Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 11

സ്വയം വിമര്‍ശനം പ്രസ്ഥാനത്തിന്റെ സ്പന്ദമാപിനി

പി.കെ ജമാല്‍

ഇതര സംഘടനകളോടും വേദികളോടുമുള്ള ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിന്റെ നിലപാടും സമീപനവും വിശദീകരിച്ച സംഘടനയുടെ ആറാം കോണ്‍ഗ്രസില്‍ ഇമാം ഹസനുല്‍ ബന്നാ നടത്തിയ പ്രസംഗം ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമായ നയരേഖയാണ്. ''എല്ലാ വ്യത്യസ്തതകളും, സംജ്ഞാപരവും സത്താപരവുമായ വ്യതിരിക്തതകളും അംഗീകരിക്കുന്നതോടൊപ്പം എല്ലാ ഇസ്‌ലാമിക സംഘടനകളോടുമുള്ള നമ്മുടെ സമീപനം, സ്‌നേഹം, സാഹോദര്യം, സഹകരണം, ഗുണകാംക്ഷ എന്നീ അടിസ്ഥാനങ്ങളില്‍ അധിഷ്ഠിതമായിരിക്കും. ആ കൂട്ടായ്മകളെ നാം സ്‌നേഹിക്കും. അവയുമായി നാം സഹകരിക്കും. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ശീതളച്ഛായയില്‍ നിലയുറപ്പിച്ച് വ്യത്യസ്ത വീക്ഷാഗതിക്കാരെയും ഇസ്‌ലാമിന്റെ വിജയം എന്ന ഏക ലക്ഷ്യം മുന്നില്‍വെച്ച്, സമന്വയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സരണിയില്‍ കൊണ്ട്‌വരാന്‍ നാം കഠിന യത്‌നം നടത്തും. കര്‍മ്മശാസ്ത്ര ഭിന്നതകളോ മദ്ഹബിലെ വ്യത്യസ്തതകളോ നമ്മെ അകറ്റിനിര്‍ത്തില്ല. അല്ലാഹുവിന്റെ ദീന്‍ എളുപ്പമാണ്. ദീനില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നവര്‍ പരാജയപ്പെടും. പേരുകളും കുറികളും ഇല്ലാതാവുന്ന, ബാഹ്യമായ രൂപങ്ങള്‍ തിരോഭവിക്കുന്ന, സൈദ്ധാന്തിക തടസ്സങ്ങള്‍ നീങ്ങുന്ന ദിനം തീര്‍ച്ചയായും വരികതന്നെ ചെയ്യുമെന്ന് നാം വിശ്വസിക്കുന്നു. മുഹമ്മദീയ വ്യൂഹം അണിചേര്‍ന്ന ഏകാത്മ മാനവികതയുടെയും ഐക്യത്തിന്റെയും സ്‌നേഹസ്വരൂപമാണ് തല്‍സ്ഥാനത്തുണ്ടാവുക. ദീനിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗ പരിശ്രമങ്ങള്‍ അര്‍പ്പിക്കുന്ന മുസ്‌ലിം സഹോദരങ്ങള്‍ എന്ന സ്വത്വമേ പിന്നെയുണ്ടാവൂ. പിന്നെ നാം ''ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍'' ആണ്. ഇസ്‌ലാമിക സംഘടനകളെല്ലാം ഒന്നായി, ഒരൊറ്റ മുന്നണിയായി മാറുന്ന കാലം വിദൂരമല്ലെന്നാണ് എന്റെ വിശ്വാസം. ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് കാലം നമുക്കു കാണിച്ചുതരും'' (രിസാലത്തുല്‍ മുഅ്തമരിസ്സാദിസ്, പേജ്: 146, 148, 216).
ഹസനുല്‍ ബന്നാ പിന്നീടൊരു സമ്മേളനത്തില്‍ പ്രസ്താവിച്ചതിങ്ങനെ: ''നമ്മുടെ അഭിസംബോധിതരില്‍ നാം ശ്രദ്ധയൂന്നേണ്ട മറ്റൊരു വിഭാഗമുണ്ട്. അവര്‍ എണ്ണത്തില്‍ കുറവായിരിക്കും. നമ്മോട് ചേര്‍ന്നു നില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ ആത്മാര്‍ഥതയോടെ, ആവേശത്തോടെ അതിന് അവസരം കാത്ത് കഴിയുന്നവര്‍. അവര്‍ക്ക് കര്‍മ്മമാര്‍ഗ്ഗം ചൂണ്ടിക്കാട്ടാന്‍ നമുക്ക് സാധിക്കണം. ഈ വിഭാഗമാണ് പ്രസ്ഥാനത്തിന് നഷ്ടപ്പെട്ട കണ്ണികള്‍. നമുക്കുറപ്പുണ്ട്, നമ്മുടെ ക്ഷണം അവരുടെ കാതില്‍ പതിഞ്ഞാല്‍ രണ്ടിലൊന്ന് സംഭവിക്കും. ഒന്നുകില്‍ അവര്‍ കര്‍മകുശലതയോടെ നമ്മുടെ സജീവ പ്രവര്‍ത്തകരായിത്തീരും. അല്ലെങ്കില്‍ നമ്മെ സ്‌നേഹിക്കുകയും നമ്മെ പിന്തുണക്കുകയും ചെയ്യുന്ന അഭ്യുദയകാംക്ഷികളായി നിലയുറപ്പിക്കും. അവര്‍ നമ്മുടെ അണിയില്‍ ഇല്ലെങ്കിലും നമുക്കെതിരില്‍ നിലകൊള്ളുന്ന നമ്മുടെ ശത്രുക്കളായിത്തീരില്ലെന്ന് നമുക്കുറപ്പാണ്'' (രിസാല: ഹല്‍ നഹ്‌നു ഖൗമുന്‍ അമലിയ്യൂന്‍, പേജ്:61).
''സംഘടനാ ചട്ടങ്ങളുടെയും ചിട്ടകളുടെയും നിയമാവലികളുടെയും അയവില്ലാത്ത കാര്‍ക്കശ്യം ഉള്‍ക്കൊള്ളാനാവാത്തതിനാല്‍ മാറിനില്‍ക്കുന്ന നന്മനിറഞ്ഞ ആ ഹൃദയങ്ങളോട് സംഘടനയുടെ ചട്ടക്കൂട്ടിനകത്ത് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍പോലും നിരന്തരം സംവദിച്ചും നിരന്തരം ബന്ധം പുലര്‍ത്തിയും അവരെ പ്രസ്ഥാനത്തിന്റെ സഹയാത്രികരായി കരുതി സാധ്യമാവുന്നിടത്തോളം പരിപാടികളില്‍ സഹകരിപ്പിക്കാനും കൂടെ കൊണ്ടു നടക്കാനും നമുക്കാവണം'' (അതേകൃതി: പേജ്:96).
അഭ്യസ്തവിദ്യരിലും പൊതുസമൂഹത്തിലും പ്രസ്ഥാനത്തിന് വേരുറപ്പിക്കാന്‍ സഹായകമായ അടിസ്ഥാനങ്ങള്‍ വിശദീകരിക്കവെയാണ് ഹസനുല്‍ബന്നാ ഈവിധം നയം വ്യക്തമാക്കിയത്. ഈജിപ്തിന്റെ മണ്ണില്‍ നിന്ന് പിഴുതെറിയാന്‍ കഴിയാത്ത വന്‍വൃക്ഷമായി ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനം വളര്‍ന്ന വഴികളാണിത്. പ്രൊഫഷനലുകള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, വനിതകള്‍, നിയമവിദഗ്ധര്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത ശ്രേണികളിലെ വിഭാഗങ്ങളെ അതതിടങ്ങളില്‍ നിലനിര്‍ത്തി പ്രസ്ഥാനത്തിനുപയോഗപ്പെടുത്താന്‍ സാധിച്ചതാണ് ഇഖ്‌വാന്റെ വിജയരഹസ്യം. ''സംഘടന ആരാധിക്കപ്പെടുന്ന വിഗ്രഹമാവരുത്'' എന്ന് അതേ സമ്മേളനത്തില്‍ ഇഖ്‌വാന്‍ പ്രവര്‍ത്തകരെ ഹസനുല്‍ ബന്നാ ഉല്‍ബോധിപ്പിക്കുമ്പോള്‍ അര്‍ഥമാക്കുന്നത്, അന്തിമ വിശകലനത്തില്‍ സിദ്ധാന്തവാശിയോ വരട്ടുവാദമോ തീണ്ടാത്ത വിശ്വമനസ് പ്രവര്‍ത്തകര്‍ക്ക് വേണമെന്നാണ്. നേതൃത്വം അണികള്‍ക്ക് നല്‍കേണ്ട സന്ദേശമാണിത്.

തജ്ദീദിന്റെ നാനാര്‍ഥങ്ങള്‍-ഒരു പുനര്‍വായന
അബൂഹുറയ്‌റ(റ) നിന്ന്: നബി (സ) പ്രസ്താവിച്ചു: ''ഓരോ നൂറ്റാണ്ടിലും ഈ സമുദായത്തിന് അതിന്റെ ദീനിനെ നവീകരിക്കുന്ന പരിഷ്‌കര്‍ത്താവിനെ അല്ലാഹു ഉയര്‍ത്തിക്കൊണ്ടുവരും'' (അബൂദാവൂദ്, ഹാകിം, തബ്‌റാനി).
ഈ നബിവചനത്തിലെ അര്‍ഥവും ആശയവും ഉള്‍ക്കൊണ്ട മുസ്‌ലിം ലോകം ഓരോ നൂറ്റാണ്ടിലെയും മുജദ്ദിദുകളെകുറിച്ച പഠനവും അന്വേഷണവും നടത്തിയതായി കാണാം. ചില വ്യക്തിത്വങ്ങളെ മുജദ്ദിദുകളായി പണ്ഡിത ലോകം ഏകകണ്ഠമായി അംഗീകരിച്ചപ്പോള്‍ ചിലരെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.
ഈ ഹദീസ് വിശാല തലത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഹദീസിലെ 'മന്‍ യുജദ്ദിദ്' (നവീകരിച്ചു കൊടുക്കുന്ന) എന്ന പ്രയോഗത്തില്‍ ഒരു വ്യക്തി എന്നത്‌പോലെ ഒന്നിലധികം വ്യക്തികളും കൂട്ടായ്മകളും കടന്നുവരാം എന്നായിരുന്നു ഒരു വ്യാഖ്യാനം. ''മുജദ്ദിദ് ഒന്നിലധികം വ്യക്തികളാവാം. എന്നല്ല ചില ഘട്ടങ്ങളില്‍ പരിഷ്‌കര്‍ത്താക്കള്‍ പല വ്യക്തിത്വങ്ങളുമാവാം. നീതിമാന്മാരായ ഭരണാധികാരികളില്‍ ചിലര്‍, അഗാധ പാണ്ഡിത്യത്താല്‍ അനുഗൃഹീതരായ പ്രതിഭാശാലികളില്‍ ചിലര്‍, സേനാനായകര്‍, സദ്‌വൃത്തരും പരിവ്രാജകരുമായ തലമുറകളുടെ ശില്‍പികള്‍, പണ്ഡിത കേസരികള്‍, ഇസ്‌ലാമിക നിയമസംഹിതകളില്‍ നിഷ്ണാതരായ ഫുഖഹാക്കള്‍, സുന്നത്തിന് പ്രതിരോധം തീര്‍ക്കുന്ന മുഹദ്ദിസുകള്‍, ഖുര്‍ആന്‍ സേവകരായ മുഫസ്സിറുകള്‍, ആദര്‍ശ-വിശ്വാസങ്ങളുടെ സംരക്ഷകരായ പ്രഭാഷണ ചതുരര്‍, ആത്മ സംസ്‌കരണ തലത്തില്‍ ശ്രദ്ധയൂന്നുന്ന മുതസവ്വിഫുകള്‍, ബിദ്അത്തുകളോട് പടവെട്ടുന്ന മുസ്‌ലിഹുകള്‍-ഇവരെല്ലാം മുജദ്ദിദുകള്‍ എന്ന പരികല്‍പനയില്‍ വരാവുന്നവരാണെന്ന് അവര്‍ സിദ്ധാന്തിച്ചു'' (ഫിഖുഹുല്‍ വസത്വിയ്യത്തില്‍ ഇസ്‌ലാമിയ്യഃ വത്തജ്ദീദ്: യൂസുഫുല്‍ ഖറദാവി, പേജ്:188).
കേവലം മുപ്പത് മാസമേ ആയുസ്സുള്ളൂവെങ്കിലും മഹത്തായ ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തി ഉമറുബ്‌നു അബ്ദില്‍ അസീസിനെ ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലെ മുജദ്ദിദായി ഏകകണ്ഠമായി അംഗീകരിക്കാന്‍ പണ്ഡിതന്മാര്‍ തയാറായി. ഇമാം ശാഫിഇ(റ)യും ഇമാം ഗസ്സാലി(റ)യും ഈവിധം മുജദ്ദിദുകളായി വാഴ്ത്തപ്പെടുന്നവരാണ്. ഇമാം അഹ്മദിന്റെ അഭിപ്രായം ഉദ്ധരിച്ച്, നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉമറുബ്‌നു അബ്ദില്‍ അസീസിനെയോ ഇമാം ശാഫിഇയെയോ പോലുള്ള വ്യക്തിത്വങ്ങളും ഓരോ നൂറ്റാണ്ടിലെയും മുജദ്ദിദുകളുടെ ഗണത്തില്‍പെടാം എന്ന് ഹാഫിള് ഇബ്‌നു ഹജര്‍ നിരീക്ഷിച്ചതും ഇവിടെ ഓര്‍ക്കാം.
ഡോ.യൂസുഫുല്‍ ഖറദാവി രേഖപ്പെടുത്തുന്നു: ''ഇവിടെ ഞാന്‍ തെരഞ്ഞെടുക്കുന്ന അഭിപ്രായം ഇതാണ്. ഇബ്‌നുല്‍ കസീര്‍, ദബഹി പോലുള്ള പൂര്‍വസൂരികളായ പണ്ഡിതന്മാരുടെയും അഭിപ്രായം ഇത് തന്നെ. പ്രസ്തുത ഹദീസിലെ 'മന്‍' എന്ന വാക്ക് ഏക വചനത്തിന് എന്നത് പോലെ ബഹുവചനത്തിനും ചേരും....
ഉമറുബ്‌നു അബ്ദില്‍ അസീസിനെപോലെ പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും ദൗത്യം അല്ലാഹു ഏല്‍പിച്ച വ്യക്തികളാവാം. ഉജ്ജീവന-പരിഷ്‌കരണ ധര്‍മം നിര്‍വഹിക്കുന്ന സംഘടനകളും ചിന്താ-ശിക്ഷണ-ജിഹാദി പ്രസ്ഥാനങ്ങളും ഈ ഗണത്തില്‍ പെടാം. പരിഷ്‌കരണ ദൗത്യം നിറവേറ്റുന്നത് വ്യക്തികളോ വിവിധ കൂട്ടായ്മകളോ ആവാം. ഓരോരുത്തരും തങ്ങളുടെ ശ്രദ്ധയും കരുതലുമുള്ള ഇടങ്ങളില്‍ നിലയുറപ്പിച്ചുതന്നെ ഈ തജ്ദീദി ധര്‍മം നിറവേറ്റാം. ഒരു വിഭാഗം വിദ്യാഭ്യാസ-ധൈഷണിക മേഖലയില്‍, മറ്റൊരു വിഭാഗം തര്‍ബിയത്ത്-സംസ്‌കരണ മേഖലയില്‍, ഇനിയും ഒരു വിഭാഗം സാമൂഹിക സേവനരംഗത്ത്, നാലാമതൊരു വിഭാഗം രാഷ്ട്രീയ-ഭരണ മേഖലയില്‍, വേറൊരു കൂട്ടര്‍ ജിഹാദിന്റെയും ചെറുത്തുനില്‍പിന്റെയും മുന്നണിയില്‍. ഇങ്ങനെ ഇടങ്ങളും രീതികളും വിശദാംശങ്ങളില്‍ ഭിന്നമായാലും ലക്ഷ്യവും സിദ്ധാന്തവും സാരാംശത്തില്‍ ഏകമായ അവയെല്ലാം ഇസ്‌ലാമിന്റെ ആവശ്യങ്ങളാണ് നിറവേറ്റുന്നത്. അതിനാല്‍ ഈ ധാരണയുടെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ സമുദായത്തെ മുഴുവന്‍ നിര്‍ദ്ദിഷ്ട തജ്ദീദി തൗത്യത്തില്‍ നാം പങ്ക് ചേര്‍ക്കുകയാണ്. സമുദായമാണ് മുജദ്ദിദുകളെ കണ്ടെത്തുന്നതും അവരെ ചലിപ്പിക്കുന്നതും പ്രവര്‍ത്തനത്തിന്റെ മണ്ണൊരുക്കുന്നതും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതും ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള അവരുടെ യാത്രയില്‍ ആഹാരവും ഇന്ധനവും നല്‍കി അവരെ പിന്തുണക്കുന്നതും. മുഹമ്മദുബ്‌നു സസ്വ്‌റുല്‍ മറൂസി ഉദ്ധരിച്ച പൂര്‍വ പ്രമാണത്തിലെ വചനം ഓര്‍ക്കുക: മുസ്‌ലിംകളിലെ ഓരോ വ്യക്തിയും ഇസ്‌ലാമിന്റെ ഓരോ ഇടങ്ങളില്‍ സമരസജ്ജനായി നിലയുറപ്പിച്ചിരിക്കയാണ്. ആ പഴുതുകളില്‍ക്കൂടി ഇസ്‌ലാം ആക്രമിക്കപ്പെടുകയില്ലെന്നതിന് അല്ലാഹു സാക്ഷി'' (ഫഖ്ഹുല്‍ വസ്വത്വിയ്യത്തില്‍ ഇസ്‌ലാമിയ്യഃ, പേജ്:190, 193).
ഈ കാലഘട്ടത്തിലെ തജ്ദീദി ധര്‍മം നിറവേറ്റുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഗതകാലങ്ങളില്‍ ഈ ദൗത്യം നിറവേറ്റിയ പ്രസ്ഥാനങ്ങളുടെയും വ്യക്തിത്വങ്ങളുടെയും ചരിത്രത്തില്‍ നിന്ന് നിരവധി പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. മാര്‍ഗമദ്ധ്യേ വീണ്ടുവിചാരം വേണം. നേട്ടങ്ങളെയും നഷ്ടങ്ങളെയും കുറിച്ച നിഷ്‌കൃഷ്ടമായ കണക്കെടുപ്പ് വേണം. നയങ്ങളും നിലപാടുകളും പൊതുസമൂഹത്തില്‍ ഉണ്ടാക്കിയ ആഘാത-പ്രത്യാഘാതങ്ങളെക്കുറിച്ച വിശകലനം വേണം. സാഹചര്യങ്ങളും ആവശ്യങ്ങളും മുന്നില്‍ വെച്ച് തയാറാക്കിയ നയങ്ങളും ആസൂത്രണ പദ്ധതികളും (സ്ട്രാറ്റജി), നടപ്പാക്കുമ്പോള്‍ നിര്‍വഹണ തന്ത്ര(ടാക്റ്റിക്‌സ്)ത്തില്‍ വന്നുപോയ പാളിച്ചകളെക്കുറിച്ച വിമര്‍ശനങ്ങളും നിരൂപണങ്ങളും കരുതിവെപ്പുകളില്ലാത്ത പഠനത്തിന് വിധേയമാക്കണം. സമൂഹത്തിന്റെ സ്പന്ദനവും പ്രസ്ഥാനത്തെക്കുറിച്ച സമൂഹത്തിന്റെ വിലയിരുത്തലും നേതൃത്വത്തിന് ബോധ്യപ്പെടാന്‍ പ്രസ്ഥാനത്തിന് പുറത്തുള്ള വ്യക്തിത്വങ്ങളുടെയും കൂട്ടായ്മകളുടെയും-വിമര്‍ശകരുടെ പോലും-അഭിപ്രായങ്ങളറിയാനുള്ള ആശയവിനിമയ സംവിധാനം വേണം. എട്ട് ദശകങ്ങള്‍ പൂര്‍ത്തിയാക്കിയ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ആത്മവിമര്‍ശനത്തിന് മുമ്പൊന്നുമില്ലാത്ത പ്രാധാന്യം ഇന്ന് കല്‍പിക്കുന്നുണ്ട്. ഭാവിയിലേക്കുള്ള കുറ്റമറ്റ പ്രയാണത്തിന് സ്വയം വിമര്‍ശനം ആവശ്യമാണെന്ന് അനുഭവങ്ങള്‍ അവയെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
പ്രസ്ഥാനത്തിന്റെ തന്ത്രം ആവിഷ്‌കരിക്കുന്നതില്‍ വിമര്‍ശകര്‍ക്ക് പോലും ചില സംഭാവനകള്‍ നല്‍കാനാവുമെന്നായിരുന്നു ഹസനുല്‍ ബന്നായുടെ മതം. ഈജിപ്തിലെ ദിനപത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇഖ്‌വാനെ രൂക്ഷമായി വിമര്‍ശിക്കുന്ന കോളമിസ്റ്റുകളെയും എഴുത്തുകാരെയും മത-മതേതര വേദികളിലെ പ്രസംഗകരെയും ചിന്തകരെയും പ്രത്യേകം ക്ഷണിച്ച് വേദിയുണ്ടാക്കി അവര്‍ക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കാനുള്ള അവസരം ഹസനുല്‍ ബന്നാ ഒരുക്കിയത് ദീര്‍ഘകാലം ബന്നായുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശൈഖ് അബ്ദുല്‍ ബദീഅ് സഖ്ര്‍ അനുസ്മരിക്കുന്നു. ഇഖ്‌വാന്റെ ഉയര്‍ന്ന നേതൃവേദികളില്‍ നിന്നോ പ്രവര്‍ത്തകരില്‍ നിന്നോ കിട്ടാത്ത വെളിച്ചം തനിക്ക് അവരില്‍ നിന്ന് ലഭിച്ചതായി ഹസനുല്‍ ബന്നാ വെളിപ്പെടുത്തുന്നു.
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ എട്ട് ദശകങ്ങളെ നിരൂപണാത്മകമായി വിലയിരുത്തുന്ന നിരവധി ഗ്രന്ഥങ്ങള്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ അറബി രാജ്യങ്ങളില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. വിശാല ഭൂമിക തേടുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ആ പഠനങ്ങള്‍ വെളിച്ചമേകും.
- അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയ്യ ഫീ ളൗഇല്‍ കിതാബിവസ്സുന്നഃ / സലീമുല്‍ ഹിലാലി, സിയാദുദ്ദബീഹ്
- മഅല്‍ ഹറകത്തില്‍ ഇസ്‌ലാമിയ്യ ഫിദ്ദുവലില്‍ അറബിയ്യഃ / ഡോ.അബ്ദുല്ല അബൂഉസ്സഃ
- നള്‌റാത്തുന്‍ ഫീ മനാഹിജി ഇഖ്‌വാനില്‍ മുസ്‌ലിമീന്‍: ദിറാസത്തുന്‍ നഖ്ദിയ്യത്തുന്‍ ഇസ്വ്‌ലാഹിയ്യഃ / അഹ്മദ് സലാം.
- ഇലലുത്തയ്യാറില്‍ ഇസ്‌ലാമി / ഡോ. അബ്ദുര്‍റഷീദ് സഖര്‍
- അസ്വഹ്‌വത്തുല്‍ ഇസ്‌ലാമിയ്യഃ റുഅ്‌യത്തുന്‍ നഖ്ദിയ്യത്തുന്‍ മിനദ്ദാഖില്‍ / ഒരു കൂട്ടം ചിന്തകര്‍
- അല്‍ ഹറകാത്തുദ്ദീനിയ്യ ഫില്‍ ഖലീജില്‍ അറബി / ഡോ. ബാഖിര്‍ നജ്ജാര്‍
- ഫിന്നഖ്ദിദ്ദാത്തി / ഖാലിസ് ജല്‍ബി
- അല്‍ഹറകത്തുല്‍ ഇസ്‌ലാമിയ്യഃ റുഅ്‌യാ മുസ്തഖ്ബിലിയ്യ / എഡി. ഡോ. അബ്ദുല്ല നഫീസി
തുടങ്ങിയ ഗ്രന്ഥങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ നേര്‍ദിശയിലേക്ക് നയിക്കുന്ന സോദ്ദേശ്യ കൃതികളാണ്.
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍