Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 4

അടിമത്തവും നമസ്‌കാരവും

അല്ലാഹുവിനോടുള്ള സൃഷ്ടികളുടെ അടിമത്തം പ്രതിഫലിപ്പിക്കുന്ന അത്യുജ്ജ്വല മുദ്രയും ആ അടിമത്ത വികാരത്തിന്റെ വളര്‍ച്ചക്കുള്ള വിശിഷ്ട പോഷണവുമാണ് നമസ്കാരം. നമസ്കാരത്തോളം അബ്ദിയ്യത്ത് സാക്ഷ്യപ്പെടുത്തുന്ന മറ്റൊരനുഷ്ഠാനമില്ല. മുഴുവന്‍ ജീവിതം കൊണ്ടും പ്രതിനിധാനം ചെയ്യേണ്ട മഹാദര്‍ശനമായി ദൈവബോധത്തെ വികസിപ്പിക്കുന്നതാണ് നമസ്കാരത്തിലെ പ്രാര്‍ഥനകളും ചടങ്ങുകളുമെല്ലാം. നിര്‍ബന്ധ നമസ്കാരത്തിന്റെ തുടക്കത്തെക്കുറിച്ചുദ്ധരിക്കപ്പെടുന്ന ഒരു കഥയുണ്ട്. മുഹമ്മദ് നബി(സ)യുടെ ആകാശാരോഹണ രാവില്‍ അല്ലാഹു ആദ്യം കല്‍പിച്ചത് അമ്പതു നമസ്കാരമായിരുന്നു. ഈ കല്‍പനയുമായി വരുന്ന മുഹമ്മദ് നബിയെ കണ്ടുമുട്ടിയ മൂസാ നബി, അത്രയേറെ നമസ്കാരങ്ങള്‍ ആളുകള്‍ക്ക് താങ്ങാനാവില്ലെന്ന് പറഞ്ഞ്, നമസ്കാരത്തില്‍ ഇളവ് അപേക്ഷിക്കാന്‍ പ്രവാചകനെ അല്ലാഹുവിങ്കലേക്ക് തിരിച്ചയച്ചു. അല്ലാഹു പത്ത് നമസ്കാരം കുറച്ചു കൊടുത്തു. പത്തു കുറച്ചാലും ജനങ്ങള്‍ക്ക് വഹിക്കാനാവില്ലെന്ന് മൂസാ നബി പറഞ്ഞു. മുഹമ്മദ് നബി വീണ്ടും അല്ലാഹുവിന്റെ അടുത്തെത്തി. അന്ത്യപ്രവാചകന്‍ അല്ലാഹുവിനും മൂസാ നബിക്കുമിടയില്‍ പലവട്ടം നടന്ന് അന്തിമമായി നിജപ്പെടുത്തിയതാണ് അഞ്ച് നേരത്തെ നമസ്കാരം. ഈ കഥ അക്ഷരാര്‍ഥത്തില്‍ വിശ്വസിക്കുന്നവരുണ്ട്. മൂസാ നബിയെ പുകഴ്ത്താനും മുഹമ്മദ് നബിയെ ഇകഴ്ത്താനും കെട്ടിച്ചമച്ച കള്ളക്കഥയെന്ന് തള്ളിക്കളയുന്നവരുമുണ്ട്. സംഭവത്തിന്റെ നിജസ്ഥിതിക്കപ്പുറം അതുള്‍ക്കൊള്ളുന്ന പൊരുളുകളാണ് ഈ കഥയെ സംഗതമാക്കുന്നത്. മനുഷ്യര്‍ക്ക് ഒരു നാള്‍ എത്ര വട്ടം നമസ്കരിക്കാനാകുമെന്ന് മൂസാ നബിയെക്കാളും മുഹമ്മദ് നബിയെക്കാളും നന്നായറിയാം അല്ലാഹുവിന്. എന്നിട്ടും അല്ലാഹു എന്തിനാണ് ആദ്യം അമ്പതു കല്‍പിച്ചത്? അത് അഞ്ചായി നിജപ്പെടുത്താന്‍ പ്രവാചകനെ പലവട്ടം നടത്തിച്ചതെന്തിന്? ഏതെങ്കിലും പ്രവാചകന്മാരെ ഇകഴ്ത്തലോ പുകഴ്ത്തലോ അല്ല കഥയുടെ മര്‍മം; പ്രവാചകന്മാര്‍ക്കും ജനങ്ങള്‍ക്കും നമസ്കാരത്തിന്റെ പ്രാധാന്യവും മഹത്വവും വെളിപ്പെടുത്തിക്കൊടുക്കലാണ്.
സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ ഔദാര്യവും നമസ്കാരത്തിലൂടെ പ്രകടിപ്പിക്കപ്പെടുന്ന അടിമത്തത്തിന്റെ മാനവും പരിഗണിക്കുമ്പോള്‍ ദിവസം അമ്പതു വട്ടം അല്ലാഹുവിന്റെ മുമ്പില്‍ നമസ്കരിക്കാന്‍ കടപ്പെട്ടവനാണ് മനുഷ്യന്‍. അതില്‍ നിര്‍ബന്ധമായത് അഞ്ചാക്കി ഇളവ് ചെയ്തതും അല്ലാഹു നമ്മോട് ചെയ്ത ഔദാര്യമാണ്. ദിവസത്തില്‍ ചുരുങ്ങിയത് അഞ്ചു വട്ടമെങ്കിലും നമസ്കരിക്കാത്തവന്‍ അല്ലാഹുവിനോടുള്ള തന്റെ അടിമത്തം മാനിക്കുന്നില്ല. അതാണ്, സത്യവിശ്വാസിയെയും സത്യനിഷേധിയെയും വേര്‍തിരിക്കാനുള്ള മാനദണ്ഡമാണ് നമസ്കാരം എന്ന് നബി(സ) പ്രസ്താവിച്ചത്. നമസ്കാര നിഷേധം ഒരു ആദര്‍ശത്തിന്റെയും ജീവിതക്രമത്തിന്റെയും നിഷേധമാണ്. അല്ലാഹുവിന്റെ അടിമയാണ് താനെന്ന യാഥാര്‍ഥ്യം ബോധപൂര്‍വം അംഗീകരിച്ച അടിമക്ക് സ്വന്തം യജമാനന്റെ മുന്നില്‍ ചെന്ന്നിന്ന് അവനെ പ്രീതിപ്പെടുത്തുന്ന നടപടികളിലേര്‍പെടുന്നതിനെക്കാള്‍ നിര്‍വൃതിദായകമായ നിമിഷങ്ങളേതാണുണ്ടാവുക? പക്ഷേ ഈ അറിവും ബോധവും ഇല്ലാത്തവര്‍ക്ക് അങ്ങനെ ചെയ്യുന്നത് വലിയ ഭാരം തന്നെയാകുന്നു (വി:ഖു:2:45). അവര്‍ നമസ്കരിക്കാന്‍ നിന്നാല്‍ അലസരായി നില്‍ക്കുന്നു. ജനത്തെ കാണിക്കുകയാണവര്‍. അല്‍പമായേ അല്ലാഹുവിനെ സ്മരിക്കുന്നുള്ളൂ (4:142).
നമസ്കാരത്തിന്റെ ഏറ്റവും കുറഞ്ഞ അളവാണ് നിര്‍ബന്ധമായ അഞ്ച്. ഐഛികമായി എത്ര കൂടുതല്‍ നമസ്കരിക്കുന്നതും പുണ്യമാണ്. വിശ്വാസിയുടെ മനസ്സില്‍ അബ്ദിയ്യത്തിന്റെ അനുഭൂതി ഉദാത്തമാകുംതോറും അവന്റെ നമസ്കാരം വര്‍ധിച്ചുകൊണ്ടിരിക്കും. കൂട്ടത്തില്‍ ഏറെ വിശിഷ്ടമാണ് രാത്രികാല നമസ്കാരം. "രാത്രി കാലത്ത് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് തഹജ്ജുദ് നമസ്കരിക്കുക. അതു നിനക്ക് ഐഛികമായിട്ടുള്ളതാണ്. വിധാതാവ് നിന്നെ സ്തുത്യര്‍ഹമായ സ്ഥാനത്തേക്കുയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം'' (17:79). "അല്ലയോ മൂടിപ്പുതച്ചുറങ്ങുന്നവനേ, രാത്രി എഴുന്നേറ്റ് നമസ്കരിക്കുക, അല്‍പ സമയമൊഴിച്ച്. പകുതി രാവ്, അല്ലെങ്കില്‍ അതില്‍ അല്‍പം കൂട്ടുകയോ കുറക്കുകയോ ചെയ്തുകൊള്ളുക'' (73:1-4). പ്രവാചകനും അനുചരന്മാരും ഈ കല്‍പന പ്രത്യക്ഷരം അനുസരിച്ചിരുന്നതായും ഖുര്‍ആന്‍ പറയുന്നു: "പ്രവാചകാ നീ ചിലപ്പോള്‍ രാവിന്റെ മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പകുതിയും ചിലപ്പോള്‍ മൂന്നിലൊന്നും നമസ്കരിച്ചു കഴിച്ചുകൂട്ടുന്നത് നിന്റെ നാഥന്‍ അറിയുന്നുണ്ട്. നിന്റെ കൂട്ടുകാരിലൊരു വിഭാഗവും ഇങ്ങനെ ചെയ്യുന്നുണ്ട്'' (73:20). രാത്രി ദീര്‍ഘനേരം നമസ്കാരത്തില്‍ നില്‍ക്കുക മൂലം പ്രവാചകന്റെ കാലുകളില്‍ ചിലപ്പോള്‍ നീരുകെട്ടാറുണ്ടായിരുന്നു. ഒരിക്കല്‍ പ്രവാചക പത്നി ആഇശ ചോദിച്ചു: വന്നുപോയതും വരാവുന്നതുമായ എല്ലാ വീഴ്ചകളും അല്ലാഹു പൊറുത്തു തന്നിരിക്കെ അങ്ങെന്തിനാണ് ആരാധനയില്‍ ഇത്രയേറെ ക്ളേശിക്കുന്നത്?'' പ്രവാചകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "ഞാന്‍ ഒരു നന്ദിയുള്ള അടിമയായിരിക്കേണ്ടതില്ലേ ആഇശാ?''. നരകമോചനത്തിനും സ്വര്‍ഗലബ്ധിക്കുമുപരി അല്ലാഹുവിന്റെ കൂറും സ്നേഹവുമുള്ള അടിമയായിരിക്കുന്നതിന്റെ താല്‍പര്യവുമാണ് വര്‍ധിച്ച നമസ്കാരം.
നമസ്കാരവും അത് പോഷിപ്പിക്കുന്ന ദൈവഭക്തിയും ജീവിതത്തെ സ്വാധീനിക്കുന്നതെങ്ങനെയാണെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു: "നമസ്കാരത്തില്‍ ഭയഭക്തിയുള്ള വിശ്വാസികള്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു. കെടുകാര്യങ്ങളില്‍ നിന്നകന്നു നില്‍ക്കുന്നവരും സംസ്കാര കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നവരുമാണവര്‍. ഗുഹ്യതകള്‍ സൂക്ഷിക്കുന്നവര്‍; സ്വന്തം ഇണകളിലും അധീനതയിലുള്ളവരിലുമൊഴിച്ച്.....അതിനപ്പുറം കാംക്ഷിക്കുന്നവര്‍ അതിക്രമകാരികളാകുന്നു. ഉത്തരവാദിത്തങ്ങളും കരാറുകളും പാലിക്കുന്നവരും നമസ്കാരത്തില്‍ നിഷ്ഠയുള്ളവരുമാണവര്‍'' (23:1-9). "പരമകാരുണികന്റെ യഥാര്‍ഥ അടിമകള്‍ ഭൂമിയില്‍ വിനയാന്വിതരായി ചരിക്കുന്നവരാകുന്നു. അവിവേകികള്‍ തര്‍ക്കിക്കാന്‍ ചെന്നാല്‍ അവര്‍ സലാം എന്നോതി ഒഴിഞ്ഞു പോകുന്നു. വിധാതാവിന് പ്രണാമം ചെയ്തുകൊണ്ടും നിന്നു നമസ്കരിച്ചുകൊണ്ടുമാണവര്‍ രാത്രി കഴിച്ചു കൂട്ടുന്നത്. അവര്‍ പ്രാര്‍ഥിക്കുന്നു: വിധാതാവേ, ഞങ്ങളെ നരകയാതനയില്‍ നിന്ന് മോചിപ്പിക്കേണമേ, നരക യാതന വിട്ടുമാറാത്തതാണല്ലോ. ദുഷ്ടമായ പാര്‍പ്പിടവും താവളവും തന്നെയാണത്. അവര്‍ ചെലവഴിക്കുമ്പോള്‍ ലുബ്ധ് കാട്ടുകയോ ധൂര്‍ത്തടിക്കുകയോ ചെയ്യാതെ രണ്ടിനുമിടയില്‍ മിതത്വം പാലിക്കുന്നു. അല്ലാഹുവിനെയല്ലാതെ മറ്റൊരു ദൈവത്തെയും അവര്‍ പ്രാര്‍ഥിക്കുകയില്ല. അല്ലാഹു ആദരിച്ച ഒരു ജീവനെയും അന്യായമായി ഹനിക്കുകയില്ല. വ്യഭിചരിക്കുകയില്ല. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നതാരായാലും പാപഫലം അനുഭവിക്കുന്നതായിരിക്കും'' (25:63-68).

Comments