Prabodhanm Weekly

Pages

Search

2012 ജൂലൈ 28

ഖുര്‍ആന്‍: വായനയുടെ സാംസ്കാരിക വിപ്ളവം

എം.വി മുഹമ്മദ് സലീം

അതിനിസ്സാരനായ മനുഷ്യനോട് പ്രപഞ്ചനാഥനായ അല്ലാഹു സംസാരിക്കുന്നു. ആ സംസാരമാണ് വിശുദ്ധ ഖുര്‍ആന്‍. അതെത്ര വലിയ അനുഗ്രഹമാണ്. മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ആദരവാണ് അല്ലാഹു അവനെ അഭിസംബോധന ചെയ്യുന്നുവെന്നത്. വിണ്ണില്‍ നിന്നിറങ്ങിയ ആ പ്രകാശധോരണി മണ്ണിനെ പ്രശോഭിതമാക്കി.
ഭൂമിയില്‍ ഇരുട്ടായിരുന്നു. വെളിച്ചമില്ലാത്തപ്പോള്‍ വസ്തുക്കള്‍ക്ക് വര്‍ണഭംഗിയില്ല; രൂപഭംഗിയില്ല. പാതകള്‍ തെളിഞ്ഞു കാണുന്നില്ല. മുന്നിലുള്ളത് നന്മയോ നാശമോ എന്ന് തിരിച്ചറിയാനാവുന്നില്ല. അതിനെല്ലാം വെളിച്ചം അനിവാര്യമാണ്. ഖുര്‍ആനെ അല്ലാഹു വിശേഷിപ്പിക്കുന്നു: "ഇത് നാം നിനക്കവതരിപ്പിച്ചുതന്ന വേദഗ്രന്ഥമാണ്. ജനങ്ങളെ അവരുടെ നാഥന്റെ ഉത്തരവനുസരിച്ച് അന്ധകാരങ്ങളില്‍നിന്ന് വെളിച്ചത്തിലേക്ക് ആനയിക്കാന്‍'' (14:1). ഇരുട്ടിന് അനേകം രൂപഭേദങ്ങളുണ്ട്. ശരീരവും പരിസരവും ഇരുട്ടില്‍. മനസ്സും ആത്മാവും ഇരുട്ടില്‍. അവിടെ നിന്ന് പ്രകാശത്തിലേക്ക് വന്നാല്‍ വ്യക്തതയുള്ള ലോകം. മനുഷ്യരെ ആ വെളിച്ചത്തിലേക്ക് നയിക്കുന്ന ദൈവിക വചനങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍.
വെളിച്ചത്തിന്റെ ലോകം എത്ര അഴകാര്‍ന്നതാണ്! ഭൂമി സസ്യ ശ്യാമളം, വര്‍ണവൈവിധ്യമാര്‍ന്നത്. നിറവും മണവുമേറെയുള്ള പൂക്കള്‍, രുചിഭേദമുള്ള ഫലങ്ങള്‍. പ്രകൃതിക്ക് മാറ്റുകൂട്ടുന്ന പറവകള്‍, ശലഭങ്ങള്‍! എല്ലാം വെളിച്ചത്തില്‍ തെളിഞ്ഞു കാണുന്നു. ഇരുളടഞ്ഞ മനസ്സും ആത്മാവും വെളിച്ചത്തിലേക്കാനയിക്കപ്പെടുമ്പോള്‍ എന്തൊരാനന്ദം! ആ ദൌത്യമാണ് ഖുര്‍ആന്‍ മനുഷ്യരാശിക്കു വേണ്ടി നിര്‍വഹിക്കുന്നത്.
ആത്മാവിന്റെ നിര്‍വൃതി മനുഷ്യന്റെ ഏറ്റവും വലിയ അഭിലാഷമാണ്. സുകൃതങ്ങളാണ് ആത്മാവിന് നിര്‍വൃതി പകരുക. സത്യം പറയുമ്പോള്‍ മനസ്സിനെന്തൊരു സുഖം! അഗതിക്കൊരു സാന്ത്വന വാക്ക്. എന്തൊരാശ്വാസം! പഥികനൊരു പാത്രം പാനീയം! ആ കുളിര്‍മ നാം മനസ്സില്‍ അനുഭവിക്കുന്നു. അപകടത്തിലേക്ക് നീങ്ങുന്ന അന്ധന്റെ കൈപിടിച്ച് വഴിയിലെത്തിക്കുമ്പോള്‍ നാം അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതുപോലെ സമാധാനം.
സുകൃതങ്ങളെ സുന്ദരമായി വിവരിക്കുന്നു ഖുര്‍ആന്‍. വശ്യമധുരമായ വിവരണം. പാപങ്ങളെ വിശദീകരിക്കുമ്പോള്‍ അവയില്‍ നിന്നകലാനുള്ള ഉള്‍പ്രേരണ നമുക്കുണ്ടാവുന്നു. ആത്മീയ മോക്ഷവും ശാശ്വത സൌഭാഗ്യവും സ്വന്തമാക്കാന്‍ പഠിപ്പിക്കുന്ന വേദഗ്രന്ഥം.
നന്മയും തിന്മയും വേര്‍തിരിക്കാന്‍ അറിവ് അനിവാര്യമാണ്. തീക്കനലും രത്നകല്ലും വേര്‍തിരിച്ചറിയാന്‍ കൊച്ചു കുഞ്ഞിന് ആവില്ല. അറിവില്ലാത്ത മനുഷ്യന്‍ ഈ കുഞ്ഞിനെപ്പോലെ തന്നെ. അറിവിന്റെ ഉറവിടമാണ് വായന. ഖുര്‍ആന്‍ എന്നാല്‍ വായന.
വായനയിലൂടെ ജനതയുടെ സംസ്കരണം ഒരു നൂതനാശയമാണ്. ഈ ആശയമാണ് ഏഴാം നൂറ്റാണ്ടില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രാവര്‍ത്തികമാക്കിയത്. യുഗപ്രഭാവരായ ചിന്തകരെയും പരിഷ്കര്‍ത്താക്കളെയും അത് സംഭാവന ചെയ്തു. മാനവിക പുരോഗതിയില്‍ അതുല്യ പങ്കുവഹിച്ച പ്രതിഭകളെ സൃഷ്ടിച്ചു. എല്ലാം 'വായിക്കുക' എന്ന മാസ്മര വാക്യത്തിലൂടെ. ആദ്യമായി വിണ്ണില്‍ നിന്നിറങ്ങിയ സന്ദേശം ഈ അഞ്ചു വാക്യങ്ങളായിരുന്നു. 'വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ രേതസ്കണത്തില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാതിരുന്നത് അവന്‍ പഠിപ്പിച്ചു' (96:1-5).
മണ്ണിന്റെയും വിണ്ണിന്റെയും ഗുണങ്ങള്‍ ഒത്തുചേരുമ്പോള്‍ അത്യുന്നത സവിശേഷതകളുള്ള മനുഷ്യനുണ്ടാകുന്നു. മാലാഖമാരെ പോലും അതിശയിപ്പിക്കുന്ന വലിയ മനുഷ്യര്‍. മാലാഖമാര്‍ പോലും അവരെ സാഷ്ടാംഗം നമിക്കുന്നു. 'അങ്ങനെ ഞാനവനെ രൂപപ്പെടുത്തുകയും എന്റെ ചൈതന്യം അവനില്‍ സന്നിവേശിപ്പിക്കുകയും ചെയ്താല്‍ നിങ്ങളവനെ സാഷ്ടാംഗം നമിക്കുവിന്‍' (15:29) എന്ന് മാലാഖമാരോട് അല്ലാഹുവിന്റെ കല്‍പന.
മനുഷ്യന്‍ ദൈവിക ചൈതന്യത്തിനൊത്ത് വളരണം. എങ്കിലവന്‍ സര്‍വാദരണീയനാകും. പ്രപഞ്ചം അവന്റെ സേവനത്തില്‍ നിരതമാകും. സൃഷ്ടിജാലങ്ങളത്രയും അവനെ പ്രണമിക്കും. മറിച്ച് മണ്ണിലേക്ക് താണാലോ? അവന്‍ അധമരില്‍ അധമനായി മാറും. "തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു. പിന്നെ നാമവനെ അധമരില്‍ അധമനാക്കി'' (95:4,5).
മനുഷ്യനെ നേര്‍ക്കുനേരെ അഭിസംബോധന ചെയ്യുന്ന വേദഗ്രന്ഥമാണിത്. വിവേചനത്തിന്റെ എല്ലാ അതിര്‍വരമ്പുകളും മായ്ച്ചുകളഞ്ഞ് മനുഷ്യകുലത്തെ ഒന്നിച്ച് ഒരുപോലെ വഴികാട്ടുന്ന നിസ്തുല സമീപനം ഖുര്‍ആനിനു സ്വന്തമാണ്. "മനുഷ്യരേ, നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള്‍ക്ക് ഭക്തരായിത്തീരാം'' (2:21). "മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിങ്കല്‍ നിങ്ങളിലേറ്റവും ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭക്തിയുള്ളവനാണ്, തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'' (49:13). ഇരുപത് തവണ ഖുര്‍ആനില്‍ ഈ സംബോധന ആവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഖുര്‍ആന്റെ മാര്‍ഗദര്‍ശനം പരിമിതികളില്ലാതെ മനുഷ്യ വര്‍ഗത്തിലെ ഓരോ അംഗത്തിനും അവകാശപ്പെട്ടതാണ്. പ്രപഞ്ചനാഥനായ സര്‍വജ്ഞനാണ് ഈ മാര്‍ഗദര്‍ശനത്തിന്റെ ഉപജ്ഞാതാവ്. ഖുര്‍ആന്‍ മനുഷ്യനു സമര്‍പ്പിക്കുന്ന മാര്‍ഗദര്‍ശനം സര്‍വോത്കൃഷ്ടമാവാതെ വയ്യ. "ഈ ഖുര്‍ആന്‍ ഏറ്റവും സരളമായ മാര്‍ഗം കാണിച്ചുതരുന്നു'' (17:9). ഈ മാര്‍ഗദര്‍ശനം സമഗ്രമാണ്. "ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്ക് സമ്പൂര്‍ണമാക്കിക്കഴിഞ്ഞിരിക്കുന്നു'' (5.3). മനുഷ്യന്റെ വ്യക്തിതലത്തില്‍ തുടങ്ങി സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളെയെല്ലാം ചൂഴ്ന്നു നില്‍ക്കുന്നു ആ മാര്‍ഗദര്‍ശനം.
മനുഷ്യന് അറിവ് ലഭിക്കാന്‍ അന്വേഷിക്കണം. അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഖുര്‍ആന്‍. അന്വേഷണത്തിന്റെ അനേകം ഉദാഹരണങ്ങള്‍ ഖുര്‍ആനിലുണ്ട്. ജീവിതത്തിന്റെ ഒരു മേഖലയും ഖുര്‍ആനിക മാര്‍ഗദര്‍ശനത്തിന്റെ പുറത്തല്ല എന്ന് ആ ഉദാഹരണങ്ങള്‍ ബോധ്യപ്പെടുത്തും. "ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെക്കുറിച്ച് അവന്‍ നിന്നോട് ചോദിക്കുന്നു. പറയുക: അത് ജനങ്ങള്‍ക്ക് കാലഗണന നടത്താനും ഹജ്ജിന്റെ സമയം നിര്‍ണയിക്കാനുമുള്ളതാണ്'' (2:189).
"അവരെന്താണ് ചെലവഴിക്കേണ്ടതെന്ന് നിന്നോട് ചോദിക്കുന്നു. പറയുക: നിങ്ങള്‍ ചെലവഴിക്കുന്ന നല്ലതെന്തും, മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമാണ് നല്‍കേണ്ടത്'' (2:215). ആദരണീയ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു (2:217). "മദ്യത്തെയും ചൂതാട്ടത്തെയും കുറിച്ചവര്‍ നിന്നോട് ചോദിക്കുന്നു'' (2:219). "തങ്ങള്‍ക്കെന്തെല്ലാമാണ് തിന്നാന്‍ അനുവാദമുള്ളതെന്ന് അവര്‍ നിന്നോട് ചോദിക്കുന്നു'' (5:4). "അനാഥകളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു'' (2:220). "ഋതുകാലത്തെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു'' (2:222). "ആത്മാവിനെക്കുറിച്ചവര്‍ നിന്നോട് ചോദിക്കുന്നു'' (17:85).
അന്വേഷണങ്ങളുടെ ഈ വൈവിധ്യം, പരിശുദ്ധ ഖുര്‍ആന്റെ മാര്‍ഗദര്‍ശനം സമഗ്രവും സമ്പൂര്‍ണവുമാണെന്ന് മനസ്സിലാക്കാന്‍ പര്യാപ്തമാണ്. ജീവിതത്തിന്റെ ഏത് മേഖലയെക്കുറിച്ചും പ്രവാചകന്റെ അനുചരന്മാര്‍ അന്വേഷിക്കുമായിരുന്നു. ഓരോ അന്വേഷണത്തിനും യുക്തമായ വിശദീകരണം ഖുര്‍ആന്‍ നല്‍കുകയും ചെയ്യും.
ഈ മാര്‍ഗദര്‍ശനം സാങ്കല്‍പികമോ ഭാവനാസൃഷ്ടിയോ അല്ല. പ്രായോഗികമാണ്; മനുഷ്യന്റെ പ്രകൃതിയും ദൌര്‍ബല്യവും പരിഗണിച്ചുള്ളതാണ്. "ജ്ഞാനത്തില്‍ അല്‍പം മാത്രമേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ'' (17:85). "മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്'' (4:28).
ഇരുപത്തിമൂന്ന് വര്‍ഷമെടുത്താണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. അതിന്റെ മാര്‍ഗദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ ഒരു സമൂഹത്തെ സജ്ജമാക്കാനായിരുന്നു ഇത്രയും കാലമെടുത്തത്. ലോകം കണ്ട ഏറ്റവും വലിയ അത്ഭുതമായിരുന്നു ഖുര്‍ആന്‍ സാധിച്ച സാമൂഹിക വിപ്ളവം. രക്തക്കൊതിയരും അസഹിഷ്ണുക്കളും അക്രമികളും അധര്‍മകാരികളുമായി വഴിതെറ്റി നടന്ന ഒരു അപരിഷ്കൃത സമൂഹത്തെ വിശ്വ സംസ്കാരത്തിന്റെ വക്താക്കളാക്കി മാറ്റുകയായിരുന്നു വിശുദ്ധ ഖുര്‍ആന്‍.
ഹിംസയില്‍ ഊട്ടപ്പെട്ട മനസ്സുകള്‍ അഹിംസയുടെ വക്താക്കളായി. ജീവന്‍ ഹനിച്ചിരുന്നവര്‍ ജീവന്‍ സംരക്ഷിക്കുന്നവരായി. ക്രൂരത കൈമുതലായുള്ളവര്‍ കാരുണ്യത്തിന്റെ പ്രതീകങ്ങളായി. അധര്‍മകാരികള്‍ ധര്‍മത്തിന്റെ സേനാനികളായി. സ്ത്രീ പീഡകര്‍ സ്ത്രീ സംരക്ഷണത്തിന്റെ മാതൃകാ പുരുഷന്മാരായി. സ്വാര്‍ഥികള്‍ ത്യാഗത്തിന്റെ നിസ്തുല ഉദാഹരണങ്ങളായി. നാടാകെ സമാധാനവും ഐശ്വര്യവും. സമഗ്രമായൊരു സാമൂഹിക വിപ്ളവത്തിനാണ് ഖുര്‍ആന്റെ മാര്‍ഗദര്‍ശനത്തിലൂടെ ലോകം സാക്ഷ്യം വഹിച്ചത്.

എത്ര വായിച്ചാലും മടുപ്പില്ലാതെ
ലോകത്തേറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. ഈ ബൃഹദ് ഗ്രന്ഥം ഹൃദിസ്ഥമാക്കിയ ലക്ഷോപലക്ഷം ഭക്തര്‍ അത് പാരായണം ചെയ്യുന്നു. അര്‍ഥമറിയാതെ പാരായണം ചെയ്യുന്നവരും ധാരാളം. വിശുദ്ധ റമദാനില്‍ മുസ്ലിം ലോകം വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന്റെ ഉത്സവമാക്കുകയാണ്.
ആശയങ്ങളുടെ അവതരണ ശൈലിയിലും ഖുര്‍ആന്‍ വേറിട്ടു നില്‍ക്കുന്നു. അഗാധമായ ആശയങ്ങള്‍ മനസ്സില്‍ പതിയാന്‍ പ്രയാസമുണ്ടാകുമ്പോള്‍ ആശയം വശ്യമധുരമായി ചിത്രീകരിക്കുന്നു. ആ ചിത്രം അനുവാചകന്റെ മനസ്സില്‍ മായാതെ നില്‍ക്കും. അയാളുടെ ഭാവനക്കൊപ്പം അത് ചിറകടിച്ച് പറന്നുയരും.
ഒരു ചിത്രീകരണം ശ്രദ്ധിക്കൂ. "അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുന്നവന്‍ ആകാശത്തുനിന്ന് താഴെ വീണത് പോലെയാണ്. അപ്പോള്‍ പ ക്ഷികള്‍ അവനെ റാഞ്ചിയെടുക്കുന്നു, അല്ലെങ്കില്‍ കാറ്റ് അവനെ അനന്തതയില്‍ തള്ളിവീഴ്ത്തുന്നു'' (22:31).
വിശ്വാസ രംഗത്ത് സംഭവിക്കുന്ന ഗുരുതര വ്യതിയാനമാണ് ബഹുദൈവ വിശ്വാസം. അത് ജീവിതത്തിന്റെ അടിത്തറ ഇളക്കും. എങ്ങോട്ടെന്നറിയാത്ത ഒരനിശ്ചിത പ്രയാണമാണ് ബഹുദൈവ വിശ്വാസിയുടേത്. പ്രതികൂല സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാനാവാതെ ആ ജീവിതം അനിശ്ചിതത്വത്തിന്റെ തടവറയില്‍ അവസാനിക്കും. ഈ ആശയം ലളിതമായി അവതരിപ്പിക്കുന്ന ചിത്രീകരണമാണ് നാം മുകളില്‍ കണ്ടത്. ഉയര്‍ന്നു പറക്കുന്ന വിമാനത്തില്‍നിന്ന് ഒരാള്‍ താഴെ വീഴുന്നു. ആനറാഞ്ചി പക്ഷി അയാളെ റാഞ്ചിയെടുത്ത് കൊണ്ടുപോകുന്നു. അല്ല, പക്ഷിക്കയാളെ കിട്ടിയില്ല. ശക്തിയായ കാറ്റില്‍ അയാള്‍ ഒരു കരിയിലയെന്നോണം ആടിക്കളിച്ചകന്നകന്ന് പോകുന്നു. എങ്ങോട്ടെന്നറിയില്ല. അനന്തതയില്‍ എവിടെയോ ആപതിക്കുമായിരിക്കാം! ഇതുപോലെ ഹൃദ്യമായ അനേകം ചിത്രീകരണങ്ങള്‍ ഖുര്‍ആനിലുണ്ട്.
മനുഷ്യന് സംഭവങ്ങളെ കാലത്തോട് ചേര്‍ത്തേ സങ്കല്‍പിക്കാനാവൂ. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയില്‍ ഒന്നിനോട് ചേര്‍ക്കാതെ ഒരു സംഭവം ഓര്‍ക്കാനാവില്ല. വിശുദ്ധ ഖുര്‍ആന്‍ കാലാതിവര്‍ത്തിയായ പ്രപഞ്ചനാഥന്റെ അരുളപ്പാടുകളാണ്. അതിനാല്‍ കാലസങ്കല്‍പം പുതിയ രൂപത്തിലാണ് ഖുര്‍ആനില്‍. അകലെയുള്ള ഭാവി അനുഭവങ്ങള്‍ക്ക് അനുവാചകന്‍ ദൃക്സാക്ഷിയാവുകയാണ്. അവിടെ കാലസങ്കല്‍പം മാറി: "തങ്ങളുടെ നാഥനെ ധിക്കരിക്കുന്നവര്‍ക്ക് നരകശിക്ഷയാണുള്ളത്. വളരെ ചീത്തയാണാ സങ്കേതം. അതില്‍ തള്ളി വീഴ്ത്തപ്പെട്ടാല്‍ അവരതിന്റെ ഭീകര സ്വരം കേള്‍ക്കും. അത് തിളച്ചുമറിയുകയാണ്. ക്ഷോഭത്താല്‍ അത് പൊട്ടിത്തെറിക്കാറാകും. ഓരോ സംഘവും അതിലേക്കെറിയപ്പെടുമ്പോള്‍ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിച്ചു: നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരാരും വന്നിരുന്നില്ലേ? അവര്‍ പറഞ്ഞു: ഞങ്ങളുടെ അടുക്കല്‍ മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. പക്ഷേ, ഞങ്ങളദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഞങ്ങള്‍ പറഞ്ഞു: അല്ലാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കൊടിയ വഴികേടിലാണ്. അവര്‍ കേണു: ഞങ്ങള്‍ കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നെങ്കില്‍ നരകാവകാശികളില്‍ പെടില്ലായിരുന്നു. അങ്ങനെ അവര്‍ കുറ്റം ഏറ്റുപറഞ്ഞു. നരകത്തീയിന്റെ അവകാശികള്‍ക്ക് നാശം!'' (67:6-11).
മരണാനന്തര ജീവിതത്തിലെ അതിഭീകര രംഗമാണീ വചനങ്ങളില്‍. ഇതത്രയും വരാനിരിക്കുന്നവയാണല്ലോ. അതിനാല്‍ ഖുര്‍ആന്റെ ഭാഷയില്‍ മാത്രം ഇതിന് ഭൂതകാല പ്രയോഗം ചേരും. പരിഭാഷകളില്‍ ക്രിയാരൂപം കാലഭേദങ്ങളോടെ എഴുതിക്കാണാം. കാരണം മറ്റൊരു കൃതിയിലുമില്ലാത്ത പ്രത്യേക ശൈലിയാണ് ഖുര്‍ആന്റേത്.
ഒരു ദൃശ്യം കണ്‍മുന്നില്‍ സംഭവിച്ചത് പോലെ ചിത്രീകരിക്കുന്നതാണ് ഏറ്റവും ശക്തമായ അവതരണ ശൈലി. വിശുദ്ധ ഖുര്‍ആന്‍ ഈ ശൈലി ധാരാളമായി പ്രയോഗിക്കുന്നു. അനുവാചകന്‍ ശ്രോതാവല്ല, ദൃക്സാക്ഷിയാണ്. എല്ലാം സംഭവിക്കുന്നത് അയാളുടെ മുമ്പിലാണ്. ഇത് മനസ്സിലാക്കി പാരായണം ചെയ്താല്‍ ആ ശൈലി അത്യന്തം ആകര്‍ഷകമായി അനുഭവപ്പെടും.
വായന സുഗമമാക്കുന്ന ഒരു പ്രധാന ഘടകമാണ് ഖുര്‍ആനിലെ കഥാകഥനം. ചരിത്രാതീതകാലം മുതല്‍ കഥകള്‍ ആശയവിനിമയ രംഗത്ത് സ്ഥിര പ്രതിഷ്ഠ നേടിയിട്ടുണ്ട്. ഭാവനക്ക് സീമകള്‍ നിശ്ചയിക്കാതിരിക്കാന്‍ 'കഥയില്‍ ചോദ്യമില്ല' എന്ന തത്ത്വം സര്‍വരാലും അംഗീകരിക്കപ്പെട്ടുപോന്നു. ഗുണപാഠമുള്ള കഥകളിലൂടെ സനാതന മൂല്യങ്ങള്‍ പിഞ്ചു മനസ്സുകളില്‍ നട്ടുവളര്‍ത്താന്‍ മുത്തശ്ശിമാര്‍ കഥ പറയും. വിശ്വസാഹിത്യത്തിന്റെ ഏറിയ കൂറും കഥാകഥനം കവര്‍ന്നെടുത്തു.
ഈ സാഹിത്യശാഖയാണ് പുതുമയോടെ, വശ്യതയോടെ കാലാതിവര്‍ത്തിയായ ശൈലിയില്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. സംഭവ കഥകളെ ഒരു നാടകം പോലെ രംഗസംവിധാനത്തിനൊത്ത് അവതരിപ്പിക്കുകയെന്നത് ഖുര്‍ആന്റെ നവീന ശൈലികളിലൊന്നാണ്. ഖുര്‍ആനിലെ 12-ാം അധ്യായം ഏതാണ്ട് പൂര്‍ണമായും ഒരു കഥയാണ്.
കഥാകഥനത്തില്‍ പല വൈവിധ്യങ്ങളും ഖുര്‍ആനില്‍ കാണാം. കഥാപാത്രങ്ങള്‍ അറിയാത്ത കാര്യങ്ങള്‍ പ്രേക്ഷകര്‍ നേരത്തെ അറിയുക, ആകാംക്ഷയോടെ കഥാപാത്രങ്ങളുടെ പ്രതികരണം കാത്തിരിക്കുക, ഇതൊരു രീതിയാണ്. അല്‍ഖലം അധ്യായത്തില്‍ 17 മുതല്‍ 37 വരെ വചനങ്ങളില്‍ പ്രതിപാദിക്കുന്ന തോട്ടക്കാരുടെ കഥ ഇതിനുദാഹരണമാണ്. കഥയുടെ മധ്യഭാഗം ആദ്യം പരാമര്‍ശിച്ചു തുടങ്ങുകയും പിന്നീട് ആദ്യഭാഗത്തേക്ക് തിരിച്ചുപോവുകയും ചെയ്യുന്ന ഫ്ളാഷ് ബാക്ക് മറ്റൊരു രീതിയാണ്. ത്വാഹാ അധ്യായത്തില്‍ ഒമ്പതാം വചനം മുതല്‍ ആരംഭിക്കുന്ന കഥ 37-ാം വചനത്തില്‍ ഫ്ളാഷ് ബാക്കായി 41 വരെ തുടരുന്നു. 42 മുതല്‍ വീണ്ടും ആദ്യ കഥനത്തിലേക്ക് തിരിച്ചുവരുന്നു.
ഭാവനക്ക് വഴങ്ങാത്ത വസ്തുതകള്‍ ആശയവിസ്മയം സൃഷ്ടിച്ച് അവതരിപ്പിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍. "പര്‍വതങ്ങള്‍ ഖുര്‍ആനെ താങ്ങാനാവാതെ പൊട്ടിത്തകരുന്നു'' പോലുള്ള പ്രയോഗങ്ങള്‍ ഉദാഹരണം.
മനുഷ്യന്റെ ഭാവന പഞ്ചേന്ദ്രിയ ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പഞ്ചേന്ദ്രിയ ജ്ഞാനത്തിനപ്പുറമുള്ള അദൃശ്യലോകത്തെ അതിമനോഹരമായി, അതിസൂക്ഷ്മമായി ചിത്രീകരിച്ചത് വിശുദ്ധ ഖുര്‍ആന്റെ അമാനുഷിക ശൈലിയുടെ പ്രത്യേകതയാണ്. സ്വര്‍ഗലോകത്തെ ആനന്ദവും നരക ശിക്ഷയുടെ കൊടും ഭീകരതയും കണ്‍മുമ്പിലെന്ന പോലെ ഖുര്‍ആന്‍ വര്‍ണിക്കുന്നു.
വായന സാധാരണ ആവര്‍ത്തനവിരസതയുണ്ടാക്കും. വിശുദ്ധ ഖുര്‍ആന്‍ ഇതിനപവാദമാണ്. വായിക്കുന്തോറും വീണ്ടും വായിക്കാന്‍ തോന്നുന്ന ഗ്രന്ഥം. ഓരോ വായനയും പുതിയ അനുഭവമാക്കി മാറ്റുന്ന വശ്യ മനോഹാരിത.
ഖുര്‍ആന്റെ വായന ആത്മസംസ്കരണത്തിനുള്ള മികച്ച ഉപാധിയാക്കി മാനവരാശിക്ക് വഴികാണിക്കാന്‍ നമുക്ക് സാധിക്കുമാറാകട്ടെ.
msaleemmv@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍