Prabodhanm Weekly

Pages

Search

2011 മെയ് 21

ഹിന്ദുത്വരും ജനസംഖ്യാ നയവും

സി. ദാവൂദ്

ജനസംഖ്യയുടെ ദൈവശാസ്ത്രം-2
കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്വന്തം സമുദായാംഗങ്ങളെ ബോധവല്‍ക്കരിക്കാനും അവര്‍ക്കിടയില്‍ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനുമുള്ള പദ്ധതികളാണ് ക്രിസ്ത്യന്‍ സഭകള്‍ നടപ്പിലാക്കുന്നത്. എന്നാല്‍, ഇന്ത്യയിലെ ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ ജനസംഖ്യാ നയമാകട്ടെ, മറ്റേതൊരു വിഷയത്തിലുമെന്നതുപോലെ, അന്യമതസമൂഹങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ കുന്തമുനയായി ഉപയോഗിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ക്രിയാത്മകമല്ല, നിഷേധാത്മകമാണ് ഇക്കാര്യത്തിലും അവരുടെ നിലപാടെന്ന് ചുരുക്കം.
മുസ്‌ലിംകള്‍ വ്യാപകമായി കുട്ടികളെ പെറ്റുകൂട്ടൂന്നു, അവര്‍ ബോധപൂര്‍വം ജനസംഖ്യ വര്‍ധിപ്പിക്കുന്നു, ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാന്‍ ശ്രമിക്കുന്നു, ഹിന്ദുക്കള്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു എന്നത് കാലങ്ങളായി സംഘ്പരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന ആശയമാണ്. സെന്‍സസ് കാലത്ത് ഇത്തരം പ്രചാരണങ്ങള്‍ അതിന്റെ മൂര്‍ഛയിലെത്തും. പലപ്പോഴും അറപ്പുളവാക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിനു വേണ്ടി ജനസംഖ്യാ വിഷയത്തെ അവര്‍ ഉപയോഗിക്കാറുണ്ട്. ഹം ദോ ഹമാരാ ദോ (നാം രണ്ട് നമുക്ക് രണ്ട്) എന്നതാണ് സര്‍ക്കാറിന്റെ മുദ്രാവാക്യമെങ്കില്‍ ഹം പാഞ്ച്, ഹമാരാ പച്ചീസ് (നാം അഞ്ച്, നമുക്ക് ഇരുപത്തി അഞ്ച്) എന്നതാണ് മുസ്‌ലിംകളുടെ മുദ്രാവാക്യമെന്ന് നരേന്ദ്ര മോഡി മുസ്‌ലിംകളെ പരിഹസിച്ച് പ്രസംഗിക്കാറുണ്ടായിരുന്നു. ജനസംഖ്യയുമായി ബന്ധപ്പെട്ട് കാലാകാലങ്ങളില്‍ വമ്പിച്ച ബഹളങ്ങളും ആക്രോശങ്ങളും ഉയര്‍ത്താറുണ്ടെങ്കിലും, തങ്ങളുടെ വാദങ്ങളെ വിശ്വസനീയവും അക്കാദമികമായി സ്വീകരിക്കപ്പെടുന്നതുമായ നിലവാരത്തില്‍ അവതരിപ്പിക്കാനൊന്നും സഘ്പരിവാറിന് സാധിച്ചിട്ടില്ല. എ.പി ജോഷി, എം.ഡി ശ്രീനിവാസ്, ജെ.കെ ബജാജ് എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ റിലീജിയസ് ഡെമോഗ്രഫി ഓഫ് ഇന്ത്യ എന്ന പഠന ഗ്രന്ഥമാണ് (പ്രസാധനം, സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ്, ചെന്നൈ, 2003) ഈ വിഷയകമായി സംഘ്പരിവാര്‍ വാദങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന അക്കാദമിക നിലവാരമുള്ള ഒരു സംഭാവന. സാക്ഷാല്‍ എല്‍.കെ അദ്വാനി തന്നെയാണ് ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയത് എന്നതില്‍ നിന്നു തന്നെ സംഘ്പരിവാര്‍ ഇതിന് എത്ര പ്രാധാന്യം നല്‍കുന്നുവെന്ന് മനസ്സിലാക്കാം. പുസ്തകം ഉന്നയിക്കുന്ന ആശയത്തിന്റെ കാമ്പ് 37 മുതല്‍ 39 വരെയുള്ള പേജുകളില്‍ നിന്ന് തന്നെ ലഭ്യമാകും. 1901 മുതല്‍ 2001 വരെയുള്ള ജനസംഖ്യാ പ്രവണതകളെ പഠന വിധേയമാക്കുകയാണ് ഗ്രന്ഥകാരന്മാര്‍. ഈ പ്രവണതകളെ മുന്‍നിര്‍ത്തി 2071 വരെയുള്ള, ഓരോ പത്ത് വര്‍ഷവും വരാനിരിക്കുന്ന കണക്കുകള്‍ (Projection) പ്രവചിക്കുകയും ചെയ്യുന്നു. ഈ പ്രവചന പ്രകാരം 2051-2061 സെന്‍സസ് വര്‍ഷത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാവുകയും മുസ്‌ലിംകള്‍ ഭൂരിപക്ഷമാവുകയും ചെയ്യും. ഹിന്ദു മതത്തെ കുറിക്കാന്‍ ഇന്ത്യന്‍ റിലീജിയന്‍ (ഐ.ആര്‍) എന്ന വാക്കും ഇസ്‌ലാം-ക്രൈസ്തവ മതങ്ങളെക്കുറിക്കാന്‍ അദര്‍ റിലീജിയന്‍സ് (ഒ.ആര്‍) എന്ന വാക്കുമാണ് ഗ്രന്ഥകര്‍ത്താക്കള്‍ ഉപയോഗിക്കുന്നത് എന്നതില്‍ നിന്ന് തന്നെ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. 2001-ലെ സെന്‍സസിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം, തങ്ങളുടെ പ്രധാനപ്പെട്ടൊരു സൈദ്ധാന്തിക രേഖയായി ഹിന്ദുത്വര്‍ കൊണ്ടു നടക്കുന്നത് ഈ പുസ്തകമാണ്. അതേസമയം, ജനസംഖ്യാ പ്രവചനവുമായി ബന്ധപ്പെട്ട് ഗ്രന്ഥകര്‍ത്താക്കള്‍ സ്വീകരിച്ചിരിക്കുന്ന രീതിശാസ്ത്രം ശരിയല്ലെന്ന വിമര്‍ശനം പ്രമുഖരായ പല ജനസംഖ്യാ ശാസ്ത്രകാരന്മാരും ഉയര്‍ത്തിയിട്ടുണ്ട്. 1901 മുതലുള്ള ഓരോ പത്ത് വര്‍ഷത്തെയും ജനസംഖ്യാ അനുപാതങ്ങളെ (Ratio) മുന്‍നിര്‍ത്തിയാണ് ഗ്രന്ഥകര്‍ത്താക്കള്‍ 2071-ലെ ജനസംഖ്യ പ്രവചിക്കുന്നതും 'ഇന്ത്യന്‍ മതം' (ഹിന്ദു മതം) ന്യൂനപക്ഷമാകുമെന്ന് പ്രഖ്യാപിക്കുന്നതും. ജനനിരക്ക്, മരണ നിരക്ക്, കുടിയേറ്റം എന്നിവയാണ് ജനസംഖ്യയെ സ്വാധീനിക്കുന്ന ഏറ്റവും സുപ്രധാന ഘടകങ്ങള്‍. ഇവയുടെ അനുപാതങ്ങളെയും തോതുകളെയുമാണ് പ്രഫഷനലായ ജനസംഖ്യാ ശാസ്ത്രകാരന്മാര്‍ എപ്പോഴും പഠനവിധേയമാക്കുക. അതിന് പകരം, മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയിലെ തോതു വ്യത്യാസത്തെ മാത്രം പരിഗണിച്ചു കൊണ്ടാണ് മേല്‍ കൃതി നിഗമനങ്ങളിലെത്തുന്നത് എന്നതാണ് പ്രശ്‌നം. മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ ഡി.ജയരാജ്, എസ്. സുബ്രമഹ്ണ്യന്‍ എന്നിവര്‍ മേല്‍ഗ്രന്ഥത്തെ വിശദമായ നിരൂപണത്തിന് വിധേയമാക്കിയിട്ടുണ്ട് (എകണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി, 20 മാര്‍ച്ച് 2004). ഗ്രന്ഥകര്‍ത്താക്കള്‍ നടത്തിയ 2071 വരെയുള്ള പ്രൊജക്ഷനെ ഭൂതകാലത്തേക്ക് തിരിച്ചിട്ടാല്‍, അതായത്, 1901 മുതല്‍ 1781 വരെയുള്ള കാലത്തേക്കുള്ള 'റിവേഴ്‌സ് പ്രൊജക്ഷന്‍' നടത്തിയാല്‍ എങ്ങനെയിരിക്കും എന്നാണവര്‍ അന്വേഷിച്ചത്. അങ്ങനയെങ്കില്‍ 1781ല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 99.7 ശതമാനവും ഹിന്ദുക്കള്‍ ആയിരിക്കണം. ഇത് ചരിത്രപരമായിത്തന്നെ തികഞ്ഞ വിഡ്ഢിത്തമാണെന്ന് എല്ലാവര്‍ക്കുമറിയാം. 1781ല്‍ ഹിന്ദുക്കള്‍ 99.7 ശതമാനമായിരുന്നുവെന്ന് പറയുന്നത് എത്രമാത്രം തെറ്റാണോ അതേ അളവില്‍ തന്നെ തെറ്റാണ് 2071ല്‍ ഹിന്ദുക്കള്‍ 40ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന് പറയുന്നതും.
കൗതുകകരമായ കാര്യം, ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്നു; മുസ്‌ലിംകള്‍ ഭൂരിപക്ഷമാകാന്‍ പോകുന്നു എന്ന മുദ്രാവാക്യം ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടായി എന്നുള്ളതാണ്. 'മുഹമ്മദീയര്‍ കണക്കില്ലാതെ ശതഗുണീഭവിച്ചു കൊണ്ടിരിക്കുകയാണ്, എന്നാല്‍ ഹിന്ദുക്കള്‍ ക്രമമായി കുറഞ്ഞുകൊണ്ടിരിക്കുന്നു' വെന്ന് സ്വാമി ശ്രദ്ധാനന്ദ വളരെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു (സ്വാമി ശ്രദ്ധാനന്ദ, ഹിന്ദു സംഘാതന്‍, പേജ് 99, 1926). ഇതാ, ഇന്ത്യ ഉടന്‍ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാകാന്‍ പോകുന്നുവെന്ന് 1920കളില്‍ തന്നെ ഹിന്ദുത്വ ശക്തികള്‍ പ്രചാരണം തുടങ്ങിയിരുന്നെങ്കിലും ഇന്നും ആ പ്രചാരണം തുടരുക എന്നതല്ലാതെ അവര്‍ പ്രവചിച്ചതു പോലെ സംഭവിച്ചില്ല എന്നതാണ് കാര്യം. ജനസംഖ്യാ പ്രവണതകളെ വിശകലനം ചെയ്ത്, ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്നുവെന്ന വേവലാതിയുമായി 1979ല്‍ They Count Their Gains, We Calculate Our Losses എന്ന പേരില്‍ ഹിന്ദു മഹാസഭ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിരുന്നു.
ചുരുക്കത്തില്‍, ക്രൈസ്തവ സഭകളെപ്പോലെ സ്വതന്ത്രമായ ഒരു ജനസംഖ്യാ നയം രൂപപ്പെടുത്താന്‍ ഹിന്ദുത്വര്‍ക്ക് കഴിഞ്ഞിട്ടില്ല. ഓരോ സെന്‍സസ് വര്‍ഷം കഴിയുമ്പോഴും ജനസംഖ്യാ പ്രവണതകളെ വിശകലനം ചെയ്ത് മുസ്‌ലിംകള്‍ കൂടുന്നേ എന്ന് ആക്രോശിക്കുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്യുക എന്നത് മാത്രമാണ് അവരുടെ രീതി. ജനസംഖ്യയെ മതാടിസ്ഥാനത്തില്‍ മാത്രം നോക്കിക്കാണുന്ന ഇടുങ്ങിയ സമീപനം കൊണ്ടുനടക്കുക  മാത്രമാണവര്‍ ചെയ്യുന്നത്. ഇതുകാരണം പലപ്പോഴും ഈ വിഷയത്തില്‍ പരസ്പര വിരുദ്ധമായ നിലപാടുകളില്‍ അവര്‍ എത്തിച്ചേരുന്നതും കാണാന്‍ കഴിയും. രാജ്യത്തിന്റെ വികസനം, അതില്‍ മനുഷ്യ വിഭവത്തിനുള്ള പങ്ക്, മനുഷ്യ ജീവന്റെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മഹത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാനാണ് അവര്‍ യഥാര്‍ഥത്തില്‍ ശ്രമിക്കേണ്ടിയിരുന്നത്. അതേ പോലെ, പുനര്‍വിവാഹം, വിധവാ വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ ഹൈന്ദവ സമൂഹം എവിടെ നില്‍ക്കുന്നുവെന്ന് അന്വേഷിക്കാനും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമെങ്കില്‍ നടപ്പിലാക്കാനുമാണ് ഉത്തരവാദപ്പെട്ട പ്രസ്ഥാനങ്ങള്‍ ശ്രമിക്കേണ്ടത്. അതിന് പകരം, മുസ്‌ലിംകള്‍ക്കെതിരെ നിരന്തരമായി ആക്രോശങ്ങള്‍ ഉയര്‍ത്തിയത് കൊണ്ടോ ഹിന്ദുസമൂഹത്തെ ജനസംഖ്യയെക്കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തിയത് കൊണ്ടോ കാര്യമില്ല. ഇതാകട്ടെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ ആരംഭിച്ചതാണ്. അത് എവിടെയുമെത്തിയില്ല എന്നതിന് അവരുടെ പ്രചാരണത്തിന്റെ ആവര്‍ത്തനം തന്നെ തെളിവാണ്.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നും അത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും 2004 നവംബര്‍ 09ന് പ്രവീണ്‍ തൊഗാഡിയ പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം, 'അഷ്ട പുത്രോ ഭവ' (എട്ടു കുട്ടികളുണ്ടാവട്ടെ) എന്നത് ഹിന്ദുക്കള്‍ മുദ്രാവാക്യമായി സ്വീകരിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. അടുത്ത കാലത്തായി വി.എച്ച്.പി സന്യാസിമാര്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുവാന്‍ ഹിന്ദു സമൂഹത്തെ ആഹ്വാനം ചെയ്യുന്ന പ്രസ്താവനകള്‍ വ്യാപകമായി ഇറക്കുകയുണ്ടായി. 2011ലെ സെന്‍സസ് ഫലങ്ങള്‍ പുറത്ത് വന്നതിന് ശേഷം ജന്മഭൂമി എഴുതിയ മുഖപ്രസംഗം (ഏപ്രില്‍ 02) ജനസംഖ്യാ വര്‍ധനവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് പറയുന്നത്. 'ജനസംഖ്യാ വിസ്‌ഫോടനത്തില്‍ ആശങ്കപ്പെടാതെ ഈ വര്‍ധിച്ച മാനവശേഷി രാജ്യപുരോഗതിക്ക് ഏതുവിധം ഉപകാരപ്രദമാക്കാം എന്നാണ് ഭരണാധികാരികളും ആസൂത്രണ വിദഗ്ധരും ചിന്തിക്കേണ്ടത്'- മുഖപ്രസംഗം പറയുന്നു.
സ്വന്തമായ ദാര്‍ശനികാടിത്തറയും വികസന കാഴ്ചപ്പാടുമൊക്കെയുള്ള ഒരു പ്രസ്ഥാനം സ്വീകരിക്കേണ്ട സമീപനമല്ല ജനസംഖ്യാ വിഷയത്തില്‍ സംഘ്പരിവാര്‍ സ്വീകരിക്കുന്നത്. മുസ്‌ലിംകളുടെ ജനസംഖ്യയുമായി ബന്ധപ്പെട്ട് കാലാകാലങ്ങളില്‍ ഉയരുന്നതും തങ്ങള്‍ തന്നെ സൃഷ്ടിക്കുന്നതുമായ കണക്കുകളോടുള്ള പ്രതികരണം മാത്രമാണ് ഈ വിഷയത്തില്‍ അവരുടെ നിലപാട്. അതിനുമപ്പുറം, ജനസംഖ്യാ നിയന്ത്രണം, കുടുംബാസൂത്രണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് തങ്ങളുടെ അടിസ്ഥാന കാഴ്ചപ്പാട് എന്താണെന്ന് അവര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ചിലപ്പോള്‍ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശക്തമായി ആഹ്വാനം ചെയ്യുകയും എന്നാല്‍ അതേ സമയം, കുടുംബാസൂത്രണം നടപ്പിലാക്കാത്തവരെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന് വരെ ആവശ്യപ്പെടുകയും ചെയ്യുന്നു അവര്‍. മതപരിവര്‍ത്തനത്തിന്റെ കാര്യത്തിലും ഇതേ ഇരട്ടത്താപ്പ് തന്നെയാണ് സംഘപരിവാര്‍ പുലര്‍ത്തുന്നത്. ഒരു വശത്ത് മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത്തരം നിയമനിര്‍മാണം നടത്തുകയും ചെയ്യുന്നു അവര്‍. അതേ സമയം, കേരളത്തില്‍ മാത്രം മതപരിവര്‍ത്തനത്തിനുള്ള ഔദ്യോഗിക അംഗീകാരമുള്ള നാല് കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട് അവര്‍.
ജനസംഖ്യാ വിഷയത്തില്‍ സംഘപരിവാറിന്റെ ദേശീയതലത്തിലെ നിലപാട് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും കേരളത്തില്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ സംശയങ്ങളില്ലെന്നാണ് മനസ്സിലാവുന്നത്. ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് അവര്‍ ആഹ്വാനം ചെയ്യുന്നത് കാണാന്‍ കഴിയും. 2010 ആഗ്‌സ്ത് 10ന് പുറത്തിറങ്ങിയ ജന്മഭൂമി പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്.'സാമൂഹ്യ ജനസംഖ്യാ ഘടനാ മാറ്റത്തിന്റെ ഫലമായി കേരളത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന പേരില്‍ ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ ഡോ. ശരത് മേനോന്‍ തയാറാക്കിയ ഗവേഷണ പ്രബന്ധത്തെക്കുറിച്ചാണ് ആ വാര്‍ത്ത. പ്രസ്തുത പ്രബന്ധത്തിന്റെ ഉള്ളടക്കം വായനക്കാരുമായി ജന്മഭൂമി പങ്കുവെക്കുന്നില്ല. ആര്‍.എസ്.എസിന്റെ ആശയപ്രചാരണ സ്ഥാപനമായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ തലവന്‍ എം.പി പരമേശ്വരന് പ്രസ്തുത പ്രബന്ധത്തിന്റെ കോപ്പി കൈമാറി എന്നത് മാത്രമാണ് സചിത്ര വാര്‍ത്തയിലെ ഉള്ളടക്കം. കേരളത്തില്‍ ഹിന്ദുമതത്തില്‍ നിന്നുള്ള മതം മാറ്റം വ്യാപകമാണെന്നും ഹിന്ദുമതം കേരളത്തില്‍ വമ്പിച്ച പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും പ്രബന്ധ കൈമാറ്റ ചടങ്ങില്‍ ശരത് മേനോന്‍ അഭിപ്രായപ്പെട്ടതായും ജന്മഭൂമി പറയുന്നു. ബി.ജെ.പിയുടെ ആശയപ്രചാരകരില്‍ പ്രമുഖനാണ് ബല്‍ബീര്‍ കെ.പുഞ്ച്. ആര്‍.എസ്.എസിന്റെ ഇംഗ്ലീഷ് മുഖപത്രമായ ദ ഓര്‍ഗനൈസറില്‍ 2006 ആഗസ്റ്റ് 27ന് അദ്ദേഹത്തിന്റെ ഒരു ലേഖനമുണ്ട്- God's own country; a basket case of Islamic frenzy. കേരളം 20 വര്‍ഷത്തിനകം ഇസ്‌ലാമിക രാജ്യമാകുമെന്ന് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എവിടെയോ പറഞ്ഞുവെന്ന വാര്‍ത്തയെ ഉപജീവിച്ചാണ് പ്രസ്തുത ലേഖനം. മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസമുണ്ടായിട്ടും കാര്യമില്ല, അവര്‍ ജനസംഖ്യാ വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് ബല്‍ബീറിന്റെ പരാതി. കേരളത്തിന്റെ ജനസംഖ്യാ വിഷയത്തില്‍ സംഘപരിവാറിന് പ്രത്യേക താല്‍പര്യമുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. സംഘടനാപരമായി ബി.ജെ.പി/ആര്‍.എസ്.എസ് സംഘത്തിലില്ലെങ്കിലും അവരുടെ ജോലി അവരെക്കാള്‍ ഭംഗിയായി നിര്‍വഹിക്കുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നയാളാണ് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി. അടുത്തിടെയായി കേരളവുമായി ബന്ധപ്പെട്ട അത്യന്തം ഹീനമായ വര്‍ഗീയ പ്രചാരണം സംഘടിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. ലൗവ് ജിഹാദ്, ഇസ്‌ലാമിക് ബാങ്ക് തുടങ്ങിയ വിഷയങ്ങളില്‍ കേരളാ സംഘികളെക്കാള്‍ താല്‍പര്യത്തോടെ അദ്ദേഹം ഇടപെട്ടിട്ടുണ്ട്. കേരളം 2025 ഓടെ ഇസ്‌ലാമിക രാജ്യമാകുമെന്നതാണ് അടുത്ത കാലത്തായി ദേശീയ തലത്തില്‍ തന്നെ അദ്ദേഹം നടത്തുന്ന പ്രചാരണം. കഴിഞ്ഞ ഫെബ്രുവരി 24ന് അദ്ദേഹം കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ കാര്യമായി ഉന്നയിക്കാനുണ്ടായിരുന്ന ആശയം ഇതായിരുന്നു. കേരളത്തെ ഇസ്‌ലാമിക് റിപ്പബ്ലിക് ആക്കാന്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ വന്‍ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം പത്രക്കാരെ അറിയിക്കുകയുണ്ടായി. കേരളത്തിലെ ഏതാണ്ടെല്ലാ പത്രങ്ങളും തമസ്‌കരിച്ച ഈ വിഷജല്‍പനങ്ങള്‍ ജന്മഭൂമി വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
ഹിന്ദുത്വ വെബ്‌സൈറ്റുകളും സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റുകളും ഉപയോഗിച്ച് കേരളത്തിലെ ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് അമ്പരപ്പിക്കുന്ന കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതരാണ് സംഘി പ്രചാരകര്‍. കേരളം ഇസ്‌ലാമിക രാജ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മാലിദ്വീപിലെ മുഴുവന്‍ ജനങ്ങളെയും കേരളത്തില്‍ കുടിയിരുത്താനുള്ള പദ്ധതികള്‍ നടക്കുന്നതായി ഈയിടെ ഒരു ഹിന്ദുത്വ ബ്ലോഗില്‍ വായിക്കുകയുണ്ടായി (http://janamejayan.wordpress.com/2009/02/09/sinister-plan-to-islamize-kerala/). 'ആഗോള താപനം കാരണമായി മാലി ദ്വീപുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം വെള്ളത്തിനടിയില്‍ ആകുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ മറ്റേതെങ്കിലും ദേശത്ത് ഭൂമി വാങ്ങി അവിടെ കുടിയേറാനാണ് മൂന്നര ലക്ഷം വരുന്ന മാലിക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മാലിയിലെ അതേ കാലാവസ്ഥയുള്ള കേരളമാണ് അവര്‍ ഇഷ്ടപ്പെടുന്നത്. അവര്‍ക്ക് കേരളത്തില്‍ സ്വീകരണമൊരുക്കാന്‍ മാര്‍ക്‌സിസ്റ്റുകളും മുസ്‌ലിം ലീഗുകാരും സന്നദ്ധരായി നില്‍പുണ്ട്. ഇങ്ങനെ പോകുന്നു പ്രസ്തുത ബ്ലോഗ് ലേഖനത്തിലെ വാദങ്ങള്‍! എം.ജി യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സ്റ്റഡീസിലെ റീഡര്‍ ടി.എസ് ഗിരീഷ്‌കുമാര്‍ ഏഷ്യാ ടൈംസ് ഓണ്‍ലൈനില്‍ മുമ്പ് എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് തന്നെ 'ഇസ്‌ലാമിക് റിപബ്ലിക് ഓഫ് കേരള' എന്നാണ്. കഴിഞ്ഞ വര്‍ഷം കേരളത്തെ പിടിച്ചു കുലുക്കിയ (പിന്നീട് കോടതി തള്ളിക്കളഞ്ഞ) ലൗവ് ജിഹാദ് വിവാദവും ഉദ്ഭവിച്ചത് ഹിന്ദുത്വ വെബ്‌സൈറ്റുകളും ബ്ലോഗുകളും വഴിയായിരുന്നു എന്നത് നാം മറക്കരുത്. ഓണ്‍ലൈന്‍ സംഘികള്‍ ഇന്ന് പറയുന്ന കളവുകള്‍ നാളെ സത്യമായി കെട്ടഴിച്ചുവിടുകയെന്നത് ഒരു സംസ്‌കാരമായി സ്വീകരിച്ച പത്രങ്ങളും ചാനലുകളും നമുക്ക് വേണ്ടത് പോലെയുള്ളത് കൊണ്ട് ഇക്കാര്യം നാളെ വലിയ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
മുസ്‌ലിംകളുമായി ബന്ധപ്പെട്ട് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതിനപ്പുറം അതിനെ മറികടക്കാന്‍ ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങളും സമുദായ ബോധവല്‍കരണ പരിപാടികളും പല ഹിന്ദുത്വ സംഘടനകളും ആരംഭിച്ചിട്ടുണ്ട്. 70 ഓളം വ്യത്യസ്ത ഹൈന്ദവ സംഘടനകളുടെയും സന്യാസ ആശ്രമങ്ങളുടെയും സംയുക്ത സംരംഭമാണ് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സനാതന ധര്‍മ്മ പരിഷത്ത്. ആര്‍.എസ്.എസ്, വി.എച്ച്.പി, ഹിന്ദു ഐക്യ വേദി തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്ക് പുറമെ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, സത്യസായി സമിതി, ഷിര്‍ദ്ദി സായി സമിതി തുടങ്ങിയ സാമൂഹിക/സന്നദ്ധ സംഘടനകളും ഇതില്‍ അംഗസംഘടനകളാണ്. സനാതന ധര്‍മ്മ പരിഷത്തിന്റെ മൂന്നാമത് വാര്‍ഷിക പരിപാടി ഈ ജനുവരി 20 മുതല്‍ 23 വരെ കോഴിക്കോട് നടക്കുകയുണ്ടായി. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജന്മം നല്‍കേണ്ടതിന്റെ ആവശ്യകതയിലേക്കുള്ള ശക്തമായ ആഹ്വാനങ്ങളായിരുന്നു പരിഷത്തിലെ പ്രഭാഷണങ്ങളില്‍ പലതും. പരിഷത്തിന്റെ ചെയര്‍മാനായ സ്വാമി ചിദാനന്ദപുരി കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അതിശക്തമായ മുന്നേറ്റത്തിനാണ്  ആഹ്വാനം ചെയ്തത്. കോഴിയിറച്ചിയുടെ അമിതമായ ഉപയോഗം കാരണം, മാംസ വര്‍ജനം എന്ന ഹൈന്ദവ സംസ്‌കാരം നഷ്ടമാകുന്നുവെന്നത് മാത്രമല്ല, അമിതമായ കോഴിഭോജനം വന്ധ്യതക്ക് വരെ നിമിത്തമാകുന്നുവെന്ന് പരിഷത്ത് വിലയിരുത്തി. പരിഷത്തിലെ അംഗസംഘടനയായ കശ്യപ വേദ റിസര്‍ച്ച് സെന്ററിന്റെ മുഖപത്രമാണ് ഹിരണ്യ. 'മനുഷ്യനെ തിന്നുന്ന കോഴി' എന്ന കവര്‍‌സ്റ്റോറിയുമായാണ് ഹിരണ്യയുടെ 2011 ജനുവരി ലക്കം പുറത്തിറങ്ങിയത്. ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ ഹെല്‍ത്ത് ജേണലിന്റെ രണ്ട് ലക്കങ്ങളിലായി ഇസ്മാഈല്‍ എ സാദിഖ്, ഹനാ എം. ഇസ്മാഈല്‍, ഹസന്‍ എ. സലാം, മുഹമ്മദ് സലീം എന്നിവര്‍ ചേര്‍ന്നെഴുതിയ കോഴിയിറച്ചി സൃഷ്ടിക്കുന്ന മാരകമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച ഗവേഷണ പ്രബന്ധങ്ങളെ അധികരിച്ചുള്ള പഠനവും ഹിരണ്യ എടുത്ത് ചേര്‍ത്തിട്ടുണ്ട്. കോഴിയിറച്ചിക്കെതിരെയുള്ള ഹൈന്ദവ ധര്‍മശാസ്ത്രപാഠം എന്നതോടൊപ്പം വന്ധ്യതക്ക് കാരണമാകുന്ന ഹോര്‍മോണ്‍ കോഴികളുടെ അമിത ഉപയോഗത്തിനെതിരെയുള്ള പ്രചാരണം കൂടിയാണിത്. സമുദായത്തില്‍ കുട്ടികളുടെ എണ്ണം കുറയുന്നതിനെതിരെ സര്‍വതോന്മുഖമായ ജാഗ്രതയാണ് ഹിന്ദുത്വ സംഘടനകള്‍ കാണിക്കുന്നതെന്നാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം