Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 11

സകാത്തും സാമ്പത്തിക വളര്‍ച്ചയും

ഫൈസല്‍ കൊച്ചി

മനുഷ്യജീവിതത്തിന്റെ ഐഹിക നിലനില്‍പ്പ് സമ്പത്തിനെ ആശ്രയിച്ചാണെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഇസ്‌ലാമികസമൂഹം ഊര്‍ജസ്വലരാകണമെന്നും വിശുദ്ധഖുര്‍ആന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഓര്‍മിപ്പിക്കുന്നു. സമ്പത്തിന്റെയും വിഭവങ്ങളുടെയും ചുമതല അവിവേകികള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കരുതെന്ന് അല്ലാഹു കല്‍പ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച ദിവസം ജുമുഅക്ക് സകല വ്യവഹാരങ്ങളും നിര്‍ത്തിവെച്ച് ഹാജരാകാന്‍ ഉത്തരവ് പുറപ്പെടുവിച്ച ശരീഅത്ത്, ആരാധന അവസാനിക്കുന്ന മുറക്ക് പള്ളിക്ക് പുറത്തിറങ്ങി ഉപജീവനമാര്‍ഗങ്ങളില്‍ വ്യാപരിക്കണമെന്ന് ആവശ്യപ്പെടുന്നു. ആരാധനയുടെയും അധ്വാനത്തിന്റെയും മനോഹരമായ സമ്മേളനം ഇവിടെ ദൃശ്യമാണ്. നമസ്‌കാരത്തിനും നോമ്പിനും ഹജ്ജിനുമിടയില്‍ വളരെ പ്രാധാന്യത്തോടെ സകാത്ത് സ്ഥാനം പിടിച്ചതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാം നല്‍കുന്ന മഹത്വത്തിന്റെ പ്രതീകമായാണ്.
പൊതുവെ മതങ്ങളും ഭക്തിപ്രസ്ഥാനങ്ങളും വാനപ്രസ്ഥത്തിനും സന്ന്യാസത്തിനും ആഹ്വാനം നല്‍കുന്ന വേളയിലാണ് ഇസ്‌ലാം സാമ്പത്തിക സുരക്ഷിതത്വം, സന്തുലിതത്വം എന്നീ ആശയങ്ങളെ പ്രകാശിപ്പിക്കുന്ന സകാത്ത് വ്യവസ്ഥയെ ആരാധനാവ്യവസ്ഥയുടെ മധ്യത്തില്‍ അടയാളപ്പെടുത്തുന്നത്. ഏറ്റവും കാര്യക്ഷമമായ ഐഹികജീവിതം ഇസ്‌ലാമിന്റെ സ്വപ്നമാണ്. അത്രതന്നെ മഹത്വമാണ് പാരത്രികജീവിതത്തിനും കല്‍പ്പിക്കുന്നത്. രണ്ടു ലോകങ്ങളിലും ദുരിതജീവിതത്തില്‍ നിന്നുള്ള മുക്തിയാണ് ഇസ്‌ലാം കൊതിക്കുന്നത്. പാരത്രികലോകവിജയത്തിന് പരിശ്രമിക്കണമെന്നാഹ്വാനം ചെയ്യുന്ന ഖുര്‍ആനിലെ എല്ലാ വചനങ്ങളും ഭൗതികജീവിത വിജയത്തിനുകൂടി പ്രേരിപ്പിക്കുന്ന വിധം ദ്വയാര്‍ഥമുള്‍ക്കൊള്ളുന്നതാണ്.
എന്നാല്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കുന്നതിനുവേണ്ടിയുള്ള ഒറ്റക്കും കൂട്ടായുമുള്ള പരിശ്രമങ്ങള്‍ ഇസ്‌ലാമികസമൂഹത്തില്‍ പൊതുവെ കുറവായാണ് അനുഭവപ്പെടുന്നത്. കമ്പോളവും നൂതന സാമ്പത്തിക പ്രവണതകളും പലിശയോട് വളരെ അടുത്തുനില്‍ക്കുന്നതിനാല്‍ അതിസാഹസത്തിന് മുതിരേണ്ടയെന്ന ന്യായമാണ് ഈ നിഷേധാത്മകപ്രവണതക്ക് പൊതുവെ നല്‍കിവരുന്നത്. ശാസ്ത്രീയമായ പഠനങ്ങളും കാര്യക്ഷമമായ അധ്വാനവും ആവശ്യമുള്ള മേഖലയായതിനാല്‍ സ്വാഭാവികമായും അവ അവഗണിക്കപ്പെടുന്നതുമാകാം. പക്ഷേ മൂലധനശക്തികള്‍ ലോകത്തെ അടക്കിഭരിക്കുന്ന പുതിയകാലത്ത് ഈ നിശ്ചലാവസ്ഥ യാതൊരുവിധ ന്യായീകരണവും അര്‍ഹിക്കുന്നില്ല. മൗലാനാ മൗദൂദിയടക്കമുള്ള പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്ത ഹാകിമിയ്യത്ത് എന്ന പരികല്‍പ്പനയുടെ പര്യായമായി പരിണമിക്കുകയാണ് ശക്തികൊണ്ടും അധികാരം കൊണ്ടും മൂലധനം.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവരുടെ നയപരിപാടികളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നാലു കാര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കണമെന്ന് പ്രമുഖ ഇസ്‌ലാമിക ധനശാസ്ത്രജ്ഞനായ ഡോ. നജാത്തുല്ലാ സിദ്ദീഖി അഭിപ്രായപ്പെടുന്നുണ്ട്. ഇസ്‌ലാം, മുസ്‌ലിംകള്‍, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എന്ന പുസ്തകത്തിലാണ് താഴെ വിവരിക്കുന്ന നാലിന കര്‍മപരിപാടി അവതരിപ്പിക്കുന്നത്.
1. സ്ത്രീ പുരുഷ ഭേദമന്യേ മുഴുവന്‍ മുസ്‌ലിംകളെയും സാക്ഷരരാക്കുക.
2. ആരോഗ്യസംരംക്ഷണം, ശുചിത്വം, പോഷകാഹാരം എന്നിവയെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും അവ നടപ്പില്‍ വരുത്തി മുസ്‌ലിംകളുടെ അധ്വാനശേഷി വര്‍ധിപ്പിക്കുകയും ചെയ്യുക.
3. മുസ്‌ലിംകളുടെ അറിവും വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുക. വിശേഷിച്ചും കൂടുതല്‍ വിപണനമുല്യമുള്ള വൈദഗ്ധ്യങ്ങള്‍ .
4. മുസ്‌ലിംകളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മൂലധനം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, വിശേഷിച്ചും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക്.
മൂലധനശക്തികള്‍ കമ്പോളവും അധികാരവും മത സമൂഹങ്ങളുടെ ഹൃദയവും അടക്കിഭരിക്കുന്ന ഇന്നത്തെ കാലത്ത് അല്‍പ്പം ആശ്വാസത്തിനെങ്കിലും വകനല്‍കുന്ന കാര്യങ്ങളാണ് ഡോ. നജാത്തുല്ലാ സിദ്ദീഖി നിര്‍ദേശിക്കുന്നത്.
ഇസ്‌ലാമിക സമൂഹത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായി സകാത്തിനെ കണക്കാക്കാവുന്നതാണ്. സമ്പദ്ശാസ്ത്രമേഖലയില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെയും സാമൂഹികപുരോഗതിയുടെയും കരുത്തുറ്റ മാധ്യമമായി സകാത്ത് ഇടംപിടിച്ചുകഴിഞ്ഞു. സകാത്തിനെ സംബന്ധിച്ച് ഒരുകാലത്ത് പുറത്തിറങ്ങിക്കൊണ്ടിരുന്നത് ഫിഖ്ഹീ ഗ്രന്ഥങ്ങളായിരുന്നു. ഇസ്‌ലാമിക പണ്ഡിതന്മാരും ഫുഖഹാക്കളുമാണ് അതിന് നേതൃത്വം നല്‍കിവന്നിരുന്നത്. എന്നാല്‍, അടുത്തകാലത്തായി സകാത്തിനെ സംബന്ധിച്ചുള്ള പഠനങ്ങളിലധികവും ധനശാസ്ത്രപക്ഷത്തുനിന്നുള്ള അവതരണങ്ങളാണ്. ഒരു സമ്പദ് വ്യവസ്ഥയില്‍ പ്രത്യേകിച്ച് ഉല്‍പാദനം, ഉപഭോഗം, വിതരണം, സമ്പാദ്യം എന്നീ മേഖലകളില്‍ സകാത്ത് വഹിക്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് പ്രസ്തുത കൃതികള്‍. സകാത്തിനെ സംബന്ധിച്ച ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ മുസ്‌ലിംകള്‍ക്ക് മാത്രം ആകര്‍ഷകങ്ങളായിരുന്നു. എന്നാല്‍, രണ്ടാം വിഭാഗത്തില്‍ പെട്ട ധനശാസ്ത്ര അവതരണങ്ങള്‍ പ്രബോധന ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും എല്ലാ വിഭാഗം ജനങ്ങളുമായി സംവദിക്കുന്നതുമാണ്.
മതേതരപ്രിയരായ സമ്പദ്ശാസ്ത്രജ്ഞര്‍ക്ക് സകാത്തിനെ പരിചയപ്പെടാന്‍ ഏറെ സഹായകരമാണ് പ്രസ്തുത കൃതികള്‍. പാകിസ്താന്‍, ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയില്‍ സകാത്ത് വഹിച്ച പങ്കിനെ കുറിച്ച് ധാരാളം പഠനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സകാത്ത് ഒരു ആരാധനയായിരിക്കെ തന്നെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള മാധ്യമം കൂടിയാണെന്നു ഈ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സകാത്തിന്റെ ആദ്യത്തെ രണ്ടു അവകാശികളില്‍ ദരിദ്രരും അഗതികളുമാണുള്ളത്. ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ സകാത്തിനുള്ള പങ്കിനെ ഖുലഫാഉര്‍റാശിദുകളുടെ കാലഘട്ടത്തിനുശേഷം ഇസ്‌ലാമിക സമൂഹം വിസ്മരിച്ചുവെങ്കിലും, ഇന്ന് ആധുനിക ഇസ്‌ലാമിക ഫിനാന്‍സ് മേഖലകള്‍ ശക്തിപ്പെട്ടതിനുശേഷം സകാത്ത് മികച്ച വികസന മാധ്യമമെന്ന നിലയിലുള്ള പഠനങ്ങള്‍ പുരോഗമിച്ചുവരികയാണ്.
സകാത്ത് തീര്‍ച്ചയായും ആത്മവിശുദ്ധിദായകമായ ഒരാരാധനയാണ്. പദത്തിന്റെ അര്‍ഥം തന്നെ സംസ്‌കരണം എന്നതാണ്. ദേഹേഛയില്‍ നിന്നും ധനപൂജയില്‍ നിന്നും അത് മനുഷ്യമനസ്സിനെ മുക്തമാക്കുന്നു. സമ്പത്തും വിഭവങ്ങളും ദൈവത്തിന്റേതാണെന്നും അവന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കണമെന്നുമുള്ള ബോധം അത് കൈമാറുന്നു. ദൈവത്തിന്റെ സൃഷ്ടികള്‍ തന്റെ സഹജീവികള്‍ എന്ന നിലയില്‍ സഹോദരന്മാരാണെന്നും അവരെ സഹായിക്കേണ്ടത് തന്റെ ബാധ്യതയാണെന്നും അത് പഠിപ്പിക്കുന്നു. ഈ ആശയങ്ങള്‍ തീര്‍ച്ചയായും ഉയര്‍ന്ന മൂല്യവിചാരങ്ങള്‍ പുലര്‍ത്തുന്നതും ആത്മീയ തീര്‍ഥയാത്രക്ക് മനസ്സിനെ പ്രേരിപ്പിക്കുന്നതുമാണ്. എന്നാല്‍, മറുവശത്ത് സാമ്പത്തിക ശാസ്ത്രത്തില്‍ അതിന് ഒരു നികുതിയുടെ സ്വഭാവമാണുള്ളത്. നികുതികള്‍ ഏതൊരു സമൂഹത്തിനും കൂടിയേ കഴിയൂ. ആധുനിക സമ്പദ്‌വ്യവസ്ഥകളുടെ ഹൃദയധമനികളാണ് നികുതികള്‍. മുതലാളിത്ത-സോഷ്യലിസ്റ്റ് സമൂഹങ്ങളില്‍ വിവിധ സ്വഭാവങ്ങളില്‍ നികുതികള്‍ നിലനില്‍ക്കുന്നുണ്ട്. ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ നികുതികളുടെ ഇനത്തിലാണ് സകാത്തിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവര്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ സകാത്തും നികുതികളും തമ്മില്‍ വിയോജിക്കുന്ന ധാരാളം മേഖലകളുണ്ട്. (ഒന്ന്) സകാത്ത് മുസ്‌ലിംകള്‍ക്ക് മാത്രമാണ് നിര്‍ബന്ധമായിട്ടുള്ളത്. മുസ്‌ലിംകളല്ലാത്തവര്‍ക്ക് അത് ബാധകമല്ല. (രണ്ട്) നികുതികളില്‍ കാലാകാലങ്ങളില്‍ പരിഷ്‌കരിക്കപ്പെടുകയും അവയുടെ നില ഉയര്‍ത്തുകയും ചെയ്യാറുണ്ട്. എന്നാല്‍, സകാത്ത് അപ്രകാരം കൂട്ടാനോ കുറക്കാനോ സാധ്യമല്ല. (മൂന്ന്) നികുതിയിലൂടെ ലഭിക്കുന്ന ധനം സര്‍ക്കാരിന് ഏതു മേഖലയിലും വിനിയോഗിക്കാവുന്നതാണ്. എന്നാല്‍, സകാത്തിലൂടെ ലഭിക്കുന്ന വിഭവങ്ങള്‍ വിശുദ്ധഖുര്‍ആന്‍ എണ്ണിപ്പറഞ്ഞ 8 വിഭാഗങ്ങളില്‍ മാത്രമേ ചെലവഴിക്കാന്‍ കഴിയൂ. അതിനാല്‍ സകാത്തിന്റെ വിവിധ വശങ്ങള്‍ പരിഗണിച്ചതിനു ശേഷം അതിനെ ഒരു ആത്മീയ നികുതി ആയി കാണാനാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഇഷ്ടപ്പെടുന്നത്.
സകാത്തിന്റെ രണ്ടു അടിസ്ഥാനങ്ങള്‍ വിശുദ്ധഖുര്‍ആനും പ്രവാചകചര്യയും വ്യക്തമാക്കുന്നുണ്ട്. (ഒന്ന്) സമ്പത്ത് ധനികര്‍ക്കിടയില്‍ മാത്രം കറങ്ങുന്നതാകാതിരിക്കുക. (രണ്ട്) അവരിലെ ധനികരില്‍ നിന്നും അത് സ്വീകരിച്ചു പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക. ധനതത്ത്വശാസ്ത്രത്തിലെ പ്രധാനപ്പെട്ട രണ്ടു അടിസ്ഥാനങ്ങളാണ് ഇവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. നിയോ ലിബറല്‍ കാഴ്ചപ്പാടുകളെ ചുമലിലേറ്റി മുന്നോട്ടുപായുന്ന ലോക സാമ്പത്തികഘടനയുടെ ഏറ്റവും വലിയ ദൗര്‍ബല്യം സമ്പത്തിന്റെ അമിതമായ കേന്ദ്രീകരണമാണ്. ഐക്യരാഷ്ട്രസഭയുടെ മാനവികവികസന റിപ്പോര്‍ട്ടുപ്രകാരം ലോകജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ ഇരുപത് ശതമാനം ജനങ്ങളുടെ 74 മടങ്ങ് കൂടുതലാണ് ഏറ്റവും ധനികരായ ഇരുപത് ശതമാനം ജനങ്ങളുടെ വരുമാനം. ദരിദ്രരില്‍ നിന്നും ധനികരിലേക്കുള്ള സഞ്ചാരമാണ് വിഭവങ്ങളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും പലിശയെന്ന പൈശാചിക മധ്യവര്‍ത്തിയുടെ പിന്തുണയോടുകൂടി മാത്രമേ പാവങ്ങളെ സഹായിക്കുന്നുള്ളൂ. ഇവിടെയാണ് സമ്പത്ത് ഉള്ളവരില്‍ നിന്നും ഇല്ലാത്തവരിലേക്ക് പ്രവഹിക്കുന്ന സകാത്തിലെ അത്ഭുതം സംഭവിക്കുന്നത്.
ആധുനിക സമ്പദ്‌വ്യവസ്ഥകളില്‍ എവിടെയും ദൃശ്യമാകാത്ത ഈ പ്രതിഭാസത്തിലൂടെ സാമ്പത്തിക വികസനത്തിന്റെ ഊര്‍ജപ്രവാഹമാവുകയാണ് സകാത്തെന്നാണ് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ സൗജന്യമായി ദരിദ്രര്‍ക്ക് നല്‍കുന്നതു പോലും അനീതിയായി കാണുന്ന ദയാരഹിതരാണ് ലോകത്തെ നയിക്കുന്നത്. അവശതയനുഭവിക്കുന്നവര്‍ക്ക് നമ്മുടെ മുന്‍ഗാമികളായ ഹൃദയശാലികള്‍ നല്‍കിവന്നിരുന്ന സബ്‌സിഡികള്‍ പോലും പുതിയഭരണവര്‍ഗം റദ്ദു ചെയ്യുകയാണ്. ഒരേ രാജ്യത്തുതന്നെ പരസ്പരബന്ധമില്ലാത്ത ധനിക-ദരിദ്ര ഭൂഖണ്ഡങ്ങള്‍ രൂപപ്പെടുകയാണ്. ചൂഷണത്തിന്റെ അസംഖ്യം മുള്‍വേലികളാല്‍ ചുറ്റപ്പെട്ടതാണ് ഈ ഭൂഖണ്ഡങ്ങള്‍. ദരിദ്രജനവിഭാഗങ്ങള്‍ക്ക് സഹായഹസ്തവുമായി വരുന്ന സകാത്ത് സംവിധാനത്തെ ഏറെ ആശ്വാസത്തോടെയാണ് ചൂഷണത്തിനിരയാകുന്നവര്‍ വരവേല്‍ക്കുന്നത്. സകാത്ത് സാമ്പത്തിക പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരുടെ ഹൃദയത്തെ പ്രഥമമായി സംസ്‌കരിക്കുന്നു. ഇതര ജനസമൂഹങ്ങള്‍ക്ക് ആശ്വാസകരമായ ജീവിത സാഹചര്യം ഉണ്ടാകണമെന്നാഗ്രഹിക്കുന്ന പൗരസമൂഹത്തിന്റെ സൃഷ്ടി ഈ സംവിധാനമുറപ്പുവരുത്തുന്നു. സകാത്തിന്റെ സക്രിയവും സുതാര്യവുമായ വിതരണത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തിന്റെ സാന്നിധ്യവും ഏറെ ആശ്വാസദായകമാണ്. സാമ്പത്തിക നീതിയിലൂടെ സന്തുലിതമായ വികസനം സകാത്ത് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
അടിക്കടിയുണ്ടാകുന്ന മാന്ദ്യം ആധുനിക സമ്പദ്‌വ്യവസ്ഥകളുടെ മുഖമുദ്രയാണ്. ഈ മാന്ദ്യങ്ങളില്‍ ഏറെ പ്രസിദ്ധമാണ് 1930-കളില്‍ സംഭവിച്ചത്. ജോണ്‍ മെയ്‌നാഡ് കെയിന്‍സ് എന്ന ബ്രിട്ടീഷ്പ്രഭു കുടുംബത്തില്‍പ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞനാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. സമ്പത്തിന്റെ ചാക്രികവലയത്തെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് അദ്ദേഹം മാന്ദ്യത്തിന് മറുമരുന്ന് നിശ്ചയിച്ചത്. മാന്ദ്യം സംഭവിക്കാതിരിക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ചെലവഴിക്കാനുള്ള ശേഷിയുണ്ടാകണം. അപ്പോള്‍ ഒരാളുടെ ചെലവഴിക്കല്‍ അടുത്തയാളുടെ സമ്പാദ്യമാകും. തിരിച്ചും ഇത് സംഭവിക്കും. സമ്പദ്‌വ്യവസ്ഥ വളരെ വേഗം പുഷ്ടിപ്പെടും. ചിലപ്പോള്‍ ജനങ്ങള്‍ പണം ചെലവഴിക്കാന്‍ മടികാണിക്കും. അത് മാന്ദ്യത്തിന് കാരണമാകും. ഈ സന്ദര്‍ഭത്തില്‍ രാജ്യത്തെ ധനകാര്യസ്ഥാപനങ്ങള്‍ ഉദാര സമീപനം സ്വീകരിക്കണം. ആളുകള്‍ക്ക് പണവും ആത്മവിശ്വാസവും നല്‍കണം. ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണമെത്തണം. ധനകാര്യസ്ഥാപനങ്ങള്‍ ഇതിന് തയാറാകുന്നില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളിലേക്ക് പണം പമ്പ് ചെയ്യണം. ഇതാണ് കെയ്‌നിഷ്യന്‍ സമ്പദ് ശാസ്ത്രത്തിന്റെ പൊരുള്‍. ഇപ്രകാരം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പണം നല്‍കിയതിന്റെ ഫലമായാണ് 1930 കളിലെ മാന്ദ്യത്തില്‍ നിന്നും സമൂഹം രക്ഷപ്പെട്ടത്. സമ്പത്തിന്റെ ചാക്രികവലയവും പാവങ്ങളിലേക്കുള്ള പണത്തിന്റെ പമ്പ് ചെയ്യലുമാണ് സകാത്ത് വ്യവസ്ഥയില്‍ സംഭവിക്കുന്നത്. സകാത്ത് സമൂഹത്തിലെ ക്രയശേഷിയില്ലാത്ത ജനങ്ങള്‍ക്ക് പണം ലഭിക്കുന്നതിന് സഹായകമാകുന്നു. ഈ പണം ഉപയോഗപ്പെടുത്തി അവര്‍ കമ്പോളത്തിലിടപ്പെടുന്നതിന്റെ ഫലമായി ഡിമാന്റ് വര്‍ധിക്കുന്നു. വസ്തുക്കളുടെ ഡിമാന്റിലുണ്ടാകുന്ന വര്‍ധന സ്വാഭാവികമായും സപ്ലൈ വര്‍ധിക്കുന്നതിന് കാരണമാകുന്നു. അപ്രകാരം ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു. നമ്മുടേത് പോലുള്ള രാജ്യത്ത് അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് സകാത്ത് വ്യവസ്ഥയെ എപ്രകാരം ഗുണപരമായി ഉപയോഗിക്കാമെന്നതു സംബന്ധിച്ച പഠനങ്ങള്‍ക്ക് ഇസ്‌ലാമിക സമൂഹം മുന്നിട്ടിറങ്ങേണ്ടതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍