Prabodhanm Weekly

Pages

Search

2012 ജൂലൈ 21

നവോത്ഥാന ചരിത്രത്തിലെ തേജഃഗോളങ്ങള്‍

പി.കെ ജമാല്‍

ഇമാം ഗസാലിയുടെയും ഇബ്നുതൈമിയ്യയുടെയും പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച വിപ്ളവകരങ്ങളായ മാറ്റങ്ങളുടെ അലയൊലികള്‍ നൂറ്റാണ്ടുകളെ അതിജീവിച്ചു ലോകത്ത് സജീവമായ ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഈ കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളില്‍ രംഗപ്രവേശം ചെയ്ത പരിഷ്കര്‍ത്താക്കളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പിറവിക്ക് പശ്ചാത്തലമൊരുക്കുന്നതില്‍ ഗസാലിയുടെയും ഇബ്നുതൈമിയ്യയുടെയും ചിന്തകള്‍ വലിയ പങ്കു വഹിച്ചു. പരിഷ്കരണ-നവോത്ഥാന സംരംഭങ്ങള്‍ അരങ്ങേറിയത് അറബ് മണ്ണില്‍ മാത്രമല്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തിലും മാറ്റത്തിന്റെ കാറ്റടിച്ചു വീശി. ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക ഉണര്‍വിനും വൈജ്ഞാനിക വികാസത്തിനും നായകത്വം വഹിച്ച മഹാമഹിഷികളായ പണ്ഡിത പ്രമുഖരെക്കുറിച്ച പഠനത്തിനും പ്രസക്തിയേറെയുണ്ട്.

ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി
(ഹി. 1114-1176 - ക്രി. 1703-1762)
ഇന്ത്യ യുദ്ധങ്ങളിലും സുഖലോലുപതയിലും ആഡംബരപ്രമത്തതയിലും കൊള്ളയിലും കൊലയിലും കവര്‍ച്ചയിലും അഭിരമിച്ചിരുന്ന രാജാക്കന്മാരുടെ ദുര്‍ഭരണത്തിലമര്‍ന്ന കാലം. രാജ്യവും സമൂഹവും ധാര്‍മികാധഃപതനത്തിന്റെയും മൂല്യത്തകര്‍ച്ചയുടെയും അഗാധഗര്‍ത്തത്തില്‍ വീണു നശിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ ദല്‍ഹിയുടെ പ്രാന്ത പ്രദേശത്ത് ജനിച്ചു വളര്‍ന്ന പരിഷ്കര്‍ത്താവാണ് ശാഹ് വലിയുല്ലാഹിദ്ദഹ്ലവി. അദ്ദേഹം ജനതയുടെ ചിന്തയിലും സംസ്കാരത്തിലും ജീവിതരീതിയിലും വരുത്തിയ മാറ്റങ്ങള്‍ അത്ഭുതാതിരേകത്തോടെ മാത്രമേ നോക്കിക്കാണാനാവൂ. നൂറ്റാണ്ടുകളുടെ നീളത്തില്‍ വളര്‍ന്നുവന്ന പക്ഷപാത ചിന്തകളും പാരമ്പര്യാനുഷ്ഠാനങ്ങളുടെ ആചരണത്തില്‍ ഊറ്റം കൊണ്ട് അഗാധമായ തഖ്ലീദിന് പിറകെ പോകുന്ന മനോഘടനയും വെച്ചുപുലര്‍ത്തിയ ഒരു സമൂഹത്തെ വിമോചിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുകയാണ് തന്റെ ദൌത്യമെന്ന് ദഹ്ലവി തിരിച്ചറിഞ്ഞു. പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഇജ്തിഹാദിന്റെയും ഗ്രന്ഥ രചനയുടെയും വേറിട്ട വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ഇസ്ലാമിക ചരിത്രത്തെയും മുസ്ലിം സമകാലികാവസ്ഥയെയും ഭൂതകാല സംഭവങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്തുകയും ചരിത്രത്തിന്റെ ഇഴകളെ ഉടയാതെ, കൊടുമ്പിരികൊള്ളാതെ പഠിക്കുകയും ചെയ്ത ദഹ്ലവി, ഓരോ കാലഘട്ടത്തിലെയും സംഭവങ്ങളെ പ്രവാചകന്റെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി. പുതിയ പരിപ്രേക്ഷ്യത്തിലൂടെ ചരിത്രത്തിന്റെ സംരചന നടത്തിയ ദഹ്ലവിയുടെ ഗ്രന്ഥങ്ങള്‍ മൌലികതയിലും ഭാവുകത്വത്തിലും വേറിട്ടു നിന്നു. മുസ്ലിംകളില്‍ അട്ടിപ്പേറായി നിലനിന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ച അപഗ്രഥനങ്ങളും പഠനങ്ങളും ആ മഹാനുഭാവനെ കൊണ്ടെത്തിച്ചത് രണ്ട് നിഗമനങ്ങളിലാണ്. ഒന്ന്, ഇസ്ലാമിന്റെ രാഷ്ട്രീയാധികാരം ഖിലാഫത്തില്‍ നിന്ന് രാജത്വത്തിലേക്ക് വഴി മാറിയതാണ് മുഴുവന്‍ പ്രശ്നങ്ങളുടെയും യഥാര്‍ഥ കാരണം. രണ്ട്, മുസ്ലിംകളില്‍ ഇജ്തിഹാദിന്റെ ചൈതന്യം വിനഷ്ടമായതും അഗാധമായ തഖ്ലീദിന്റെ നീരാളിപിടുത്തത്തില്‍ സമുദായം അമര്‍ന്നതും പുരോഗമനോന്മുഖമായ മുന്നേറ്റങ്ങള്‍ക്കെല്ലാം വഴിമുടക്കി. രാജ്യത്തിന്റെ ചിന്താപരമായ വീണ്ടെടുപ്പിനോടൊപ്പം മുസ്ലിം സമൂഹത്തിന്റെ വൈജ്ഞാനിക വികാസവും പരിഷ്കരണവും ലക്ഷ്യമാക്കിയ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുഴുകി. എല്ലാ മദ്ഹബുകളും വിശദമായി പഠിച്ച്, കൊള്ളാവുന്നതും തള്ളാവുന്നതും വേര്‍തിരിച്ച്, മദ്ഹബ് പക്ഷപാതമില്ലാതെ സ്വതന്ത്രമായി ചിന്തിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. തന്റെ നിരീക്ഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും തെളിവുകള്‍ നിരത്തണമെന്നത് അദ്ദേഹത്തിന്ന് നിര്‍ബന്ധമായിരുന്നു. ഗവേഷണത്തിന്റെയും ഗ്രന്ഥരചനയുടെയും രംഗത്ത് മുന്‍ഗാമികളായ പല പണ്ഡിതന്മാരും സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ടെങ്കിലും വലിയ്യുല്ലാഹിദ്ദഹ്ലവി വേറിട്ടു നിന്ന രംഗം മറ്റൊന്നായിരുന്നു. ചിന്താപരവും സദാചാരപരവും നാഗരികവും നിയമപരവുമായ സര്‍വ മേഖലകളിലും വ്യക്തമായ അദ്ധ്യാപനങ്ങളും നിര്‍ദേശങ്ങളും കാഴ്ചപ്പാടുമുള്ള സമ്പൂര്‍ണ ജീവിത പദ്ധതിയായി ഇസ്ലാമിനെ അവതരിപ്പിച്ചു അദ്ദേഹം. നാഗരികതയുടെയും സംസ്കാരത്തിന്റെയും പുനര്‍നിര്‍മിതിക്ക് ഇസ്ലാമിക വ്യവസ്ഥയാണനുയോജ്യമെന്ന ചിന്ത പകരാന്‍ ധൈഷണിക സംഭാവനകള്‍ അര്‍പ്പിച്ച വലിയുല്ലാഹിദ്ദഹ്ലവി തന്റെ രചനകളില്‍ അഖിലം ഈ വശത്തിന് ഊന്നല്‍ നല്‍കി. 'ഹുജ്ജത്തുല്ലാഹില്‍ ബാലിഗ' 'അല്‍ ബുദൂറുല്‍ ബാസിഗഃ' എന്നീ വിഖ്യാത ഗ്രന്ഥങ്ങളിലൂടെ ഇസ്ലാമിക ചിന്താശാസ്ത്രത്തിന്റെയും തത്ത്വസംഹിതകളുടെയും നന്മകളും മേന്മകളും അദ്ദേഹം വിശദീകരിച്ചു. നിരവധി വിദേശ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ഈ മൌലിക കൃതികള്‍ക്ക് ലഭിച്ച സ്വീകാര്യത വമ്പിച്ചതായിരുന്നു. വിജ്ഞാനത്തിന്റെ സര്‍വശാഖകളെയും സ്പര്‍ശിച്ച അദ്ദേഹത്തിന്റെ രചനകള്‍ ആ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ നവോത്ഥാന നീക്കങ്ങളെ അടയാളപ്പെടുത്തി. ഇസ്ലാമിക് ഫിലോസഫിയുടെ സ്വഛമായ സത്യാംശങ്ങള്‍ യവന-റോമാ ചിന്തകളുടെ ഗതകാല വ്യതിയാനങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത് ശരീഅത്തിന്റെ ആദിമ വിശുദ്ധിയില്‍ ഉറപ്പിച്ചു നിര്‍ത്തിയെന്നത് ദഹ്ലവിക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ്. ഇതിലെല്ലാം ഉപരി ബഹുജനങ്ങളെയും പണ്ഡിതന്മാരെയും ആകര്‍ഷിച്ചത് ജാഹിലിയ്യാ ഭരണവും ഇസ്ലാമിക ഭരണവും തമ്മിലെ വ്യത്യാസം വ്യക്തമാക്കുന്ന ദഹ്ലവിയുടെ പഠനങ്ങളും അപഗ്രഥനങ്ങളുമാണ്. ആ ചിന്തകളിലൂടെ കടന്നു പോകുന്ന ആര്‍ക്കും, രാജഭരണത്തിന് പകരം ഇസ്ലാമികഭരണം തിരിച്ചുകൊണ്ടുവരികയാണ് തങ്ങളുടെ പ്രധാന കര്‍ത്തവ്യമെന്ന് ശക്തമായി തോന്നിത്തുടങ്ങും. 'ഹുജ്ജത്തുല്ലാഹില്‍ ബാലിഗ' ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ശരീഅത്ത്, ഇബാദത്ത്, സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍, ഇസ്ലാമും ജാഹിലിയ്യത്തും തമ്മിലെ നിരന്തര സംഘട്ടനം ഇസ്ലാമിക ബദല്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഈ മഹാഗ്രന്ഥത്തിലെ പ്രമേയങ്ങളാണ്.

മുഹമ്മദുബ്നു അബ്ദില്‍ വഹാബ് (ഹി. 1115-1206 - ക്രി. 1703-1791)
മുസ്ലിം ലോകം അജ്ഞാനാന്ധകാരത്തില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞ കാലഘട്ടത്തിലാണ് മുഹമ്മദ്ബ്നു അബ്ദില്‍ വഹാബിന്റെ രംഗപ്രവേശം. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയില്‍ കഴിഞ്ഞ സമൂഹം മഹാത്മാക്കളുടെ മഖ്ബറകളില്‍ മോക്ഷം തേടിയലഞ്ഞു. അറേബ്യന്‍ ഉപഭൂഖണ്ഡം തൌഹീദില്‍ നിന്നകലുകയും ബിദ്അത്തുകളംഗീകരിക്കുകയും നെഞ്ചോടു ചേര്‍ത്തു പിടിച്ചു ജീവിക്കുകയും ചെയ്ത സന്ദര്‍ഭം. മുസ്ലിം സമൂഹത്തെ തൌഹീദിലേക്ക് തിരിച്ചുകൊണ്ടു വരികയും ശിര്‍ക്കില്‍ നിന്ന് മോചിപ്പിക്കുകയുമാണ് തന്റെ കടമയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തൌഹീദിലേക്കുള്ള ക്ഷണത്തോടൊപ്പം ഭിന്ന ഗോത്രങ്ങളില്‍ ചിതറിക്കിടന്ന രാജ്യനിവാസികളും ഒരേക കൊടിക്കൂറക്ക് കീഴില്‍ അണിനിരത്താനും അദ്ദേഹം യത്നിച്ചു. സൌദി രാജാവ് അമീര്‍ മുഹമ്മദുബ്നു സുഊദുമായി കൈകോര്‍ത്ത് പ്രബോധന-പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയും അദ്ദേഹം നേടിയെടുത്തു. ഹിജാസിലെ വിപ്ളവകരമായ മാറ്റങ്ങളുടെ അനുരണനങ്ങള്‍ ഇതര ഭൂഭാഗങ്ങളിലും ഉണ്ടായി.

ശഹീദ് ഹസനുല്‍ ബന്നാ
(ഹി. 1324-1368 - ക്രി. 1906-1949)
ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന ചിന്തകള്‍ക്കും ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനത്തിനും രൂപം നല്‍കിയ ശഹീദ് ഹസനുല്‍ ബന്നാ പ്രവര്‍ത്തനം ആരംഭിച്ച ഈജിപ്ഷ്യന്‍ സാഹചര്യം മൌലാനാ അബുല്‍ഹസന്‍ നദ്വി വിലയിരുത്തുന്നു: "ഇസ്ലാമിക-അറബ് ഭൂഭാഗങ്ങള്‍, പ്രത്യേകിച്ച് ഈജിപ്ത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അകപ്പെട്ട പതിതാവസ്ഥ അതീവ ഗുരുതരമായിരുന്നു. ആദര്‍ശത്തിലും വിശ്വാസത്തിലും സാമൂഹിക ഘടനയിലും സ്വഭാവ രീതികളിലും എല്ലാം നിരാശാജനകമായ ദുര്‍ഭഗാവസ്ഥയാണ് നേരിട്ടത്. അടിമ രാജാക്കന്മാരും തുര്‍ക്കി ഭരണാധികാരികളും അധിനിവേശം നടത്തിയ ഇംഗ്ളീഷുകാരും ആഫ്രിക്കന്‍ ഭൌതിക നാഗരികതയും മതനിരാസത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസവും, അവസരവാദ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനങ്ങളും ഈജിപ്തിനെ നാശത്തിന്റെ പടുകുഴിയില്‍ ആഴ്ത്തിക്കഴിഞ്ഞിരുന്നു. പണ്ഡിതന്മാരുടെ നിസ്സംഗതയും അധികാരകേന്ദ്രങ്ങളോടുള്ള അവരുടെ വിധേയത്വവും പണക്കൊതിയും സ്ഥിതി കൂടുതല്‍ വഷളാക്കി. അധാര്‍മികതയും നിരീശ്വരത്വവും മതനിരാസവും അശ്ളീലതയും അരാജകത്വവും ഇരുട്ടിന് കട്ടികൂട്ടി'' (എന്റെ ജീവിതത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളും ഗ്രന്ഥങ്ങളും - അബുല്‍ ഹസന്‍ അലി നദ്വി). ഈയൊരു പരിതസ്ഥിതിയിലാണ് ഇമാം ഹസനുല്‍ബന്നാ പ്രവര്‍ത്തനം ആരംഭിച്ചത്. ഇസ്മാഈലിയ്യയില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൈറോവിലേക്ക് വ്യാപിക്കുകയും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുവിധം പ്രസ്ഥാനത്തിന്റെ കര്‍മ മണ്ഡലം വികസിക്കുകയും ചെയ്തു.
മുസ്ലിം സമുദായത്തിന്റെ സമുദ്ധാരണം ലക്ഷ്യമാക്കി സമ്പൂര്‍ണ പദ്ധതി മുന്നോട്ടുവെച്ച ഹസനുല്‍ബന്നാ, ഇസ്ലാമിന്റെ സമഗ്രതയെ കുറിച്ച് ജനമനസുകളില്‍ നിന്ന് തിരോഭവിച്ചു കഴിഞ്ഞിരുന്ന ചിന്തകള്‍ക്ക് പുതുജീവന്‍ നല്‍കുകയും ഇസ്ലാമിനെ കുറിച്ച യഥാര്‍ഥ പരികല്‍പനകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകരിലും ബഹുജനങ്ങളിലും വന്‍സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞ നേതാവിന്റെ വ്യക്തിത്വം പ്രസ്ഥാനത്തിന്റെ ഈടുവെപ്പായി തീര്‍ന്ന ചരിത്രമാണ് ഇഖ്വാനുല്‍ മുസ്ലിമൂന്‍ സംഘടനക്കുള്ളത്. പ്രബോധന പ്രവര്‍ത്തനത്തില്‍ പുത്തന്‍ ശൈലികള്‍ ആവിഷ്കരിച്ച ബന്ന, ഗ്രന്ഥങ്ങള്‍ രചിക്കുന്നതിന് പകരം ഗ്രന്ഥങ്ങള്‍ രചിക്കുന്ന പ്രതിഭാധനരെ സൃഷ്ടിക്കുകയാണ് ചെയ്തത്. സ്ഥാപകനേതാവിന്റെ വിയോഗത്തോടെ അന്യം നിന്ന് പോകാത്ത സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ബന്ന സൃഷ്ടിച്ച സമൂഹത്തെ ശഹീദ് സയ്യിദ് ഖുത്വുബ് പരിചയപ്പെടുത്തുന്നതിങ്ങനെ:
"അത് കേവലം ഒരാള്‍ക്കൂട്ടമായിരുന്നില്ല. ജനങ്ങളുടെ ചിന്തകളെയും ബോധമണ്ഡലത്തെയും പ്രബോധകനായ ഹസനുല്‍ ബന്ന തട്ടിയുണര്‍ത്തി. തൌഹീദില്‍ നിന്നുയിര്‍ക്കൊണ്ട ആദര്‍ശത്തിന് ചുറ്റും അവര്‍ മേളിച്ചു. അവരുടെ ഓരോ ചുവടുവെപ്പിലും ക്രിയാത്മകതയുടെ ജീവചൈതന്യം ദര്‍ശിക്കാമായിരുന്നു. വ്യക്തികളില്‍ നിന്ന് ഉസ്റയിലേക്കും കുടുംബ കൂട്ടായ്മകളില്‍ നിന്ന് ശാഖകളിലേക്കും തുടര്‍ന്ന് മേഖലകളിലേക്കും അനന്തരം കേന്ദ്രതലത്തിലേക്കും പിന്നീട് സ്ഥാപക സമിതിയിലേക്കും ഒടുവില്‍ മക്തബുല്‍ ഇര്‍ശാദിലേക്കും അനുക്രമമായി വികസിക്കുന്ന പ്രയാണം വ്യവസ്ഥാപിതവും സംഘടനയുടെ കെട്ടുറപ്പ് വിളിച്ചോതുന്നതുമായിരുന്നു. ഈ യാത്രയിലെ ഓരോ നിമിഷവും ചേതോഹരമായ അനുഭവമാണ്''.

സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി
(1903-1979)
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിക നവോത്ഥാനത്തിന് അടിത്തറ പാകിയ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമി ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ലോകമെങ്ങും ദൃശ്യമായികൊണ്ടിരിക്കുന്ന പുതിയ ഉയിര്‍ത്തെഴുന്നേല്‍പില്‍ പ്രസ്ഥാനം വഹിച്ച പങ്ക് ചാരിതാര്‍ഥ്യത്തോടെ ഓര്‍ക്കാവുന്നതാണ്. മൌലാനാ മൌദൂദിയുടെ സേവന മുദ്രകള്‍ പതിയാത്ത വിജ്ഞാന ശാഖകള്‍ വിരളമാണ്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, രാഷ്ട്രമീമാംസ തുടങ്ങി സര്‍വ മേഖലകളിലും കൈവെച്ച പ്രതിഭാധനനായ ആ പരിഷ്കര്‍ത്താവ് ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെ കടന്നാക്രമണങ്ങളെ ചെറുത്തു തോല്‍പിച്ച ഇരുപതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനാണ്. കമ്യൂണിസത്തിന്റെയും മുതലാളിത്തത്തിന്റെയും പതനം ദശകങ്ങള്‍ക്ക് മുമ്പേ പ്രവചിച്ച മൌലാനാ മൌദൂദിയെ ദീര്‍ഘവീക്ഷണമുള്ള മുജദ്ദിദായി ലോകം വിലയിരുത്തുന്നു.
തുര്‍ക്കിയില്‍ വൈജ്ഞാനിക-നവോത്ഥാന മേഖലകളില്‍ ധീരമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ
ബദീഉസ്സമാന്‍ സഈദ് നൂര്‍സി (1877-1960), സുഡാനില്‍ മുഹമ്മദ് മഹ്ദി (1843-1885), മൊറോക്കോവില്‍ ഇമാം സനൂസി (1859-1878), ഈജിപ്തില്‍ മുഹമ്മദ് അബ്ദു (1849-1905),
രശീദ് രിദാ (1865-1935), ഇറാഖില്‍ ശിഹാബുല്‍ അലൂസി (1802-1854), ജമാലുദ്ദീന്‍ അഫ്ഗാനി (1838-1897), ലിബിയയില്‍ ഉമറുല്‍ മുഖ്താര്‍ (1861-1931),
യമനില്‍ മുഹമ്മദുബ്നു അലി ശൌകാനി (1834-1858), ഇന്ത്യയില്‍ അബുല്‍ ഹസന്‍ അലി നദ്വി (1923-1999) തുടങ്ങി ഇസ്ലാമിക അതിജീവന മാതൃകകള്‍ ലോകത്തിന് കാട്ടികൊടുത്ത പരിഷ്കര്‍ത്താക്കളുടെ ബൃഹത്തായ സേവനങ്ങളും ചരിത്രം എന്നും ഓര്‍ത്തുവെക്കുന്നതാണ്.

pkjamal@hotmail.com

Comments