Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 9

അടിയൊഴുക്കുകള്‍ വിധിയെഴുതുന്ന തെരഞ്ഞെടുപ്പ്‌

എം.സി.എ നാസര്‍

1977 മുതല്‍ പശ്ചിമ ബംഗാളില്‍ ആരംഭിച്ച ഇടതു ഭരണത്തിന്റെ തുടര്‍ച്ച സാധ്യമാകുമോ? ഏപ്രില്‍ 18 മുതല്‍ ആറു ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ വിധിയെഴുത്താകും ഇതിന്റെ ഉത്തരം നല്‍കുക. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ബംഗാള്‍ ഭാവി മാത്രമല്ല ദേശീയ പ്രാധാന്യവും മാറ്റുരക്കപ്പെടുന്ന ഫലം കൂടിയായിരിക്കും മെയ്‌ 13-ന്‌ പുറത്തു വരിക. 294 അംഗ നിയമസഭയിലേക്കു നടക്കുന്ന മത്സരം എല്ലാ അര്‍ഥത്തിലും ജീവന്മരണ പോരാട്ടം തന്നെ. തൃണമുല്‍ കോണ്‍ഗ്രസ്‌-കോണ്‍ഗ്രസ്‌ സഖ്യം ഉയര്‍ത്തുന്ന ഭീഷണി അത്രയും ശക്തം. ഒരു മാറ്റം ആവശ്യമാണെന്ന തോന്നല്‍ സംസ്ഥാനത്തുടനീളം പുകയുന്നു. 2008-ലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വിലയിരുത്തിയാല്‍ വംഗനാട്ടില്‍ ഇടതു കോട്ട ഭദ്രമാണ്‌. 233 മണ്ഡലങ്ങളിലും ഇടതിനു തന്നെയായിരുന്നു ജയം. സി.പി.എം: 175, ഫോര്‍വേഡ്‌ ബ്ലോക്ക്‌: 23, ആര്‍.എസ്‌.പി: 20, സി.പി.ഐ: 9, WBSP: 4, ആര്‍.ജെ.ഡി: 1, ഡി.എസ്‌.പി(പി): 1 എന്നിങ്ങനെ. തൃണമുല്‍ കോണ്‍ഗ്രസിന്‌ ആകെ ലഭിച്ചത്‌ 29 സീറ്റുകള്‍. സഖ്യകക്ഷിയായ ജെ.കെ.പിക്ക്‌ ഒരു സീറ്റും. ബി.ജെ.പിക്ക്‌ നിയമസഭയില്‍ ഒരംഗത്തെ പോലും എത്തിക്കാന്‍ കഴിഞ്ഞില്ല. ഒറ്റക്കു മത്സരിച്ച കോണ്‍ഗ്രസിന്‌ 21 സീറ്റുകളും കിട്ടി. അഞ്ചു കൊല്ലത്തിനുള്ളില്‍ സംഭവിച്ച മാറ്റങ്ങളാണ്‌ ഭരണവിരുദ്ധ വികാരം ഇത്രയേറെ ശക്തമാക്കിയത്‌. വഴിവിട്ട നടപടികളും ഭൂമിക്കു വേണ്ടിയുള്ള സാധാരണ മനുഷ്യരുടെ പോരാട്ടങ്ങളുമാണ്‌ ബംഗാളിന്റെ ചിത്രം മാറ്റിയെഴുതിയത്‌. തൃണമുല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ഒരുമിച്ചു നിന്നതോടെ ആ വികാരത്തെ മുതെലടുക്കാനായി. പഞ്ചായത്ത്‌-മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും അടിയൊഴുക്കുകളുടെ തീവ്രത പുറത്തു വന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇടതുവിരുദ്ധ വികാരം തിളച്ചു. ഇടതുപാര്‍ട്ടികളുടെ വെറും 15 എം.പിമാരെ മാത്രമേ വിജയിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. തൃണമുല്‍ കോണ്‍ഗ്രസിന്‌ 19-ഉം കോണ്‍ഗ്രസിന്‌ 6-ഉം സീറ്റുകള്‍ ലഭിച്ചു. ബി.ജെ.പിക്ക്‌ ഒരിടത്തും ജയം. നന്ദിഗ്രാമും സിംഗൂരും വേട്ടയാടുമ്പോള്‍ നന്ദിഗ്രാമും സിംഗൂരും ഉയര്‍ത്തി വിട്ട രോഷമാണ്‌ ഇടതു സര്‍ക്കാറിന്‌ ശരിക്കും വിനയായത്‌. ജനരോഷവും അതിന്റെ ഭാവി പ്രത്യാഘാതങ്ങളും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ധാര്‍ഷ്‌ട്യമാണ്‌ തീരുമാനങ്ങളെ ഭരിച്ചത്‌. ഒത്തുവന്ന സന്ദര്‍ഭം എതിര്‍പക്ഷം ശരിക്കും ഉപയോഗപ്പെടുത്തി. ഇടനിലക്കാര്‍ മുഖേന കോര്‍പറേറ്റുകള്‍ക്കു വേണ്ടി തങ്ങളുടെ ഭൂമി സി.പി.എം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന സംസ്ഥാനത്തൊട്ടുക്കും ധാരണ പരന്നു. ഇപ്പോഴും അതിന്റെ ആകുലത ഇരു പ്രദേശങ്ങളെയും വിട്ടിട്ടില്ല. സംസ്ഥാനമൊട്ടുക്കും സാധാരണ മനുഷ്യരിലേക്ക്‌ അത്‌ രോഷമായി പടര്‍ന്നിറങ്ങി. സിംഗൂരില്‍ ഓട്ടോ മൊബൈല്‍ വ്യവസായം കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഇപ്പോഴും ഉറപ്പു പറയുന്നു. ടാറ്റ കൈവിട്ടാല്‍ മാത്രം പുതിയ കമ്പനിയെ തേടുമെന്നും. ഭൂമി ഏറ്റെടുത്തെങ്കിലും പലര്‍ക്കും നഷ്‌ടപരിഹാര തുക ലഭിച്ചിട്ടില്ല. നന്ദിഗ്രാമിലും സിംഗൂരിലും ഭൂമി രക്ഷാ സമിതികള്‍ ഇപ്പോഴും സജീവം. ഭൂമിയില്‍ എത്രയോ കാലമായി കൃഷിയിറക്കിയവരാണ്‌ സിംഗൂരില്‍ പെട്ടെന്ന്‌ വഴിയാധാരമായത്‌. ഭൂ ഉടമകള്‍ നഷ്‌ടപരിഹാരം വാങ്ങിയെങ്കിലും അതില്‍ പണിയെടുത്ത പാണ്ട വിഷ്‌ണുവിനെ പോലുള്ള നിരവധി പേര്‍ വെറുംകൈയോടെ പുറന്തള്ളപ്പെട്ടു. ഭൂമിക്കു വേണ്ടിയുള്ള പ്രക്ഷോഭം ബംഗാളില്‍ ആരംഭിച്ചതേയുള്ളൂവെന്നാണ്‌ സി.പി.ഐ(എം.എല്‍) പ്രവര്‍ത്തകന്‍ ശങ്കര്‍ദാസ്‌ പ്രതികരിച്ചത്‌്‌. വികസനത്തെ കുറിച്ച ആശയക്കുഴപ്പവും വരേണ്യവര്‍ഗ സമ്മര്‍ദവും ചേര്‍ന്നാണ്‌ ഭരണകൂടത്തെ അയഥാര്‍ഥ കാഴ്‌ചപ്പാടുകളിലേക്ക്‌ കൊണ്ടുപോയതെന്നു കരുതുന്നവരാണ്‌ കൂടുതല്‍. സി.പി.എം നേതൃത്വം അതംഗീകരിക്കുന്നില്ലെങ്കിലും. ഒരു കാര്യം ഉറപ്പ്‌- ആരു ഭരണത്തില്‍ വന്നാലും വലിയ സാമൂഹിക സംഘര്‍ഷങ്ങളിലേക്ക്‌ ഭൂപ്രശ്‌നം വഴിമാറാന്‍ ഇരിക്കുന്നേയുള്ളൂ. ഭരണകൂടത്തിന്റെയും പാര്‍ട്ടികളുടെയും റിയല്‍ എസ്റ്റേറ്റ്‌ താല്‍പര്യങ്ങളാണ്‌ പ്രശ്‌നത്തിന്റെ കാതലെന്നും അതിനെ വികസനവുമായി ചേര്‍ത്തു പറയുന്നത്‌ ശരിയല്ലെന്നുമാണ്‌ ജനങ്ങളില്‍ ഭൂരിഭാഗവും കരുതുന്നത്‌. ഭൂപരിഷ്‌കരണം നടന്നെങ്കില്‍ കൂടി ഗ്രാമീണ ബംഗാള്‍ അനുഭവിക്കുന്ന വ്യഥകളും നിസ്സഹായതയും ചെറുതല്ല. ഭൂപരിഷ്‌കരണത്തിലൂടെ കാര്‍ഷികോത്‌പാദനം ഗണ്യമായി വര്‍ധിച്ചു എന്നത്‌ സത്യം. അതോടെ വറുതിയുടെ പഴയ നാളുകള്‍ വിസ്‌മൃതിയിലായി. കാര്‍ഷിക ഉല്‍പാദനവുമായി ബന്ധപ്പെട്ട വ്യവസായങ്ങളൊന്നും ഉണ്ടായില്ലെന്നതാണ്‌ തിരിച്ചടിയായത്‌. ഇന്നലെകളുടെ നന്മകള്‍ മിച്ചഭൂമി വിതരണത്തില്‍ ഒരു കാലത്ത്‌ ബംഗാള്‍ ഇന്ത്യക്കു തന്നെ മാതൃകയായിരുന്നു. 1997 വരെ രാജ്യത്ത്‌ മൊത്തം വിതരണം ചെയ്‌ത മിച്ചഭൂമിയുടെ 19 ശതമാനവും ബംഗാളിലാണ്‌. കൃഷിഭൂമിയുടെ പാതിയില്‍ ഏറെയും ഇടത്തരം കര്‍ഷകരുടെ കൈയില്‍. ഇന്നും ഫ്യൂഡല്‍ പ്രഭുക്കള്‍ വാഴുന്ന ഉത്തരേന്ത്യന്‍ അവസ്ഥയില്‍ നിന്നുള്ള വിപ്ലവകരമായ ഈ വഴിമാറ്റം ബംഗാളിനും ജനങ്ങള്‍ക്കും ഏറെ ഗുണം ചെയ്യേണ്ടതായിരുന്നു. കര്‍ഷകരുടെ കൈവശം ആവശ്യത്തിന്‌ ഭൂമിയുണ്ട്‌. മികച്ച ജലസേചന സൗകര്യങ്ങളുടെ ലഭ്യത വേറെയും- സ്വാഭാവികമായും ഉല്‍പാദന വളര്‍ച്ചക്ക്‌ ഇതു വഴിയൊരുക്കി. അരി, ഉരുളക്കിഴങ്ങ്‌ എന്നിവയുടെ ഉല്‍പാദനത്തിലാണ്‌ ബംഗാള്‍ ഏറെ മുന്നേറിയത്‌. ഒരു ഹെക്‌ടറില്‍ അരി ഉല്‍പാദനം ദേശീയ ശരാശരി 1744 കിലോഗ്രാമാണെങ്കില്‍ ബംഗാളില്‍ ഇത്‌ 2047 ആണ്‌. ഒന്നോ രണ്ടോ ഏക്കര്‍ കൃഷിഭൂമിയുള്ള ഇടത്തരം കര്‍ഷകര്‍ ധാരാളം. പക്ഷേ, അവരുമായി സംസാരിക്കുമ്പോഴാണ്‌ പ്രതിസന്ധിയുടെ തീവ്രത ബോധ്യപ്പെടുന്നത്‌. ഉല്‍പാദന ചെലവ്‌ ഉയര്‍ന്നതോടെ കൃഷി ഒട്ടും ലാഭകരമല്ലെന്ന തോന്നല്‍ ശക്തമാകുന്നു. ഇടത്തട്ടുകാര്‍ ലാഭം അടിച്ചു മാറ്റുന്നു. കര്‍ഷകരില്‍ നിന്നും ഉല്‍പന്നം ഒന്നാകെ വിലയ്‌ക്കെടുത്ത്‌ അവര്‍ സംഭരിച്ചു വെക്കുകയാണ്‌. പുറം നഗരങ്ങളില്‍ കൊണ്ടുപോയി ഉയര്‍ന്ന്‌ വിലയ്‌ക്ക്‌ അവര്‍ മറിച്ചു വില്‍ക്കുന്നു. ഭൂപരിഷ്‌കരണം മൂലം ഭൂമി കിട്ടിയിരിക്കാം. എന്നാല്‍ കൃഷിയില്‍ നിക്ഷേപിക്കാന്‍ പ്രാപ്‌തിയില്ലാത്തവര്‍ ഈ ഭൂമിയുമായി ശരിക്കും ഉഴലുകയാണ്‌. കൃഷിയിറക്കിയില്ലെങ്കിലുള്ള നഷ്‌ടമോര്‍ത്ത്‌ പലരും ഒരേര്‍പ്പാടായി അതു തുടരുകയാണ്‌. കാര്‍ഷിക ഉല്‍പന്നമായ ചണം ഉല്‍പാദനത്തിലും ബംഗാള്‍ പിറകോട്ടടിക്കുകയാണ്‌. ഉല്‍പാദന ചെലവ്‌ കൂടിയതാണ്‌ ഇവിടെയും വില്ലന്‍. ചണവ്യവസായങ്ങള്‍ ഒരു കാലത്ത്‌ ബംഗാളിന്റെ പ്രത്യേകതയായിരുന്നു. ഇവയില്‍ പലതും അടച്ചുപൂട്ടി. ആ നിലക്കുള്ള തൊഴില്‍ നഷ്‌ടത്തിന്റെ കണക്കുകളും ഞെട്ടിക്കുന്നതാണ്‌. ദല്‍ഹിയും മുംബൈയും കടന്ന്‌ കേരളത്തിലേക്കാണ്‌ ഒഴുക്ക്‌. പശ്ചിമ മിഡ്‌നാപൂര്‍ ഭാഗത്തു നിന്നും സമീപ ഗ്രാമങ്ങളില്‍ നിന്നും നിരവധി പേരാണ്‌ കേരളത്തില്‍ ജോലി തേടിയെത്തുന്നത്‌. എന്തുകൊണ്ട്‌ കേരളം എന്ന ചോദ്യത്തിന്‌ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന്‌ തിരിച്ചെത്തിയ തജ്‌മുല്‍ ഹുസൈന്റെ മറുപടി പെട്ടെന്നായിരുന്നു: `നിത്യം ഇവിടെ ലഭിക്കുന്നതിന്റെ മൂന്നിരട്ടി ശമ്പളം.' ബംഗാളില്‍ പട്ടിണി ഇല്ലെന്ന സര്‍ക്കാര്‍ വാദം ശരിയാണ്‌. എന്നാല്‍ തൊഴിലില്ലായ്‌മ രൂക്ഷമാണെന്ന്‌ സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. വ്യവസായ സ്ഥാപനങ്ങളുടെ തകര്‍ച്ച തന്നെയാണ്‌ തൊഴിലില്ലായ്‌മയുടെ പ്രധാന കാരണം. 63,96,900 പേരാണ്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചില്‍ പേര്‍ രജിസ്റ്റര്‍ ചെയ്‌തു കാത്തിരിക്കുന്നത്‌. 2007-2009 കാലയളവില്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ മുഖേന തൊഴില്‍ ലഭിച്ചത്‌ വെറും 13,000 പേര്‍ക്കാണ്‌. മുരടിപ്പിന്റെ വഴിയടയാളങ്ങള്‍ മെച്ചപ്പെട്ട വിപണി, തുറമുഖങ്ങള്‍, വൈദഗ്‌ധ്യമുള്ള തൊഴിലാളികള്‍-പല ഘടകങ്ങളും അനുകൂലം. എന്നിട്ടും വ്യവസായ ശാലകള്‍ വേണ്ടവിധം ക്ലച്ച്‌ പിടിച്ചില്ല. വര്‍ഗബോധമുള്ള തൊഴിലാളികളുടെ സംഘടിത വീര്യമാണ്‌ വ്യവസായങ്ങള്‍ക്ക്‌ ശനിദശയായതെന്ന്‌ ആരും പറയാനിടയില്ല ബംഗാളില്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം വരെ പല കമ്പനികളും നല്‍കുന്നില്ല. പി.എഫ്‌ ഉള്‍പ്പെടെയുള്ള ആനുകുല്യങ്ങള്‍ നല്‍കുന്ന കമ്പനികളും വിരളം. തൊഴിലില്‍ നിന്ന്‌ വിരമിച്ചിട്ടും ആനുകൂല്യം ലഭിക്കാത്ത ആയിരങ്ങളുണ്ട്‌. പതിനായിരക്കണക്കിന്‌ പി.എഫ്‌ കേസുകള്‍ ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുന്നു. എണ്ണമറ്റ തൊഴില്‍ തര്‍ക്ക കേസുകള്‍ കൊണ്ട്‌ ലേബര്‍ കോടതികള്‍ വീര്‍പ്പു മുട്ടുകയും ചെയ്യുന്നു. `അറുപതുകളില്‍ കൂടുതല്‍ ശക്തമായിരുന്നു തൊഴിലാളി സമൂഹം. വര്‍ഗഭരണം വന്നതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയാണുണ്ടായത്‌' - മൂന്ന്‌ പതിറ്റാണ്ടിലേറെയായി കൊല്‍ക്കത്തയിലുള്ള മലയാളി രവി പാലൂര്‍ പറഞ്ഞു. പ്രശ്‌നമുണ്ടായാല്‍ ഫാക്‌ടറി മറ്റിടങ്ങളിലേക്ക്‌ മാറ്റുമെന്നാണ്‌ വ്യവസായികളുടെ ഭീഷണി. അതോടെ സര്‍ക്കാര്‍ ചൂളുന്നു; തൊഴിലാളികള്‍ നിശ്ശബ്‌ദരാകുന്നു. 1994-ല്‍ ജ്യോതിബസു ഏറെ ആവേശത്തോടെയായിരുന്നു പശ്ചിമ ബംഗാളിന്റെ വ്യവസായ നയം ആവിഷ്‌കരിച്ചത്‌. വ്യവസായവത്‌കരണത്തിന്റെ വികസിച്ച സാധ്യതകളെ കുറിച്ചായിരുന്നു ബസുവും കൂട്ടരും അന്ന്‌ സംസാരിച്ചത്‌. ബംഗാള്‍ വ്യവസായ വികസന കോര്‍പറേഷന്‍ മേധാവിയാകട്ടെ, സോമനാഥ്‌ ചാറ്റര്‍ജിയും. കൂട്ടിന്‌ അന്നത്തെ വ്യവസായ മന്ത്രി ബിദ്യുത്‌ ചാറ്റര്‍ജിയും - മൂവരും ചേര്‍ന്നാണ്‌ മുന്നേറ്റം കുറിച്ചത്‌. നന്ദിഗ്രാമിലും സിംഗൂരിലും സംഭവിച്ചതിന്റെ തുടര്‍ച്ച തന്നെയാണ്‌ ലാല്‍ഗഢിലും. ഭൂപ്രശ്‌നം തന്നെയാണ്‌ ഇവിടെയും ജ്വലിച്ചത്‌. കൈയൂക്ക്‌ കൊണ്ട്‌ അതിനെയും നേരിടാനായി ശ്രമം. അതാകട്ടെ, കൂടുതല്‍ ആപല്‍ക്കരമായ സാഹചര്യവും സൃഷ്‌ടിച്ചു. രാജ്യദ്രോഹം ഉള്‍പ്പെടെ എണ്ണമറ്റ കുറ്റങ്ങള്‍ ചാര്‍ത്തി ജനകീയ പ്രതിരോധ സമിതി നേതാക്കളെയും പ്രവര്‍ത്തകരെയും ഇപ്പോഴും വേട്ടയാടുകയാണ്‌ ഭരണകൂടം. ``ഇതുകൊണ്ടെന്നും ഞങ്ങളെ തോല്‍പിക്കാന്‍ കഴിയില്ല. ജനങ്ങളാണ്‌ വലുതെന്ന്‌ സി.പി.എമ്മിനും സര്‍ക്കാറിനും ഉടന്‍ ബോധ്യമാകും'' - പി.സി.പി.എ ജനറല്‍ സെക്രട്ടറി പ്രദ്യോത്‌ മഹാത പറഞ്ഞു. 9 കേസുകളില്‍ കുടുങ്ങി ജയില്‍വാസവും ഇടക്ക്‌ ലഭിക്കുന്ന പരോളുമായി ജീവിതം തള്ളിനീക്കുകയാണ്‌ മഹാത. പശ്ചിമ മിഡ്‌നാപൂരിലെ കൂടിക്കാഴ്‌ചക്കു ശേഷം അടുത്തുവന്ന്‌ മഹാത ചെവിയില്‍ പറഞ്ഞു. ``എനിക്കൊപ്പം നിങ്ങളെ ആരും കാണേണ്ട. അപകടം ചെയ്യും'' ടവല്‍ കൊണ്ട്‌ മുഖം മറച്ച്‌ വിജനമായ ഗലികളിലൊന്നിലേക്ക്‌ അയാള്‍ നീങ്ങി മറയുകയായിരുന്നു. മുസ്‌ലിം പരാധീനത ബംഗാള്‍ ജനസംഖ്യയുടെ 25-30 ശതമാനം വരും മുസ്‌ലിംകള്‍. എന്നിട്ടും മുഖ്യധാരയില്‍ നിന്നും ഇവര്‍ അകറ്റപ്പെട്ടതിന്റെ സാമൂഹിക രാഷ്‌ട്രീയ കാരണങ്ങള്‍ ദുരൂഹം. സച്ചാര്‍ സമിതി അംഗം കൂടിയായിരുന്ന പ്രമുഖ സാമ്പത്തിക വിദഗ്‌ധന്‍ അബൂ സാലിഹ്‌ ശരീഫ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ അമ്പരപ്പുളവാക്കുന്നതാണ്‌. പൊതുവികസന പ്രക്രിയയില്‍ ബംഗാളിലെ മുസ്‌ലിംകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷം വല്ലാതെ തഴയപ്പെട്ടുവെന്ന്‌ കണക്കുകള്‍ സ്ഥാപിക്കുന്നു. ഔദ്യോഗിക കണക്കു പ്രകാരം ജനസംഖ്യയുടെ 25.2 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക്‌ സര്‍ക്കാര്‍ വകുപ്പിലെ പ്രാതിനിനിധ്യം 2.1 ശതമാനം മാത്രമാണെന്ന്‌ ശരീഫ്‌ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലാണ്‌ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പരാധീനത കൂടുതല്‍. അമ്പതു ശതമാനം മുസ്‌ലിം കുട്ടികള്‍ക്ക്‌ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ല. ന്യൂനപക്ഷ സുരക്ഷയെ കുറിച്ച്‌ പറയുമ്പോഴും സാമൂഹിക പങ്കാളിത്തം ഈ വിഭാഗത്തിനു ലഭിച്ചില്ല. ആസൂത്രണ കമീഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്ന അമ്പതു ശതമാനം കുട്ടികളില്‍ വെറും 12 ശതമാനം മാത്രമാണ്‌ പത്താം ക്ലാസ്‌ കടന്നുകിട്ടുന്നത്‌. മറ്റു സമൂഹങ്ങളുടെ കാര്യത്തില്‍ ഇത്‌ എണ്‍പതു ശതമാനമാണെന്നോര്‍ക്കുക. നൂനപക്ഷ കേന്ദ്രീകൃതം എന്ന പേരില്‍ രാജ്യത്ത്‌ 90 ജില്ലകളുണ്ട്‌. ഇവയില്‍ 12 ജില്ലകള്‍ പശ്ചിമ ബംഗാളില്‍ വരും. ഇതര സംസ്ഥാനങ്ങളിലെ സമാന ജില്ലകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ബംഗാള്‍ ഒട്ടും ആശാവഹമായ ചിത്രമല്ല നല്‍കുന്നത്‌. രംഗനാഥ മിശ്ര കമീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ ആദ്യനീക്കം നടത്തിയ സംസ്ഥാനം പശ്ചിമ ബംഗാളാണ്‌. മുസ്‌ലിംകളിലെ പിന്നാക്കക്കാക്ക്‌ സര്‍ക്കാര്‍ തൊഴിലില്‍ 10 ശതമാനം സംവരണം നല്‍കാനാണ്‌ തീരുമാനം. എന്നാല്‍ ഒ.ബി.സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന മുസ്‌ലിംകളുടെ എണ്ണം വെറും രണ്ടര ശതമാനം മാത്രമാണ്‌. മുഴുവന്‍ മുസ്‌ലിംകള്‍ക്കുമായി സംവരണാനുകൂല്യം അനുവദിക്കണമെന്ന ആവശ്യമാണ്‌ ഉയരുന്നത്‌. ന്യൂനപക്ഷാവകാശങ്ങള്‍ എന്നത്‌ നിലനില്‍ക്കുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു വേണം മുന്നോട്ടു പോകാനെന്ന വാദമാണ്‌ പ്രകാശ്‌ കാരാട്ട്‌ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്നത്‌. ബംഗാളിന്റെ കാര്യത്തില്‍ വ്യക്തമായ നീതിനിഷേധം തന്നെയാണ്‌ നടന്നത്‌. നരേന്ദ്ര മോഡി ഭരിക്കുന്ന ഗുജറാത്തിനേക്കാള്‍ മോശമാണ്‌ ബംഗാള്‍ അവസ്ഥയെന്നു വരുന്നത്‌ ഇടതുസര്‍ക്കാറിനു മാത്രമല്ല രാജ്യത്തെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും നാണക്കേടാണ്‌. മതാത്മക രാഷ്‌ട്രീയ ശാക്തീകരണം ഇടതു അജണ്ടയല്ലെന്നു പറഞ്ഞൊഴിയാന്‍ എളുപ്പം. ബദലുകളുടെ പരിമിതി നീണ്ടകാല ഭരണം നല്‍കിയ സുഖകരമായ ആലസ്യമാണ്‌ സി.പി.എമ്മിന്റെ ദൗര്‍ബല്യം. അതിലൂടെ സാമൂഹിക രംഗത്തു സൃഷ്‌ടിച്ച മാഫിയാ സംസ്‌കാരമുണ്ട്‌. അതിനോടുള്ള കലിപ്പാണ്‌ മമത മുതലെടുത്തത്‌. റൈറ്റേഴ്‌സ്‌ ബില്‍ഡിംഗില്‍ മുഖ്യമന്ത്രിയായി കയറുക. സി.പി.എമ്മിനെ പാഠം പഠിപ്പിക്കുക - മമതയുടെ അജണ്ട തല്‍ക്കാലം ഇതിലൊതുങ്ങുന്നു. മാവോയിസ്റ്റുകളുമായുള്ള അടുപ്പം പോലും ഇതിന്റെ ഭാഗം. ജാദവ്‌പൂരില്‍ നിന്നുള്ള തൃണമുല്‍ എം.പി കബീര്‍ സുമന്റെ `നിഷാനെര്‍ നാം തപസി മലിക്‌' എന്ന ഗ്രന്ഥത്തില്‍ കുറിക്കുന്നു: ``നന്ദിഗ്രാം തിളച്ചു മറിയുന്ന സമയം. ഒരു ദിവസം ഉച്ച തിരിഞ്ഞ്‌ മമതാ ദീദിയുടെ ഫോണ്‍ വന്നു. അവര്‍ പറഞ്ഞു-സി.പി.എം ഇങ്ങനെ പോയാല്‍ ബംഗാളില്‍ ജനാധിപത്യം എങ്ങനെ പുലരുമെന്നെനിക്കറിയില്ല. ഒന്നു കൂടി ഞാന്‍ നോക്കും. അതല്ലേല്‍ ആയുധമെടുക്കേണ്ടി വരും.'' മുമ്പൊക്കെ ബംഗാള്‍ നഗരങ്ങളില്‍ ഒതുങ്ങി നിന്ന ഗുണ്ടാ, ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോള്‍ മിക്ക ഗ്രാമങ്ങളിലും ആധിപത്യം നേടി. കുറ്റവാളി സംഘങ്ങള്‍ക്ക്‌ വ്യവസ്ഥാപിത രാഷ്‌ട്രീയ സംരക്ഷണം നല്‍കാന്‍ എല്ലാവരും ശ്രമിക്കുന്നു. ഇതുയര്‍ത്തുന്ന കാലുഷ്യം ചെറുതല്ല. അഴിമതി അമര്‍ച്ച ചെയ്യാന്‍ 34 കൊല്ലത്തെ ഇടതു സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്‌തതുമില്ല. `നിങ്ങളുടെ കൈയില്‍ കാശുണ്ടോ, എല്ലാം നടന്നുകിട്ടും. പരസ്യമായി കോഴ ചോദിച്ചു വാങ്ങുന്നതില്‍ ആര്‍ക്കും ഒരു മടിയുമില്ല'-കൊല്‍ക്കത്തയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറും മലയാളിയുമായ ടി.കെ ഗോപാലന്‍ സാക്ഷ്യപ്പെടുത്തുന്നു. തൃണമുല്‍ കോണ്‍ഗ്രസ്‌ ഒരു രണ്ടാം നിരയെ പോലും വളര്‍ത്തി കൊണ്ടുവരാന്‍ മമത തയാറല്ല. പാര്‍ട്ടിയുടെ ദുരന്തവും അതാണ്‌. കേന്ദ്ര മന്ത്രിസഭയില്‍ ഡി.എം.കെക്ക്‌ മൂന്ന്‌ കാബിനറ്റ്‌ പദവികളുണ്ടെന്നിരിക്കെ, ഏതാണ്ട്‌ അത്ര തന്നെ എം.പിമാരുണ്ടായിട്ടും തനിക്കു മാത്രം മതി കാബിനറ്റ്‌ പദവിയെന്ന്‌ മമത തീരുമാനിക്കുകയായിരുന്നു. ഇടതിന്റെ അടിത്തറ തകര്‍ത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും ഇരുമുന്നണികള്‍ക്കുമിടയിലെ വോട്ട്‌ വ്യത്യാസം എന്നത്‌ 11 ലക്ഷം മാത്രമാണ്‌. പുതിയ വോട്ടര്‍മാരെയും നിഷ്‌പക്ഷ വിഭാഗങ്ങളെയും ആകര്‍ഷിക്കാന്‍ പല വാഗ്‌ദാനങ്ങളും മമത മുന്നോട്ടുവെക്കുന്നു. അസമില്‍ വിധിയെഴുതുക വംശീയ-ന്യൂനപക്ഷ വോട്ടുകള്‍ അസമില്‍ വംശീയ പ്രീണനത്തിന്റെ രാഷ്‌ട്രീയമാണ്‌ കൊഴുക്കുന്നത്‌. ഭരണത്തിലുള്ള കോണ്‍ഗ്രസിനു തന്നെയാണ്‌ സാധ്യത. പക്ഷേ, അടിയൊഴുക്കുകളും അസംതൃപ്‌തിയും കോണ്‍ഗ്രസിന്‌ തിരിച്ചടിയാകും. ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ഞാണിന്മേല്‍ കളി-അതാണ്‌ തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ പുറത്തെടുക്കുന്നത്‌. `ഡി' കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ അഞ്ചു ലക്ഷത്തോളം വരുന്ന സംശയാസ്‌പദ വോട്ടര്‍മാര്‍ക്ക്‌ സമ്മതിദാനാവകാശം അനുവദിക്കരുതെന്ന ഇലക്‌ഷന്‍ കമീഷന്‍ വിധിക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു കോണ്‍ഗ്രസ്‌ നേതൃത്വം. 1971 മുതല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റവും അനുബന്ധ സംഭവങ്ങളും അസമില്‍ എന്നും വലിയ രാഷ്‌ട്രീയ പ്രശ്‌നമായിരുന്നു. ബംഗ്ല സംസാരിക്കുന്ന മുസ്‌ലിംകള്‍ സംസ്ഥാന ജനസംഖ്യയില്‍ 32 ശതമാനം വരും. വലിയൊരു വോട്ട്‌ ബാങ്കാണിത്‌. ജനസംഖ്യയുടെ 18 ശതമാനം വരുന്ന ബംഗ്ലാദേശ്‌ ഹിന്ദുക്കളാണ്‌ ബി.ജെ.പിയുടെ കൈമുതല്‍. അസമിലെ 27 ജില്ലകളില്‍ 7 എണ്ണത്തില്‍ മുസ്‌ലിം പ്രാതിനിധ്യം ശക്തം. 126 അംഗ നിയമസഭയില്‍ 52 മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകം. പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പമായിരുന്നു മുസ്‌ലിംകള്‍. എന്നാല്‍ മൗലാന ബദ്‌റുദ്ദീന്‍ അജ്‌മല്‍ രൂപം നല്‍കിയ ആള്‍ ഇന്ത്യ യുനൈറ്റഡ്‌ ഡമോക്രാറ്റിക്‌ ഫ്രണ്ട്‌ (എ.ഐ.യു.ഡി.എഫ്‌) എല്ലാം മാറ്റി മറിച്ചു. സമീപകാലത്ത്‌ മുസ്‌ലിം രാഷ്‌ട്രീയ ശാക്തീകരണത്തില്‍ വന്ന വിജയകരമായ ഒരു പരീക്ഷണം കൂടിയായിരുന്നു ഇത്‌. മുസ്‌ലിം വോട്ടുകളുടെ ധ്രുവീകരണം പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസിനാണ്‌ ക്ഷീണം ചെയ്‌തത്‌. ഹാട്രിക്‌ തികക്കാനുള്ള തരുണ്‍ ഗൊഗോയിയുടെ സ്വപ്‌നങ്ങള്‍ക്ക്‌ ഇത്‌ തിരിച്ചടിയാകും. 2006-ല്‍ ആണ്‌ എ.യു.ഡി.എഫ്‌ നേട്ടം കൈവരിച്ചത്‌. പിറന്നുവീണ്‌ ആറു മാസത്തിനുള്ളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 10 എം.എല്‍.എമാരെ പാര്‍ട്ടി നേടി. ഇവരില്‍ രണ്ടു പേര്‍ ഹിന്ദുക്കള്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക്‌ നീതി നടപ്പാക്കാന്‍ മുഖ്യധാരാ പാര്‍ട്ടികളൊന്നും തയാറായില്ലെന്നാണ്‌ ആക്ഷേപം. ദയൂബന്ദില്‍ പഠനം പൂര്‍ത്തിയാക്കിയ മൗലാന ബദ്‌റുദ്ദീന്‍ അജ്‌മലിന്റെ പാര്‍ട്ടി ശക്തമായി തന്നെ രംഗത്തുണ്ട്‌. ലോക്‌സഭയില്‍ ഒരു സീറ്റും പാര്‍ട്ടി നേടി. ബംഗാളില്‍ എല്ലാ പാര്‍ട്ടികളും ഇക്കുറി കൂടുതല്‍ മുസ്‌ലിംകളെ രംഗത്തിറക്കാന്‍ മത്സരിച്ചപ്പോള്‍ അസമില്‍ ഇവരുടെ പ്രാതിനിധ്യം ഇത്തവണ കുറഞ്ഞു. അസം മുന്‍ മുഖ്യമന്ത്രി അയ്യിദ അന്‍വറ തൈമൂര്‍, അബ്‌ദുല്‍ മുഖ്‌തദര്‍ ചൗധരി, മിസ്‌ബാഹുല്‍ ഇസ്‌ലാം ലള്‌കര്‍, അബൂ സാലിഹ്‌ നജ്‌മുദ്ദീന്‍ എന്നിവര്‍ക്ക്‌ സീറ്റില്ല. കോണ്‍ഗ്രസ്‌ ന്യൂനപക്ഷത്തെ അവഗണിച്ചുവെന്ന എ.ഐ.യു.ഡി.എഫ്‌ പ്രചാരണം വലിയ സ്വാധീനം നേടുന്നു. 1971 മാര്‍ച്ച്‌ 25-ന്‌ മുമ്പ്‌ അസമിലെത്തിയ മുഴുവന്‍ പേര്‍ക്കും പൗരത്വം നല്‍കി 1951-ലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പരിഷ്‌കരിക്കമെന്ന്‌ കോണ്‍ഗ്രസ്‌ പറയുന്നു. മുസ്‌ലിം വോട്ട്‌ ലക്ഷ്യം വെച്ച്‌ പാര്‍ട്ടികള്‍ പ്രകടന പത്രികയില്‍ പല വാഗ്‌ദാനങ്ങളും നിരത്തുന്നു. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ പ്രത്യേക പദ്ധതികളും മുന്നോട്ടു വെക്കുന്നു. nazermca@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍