Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 18

ദിവ്യസ്മൃതിയില്‍ പൂത്തുലയുന്ന പ്രാര്‍ഥന

ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി

''ആകാശഭൂമികളിലുള്ളവരും ചിറക് വിടര്‍ത്തി പറക്കുന്ന പറവകളുമെല്ലാം അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? ഓരോന്നിനും അതിന്റേതായ നമസ്‌കാര രീതിയും സ്‌തോത്ര രീതിയും അറിവുണ്ട്. ഇവയൊക്കെയും ചെയ്യുന്നത് അല്ലാഹു അറിഞ്ഞുകൊണ്ടേയിരിക്കുന്നു'' (അന്നൂര്‍ 41).
''സപ്തവാനങ്ങളും ഭൂലോകവും അവയിലുള്ളതൊക്കെയും അവന്റെ വിശുദ്ധി പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാകുന്നു. അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധി പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കാത്ത ഒരു വസ്തുവുമില്ല. പക്ഷേ, നിങ്ങള്‍ അവയുടെ പ്രകീര്‍ത്തനം ഗ്രഹിക്കുന്നില്ല'' (അല്‍ ഇസ്‌റാഅ് 44).
സര്‍വാധിനാഥന് സ്തുതിഗീതങ്ങളോതി വിനയഭാവവും സൃഷ്ടിബോധവും ചാലിച്ച എളിമത്വത്തിന്റെ ഗരിമയില്‍ വിലയം പ്രാപിക്കുന്ന അനവധി പ്രാപഞ്ചിക പ്രതിഭാസങ്ങള്‍. അവയൊരുക്കുന്ന വിസ്മയ ചേതോഹരമായ ദൃശ്യ-ശ്രാവ്യ വിരുന്നുകളുടെ നിത്യാസ്വാദകനാണ് മനുഷ്യന്‍. കിളികളുടെ കളകൂജനങ്ങളും മന്ദമാരുതന്റെ കുളിരുപകരുന്ന ആശ്ലേഷങ്ങളും അരുവികളുടെയും കാട്ടാറുകളുടെയും താളാത്മക സംഗീതവും ചേര്‍ന്നൊരുക്കുന്ന പ്രപഞ്ചത്തിന്റെ വശ്യ മനോഹാരിത, മണ്ണിലെ മാനവന് പല സന്ദേശങ്ങളും കൈമാറുന്നില്ലേ? അവ വായിച്ചെടുക്കാനും ഉള്ളിലാവാഹിക്കാനും തക്ക അകക്കണ്ണും ഉള്‍ക്കാതുമില്ലാതായിപ്പോകുമ്പോഴാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച വിധമുള്ള മൃഗീയ വിതാനത്തിലേക്ക് മനുഷ്യപതനം സംഭവിക്കുന്നത്.

പ്രാര്‍ഥനയിലാണ്ട പ്രപഞ്ചം
മഴയും കാറ്റും ഇടിയും മിന്നലും പൂവും പുഴയും പൂമ്പാറ്റയും മാമലകളും സ്രഷ്ടാവിന് സ്‌തോത്ര കീര്‍ത്തനങ്ങള്‍ പാടുന്ന പ്രപഞ്ചം. പ്രാര്‍ഥനാ നിരതമായ പ്രപഞ്ചം. പ്രാര്‍ഥനാപൂര്‍വം നാഥനെ നമിക്കുന്ന പ്രപഞ്ചത്തിലുള്ള സൃഷ്ടിജാലം. പരസ്പരം കൊമ്പുകോര്‍ക്കുന്ന മനുഷ്യവര്‍ഗത്തിന് നടുവില്‍ ഒത്തൊരുമയോടെ അവ വിധാതാവിന് സമക്ഷം കുമ്പിടുന്നു. പ്രപഞ്ചത്തിലെ വിശേഷബുദ്ധിയോ സ്വാതന്ത്ര്യമോ നല്‍കപ്പെടാത്ത മനുഷ്യേതര സൃഷ്ടി വര്‍ഗങ്ങള്‍ പ്രപഞ്ച വിധാതാവിനെ ഇവ്വിധം സ്തുതികീര്‍ത്തനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍, സൃഷ്ടി ലോകത്തിലെ തന്നെ ശ്രദ്ധാ കേന്ദ്രമായ എല്ലാം തികഞ്ഞവനെന്ന് അഭിമാനിക്കുന്ന മനുഷ്യന്‍, ദൈവവന്ദനത്തില്‍ ഒരു അണുവിനോളം ചെറുതാവുന്നുവോ?
ഒട്ടേറെ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ട ദൈവദൂതനായിരുന്നു ദാവൂദ് (അ). പക്ഷികളും പര്‍വതങ്ങളും കാറ്റും അദ്ദേഹത്തിന് വിധേയമായിരുന്നു. ദാവൂദി(അ)നോടൊപ്പം പറവകളും പര്‍വതങ്ങളും ദൈവകീര്‍ത്തനങ്ങളില്‍ നിമഗ്നരാവുമായിരുന്നു എന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു (സ്വാദ് 18,19). പറവകള്‍ മുതല്‍ പര്‍വതങ്ങള്‍ വരെയുള്ളവയുടെ ദൈവകീര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തുന്നത്, വാഴ്‌വും സ്തുതികളുമര്‍പ്പിക്കപ്പെടാന്‍ പ്രപഞ്ചത്തില്‍ ഏറ്റം അര്‍ഹത സര്‍വലോക രക്ഷിതാവിന് മാത്രമാണ് എന്ന യാഥാര്‍ഥ്യമല്ലാതെ മറ്റെന്താണ്?

കറകളഞ്ഞ ദൈവാഭിമുഖ്യം പ്രാര്‍ഥനയുടെ പ്രാണവായു
പ്രപഞ്ചത്തിന്റെ അകപ്പൊരുളറിഞ്ഞ് സര്‍വാധിനാഥന് കീഴൊതുങ്ങി ദൈവപ്രീതിയുടെ ഉച്ചാവസ്ഥ പ്രാപിക്കാന്‍ മനുഷ്യന് സാധിക്കണമായിരുന്നു. പലര്‍ക്കുമായി പകുത്തു നല്‍കാത്ത സമ്പൂര്‍ണ വിധേയത്വം, സ്‌നേഹത്തിന്റെ പരമകാഷ്ഠ, അടിമത്ത ബോധത്തിന്റെ പാരമ്യം എന്നിവ വിധാതാവിന്റെ തിരുസമക്ഷം സമര്‍പ്പിച്ച് കൃതകൃത്യരാവാനുള്ള മനുഷ്യന്റെ വിസമ്മതം തന്നെയാണ് പ്രശ്‌നത്തിന്റെ മര്‍മം. വ്യത്യസ്ത തുരുത്തുകളിലേക്ക് വേരുകള്‍ പടര്‍ന്നു നില്‍ക്കുന്ന ഒരു അസംതൃപ്ത ബോധം, പ്രപഞ്ച സ്രഷ്ടാവിനു മുമ്പാകെ വിനീത വിധേയരാകുന്നതില്‍ നിന്ന് മനുഷ്യനെ പിറകോട്ട് വലിക്കുന്നു. വിധാതാവിനോടുള്ള സമ്പൂര്‍ണ വിധേയത്വം ബോധപൂര്‍വമായോ അല്ലാതെയോ നിരാകരിക്കാന്‍ ധൃഷ്ടനാവുന്ന ദുര്‍ബലനായ മനുഷ്യന്റെ ഹൃദയ ഭിത്തിയില്‍ ആഞ്ഞുതറക്കുംവിധം സ്രഷ്ടാവ് തുരുതുരാ ചോദ്യങ്ങളെയ്യുന്നത് കാണുക: ''പ്രവാചകരേ, അവരോട് ചോദിക്കുക, മരുഭൂമിയുടെയും മഹാസമുദ്രത്തിന്റെയും അന്ധകാരങ്ങളില്‍ നിങ്ങളെ അപകടങ്ങളില്‍നിന്ന് രക്ഷിക്കുന്നത് ആരാണ്? നിങ്ങള്‍ വിറപൂണ്ട് സ്വകാര്യമായി പ്രാര്‍ഥിക്കുന്നത് ആരോടാണ്? അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടാല്‍ നന്ദിയുള്ളവരാകുമെന്ന് നിങ്ങള്‍ ആരോടാണ് പറയാറുള്ളത്? അറിയുക: അല്ലാഹുവാകുന്നു എല്ലാ ദുഃഖങ്ങളില്‍നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങള്‍ അന്യരെ അവന്റെ പങ്കുകാരാക്കുന്നു'' (അല്‍അന്‍ആം 63,64).
ഖുര്‍ആന്‍ ചൂണ്ടിക്കാട്ടും വിധം പ്രതിസന്ധിയുടെ പേമാരികള്‍ക്ക് മധ്യേ നനഞ്ഞൊട്ടി രക്ഷിതാവിന്റെ ഇറയത്ത് ചെന്ന് അഭയം യാചിക്കാത്തവര്‍ നന്നേ വിരളമാണ്, സമൂഹത്തില്‍. എന്നല്ല, അവരില്‍ ഭൂരിഭാഗം പേരുടെയും വാക്കുകളിലും ഹാവഭാവങ്ങളിലും ചാലിട്ടൊഴുകുന്ന 'ഭക്തി'യുടെ പാടുകള്‍ മുദ്രിതവുമാണ്. ദൈവമാഹാത്മ്യം വശ്യമായ വാക്കുകളില്‍ വാതോരാതെ അവര്‍ വര്‍ണിച്ചെന്നുമിരിക്കും. അവര്‍ തന്നെ ചില പ്രത്യേക ആവശ്യങ്ങളുടെ അടിയന്തര പ്രാധാന്യം പരിഗണിച്ച് ചില 'റെഡിമെയ്ഡ്' ദൈവങ്ങളില്‍നിന്ന് ദര്‍ശന സായൂജ്യം നേടുകയും ചെയ്യും!
പടച്ചവനോടുള്ള ഭക്തിയിടപാടിലെ ഈ 'ഒളിച്ചുകളി' നാടകങ്ങള്‍, ഉടമയും അടിമയും തമ്മിലെ ഈടുറ്റതും വിശുദ്ധവുമായ ബന്ധത്തിന്റെ കണ്ഠകോടാലിയാണ്. അല്ലാഹുവിന്റെ കാര്യത്തിലുള്ള അടിമയുടെ ഈ സംശയഗ്രസ്തവും അസംതൃപ്തവുമായ മാനസികാവസ്ഥ പ്രാര്‍ഥനയുടെ മരണമണിയും. പ്രാര്‍ഥനാ ബന്ധം അറുത്തുമാറ്റപ്പെട്ട മനുഷ്യന്റെ വിധിയാകട്ടെ, ഞെട്ടറ്റ പട്ടം പോലെ പൊങ്ങിത്താണൊടുവില്‍ എവിടെയെങ്കിലും ചെന്ന് അടിഞ്ഞുചേരാനല്ലാതെ മറ്റെന്താകാന്‍!
അഗാധമായ അനുരാഗവായ്‌പോടെ, അങ്ങേയറ്റത്തെ എളിമ ഭാവത്തോടെ, കര്‍മവിശുദ്ധിയുടെ മഹിമ തൂവുന്ന ധാര്‍മിക കരുത്തിന്റെ അകമ്പടിയോടെ ഉടയതമ്പുരാന്റെ രാജകല്‍പത്തില്‍ അര്‍പ്പിക്കപ്പെടുന്ന പ്രാര്‍ഥനകള്‍ മാത്രമേ സ്വീകാര യോഗ്യതയുടെ നിശ്ചിത മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചതാവുന്നുള്ളൂ. തോന്നുംപടി ജീവിതം നയിച്ച് ഭക്തന്റെ ഹാവഭാവങ്ങളോടെ സ്രഷ്ടാവിന്റെ കരുണക്കായി യാചിച്ച ഒരു തീര്‍ഥാടകന്റെ പ്രാര്‍ഥനകളുടെ വ്യര്‍ഥതയിലേക്ക് പ്രവാചകന്‍ അനുചരന്മാരുടെ ഗൗരവ ശ്രദ്ധ ക്ഷണിച്ച സംഭവം സുവിദിതമാണല്ലോ.
ഈ വിസ്തൃത പ്രപഞ്ചങ്ങളുടെ ഉടയോന്റെ ആശ്രയത്തണലില്ലോ, അവന്റെ ഉണ്മയൊഴികെ പ്രപഞ്ചത്തിലെ സകലതിന്റെയും പൊറുതി. അണു മുതല്‍ പര്‍വത സാനുക്കള്‍ വരെയും ഉറുമ്പു മുതല്‍ ആന വരെയും തഥൈവ. മലര്‍ക്കെ തുറന്നുവെച്ച വിസ്മയാവഹമായ ഈ പ്രപഞ്ച പുസ്തകത്തില്‍ ഒരു ബിന്ദുവായി മനുഷ്യനും അല്ലാഹുവിന്റെ ആശ്രിതത്വത്തില്‍ തന്നെയാണ് സസുഖം വാഴുന്നത്. ''മാനുഷ്യകമേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്. അല്ലാഹുവാകുന്നു നിരാശ്രയനും സ്വയം സ്തുത്യനുമായിട്ടുള്ളവന്‍'' (ഫാത്വിര്‍ 15). പ്രപഞ്ചത്തിലെ ഒരേയൊരു ഐശ്വര്യമൂര്‍ത്തി സ്രഷ്ടാവ് ഒരുവന്‍ മാത്രം. സര്‍വര്‍ക്കും ആശ്രയവും അത്താണിയുമായി, ഐശ്വര്യത്തിന്റെ ഉറവ് വറ്റാത്ത ഖജനാവ് അല്ലാഹുവിങ്കലുള്ളതാകുന്നു. അവന്‍ സ്വയമേവ സ്തുത്യനായ (ഹമീദ്) ഐശ്വര്യവാനാ(ഗനിയ്യ്)കുന്നതിന്റെ പൊരുളും മറ്റൊന്നല്ല.
സമ്പദ്‌സമൃദ്ധിയിലാറാടുന്നവരും അരക്കാശിന് ഗതിയില്ലാത്തവരുമുള്‍പ്പെടെ മൊത്തം മാനവകുലത്തെ തന്നെ ദരിദ്രര്‍ (ഫുഖറാഅ്) എന്ന് വര്‍ഗീകരിക്കുന്നു, അല്ലാഹു. 'ഞങ്ങള്‍ ധനികരും അല്ലാഹു ദരിദ്രനു(ഫക്കീര്‍)മാണെ'ന്ന് ജല്‍പിച്ച ദൈവശത്രുക്കളുടെ നിന്ദ്യമായ പരിണാമ ഗുപ്തിയിലേക്ക് അടിയാറുകളുടെ ഗൗരവശ്രദ്ധ ക്ഷണിക്കുകയും ചെയ്തിരിക്കുന്നു (ആലുഇംറാന്‍ 181).

ദിവ്യസ്മൃതിയില്‍ പൂത്തുലയുന്ന പ്രാര്‍ഥന
ദൈവസ്മരണ(ദിക്‌റുല്ലാഹ്)യുടെ ഫലഭൂയിഷ്ടമായ മണ്ണിലേ ഇബാദത്താകുന്ന പ്രാര്‍ഥന (ദുആ) തഴച്ചുവളരൂ. മണ്ണിന്റെ ഫലഭൂയിഷ്ടതയും അനുകൂല സാഹചര്യങ്ങളുടെ ലഭ്യതയുടെ തോതുമാശ്രയിച്ചാണല്ലോ വൃക്ഷലതാദികളുടെ ഫലദായകത്വ ശേഷിയും വൃദ്ധിക്ഷയങ്ങളുമൊക്കെ. പ്രാര്‍ഥന പൂക്കുന്നതും കായ്ക്കുന്നതും ഫലങ്ങള്‍ നല്‍കുന്നതുമെല്ലാം ഇവ്വിധം തന്നെ. വിശ്വാസി തന്റെ ജീവിത വീഥികളിലുടനീളം ദൈവസ്മൃതി (ദിക്‌റുല്ലാഹ്) സജീവമാക്കി നിര്‍ത്തുക വഴി അയാളുടെ ഹൃദയം സ്രഷ്ടാവുമായി വേര്‍പെടുത്താനാവാത്ത വിധം അനുരാഗബദ്ധമാവുക സ്വാഭാവികം. അത്തരമൊരാളുടെ ജീവിതത്തില്‍ പിന്നെ സ്വന്തമെന്ന് പറയാവുന്ന ഇഷ്ടങ്ങളോ താല്‍പര്യങ്ങളോ അന്യം നില്‍ക്കുകയും തദ്സ്ഥാനങ്ങളില്‍ ദൈവേഛകള്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യും. ഈവിധം അല്ലാഹുവിനെ സ്വന്തം നെഞ്ചകങ്ങളില്‍ കുടിയിരുത്തിയ ദൈവദാസന്മാര്‍ അല്ലാഹുവിന്റെ സ്‌നേഹപരിലാളനകളുടെ അവകാശികളായി മാറും. അതുതന്നെയാകുന്നു, 'അല്ലാഹുവിനാല്‍ അവരും അവരാല്‍ അല്ലാഹുവും പരസ്പരം തൃപ്തിപൂണ്ട അവസ്ഥ' -റളിയല്ലാഹു അന്‍ഹും വറളൂ അന്‍ഹും- എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവിക പൊരുത്തത്തിന്റെ ഉന്നത വിതാനം.
ഈദൃശ ഉടമ-അടിമ ബന്ധത്തിന്റെ ഗാഢതയും ദൃഢതയും ഒരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു വരഞ്ഞു കാട്ടുന്നു: ''അവനെന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവനോടൊപ്പമുണ്ടായിരിക്കും. അവന്റെ മനസ്സില്‍ അവനെന്നെ സ്മരിച്ചാല്‍ എന്റെ മനസ്സില്‍ ഞാനവനെയും സ്മരിക്കും. ഒരു സദസ്സില്‍ വെച്ച് അവനെന്നെ ഓര്‍ത്താല്‍ അതിനേക്കാള്‍ ഉത്കൃഷ്ടമായ സദസ്സില്‍ വെച്ച് ഞാനവനെയും ഓര്‍ക്കും. അവന്‍ ഒരു ചാണ്‍ എന്നിലേക്കടുത്താല്‍ ഒരു മുഴം ഞാനവനിലേക്കടുക്കും. ഒരു മുഴം എന്നോടടുത്താല്‍ ഒരു മാറ് ഞാനവനോടടുക്കും. അവനെന്റെയടുക്കല്‍ നടന്നുവന്നാല്‍ ഞാനവനിലേക്ക് ഓടിച്ചെല്ലും'' (ബുഖാരി, മുസ്‌ലിം).
സ്രഷ്ടാവുമായുള്ള അടിമയുടെ ഈടുറ്റ ഈ ബന്ധത്തിന്റെ സന്തതിയാണ് പ്രാര്‍ഥന. അതിനാല്‍ എപ്പോള്‍ ദൈവസ്മരണ നിലക്കുന്നുവോ ആ നിമിഷം പ്രാര്‍ഥന ജീവനറ്റതായിത്തീരും. ദൈവസ്മരണയുടെ പുഷ്‌ക്കലതയിലാകട്ടെ, പ്രാര്‍ഥന സുഗന്ധവാഹിനിയായ പൂമരമായി ചുറ്റും പൂ വിതറുകയും ചെയ്യും. അനന്ത വിസ്തൃതമായ പ്രപഞ്ചത്തിലെങ്ങും നിലക്കാത്ത പ്രാര്‍ഥനകളുടെ പ്രവാഹമാണ്. പ്രാര്‍ഥന തന്നെ ജീവിതം. മനുഷ്യന്റെ പ്രാര്‍ഥന ദിഗന്തങ്ങളില്‍ മാറ്റൊലി സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു എന്നത് സത്യം തന്നെ. പക്ഷേ, പുഷ്‌കലമായ ദൈവസ്മരണയുടെയും അഗാധമായ ദൈവാനുരാഗത്തിന്റെയും നിസ്സീമമായ ദൈവവിധേയത്വത്തിന്റെയും അകമ്പടിയുള്ള നിഷ്‌കളങ്ക പ്രാര്‍ഥനയുടെ വിതാനത്തിലേക്ക് അത് ഉയരുന്നുണ്ടോ എന്നതാണ് മൗലികമായ ചോദ്യം.
ഇവിടെ, പറവകളുടെയും പര്‍വതങ്ങളുടെയും പ്രാപഞ്ചിക പ്രതിഭാസങ്ങളുടെയും 'തസ്ബീഹും' 'സ്വലാത്തും' മനുഷ്യന് ഒരു ഓര്‍മപ്പെടുത്തലാണ്; ഒരു ഉണര്‍ത്തുപാട്ട്. ഹൃദയാവര്‍ജകമായ പ്രാര്‍ഥനയുടെ, ദൈവാര്‍പ്പണത്തിന്റെ കറകളഞ്ഞ, പ്രഭ ചൊരിഞ്ഞ വഴിത്താരയെക്കുറിച്ച ഓര്‍മപ്പെടുത്തല്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍