Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 4

വീണ്ടും ഒരു അറബിക്കഥ

ബഷീര്‍ ഉളിയില്‍

ആംഗല സാഹിത്യകാരന്‍ ജോനാഥന്‍ റബാന്‍ എഴുതി. 'അറേബ്യ ത്രൂ ലുക്കിംഗ് ഗ്ളാസ്' എന്ന കൃതിയില്‍ ബഹ്റൈനിലെ സ്വര്‍ണ മാര്‍ക്കറ്റില്‍ നിന്നുള്ള ഒരു ദൃശ്യം പകര്‍ത്തിവെച്ചിട്ടുണ്ട്. ഒരു പകലന്ത്യത്തില്‍, ഒരു പിച്ചക്കാരന്‍ തന്റെ ദിവസവരുമാനം എണ്ണിത്തിട്ടപ്പെടുത്തി മുഷിഞ്ഞ തുണിസഞ്ചിയില്‍ ചുരുട്ടിക്കെട്ടി അന്തിക്കൂടാരത്തിലേക്ക് മടങ്ങാനൊരുങ്ങുന്നതും തെരുവിന്റെ മറ്റൊരു മൂലയില്‍ ഇരു കാലുകളും നഷ്ടപ്പെട്ട മറ്റൊരു യാചകനെ കാണുന്നു. ഒന്നാമന്‍ തന്റെ ഭാണ്ഡം തുറന്ന് ഏതാനും നാണയ തുട്ടുകള്‍ കാലില്ലാത്ത യാചകന്റെ പാത്രത്തില്‍ ഇട്ടുകൊടുക്കുന്നു. ഒരു സാധാരണ തെരുവുദൃശ്യത്തില്‍നിന്ന് ഹൃദയസ്പര്‍ശിയായ ഈ രംഗം ചീന്തിയെടുത്ത് അവതരിപ്പിക്കുന്ന റബാന്‍ സാക്ഷ്യപ്പെടുത്തുന്നതിങ്ങനെ: "ദാനധര്‍മം കണിശമായി പാലിക്കപ്പെടേണ്ടുന്ന ഒരു വൈയക്തിക ബാധ്യത ആയിട്ടാണ് ഇവിടെ ഗണിക്കപ്പെടുന്നത്. ജീവിതവൃത്തിക്ക് നിവൃത്തിയില്ലാത്തവര്‍ പോലും ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നില്ല. തെരുവില്‍ അഗതിയായ ഒരു യാചകന്‍ സഹായത്തിന്റെ ഒരംശം വെച്ചു നീട്ടുന്നത് മറ്റൊരു അഗതിക്ക്!'' പരസഹായ ബോധവും ഭൂതദയയും ഒരു ദരിദ്ര വ്യക്തിയില്‍ പോലും വരുത്തുന്ന രാസമാറ്റത്തെ കുറിച്ച് ആശ്ചര്യപ്പെടുന്ന റബാന്‍ പാശ്ചാത്യ നാടുകളിലെ പൊങ്ങച്ചദാനത്തെ അതുമായി സദൃശ്യപ്പെടുത്തുന്നുണ്ട്. "പടിഞ്ഞാറന്‍ നഗരങ്ങളില്‍ തെരുവിലെ ദാനം വലിയ അപരാധമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പൊതുവേദികളില്‍ മാത്രമേ അവിടങ്ങളില്‍ 'ചാരിറ്റി'യുടെ പൊങ്ങച്ച പ്രദര്‍ശനങ്ങള്‍ അരങ്ങേറുകയുള്ളൂ. കൊടുക്കുന്നവന്റെ നാണംകെട്ട ഔദാര്യ പ്രകടനവും വാങ്ങുന്നവന്റെ നഗ്നമായ നന്ദിപ്രകാശനവും നിങ്ങള്‍ക്കവിടെ കാണാം. തീര്‍ത്തും വ്യത്യസ്തമായിരുന്നു മനാമയിലെ കാഴ്ച. നന്ദി പ്രകാശനം പോയിട്ട് കൃതജ്ഞതാപൂര്‍വമുള്ള ഒരു നോട്ടം പോലും അവിടെ കാണാന്‍ കഴിയില്ല. വ്യക്തി ഇവിടെ ഒരു പ്രസക്ത ഘടകമല്ല. വസ്തുക്കളും ആവശ്യങ്ങളുമാണ് പ്രധാനം. ഒരറ്റത്ത് പണസഞ്ചി, മറുവശത്ത് പണത്തിനു അത്യാവശ്യക്കാരന്‍.''
വികാരങ്ങളുടെ വിനിമയങ്ങള്‍ക്ക് പകരം പദാര്‍ഥങ്ങളുടെ ഉല്‍പന്ന കൈമാറ്റം മാത്രം നടക്കുന്ന ലോകത്ത് ആശ്ചര്യം പകരുന്നതാണ് കനിവിന്റെ നനവുള്ള ഇത്തരം തെരുവ് കാഴ്ചകള്‍. ജോനാഥന്‍ റബാന്‍ കുറിച്ചുവെച്ച പൊങ്ങച്ചദാന പ്രകടനം കാണാന്‍ പടിഞ്ഞാറിന്റെ വന്‍കര താണ്ടുകയൊന്നും വേണ്ട. ഉത്തമര്‍ണന്റെ പൂപുഞ്ചിരിയോടെ നില്‍ക്കുന്ന ദാതാവാകുന്ന സ്ഥലത്തെ പ്രധാന ദിവ്യനും അപകര്‍ഷതാബോധം ഘനീഭവിച്ച അധമര്‍ണന്റെ മുഖഭാവമുള്ള സ്വീകര്‍ത്താവുമടങ്ങുന്ന വാര്‍ത്താ ചിത്രങ്ങളാല്‍ സമൃദ്ധമാണ് നമ്മുടെ നാടന്‍ മാധ്യമങ്ങള്‍ പോലും. ആചാരവെടികള്‍ കണക്കെ പരപരാ മിന്നുന്ന കാമറാ ഫ്ളാഷുകള്‍ തീരുന്നത് വരെ ഈ കൊടുക്കല്‍ വാങ്ങല്‍ സിനാരിയോ തുടരും. പ്രദര്‍ശന ത്വരയുടെ കളര്‍ചിത്രങ്ങളില്ലാതെ ദാനം ഇവിടെ സംഭവിക്കുന്നില്ല. എന്നാല്‍, ഇടത് കരം കൊടുക്കുന്നത് വലത് കരം അറിയരുതെന്ന തിരുമൊഴി പതിരായിപ്പോയ പഴഞ്ചൊല്ല് അല്ല എന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങളും മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായെങ്കിലും അങ്ങിങ്ങ് പ്രത്യക്ഷപ്പെടുന്നതാണ് നാം ജീവിക്കുന്ന ഭൂമിയെ ഇങ്ങനെ നിലനിര്‍ത്തുന്നത് എന്നു തോന്നുന്നു. മാധ്യമക്കണ്ണുകളില്‍ പതിയാത്ത, മണല്‍ക്കാടുകളിലെ മരുപ്പച്ചകളാണിത്തരം കാഴ്ചകള്‍.
പറയാന്‍ പോകുന്ന കഥയില്‍ ഭൂത ദയയുടെ ഇത്തരമൊരു യു.എ.ഇ കാഴ്ചയാണുള്ളത്. കഥയില്ലിത്, തൊഴില്‍വശാല്‍ ദൃക്സാക്ഷിയാവേണ്ടി വന്ന പച്ചയായ ഒരു നേരനുഭവം. യാചകരും തെരുവുമല്ല ഇവിടെ കഥാപാത്രങ്ങളും രംഗപശ്ചാത്തലവും. അല്‍ഐന്‍ സെന്‍ട്രല്‍ ജയിലും രണ്ട് അറബികളും ഇന്ത്യക്കാരായ രണ്ട് തടവുകാരുമാണ്. അല്‍ഐനിലെ ഒരറബി വീട്ടില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശി നിസാര വഴക്കുകളെത്തുടര്‍ന്ന് വടക്കെ ഇന്ത്യക്കാരായ രണ്ട് സഹപ്രവര്‍ത്തകരുടെ കുത്തേറ്റ് അബദ്ധത്തില്‍ മരിക്കുന്നത് 1998-ലാണ്. കരള്‍പറിച്ചു കൊടുത്ത് സ്നേഹം പങ്കുവെക്കുന്ന പ്രവാസികള്‍ക്കിടയില്‍ കരള്‍പറിച്ചെടുക്കുന്ന ക്രൂരകൃത്യങ്ങളും ഇന്ന് അത്ര അസാധാരണമല്ല. പ്രവാസ ജീവിതത്തിന്റെ സംത്രാസങ്ങള്‍ സമ്മാനിക്കുന്ന മനോവൈകൃതങ്ങള്‍ എന്ന് സാഹിത്യഭാഷയില്‍ നമുക്കീ പ്രതിഭാസത്തെ തല്‍ക്കാലം വിളിക്കാം. വിളംബരംവിനാ പ്രതികള്‍ പോലീസിനു മുന്നില്‍ കീഴടങ്ങുകയും മൂന്നാംമുറ കൂടാതെ തന്നെ കുറ്റമേറ്റുപറയുകയും ചെയ്തു. കുറ്റസമ്മതവും തെളിവുകളും മുന്‍നിര്‍ത്തി കീഴ്ക്കോടതി രണ്ട് പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. ശരീഅത്ത് നിയമമനുസരിച്ച് ഘാതകരുടെ മേല്‍ ശിക്ഷ നടപ്പാക്കാനും ഒഴിവാക്കാനുമുള്ള പരമാവകാശം കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് ആയതിനാല്‍ പ്രതികളുടെ മാപ്പപേക്ഷ കോടതി തള്ളുകയായിരുന്നു. അഥവാ, ഒരു മലയാള സിനിമയിലെ കഥാപാത്രം പറയുന്നത് പോലെ 'അറേബ്യയാണ് ഇത് രാജ്യം, ശരീഅത്താണ് ഇവിടെ നിയമം. വെട്ടിനു വെട്ട്!' എന്നാല്‍, 2006-ലെ ബലിപെരുന്നാള്‍ ദിനത്തില്‍ ബഗ്ദാദിലെ യാങ്കി നിയന്ത്രിത സര്‍ക്കാര്‍, സദ്ദാമിന്റെ മേല്‍ നടപ്പാക്കിയത് പോലെ അത്ര ഝടുതിയിലൊന്നും ഇവിടെ മരണഹാരം കുറ്റവാളികളുടെ കഴുത്തില്‍ അണിയിക്കാറില്ല. കൊലക്കയറില്‍നിന്ന് അപരാധികളെ രക്ഷിക്കാനുള്ള താക്കോല്‍ദ്വാര പഴുതുകള്‍ ബാക്കിവെച്ച് അവസാന നിമിഷങ്ങളില്‍ മാത്രമാണ് വിധി നടപ്പാക്കുക. ശിക്ഷാവിധി പുറത്തുവന്നാല്‍ ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലൂടെ കൊല്ലപ്പെട്ട വ്യക്തിയുടെ അനന്തരവകാശികളെ വിവരമറിയിക്കുകയും രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഒന്നുകില്‍ ഘാതകന് വധശിക്ഷ നല്‍കുക, അല്ലെങ്കില്‍ ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കുക. രണ്ട് ലക്ഷം ദിര്‍ഹം അഥവാ ഏകദേശം 25 ലക്ഷത്തോളം രൂപയാണ് ഒരു സാധരണ മനുഷ്യന്റെ രക്തത്തിനു യു.എ.ഇയില്‍ നിശ്ചയിക്കപ്പെട്ട 'മൂല്യം' (റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ കുടുംബവും ഈ ആനുകൂല്യത്തിനു അര്‍ഹരാണ്). ഇതാണ് 'ദിയ' എന്ന് വിളിക്കുന്ന ബ്ളഡ്മണി. കീഴ്ക്കോടതി വിധിക്കെതിരെ ഉന്നത നീതിപീഠത്തെ സമീപിക്കാനും പ്രതികള്‍ക്ക് അവസരം നല്‍കും. 'ഘാതകനെ കൊല്ലുക; നഷ്ടപരിഹാരത്തുക വേണ്ട' എന്നതാണ് മരിച്ചവരുടെ ബന്ധുക്കളെടുക്കുന്ന ആരംഭശൂരത്വപരമായ നിലപാട്. ഈ കേസിലും സംഭവിച്ചത് മറ്റൊന്നല്ല. മുദ്രക്കടലാസില്‍ വക്കീലെഴുതിക്കൊടുത്ത സത്യവാങ്മൂലത്തില്‍ അനന്തരാവകാശികള്‍ ഒപ്പുവെച്ചു. 'നഷ്ടപരിഹാരത്തുക സ്വീകരിക്കുന്നതല്ല, പ്രതികളെ തൂക്കിക്കൊല്ലുക!'
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ നീണ്ട ഇടവേളകളില്‍ അല്‍ഐന്‍ ശരീഅത്ത് കോടതി പരേതന്റെ കുടുംബത്തിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടോ എന്ന് ആരാഞ്ഞുകൊണ്ടിരുന്നു. മുറിവുണക്കാന്‍ കാലത്തോളം ശക്തിയുള്ള ഒറ്റമൂലിയില്ലല്ലോ. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വൈകാരിക മനോനിലയില്‍നിന്ന് മുക്തിനേടി വിചാരതലത്തില്‍ എത്താന്‍ കാലപ്പഴക്കവും, പുനര്‍ചിന്തയുടെ വാതില്‍ തുറക്കപ്പെടാന്‍ ഇടപെടലുകളുടെ നൈരന്തര്യവും കാരണമാകാറുണ്ട്. കുറ്റവാളികള്‍ക്ക് തിരുത്തല്‍ ജീവിതം നയിക്കാന്‍ ഒരു അവസരം നല്‍കുക എന്ന ഉദാത്തമായ ആശയമാണ് ഇത്തരം നടപടികളിലൂടെ ശരീഅത്ത് നിയമവ്യവസ്ഥ സമര്‍പ്പിക്കുന്നത്. പൊറുത്തു കൊടുക്കുന്നവരെ കാരുണ്യവാനായ ദൈവം പെരുത്ത് ഇഷ്ടപ്പെടുന്നുവെന്ന ഖുര്‍ആന്‍ വചനം കൂടി ഉദ്ധരിച്ചുകൊണ്ട് ഏറ്റവുമൊടുവില്‍ 2008-ല്‍ കോടതി വീണ്ടും ബന്ധുക്കള്‍ക്ക് കത്തെഴുതി. എന്നിട്ടും കുറ്റ്യാടിയില്‍ നിന്ന് കനിവിന്റെ വാക്കുകള്‍ കനിഞ്ഞെത്തിയില്ല. അറബിയുടെ അടുക്കളപ്പണി ചെയ്ത് അരിച്ചുവെച്ച പണം കൊണ്ട് കുടുംബം പോറ്റി വന്നിരുന്ന യുവാവ് അകാലത്തില്‍ കൊലചെയ്യപ്പെട്ടതിന്റെ രോഷം ചാരത്തിനുള്ളിലെ കനല്‍കണക്കെ ആ നിര്‍ധന കുടുംബത്തിന്റെ ഉള്ളില്‍നിന്ന് അത്രമേല്‍ തീവ്രമായി എരിയുന്നുണ്ടായിരുന്നു.
ആയിടക്ക് തികച്ചും യാദൃഛികമായാണ് നിസാരമായ സാമ്പത്തിക കുറ്റത്തിന്റെ പേരില്‍ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന ഖാദിം മുസറി അല്‍ ദാഹിരി എന്ന യു.എ.ഇ പൌരന്‍ ഈ പ്രതികളുമായി തടവറയില്‍ വെച്ച് ചങ്ങാത്തം സ്ഥാപിക്കുന്നത്. ജയില്‍ എപ്പോഴും അങ്ങനെയാണ്.ഒറ്റപ്പെടുന്നവരുടെയും തിരസ്കൃതരുടേതുമായ ഈ താവളം വളരെ പെട്ടെന്ന് ദേശ-ഭാഷാ വൈജാത്യങ്ങളെ മറികടന്ന് ഊഷ്മള സൌഹൃദങ്ങളുടെ പൂങ്കാവനമായി മാറുന്നു. ലോകത്ത് രണ്ടുതരം പൌരന്മാര്‍ മാത്രമാണുള്ളതെന്ന് കുറിച്ചുവെച്ചത് ഹ്രസ്വകാലം ഗള്‍ഫിലെ 'ജയില്‍സുഖം' അനുഭവിച്ച പ്രവാസി കവിയാണ്. ജയിലിലുള്ളവരും ജയിലിനു പുറത്തുള്ളവരും എന്നതാണ് ഈതരം തിരിവ്. പ്രവാസലോകം തന്നെ ഒരു തുറന്ന ജയിലാണെന്ന് കരുതുന്നതാവും കൂടുതല്‍ ശരി. പ്രവാസി പൊതുസമൂഹത്തില്‍ പൊതുവെ കാണപ്പെടുന്ന വിനീതവിധേയത്വം തടവുപുള്ളികളുടെ സ്വത്വത്തെ തന്നെയാവാം പ്രതിനിധീകരിക്കുന്നത്. വധശിക്ഷ വിധിക്കപ്പെട്ടത് മുതല്‍ ജീവിതത്തിന്റെ പൂര്‍ണവിരാമം മനസാ അംഗീകരിച്ച് ആത്മീയ-സാത്വിക ഭാവങ്ങളിലേക്ക് ഉള്‍വലിഞ്ഞ നമ്മുടെ പ്രതികള്‍ക്കും അല്‍ദാഹിരി എന്ന സമ്പന്നനല്ലാത്ത 'ബദു'വിനുമിടയില്‍ ഊഷ്മള സൌഹൃദത്തിന്റെ വസന്തം വിരിഞ്ഞു. ജയില്‍ മതിലുകളുടെ കാണാമറയത്ത് പ്രണയത്തിന്റെ ചുവന്ന റോസാപൂക്കള്‍ വിരിയുന്നത് പണ്ടേ ബഷീര്‍ നമുക്ക് കാണിച്ചുതന്നിട്ടുണ്ടല്ലോ. താന്‍ ജയില്‍ മോചിതനായാല്‍ രണ്ടു പേരെയും രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന അയാളുടെ വാക്കില്‍, പക്ഷേ, സൌഹൃദത്തിന്റെ ഔപചാരികതയും സാന്ത്വനത്തിന്റെ വെറും വാക്കുകള്‍ക്കുമപ്പുറം മറ്റൊന്നും പ്രതികള്‍ കണ്ടില്ല. കോടതിയുടെ നിരന്തരമായ അഭ്യര്‍ഥനകള്‍, മധ്യസ്ഥ ശ്രമങ്ങള്‍ എന്നിവയില്‍ ഇളകാത്ത മനസുകള്‍ ഒരറബിക്ക് മുന്നില്‍ അലിയുമെന്ന് എന്തിനു വെറുതെ മോഹിക്കണം! അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ തന്നെ മരിച്ച സഹപ്രവര്‍ത്തകന്റെ കുടുംബം നഷ്ടപരിഹാരത്തുക സ്വീകരിച്ച് വധശിക്ഷയില്‍നിന്ന് വിടുതല്‍ നല്‍കിയേക്കാം. എങ്കില്‍പോലും ഇത്ര ഭീമമായ തുക സംഘടിപ്പിക്കാന്‍ മുന്നില്‍ വഴികളൊന്നും അവശേഷിച്ചിട്ടില്ലാത്ത രണ്ടുപേരും ഒരു മോഹത്തിനു പോലും മോചനം ആശിച്ചില്ല. തടവറയുടെ ഏകാന്തതകളില്‍ പ്രതികളിലൊരാള്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു.
ഖാദിം മുസറി അല്‍ ദാഹിരി ഏറെ വൈകാതെ ജയില്‍മോചിതനായി. സാമ്പത്തിക കുറ്റവാളികള്‍ ഒരു നിശ്ചിത കാലാവധിക്ക് ശേഷം വിട്ടയക്കപ്പെടുന്ന കീഴ്വഴക്കം ഗള്‍ഫ് നാടുകളില്‍ സാധാരണമാണ്. റമദാന്‍ പോലുള്ള വിശുദ്ധ മാസങ്ങളില്‍ രാഷ്ട്രം തന്നെ ഇവരുടെ കടബാധ്യത ഏറ്റെടുത്താണ് മോചനം ഉറപ്പ് വരുത്തുന്നത്. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ജയില്‍ രേഖകളില്‍ 'നല്ല നടപ്പുള്ള' പ്രതികള്‍ക്കാണ് പലപ്പോഴും ഈ സൌഭാഗ്യം കൈവരുന്നത്. ജയില്‍മോചിതനായ ശേഷം കൊല്ലപ്പട്ട വ്യക്തിയുടെ കേരളത്തിലെ കുടുംബവുമായി ബന്ധപ്പെടാന്‍ അല്‍ ദാഹിരി നടത്തിയ പരിശ്രമങ്ങള്‍ സാത്വികം എന്ന് വിശേഷിപ്പിക്കാന്‍ പോന്നതായിരുന്നു. തന്റെ പരിചിതവൃത്തത്തിലെ മലയാളികളിലൂടെ ദയയുടെ കവാടം ജയിലിലെ ഹതഭാഗ്യര്‍ക്ക് വേണ്ടി തുറക്കണമെന്ന് പരേതന്റെ കുടുംബത്തോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ദിയാധനം കരുതിവെച്ചല്ല അല്‍ദാഹിരി ഈ ഉദ്യമത്തിന് തുനിഞ്ഞത്. നിങ്ങള്‍ക്കൊരു കടുത്ത സ്വപ്നമുണ്ടെങ്കില്‍ അത് സാക്ഷാത്കരിക്കാന്‍ ലോകം മുഴുവന്‍ നിങ്ങളുടെ പിന്നില്‍ അണിനിരക്കുമെന്ന് പറഞ്ഞ പൌലോ കൌലോവിന്റെ കഥാപാത്രത്തെപോലെ അല്‍ദാഹിരി എന്ന പണവും പഠിപ്പുമില്ലാത്ത ഒരു അറബി കാര്യങ്ങള്‍ ദൈവത്തില്‍ അര്‍പ്പിച്ച് ജയിലിലെ പരദേശികളായ കൂട്ടുകാര്‍ക്കുവേണ്ടി അഹോരാത്രം നടത്തിയ അധ്വാനപരിശ്രമങ്ങള്‍ ഒരു ദിവസം പൂവണിയുകയായിരുന്നു. ദിയാധനം നല്‍കിയാല്‍ കൊലയാളികള്‍ക്ക് മാപ്പ് നല്‍കാമെന്ന് ആ കുടുംബം ഏത് സാഹചര്യത്തിലാണ് സമ്മതിച്ചതെന്ന് ചോദിച്ചാല്‍ അല്‍ ദാഹിരിക്കുമില്ല കൃത്യമായ ഉത്തരം. ആകാശത്ത് നിന്നുള്ള ഇടപെടല്‍ എന്ന് ഒരു നിശ്വാസത്തിന്റെ അകമ്പടിയോടെ ഉരുവിടുക മാത്രം ചെയ്തു അയാള്‍. എന്നാല്‍ മുന്നിലുള്ളത് ഒരു മഹാകടമ്പയാണ്. രണ്ടുലക്ഷം യു.എ.ഇ ദിര്‍ഹം! തന്റെ കൈയെത്തും ദൂരത്ത് ഇത്ര വലിയ സംഖ്യ ഉണ്ടായിരുന്നെങ്കില്‍ രാജാവിന്റെ കനിവും കാത്ത് താന്‍ തന്നെ ജയിലില്‍ കഴിയേണ്ടി വരുമായിരുന്നില്ലല്ലോ.
വിധിയെന്ന പ്രതിഭാസം പലപ്പോഴും നമ്മുടെ ആശകള്‍ക്കും ആശങ്കകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അതീതമാണെന്ന് നാം ആശ്ചര്യപ്പെടുന്നത് അവിചാരിതമായ കാര്യങ്ങള്‍ നടക്കുമ്പോഴാണല്ലോ. സഈദ് മുഹമ്മദ് ബില്‍കലൈല അല്‍ ആമിരി എന്ന പേര് ജയില്‍ വാര്‍ഡനില്‍ നിന്നാണോ ജയില്‍ മേധാവിയില്‍ നിന്നാണോ കേട്ടത് എന്ന് അല്‍ ദാഹിരിക്ക് നിശ്ചയമില്ല. ദീനാനുകമ്പയുള്ള ഒരു അറബി വ്യാപാരിയാണെന്ന് പറഞ്ഞത് മാത്രം ഓര്‍മയുണ്ട്. ദാനശീലനാണ്. ചോദിച്ചുവരുന്നവരെ തിരിച്ചയക്കാറില്ല.രണ്ടും കല്‍പിച്ച് അല്‍ ദാഹിരി ഈ വ്യാപാരിയെ കണ്ടുപിടിച്ച് കാര്യം ധരിപ്പിച്ചു. കദനകഥ കേട്ട് മനസ്സലിഞ്ഞ അല്‍ ആമിരിക്ക് തീരുമാനമെടുക്കാന്‍ അധികം ആലോചിക്കേണ്ടിവന്നില്ല. അല്‍ ദാഹിരിയുടെ കൂടെ ജയിലിലെത്തി മുഴുവന്‍ സംഖ്യക്കുമുള്ള ചെക്ക് അധികൃതരെ ഏല്‍പിക്കുകയായിരുന്നു അദ്ദേഹം. ബിന്യാമിന്റെ 'ആടു ജീവിതം' പറഞ്ഞുവെച്ചത് പോലെ പണക്കാരുടെ കാറിലും ഈ മരുഭൂമിയില്‍ ദൈവം സഞ്ചരിക്കുന്നു. ഒരു അവധൂതനെപ്പോലെ പൊടുന്നനെ വന്ന് പണം കൈമാറി മറഞ്ഞകന്ന ഈ മനുഷ്യന്‍ തന്റെ ടെലിഫോണ്‍ നമ്പര്‍ മാത്രമാണ് അധികൃതരെ ഏല്‍പിച്ചത്. ദാതാവിന്റെ സാന്നിധ്യം അനിവാര്യമാകുന്ന ഘട്ടങ്ങളില്‍ വിളികേള്‍ക്കാന്‍ വേണ്ടി മാത്രം. വിവരമറിഞ്ഞ് സന്തോഷാതിരേകത്താല്‍ അമ്പരന്ന പ്രതികള്‍ക്ക് തങ്ങളുടെ 'രക്ഷക'നെ കാണാന്‍ ഒരവസരം പോലും ലഭിച്ചില്ല. അതിന്റെ ആവശ്യമില്ലെന്നായിരുന്നു അല്‍ ആമിരിയുടെ നിലപാട്. താന്‍ ഒരു സല്‍കര്‍മത്തിന് നിമിത്തമായെന്ന് മാത്രം. രണ്ട് ജീവന്‍ രക്ഷിക്കാന്‍ ജീവിത നിയോഗമായതിനാലാവാം ആ സൌഭാഗ്യം തന്നെ തേടിയെത്തിയത്. ജോനാഥന്‍ റബാന്‍ ഉദ്ധരിച്ചത് പോലെ ഇവിടെ നന്ദിപ്രകാശനമോ കൃതജ്ഞതാപൂര്‍വമുള്ള ഒരു കടാക്ഷം പോലുമോ സംഭവിച്ചില്ല. കൂമ്പടഞ്ഞുപോയെന്ന് കരുതിയ ജീവിതത്തിന്റെ പന്ത്രണ്ട് വര്‍ഷങ്ങള്‍! എത്ര പെട്ടെന്നാണ് ഈ ഊഷര ഭൂമിയില്‍ പുതുജീവന്റെ മുള പൊട്ടിയത്! 2010-ല്‍ ജയിലധികൃതര്‍ നാട്ടിലേക്ക് വിമാനം കയറ്റിയയക്കുമ്പോഴും തങ്ങള്‍ക്ക് രണ്ടാം ജന്മം സമ്മാനിച്ച സഈദ് മുഹമ്മദ് അല്‍ ആമിരിയെ ആള്‍ക്കൂട്ടത്തില്‍ പോലും അവര്‍ക്ക് ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല.
മണല്‍ക്കാടുകളിലെ ഒറ്റപ്പെട്ട മരുപ്പച്ചയാവാനിടയില്ല ഇക്കഥ. ജയില്‍ സന്ദര്‍ശനം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ സേവനങ്ങളില്‍ പരിമിതപ്പെടുന്ന പ്രവാസി സംഘങ്ങളുടെ കണ്ണും കരളും എത്താത്ത തുരുത്തുകളിലാണ് അനുഗ്രഹങ്ങളുടെ ഇത്തരം പെരുമഴവര്‍ഷം ഉണ്ടാകുന്നത്. ദാതാക്കളുടെ പേരും വിലാസവും അറിയാത്തവരാണ് ഇവിടെ പലപ്പോഴും പരദേശികളായ സ്വീകര്‍ത്താക്കള്‍. ഗദ്ദാമകള്‍ക്കും ആടു ജീവിതങ്ങള്‍ക്കുമിടയില്‍ കൊള്ളിയാന്‍ പോലെ മിന്നിമറയുന്ന കനിവിന്റെ അറബ് ആള്‍രൂപങ്ങള്‍

Comments