Prabodhanm Weekly

Pages

Search

2012 ജൂലൈ 28

ഗുണകാംക്ഷയുള്ള വിമര്‍ശനം

കെ. എ ജബ്ബാര്‍ അമ്പലപ്പുഴ

'മുജാഹിദ് പ്രസ്ഥാനം പ്രതിസന്ധിയുടെ വേരുകള്‍' (ലക്കം 6) എന്ന സദ്റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനം സഹോദര സംഘടനയോടുള്ള ഗുണകാംക്ഷയായി വിലയിരുത്താം. നിലവിലുള്ള ഒരു സംഘടനയും വിമര്‍ശനത്തിനതീതമല്ല. അതംഗീകരിച്ചാല്‍ ഗുണകാംക്ഷയുള്ളതും സൃഷ്ടിപരവുമായ ഏതു വിമര്‍ശനത്തെയും സ്വാഗതം ചെയ്യാനുള്ള വിശാലതയുണ്ടാവുകയും പരസ്പര സഹകരണത്തിനും ഐക്യത്തിനുമുള്ള വഴിയൊരുങ്ങുകയും ചെയ്യും. വിമര്‍ശനങ്ങളെയും മറ്റു സംഘടനകളുടെ പരിപാടികളെയും അസഹിഷ്ണുതയോടെ കാണുകയും ഇസ്ലാമിക സംസ്കൃതിക്ക് അന്യമായ ശൈലി സ്വീകരിക്കുകയും ചെയ്യുന്നതുകൊണ്ട് അനുയായികളെ ആവേശപ്പെടുത്താനോ അംഗസംഖ്യ വര്‍ധിപ്പിക്കാനോ കഴിഞ്ഞെന്ന് വരാം; പക്ഷേ ഗുണനിലവാരം വളരെ താണുപോയിരിക്കും.
മുജാഹിദുകളുടെ പിളര്‍പ്പിനു ശേഷമുള്ള പരസ്പര പോര്‍ വിളി ഇതിന് തെളിവാണ്. ഇസ്ലാം സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മതമാണെന്ന് അടിക്കടി കാമ്പയിന്‍ നടത്തുമ്പോഴും സ്വന്തം കര്‍മങ്ങളില്‍ സമാധാനവും സഹിഷ്ണുതയും ഇല്ലാതാകുന്നതിന്റെ വൈരുധ്യം കാണാതെ പോകുന്നു.
ഇസ്ലാമിലെ സാമൂഹികവശത്തിനു ഊന്നല്‍ നല്‍കുന്നതിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമിയെ മതരാഷ്ട്രവാദികള്‍ എന്ന മുദ്ര ചാര്‍ത്തി പരിഹസിക്കുന്നവര്‍ തന്നെ പലിശരഹിത ബാങ്കിംഗിനെക്കുറിച്ച് സെമിനാര്‍ നടത്തുന്നു. അറബ് വസന്തവും വാള്‍സ്ട്രീറ്റ് പ്രക്ഷോഭവുമൊക്കെ പല ചിന്താ മാറ്റങ്ങള്‍ക്കും കാരണമായേക്കാം. ഒരു സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയോടുള്ള അന്ധമായ വിധേയത്വം കൊണ്ടു മാത്രം ജമാഅത്തിന്റെ നിലപാടുകളെ മുന്‍ പിന്‍ നോക്കാതെ എതിര്‍ക്കേണ്ടിവരുന്ന പതിവു രീതി മാറ്റേണ്ടിയിരിക്കുന്നു. ഏതൊരു സംഘടനയുടെയും അന്തഃഛിദ്രം കൂടിയ അളവില്‍ ശബ്ദമലിനീകരണത്തിനും പരിസര മലിനീകരണത്തിനും കാരണമാകുന്നതോടൊപ്പം നമ്മുടേതുപോലുള്ള ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ മുഖം വികൃതമാക്കാനും ഇടവരുത്തും എന്ന യാഥാര്‍ഥ്യം എല്ലാവരും ഓര്‍ക്കുന്നത് നന്ന്.

വി.എം ഷാനവാസ് പെരിങ്ങോട്ടുകര
'മാലിന്യ കേരളത്തിന്റെ വര്‍ത്തമാനം' (2012 ജൂലൈ 7) എന്ന ബഷീര്‍ തൃപ്പനച്ചിയുടെ ലേഖനം നന്നായി. മാലിന്യ സംസ്കരണത്തിന് സര്‍ക്കാറുകള്‍ പല പദ്ധതികളും കൊണ്ടുവരും. പക്ഷേ, അവയൊന്നും ഫലപ്രദമായി നടപ്പിലാക്കില്ലെന്നു മാത്രം. മുമ്പ് നടപ്പിലാക്കിയതാകട്ടെ നിലനിര്‍ത്താന്‍ പറ്റുന്നുമില്ല. മാലിന്യ സംസ്കരണത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുകള്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.

ജീവനുള്ള റമദാന്‍
പ്രബോധനം റമദാന്‍ പതിപ്പ് ഉന്നത നിലവാരം പുലര്‍ത്തി. റമദാനിലെ നോമ്പ് തഖ്വ വളര്‍ത്താനും സ്വര്‍ഗപ്രവേശം സാധ്യമാക്കാനുമാണ് അല്ലാഹു നിശ്ചയിച്ചത്. ആരോഗ്യരംഗത്ത് വ്രതം നല്‍കുന്ന 'സൈഡ് ഗുണം' ഇന്ന് മാധ്യമങ്ങളിലും വഅ്ദുകളിലും പ്രാധാന്യത്തോടെ പൊലിപ്പിച്ചവതരിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. 30-40 വര്‍ഷകാലം നോമ്പ് എടുത്തശേഷം വീണ്ടും ജനങ്ങള്‍ തിന്മയിലേക്ക് തിരിച്ചുപോകന്നത് റമദാന്‍ നമുക്ക് 'തഖ്വ തരാത്തത്' കൊണ്ടാണ്. ഓരോരുത്തരും റമദാന്‍ നല്‍കിയ ചൈതന്യം ജീവിതത്തില്‍ പകര്‍ത്തിയാല്‍ മുസ്ലിം മഹല്ലുകളിലെങ്കിലും വിവാഹധൂര്‍ത്ത്, ദാരിദ്യ്ര നിര്‍മാര്‍ജനം, വിദ്യാഭ്യാസം, വീടു നിര്‍മാണം, ഭക്ഷണത്തിലെ ലാളിത്യം, മഹല്ല് തലത്തിലെ സ്വദഖ, സകാത്തിന്റെ സംഘടിത വിതരണം തുടങ്ങിയവയിലൊക്കെ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാനാവും. ഹല്‍ഖാ അമീര്‍ പറഞ്ഞപോലെ, എല്ലാ വിഭാഗം പണ്ഡിതരെയും ഒന്നിച്ചിരുത്തി, ഭിന്നതകള്‍ മാറ്റിവെച്ച്, മഹല്ലടിസ്ഥാനത്തില്‍ സംയുക്തമായി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വിസ്മയിപ്പിക്കുന്നതായിരിക്കും. റമദാനെ തീറ്റ മാസമാക്കി മാറ്റുന്ന നോമ്പുതുറ പരിപാടിയോട് സ്ത്രീകള്‍ ശക്തമായി വിയോജിക്കണം. തറാവീഹ് നമസ്കാരത്തിനും മഗ്ഫിറത്ത് തേടലിനുമൊക്കെ ആളുകള്‍ക്ക് കൂട്ടമായി എത്താനുള്ള സംവിധാനമുണ്ടാക്കണം. റമദാന്‍ നമുക്ക് ജീവന്‍ തുടിക്കുന്നതാകട്ടെ.
ഡോ. അബൂബക്കര്‍
മെഡികെയര്‍ സ്പെഷ്യാലിറ്റി സെന്റര്‍, കാഞ്ഞങ്ങാട്


സ്വര്‍ഗം തേടി പഞ്ചാബിലേക്ക്
ഈയിടെ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ മരിച്ച ഒരാളുടെ മൃതദേഹം വളരെ വിദൂരമായ പഞ്ചാബിലെ ഒരു ഗ്രാമത്തിലാണ് സംസ്കരിച്ചത്. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച്, പിറ്റേദിവസം എംബാം ചെയ്ത് ആംബുലന്‍സില്‍ നെടുമ്പാശ്ശേരിയിലെത്തിച്ച്, വിമാനത്തില്‍ അമൃതസറിലും വീണ്ടും ആംബുലന്‍സില്‍ നാല് മണിക്കൂര്‍ യാത്ര ചെയ്ത് ഖാദിയാന്‍ ഗ്രാമത്തിലും എത്തിക്കുകയായിരുന്നു. കൂടെ പോകുന്ന മൂന്ന് പേരുടെയും മൂന്നിരട്ടിയോളം വരുന്ന മൃതദേഹത്തിന്റെ ടിക്കറ്റ് ചാര്‍ജും മറ്റുമായി ഒരു ലക്ഷത്തിലേറെ ചെലവ് വരുന്ന ഈ ശവസംസ്കാരത്തിന് പിന്നിലെ മൂഢവിശ്വാസം തുറന്നു കാണിക്കാന്‍ വേണ്ടിയാണ് ഈ കുറിപ്പ്.
ഇസ്ലാമിലെ സാമൂഹിക ബാധ്യതകള്‍ അയത്ന ലളിതവും പണച്ചെലവ് കുറഞ്ഞതുമാണ്. മൃതദേഹം കുളിപ്പിച്ച ശേഷം വിലകുറഞ്ഞ വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ് രണ്ട് മിനിറ്റ് നേരം പ്രാര്‍ഥന നടത്തി, കുഴിയെടുത്തു മറവു ചെയ്യുന്നതോടെ സാമൂഹിക ബാധ്യത നിറവേറുന്നു. ഇത്തരമൊരു ലളിതമായ കാര്യത്തിനാണ് വമ്പിച്ച ധനവും അധ്വാനവും ചെലവഴിക്കുന്നത്. ഒരു പ്രത്യേക സ്ഥലത്ത് സംസ്കരിക്കുന്നത് കൊണ്ടു മാത്രം സ്വര്‍ഗം നേടാമെന്ന അന്ധവിശ്വാസമാണ് ഇതിന്റെ പ്രേരകമെന്നറിയുമ്പോഴാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചില കള്‍ട്ടുകളുടെ മൂഢതയുടെ ആഴം ബോധ്യപ്പെടുക.
അഹ്മദിയാ മതത്തിലെ ഖാദിയാനി വിഭാഗമാണ് സ്വര്‍ഗപ്രവേശത്തിനായി ഈ 'ലളിത' മാര്‍ഗം സ്വീകരിക്കുന്നത്. അഹ്മദിയാ പ്രവാചകന്റെ ജന്മസ്ഥലമായ ഖാദിയാന്‍ ഗ്രാമത്തില്‍ നാലഞ്ച് ഏക്കര്‍ സ്ഥലം മതില്‍ കെട്ടി വേര്‍തിരിച്ച്, മരങ്ങളും ചെടികളും വളര്‍ത്തി, നല്ല ഭംഗിയിലും വൃത്തിയിലും പരിപാലിച്ചുവരുന്നുണ്ട്. അതിന് 'ബഹശ്തി മഖ്ബറ' (സ്വര്‍ഗീയ ശ്മശാനം) എന്ന് പേരിടുകയും അവിടെ സംസ്കരിക്കപ്പെടുന്നവര്‍ ചോദ്യം ചെയ്യപ്പെടാതെ സ്വര്‍ഗത്തിലെത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് അവരുടെ 'പ്രവാചകന്‍.' അവിടെ സംസ്കരിക്കുന്നതിനും അദ്ദേഹം ചില ഉപാധികള്‍ നിശ്ചയിച്ചു.
"ഇവിടെ സംസ്കരിക്കേണ്ടവര്‍ ജീവിതകാലത്ത് വരുമാനത്തിന്റെ പത്തു ശതമാനവും മരണശേഷം സ്വത്തിന്റെ പത്തിലൊരു ഭാഗവും അഹ്മദിയാ നേതൃത്വത്തിന് നല്‍കുമെന്ന് വസ്വിയ്യത്ത് ചെയ്യണം.''
വസ്വിയ്യത്ത് രജിസ്റര്‍ ചെയ്യുന്നതോടെ പരാതിക്കാരുണ്ടോ എന്നറിയാനായി അത് പത്രത്തില്‍ പരസ്യം ചെയ്യുന്നു. തുടര്‍ന്ന് അവന്റെ ജീവിത വിശുദ്ധി പരിശോധിക്കാനായി പ്രാദേശിക ഘടകത്തിലെ രണ്ട് പേരെ രഹസ്യമായി ചുമതലപ്പെടുത്തുന്നു. അവരുടെ സാക്ഷ്യപത്രം (സാക്ഷ്യപത്രത്തിന്റെ മാതൃകയും വിശദവിവരങ്ങളും 'ഖാദിയാനിസം 9 രേഖകള്‍' എന്ന പുസ്തകത്തില്‍ വായിക്കാം), ടിയാന്‍ സംശുദ്ധ ജീവിതം നയിക്കുന്ന (മുത്തഖി) ആളാണെന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ വസ്വിയ്യത്ത് സ്വീകരിക്കുകയും വരുമാനത്തിന്റെ വിഹിതം വാങ്ങിത്തുടങ്ങുകയും ചെയ്യുന്നു.
വര്‍ഷം തോറും കോടിക്കണക്കിന് രൂപയാണ് ഈയിനത്തില്‍ ബഹശ്തീ മഖബറ കമ്മിറ്റിക്ക് ലഭിക്കുന്നത്. വിഭജനശേഷം പാകിസ്താനിലേക്ക് പോയ ഖലീഫ രണ്ടാമന്‍ അവിടെയും, അവിടെ നിന്ന് ബ്രിട്ടനില്‍ അഭയം തേടിയ നാലാം ഖലീഫ ലണ്ടനിലും ബഹശ്തീ മഖ്ബറയുടെ ശാഖകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നതില്‍ നിന്ന് ഇത് നല്ലൊരു വരുമാന മാര്‍ഗമാണെന്ന് മനസ്സിലാക്കാം.
1905-ല്‍ തുടങ്ങിയതാണ് ഈ പദ്ധതി. നേരത്തെ തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്ന് മാത്രമായിരുന്നു മയ്യിത്ത് വണ്ടികള്‍ എത്തുക. ദൂര പ്രദേശങ്ങളിലുള്ളവരെ നാട്ടില്‍ തന്നെ പെട്ടിയില്‍ മറവു ചെയ്യുകയും വാര്‍ഷിക സമ്മേളനത്തിന് പോകുമ്പോള്‍ 'ശേഷിപ്പുകള്‍' മാന്തിയെടുത്ത് ചെറിയ സഞ്ചികളിലാക്കി കൊണ്ടുപോവുകയുമായിരുന്നു പതിവ്. ഇപ്പോള്‍ പണവും സൌകര്യവും കൂടിയതോടെയാണ് നേരിട്ടു കൊണ്ടുപോകുന്നത്.
ഇവിടെ രണ്ടു തരത്തിലുള്ള ഖബ്റുകളാണുള്ളത്. മൃതദേഹം മറവു ചെയ്ത സാധാരണ ഖബ്റുകളും ശേഷിപ്പുകള്‍ അടക്കിയ കുഴികളും. അവയുടെ മീസാന്‍ കല്ലുകള്‍ ചെറിയ മതിലു പോലെ തോന്നിക്കും. അതിന്മേല്‍ ഊരും പേരും അത്യാവശ്യ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ശേഷിയില്ലാത്തവര്‍ സ്വര്‍ഗത്തില്‍ പോകേണ്ട എന്നാവാം! അത്തരം പാവങ്ങള്‍ക്കായി അടുത്തുതന്നെ മറ്റൊരു ശ്മശാനമുണ്ട്. പണം നല്‍കാത്തതിനാല്‍ അവരിലെ രക്തസാക്ഷികള്‍ പോലും ഈ മഖ്ബറയിലാണ് സംസ്കരിക്കപ്പെട്ടിട്ടുള്ളത്. അതാകട്ടെ ചതുപ്പുനിലത്തായതുകൊണ്ട് ചെളിനിറഞ്ഞുകിടക്കുകയാണ്.
കേരളത്തിലെ ഖാദിയാനീ പ്രദേശങ്ങളില്‍ നിന്ന് ഇനിയും എത്രയോ പേര്‍ വസ്വിയ്യത്ത് ചെയ്ത് സ്വര്‍ഗത്തിലേക്കുള്ള വിമാനവും കാത്തിരിക്കുന്നുണ്ട്. സ്വര്‍ഗം ഉറപ്പാണെങ്കില്‍ പിന്നെ ഏത് ഹിമാലയത്തിലും കൊണ്ടുപോയി സംസ്കരിക്കാന്‍ വിശ്വാസികള്‍ തയാറാകുമല്ലോ!
അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍


ഗരോഡിയുടെ പുസ്തകം
റജാ ഗരോഡിയെക്കുറിച്ച മൂസക്കുട്ടി വെട്ടിക്കാട്ടിരിയുടെ കുറിപ്പില്‍ (ലക്കം 5) ഗരോഡിയുടെ സയണിസം, മാര്‍ക്സിസവും കലയും എന്നീ കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് എഴുതിക്കണ്ടു. റജാ ഗരോഡിയുടെ ജീവനുള്ള ഇസ്ലാം എന്ന കൃതിയും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. പൂങ്കാവനം ബുക്സ് ആണ് പ്രസാധകര്‍. വിവര്‍ത്തകന്‍ പി.എം.കെ ഫൈസി.
ഹസനുല്‍ ബന്ന കുഞ്ഞിമംഗലം 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍