Prabodhanm Weekly

Pages

Search

2012 ജൂലൈ 21

ഹമാസ് -ജോര്‍ദാന്‍ ബന്ധം വീണ്ടും വിളക്കിച്ചേര്‍ക്കുന്നു

മൂസക്കുട്ടി വെട്ടിക്കാട്ടിരി

1999 ല്‍ ചില ഹമാസ് നേതാക്കളെ ജോര്‍ദാന്‍ പുറത്താക്കിയതിനെ തുടര്‍ന്ന് മുറിഞ്ഞ ഹമാസ് ജോര്‍ദാന്‍ ബന്ധം വീണ്ടും പൂര്‍വസ്ഥിതിയിലേക്ക്. ഖാലിദ് മിശ്അല്‍ നയിക്കുന്ന ഹമാസ് സൌഹൃദ സംഘം ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഹമാസ് ജോര്‍ദാന്‍ ബന്ധത്തില്‍ മഞ്ഞുരുക്കമുണ്ടായത്. കഴിഞ്ഞ ജനുവരിയില്‍ ഖത്തര്‍ കിരീടാവകാശി തമീം ബിന്‍ ഹമദ് രാജകുമാരന്റെ മധ്യസ്ഥതയില്‍ ഹമാസ് ദൌത്യ സംഘം ജോര്‍ദാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജോര്‍ദാനില്‍ ഈ വര്‍ഷാവസാനം നടക്കുമെന്നു കരുതപ്പെടുന്ന പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ജോര്‍ദാനിലെ മുസ്ലിം ബ്രദര്‍ഹുഡിനെ പ്രേരിപ്പിക്കുന്നതിന് ഹമാസ് മധ്യസ്ഥം വഹിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഹമാസ് നേതാവ് നിഷേധിച്ചു. തെരഞ്ഞെടുപ്പ് നിയമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി ജോര്‍ദ്ദാന്‍ മുസ്ലിം ബ്രദര്‍ഹുഡ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇറാന്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്ന്
ഈജിപ്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഡോ.മുഹമ്മദ് മുര്‍സിക്കെതിരെ ഇതാദ്യമായി മാധ്യമ വിവാദവുമായി ഇറാന്‍ രംഗത്ത്. ഫല പ്രഖ്യാപനം വരുന്നതിന്റെ അല്‍പം മുമ്പ് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ \'ഫാരിസി\'ന് അനുവദിച്ച ഒരഭിമുഖത്തില്‍ \'മേഖലയിലെ ശക്തി സന്തുലനത്തിന് ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തു\'മെന്ന് ഡോ.മുര്‍സി പറഞ്ഞുവെന്ന വാര്‍ത്തയാണ് വിവാദമായത്. എന്നാല്‍ ഇത്തരത്തില്‍ ഒരഭിമുഖവും \'ഫാരിസു\'മായി നടത്തിയിട്ടില്ലെന്ന് ഡോ.മുര്‍സിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിച്ചിരുന്ന ഫരീദ് അല്‍സയ്യിദ് പറഞ്ഞു. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മേഖലയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്നും ഡോ. മുര്‍സിയുടെ രാഷ്ട്രീയകാര്യ വിഭാഗം ആരോപിച്ചു. വിവിധ ലോക രാഷ്ട്രങ്ങളുമായി കഴിഞ്ഞ സര്‍ക്കാറുകള്‍ ഒപ്പുവെച്ച കരാറുകളെ മാനിക്കുമെന്നും താന്‍ മുഴുവന്‍ ഈജിപ്തുകാരുടെയും പ്രസിഡന്റാണെന്നും ഡോ.മുഹമ്മദ് മുര്‍സി വ്യക്തമാക്കി.
ശൈഖ് യൂസുഫ് എസ്റ്റസ്
ഇസ്ലാമിക വ്യക്തിത്വം

പ്രശസ്ത അമേരിക്കന്‍ ഇസ്ലാമിക പ്രവര്‍ത്തകനും പണ്ഡിതനുമായ ശൈഖ് യൂസുഫ് എസ്റ്റസ് 2012 ലെ ഇസ്ലാമിക വ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ടു. 16-ാമത് ദുബായ് അന്താരാഷ്ട്ര വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡിനാണ് അദ്ദേഹം അര്‍ഹനായത്. പാശ്ചാത്യനാടുകളില്‍ ഇസ്ലാമിക പ്രചാരണത്തിന് അദ്ദേഹം നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് Dubai International Holy Quran Award (DIHQA) കമ്മിറ്റി ചെയര്‍മാന്‍ ഇബ്റാഹിം മുഹമ്മദ് ബൂമില്‍ഹ പറഞ്ഞു. ക്രിസ്ത്യന്‍ മിഷ്നറി കുടുംബത്തില്‍ ജനിച്ച ജോസഫ് എഡ്വാര്‍ഡ് എസ്റ്റസ് മുപ്പത് വര്‍ഷത്തോളം നീണ്ട ജൂത, ക്രൈസ്തവ, ഇസ്ലാം, ഹിന്ദു, ബുദ്ധ മത പഠനങ്ങള്‍ക്കൊടുവില്‍ 1994 ലാണ് ഇസ്ലാം സ്വീകരിച്ചത്.
പ്രഥമ ദുബായ് അന്താരാഷ്ട്ര വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡിന് അര്‍ഹനായത് പ്രസിദ്ധ ഈജിപ്ഷ്യന്‍ പണ്ഡിതനായിരുന്ന മുഹമ്മദ് മുതവല്ലി അല്‍ശഅ്റാവിയായിരുന്നു. അബുല്‍ ഹസന്‍ അലി നദ്വി, യൂസുഫുല്‍ ഖറദാവി, അലി ഇസ്സത്ത് ബെഗോവിച്ച്, മുറാദ് ഹോഫ്മാന്‍ തുടങ്ങിയ പ്രമുഖരും അവാര്‍ഡ് ലഭിച്ചവരില്‍പെടും.
റോഹിങ്ക്യ കരഞ്ഞുതന്നെ
മ്യാന്‍മര്‍ സര്‍ക്കാര്‍ സൈന്യം റോഹിങ്ക്യ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളോട് തുടരുന്ന പക്ഷപാതപരമായ നിലപാടില്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധിച്ചു. സുരക്ഷാസേനയുടെ ക്രൂരത അവസാനിപ്പിക്കണമെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഏഷ്യന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എലിന പിയേഴ്സണ്‍ ആവശ്യപ്പെട്ടു. അറസ്റ് ചെയ്യപ്പെടുന്നവരെ കുറ്റം ചുമത്താതെ തടവില്‍ വെക്കുന്നതും കുടുംബങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം നിഷേധിക്കുന്നതും നിര്‍ത്തണമെന്നും സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. റോഹിങ്ക്യ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ മാര്‍ഗ് ബുദ്ധിസ്റുകള്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുന്നതായി പരാതി ഉയര്‍ന്നെങ്കിലും മ്യാന്‍മര്‍ സര്‍ക്കാര്‍ രക്ഷക്കെത്തുന്നില്ലെന്നും മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. അതിനിടെ, രാജ്യത്ത്് അക്രമത്തിനിരയാകുന്ന റോഹിങ്ക്യ വിഭാഗം മ്യാന്‍മര്‍ ജനാധിപത്യ മുന്നണിപ്പോരാളി ആങ് സാന്‍ സൂ കി (അൌിഴ ടമി ടൌൌ ഗ്യശ)യുമായി ബന്ധപ്പെട്ടെങ്കിലും സഹായിക്കാന്‍ മുന്നോട്ടുവന്നില്ലെന്നും ആരോപണമുണ്ട്.
ഇനി ശരീരം മറച്ച് പന്തുകളിക്കാം
ശരീരം മറയുന്ന വസ്ത്രം ധരിച്ച് ഫുട്ബോള്‍ കളിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് \'ഫിഫ\' നീക്കിയതോടെ \'ഹിജാബി\'ന്റെ പേരില്‍ വിട്ടുനില്‍ക്കുന്ന മുസ്ലിം വനിതാ ടീമുകള്‍ക്ക് ഇനി കളത്തിലിറങ്ങാം. ഫിഫയുടെ തീരുമാനത്തെ അറബ് മുസ്ലിം നാടുകള്‍ സ്വാഗതം ചെയ്തു. തീരുമാനം ഇറാനെയാണ് കൂടുതല്‍ സന്തോഷിപ്പിക്കുക. വസ്ത്രവിലക്കിനെതിരെ നിരന്തരം പോരാടിയ രാജ്യമാണ് ഇറാന്‍. ഫിഫ വൈസ് പ്രസിഡണ്ടായ ജോര്‍ദാനിലെ അലി ബിന്‍ അല്‍ഹുസൈന്‍ രാജകുമാരന്‍ നടത്തിയ ഒരു വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് വിലക്ക് നീക്കാന്‍ ഫിഫ തീരുമാനിച്ചത്. ശരീരം മറയുന്ന വസ്ത്രം ധരിക്കുന്നത് സുരക്ഷാ ഭീഷണിയാവുകയില്ലെന്ന അദ്ദേഹത്തിന്റെ വാദം അവസാനം ഫിഫ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഫ്രാന്‍സ് ഫുട്ബോള്‍ ഫെഡറേഷന്‍ \'ഹിജാബ്\' അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കി. തീരുമാനത്തെ ഫ്രാന്‍സിലെ ഫെമിനിസ്റുകള്‍ സ്വാഗതം ചെയ്തു.
\'ബിന്‍ അലി\'യുടെ സഹചാരികളെ
മാറ്റിനിര്‍ത്താന്‍ പുതിയ നിയമം
തുനീഷ്യയില്‍ നിന്ന് പുറത്താക്കപ്പെട്ട സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ സഹായികളും ഭരണകൂട പറ്റുകാരുമായിരുന്ന ആറായിരത്തോളം പേരെ രാഷ്ട്രീയ രംഗത്തുനിന്ന് മാറ്റിനിര്‍ത്താന്‍ പാര്‍ലമെന്റില്‍ നിയമ ഭേദഗതി കൊണ്ടുവന്നു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്ന് വിലക്കുന്ന നിയമം ഭരണ കക്ഷിയായ അന്നഹ്ദയടക്കമുള്ള സഖ്യകക്ഷികളാണ് കൊണ്ടുവന്നത്. ബിന്‍അലി ഭരണകൂടത്തില്‍ വിവിധ സ്ഥാനമാനങ്ങള്‍ നല്‍കി \'അനുഗ്രഹിക്ക\'പ്പെട്ടവരാണ് ഈ ആറായിരത്തോളം പേര്‍.

സാന്‍ ഡീഗോയില്‍
ഇസ്ലാമിന് വന്‍ സ്വീകാര്യത
കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സാന്‍ ഡീഗോയില്‍ ഇസ്ലാമിന് വന്‍ സ്വീകാര്യത ലഭിച്ചുവരുന്നതായി പുതിയ സെന്‍സസ് വ്യക്തമാക്കി. 2000 മുതല്‍ 2010 വരെയുള്ള വര്‍ധനവ് 179 ശതമാനമാണത്രെ. വിവിധ ഏഷ്യന്‍ ആഫ്രിക്കന്‍ നാടുകളില്‍നിന്ന് കുടിയേറ്റക്കാരായെത്തുന്നവരും പുതുതായി ഇസ്ലാം സ്വീകരിക്കുന്ന അമേരിക്കക്കാരുമാണ് വര്‍ധനവിന് കാരണമാകുന്നത്. അറബ് ലോകത്തെ പുതിയ \'മാറ്റങ്ങള്‍\' അമേരിക്കന്‍ നാടുകളില്‍ ഇസ്ലാമിനെ പഠിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
നിശ്ശബ്ദ അടിയന്തരാവസ്ഥ ചെറുക്കുക:
ബാംഗ്ളൂരില്‍ പ്രതിഷേധമിരമ്പി
ബാംഗ്ളൂര്‍: അടിയന്തരാവസ്ഥ വാര്‍ഷികത്തില്‍ ബാഗ്ളൂരില്‍ സംഘടിപ്പിച്ച സംഗമത്തില്‍ വിവിധ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധമിരമ്പി. കര്‍ണാടക സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകള്‍, മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ചും ഭരണകൂട ഭീകരതക്കെതിരെ പ്രതികരിച്ചും ബാംഗ്ളൂര്‍ ടൌണ്‍ ഹാളില്‍ ഒരുമിച്ചു. \'നിശബ്ദ അടിയന്തരാവസ്ഥ ചെറുക്കുക\' എന്ന ബാനറിലായിരുന്നു സംഗമം. മുസ്ലിംകളെയും ആദിവാസികളെയും ദലിത് സമര നേതാക്കളെയും വ്യാജ കേസുകളില്‍ കുടുക്കി ജയിലുകളില്‍ അടക്കുന്നതിനെതിരെ പ്രതികരിക്കാന്‍ സംഗമം ആഹ്വാനം ചെയ്തു. പോസ്കോ, കൂടംകുളം തുടങ്ങിയ സമര നേതാക്കളുടെ പേരിലുള്ള കള്ള കേസുകള്‍ പിന്‍വലിക്കുക, മഅ്ദനിയെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ധര്‍ണ മുന്നോട്ടുവച്ചു. സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ഥികള്‍ കോളേജില്‍ നിന്നും സമരവേദിയിലേക്ക് സോളിഡാരിറ്റി വോക്ക് സംഘടിപ്പിച്ചു. സിറ്റി കോളേജ് വിദ്യാര്‍ഥികള്‍ തെരുവ് നാടകവും അവതരിപ്പിച്ചു. കൂര്‍ഗ് ആദിവാസികള്‍, മണിപൂരികള്‍ അവരുടെ വാദ്യമേളങ്ങളും പാട്ടുകളുമായാണ് വേദിയില്‍ എത്തിയത്. മഅ്ദനി ഉള്‍പ്പടെയുള്ളവരുടെ മോചനത്തിനു വേണ്ടി വിദ്യാര്‍ഥികളും യുവാക്കളും തെരുവില്‍ ഇറങ്ങിയത് ഉദ്യാന നഗരിക്കു ആദ്യാനുഭവമായി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, പി.യു.സി.എല്‍, സിക്രോം, ലെസ് ബിറ്റ്, മൂവീ റിപ്പബ്ളിക്, സമാനത തുടങ്ങിയ സംഘടനകള്‍ അണിനിരന്ന പരിപാടിക്ക് ഫിലിം ഡയറക്ടര്‍ കെ.പി ശശി, ബാംഗ്ളൂര്‍ സോളിഡാരിറ്റി പ്രസിഡന്റ് യാസര്‍ ഖുത്വ്ബ്, ഫായിസ് ഹംസ, സ്ത്രീ വിമോചന പ്രവര്‍ത്തക ഡോ. ഇവാജെലിസ്, കൂര്‍ഗ് ആക്ടിവിസ്റ് ഡേവിഡ്, ആക്ടിവിസ്റ് നീതു ചിചു, രാംദാസ് റാവു, സുമതി മൂര്‍ത്തി നേതൃത്വം നല്‍കി.
മദ്യഷാപ്പ് അടച്ചുപൂട്ടല്‍
നടപടി സ്വാഗതാര്‍ഹം
മലപ്പുറം: നഗര മധ്യത്തില്‍ പൊതുജനങ്ങളുടെ സ്വൈരവിഹാരത്തിന് തടസം സൃഷ്ടിക്കുകയും വാഹന ഗതാഗതത്തിന് പ്രയാസമുണ്ടാക്കുകയും ചെയ്തിരുന്ന ബീവറേജ് കോര്‍പറേഷന്റേതടക്കമുള്ള മദ്യഷാപ്പുകള്‍ അടച്ചു പൂട്ടിയ മലപ്പുറം നഗരസഭയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. ഇതുപോലെ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കുറ്റിപ്പുറം സല്‍ക്കാര ബാര്‍ അടക്കം മറ്റ് ബാറുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ തദ്ദേശ ഭരണകൂടങ്ങള്‍ തയാറാകേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.ടി ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബൂബക്കര്‍ വളപുരം, മഹ്റൂഫ് കൊടിഞ്ഞി, മുനീബ് കാരക്കുന്ന്, അനസ് വളാഞ്ചേരി സംസാരിച്ചു.
ക്രെഡിറ്റ് ആന്റ് സെമസ്റര്‍:
തെറ്റു തിരുത്തുക
കണ്ണൂര്‍: ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റര്‍ സമ്പ്രദായത്തെ വിലയിരുത്തി എസ്.ഐ.ഒ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. ചേമ്പര്‍ ഹാളില്‍ നടന്ന ചര്‍ച്ച അക്കാദമിക് രംഗത്തെ സമകാലിക പ്രശ്നത്തിന്റെ വിവിധ മാനങ്ങളെ തുറന്നു കാട്ടി. പരമ്പരാഗതമായ വിദ്യാഭ്യാസ രീതികളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഗുണപരമായ ലക്ഷ്യങ്ങളിലേക്കുള്ള വാതിലാണ് ക്രെഡിറ്റ് ആന്റ്സെമസ്റര്‍ സമ്പ്രദായത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്ത് കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ എ.പി കുട്ടികൃഷ്ണന്‍ പറഞ്ഞു. സര്‍വകലാശാല സ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ബാബു ചാത്തോത്ത്, സര്‍വകലാശാല എംപ്ളോയീസ് യൂനിയന്‍ പ്രസിഡന്റ് കെ.പി സുധീര്‍ചന്ദ്രന്‍, സര്‍വകലാശാല യൂനിയന്‍ ചെയര്‍പേഴ്സന്‍ തേജസ്വിനി, കെ.എസ്.യു പ്രതിനിധി സുധീപ് ജയിംസ്, അനസ്, വിവേക്, പി.ബി.എം ഫര്‍മീസ്, സിന്റിക്കേറ്റ് മെമ്പര്‍ മുഹമ്മദ് അസ്ലം, എ.ഐ.എസ്.എഫ് പ്രതിനിധി ശരണ്‍, എം.എസ്.എഫ് പ്രതിനിധി അബ്ദുര്‍റഹ്മാന്‍ പെരുമണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രവാസികളോട് നീതിപുലര്‍ത്തുക - ടി. ആരിഫലി
പൊന്നാനി: പ്രവാസ ജീവിതം നയിക്കുന്ന ഗള്‍ഫ് മലയാളികളോട് ഭരണാധികാരികള്‍ അര്‍ഹമായ നീതി കാണിക്കുന്നില്ല എന്ന് ജ.ഇ കേരള അമീര്‍ ടി. ആരിഫലി. പൊന്നാനി ഐ.എസ്.എസ് കോളേജില്‍ സംഘടിപ്പിച്ച ബഹറൈന്‍ പ്രവാസി കുടുംബസംഗമവും ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ശക്തമായ പങ്ക് വഹിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രോജക്റ്റുകള്‍ ആവിഷ്ക്കരിച്ച് അവര്‍ക്ക് കൃത്യമായ പരിഗണന നല്‍കണമെന്ന് കേരള സര്‍ക്കാറിനോട് അമീര്‍ ആവശ്യപ്പെട്ടു.
സംഗമത്തില്‍ ബഹറൈന്‍ പ്രവാസി കണ്‍വീനര്‍ പി.കെ അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരളാ സെക്രട്ടറി ടി.പി യൂനസ് മുഖ്യപ്രഭാഷണവും ജമാഅത്തെ ഇസ്ലാമി പൊന്നാനി ഏരിയാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫാറൂഖി സമാപനവും നിര്‍വഹിച്ചു. അലി ഹസ്സന്‍ സ്വാഗതവും മുഹമ്മദ്കുട്ടി പ്രാര്‍ഥനയും ഐ.എം സലിം നന്ദിയും പറഞ്ഞു.
സൌജന്യ ഡയാലിസിസ് സെന്റര്‍
ഫണ്ട് ശേഖരണോദ്ഘാടനം
വള്ളുവമ്പ്രം: അത്താണിക്കല്‍ കാരുണ്യകേന്ദ്രത്തിന് കീഴില്‍ തുടങ്ങാനിരിക്കുന്ന സൌജന്യ ഡയാലിസിസ് സെന്ററിനുള്ള ഫണ്ട് ശേഖരണോദ്ഘാടനം റാഡോ പോള്‍ മേലാറ്റൂര്‍ (എം.ഡി, ആള്‍ഡ്രിന്‍ മെഡിക്കല്‍, പെരിന്തല്‍മണ്ണ) അബ്ദുല്ല ചേളന്നൂരിന് നല്‍കി നിര്‍വഹിച്ചു. ഡയാലിസിസ് സെന്ററിന്റെ കുറ്റിയടിക്കല്‍ കര്‍മം ശൈഖ് ഫള്ല്‍ (എം.ഡി, അല്‍ ഹിബ ക്ളിനിക്, ജിദ്ദ) നിര്‍വഹിച്ചു. അബ്ദുല്ല ചേളന്നൂര്‍ (പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി, മലപ്പുറം) മുഖ്യ പ്രഭാഷണം നടത്തി. എം. മുഹമ്മദലി (ചെയര്‍മാന്‍, പാലിയേറ്റീവ് സൊസൈറ്റി) അബ്ദുല്ലത്വീഫ് (ചെയര്‍മാന്‍, എം.സി.ടി) സി.ടി അലവിക്കുട്ടി, ഹരീന്ദ്രനാഥ്, എം.ടി റഷീദ് മാസ്റര്‍, പ്രഫ. മൊയ്തീന്‍ കുട്ടി, സി.എച്ച് ബഷീര്‍, മുഫീദ് സമാന്‍ എന്നിവര്‍ സംസാരിച്ചു.
എസ്.ഐ.ഒ ബാംഗ്ളൂര്‍ ഏരിയ
ബാംഗ്ളൂര്‍: എസ്.ഐ.ഒ ബാംഗ്ളൂര്‍ മലയാളി ഏരിയാ പ്രസിഡന്റായി ഷബീര്‍ കൊടിയത്തൂരിനെയും സെക്രട്ടറിയായി ഷിബാബുദ്ദീന്‍ ലബ്ബയെയും തെരഞ്ഞെടുത്തു. റഊഫ് ട്രഷറര്‍. എസ്.ഐ.ഒ അന്തര്‍ സംസ്ഥാന സെക്രട്ടറി മന്‍സൂര്‍ അടിമാലി ഇലക്ഷന്‍ നിയന്ത്രിച്ചു.
സ്വാശ്രയ വിദ്യാഭ്യാസം
സാമൂഹികനീതി ഉറപ്പുവരുത്തണം
- എസ്.ഐ.ഒ സോഷ്യല്‍ ഓഡിറ്റിംഗ്
കൊച്ചി/കോഴിക്കോട്: സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, അക്കാദമിക നിലവാരം, പഠന സംബന്ധമായ പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെ യോഗ്യത, പഠനം പൂര്‍ത്തിയാക്കിയവരുടെ തൊഴില്‍, വിദ്യാഭ്യാസ വായ്പ പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ ജനകീയ തെളിവെടുപ്പിന് സന്നദ്ധമാവണമെന്നും നിലവാരത്തകര്‍ച്ചയുള്ള സ്ഥാപനങ്ങളുടെ കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന കമ്മറ്റി എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച സോഷ്യല്‍ ഓഡിറ്റിംഗ് ആവശ്യപ്പെട്ടു. എറണാകുളത്ത് നടന്ന സോഷ്യല്‍ ഓഡിറ്റിംഗ് വനിതാ കമീഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ ജസ്റിസ് ശ്രീദേവി ഉദ്ഘാടനം ചെയ്തു. പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തും പുറത്തും എ.ഐ.സി.ടി അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ നടത്തി വിദ്യാര്‍ഥികളെ വഞ്ചിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.പി ഹാഫിസ് മുഹമ്മദ്, പി.ഐ നൌഷാദ്, ഫസല്‍ കാതിക്കോട്, എം.കെ സുഹൈല, എം.വി ജോണി, പ്രൊഫ. കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ സോഷ്യല്‍ ഓഡിറ്റിംഗിന് നേതൃത്വം നല്‍കി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, സഫീര്‍ഷ, ജമാല്‍ പാനായിക്കുളം, സമീര്‍ ആലപ്പുഴ, പി.കെ സാദിഖ് എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാര്‍ഥികളും പാനലിന് മുന്നില്‍ തങ്ങളുടെ പരാതികള്‍ ബോധിപ്പിച്ചു.
ഖുര്‍ആന്‍ സ്റഡിസെന്റര്‍
ജില്ലാതല പരീക്ഷാ ഫലം
പ്രസിദ്ധീകരിച്ചു
മലപ്പുറം: ഖുര്‍ആന്‍ സ്റഡിസെന്റര്‍ കേരള ജില്ലാതലത്തില്‍ നടത്തിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവരില്‍ 27 പേര്‍ എ പ്ളസ് ഗ്രേഡ് നേടി.
റാങ്ക് നേടിയവര്‍: പ്രിലിമിനറി-ഒന്നാം വര്‍ഷം ഒന്നാം റാങ്ക് എന്‍. അബ്ദുറസ്സാഖ് (പന്തലിങ്ങല്‍), രണ്ടാം റാങ്ക് കെ.വി സജ്ന (വലമ്പൂര്‍), ടി. ലില്ലിസ (മലപ്പുറം), മൂന്നാം റാങ്ക് നജ്മാ അഷ്കര്‍ (മലപ്പുറം). രണ്ടാം വര്‍ഷം ഒന്നാം റാങ്ക് എം.പി ആഇശ (മഞ്ചേരി), രണ്ടാം റാങ്ക് അനീസ ഇഖ്ബാല്‍ (ശാന്തപുരം), മൂന്നാം റാങ്ക് മുഹ്സിന തൌഫീഖ് (കുളത്തൂര്‍). മൂന്നാം വര്‍ഷം ഒന്നാം റാങ്ക് പി. സാജിദ (കടന്നമണ്ണ), രണ്ടാം റാങ്ക് പി. ആയിശ (വലമ്പൂര്‍), മൂന്നാം റാങ്ക് എ.പി ആയിശ (വലമ്പൂര്‍). നാലാം വര്‍ഷം ഒന്നാം റാങ്ക് സി.യു ഖദീജ (മുസ്ലിയാരങ്ങാടി), രണ്ടാം റാങ്ക് കെ. ഖദീജ (മുസ്ലിയാരങ്ങാടി), പി. ഹഫ്സത്ത് (പൈതിനിപ്പറമ്പ്), മൂന്നാം റാങ്ക് കെ. റുഖിയ്യ (മുസ്ലിയാരങ്ങാടി).
സെക്കന്ററി - രണ്ടാം വര്‍ഷം ഒന്നാം റാങ്ക് പി. സുമയ്യ (കൈവനക്കാട്) രണ്ടാം റാങ്ക് ബീനാ ലത്വീഫ് (കോലൊളമ്പ്), മൂന്നാം റാങ്ക് അസീസാ അഷ്റഫ് (ചങ്ങരംകുളം). മൂന്നാം വര്‍ഷം ഒന്നാം റാങ്ക് വി. ഉമൈമ (കൂട്ടില്‍), രണ്ടാം റാങ്ക് ടി. സുലൈഖ (മക്കരപ്പറമ്പ്), മുന്നാം റാങ്ക് സി. സക്കീന (രാമപുരം).

Comments