Prabodhanm Weekly

Pages

Search

2012 ജൂലൈ 21

സീനായിലെ ദിനരാത്രങ്ങള്‍

ഡോ. യൂസുഫുല്‍ ഖറദാവി

ഔഖാഫ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ മാസത്തില്‍ അറബ് രാജ്യങ്ങളിലേക്കും, യൂറോപ്പിലെയും അമേരിക്കയിലെയും മുസ്‌ലിം പ്രവാസികളിലേക്കും സമര്‍ഥരായ പണ്ഡിതന്മാരെയും പ്രഭാഷകരെയും ഇമാമുമാരെയും തെരഞ്ഞെടുത്തയക്കുന്ന പതിവുണ്ടായിരുന്നു. അവര്‍ക്ക് മാന്യമായ പ്രതിഫലവും നല്‍കിയിരുന്നു. ചിലപ്പോള്‍ രാജ്യത്തിനകത്ത് തന്നെയുള്ള, കിഴക്കന്‍ മരുഭൂമി (സീനാ), പടിഞ്ഞാറന്‍ മരുഭൂമി (അസ്സലൂം) തുടങ്ങിയ പ്രദേശങ്ങളിലേക്കായിരിക്കും ഇത്തരം പ്രബോധക സംഘങ്ങളെ അയക്കുക. ഒരിക്കല്‍ ഈ സംഘത്തിലേക്ക് ഞാനും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. സീനായുടെ തലസ്ഥാനമായ അരീശിലേക്കായിരുന്നു എന്റെ പേര് നിര്‍ദേശിക്കപ്പെട്ടത്.
അരീശിലെ എന്റെ റമദാന്‍ ദിനങ്ങള്‍ അപൂര്‍വമായ ഒരനുഭവമായിരുന്നു. ആദ്യമായാണ് സീനാ ഉപദ്വീപ് ഞാന്‍ കാണുന്നത്. ഈജിപ്തിന്റെ ഭാഗമായ ആ ഭൂപ്രദേശത്തെ ബ്രിട്ടീഷുകാര്‍ രാജ്യത്ത് നിന്ന് വേര്‍പ്പെടുത്തി ഒരന്യ രാജ്യത്തെപ്പോലെ ആക്കിയിരുന്നു. അതുകൊണ്ട് പ്രത്യേക അനുമതി പത്രം കൂടാതെ ഈജിപ്തുകാര്‍ക്ക് ആ പ്രദേശം സന്ദര്‍ശിക്കാന്‍ കഴിയുമായിരുന്നില്ല. 1957-ലെ വേനല്‍ കാലത്തായിരുന്നു ഞങ്ങളുടെ അരീശിലേക്കുള്ള യാത്ര. തലേവര്‍ഷം നടന്ന ത്രികക്ഷി (ഫ്രാന്‍സ്, ബ്രിട്ടന്‍, ഇസ്രയേല്‍) ആക്രമണത്തിന്റെ അടയാളങ്ങള്‍ എങ്ങും ദൃശ്യമായിരുന്നു.
അല്‍ അസ്ഹറിലെ മതപ്രഭാഷകനായ ശൈഖ് നിശാര്‍, ഔഖാഫ് മന്ത്രാലയത്തിലെ ഖത്വീബ് ശൈഖ് അബ്ദുല്‍ മുത്ത്വലിബ്, പില്‍ക്കാലത്ത് ഔഖാഫ് മന്ത്രിയായ ശൈഖ് ഇബ്‌റാഹീം ദസൂഖി തുടങ്ങിയവരാണ് ഞങ്ങളുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. അരീശിലെ ജനങ്ങള്‍ ഞങ്ങളെ ഹാര്‍ദമായി സ്വീകരിച്ചു. ഞാന്‍ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും പള്ളികളിലും സദസ്സുകളിലും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. മസ്ജിദുല്‍ അബ്ബാസി, മസ്ജിദുസ്സുന്ന, മസ്ജിദുല്‍ മാലിഹ് തുടങ്ങിയ അനേകം പള്ളികളില്‍ ഞങ്ങള്‍ പ്രഭാഷണം നടത്തിയിരുന്നു. പല പള്ളികളുടെയും പേരുകള്‍ ഇപ്പോള്‍ ഓര്‍മയില്‍ വരുന്നില്ല.
അരീശിലെ നിവാസികള്‍ അറബ് വംശജരാണ്. രിഫ്ഹ് എന്ന ഒരു പ്രദേശത്ത് പോയത് ഞാനോര്‍ക്കുന്നു. ഇത് ഫലസ്ത്വീനാണ്, ഇത് ഈജിപ്താണ് എന്ന് പറഞ്ഞുകൊണ്ട് നിരവധി വീടുകളെ അവര്‍ എനിക്ക് പരിചയപ്പെടുത്തിത്തന്നു. ഒരു കുടുംബത്തിന്റെ ഒരു ഭാഗം ഈജിപ്തിലും ഒരു ഭാഗം ഫലസ്ത്വീനിലുമായിരുന്നു. രണ്ട് മരപ്പലക മാത്രമാണ് അവരെ പരസ്പരം വേര്‍പ്പെടുത്തിയിരുന്നത്. ആ പലകകളുടെ അടുത്ത് ഒരു കാല്‍ ഈജിപ്തിന്റെ മണ്ണിലും മറ്റേ കാല്‍ ഫലസ്ത്വീന്റെ മണ്ണിലും ഊന്നിനിന്നിട്ട് അവരോട് ഞാന്‍ പറഞ്ഞു: ''ഇപ്പോള്‍ എന്റെ പകുതി ഈജിപ്തിലും പകുതി ഫലസ്ത്വീനിലുമാണ്.''
ആദ്യമായി ഗസ്സ സന്ദര്‍ശിച്ചത് ഈ യാത്രക്കിടയിലാണ്. അവിടെ ക്ലാസ്സെടുക്കുകയും പണ്ഡിതനായ ശൈഖ് ഹാഷിം ഖാസിന്‍ദാറിന്റെ വീട്ടില്‍ നിന്ന് നോമ്പ് തുറക്കുകയും ചെയ്തു. ഈജിപ്തില്‍ കിട്ടാത്ത ചില സാധനങ്ങള്‍ ഗസ്സയിലെ മാര്‍ക്കറ്റില്‍ നിന്ന് ഞങ്ങള്‍ വാങ്ങുകയുമുണ്ടായി. ധന്യവും അനുഗൃഹീതവുമായിരുന്നു ആ റമദാന്‍ ദിനങ്ങള്‍. മറക്കാനാവാത്ത ചില ഓര്‍മകള്‍ എനിക്കത് സമ്മാനിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും അരീശിലേക്കുള്ള ഈ പ്രബോധന യാത്ര തുടര്‍ന്നു. അത് അരീശുവാസികള്‍ക്കും എനിക്കുമിടയില്‍ മുറിച്ചുമാറ്റാനാവാത്ത ആത്മബന്ധങ്ങള്‍ സൃഷ്ടിച്ചു.

ഖത്തറില്‍
ഖത്തറിലേക്ക് വരുമ്പോള്‍ ഒരന്യ ദേശത്തേക്കാണ് പോകുന്നതെന്ന വിചാരമായിരുന്നു എനിക്ക്. ആ രാജ്യത്തിലുള്ളവര്‍ എന്നെ അറിയുകയില്ലെന്നും അതിനാല്‍ എഴുതാനും വായിക്കാനും ധാരാളം സമയം കിട്ടുമെന്നും ഞാന്‍ കരുതി. പക്ഷേ, എന്റെ ധാരണ തെറ്റായിരുന്നു. ഞാന്‍ ഖത്തറില്‍ എത്തുന്നതിന് മുമ്പേ എന്നെക്കുറിച്ചവര്‍ അറിഞ്ഞുകഴിഞ്ഞിരുന്നു.
ജാമിഉശ്ശുയൂഖില്‍ ശൈഖ് ഇബ്‌നു തുര്‍ക്കിയുടെ ഖുത്വ്ബക്കു ശേഷമായിരുന്നു ഖത്തറില്‍ എന്റെ ആദ്യത്തെ ക്ലാസ്. ആദ്യത്തെ പ്രഭാഷണം മദ്‌റസ ഥാനവിയ്യയിലും. ജാമിഅ്ശൂയുഖിലെ ക്ലാസ്സിന് തികച്ചും മതപരമായ മാനമാണുണ്ടായിരുന്നത്. എന്നാല്‍, മദ്‌റസാ ഥാനവിയ്യയിലെ പ്രഭാഷണം രാഷ്ട്രീയച്ചുവയുള്ളതായിരുന്നു. ലയനത്തിനു ശേഷം ഈജിപ്തും സിറിയയും വേര്‍പിരിഞ്ഞതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. തങ്ങളുടെ നാട്ടിലെത്തിയ ഈ നവാഗതനെക്കുറിച്ച് ചിലതൊക്കെ മനസ്സിലാക്കാന്‍ പ്രസ്തുത ക്ലാസ്സും പ്രഭാഷണവും ഖത്തറുകാര്‍ക്ക് അവസരം നല്‍കി.
അല്‍പനാളുകള്‍ക്ക് ശേഷം മിഅ്‌റാജ് അനുസ്മരണ ദിനത്തില്‍ പ്രഭാഷണം നടത്താന്‍ ശൈഖ് ഇബ്‌നു തുര്‍ക്കി വീണ്ടും എന്നെ മദ്‌റസാ ഥാനവിയ്യയിലേക്ക് ക്ഷണിച്ചു. അതിനു ശേഷം മതപരമോ ദേശീയമോ സാമൂഹികമോ ആയ എല്ലാ വിശേഷാവസരങ്ങളിലും പങ്കെടുക്കാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടുകൊണ്ടിരുന്നു.
അങ്ങനെ പരിശുദ്ധ റമദാന്‍ സമാഗതമായി. അസ്ഹരികളായ പണ്ഡിതന്മാരെ ദോഹയിലെയും പരിസര പ്രദേശങ്ങളിലെയും പള്ളികളിലേക്ക് റമദാന്‍ ക്ലാസുകള്‍ എടുക്കാന്‍ അയക്കുന്ന ഒരു നല്ല സമ്പ്രദായം ശൈഖ് ഇബ്‌നു തുര്‍ക്കി തുടങ്ങിവെച്ചിട്ടുണ്ടായിരുന്നു. മിക്കവാറും അസര്‍ നമസ്‌കാരത്തിനു ശേഷമായിരിക്കും ഈ ക്ലാസുകള്‍. അല്ലെങ്കില്‍ ഇശാ നമസ്‌കാരത്തിനു ശേഷം. കൃത്യമായ ഒരു ടൈം ടേബിളിന്റെ അടിസ്ഥാനത്തിലാണ് ഇത് നടത്തപ്പെട്ടിരുന്നത്.
ഖത്തറിലെ കിരീടാവകാശി ശൈഖ് ഖലീഫ ബിന്‍ ഹമദിന്റെ ഔദ്യോഗിക വസതിക്കു മുമ്പിലുള്ള പള്ളിയിലേക്കാണ് ശൈഖ് ഇബ്‌നു തുര്‍ക്കി എന്നെ അയച്ചത്. എല്ലാ ദിവസവും അസര്‍ നമസ്‌കാരത്തിന് ഞാന്‍ പള്ളിയിലെത്തും. ശൈഖ് ഖലീഫയോടൊപ്പം അസര്‍ നമസ്‌കരിച്ച ശേഷം ഞാന്‍ ക്ലാസെടുക്കും. സന്ദര്‍ഭാനുസരണം ഓരോ വിഷയങ്ങളെക്കുറിച്ചായിരിക്കും ഈ ക്ലാസുകള്‍.
ചിലപ്പോള്‍ ഒരു ആയത്തിന്റെ, അല്ലെങ്കില്‍ ഹദീസിന്റെ വിശദീകരണം; അല്ലെങ്കില്‍ ബദ്ര്‍ യുദ്ധം, ഫത്ഹ് മക്ക, ലൈലത്തുല്‍ ഖദ്ര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്; റമദാന്റെ തുടക്കത്തില്‍ നോമ്പിന്റെ ശ്രേഷ്ഠതയെക്കുറിച്ചും റമദാന്റെ അവസാനത്തില്‍ പെരുന്നാളിനെയും ഫിത്വ്ര്‍ സകാത്തിനെ കുറിച്ചും സംസാരിക്കും. വലിയൊരു ജനാവലി ശ്രോതാക്കളായി ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ ശൈഖ് ഖലീഫയും ഉണ്ടാവും. രോഗമോ ഒഴിച്ചുകൂടാനാവാത്ത മറ്റു സാഹചര്യങ്ങളോ ഉള്ളപ്പോള്‍ മാത്രമേ അദ്ദേഹം വരാതിരിക്കുകയുള്ളൂ.
ശൈഖ് ഇബ്‌നു തുര്‍ക്കിയുടെ ടൈം ടേബിള്‍ അനുസരിച്ച് റമദാന്‍ പതിനഞ്ച് വരെയാണ് ശൈഖ് ഖലീഫയുടെ പള്ളിയില്‍ ഞാന്‍ ക്ലാസ്സെടുക്കേണ്ടിയിരുന്നത്. അതനുസരിച്ച്, രണ്ടാഴ്ച ഞാന്‍ ക്ലാസ്സെടുത്ത ശേഷം ശൈഖ് ഇബ്‌നു തുര്‍ക്കി മറ്റൊരു പണ്ഡിതനെ എനിക്ക് പകരക്കാരനായി അയച്ചു. അന്നുതന്നെ ശൈഖ് ഖലീഫ ബിന്‍ ഹമദ്, ശൈഖ് ഇബ്‌നു തുര്‍ക്കിയുമായി ബന്ധപ്പെട്ട് എന്തിനാണ് ഖറദാവിയെ മാറ്റിയതെന്ന് ചോദിച്ചു. ക്ലാസിന്റെ വൈവിധ്യവത്കരണത്തിന് വേണ്ടിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അപ്പോള്‍ ശൈഖ് ഖലീഫ പറഞ്ഞു: 'വൈവിധ്യം എനിക്കാവശ്യമില്ല. ശൈഖ് ഖറദാവി അല്ലാത്ത മറ്റാരെയും എനിക്ക് വേണ്ട.'
അങ്ങനെ ശൈഖ് ഖലീഫയുടെ പള്ളിയില്‍ ഞാന്‍ മടങ്ങിയെത്തി. ശൈഖ് ഖലീഫ ഖത്തര്‍ ഭരണാധികാരിയാവുകയും കൊട്ടാരം റയ്യാനിലേക്ക് മാറ്റുകയും ചെയ്തപ്പോള്‍ എന്റെ റമദാന്‍ പ്രഭാഷണവും റയ്യാനിലെ പള്ളിയിലേക്ക് മാറി. പിന്നീട് പള്ളി കൊട്ടാര സമുച്ചയത്തിന്റെ അകത്തേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്ക് അവിടെ പ്രവേശനം അനുവദിക്കപ്പെട്ടിരുന്നില്ല. പ്രധാന വ്യക്തികള്‍ മാത്രമേ അവിടെ നമസ്‌കാരത്തിന് വരാറുണ്ടായിരുന്നുള്ളൂ. എങ്കിലും ശൈഖ് ഖലീഫ മുടങ്ങാതെ എന്റെ ക്ലാസ്സുകളില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ പുത്രന്‍ ശൈഖ് ഹമദ് അധികാരമേല്‍ക്കുന്നത് വരെ ഈ സ്ഥിതി തുടര്‍ന്നു. അതായത് 36 റമദാന്‍. അതിനിടയില്‍ ഒരു വര്‍ഷം മാത്രമാണ് എന്റെ റമദാന്‍ ക്ലാസ് മുടങ്ങിയത്. ഒരു ശസ്ത്രക്രിയക്കായി ജര്‍മനിയിലെ ബോണ്‍ പട്ടണത്തിലേക്ക് പോകേണ്ടിവന്നതിനെത്തുടര്‍ന്നായിരുന്നു അത്. ആ ഒരു മാസം മാത്രമാണ് എന്റെ തറാവീഹ് നമസ്‌കാരവും മുടങ്ങിപ്പോയത്.
ശസ്ത്രക്കിയക്ക് ശേഷം രോഗശയ്യയില്‍ അനങ്ങാന്‍പോലുമാകാതെ കിടക്കുമ്പോഴായിരുന്നു അക്കൊല്ലത്തെ റമദാന്‍ സമാഗതമായത്. അപ്പോള്‍ ദോഹയിലെ പള്ളിയിലെത്താന്‍ എന്റെ മനസ്സ് ശക്തമായി വെമ്പല്‍ക്കൊണ്ടു. അവിടത്തെ തറാവീഹ് നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും വിശ്രമവേളയിലെ പ്രഭാഷണങ്ങളും നീണ്ട പ്രാര്‍ഥനയും ഖുനൂത്തും അതില്‍ എന്റെ ശബ്ദം ഇടറുന്നതും കണ്ണുനീര്‍ പ്രവഹിക്കുന്നതും പള്ളിയെ ഇളക്കി മറിച്ചുകൊണ്ടുള്ള ജനങ്ങളുടെ ഏങ്ങിക്കരച്ചിലുമൊക്കെ മനസ്സിനെ ആര്‍ദ്രമാക്കി. രോഗശയ്യയിലെ ആ വികാരങ്ങള്‍ വാര്‍ന്നൊഴുകിയതാണ് എന്റെ 'യാ ദോഹതല്‍ ഖൈറി' എന്ന കവിത.
ഹിജ്‌റ 1393/1973 റമദാന്‍ പത്തിനായിരുന്നു ഇസ്‌ലാമിക ലോകത്തെ മുഴുവന്‍ ആനന്ദതുന്ദിലമാക്കിയ യുദ്ധ വിജയം. പടിഞ്ഞാറെക്കരയും ഗോലാനും സീനായുമെല്ലാം നഷ്ടപ്പെട്ട 1967-ലെ അറബ് -ഇസ്രയേല്‍ യുദ്ധം അറബ്-ഇസ്‌ലാമിക സമൂഹത്തെ അതീവ ദുഃഖത്തിലാഴ്ത്തിയിരുന്നു. 1973-ലെ യുദ്ധ വിജയം അറബ് ലോകത്ത് മാത്രമല്ല, ഇസ്‌ലാമിക സമൂഹത്തിലാകമാനം തന്നെ പുതിയൊരു ഉന്മേഷവും ചൈതന്യവും പകര്‍ന്നു നല്‍കുകയുണ്ടായി. ഒക്‌ടോബര്‍ ആറിലെ യുദ്ധം എന്ന പേരിലാണ് പൊതുവെ ഇത് അറിയപ്പെടാറുള്ളത്. എന്നാല്‍, റമദാന്‍ പത്തിലെ യുദ്ധം എന്നാണ് ഞാനതിനെ എപ്പോഴും വിളിക്കാറുള്ളത്. കാരണം, പരിശുദ്ധ റമദാന്‍ മാസത്തിന്റെ ആവേശവും ചൈതന്യവും ആത്മസമര്‍പ്പണ ബോധവുമാണ് ഇസ്രയേലിനെതിരെ ധീരോദാത്തമായി പോരാടി വിജയം വരിക്കാന്‍ അറബ് മുസ്‌ലിംകളെ പ്രാപ്തരാക്കിയത്. ഒക്‌ടോബറിന് ആ ധീരോദാത്തതയിലോ വിജയത്തിലോ യാതൊരു പങ്കും ഉണ്ടായിരുന്നില്ല.
ആ ദിവസം ഞാന്‍ ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. ശൈഖ് ഖലീഫാ പള്ളിയില്‍ അസര്‍ നമസ്‌കരിച്ച ശേഷം പ്രഭാഷണം നിര്‍വഹിച്ച് പുറത്തിറങ്ങിയപ്പോഴാണ് യുദ്ധ വിജയത്തിന്റെ വാര്‍ത്ത വന്നത്. അതോടെ എന്റെ ടെലിഫോണ്‍ നിര്‍ത്താതെ മണിമുഴക്കിക്കൊണ്ടിരുന്നു. സന്തോഷം പ്രകടിപ്പിച്ചുകൊണ്ടും അല്ലാഹുവിന് നന്ദി പറഞ്ഞുകൊണ്ടും നാനാ ഭാഗങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍.
ആദ്യം എനിക്ക് ഭയമാണ് തോന്നിയത്. വാര്‍ത്തയില്‍ ഒളിഞ്ഞിരിക്കാനിടയുള്ള ചതിയെക്കുറിച്ച്. 1967-ലെ സംഭവങ്ങള്‍ എന്റെ ഓര്‍മയിലേക്ക് തള്ളിക്കുതിച്ചുവന്നു. ഡസന്‍ കണക്കിന് ഇസ്രയേലീ പോര്‍ വിമാനങ്ങള്‍ വെടിയേറ്റ് വീണുകൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകളാണ് അന്ന് കയ്‌റോ നഗരത്തില്‍ പരക്കെ പ്രചരിച്ചുകൊണ്ടിരുന്നത്. വാസ്തവത്തില്‍ നമ്മുടെ യുദ്ധ വിമാനങ്ങള്‍ തന്നെയാണ് തകര്‍ന്നിരുന്നത്. തകര്‍ന്നു വീഴാന്‍ താവളത്തില്‍ നിന്ന് അവ പൊങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. അതിനു മുമ്പേ ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ അവയൊന്നടങ്കം ചാമ്പലായിക്കഴിഞ്ഞിരുന്നു.
പക്ഷേ, ഇപ്പോള്‍ കേട്ട വാര്‍ത്ത വ്യാജമായിരുന്നില്ല. അത് സ്വപ്നമോ ഭാവനയോ ആയിരുന്നില്ല. തികച്ചും സത്യസന്ധമായ വാര്‍ത്തയാണതെന്ന് എല്ലാ തെളിവുകളും സാക്ഷ്യപ്പെടുത്തി. ഈജിപ്ഷ്യന്‍ സേന സൂയസ് കനാല്‍ കടന്ന് മറുകരയിലെത്തിയിരുന്നു. കനാലിനു മുകളില്‍ പാലം നിര്‍മിച്ചു മറുകരയിലേക്ക് കടക്കാനുള്ള സംവിധാനവും പരിശീലനവും മാസങ്ങളായി നടന്നുവരികയായിരുന്നു. വളരെ രഹസ്യമായാണത് നടന്നിരുന്നത്. പൂര്‍ണമായും ഒരു ഈജിപ്ഷ്യന്‍ ഓപറേഷനായിരുന്നു അത്. അന്യ രാജ്യക്കാരായ വിദഗ്ധന്മാര്‍ക്ക് അതില്‍ യാതൊരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് അത്രയും കാലം അത് പരമ രഹസ്യമാക്കി നിലനിര്‍ത്താന്‍ സാധിച്ചത്. അങ്ങനെ വിജയകരമായി കനാല്‍ മുറിച്ചുകടന്ന സൈന്യം ഇസ്രയേല്‍ നിര്‍മിച്ച ബാര്‍ലേഫ് ഭിത്തി തകര്‍ത്തു. എല്ലാം വളരെ വിദഗ്ധമായും തന്ത്രപരമായുമാണ് നടന്നത്. സൈന്യത്തിലെ ഓരോ വിഭാഗവും അവരുടെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു.
യുദ്ധത്തിന് ഏറ്റവും ഉചിതമായ സന്ദര്‍ഭം റമദാന്‍ തന്നെയായിരുന്നു. മാനസികമായും ആത്മീയമായും യോദ്ധാക്കള്‍ക്ക് ഊര്‍ജവും ഉന്മേഷവും വര്‍ധിക്കുന്ന സമയമാണത്. മറ്റൊരു നിലക്ക് ഒക്‌ടോബര്‍ മാസവും യുദ്ധത്തിന് അനുയോജ്യമായിരുന്നു. വേനല്‍ ചൂട് കുറയുന്ന കാലം എന്ന നിലക്ക്. എല്ലാറ്റിലും ഉപരിയായി വിശ്വാസത്തിന്റെയും ഭക്തിയുടെയും ഘടകമാണ് വിജയത്തിന് സഹായകമായിത്തീര്‍ന്നത്. '67-ലെ യുദ്ധവും '73-ലെ യുദ്ധവും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. ഇക്കാര്യത്തില്‍, '67-ലെ യുദ്ധത്തില്‍ വിശ്വാസത്തിന്റെയും ഭക്തിയുടെയും ഘടകം അതീവ ദുര്‍ബലമായിരുന്നു.
'67-ലെ യുദ്ധത്തിന്റെ അടയാളവാക്യം 'കര, കടല്‍, ആകാശം' എന്നായിരുന്നു. പക്ഷേ, കരയിലും കടലിലും ആകാശത്തും വിജയം അന്യം നില്‍ക്കുകയാണുണ്ടായത്. കുറ്റം യോദ്ധാക്കളുടേതായിരുന്നില്ല. യുദ്ധത്തിലേക്ക് അവരെ എടുത്തെറിഞ്ഞ നേതൃത്വമാണ് തെറ്റ് ചെയ്തത്.
അവര്‍ ആയുധത്തെയാണ് ആശ്രയിച്ചിരുന്നത്. ആയുധം പക്ഷേ, അവര്‍ക്ക് ഉപകാരപ്പെടുകയുണ്ടായില്ല. ആയുധങ്ങള്‍ സ്വയം യുദ്ധം ചെയ്യുകയില്ല. ആയുധമേന്തുന്ന കൈകളാണ് യുദ്ധം ചെയ്യുന്നത്. ആയുധമേന്തുന്ന കൈകളെ ചലിപ്പിക്കുന്നതാകട്ടെ ലക്ഷ്യബോധവും കര്‍ത്തവ്യബോധവുമുള്ള വിശ്വാസത്തിന്റെ, സത്യവിശ്വാസത്തിന്റെ ശക്തിയും.
''നല്ല നിലത്ത് ദൈവഹിതത്താല്‍ സസ്യങ്ങള്‍ കിളുര്‍ത്തുവരും. എന്നാല്‍ പാഴ്‌നിലത്ത് കുറച്ചു മാത്രമേ സസ്യങ്ങള്‍ മുളക്കുകയുള്ളൂ'' (അല്‍അഅ്‌റാഫ് 85).
(അവസാനിച്ചു)
വിവ: റഹ്മാന്‍ മുന്നൂര്‌

Comments