Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 1

വഖ്ഫ് സംസ്കാരം സജീവമാക്കുക

മുഹമ്മദ് പാറക്കടവ്

നാഗരിക വികാസത്തിന് ഇസ്ലാം നല്‍കിയ അതുല്യ സംഭാവനയായ വഖ്ഫിനെക്കുറിച്ച് ലക്കം 10-ല്‍ സദ്റുദ്ദീന്‍ വാഴക്കാട് എഴുതിയ ലേഖനം ശ്രദ്ധേയമായി. ഇന്ത്യയിലെ അനേകം മത-ധര്‍മസ്ഥാപനങ്ങള്‍ നിലനിന്നു പോരുന്നത് പൂര്‍വികരായ സദ്വൃത്തര്‍ നീക്കിവെച്ച വഖ്ഫ് സ്വത്തുക്കള്‍ മുഖേനയാണ്. രണ്ടായിരത്തി അഞ്ഞൂറ് കോടി രിയാല്‍ വരുന്ന ആസ്തിയുടെ പകുതിയിലേറെയും ജീവകാരുണ്യ സംരംഭങ്ങള്‍ക്കായി നീക്കിവെച്ച സുഊദി കോടീശ്വരന്‍ സുലൈമാന്‍ അല്‍റാജിഹിയെ കുറിച്ച വാര്‍ത്ത കഴിഞ്ഞ വര്‍ഷം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വിസ്തൃതിയില്‍ ചെറുപ്പമെങ്കിലും സമ്പന്നതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഖത്തറിലെ അനേകം സര്‍ക്കാര്‍ - സ്വകാര്യ വഖ്ഫ് സംരംഭങ്ങള്‍, ദരിദ്ര പിന്നാക്ക രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് പേരുടെ വിശപ്പും ദാഹവും രോഗവും മാറ്റുകയും പാര്‍പിട വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നുണ്ട്. രാജ കുടുംബാംഗമായ ശൈഖ് ഥാനി ബിന്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള 'റാഫ്' ഇന്നു ലോകത്തിലെ തന്നെ ആദ്യത്തെ പത്ത് വഖ്ഫ് സംരംഭങ്ങളിലൊന്നാണ്. ആയിരക്കണക്കിന് വീടുകളുടെ വാടക ഇതിലേക്കായി നീക്കിവെച്ചിരിക്കുന്നു. പരമ ദരിദ്ര ആഫ്രിക്കന്‍ രാഷ്ട്രമായ കൊമോറോസ് ദ്വീപിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളേറെയും പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിമിന്റെ ചെലവിലാണ്. സമ്പന്നരും സാധാരണക്കാരുമായ പ്രവാസി മലയാളികള്‍ നാട്ടിലെ മഹദ് സംരംഭങ്ങള്‍ക്ക് കൈയയച്ച് സംഭാവന ചെയ്യാറുണ്ട്. എന്നാല്‍, പത്തും മുപ്പതും സ്ഥാപനങ്ങള്‍ നടത്തുകയും മാസാമാസം ലക്ഷക്കണക്കിന് വരുമാനം നേടുകയും ചെയ്യുന്ന സമ്പന്നര്‍ തദ്വിഷയകമായി ഒന്നുകൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. നാട്ടില്‍ വിദ്യാലയങ്ങള്‍ക്ക് ക്ളാസ് മുറികളും ആശുപത്രികള്‍ക്ക് വാര്‍ഡുകളും ഡയാലിസിസ് യന്ത്രവും നല്‍കാനും ദരിദ്ര പ്രദേശങ്ങളില്‍ കുടിവെള്ള സംരംഭങ്ങള്‍ തുടങ്ങാനുമൊക്കെ ഇത്തരം ആളുകള്‍ക്ക് നിഷ്പ്രയാസം സാധിക്കും. മരിച്ചുപോയ രക്ഷിതാക്കളുടെ പേരിലോ സ്വന്തം പേരിലോ ഇത്തരം 'ജാരിയായ സ്വദഖ'കള്‍ നല്‍കിയാല്‍ ഭൂമിയില്‍ മാത്രമല്ല ആകാശത്തും അത് അനുസ്മരിക്കപ്പെടും.
booniyaz@gmail.com

'ഇസ്ലാമിക പ്രസ്ഥാനം വിശാല ഭൂമിക തേടുമ്പോള്‍' എന്ന ശീര്‍ഷകത്തില്‍ പി.കെ ജമാല്‍ എഴുതിയ ലേഖനങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചു. ഈ കാലഘട്ടത്തിലെ പ്രവര്‍ത്തകരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ് ആ ലേഖനങ്ങള്‍. നാളിതുവരെ നടന്ന നവോത്ഥാന സംരംഭങ്ങളില്‍ മിക്കതിനെയും സ്പര്‍ശിച്ച് കടന്നുപോയ ലേഖന പരമ്പരയിലെ ഒടുവിലത്തെ ഭാഗങ്ങള്‍ ഇസ്ലാമിക പ്രവര്‍ത്തകര്‍ അടിവരയിട്ടു വായിക്കേണ്ടതുണ്ട്.
റയാന്‍ അന്‍വര്‍ കുറ്റ്യാടി

ബാങ്ക് കേള്‍ക്കെ അത്താഴം പൂര്‍ത്തിയാക്കാം
അബൂദര്‍റ് എടയൂരിന്റെ ലേഖന(ലക്കം 8)ത്തില്‍ പരാമര്‍ശിച്ച അത്താഴം കഴിക്കുമ്പോള്‍ ബാങ്ക് കേട്ടാല്‍ ഭക്ഷണം തുടര്‍ന്ന് കഴിക്കാമെന്ന ഹദീസിനെ ഇല്‍യാസ് മൌലവി വിമര്‍ശിച്ചത് കണ്ടപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണ്.
കൂടുതല്‍ അറിയാന്‍ 'ഔനുല്‍ മഅ്ബൂദ്' നോക്കണമെന്ന് അദ്ദേഹം എഴുതി കണ്ടു. പ്രസ്തുത കൃതിയില്‍ പല അഭിപ്രായങ്ങളും ഉണ്ട്. ഈ ഹദീസ് പരിഗണിച്ചുകൊണ്ട് 'അല്‍ഖാരി'യുടെ അഭിപ്രായവും അതില്‍ കാണാം. സമയം വളരെ അടുത്തായതിനാല്‍ വേഗത്തില്‍ ഭക്ഷിക്കാനുള്ള സാധ്യത, ഭക്ഷണത്തോടുള്ള ആഗ്രഹം തുടങ്ങി പലതും പരിഗണിച്ചുകൊണ്ട് അല്ലാഹുവിന്റെ റഹ്മത്തായി പരിഗണിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഭക്ഷണം നിര്‍ത്തണമെന്നല്ല (ഔനുല്‍ മഅ്ബൂദ്, വാള്യം 3, പേജ് 342).
ഉമറി(റ)ന്റെ കാലത്ത് നോമ്പ് മുറിച്ച സ്വഹാബികള്‍ വീണ്ടും സൂര്യനെ ദര്‍ശിച്ച സംഭവവും പ്രസ്തുത ഹദീസും യോജിപ്പിച്ചുകൊണ്ട് ശൈഖ് ഖറദാവി ഭക്ഷണം കഴിക്കാമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു (യൂസുഫുല്‍ ഖറദാവി, നോമ്പിന്റെ കര്‍മശാസ്ത്രം, പേജ് 105).
വിഖ്യാതമായ ഔനുല്‍ മഅ്ബൂദ് അബൂദാവൂദിന്റെ തല്ല അബ്ദുല്‍ ഹഖ് അല്‍ അളീം ആബാദിയുടേതാണ്.
ടി. മുഹമ്മദ് ചേന്ദമംഗല്ലൂര്‍ 

രണ്ട് വികലാംഗര്‍ രണ്ട് സമീപനങ്ങള്‍
കണ്ണൂര്‍ അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ പ്രതിയായി ജയിലലടക്കപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഗീയവാദികളുടെ വധശ്രമത്തിനിരയായി വികലാംഗനാക്കപ്പെട്ട ആളാണെന്നും വികലാംഗനായ അദ്ദേഹത്തെ അഞ്ചരമണിക്കൂര്‍ ചോദ്യം ചെയ്ത് ജയിലിലടച്ച ഭരണകൂട നടപടി അത്യന്തം കിരാതവും മനുഷ്യത്വരഹിതവുമാണെന്നും ജയരാജന്‍ അറസ്റിലായ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സി.പി.എമ്മിന്റെ ഉന്നത നേതാവായ എം.വി ജയരാജന്‍ പറയുന്നത് കേട്ടു.
അനുദിനം ക്ളേശം സഹിച്ച് ജീവിക്കുന്ന വികലാംഗര്‍ ഭരണകൂടത്തിന്റെയും പോലീസിന്റെയും മാത്രമല്ല, സമൂഹത്തിന്റേയാകെ ശ്രദ്ധയും കരുതലും അര്‍ഹിക്കുന്നുണ്ട്. പൂര്‍ണ ആരോഗ്യമുള്ളവര്‍ക്കുപോലും താങ്ങാനാവാത്ത പോലീസ്മുറക്ക് മുമ്പില്‍ വികലാംഗര്‍ നന്നേ വിഷമിക്കും എന്നത് വളരെ ശരിയുമാണ്.
സി.പി.എമ്മിന് സംഘടനാപരമായി ഏറ്റവും കരുത്തുള്ള കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുന്ന ഊര്‍ജസ്വലനായ ജില്ലാ സെക്രട്ടറി ജയിലിലായപ്പോള്‍ അദ്ദേഹത്തിന്റെ വികലാംഗത്വത്തെക്കുറിച്ചും ശാരീരിക വൈഷമ്യങ്ങളെക്കുറിച്ചും പരിതപിക്കുന്ന സി.പി.എം നേതാവ്, തങ്ങളുടെ ഭരണകാലങ്ങളില്‍ നിഷ്കരുണം പിടികൂടി തമിഴ്നാടിനും കര്‍ണാടകക്കും കൈമാറിയ മറ്റൊരു വികലാംഗനെക്കുറിച്ച് ഓര്‍ക്കുന്നുണ്ടോ ആവോ?
പതിറ്റാണ്ടോളം കോയമ്പത്തൂര്‍ ജയിലില്‍ നരകയാതനക്കിട്ട് അവസാനം നിരപരാധിയെന്ന് വിധിച്ച് വെറുതെ വിട്ടയച്ച ശേഷവും, ചെറിയ ഇടവേളക്കൊടുവില്‍ മറ്റൊരു ഗൂഢാലോചനാ കേസുമായി വന്നവര്‍ക്ക് സുപ്രീംകോടതി പരിഗണിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ തീര്‍പ്പ് വരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ, (ജയരാജന്‍ പറഞ്ഞ അതേ വര്‍ഗീയവാദികളുടെ വധശ്രമത്താല്‍ വികലാംഗനാക്കപ്പെട്ട, പരസഹായം കൂടാതെ ഒരടി പോലും സഞ്ചരിക്കാന്‍ കഴിയാത്തെ മനുഷ്യനെ) പിടിച്ചു നല്‍കുമ്പോള്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മുഴുവന്‍ പേരും പ്രതിഷേധിക്കുകയുണ്ടായല്ലോ? അന്ന് നിയമപാലനത്തിന്റെ വഴി സുഗമമാക്കാനിറങ്ങിയവര്‍, ഇന്ന് കൊലക്കേസില്‍ പെട്ട് ജയിലിലടക്കപ്പെട്ട സ്വന്തം ജില്ലാ സെക്രട്ടറിയുടെ ശാരീരിക വൈകല്യത്തെക്കുറിച്ചും പോലീസ് നടപടിയിലെ മനുഷ്യത്വവിരുദ്ധതയെക്കുറിച്ചും വാചാലരാകുന്നതും നിയമപാലനത്തിന്റെ മാര്‍ഗത്തില്‍ കൈയൂക്ക് കൊണ്ട് തടസ്സങ്ങള്‍ തീര്‍ക്കുന്നതും കാണുന്നവരില്‍ കൌതുകമുണര്‍ത്തുന്നു.
അബൂ അമീന്‍ ഏലംകുളം 

വേറിട്ട സമരമുഖങ്ങളുടെ വര്‍ത്തമാനകാലം
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഗൌരവമേറിയ ചര്‍ച്ചകളിലൊന്ന് ജനപക്ഷ-ജനകീയ സമരങ്ങളുടെ വേറിട്ട കാഴ്ചകളെക്കുറിച്ചായിരിക്കുമെന്നതില്‍ ഇടത് വലത് ബുദ്ധിജീവികള്‍ ഏകപക്ഷക്കാരായിരിക്കും. അധികാരി മേലാളന്മാരുടെ ജനവിരുദ്ധ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ ഈയിടെ കേരളത്തില്‍ നടന്ന ചില സമരങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം ഏറ്റുപിടിച്ച് വിജയിപ്പിച്ച വാര്‍ത്തകള്‍ കേരളത്തില്‍ പുതിയ സമര ചരിത്രം ആരംഭിച്ചുവെന്നതിന്റെ ശക്തമായ സൂചനകളാണ്. രാഷ്ട്രീയ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ 'സൂചനകള്‍ കണ്ടു പഠിച്ചില്ലെങ്കില്‍' പണി പാളുമെന്ന് തീര്‍ച്ച. യഥാര്‍ഥത്തില്‍ കേരളത്തില്‍ ജനകീയാംഗീകാരം നേടിക്കൊണ്ടിരിക്കുന്ന ജനപക്ഷ-വികസന രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ പരോക്ഷമായ അംഗീകാരം കൂടിയാണ് ഇത്തരം ജനകീയ സമരങ്ങള്‍.
കോതമംഗലം മാര്‍ബസേലിയസ് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിയ 114 ദിവസം നീണ്ട സമരവും തിരുവനന്തപുരത്തെ വിളപ്പില്‍ശാലയില്‍ കണ്ട ജനരോഷവുമെല്ലാം ഇതിന്റെ പ്രത്യക്ഷ മാതൃകകളാണ്. തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ക്കായി നഴ്സുമാര്‍ നടത്തിയ സമരത്തിന് ആ നാട്ടിലെ മുഴുവന്‍ ജനതയും പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും കണ്ണുതുറന്നത്. 144-ാം വകുപ്പനുസരിച്ച് വിളപ്പില്‍ശാലയില്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ച് ആയിരത്തോളം പോലീസുകാരെ വിന്യസിച്ച് മാലിന്യ സംസ്കരണ പ്ളാന്റില്‍ 'ലീ ചെയ്റ്റ് ട്രീറ്റ്മെന്റ്' എന്ന പ്ളാന്റ് സ്ഥാപിക്കാനുള്ള ഭരണകൂട നീക്കത്തെ അയ്യായിരത്തോളം വരുന്ന പ്രദേശവാസികള്‍ റോഡില്‍ പ്രതിഷേധമതില്‍ തീര്‍ത്തും വനിതകള്‍ പ്രതിഷേധ പൊങ്കാലയിട്ടും പരാജയപ്പെടുത്തിയപ്പോള്‍ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെയുള്ള താക്കീതായി മാറി ഈ സമരങ്ങള്‍. ജനകീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്തുള്ള സര്‍ക്കാറിന്റെ അലംഭാവം ജനം തിരിച്ചറിഞ്ഞതു കൊണ്ടാണ് നഴ്സുമാരുടെ സമരപ്പന്തലിലെത്തിയ സര്‍ക്കാര്‍ ചീഫ്വിപ്പിനെ കൂവലോടെ എതിരേറ്റത്. ജനകീയ-പരിസ്ഥിതി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാറിവരുന്ന സര്‍ക്കാറുകള്‍ യാതൊരു താല്‍പര്യവും കാണിക്കാറില്ല എന്നതാണ് ഇതുവരെയുള്ള അനുഭവം. 
നെല്ലിയാമ്പതി വിഷയത്തില്‍ ഒരേ മുന്നണിയില്‍ പല അഭിപ്രായങ്ങള്‍ വന്നതും മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ ഫലം കാണാതെ മണി മുഴങ്ങിയതും ഇതോടൊപ്പം കൂട്ടിവായിക്കുക. ഈ യാഥാര്‍ഥ്യങ്ങള്‍ ചില രാഷ്ട്രീയ നേതാക്കള്‍ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞതാണ് 'ഹരിത രാഷ്ട്രീയം' ചര്‍ച്ചക്ക് വരാന്‍ തന്നെ കാരണമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത് സമരങ്ങളുടെ ജനകീയ സംവിധാനത്തിന് മുതല്‍കൂട്ടാകുമെന്നതില്‍ സംശയമില്ല.
നസീര്‍ അയിരൂര്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍