Prabodhanm Weekly

Pages

Search

2012 ജൂലൈ 14

മുഹമ്മദ് മുര്‍സി: വേറിട്ട കാഴ്ചകള്‍

മുഹമ്മദലി ശാന്തപുരം

നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി നേതാവ് ഡോ. മുഹമ്മദ് മുര്‍സി ഉന്നത ഭരണഘടനാ കോടതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഈജിപ്തിന്റെ പ്രഥമ ജനാധിപത്യ പ്രസിഡന്റായി ചുമതലയേറ്റു. മുന്‍ ഏകാധിപതി മുഹമ്മദ് ഹുസ്‌നി മുബാറക്കിന്റെ സ്വേഛാധിപത്യ ഭരണത്തില്‍ ഒന്നിലധികം തവണ ജയിലറകളില്‍ കിടന്ന മുര്‍സി ഇന്ന് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍. മൂന്ന് പതിറ്റാണ്ട് കാലത്തെ ദുര്‍ഭരണത്തിലൂടെ നാട് കട്ടുമുടിച്ച മുബാറക് കയ്‌റോവിലെ ജയിലിലും. 60 വര്‍ഷത്തെ പട്ടാള ഭരണത്തില്‍ ചരിത്രം കണ്ടിട്ടില്ലാത്ത ഭീകരമായ മര്‍ദനപീഡനങ്ങള്‍ക്ക് വിധേയമായ ഇരകള്‍ ജനാധിപത്യത്തിന്റെ ജീവവായു ലഭിച്ച ആദ്യനിമിഷത്തില്‍ തന്നെ അധികാര സോപാനത്തിലേക്ക് എത്തിയതും ചരിത്രം.
വ്യത്യസ്തമായ കാഴ്ചകളാണ് ഇന്ന് ഈജിപ്തുകാര്‍ കണ്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാരനായ ഒരു കര്‍ഷകന്റെ മകനായ മുഹമ്മദ് മുര്‍സി പഠനത്തില്‍ എന്നും ഒന്നാമനായിരുന്നു. കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം, മികവിന്റെ അംഗീകാരമായി സതേണ്‍ കാലിഫോര്‍ണിയയില്‍ ബിരുദാനന്തര പഠനം, പിന്നീട് സ്‌പേസ്ഷട്ടില്‍ എഞ്ചിന്‍ സുരക്ഷയെക്കുറിച്ച പഠനത്തില്‍ അമേരിക്കയില്‍നിന്ന് ഡോക്ടറേറ്റ്, അമേരിക്കയിലും കയ്‌റോ യൂനിവേഴ്‌സിറ്റിയിലും പ്രഫസറായി ജോലി.
പ്രസിഡന്റായ ശേഷം ആദ്യ ജുമുഅക്ക് അല്‍ അസ്ഹറില്‍ സെക്യൂരിറ്റി മറികടന്ന് ജനങ്ങള്‍ക്കൊപ്പം. പൊതുജനത്തിനത്ഭുതം, ഇതുവരെയുള്ള അനുഭവം മറിച്ചാണല്ലോ. പ്രസിഡന്റ് അസ്ഹറില്‍ ജുമുഅക്ക് എത്തിയാല്‍ സാധാരണക്കാര്‍ക്ക് അങ്ങോട്ട് അടുക്കാനാവില്ല. അന്നുതന്നെ തഹ്‌രീര്‍ സ്‌ക്വയറില്‍ ലക്ഷങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗവും സത്യപ്രതിജ്ഞയും. പ്രസംഗത്തില്‍ പ്രസിഡന്റ് തന്നെ മൈക്ക് കൈയില്‍ പിടിക്കുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ മുര്‍സി പ്രഭാത നമസ്‌കാരത്തിന് തൊട്ടടുത്ത പള്ളിയില്‍ എത്തുന്നു. തനിക്കു വേണ്ടി റോഡില്‍ സെക്യൂരിറ്റിക്കാര്‍ കെട്ടിക്കിടക്കുകയോ ബ്ലോക്ക് ചെയ്യുകയോ വേണ്ടതില്ല എന്ന നിര്‍ദേശവും. സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രസിഡന്റിന്റെ വലിയ ചിത്രം തൂക്കുന്നത് ഇതുവരെയുള്ള ചരിത്രം. ഇനി അതിന്റെ ആവശ്യമില്ല. ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ 'അല്ലാഹു ജല്ലജലാലുഹു' (അല്ലാഹു ഉന്നതന്‍) എന്ന് തൂക്കിയിടാന്‍ അനുവാദം.
അമ്മാവന്റെ മകളും ഇഖ്‌വാന്‍ പ്രവര്‍ത്തകയുമായ നജ്‌ല അലിയാണ് മുര്‍സിയുടെ പ്രിയതമ. മുന്‍ പ്രഥമ വനിതകളായ തഹിയ്യ അബ്ദുന്നാസിര്‍, ജയ്ഹാന്‍ സാദാത്ത്, സൂസന്‍ മുബാറക് എന്നിവരില്‍നിന്ന് വ്യത്യസ്ത നിലപാടാണ് നജ്‌ല അലിക്ക്. തന്നെ പ്രഥമ വനിതയെന്ന് വിളിക്കേണ്ടെന്നും താന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കില്ലെന്നും ഇക്കാര്യത്തിലെ പ്രോട്ടോകോള്‍ തനിക്ക് വേണ്ടെന്നും അവര്‍ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. പ്രസിഡന്റായ ശേഷം എടുത്ത ആദ്യതീരുമാനത്തിലും വ്യത്യസ്തത പുലര്‍ത്താന്‍ മുര്‍സിക്ക് കഴിഞ്ഞു. ഒരു പൈസ പോലും ശമ്പളമായി ഖജനാവില്‍നിന്ന് കൈപ്പറ്റില്ല, ഒരുതരത്തിലുള്ള അനുമോദന ആശംസകളുമായി ആരും എഴുന്നള്ളേണ്ടതില്ല, വിപ്ലവത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ വന്നു കാണാം. സുരക്ഷയുടെ പേരും പറഞ്ഞ് ഒരു സെക്യൂരിറ്റിക്കാരനും അവരെ തടയരുത്. മുര്‍സി വിനയത്തോടെ അഭ്യര്‍ഥിക്കുന്നു.
മുന്‍ പ്രസിഡന്റ് മുബാറക്കിന് സഞ്ചരിക്കാന്‍ ഔദ്യോഗിക വാഹനങ്ങളുടെ നീണ്ടനിരയും സെക്യൂരിറ്റിക്കാരുടെ വന്‍പടയും നിര്‍ബന്ധമായിരുന്നു. പിന്നെ പിന്നെ ആ ശീലം രാജ്യത്തെ പ്രഥമ വനിത സൂസനും കിട്ടി. തുടര്‍ന്ന് ജമാലിനും അലാക്കും ഔദ്യോഗിക പടയും പരിവാരവുമില്ലാതെ സഞ്ചരിക്കുന്നത് കുറച്ചിലായി. പൊതുജനം മണിക്കൂറുകളോളം റോഡില്‍ കാത്തുകെട്ടിക്കിടന്നു പൊറുതി മുട്ടി. മുബാറക്കും സില്‍ബന്ധികളും സഞ്ചരിക്കുന്നിടത്തൊക്കെ സേവകര്‍ പൂക്കള്‍ വാരിവിതറുമായിരുന്നുവത്രെ. അതൊക്കെ കഴിഞ്ഞേ പൊതുജനത്തിന് സഞ്ചാര സ്വാതന്ത്ര്യമുള്ളൂ. ഇന്നിപ്പോള്‍ ജനജീവിതം തടസ്സപ്പെടുത്തുന്ന രീതിയില്‍ ഒരു സെക്യൂരിറ്റിയും തനിക്കാവശ്യമില്ലെന്നും തനിക്കു വേണ്ടി റോഡില്‍ ജനം കെട്ടിക്കിടക്കേണ്ടിവരില്ലെന്നും മുര്‍സി ഉറപ്പിച്ചു പറയുന്നു. മാത്രമല്ല, അയല്‍നാട്ടില്‍ കൂട്ടക്കുരുതി നടത്തുന്ന ബശ്ശാറിന്റെ അനുമോദന സന്ദേശം തനിക്കാവശ്യമില്ലെന്ന് പറഞ്ഞ് ആര്‍ജവത്തോടെ തള്ളിക്കളഞ്ഞതും സിറിയയിലെ കൂട്ടക്കുരുതിക്ക് ആളും അര്‍ഥവും നല്‍കുന്ന ഇറാന്റെ നയതന്ത്ര പ്രതിനിധിക്ക് തന്നെ കാണാന്‍ അവസരം നല്‍കാതെ തിരിച്ചയച്ചതും സമകാലിക ചരിത്രത്തില്‍ സമാനതകളില്ലാത്ത വേറിട്ട ചിത്രങ്ങള്‍ തന്നെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍