Prabodhanm Weekly

Pages

Search

2012 ജൂലൈ 21

ന്റെ കുട്ട്യോള് ദുആ ചെയ്യുമ്പം എന്നേം കൂട്ട്യാല്‍ മതി

മെഹദ് മഖ്ബൂല്‍

ആദ്യമായി നോമ്പ് പിടിച്ച ദിനം ഓര്‍മയിലേക്ക് അരിച്ചെത്തുന്നുണ്ടിപ്പോള്‍. നിങ്ങള്‍ കുട്ടികള്‍ ഉച്ചവരെ നോമ്പ് നോറ്റാല്‍ മതിയെന്ന് പറഞ്ഞത് ഉസ്താദ്. അങ്ങനെ രണ്ടുച്ച നോമ്പുകള്‍ ചേര്‍ത്തുവെച്ചാല്‍ ഒരു നോമ്പായിത്തീരുമത്രെ. ഉസ്താദിന്റെ അത്തരം പറച്ചിലുകളില്‍നിന്ന് പ്രേരണ കൊണ്ട് വിശപ്പേറി നടന്ന അര നോമ്പ് കാലങ്ങള്‍....
ഒരു നോമ്പ് മുഴുവന്‍ നോറ്റാല്‍ ആയിരം രൂപ തരാം എന്നുപ്പ പറഞ്ഞകാലങ്ങളെ ഓര്‍ത്തെടുക്കുന്നു നിയാസ് മുഹമ്മദ് മോങ്ങം (vniyas.blogspot.in)).
'നോമ്പ് നോറ്റങ്ങനെ ഞെളിഞ്ഞ് നടക്കും. ആരെങ്കിലും ചോദിക്കണം ഇന്ന് നോമ്പുണ്ടോ...? അങ്ങനെ ചോദിച്ച് മറുപടി പറഞ്ഞ് വൈകുന്നേരം ആക്കുന്ന ബാല്യകാല നോമ്പുകള്‍... സുഹൃത്തുക്കളോട് അഭിമാനിക്കാന്‍ വേണ്ടി എടുക്കുന്ന നോമ്പ് വൈകുന്നേരമാക്കാന്‍ പ്രയാസപ്പെട്ട് പള്ളിയിലെ പൈപ്പില്‍നിന്ന് വുദൂ എടുക്കുമ്പോള്‍ ളുഹറിനും അസറിനും നോമ്പ് തുറന്ന് തുടങ്ങി. നോമ്പിന് അണ്ടി പെറുക്കാന്‍ വേണ്ടി ഉപ്പയുടെ വീട്ടിലേക്ക് പോകുന്ന നിഷാദിനെ എസ്കോര്‍ട്ട് അടിച്ച് പോകുമ്പോള്‍ അയന്തയിലെ ചോലയില്‍നിന്ന് വെള്ളം കുടിച്ചും നോമ്പ് തുറന്നു. ഒരു ദിവസം അയന്തയിലെ ബാപ്പ (ഉപ്പയുടെ ബാപ്പ) കള്ളത്തരം കണ്ടുപിടിച്ചു. നാടന്‍ ഹാസ്യത്തില്‍ എല്ലാവരുടെയും മുമ്പില്‍ വെച്ച് ബാപ്പ പറഞ്ഞു: 'എന്യാസ് ഇന്ന് ഉണ്ട നോമ്പാണ് നോറ്റത്.'
ഷെരീഫ് കൊട്ടാരക്കരയും കുഞ്ഞുകാലങ്ങളിലെ നോമ്പ് നാളുകളെ വീണ്ടെടുക്കുന്നു (sheriffkottarakara.blogspot.in). 'ഒരു വേനല്‍കാലത്തായിരുന്നു അന്ന് നോമ്പ്. അതിയായ ദാഹത്താല്‍ ഞങ്ങള്‍ കുട്ടികള്‍ വലഞ്ഞു. പകല്‍ രണ്ട് മണികഴിഞ്ഞപ്പോള്‍ എന്റെ തൊണ്ട വരണ്ടു. ഞാന്‍ കൂട്ടുകാരന്‍ ഗഫൂറിനെ നോക്കി. അവന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന വെള്ളം കട്ട് കുടിക്കുന്നത് കണ്ടാല്‍ അടി ഉറപ്പ്. അവസാനം ഞങ്ങള്‍ തീരുമാനിച്ചു. ആലിശേരിയിലേക്ക് പോകാം. ഞങ്ങളെ തിരിച്ചറിയാത്ത ആലിശേരി വാര്‍ഡിലെ ഏതെങ്കിലും പൈപ്പില്‍ നിന്ന് വെള്ളം കുടിക്കാന്‍ ചുട്ടുപഴുത്ത മണല്‍പരപ്പ് താണ്ടി ഞങ്ങള്‍ പാഞ്ഞു. ആലിശേരി അമ്പലത്തിലേക്ക് തിരിയുന്ന റോഡില്‍ സ്ഥാപിച്ചിരുന്ന പൈപ്പിന് സമീപമെത്തി ഗഫൂര്‍ വെള്ളം കുടിക്കാനായി കുനിഞ്ഞു. പെട്ടെന്ന് പുറകില്‍ നിന്ന് 'എടാ' എന്നൊരു വിളി. തിരിഞ്ഞു നോക്കിയപ്പോള്‍ സ്വാമി. ശരിക്കും പേര് ശ്രീധരന്‍. ഞങ്ങളുടെ കുടിപ്പള്ളിക്കൂടം വാധ്യാര്‍. അരികില്‍ നിന്ന വേലിയില്‍നിന്നും സ്വാമി വടിയെടുത്ത് ഞങ്ങളുടെ ചന്തിയില്‍ രണ്ട് അടിവീതം തന്നു.
'ദൈവദോഷം കാണിക്കുന്നോ' സ്വാമി കയര്‍ത്തു.
'ഞങ്ങള്‍ മുഖം കഴുകാന്‍ പോവ്വായിരുന്നു' ഗഫൂര്‍ തടിതപ്പാന്‍ നോക്കി.
'നോമ്പും പിടിച്ച് കള്ളം പറയുന്നോ' എന്നായി സ്വാമി. അടിയുടെ വേദനയേക്കാള്‍ കുറ്റബോധം എന്നെ കരയിച്ചു. എന്റെ കണ്ണീര് കണ്ടത് കൊണ്ടാവാം അദ്ദേഹം ശാന്തനായി. എന്റെ തലയില്‍ തലോടി. 'കുഞ്ഞുങ്ങളേ, നോമ്പ് നോല്‍ക്കുമ്പോള്‍ തെറ്റ് ചെയ്യരുത്. കള്ളം പറയരുത്.'
മുഹമ്മദ്ക്ക എന്ന വൃദ്ധന്റെ സ്നേഹാത്താഴങ്ങളുടെ കഥ പറയുന്നു ഉസ്മാന്‍ ഇരിങ്ങാട്ടിരി(ശൃശിഴമശൃേേശറൃീു.യഹീഴുീ.ശി). 'കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഡിഗ്രി പരീക്ഷാക്കാലം. പരീക്ഷാ സെന്റര്‍ അരീക്കോട് സുല്ലമുസ്സലാം കോളേജ്. റമദാനായത് കൊണ്ട് പരീക്ഷ എഴുതി തിരിച്ചു വീട്ടിലെത്തുന്നത് ഏറെ ശ്രമകരം. ഞങ്ങള്‍ നാലു പേര്‍ അവിടടുത്ത് പതിനഞ്ച് ദിവസത്തേക്ക് ഒരു റൂമെടുത്ത് താമസിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തിലെത്തി. പഴയൊരു പീടിക റൂം വാടകക്ക് കിട്ടി. ഞങ്ങളുടെ ആ റൂമിനോട് ചേര്‍ന്ന് ഒരു പെട്ടിക്കടയുണ്ട്. കച്ചവടക്കാരന്‍ മുഹമ്മദ്ക്ക. ഒരു ബീഡി തെറുപ്പുകാരന്‍...
സമയം മഗ്രിബിനോടടുക്കുന്നു. നോമ്പ് തുറക്കാന്‍ നേരമായപ്പോള്‍ അടുത്തുള്ള പള്ളിയില്‍ പോയി നോമ്പ് തുറന്നു. ഹോട്ടലില്‍ നിന്ന് പൊറോട്ടയും ബീഫ് കറിയും. ഇനി അത്താഴത്തിനെന്ത് ചെയ്യും...? കമിഴ്ന്ന് കിടന്നും ചമ്രംപടിഞ്ഞിരുന്നും വായന തുടരുമ്പോഴും മുഹമ്മദ്ക്കാന്റെ പെട്ടിക്കട തുറന്നു തന്നെ കിടന്നു. അത്താഴ സമയം വരെ കട തുറക്കുമെന്നും പീന്നീട് ഒന്നിച്ച് അടച്ചുപോകലാണ് അദ്ദേഹത്തിന്റെ രീതിയെന്നും ഞങ്ങള്‍ക്ക് മനസ്സിലായി. ഈ സമയത്താണ് കാര്യമായ ബീഡിതെറുപ്പ് നടക്കുന്നത്.
അദ്ദേഹം കടയടച്ച് പോകും നേരം ഞങ്ങളെ വിളിച്ചു.
'വരീന്‍ കുട്ട്യോളെ, ഇന്ന് അത്താഴം എന്റെ വീട്ടീന്ന്.' മുഹമ്മദ്ക്ക വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങള്‍ കൂടെ ചെന്നു.
മുരിങ്ങാച്ചാറും പപ്പടം പൊരിച്ചതും പോത്തിറച്ചി വരട്ടിയതും പയറുപ്പേരിയും ചെറുപഴവും കൂടെ കട്ടനും. വീണ്ടും വീണ്ടും വിളമ്പിത്തന്ന് അദ്ദേഹം ഞങ്ങളെ സല്‍ക്കരിച്ചു. റൂമില്‍ തന്നെ കൊണ്ടുവന്ന് വിട്ടാണ് മുഹമ്മദ്ക്ക തിരിച്ചുപോയത്.
പിറ്റേന്ന് കണ്ടപ്പോള്‍ മുഹമ്മദ്ക്ക പറഞ്ഞു: "ഇനി നിങ്ങള്‍ പോണതുവരെ എന്റെ വീട്ടില്‍നിന്ന് അത്താഴം കഴിച്ചാല്‍ മതി.''
അത് ശരിയാവില്ല മുഹമ്മദ്ക്ക എന്ന് ഞങ്ങള്‍ കുറേ പറഞ്ഞുനോക്കി. ഒടുക്കം അദ്ദേഹം പറഞ്ഞു: 'എന്നാല്‍ ഒരു കാര്യം ചെയ്യാം. നിങ്ങള്‍ പോകുന്ന അന്ന് എല്ലാറ്റിനും കൂടി കുറച്ച് കാശ് തന്നാല്‍ മതി.' അത് ഞങ്ങള്‍ക്കും സമ്മതമായി.
അങ്ങനെ പരീക്ഷയെല്ലാം കഴിഞ്ഞ് ഞങ്ങള്‍ കാശ് കൊടുക്കുന്നതിനായി മുഹമ്മദ്ക്കായുടെ അടുത്ത് ചെന്നു. അദ്ദേഹം ചിരിച്ചു. 'നിങ്ങള്‍ക്ക് ചോറ് തന്നതിന്റെ കാശ് ഞാന്‍ വേറെ ഒരാള്ടെ അടുത്ത് നിന്ന് വാങ്ങിച്ചോണ്ട്, നാളെ മഹ്ശറീന്ന്. ന്റെ കുട്ട്യോള് ദുആ ചെയ്യുമ്പം എന്നേം കൂട്ട്യാല്‍ മതി.'

maqboolmry.blogspot.in

Comments