമ്പത്തിക ഘടനയില്‍

മൗലാനാ മൗദൂദി

പലിശ നിരോധിച്ചാല്‍ കടം തീരെ കിട്ടാതെയാവില്ലേ എന്നാണ് പലരുടെയും ഭീതി. പണം കടമായി നല്‍കുന്ന സംവിധാനം തന്നെ ഇല്ലാതായിപ്പോകുമെന്നും അവര്‍ ആശങ്കിക്കുന്നു. ഈ ഭീതിയും ആശങ്കയുമൊക്കെ തീര്‍ത്തും അസ്ഥാനത്താണ്. പലിശ നിരോധിച്ചാല്‍ കടത്തിന്റെ വിതരണം നിലക്കില്ലെന്ന് മാത്രമല്ല, പുതിയ സംവിധാനങ്ങളുമായി അത് മികച്ച രീതിയില്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യും.
നിലവിലുള്ള വായ്പാ വിതരണ സമ്പ്രദായത്തില്‍ കടം കിട്ടുന്നതിന് ഒരൊറ്റ രീതിയാണുള്ളത്. പാവപ്പെട്ടവന്‍ ഒരു ഹുണ്ടികക്കാരനില്‍നിന്ന് പലിശക്ക് കടം വാങ്ങുന്നു, അല്ലെങ്കില്‍ സ്വത്തുള്ളവന്‍ അതിലേതെങ്കിലുമൊന്ന് പണയം വെച്ച് ബാങ്കില്‍ നിന്ന് കടമെടുക്കുന്നു. ഈ രണ്ട് സ്രോതസ്സുകളില്‍നിന്ന് വായ്പയെടുത്താലും, വായ്പയെടുത്തവന് ആ പണം എന്തു കാര്യത്തിനും വിനിയോഗിക്കാം. അധാര്‍മിക പ്രവൃത്തികളില്‍ മുഴുകാന്‍ ആ പണം വിനിയോഗിക്കാം. അല്ലെങ്കില്‍ ധൂര്‍ത്തടിച്ച് കളയാം. ന്യായമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഉപയോഗിക്കാം. താന്‍ എടുത്ത പണത്തിനും അതിനുള്ള പലിശക്കും മതിയായ സെക്യൂരിറ്റി നല്‍കണമെന്ന വ്യവസ്ഥ പാലിക്കുന്നുണ്ടോ എന്നേ നോട്ടമുള്ളൂ. ഈ സെക്യൂരിറ്റി ഹാജരാക്കാത്തവന് ഒരുതരം വായ്പയും കിട്ടില്ല; ഉറ്റവരുടെയാരുടെയെങ്കിലും മൃതദേഹത്തില്‍ പുതപ്പിക്കാനുള്ള കഫന്‍പുടവ വാങ്ങാനാണെങ്കില്‍ പോലും. പണക്കാരന്റെ ധൂര്‍ത്തിന് വേണ്ടിയാണെങ്കിലും ദുരിതം പേറുന്ന സാധാരണക്കാരന് വേണ്ടിയാണെങ്കിലും നിലവിലുള്ള സംവിധാനത്തില്‍ ഹുണ്ടികക്കാരന് ചാകര തന്നെ. പണത്തില്‍നിന്ന് പണം പിറന്നുകൊണ്ടേയിരിക്കും. എന്തൊക്കെ സംഭവിച്ചാലും മുതലും പലിശയും അടച്ചുതീര്‍ക്കുന്നതില്‍ ഒരിളവും വിട്ടുവീഴ്ചയും കടക്കാരന്‍ പ്രതീക്ഷിക്കേണ്ടതില്ല. മുതലും പലിശയും യഥാസമയം അടച്ചുതീര്‍ക്കാനുള്ള കെല്‍പ് കടക്കാരനുണ്ടോ എന്ന് സഹാനുഭൂതിയോടെ ഒരാളും അന്വേഷിക്കാന്‍ വരില്ല. സകല ഭാഗത്തുനിന്നും കടക്കാരന്‍ വരിഞ്ഞുമുറുക്കപ്പെടുകയാണ്. ഇതാണ് കൊട്ടിഘോഷിക്കപ്പെടുന്ന നിലവിലെ സംവിധാനത്തിലെ 'വായ്പാ സൗകര്യങ്ങള്‍.'
ഇനി ഇസ്‌ലാമിലെ പലിശരഹിത സംവിധാനം ഇതുപോലുള്ള അവസരങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നൂവെന്ന് നോക്കാം. ഒന്നാമതായി, ധൂര്‍ത്തിനും അനാശാസ്യങ്ങള്‍ക്കുമുള്ള കടമെടുപ്പ് ഈ സംവിധാനത്തില്‍ ഇല്ലാതാകും. അനാവശ്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ പണം കടം കൊടുക്കുന്നത് പലിശയുടെ ആര്‍ത്തികൊണ്ടാവുമല്ലോ. അത്തരം ദുഷ്ചിന്തകള്‍ക്ക് ഇടമുണ്ടാവില്ല സമൂഹത്തില്‍. അങ്ങനെ ഓരോ വായ്പയും ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായിത്തീരും. ഓരോ വ്യക്തിയും കടമെടുക്കുന്നത് എന്തിന് എന്ന് അന്വേഷിക്കപ്പെടും. കടക്കാരനില്‍ നിന്ന് ഒന്നും അധികമായി ഈടാക്കാത്തതു കൊണ്ട് തിരിച്ചടവും താരതമ്യേന എളുപ്പമായിരിക്കും. എന്തെങ്കിലും കാരണവശാല്‍ അധമര്‍ണന് തിരിച്ചടക്കാന്‍ കഴിയാതെ വന്നാല്‍ പൊതുഖജനാവ് (ബൈത്തുല്‍ മാല്‍) ആ ബാധ്യത ഏറ്റെടുക്കും. കടക്കാരനായി ഒരാള്‍ മരിച്ചാലും ബൈത്തുല്‍ മാല്‍ സഹായത്തിനെത്തും. ഇക്കാരണങ്ങളാല്‍ ധനികനായ ഒരാള്‍ക്ക് തന്റെ ദരിദ്രനായ അയല്‍വാസിക്ക് കടം കൊടുക്കാന്‍ വിമ്മിട്ടമുണ്ടാവുകയില്ല. താന്‍ കൊടുക്കുന്ന പണം ഒരു കാരണവശാലും നഷ്ടപ്പെടുകയില്ല എന്നത് തന്നെ കാരണം. വായ്പയടക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെങ്കിലേ പൊതുഖജനാവിനെ ആശ്രയിക്കാവൂ എന്ന കാര്യവും ശ്രദ്ധിക്കണം. ഒരാള്‍ക്ക് കൊടുത്ത് വീട്ടാന്‍ കഴിയാത്തത്ര കടബാധ്യതയുണ്ടെങ്കില്‍ അയാളുടെ ആദര്‍ശ സഹോദരന്മാര്‍ ആ ബാധ്യത ഏറ്റെടുക്കണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. ഇതെല്ലാം തന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കി സമൂഹത്തിലെ ഓരോ വ്യക്തിയും പ്രവര്‍ത്തിക്കുമ്പോഴേ ആ സമൂഹം ആരോഗ്യമുള്ളതും കെട്ടുറപ്പുള്ളതുമാവൂ.
ഇനി ഒരു പ്രദേശത്ത് നിന്ന് ഒരാള്‍ക്ക് കടം കിട്ടാതെ വരികയും അയാള്‍ ബൈത്തുല്‍ മാലിനെ സമീപിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്നുണ്ടെങ്കില്‍ ആ പ്രദേശം ധാര്‍മികമായി രോഗാതുരമാണ് എന്നാണതിനര്‍ഥം. ആ പ്രദേശത്തെ വ്യക്തികള്‍ക്ക് വായ്പ നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതോടൊപ്പം തന്നെ, അവിടത്തുകാരെ ധാര്‍മികമായി സംസ്‌കരിക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങളും മറുഭാഗത്ത് നടക്കും.
ഒരു പലിശരഹിത സാമ്പത്തിക വ്യവസ്ഥയില്‍ തൊഴിലാളികള്‍ക്ക്/ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ തൊഴില്‍ ദായകരില്‍ (വ്യാപാര-വ്യവസായ ഗ്രൂപ്പുകളും മറ്റും) നിന്ന് അത്യാവശ്യ ഘട്ടങ്ങളില്‍ വായ്പ ലഭിക്കാനുള്ള അവകാശം നിയമപരമായി തന്നെ ഉറപ്പ് വരുത്തിയിരിക്കും. ഗവണ്‍മെന്റും ഉദാരമായി വായ്പ അനുവദിക്കും. ധാര്‍മിക പ്രചോദനത്താല്‍ ചെയ്യുന്ന ഒരു പ്രവൃത്തിയായി മാത്രം ഇതിനെ കാണരുത്. ധാര്‍മികം മാത്രമല്ല അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിഫലനങ്ങളും വളരെയേറെ മഹത്തരമായിരിക്കും. നിങ്ങള്‍ നിങ്ങളുടെ തൊഴിലാളിക്ക്/ ഉദ്യോഗസ്ഥന് പലിശരഹിത വായ്പ നല്‍കുമ്പോള്‍ അയാളുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്കും ഉത്കണ്ഠകള്‍ക്കും ശമനം വരുത്തി അവര്‍ക്ക് ആത്മവിശ്വാസവും ഉന്മേഷവും പകരുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ഇതവരുടെ തൊഴില്‍ശേഷി വര്‍ധിപ്പിക്കും. ഇങ്ങനെ നല്‍കുന്ന വായ്പകള്‍ക്ക് പലിശ അധികമൂല്യമായി ലഭിക്കില്ലെങ്കിലും, ഫാക്ടറികള്‍ക്കും ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും മൊത്തം സാമ്പത്തിക ഘടനക്ക് തന്നെയും അതുണ്ടാക്കുന്ന സമൃദ്ധിയും ഐശ്വര്യവും പലിശപ്പണത്തേക്കാള്‍ എത്രയോ മൂല്യവത്താണ്. ദീര്‍ഘദൃഷ്ടിയുള്ള ഏതൊരാള്‍ക്കും അതിന്റെ ഗുണഫലങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമില്ല. പലിശയുടെ മഹത്വങ്ങള്‍ വര്‍ണിക്കുക ദൂരക്കാഴ്ചയില്ലാത്ത വിഡ്ഢികള്‍ മാത്രമായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍