Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 18

ആസാമുകള്‍ ഉണ്ടാവുന്നത്‌

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍

ആസാമിലെ ബോഡോ മേഖലയില്‍, ബോഡോ വര്‍ഗക്കാര്‍ കൊക്രജര്‍ ജില്ലയിലെ മുഴുവന്‍ മുസ്‌ലിംകളെയും ജില്ലാതിര്‍ത്തിയില്‍നിന്ന് ആട്ടിപ്പായിച്ച കഥ ഈയിടെയാണ് പത്രവാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ബംഗ്ലാദേശികളെന്നു പറഞ്ഞു ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോഡോ മേഖലയില്‍ താമസമാക്കിയ ബംഗാളികളെ ബോഡോവര്‍ഗക്കാര്‍ ഒരുനാള്‍ വെട്ടിക്കൊലപ്പെടുത്തിയും ആട്ടിപ്പായിച്ചും തങ്ങളുടെ വീടുകളില്‍നിന്ന് പുറംതള്ളുകയായിരുന്നു. ഇതെഴുതുന്നതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 60-ഓളം ബംഗാളി സംസാരിക്കുന്ന ആസാമികള്‍ വധിക്കപ്പെടുകയും ഏതാണ്ട് അഞ്ചര ലക്ഷത്തോളം പേര്‍ തങ്ങളുടെ വീടുകളില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവര്‍ അഭയാര്‍ഥികളായി ആസാം സര്‍ക്കാരും സന്നദ്ധ സംഘടനകളും ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്; കൊല്ലപ്പെട്ടവരില്‍ ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണ്. ജമ്മുകശ്മീര്‍ ഒഴിച്ചാല്‍ ഇന്ത്യയിലെ ഏറ്റവുമധികം മുസ്‌ലിം ജനസംഖ്യയുള്ള, ഏതാണ്ട് 30ശതമാനത്തിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് ആസാം. ഏറെ മുസ്‌ലിം എം.എല്‍.എമാരും മുസ്‌ലിം എം.പി.മാരും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനവുമാണത്.
ഇപ്പോള്‍ കേന്ദ്രത്തില്‍ യു.പി.എ ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് തന്നെയാണ് ആസാമിന്റെ ഭരണവും കൈയാളുന്നത്. എന്നിട്ടും എന്തുകൊണ്ടിതു സംഭവിക്കുന്നുവെന്ന് നാം ചിന്തിക്കേണ്ടതാണ്. മുന്‍ ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തില്‍ നക്‌സലുകളെയും വര്‍ഗീയശക്തികളെയും അമര്‍ച്ച ചെയ്യാന്‍ സൈന്യത്തെ നിയോഗിക്കുകയും എയര്‍ സര്‍വിലിയന്‍സ് നടത്തുകയും ചെയ്തുകൊണ്ട് സെക്യൂരിറ്റി സംവിധാനം ഏറ്റവും ഭദ്രമാക്കിയ നാളുകളില്‍ തന്നെ ഒരു സംസ്ഥാനത്ത് എന്തുകൊണ്ട് ഇത്തരം ക്രൂരവും ഭീകരവുമായ കലാപങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നത് ചിന്തിക്കേണ്ടതാണ്. ആസാമില്‍ ബോഡോകളുടെ കാര്യത്തില്‍ ഇതു ഒരു പുതിയ അനുഭവമല്ല. ഇതിനുമുമ്പ് നടന്ന കലാപത്തില്‍ 2000ത്തിലധികം പേരാണ് കൊലചെയ്യപ്പെട്ടത്. അന്ന് വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍, ഇന്നും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. ഇത്തരം ദുരന്തങ്ങള്‍ എന്തുകൊണ്ട് ആവര്‍ത്തിക്കുന്നു? ഇതിനു മുമ്പത്തെ ബോഡോ കലാപത്തില്‍ ബോഡോകള്‍ക്ക് ആസാം സ്വയംഭരണം അനുവദിക്കുകയും ഒരളവുവരെ അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്തതാണ്. എന്നിട്ടും നിരപരാധികളായ സ്ത്രീകളും കുട്ടികളും കൂട്ടത്തോടെ കൊലചെയ്യപ്പെടുകയും വീടുകളില്‍നിന്ന് കൂട്ടപ്പലായനത്തിനു വിധേയമാക്കപ്പെടുകയും ചെയ്തു.
ഇന്ത്യയിലെ ഏറ്റവും ശക്തവും വികസിതവുമെന്ന് അവകാശപ്പെടുന്ന മോഡിയുടെ ഗുജറാത്തിന്റെ കാര്യമെടുക്കുക. അവിടെയും പതിനായിരക്കണക്കിനു പേര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ അരക്ഷിതരായിക്കഴിയുകയാണ്. സര്‍ക്കാറിന്റെ ആശ്വാസ നടപടികള്‍ കൊണ്ടൊന്നും അവരുടെ ദുരിതങ്ങള്‍ക്ക് ഒരറുതിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഗുജറാത്ത് കലാപങ്ങളില്‍ തകര്‍ക്കപ്പെട്ട പള്ളികളും ആരാധനാലയങ്ങളും പുനര്‍നിര്‍മിക്കാന്‍ സുപ്രീംകോടതി ഉത്തരവിടേണ്ടിവന്നു.
ഗുജറാത്ത് കലാപത്തിലെ കുറ്റവാളികളെ കണ്ടെത്താന്‍ വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും ഗുജറാത്ത് സര്‍ക്കാറിന്റെ നിസ്സഹകരണംമൂലം പാതിവഴിയില്‍ തടഞ്ഞുനില്‍ക്കുകയാണ്. ഗുജറാത്തിലെ കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേകമായി നിയോഗിച്ച അന്വേഷണ കമീഷനുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍, കലാപത്തില്‍ മുഖ്യമന്ത്രി മോഡിയുടെ പങ്കിന്റെ നേര്‍ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗുജറാത്തായാലും ആസാമായാലും ഭരണകൂടത്തിന്റെയും പോലീസിന്റെയും ഒത്താശയോടെയാണ് ഈ കൂട്ടക്കൊലകളത്രയും നടക്കുന്നത് എന്നു വേണം മനസ്സിലാക്കാന്‍.
ഇപ്പോഴത്തെ ബോഡോ കലാപത്തിലും മുമ്പത്തെ ബോഡോ കലാപത്തിലും ഇന്ത്യയില്‍ മറ്റു പലയിടത്തും നടന്ന ആയിരക്കണക്കായ വര്‍ഗീയ കലാപങ്ങളിലും പോലീസിന്റെയും അന്വേഷണ ഏജന്‍സികളുടെയും അറിവോടെയും ഒത്താശയോടെയും കൂടിയാണ് ഈ കൂട്ടക്കൊലകളൊക്കെയും അരങ്ങേറിയതെന്ന് കണ്ടെത്താന്‍ കഴിയും. അതിനര്‍ഥം പോലീസിന്റെയും ജില്ലാ ഭരണാധികാരികളുടെയും അന്വേഷണ ഏജന്‍സികളുടെയും അനാസ്ഥയാണ് ഈ ദുരന്തങ്ങള്‍ക്ക് നിമിത്തമാകുന്നത് എന്നാണ്; മറ്റൊരര്‍ഥത്തില്‍ പോലീസും നിയമപാലകരും അധികാരികളും വിചാരിച്ചാല്‍ നിമിഷനേരംകൊണ്ട് ഈ കലാപങ്ങളത്രയും നിയന്ത്രിക്കാവുന്നതേയുള്ളൂ എന്നാണ്. ഏറ്റവും ഒടുവിലത്തെ ആസാമിന്റെ അനുഭവം തന്നെ എടുക്കുക. കലാപം പൊട്ടിപ്പുറപ്പെട്ട് അനേക ദിവസങ്ങള്‍ കഴിഞ്ഞാണ് കേന്ദ്രസര്‍ക്കാറിന്റെ സൈനിക ഇടപെടല്‍ ഉണ്ടാവുന്നത്. മുഖ്യമന്ത്രി തരുണ്‍ ഗോഗോയിക്ക് ദുരിതബാധിതരെ സഹായിക്കാന്‍ അനേകദിവസങ്ങള്‍ കാത്തിരിക്കേണ്ടിവന്നു എന്നതു പോകട്ടെ, യഥാസമയം ദുരിതബാധിതരെ സന്ദര്‍ശിക്കാനുള്ള സന്മനസ്സ് പോലും അദ്ദേഹം കാട്ടിയില്ല.
ഈ അടുത്ത കാലത്ത് ഇന്ത്യാ ഗവണ്‍മെന്റ് നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ടും എടുത്ത് പറഞ്ഞ ഒരു കാര്യമുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യത്തിനുശേഷം ജനസംഖ്യാനുപാതമായി ജീവിതത്തിന്റെ ഒരു മേഖലയിലും പ്രാതിനിധ്യം ലഭിച്ചിട്ടില്ല; ജയിലുകളിലല്ലാതെ. അക്കാര്യം അടിവരയിട്ടു പറയുന്നതാണ് ഈയിടെ ബോംബെ ആസ്ഥാനമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍ സോഷ്യല്‍ സയന്‍സസിന്റെ മഹാരാഷ്ട്ര ജയിലുകളിലെ മുസ്‌ലിം ചെറുപ്പക്കാരുടെ സാന്നിധ്യം സംബന്ധിച്ച റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ മുസ്‌ലിം ജനസംഖ്യാനുപാതം പതിനാറു ശതമാനമാണെങ്കില്‍ ജയിലുകളില്‍ കഴിയുന്ന മുസ്‌ലിം ചെറുപ്പക്കാരുടെ അനുപാതം മുപ്പത്തഞ്ച് ശതമാനമാണ് പോലും. ഇനിയും നാം ഓര്‍ക്കുക സ്വാതന്ത്ര്യം ലഭിച്ച് നീണ്ട അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി മാനം വില്‍ക്കാനും കുഞ്ഞുങ്ങളെ ചില്ലിക്കാശിന് കൈമാറാനും പലപ്പോഴും പട്ടിണിമാറ്റാന്‍ വേണ്ടി മതംമാറാനും നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്.
ഒരര്‍ഥത്തില്‍ നാം തന്നെയാണ് ഇതിനുത്തരവാദികള്‍ - പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴും അതിനെതിരില്‍ നിയമപരമായ പോരാട്ടത്തിനുള്ള ഒരു സംവിധാനവും മുസ്‌ലിം സമുദായത്തിന്റെ ഭാഗത്ത് നിന്ന് നാളിതുവരെ ഉണ്ടായിട്ടില്ല. അതേക്കുറിച്ച് നാം ചിന്തിച്ചിട്ടുപോലുമില്ല. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി രംഗത്തുവരുന്നത് രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരായ അരുന്ധതി റോയിയോ മേധാപട്കറോ ഹര്‍ഷ് മന്ദറോ അജിത് സാഹിയോ പോലുള്ള വ്യക്തികളായിരിക്കും; അല്ലെങ്കില്‍ സമാന മനസ്‌കരായ ഗ്രൂപ്പുകള്‍. അവരെ തിരിച്ചറിയാനോ അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കാനോ ഒത്താശകള്‍ ചെയ്തുകൊടുക്കാനോ സമുദായം പലപ്പോഴും സന്നദ്ധമാവുന്നില്ല. അടുത്ത കാലത്ത് മഹാരാഷ്ട്ര എ.ടി.എസ് ആഭിമുഖ്യത്തില്‍ ഹേമന്ദ് കര്‍ക്കറേയുടെ നേതൃത്വത്തില്‍, പൂനയിലും മാലേഗാവിലും മക്കാമസ്ജിദിലും സംഝോത എക്‌സ്പ്രസ്സിലും ബോംബ് വെച്ചത് ഹിന്ദുത്വ തീവ്രവാദികളാണെന്ന് കണ്ടെത്തിയപ്പോള്‍ നമ്മുടെ മീഡിയ അക്കാര്യം മറച്ചുവെച്ചതും തീവ്രവാദ സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തുവന്ന് അന്വേഷണം തടസ്സപ്പെടുത്തിയതും ശ്രീകാന്ത് പുരോഹിതിന്റെയും പ്രജ്ഞാസിംഗ് ഠാക്കൂറിന്റെയും വെളിപ്പെടുത്തലുകള്‍ തിരസ്‌കരിച്ചതും സൈന്യത്തിലെയും പോലീസിലെയും ഹിന്ദുത്വ ശക്തികളുടെ മെഗാഫോണുകളായി മുന്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലും പിന്നീടുവന്ന ചിദംബരവും അവരുടെ മൊഴി ആവര്‍ത്തിച്ചതും ഓര്‍ക്കുക. സമുദായ സംഘടനകള്‍ക്ക് അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനൊട്ട് സമയവുമില്ല. നമ്മുടെ എല്ലാ ഊര്‍ജവും നമുക്കിടയിലുള്ള ആഭ്യന്തരമായ പ്രശ്‌നങ്ങളിലാണ് ചെലവാക്കപ്പെടുന്നത്. ഒരു കവി പറഞ്ഞതുപോലെ ''അവര്‍, ഗോത്രങ്ങളും വര്‍ഗങ്ങളുമായി ഭിന്നിച്ചു. അവര്‍ക്കൊക്കെയും ഓരോ അമീറുല്‍ മുഅ്മിനീനും ഒരോ മിമ്പറും ഉണ്ടായി.''
വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യമാണ് സൂറഃ ബനൂ ഇസ്രാഈല്‍ ചരിത്രമുദ്ധരിച്ചുകൊണ്ട് വിശദീകരിക്കുന്നത്. ഒരു കാലത്ത് ഖിലാഫത്തിന്റെ ചുമതല ഏല്‍പിക്കപ്പെട്ടിരുന്ന ഇസ്രാഈല്‍ സമുദായം ആ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ നിന്ന് പിന്മാറിയപ്പോഴാണ് നബൂക്കദ്‌നസര്‍ എന്ന ആക്രമണകാരിയുടെ കൈകളാല്‍ അവര്‍ക്കത് നിഷേധിക്കപ്പെട്ടത്. പിന്നീട് ഖിലാഫത്ത് ഏല്‍പിക്കപ്പെട്ട ക്രിസ്ത്യാനികളുടെ അനുഭവവും അതുതന്നെയാണ്. പില്‍ക്കാലത്ത് ഖിലാഫത്തിന്റെ ചുമതല ഏല്‍പ്പിക്കപ്പെട്ട മുസ്‌ലിം സമൂഹത്തിന്റെ കഥയും അതു തന്നെയായി. അബുല്‍ ഹസന്‍ അലി നദ്‌വി, മുസ്‌ലിംകളുടെ പതനംകൊണ്ട് ലോകത്തിന് എന്താണ് നഷ്ടപ്പെട്ടത് എന്ന ഗ്രന്ഥത്തില്‍ താര്‍താരികളുടെയും മംഗോളിയരുടെയും ആക്രമണകാലത്തെ ഈ കഥ ഉദ്ധരിക്കുന്നുണ്ട്. ഇമാം ബലാദുരി റിപ്പോര്‍ട്ട് ചെയ്യുന്നു: മലവെള്ളംപോലെ പാഞ്ഞുവന്ന താര്‍ത്താരികളെ കണ്ട് ഭയപ്പെട്ടോടിയ ഒരു മുസ്‌ലിം സൈനികനെ അഭിമുഖീകരിച്ച് ഒരു താര്‍ത്താരി ഭടന്‍ അയാളുടെ വാള്‍ ഉറയില്‍നിന്നെടുത്ത് അവനെ വെട്ടാന്‍ ശ്രമിച്ചു. അയാളുടെ വാള്‍ ഒടിഞ്ഞുപോയി. അപ്പോള്‍ ആ താര്‍ത്താരി അയാളോട് പറഞ്ഞു. നീ അവിടെതന്നെ നില്‍ക്കണം, ഞാനെന്റെ വാള്‍ എടുത്തുകൊണ്ടുവരാം. ഇമാം ബലാദൂരി പറയുന്നു: താര്‍ത്താരി ഭടന്‍ വാള്‍ കൊണ്ടുവന്ന് കഴുത്ത് വെട്ടുന്നത് വരെ ഭയന്ന് വിറച്ച് തലകല്ലില്‍വെച്ച് മുസ്‌ലിം ഭടന്‍ അവിടെതന്നെ നിന്നു പോലും. ഇതിനര്‍ഥം മുസ്‌ലിം സമുദായത്തിന്റെ ആത്മവീര്യം ചോര്‍ന്ന് പോയതാണ് അവരുടെ പരാജയത്തിന് കാരണമെന്നാണ്.
അല്ലാഹുവിന്റെ റസൂല്‍ ഒരിക്കല്‍ പറഞ്ഞു: ''ഒരു നാള്‍ വരും. അന്ന് നിങ്ങള്‍ ജനസംഖ്യകൊണ്ട് മറ്റുള്ളവരേക്കാള്‍ വളരെ കൂടുതലായിരിക്കും, പക്ഷേ നിങ്ങള്‍ ഒഴുക്കിലെ നുരയും പതയും പോലെ ഒന്നിനും കൊള്ളാത്തവരായിരിക്കും. ശത്രുക്കളന്ന് എളുപ്പത്തില്‍ നിങ്ങളെ കീഴടക്കും. അപ്പോള്‍ സ്വഹാബിമാര്‍ ചോദിച്ചു: എന്തുകൊണ്ടാണ്? പ്രവാചകന്‍ പറഞ്ഞു: ''നിങ്ങളെ വഹ്ന്‍ ബാധിച്ചിരിക്കുന്നു.'' സ്വഹാബിമാര്‍ ചോദിച്ചു: എന്താണ് വഹ്ന്‍? അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ''ദുനിയാവിനോടുള്ള പ്രേമവും മരണത്തോടുള്ള വെറുപ്പുമാണത്.'' വിശുദ്ധ ഖുര്‍ആനില്‍ മുസ്‌ലിം സമൂഹത്തിന്റെ നാശത്തിന് നിമിത്തമായി അല്ലാഹു വിശദീകരിക്കുന്നത് ഇങ്ങനെ വായിക്കാം. ''പറയൂ പ്രവാചകരേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സന്താനങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും നിങ്ങള്‍ സമ്പാദിച്ച ധനവും നിങ്ങള്‍ നഷ്ടം ഭയപ്പെടുന്ന കച്ചവടവും നിങ്ങളുടെ പ്രിയപ്പെട്ട ഭവനങ്ങളുമാണ് അല്ലാഹുവിനെയും അവന്റെ റസൂലിനെയും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ടത്തെയുംകാള്‍ നിങ്ങള്‍ പ്രിയങ്കരമായി കാണുന്നതെങ്കില്‍ അല്ലാഹു അവന്റെ ശിക്ഷാവിധിയുമായി വരുന്നത് കാത്തുകൊള്ളുക''(9:24). അല്ലാഹുവിനോടും തന്റെ പ്രവാചകനോടും ദീനിന്റെ മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങളോടും ഉള്ള സ്‌നേഹമാണ് സത്യവിശ്വാസികളുടെ ജീവിതത്തില്‍ മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായി, അവരുടെ ജീവിതവിജയത്തിന്റെ ആധാരമായി ഖുര്‍ആന്‍ ഇവിടെ എടുത്ത് പറയുന്നത്. മുസ്‌ലിം ഉമ്മത്തിന്റെ ഐക്യവും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങളുമാണ് ദീനുല്‍ ഇസ്‌ലാം മുസ്‌ലിംകളോട് ആവശ്യപ്പെടുന്നത്.
പ്രബോധനം ദൗത്യമായി ഏറ്റെടുക്കാനും ആ മാര്‍ഗത്തില്‍ അടിയുറച്ച് നിന്ന് ഐക്യത്തോടെയും ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും മുന്നോട്ട് പോവാനും കഴിയുമ്പോള്‍ മാത്രമേ ഉമ്മത്ത് മുസ്‌ലിമക്ക് അല്ലാഹുവിന്റെ സഹായവും അവന്‍ വാഗ്ദാനം ചെയ്ത വിജയവും ലഭിക്കുകയുള്ളൂ എന്ന് നാം ഓര്‍ക്കണം. ഈ ഖുര്‍ആന്‍ വാക്യത്തില്‍ എടുത്തുപറഞ്ഞ കാര്യങ്ങള്‍ അടിവരയിടേണ്ടതുണ്ട്. ഒരു ഭാഗത്ത് മാതാപിതാക്കളും മക്കളും പ്രിയപ്പെട്ട ഭവനങ്ങളും നഷ്ടം ഭയപ്പെടുന്ന കച്ചവടവും കുടുംബാംഗങ്ങളും. തുലാസിന്റെ മറ്റേ തട്ടില്‍ അല്ലാഹുവിനോടും അവന്റെ റസൂലിനോടും അവന്റെ മാര്‍ഗത്തിലുള്ള പോരാട്ടത്തോടും ഉള്ള സ്‌നേഹം. ഇതിലേതാണ് തുലാസിന്റെ തട്ടില്‍ കനം തൂങ്ങുക എന്നത് പ്രധാനമാണ്. ഇവിടെ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. ഈ ഖുര്‍ആന്‍ വാക്യത്തില്‍ പറഞ്ഞ ജിഹാദ് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പലരും മനസ്സിലാക്കിയത് പോലെ അമുസ്‌ലിം സഹോദരങ്ങളുടെ കൈയും കഴുത്തും ഛേദിക്കലല്ല. താലിബാന്‍ ചെയ്തതുപോലെ ബാമിയാനിലെ ബുദ്ധ പ്രതിമകള്‍ തകര്‍ക്കലല്ല. ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാതെ അന്യോന്യം വാളോങ്ങലുമല്ല. അല്ലാഹുവിന്റെ ദീന്‍ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രതീകമാണ്; ആ സന്ദേശം സമാധാനപരമായി ജനങ്ങളിലേക്കെത്തിക്കാനുള്ള ത്യാഗപരിശ്രങ്ങളാണ് ജിഹാദ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ക്ക് വേണ്ടി നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ജനാധിപത്യപരമായും നിയമപരമായും പോരാടാനുള്ള അവസരം തുറന്ന് കിടക്കെ എന്തിനാണ് സായുധ പോരാട്ടത്തെക്കുറിച്ച് ചിന്തിക്കുന്നത്!

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍