Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 4

സാമൂഹിക വികാസത്തിന്റെ സാമ്പത്തിക സ്രോതസ്

സദ്റുദ്ദീന്‍ വാഴക്കാട്

സമ്പത്തിന്റെ സന്തുലിതമായ ഒഴുക്ക് സാമൂഹിക വളര്‍ച്ചയിലും നാഗരിക വികാസത്തിലും വഹിക്കുന്ന പങ്ക് പ്രധാനമാണ്. ആധുനിക സാമ്പത്തിക വ്യവസ്ഥയിലെ, പണത്തിന്റെ ഒഴുക്ക് സംബന്ധിച്ച തത്ത്വങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ജനക്ഷേമത്തിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ച ഇസ്ലാമികപാഠങ്ങളില്‍ സമൂഹത്തിന്റെ എല്ലാതലങ്ങളിലേക്കും പണത്തിന്റെ ഒഴുക്ക് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത പ്രാധാന്യപൂര്‍വം പരാമര്‍ശിക്കുന്നുണ്ട്. 'സമ്പന്നര്‍ക്കിടയില്‍ മാത്രം പണം കറങ്ങാതിരിക്കാന്‍' (ഖുര്‍ആന്‍:59-7) ഇസ്ലാം പല സംവിധാനങ്ങളും ചെയ്തുവെച്ചു. സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും പണം വികേന്ദ്രീകരിക്കാന്‍ പല വഴികളും നിശ്ചയിക്കുകയും ചെയ്തു. സകാത്ത്, ഐഛിക ദാനങ്ങള്‍, വഖ്ഫ്, പലിശ നിരോധം തുടങ്ങിയവ അവയില്‍ ചിലതാണ്. ഒന്നാം സ്ഥാനം സകാത്തിനു തന്നെ. സാമ്പത്തിക സുസ്ഥിതിയിലേക്ക് സമൂഹത്തെ കൈപിടിച്ചുയര്‍ത്താന്‍ പണക്കാരില്‍ നിക്ഷിപ്തമായ നിര്‍ബന്ധ ബാധ്യതയാണത്. 'ദരിദ്രര്‍, അഗതികള്‍, കടബാധ്യതയുള്ളവര്‍, അടിമകള്‍, വഴിപോക്കര്‍...' സകാത്തിന്റെ അവകാശികളെ ശ്രദ്ധിച്ചാല്‍ സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ ഈ നിര്‍ബന്ധ ബാധ്യത വഹിക്കുന്ന പങ്ക് എത്ര വലുതാണെന്ന് മനസ്സിലാക്കാം. അതിലേക്ക് ഐഛികമായ ദാനധര്‍മങ്ങള്‍ കൂടി ചേരുമ്പോള്‍ ചിത്രം കൂടുതല്‍ മിഴിവുറ്റതാകുന്നു.

വഖ്ഫിന്റെ പ്രസക്തി
വികസിച്ച ജനതയും ക്ഷേമരാഷ്ട്രവും എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഇസ്ലാം വിഭാവന ചെയ്ത മഹത്തായ പദ്ധതികളിലൊന്നാണ് വഖ്ഫ്. അല്ലാഹുവിന്റെ പ്രീതി മുന്‍നിര്‍ത്തി, സമൂഹത്തിന്റെ വളര്‍ച്ചക്കു വേണ്ടിയുള്ള വസ്തുദാനം എന്ന് സാമാന്യമായി പറയാവുന്ന വഖ്ഫ്, എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിഭവ ലഭ്യത ഉറപ്പുവരുത്താനുള്ള സാമ്പത്തിക സംവിധാനമാണ്. വികസനത്തിനാവശ്യമായ പണം സന്ദര്‍ഭാനുസാരം ലഭ്യമാക്കുന്ന സേവനമനസുള്ള ഒരു ധനകാര്യ സ്ഥാപനത്തിന്റെ ഭാഗധേയമാണ് അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കു വേണ്ടി വഖ്ഫ് നിര്‍വഹിക്കുന്നത്.
പൊതുസംവിധാനങ്ങളുടെയും സാമൂഹിക സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനും സുഗമമായ അവയുടെ നടത്തിപ്പിനും വഖ്ഫ് അവസരമൊരുക്കുന്നു. പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള വിഭവ സമാഹരണം എളുപ്പമാക്കുകയും ദാരിദ്യ്ര നിര്‍മാര്‍ജനത്തില്‍ പങ്കുവഹിക്കുകയും ചെയ്യുന്ന വഖ്ഫ്, ഇസ്ലാമിക നിയമസംഹിതയുടെ (ശരീഅത്ത്) മാനവിക മുഖത്തെയാണ് അടയാളപ്പെടുത്തുന്നത്.
നന്മേഛുക്കള്‍ക്ക് ജനസേവനത്തിനുള്ള നല്ലൊരു വഴിയാണ് വഖ്ഫിലൂടെ തുറക്കപ്പെടുന്നത്. ഐഹികജീവിതത്തെ ക്ഷേമ സമ്പൂര്‍ണമാക്കാനും അതുവഴി പരലോക ജീവിതം വിജയകരമാക്കാനും വഖ്ഫ് സഹായിക്കുന്നു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ദീര്‍ഘകാലത്തേക്ക് ജനസേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വലിയൊരു വാതിലാണ് വഖ്ഫിലൂടെ തുറന്നുകിട്ടുന്നത്.
മുസ്ലിം സമൂഹത്തിന്റെ ഗതകാലങ്ങളിലെല്ലാം വഖ്ഫ് അതിന്റെ ചരിത്ര ദൌത്യം നിര്‍വഹിച്ചിട്ടുണ്ട്. മുസ്ലിംകള്‍ ജീവിച്ചിരുന്ന എല്ലാ രാജ്യങ്ങളിലും എല്ലാ ഘട്ടങ്ങളിലും കാത്തുസൂക്ഷിച്ചുപോന്ന മഹത്തായൊരു പൈതൃകമാണത്. മുഹമ്മദ് നബിയുടെ കാലത്ത് ആരംഭിച്ച്, കാല-ദേശ വ്യത്യാസങ്ങളില്‍ നൈരന്തര്യം കാത്തുസൂക്ഷിച്ച വഖ്ഫ് സംവിധാനത്തിന്റെ നീള്‍ച്ചകള്‍ ഇന്നും ലോകമെമ്പാടും കാണപ്പെടുന്നുണ്ട്. അറബ്-മുസ്ലിം നാടുകളിലെ ഔഖാഫ്-ഇസ്ലാമിക കാര്യമന്ത്രാലയങ്ങളും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വഖ്ഫ് മന്ത്രിമാരും വഖ്ഫ് ബോര്‍ഡുകളും ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. ഇസ്ലാമിക പ്രവര്‍ത്തനത്തിനും ദീനീ സ്ഥാപനങ്ങളുടെ നടത്തിപ്പിനും വേണ്ടി രൂപീകരിക്കപ്പെടുന്ന ചാരിറ്റബ്ള്‍ ട്രസ്റുകള്‍ വഖ്ഫിന്റെ ആശയപരിസരത്തുനിന്നാണ് രൂപം കൊള്ളുന്നത്.
ലോകത്ത് ട്രസ്റ് സംവിധാനം തുടങ്ങുന്നതുതന്നെ 'വഖ്ഫി'നെ മാതൃകയാക്കിയാണ്. ഇസ്ലാമിലെ വഖ്ഫില്‍ നിന്ന് യൂറോപ്യര്‍ പകര്‍ത്തിയതാണ് ഇന്ന് ലോക വ്യാപകമായി കാണപ്പെടുന്ന ട്രസ്റ്. ക്രി. 12-13 നൂറ്റാണ്ടുകളിലാണ് ഇംഗ്ളണ്ടില്‍ ട്രസ്റ് നിയമങ്ങള്‍ വികസിച്ചുവരുന്നത്. അക്കാലത്ത് ഇംഗ്ളണ്ടിലെ ഭൂവുടമസ്ഥത ഫ്യൂഡല്‍ ക്രമത്തിലായിരുന്നു. അത് സൃഷ്ടിച്ച പ്രശ്നങ്ങളാണ് ട്രസ്റുകളെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ഭൂസ്വത്തിന്റെ താല്‍ക്കാലിക അവകാശക്കൈമാറ്റമായിരുന്നു അതിന്റെ ആദ്യപടി. പിന്നീട് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചാരിറ്റബ്ള്‍ ട്രസ്റുകള്‍ രൂപംകൊള്ളുകയുണ്ടായി. മുസ്ലിം നാടുകള്‍ സന്ദര്‍ശിച്ച യൂറോപ്യര്‍, വഖ്ഫ് സംവിധാനം തങ്ങളുടെ നാടുകളിലേക്കും പകര്‍ത്തുകയായിരുന്നു.
നാഗരിക വികാസത്തില്‍ ഇസ്ലാം എങ്ങനെ ലോകത്തിന് മുമ്പില്‍ നടന്നു എന്ന ചോദ്യത്തിന് നല്‍കപ്പെടുന്ന ഉത്തരങ്ങളില്‍ ഒന്ന്, വഖ്ഫ് സ്വത്തുക്കളുടെ ലഭ്യതയും ഫലപ്രദമായ വിനിയോഗവും എന്നതാണ്. ബഗ്ദാദ്, ദമസ്കസ്, മദീന, കയ്റോ, ഖൈറുവാന്‍, ഗ്രാനഡ.... സത്യവിശ്വാസത്തിന്റെ ചൈതന്യം കലര്‍ന്ന വര്‍ണക്കൂട്ടുകള്‍ കൊണ്ട് വിസ്മയ ചിത്രങ്ങള്‍ വരച്ച ഇത്തരം മുസ്ലിം നഗരങ്ങളെല്ലാം വളര്‍ന്നതില്‍ വഖ്ഫിന്റെ വലിയ പിന്‍ബലം കൊണ്ടാണ്. വൈജ്ഞാനിക വളര്‍ച്ച, ആരോഗ്യ രക്ഷ, അഗതി-അനാഥ-വിധവാ സംരക്ഷണം, പരിസ്ഥിതി പരിപാലനം, നഗരാസൂത്രണം, പള്ളികളുടെ നിര്‍മാണം, കാര്‍ഷിക വളര്‍ച്ച, ശാസ്ത്ര പുരോഗതി, ദാരിദ്യ്ര നിര്‍മാര്‍ജനം... ഈ സാമൂഹിക ദൌത്യങ്ങളിലും പങ്ക് വളരെ മഹത്തരമാണ്. ഇബ്നു ബത്തൂത്തയുടെ സഞ്ചാര കുറിപ്പുകളിലും മറ്റനേകം ചരിത്ര കൃതികളിലും ഇതുസംബന്ധിച്ച വിവരണങ്ങള്‍ കാണാം. മറ്റു പല വിഷയങ്ങളിലുമെന്നപോലെ, വഖ്ഫിന്റെ കാര്യത്തിലും പില്‍ക്കാല മുസ്ലിം സമൂഹത്തില്‍ അപചയങ്ങള്‍ സംഭവിക്കുകയുണ്ടായി. വഖ്ഫ് സംവിധാനം അന്യം നിന്നു പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. കാലോചിതമായ പരിഷ്കാരങ്ങളിലൂടെ വഖ്ഫിനെ നിലനിര്‍ത്താനും പോഷിപ്പിക്കാനും സാധിക്കേണ്ടതുണ്ട്.

വിവക്ഷയും പ്രമാണവും
ബന്ധിച്ചു നിര്‍ത്തുക എന്ന അര്‍ഥമുള്ള അറബി പദമായ 'വഖഫ'യില്‍ നിന്നാണ് വഖ്ഫിന്റെ നിഷ്പത്തി. മൂലധനത്തെ സ്ഥായിയായി നിലനിര്‍ത്തി ആദായവും പ്രയോജനവും ദൈവമാര്‍ഗത്തില്‍ വ്യയം ചെയ്യുക, ദാനം ചെയ്യപ്പെട്ട നിശ്ചിത വസ്തു പൊതു ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുകയും മറ്റു വഴിക്ക് വിനിയോഗിക്കപ്പെടുന്നത് തടയുകയും ചെയ്യുക എന്നൊക്കെയാണ് ആ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ പ്രീതി ലഭിക്കുകയെന്ന ആത്യന്തിക ലക്ഷ്യം മുന്‍നിര്‍ത്തി, ഭൂമിയോ കെട്ടിടമോ മറ്റു വസ്തുക്കളോ പൊതു ആവശ്യത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടി മാറ്റിവെക്കലാണ് വഖ്ഫ്. സമാന അര്‍ഥമുള്ള ഹബ്സ് എന്ന പദം വഖ്ഫിന് പര്യായമായി ഉപയോഗിക്കാറുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീക്കിവെക്കുക എന്ന അര്‍ഥത്തില്‍ 'തസ്ബീല്‍' എന്നും പ്രയോഗിക്കാറുണ്ട്.
ഇസ്ലാമിക നിയമസംഹിതയിലെ സര്‍വാംഗീകൃത തത്ത്വമാണ് വഖ്ഫ്. വിശദാംശങ്ങളിലെ വീക്ഷണ വൈജാത്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വഖ്ഫിന്റെ പ്രാമാണികതയില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. സാമൂഹികക്ഷേമത്തിനു വേണ്ടിയുള്ള ധനവ്യയത്തിന് ഖുര്‍ആന്‍ നല്‍കുന്ന പ്രോത്സാഹനമാണതിന്റെ ഒന്നാമത്തെ അടിത്തറ. വഖ്ഫ് എന്ന പദം ഖുര്‍ആനില്‍ വന്നിട്ടില്ലെങ്കിലും സകാത്തിനു പുറമെ പലവിധത്തിലുള്ള ദാനങ്ങളെക്കുറിച്ച് ഖുര്‍ആന്‍ നിരന്തരം സംസാരിക്കുന്നുണ്ട്. "നിങ്ങള്‍ സമര്‍പ്പിക്കുന്ന ഏതൊരു നന്മയും അല്ലാഹുവിങ്കല്‍ കാണാവുന്നതാണ്. അതേറ്റവും ഉത്തമവും മഹത്തായ പ്രതിഫലമുള്ളതുമാണ്.'' "ധര്‍മമാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്തിനും നിങ്ങള്‍ക്ക് പരിപൂര്‍ണമായി പ്രതിഫലം നല്‍കപ്പെടുന്നതാണ്. നിങ്ങളുടെ അവകാശം തെല്ലും ഹനിക്കപ്പെടുന്നതല്ല'' (അല്‍ബഖറ 272) തുടങ്ങിയ ആയത്തുകള്‍ ഇതിന് തെളിവാണ്. വഖ്ഫുമായി ഏറ്റവും ബന്ധമുള്ള ആയത്ത് ഇതാണ്: "നിങ്ങള്‍ക്ക് പ്രിയങ്കരമായ വസ്തുക്കളെന്തോ അത് ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം നേടാന്‍ സാധ്യമല്ല. നിങ്ങള്‍ ചെലവഴിക്കുന്നതെന്തും സൂക്ഷ്മമായി അറിയുന്നവനാണല്ലാഹു'' (ആലുഇംറാന്‍ 92). ഈ ആയത്ത് അവതരിച്ചപ്പോള്‍ വഖ്ഫ് ചെയ്യാന്‍ മുന്നോട്ടുവന്ന സ്വഹാബിമാരെക്കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ വായിക്കാം.
പ്രവാചകചര്യയില്‍ വഖ്ഫ് നാല്‍കാനുള്ള പ്രേരണയും അതിന്റെ ഉദാത്ത മാതൃകകളും ധാരാളമുണ്ട്. ഹബ്സ് എന്ന പദമാണ് നബി(സ) കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. ഖൈബറില്‍ തനിക്ക് ലഭിച്ച ഭൂമിയെക്കുറിച്ച ഉമറി(റ)ന്റെ ചോദ്യത്തിന് നബി പറഞ്ഞ മറുപടി ഇങ്ങനെ: "താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന്റെ മൂലം നിലനിര്‍ത്തിക്കൊണ്ട് (ഇഹ്തബസ) ആദായം ദാനം ചെയ്യാം'' (തിര്‍മിദി). നബി(സ) പ്രസ്താവിച്ചതായി അബൂഹുറയ്റ നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം: "ഒരാള്‍ ഈമാനോടെയും പ്രതിഫലേഛയോടെയും ഒരു കുതിരയെ ദൈവിക മാര്‍ഗത്തില്‍ സമര്‍പ്പിച്ചാല്‍ (ഇഹ്തബസ) അതിന്റെ തീറ്റയും ചാണകവും മൂത്രവുമൊക്കെ അന്ത്യനാളില്‍ അവന്റെ ത്രാസില്‍ നന്മകളായിത്തൂങ്ങുന്നതായിരിക്കും'' (ബുഖാരി, അഹ്മദ്). മറ്റു ചില ഹദീസുകളില്‍ സന്ദര്‍ഭാനുസൃതം മറ്റു ചില പദങ്ങളും നബി(സ) ഉപയോഗിച്ചത് കാണാം. എന്നാല്‍ പില്‍ക്കാലത്ത് പ്രചാരം നേടിയത് 'വഖ്ഫ്' എന്ന പ്രയോഗമാണ്.
വേറെയും ഒട്ടേറെ നബിവചനങ്ങള്‍ വഖ്ഫിന് പ്രാമാണിക സാക്ഷ്യമായുണ്ട്. അതിലേറ്റവും പ്രധാനം നിലനില്‍ക്കുന്ന ദാനത്തെക്കുറിച്ചുള്ളതാണ്. വഖ്ഫിന്റെ പ്രകൃതത്തെ നന്നായി പ്രതിഫലിപ്പിക്കുന്നതുമാണത്. നബി(സ) പറഞ്ഞതായി അബൂഹുറയ്റ നിവേദനം ചെയ്യുന്നു: "മനുഷ്യന്‍ മരിക്കുന്നതോടെ അവന്റെ കര്‍മങ്ങള്‍ അവസാനിച്ചു. മൂന്ന് കാര്യങ്ങളൊഴിച്ച്. തുടരുന്ന ദാനം, പ്രയോജനപ്രദമായ വിജ്ഞാനം, അവനു വേണ്ടി പ്രാര്‍ഥിക്കുന്ന സന്താനം'' (മുസ്ലിം, അബൂദാവൂദ്). ഈ ഹദീസിലെ തുടരുന്ന ദാനമാണ് വഖ്ഫ്. മറ്റൊരു ഹദീസ് ഇങ്ങനെ: നബി(സ) പറഞ്ഞു: "വിശ്വാസിയുടെ മരണാനന്തരം തന്റെ വിജ്ഞാനത്തില്‍നിന്നും നന്മകളില്‍നിന്നും തന്നോട് ചേര്‍ക്കുന്നത് ഇവ മാത്രമാകുന്നു; താന്‍ പ്രചരിപ്പിച്ച വിജ്ഞാനം, സച്ചരിതനായ സന്തതി, പൈതൃകമായി നല്‍കിയ മുസ്വ്ഹഫ്, താന്‍ നിര്‍മിച്ച പള്ളി, വഴിയാധാരമായവര്‍ക്കുവേണ്ടി നിര്‍മിച്ച വീട്, താന്‍ കുഴിച്ച നദി-തോട്, ആരോഗ്യമുള്ള കാലത്ത് സ്വന്തം ധനത്തില്‍നിന്ന് നല്‍കിയ ദാനം. ഇവ മരണാനന്തരം വിശ്വാസിയിലേക്ക് ചേരും'' (ഇബ്നു മാജ). മറ്റു ചില കാര്യങ്ങള്‍ കൂടി ഇതില്‍ പെടുമെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം സുയൂത്വി അവയെ ഇപ്രകാരം ക്രോഡീകരിച്ചിരിക്കുന്നു: "മനുഷ്യന്‍ മരിച്ചാല്‍ പത്തു കാര്യങ്ങള്‍ മാത്രമേ അവനില്‍ തുടരൂ. അവന്‍ പ്രചരിപ്പിച്ച വിജ്ഞാനം, മക്കളുടെ പ്രാര്‍ഥന, നട്ട ഈത്തപ്പന(മരം), നിലനില്‍ക്കുന്ന ദാനധര്‍മങ്ങള്‍, പൈതൃകമായി ശേഷിച്ച മുസ്വ്ഹഫ്, അതിര്‍ത്തി കാവല്‍, താന്‍ കുഴിച്ച കിണറും ഒഴുക്കിയ തോടും, താന്‍ നിര്‍മിച്ച അഗതി മന്ദിരം, ആരാധനാലയം''.
മരണാനന്തരവും തുടരുന്ന ദാനമാണ് 'സ്വദഖത്തുന്‍ ജാരിയ'. അനന്തരമായി ലഭിച്ചതും അധ്വാനിച്ചുണ്ടാക്കിയതുമായ സമ്പത്ത്, ജീവിതകാലത്ത് അനുഭവിക്കുകയും ശേഷിക്കുന്നത് മക്കള്‍ക്ക് അനന്തരമായി വീതിച്ചു കൊടുക്കുകയും ചെയ്യുമ്പോള്‍ അതില്‍ നിന്നൊരു വിഹിതം- കുറച്ച് ഭൂമി, ഒരു കെട്ടിടം, കിണര്‍, ബില്‍ഡിംഗിലെ ഒരു റൂം- അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വഖ്ഫ് ചെയ്യുന്നത് പരലോകത്തേക്കുള്ള സുരക്ഷിതമായ നിക്ഷേപമാണ്. ഖബ്റിലേക്ക് പോകുമ്പോള്‍ നമ്മുടെ സമ്പാദ്യമൊന്നും നാം കൂടെ കൊണ്ടുപോകുന്നില്ലെന്ന് പറയാറുണ്ട്. ഒരര്‍ഥത്തില്‍ അത് ശരിയാണ്. പക്ഷേ, മറ്റൊരര്‍ഥത്തില്‍ ഖബ്റിലേക്കുള്ള യാത്രയില്‍ സമ്പത്തില്‍ ചിലതെങ്കിലും നമുക്ക് കൂടെ കൊണ്ടുപോകാനാകും; നാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വഖ്ഫ് ചെയ്തതാണ് അതില്‍ പ്രധാനം. ഉമറുബ്നുല്‍ ഖത്ത്വാബിന്റെ ഭൂമി, ഉസ്മാനുബ്നു അഫ്ഫാന്റെ കിണര്‍, അബൂദര്‍ദാഇന്റെ ഈന്തപ്പനത്തോട്ടം, അബൂത്വല്‍ഹ(റ)യുടെ ബൈറുഹാ എസ്റേറ്റ്, ഉമ്മുസഅ്ദിന്റെ കിണര്‍... സ്വഹാബിവര്യന്മാരുടെ മാതൃക സ്വീകരിച്ചാല്‍ നമ്മുടെ വഖ്ഫ് നാളെ സ്വര്‍ഗത്തിലേക്കുള്ള ഈടുവെപ്പായി മാറുന്നു.

വഖ്ഫിന്റെ ഇനങ്ങള്‍
ഗുണഭോക്താക്കളുടെ സ്വഭാവം പരിഗണിച്ചാല്‍ വഖ്ഫിന് പ്രധാനമായും രണ്ട് ഇനങ്ങളാണുള്ളത്. ഒന്ന് കുടുംബ വഖ്ഫ്(അല്‍വഖ്ഫുല്‍ അഹ്ലി/ദുര്‍റി). രണ്ട്: ജനക്ഷേമ വഖ്ഫ് (അല്‍ വഖ്ഫുല്‍ ഖൈരി).
1. കുടുംബ വഖ്ഫ്: അനന്തരാവകാശികളല്ലാത്ത കുടുംബാംഗങ്ങള്‍ക്ക് വേണ്ടിചെയ്യുന്ന വഖ്ഫാണിത്. പൌത്രന്മാര്‍, ഉറ്റ ബന്ധുക്കള്‍, കുടുംബത്തിലെ ദരിദ്രര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയാകാം ഇങ്ങനെ വഖ്ഫ് ചെയ്യുന്നത്; അല്ലെങ്കില്‍ തനിക്ക് ശേഷം കുടുംബത്തില്‍ ജനിക്കാനിരിക്കുന്ന തലമുറകളിലെ പാവങ്ങള്‍ക്കുവേണ്ടിയുമാകാം. കുടുംബത്തിലെ നിര്‍ണ്ണിതരായ ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്നതുകൊണ്ട് ഇത് 'സ്വകാര്യ വഖ്ഫ്' (വഖ്ഫുന്‍ ഖാസ്വ്) എന്നും വിശേഷിപ്പിക്കപ്പെടുന്നു. കുടുംബ വഖ്ഫ് മുസ്ലിം ലോകത്ത് പ്രവാചകന്റെ കാലം മുതലേ നടപ്പിലുണ്ടായിരുന്നു. സ്വഹാബികളില്‍ ചിലര്‍ കുടുംബത്തിലെ ദുര്‍ബലര്‍ക്കുവേണ്ടി വീടുകളും തോട്ടങ്ങളും മറ്റും വഖ്ഫ് ചെയ്തിരുന്നു. ഒരാള്‍ ജീവിച്ചിരിക്കെ അനന്തരാവകാശികള്‍ക്ക് സ്വത്ത് ഓഹരി വെച്ചുകൊടുക്കുമ്പോഴോ, മരണാനന്തരം നടപ്പിലാക്കേണ്ട വസ്വിയ്യത്തായോ ആണ് 'കുടുംബ വഖ്ഫ്' ചെയ്യാറുള്ളത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും കുടുംബത്തിലെ ദരിദ്രര്‍ക്ക് നീക്കിവെച്ച വഖ്ഫ് സ്വത്തുക്കള്‍ കാണാം. മറ്റു വഖ്ഫുകളുടെ കാര്യത്തിലെന്നപോലെ ഇതിലും പില്‍ക്കാലത്ത് അലംഭാവവും അശ്രദ്ധയും സംഭവിക്കുകയാണുണ്ടായത്.
2. ജനക്ഷേമ വഖ്ഫ്: പൊതുജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതും സാമൂഹികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് സഹായിക്കുന്നതുമാണ് 'അല്‍ വഖ്ഫുല്‍ ഖൈരി'. പരോപകാരം, ധാര്‍മികം എന്നൊക്കെയാണ് 'ഖൈരിയ്യ'(ഇവമൃശമേയഹല)യുടെ അര്‍ഥം. ജനോപകാരപ്രദവും ഇസ്ലാം വിലക്കിയിട്ടില്ലാത്തതുമായ എല്ലാ പൊതു ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഈ വഖ്ഫ്. പ്രവാചകന്‍ ഏറെ പ്രോത്സാഹിപ്പിച്ചതും മുസ്ലിം ലോകത്ത് പ്രചുര പ്രചാരം നേടിയതും ഈ വഖ്ഫാണ്. പള്ളി, വിദ്യാഭ്യാസ സ്ഥാപനം, ആശുപത്രി, കിണര്‍ തുടങ്ങി ഏറെ വൈപുല്യമുള്ളതാണ് ജനക്ഷേമ വഖ്ഫിന്റെ മണ്ഡലം.
ഈ രണ്ട് ഇനങ്ങളില്‍ പല സ്വഭാവത്തിലുള്ള വഖ്ഫുകളുണ്ടാകാം.
1. സമയബന്ധിത വഖ്ഫ് (അല്‍ വഖ്ഫുല്‍ മുഅഖത്ത്). നിശ്ചിത കാലപരിധിയില്‍ മാത്രം വഖ്ഫായി ഉപയോഗിക്കാനുള്ളത്. പത്തു വര്‍ഷത്തേക്ക് ഒരു കെട്ടിടം വഖ്ഫ് ചെയ്യുന്നത് ഉദാഹരണം. നിര്‍ണിത സമയം കഴിഞ്ഞാല്‍ വാഖിഫിന് അത് തിരിച്ചെടുക്കാം.
2. ശാശ്വത വഖ്ഫ് (അല്‍ വഖ്ഫുല്‍ മുഅബ്ബദ്). കാലപരിധി നിശ്ചയിക്കാതെ എല്ലാ കാലത്തേക്കും വേണ്ടി പൂര്‍ണമായി നടത്തുന്നത്.
3. നിരുപാധിക വഖ്ഫ് (അല്‍ വഖ്ഫുല്‍ മുത്വ്ലഖ്). ജനക്ഷേമ വിഭാഗത്തില്‍ രണ്ട് വിധത്തില്‍ വഖ്ഫ് ചെയ്യാവുന്നതാണ്. ഒന്ന്: പ്രത്യേക ലക്ഷ്യം മുന്‍നിറുത്തിയുള്ളത്. പള്ളിയോ കിണറോ നിര്‍മിക്കാന്‍ ഭൂമി വഖ്ഫ് ചെയ്യുന്നത് ഉദാഹരണം. പ്രത്യേക ഉദ്ദേശ്യം പറയാതെ, 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍' എന്ന് പൊതുവായിട്ടുള്ളതാണ് രണ്ടാമത്തേത്. ഇത് 'നിരുപാധികം' (അല്‍ വഖ്ഫുല്‍ മുത്വ്ലഖ്) എന്നും ആദ്യത്തേത് 'സോപാധികം' (അല്‍വഖ്ഫുല്‍ മുഖയ്യദ്) എന്നും അറിയപ്പെടുന്നു.
ദീനീ വഖ്ഫ്, വൈജ്ഞാനിക വഖ്ഫ് (അല്‍വഖ്ഫുല്‍ ഇല്‍മി), സാംസ്കാരിക വഖ്ഫ് (അല്‍വഖ്ഫുസഖാഫി), സാമൂഹിക വഖ്ഫ്(അല്‍ വഖ്ഫുല്‍ ഇജ്തിമാഈ) എന്നിങ്ങനെ വേര്‍തിരിച്ച് മുന്‍ഗണനാക്രമം തീരുമാനിക്കാനും കാര്യക്ഷമത ഉറപ്പുവരുത്തുംവിധം വഖ്ഫ് വിനിയോഗിക്കാനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വഖ്ഫിന്റെ വൈപുല്യം
ആരാധനാലയം, ജലസേചനം, വിദ്യാഭ്യാസം, ചികിത്സ, അനാഥ-അഗതിസംരക്ഷണം, കുടുംബ സംസ്കരണം, ഇസ്ലാമിക പ്രബോധനം, അടിമമോചനം, മയ്യിത്ത് സംസ്കരണം, മൃഗസംരക്ഷണം, വിവാഹസഹായം, നഗരസംവിധാനം തുടങ്ങി വഖ്ഫിന്റെ മേഖല ഏറെ വിപുലമാണ്. ഓരോ പ്രദേശത്തെയും കാലത്തെയും സാമൂഹിക-സാമ്പത്തിക സാഹചര്യമനുസരിച്ചാണ് വഖ്ഫിന്റെ മുന്‍ഗണനാക്രമം തീരുമാനിക്കേണ്ടത്. ഉദാഹരണമായി പള്ളി നിര്‍മാണം. വഖ്ഫിലെ മുഖ്യ ഇനങ്ങളിലൊന്നാണെങ്കിലും, കുടിവെള്ളവും ചികിത്സാസൌകര്യങ്ങളും ദുര്‍ലഭമാവുകയും പള്ളികള്‍ ആവശ്യത്തിന് നിലവിലുണ്ടാവുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ വഖ്ഫിന്റെ ഊന്നലില്‍ വ്യത്യാസം വരാം.
പള്ളി മുതല്‍ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ വരെ, കുടിവെള്ളത്തിനുള്ള കിണറുകള്‍ മുതല്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സാന്ത്വനം പകരുന്ന ഗാനാലാപനം വരെ വഖ്ഫിന്റെ പരിധിയില്‍ വരുന്നുവെന്ന് ഇസ്ലാമിക ചരിത്രം പഠിപ്പിക്കുന്നു. അടിമരാജവംശത്തിന്റെ ഭരണകാലത്ത് ഈജിപ്തില്‍ ഒരു ആശുപത്രി വഖ്ഫ് ചെയ്യപ്പെടുകയുണ്ടായി. അതിന്റെ ചില വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ വഖ്ഫിന്റെ സ്വഭാവവും വൈപുല്യവും മാത്രമല്ല, ജനസേവനത്തിന്റെ വിവിധ തലങ്ങളില്‍ മുസ്ലിം സമൂഹം കാണിച്ച ആവേശവും മനസിലാക്കാന്‍ കഴിയും. പ്രസ്തുത വഖ്ഫിന്റെ ആധാരത്തില്‍ രേഖപ്പെടുത്തിയ ചില കാര്യങ്ങള്‍: "കയ്റോവിലെയും പരിസരപ്രദേശങ്ങളിലെയും ദരിദ്രരും ധനികരുമായ മുസ്ലിം സ്ത്രീപുരുഷന്‍മാരുടെ ചികിത്സാര്‍ഥമാണ് ഈ ആശുപത്രി സ്ഥാപിക്കുന്നത്. ഇവിടെ നിന്ന് ചികിത്സ ലഭിക്കാന്‍ രോഗിയുടെ ദേശമോ, ഗോത്രമോ, രോഗത്തിന്റെ സ്വഭാവമോ പരിഗണിക്കാന്‍ പാടില്ല. രോഗികള്‍ ഒറ്റക്കോ, കൂട്ടായോ വന്നാലും അവര്‍ യുവാക്കളോ വൃദ്ധന്മാരോ ആയാലും എല്ലാവര്‍ക്കും ചികിത്സ നല്‍കേണ്ടതാണ്. രോഗം പൂര്‍ണമായും ഭേദമാകുംവരെ ഇവിടെ താമസിച്ച് സൌജന്യമായി ചികിത്സയും മരുന്നുകളും സ്വീകരിക്കാം. ഇതില്‍ സ്ത്രീ-പുരുഷ വ്യത്യാസമൊന്നുമില്ല. രോഗികള്‍ക്കാവശ്യമായ കട്ടില്‍, ശയ്യോപകരണങ്ങള്‍ മുതലായവ രോഗിയുടെയും രോഗത്തിന്റെയും സ്വഭാവമനുസരിച്ച് മേല്‍നോട്ടക്കാരന്‍, ആശുപത്രിക്ക് വേണ്ടി മാറ്റിവെച്ച സമ്പത്തില്‍ നിന്ന് ഏര്‍പ്പെടുത്തേണ്ടതാണ്. രോഗികളുടെ അവകാശങ്ങള്‍ നല്‍കുന്നതില്‍ മേല്‍നോട്ടക്കാരന്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അനുസരിക്കുകയും ചെയ്യട്ടെ. രോഗികളുടെ സൌകര്യാര്‍ഥം തന്റെ കഴിവുകള്‍ പരമാവധി വിനിയോഗിക്കട്ടെ. കാരണം, അവര്‍ ഭരണീയരാണ്. ഓരോ ഭരണാധികാരിയും തങ്ങളുടെ ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്.
"ആശുപത്രിയോട് ചേര്‍ന്ന് ഒരു കാന്റീന്‍ ഉണ്ടാകും. ഓരോ രോഗിക്കും ആവശ്യമായ ഭക്ഷണം അവിടെ പാകം ചെയ്യുന്നതും, പ്രത്യേകം പാത്രങ്ങളില്‍ നല്‍കുന്നതുമാണ്. ഒരു രോഗി ഉപയോഗിക്കുന്ന പ്ളെയ്റ്റ് മറ്റൊരു രോഗി ഉപയോഗിക്കുന്നത് നന്നല്ല. ഓരോ രോഗിക്കും നിര്‍ദേശിക്കപ്പെട്ട ഭക്ഷണം രാവിലെയും വൈകുന്നേരവും അവരവര്‍ക്കുള്ള പാത്രങ്ങളില്‍ അടച്ചുവെച്ച് കൃത്യമായി എത്തിച്ചുകൊടുക്കുന്നതാണ്.
"കൂട്ടമായോ, ഊഴമനുസരിച്ചോ ആശുപത്രിയിലെത്തി രോഗികളെ പരിശോധിക്കുകയും രോഗനില രേഖപ്പെടുത്തുകയും ആവശ്യമായ മരുന്നുകളും ഭക്ഷണക്രമവും മറ്റും നിര്‍ദേശിച്ചുകൊടുക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കുള്ള ശമ്പളം വഖ്ഫ് സ്വത്തില്‍നിന്ന് മേല്‍നോട്ടക്കാരന്‍ നല്‍കേണ്ടതാണ്.
"ദരിദ്രര്‍ രോഗം ബാധിച്ച് വീട്ടില്‍ കിടക്കുകയാണെങ്കില്‍ അവര്‍ക്കാവശ്യമായ മരുന്നും ഭക്ഷണവും മറ്റും മേല്‍നോട്ടക്കാരന്‍ രോഗിയുടെ വീട്ടില്‍ എത്തിച്ചുകൊടുക്കേണ്ടതാണ്'' (ലൈസമിനല്‍ ഇസ്ലാം-ഇമാം ഗസാലി, പേജ്:24, 25).
കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ഇസ്ലാമിക ചരിത്രവും പരിശോധിച്ചാല്‍ വഖ്ഫ് വിനിയോഗിക്കപ്പെട്ട വൈവിധ്യമാര്‍ന്ന വഴികള്‍ മനസിലാക്കാം. അവയെ ഇങ്ങനെ സമാഹരിക്കാം.
1. പള്ളി നിര്‍മാണം.
2. ഇമാമിനും പള്ളികളിലെ ജീവനക്കാര്‍ക്കുമുള്ള ശമ്പളവും താമസ സൌകര്യവും ഭക്ഷണവും.
3. കിണര്‍, തോട് തുടങ്ങി കുടിവെള്ളത്തിനും കൃഷിയാവശ്യങ്ങള്‍ക്കുമുള്ള സംവിധാനം. പൊതു സ്ഥലങ്ങളിലെ കുടിവെള്ള വിതരണം.
4. ദീനീവിദ്യാഭ്യാസം നല്‍കാനുള്ള മദ്റസകളും ഉന്നത ഇസ്ലാമിക പാഠശാലകളും സ്ഥാപിക്കല്‍.
5. അവയിലെ അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമുള്ള ശമ്പളവും മറ്റും.
6. സമൂഹത്തിന്റെ പൊതുവായ വൈജ്ഞാനിക വളര്‍ച്ചക്കുവേണ്ടിയുള്ള പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍ ഉന്നത കലാലയങ്ങള്‍ വരെ. ശാസ്ത്രഗവേഷണങ്ങള്‍ക്കും വഖ്ഫ് വിനിയോഗിക്കപ്പെട്ടിരുന്നു.
7. ഇസ്ലാമിക പ്രബോധനം.
8. ലൈബ്രറികള്‍, പുസ്തക രചന, പ്രസാധനം.
9. ഇസ്ലാമിക മാര്‍ഗത്തിലെ സായുധപോരാട്ടം. കുതിരകള്‍, ആയുധങ്ങള്‍, പടയാളികളുടെ ശമ്പളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്.
10. ദരിദ്രര്‍, വിധവകള്‍ തുടങ്ങിയവര്‍ക്കുള്ള വസ്ത്രം, ഭക്ഷണം.
11. ആശുപത്രികള്‍, മറ്റു ചികിത്സാസംവിധാനങ്ങള്‍.
12. റോഡ് നിര്‍മാണം. ഭൂമി ലഭ്യമാക്കല്‍, നിര്‍മാണ ചെലവ്, അനുബന്ധ സൌകര്യങ്ങള്‍.
13. വഴിയാത്രക്കാര്‍ക്കുള്ള സത്രങ്ങള്‍, കുടിവെള്ളം.
14. റോഡരികില്‍ തണല്‍ മരങ്ങളും പൂന്തോട്ടങ്ങളും നട്ടുപിടിപ്പിക്കല്‍.
15. അനാഥ സംരക്ഷണം.
16. ഇസ്ലാം സ്വീകരിക്കുന്ന പുതുമുസ്ലിംകള്‍ക്ക് സൌകര്യങ്ങളേര്‍പ്പെടുത്തല്‍.
17. പള്ളികളില്‍ തണുപ്പ് കാലത്ത് ചൂടുവെള്ളം ലഭ്യമാക്കാനുള്ള സംവിധാനം.
18. അഗതി-അതിഥി മന്ദിരങ്ങള്‍. ഭക്ഷണം, വസ്ത്രം മുതല്‍ ചെരുപ്പുകുത്തികളെ വരെ അവിടങ്ങളില്‍ ഏര്‍പാടു ചെയ്യുമായിരുന്നു.
19. ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയിലെ പ്രശ്നങ്ങളും കുടുംബ വഴക്കുകളും പരിഹരിക്കാന്‍ കൌണ്‍സലിംഗ് സെന്ററുകള്‍.
20. ഖുര്‍ആന്‍ മനഃപാഠമാക്കുന്നവര്‍ക്കുവേണ്ടിയുള്ള പ്രത്യേക വഖ്ഫ്.
21. മയ്യിത്ത് സംസ്കരണം.
22. അടിമ മോചനം.
23. ആശുപത്രികളില്‍ രോഗികള്‍ക്ക് സാന്ത്വനമേകുന്ന ഗാനാലാപനം.
24. നോമ്പ് തുറയും അത്താഴവും.
25. യാത്രാ സുരക്ഷിതത്വമില്ലാത്ത വഴികളില്‍ സുരക്ഷാഭടന്‍മാര്‍.
26. ദരിദ്രര്‍ക്ക് വിവാഹസന്ദര്‍ഭങ്ങളില്‍ അണിയാനുള്ള ആഭരണങ്ങള്‍. ഇത് പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുകയും വിവാഹസമയത്ത് കൊണ്ടുപോയി ആവശ്യം കഴിഞ്ഞ് തിരിച്ചേല്‍പിക്കുകയും ചെയ്യുന്ന രീതിയുമുണ്ടായിരുന്നു.
27. വേലക്കാരുടെ കൈകളില്‍ നിന്ന് നഷ്ടപ്പെടുകയോ, പൊട്ടിപോവുകയോ ചെയ്യുന്ന പാത്രങ്ങള്‍ ഉടമകള്‍ക്ക് തിരിച്ചു കൊടുക്കാന്‍ സഹായിക്കുന്ന സംവിധാനമുണ്ടാക്കല്‍.
28. തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍.
29. ഖബ്ര്‍സ്ഥാന്‍.
30. പൊതു കുളിമുറികള്‍, ശൌചാലയങ്ങള്‍.
31. പൂച്ചകള്‍, നായകള്‍, വഴിതെറ്റിയ വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവക്കു അഭയ കേന്ദ്രമുള്‍പ്പെടെയുള്ള സംരക്ഷണം.
32. പക്ഷികള്‍ക്കുള്ള ഭക്ഷണം.
33. വിവാഹമോചിതര്‍, വിധവകള്‍, വൃദ്ധര്‍ തുടങ്ങി സംരക്ഷിക്കാന്‍ ആളില്ലാത്തവരും വീടുകളില്ലാത്തവരുമായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള അഭയ കേന്ദ്രങ്ങള്‍.
34. കല്യാണ മണ്ഡപം. വിവാഹം നടത്താന്‍ സ്ഥലമില്ലാത്ത ദരിദ്രര്‍ക്ക് വേണ്ടി സൌജന്യമായി പ്രവര്‍ത്തിക്കുന്നവ.
വര്‍ത്തമാനത്തിന്റെ അത്യാവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള താല്‍ക്കാലിക ധനസഹായത്തിനുപരിയായി ഭാവിയിലേക്കുള്ള കരുതിവെപ്പാണ് വഖ്ഫ്. ഉപയോഗിച്ച് തീര്‍ന്നുപോകുന്ന ആശ്വാസദാനത്തെക്കാള്‍, ഉല്‍പാദനക്ഷമമായ സാമ്പത്തിക സ്രോതസായി വഖ്ഫ് നിലനില്‍ക്കുന്നു. മറ്റു ദാനധര്‍മങ്ങളില്‍ നിന്ന് വഖ്ഫിനെ വേര്‍തിരിക്കുന്നതും വഖ്ഫിന്റെ സ്ഥിരസ്ഥായിയായ സ്വഭാവം തന്നെയാണ്. ഇസ്ലാമിക പ്രബോധനം, ദീനീ സ്ഥാപനങ്ങളുടെ നടത്തിപ്പ്, സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കുവേണ്ടി നിരന്തരം സംഭാവനകള്‍ പിരിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രയാസങ്ങള്‍ മറികടക്കാനും സ്വയം പര്യാപ്തതയിലേക്ക് ഒരു പരിധിവരെയെങ്കിലും വളരാനും സഹായിക്കുന്നു വഖ്ഫ് സംവിധാനം. പുതിയ കാലത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കാര്യക്ഷമമായി വഖ്ഫ് സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചാല്‍ അത് വലിയൊരു മുതല്‍കൂട്ടായി മാറുമെന്നതില്‍ സംശയമില്ല.

Comments