Prabodhanm Weekly

Pages

Search

2012 ജൂലൈ 14

റമദാന്‍ ചില പുനരാലോചനകള്‍

ഖാലിദ് മൂസാ നദ്‌വി

ആത്മീയ ആലോചനകളുടെ നിരന്തരമായ നവീകരണം ഇസ്്‌ലാമിന്റെ പ്രധാന പരിഗണനകളില്‍ ഒന്നാണ്. അത് സാധ്യമാക്കുംവിധമാണ് ആരാധനാനുഷ്ഠാനങ്ങളുടെ ക്രമീകരണം. ദൈനംദിനം നിര്‍വഹിക്കപ്പെടുന്ന അഞ്ചുനേരത്തെ നമസ്‌കാരം അതില്‍ പ്രഥമവും പ്രധാനവുമാണ്. ഓരോ നമസ്‌കാരത്തിന്റെയും മുമ്പും പിമ്പുമുള്ള സുന്നത്തുകള്‍ അനുപൂരകങ്ങളും അനുബന്ധങ്ങളുമാണ്. നമസ്‌കാരാനന്തരം നിര്‍വഹിക്കേണ്ട ദിക്‌റും ദുആയും അല്ലാഹുവും വിശ്വാസിയും തമ്മിലുള്ള ആത്മീയ ബന്ധത്തെ കൂടുതല്‍ ശക്തമാക്കി തീര്‍ക്കുന്നു.
നിശാ നമസ്‌കാരം ഒരു പ്രത്യേകാനുഭവമാണ്. നേരത്തെ പറഞ്ഞതെല്ലാം പരസ്യമായാണ് നിര്‍വഹിക്കപ്പെടുന്നതെങ്കില്‍ നിശാ നമസ്‌കാരം പരമ രഹസ്യമാണ്. അല്ലാഹുവുമായി ഒറ്റക്ക് ഒരു കൂടിക്കാഴ്ച. ഇണകളും മക്കളും കൂടെപ്പിറപ്പുകളും കൂടെ പാര്‍പ്പുകാരും ആരുമറിയാതെയുള്ള ഒരു രഹസ്യ ബന്ധത്തിലൂടെ ആത്മീയതയുടെ ആഴങ്ങളില്‍ മുങ്ങാനുള്ള അവസരമാണ് വിശ്വാസിക്കത്. വിശ്വാസികളുടെ സവിശേഷ ഗുണമായിട്ട് അല്ലാഹു അത് എടുത്തു പറഞ്ഞിട്ടുണ്ട്.
''രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിനോടു പാപമോചനം തേടുന്നവരാകുന്നു ഭക്തജനങ്ങള്‍'' (ഖുര്‍ആന്‍ 3:17). ''രാത്രികാലത്ത് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് തഹജ്ജുദ് അനുഷ്ഠിക്കുക'' (ഖുര്‍ആന്‍ 17:79). ''സ്വര്‍ഗസ്ഥരായ ഭക്തജനങ്ങള്‍ നിശാ വേളകളില്‍ അല്‍പമേ ഉറങ്ങിയിരുന്നുള്ളൂ. രാവിന്റെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടിയിരുന്നു അവര്‍'' (ഖുര്‍ആന്‍ 51: 17,18).
വെള്ളിയാഴ്ചതോറും നടക്കുന്ന ജുമുഅ ആത്മീയോത്കര്‍ഷത്തിന്റെ പ്രതിവാര സംഗമമാണ്. ഭക്തിനിര്‍ഭരമായ ലഘു ഉപദേശവും ശേഷം നടക്കുന്ന കൂട്ടായ നമസ്‌കാരവും ഭക്തജനങ്ങള്‍ക്ക് ഒരാഴ്ചത്തേക്കുള്ള ഇന്ധന സംഭരണമായിട്ടാണ് അനുഭവപ്പെടുന്നത്. വിസ്മൃതി പ്രകൃതി ഗുണമായ മനുഷ്യന് സ്മൃതിപഥത്തിലേക്ക് തിരിച്ചുവരാനുള്ള സന്ദര്‍ഭം കൂടിയാണ് തഖ്‌വയെക്കുറിച്ചുള്ള വസ്വിയ്യത്ത് ആവര്‍ത്തിക്കപ്പെടുന്ന ജുമുഅ വേള.
ഭക്തിബോധത്തിന്റെ പ്രതിദിന-പ്രതിവാര വലയത്തില്‍ ജീവിക്കുന്ന വിശ്വാസിയെ കൂടുതല്‍ ശുദ്ധീകരിക്കാനുള്ള പ്രതിവര്‍ഷ അവസരമാണ് റമദാന്‍ നോമ്പ്.
സര്‍വ ഭക്തിമാര്‍ഗങ്ങളും റമദാനില്‍ സജീവമായി സമ്മേളിക്കുന്നു. ഭക്തിയുടെ വസന്തകാലമായും പൂക്കാലമായും റമദാന്‍ മാറുന്നു. വിശ്വാസിയുടെ ജീവിതകേന്ദ്രം പള്ളിയായി മാറുന്നുവെന്നതാണ് റമദാന്‍ കാലത്തെ ഏറ്റവും മനോഹരമായ അനുഭവം. എല്ലാ നേരവും പള്ളിയില്‍ വെച്ച് നമസ്‌കരിക്കാന്‍ റമദാനില്‍ വിശ്വാസി പുലര്‍ത്തുന്ന ശ്രദ്ധ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. നോമ്പുതുറയും പള്ളിയില്‍തന്നെയായി കിട്ടാനുള്ള ആസൂത്രണവും വിശ്വാസികള്‍ നടത്തുന്നു. ഖുര്‍ആന്‍ പഠനം, ഖുര്‍ആന്‍ പാരായണം, നസ്വീഹത്തുകള്‍ എന്നിവയുമായി കൂടുതല്‍ സമയവും വിശ്വാസികള്‍ അല്ലാഹുവിന്റെ ഭവനത്തില്‍ തന്നെ കഴിച്ചുകൂട്ടുന്ന കാഴ്ച ആനന്ദകരമാണ്.
രാത്രികാല നമസ്‌കാരമാണ് റമദാന്റെ അലങ്കാരം. ഭക്തിനിര്‍ഭരമായ ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കുന്ന ഇമാമിന്റെ പിന്നില്‍ ദീര്‍ഘനേരം നിന്ന് അല്ലാഹുവിനെക്കുറിച്ച ചിന്തകളില്‍ ലയിച്ച്, മണ്ണില്‍നിന്ന് വിണ്ണിലേക്കുയര്‍ന്ന്, മലക്കുകളുടെ അടുപ്പവും സാന്നിധ്യവും ഉറപ്പുവരുത്തി രാത്രികാലത്ത് പതിനൊന്നോ അതില്‍ കുറവോ കൂടുതലോ റക്അത്തുകള്‍ നിര്‍വഹിക്കുക വഴി ഹൃദയശുദ്ധീകരണത്തിന്റെയും ആത്മഹര്‍ഷത്തിന്റെയും കൊടുമുടി പ്രാപിക്കാന്‍ വിശ്വാസിക്ക് സാധിക്കുന്നുണ്ട്.
വിശ്വാസിക്കും വിശ്വാസിനിക്കും ഈ അവസരം ഒരുപോലെ ലഭ്യമാക്കേണ്ടതുണ്ട്. യുവാക്കള്‍ക്കും യുവതികള്‍ക്കും ഈ അനുഭവം ആസ്വാദ്യകരമായിത്തീരേണ്ടതുണ്ട്. വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് ഈ ആത്മീയാഘോഷം ആകര്‍ഷകമായി മാറേണ്ടതുണ്ട്. പള്ളി വിലക്കിന്റെയും സ്ത്രീവിവേചനത്തിന്റെയും ആധുനിക വിനോദോപകരണങ്ങളുടെയും ചുറ്റുപാടില്‍ രാത്രി നമസ്‌കാരം പുരുഷവൃദ്ധന്മാരുടെ ഒരു പാരമ്പര്യ ചിഹ്നമായി അധഃപതിക്കുന്നുണ്ടോ എന്ന ആലോചന ഏറെ പ്രസക്തമാണ്.
റമദാന്‍ ഖുര്‍ആന്റെ കാലമാണ്. ഖുര്‍ആന്‍ അവതരണത്തിന്റെ കാലം. ഖുര്‍ആന്‍ അവതരണം ഉദ്ഘാടനം ചെയ്യപ്പെട്ട വിശുദ്ധ രാവ്-ലൈലത്തുല്‍ ഖദ്ര്‍-ഉള്‍ക്കൊള്ളുന്ന കാലം. പക്ഷേ, ഖുര്‍ആനും റമദാനും തമ്മിലുള്ള ബന്ധം ഇന്ന് സുദൃഢമാണോ? ഖുര്‍ആനും വിശ്വാസിയും തമ്മിലുള്ള ബന്ധത്തിന് ജീവനുണ്ടോ?
ഒരു ദിനപത്രം വായിക്കുന്ന ഗൗരവം പോലും നല്‍കാതെയാണ് വിശ്വാസികള്‍ ഇന്ന് ഖുര്‍ആന്‍ വായിക്കുന്നത്. കേവലം അലസമായ ഖുര്‍ആന്‍ പാരായണം. ഒരു പത്രവാര്‍ത്ത വായിച്ചാല്‍ ആ വായനയില്‍ നാവും ചുണ്ടും മനസ്സും മസ്തിഷ്‌കവും ഒരേസമയം പങ്കുവഹിക്കുന്നുണ്ട്. ഖുര്‍ആന്‍ പാരായണമോ? അധര വ്യായാമം മാത്രം. ഈ റമദാനില്‍ അലസമായ ഖുര്‍ആന്‍ പാരായണത്തിന് അന്ത്യം കുറിക്കാനുള്ള ഒരു കാമ്പയിനിന് തുടക്കം കുറിക്കണം. നവോത്ഥാന പ്രസ്ഥാനങ്ങളെങ്കിലും അതിന് മുന്‍കൈയെടുക്കണം. ഖുര്‍ആന്റെ ആശയം ഗ്രഹിക്കാന്‍ ദിവസവും സമയം ചെലവഴിക്കുന്നവര്‍ നമ്മുടെയിടയില്‍ എത്ര പേരുണ്ട്? ഖുര്‍ആന്റെ ആശയം പ്രാഥമികമായെങ്കിലും ഗ്രഹിച്ചവര്‍ എത്രയുണ്ട്? റമദാനിലെ 30 ദിനരാത്രങ്ങള്‍ ഖുര്‍ആന്‍ അലസമായി വായിക്കുന്നവര്‍ ഒരു ചെറിയ തീരുമാനം എടുത്താല്‍ മതിയല്ലോ. പ്രശ്‌നപരിഹാരം എളുപ്പമാണല്ലോ. പക്ഷേ, വിശ്വാസികളെ പണ്ഡിതന്മാരും ഉപദേശികളും തന്നെയല്ലേ വഴിതെറ്റിക്കുന്നത്? ഖുര്‍ആന്‍ ഓടിച്ച് വായിച്ച് 'ഖത്തം' തീര്‍ത്ത് പുണ്യം നേടാം എന്ന് അവരെ പഠിപ്പിച്ച പണ്ഡിതന്മാരാണ് ഈ കേസില്‍ പ്രതിസ്ഥാനത്ത്. അവര്‍ തെറ്റു തിരുത്തിയാല്‍ പ്രശ്‌നപരിഹാരത്തിന് തുടക്കമായി. 'ഖത്തം' തീര്‍ക്കേണ്ടതില്ല; സാധ്യമായത് പഠിച്ചാല്‍ മതി. 114 സൂറകളും പഠിക്കാന്‍ കഴിയുന്നവര്‍ പഠിച്ചുകൊണ്ട് ഒരു ആവര്‍ത്തി പൂര്‍ത്തീകരിക്കട്ടെ. അത് മഹാ ഭാഗ്യമായിരിക്കും. പഠിച്ചും മനസ്സിലാക്കിയും ഗ്രഹിച്ചും ഒരാവര്‍ത്തി തീര്‍ക്കാന്‍ കഴിയാത്തവര്‍ ഒരാവര്‍ത്തിക്ക് വേണ്ടി വാശിപിടിക്കാതിരിക്കട്ടെ. അവര്‍ കഴിയാവുന്നത്ര അളവില്‍ ഖുര്‍ആന്‍ പഠിക്കട്ടെ.
പരിഭാഷകള്‍ ഇന്ന് എത്രയോ ലഭ്യമാണ്. പക്ഷേ, ഖുര്‍ആന്‍ പരിഭാഷയില്ലാത്ത വീടുകളില്ലേ ഇപ്പോഴും? ആധുനിക ഉപകരണങ്ങള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നവര്‍ പോലും വീട്ടില്‍ ഒരു ഖുര്‍ആന്‍ പരിഭാഷ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ആയിരമോ രണ്ടായിരമോ ഇന്ന് ചെലവഴിക്കുന്നില്ല. എന്തൊരു വിരോധാഭാസം! 'എല്ലാ മുസ്‌ലിം വീട്ടിലും ഒരു ഖുര്‍ആന്‍ പരിഭാഷ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുള്ള മറ്റൊരു കാമ്പയിന്‍ ഈ റമദാനില്‍ നടക്കേണ്ടതുണ്ട്. മുസ്‌ലിം സംഘടനകളും മഹല്ലുകളും ഇതിന് തയാറാവണം. എനിക്ക് വായിക്കാന്‍, എന്റെ ഇണക്ക് വായിക്കാന്‍, എന്റെ മക്കള്‍ക്ക് വായിക്കാന്‍ വീട്ടില്‍ ഒരു ഖുര്‍ആന്‍ പരിഭാഷ വാങ്ങി സൂക്ഷിക്കാന്‍ ഞാന്‍ തയാറല്ലെങ്കില്‍ പിന്നെ ഖുര്‍ആനിനോട് എനിക്ക് സ്‌നേഹമുണ്ടെന്ന് പറയുന്നത് ഒരു നുണ മാത്രമാണ്. തീരുമാനം ഇനിയും വൈകിക്കുന്നതിന് യാതൊരു ന്യായവുമില്ല.
'ഇഅ്തികാഫ്' ആത്മീയമായ ആനന്ദാനുഭൂതിയുടെ അനര്‍ഘനിമിഷങ്ങളാണ് വിശ്വാസികള്‍ക്ക് പ്രദാനം ചെയ്യുന്നത്. ഭൗതിക സുഖാനുഭൂതിയുടെ മലവെള്ളപ്പാച്ചിലില്‍നിന്ന് മനസ്സിനെയും ശരീരത്തെയും മോചിപ്പിക്കാനുള്ള നല്ല ഉപാധികളിലൊന്നാണത്. ''റസൂല്‍(സ) എല്ലാ റമദാനിലും 10 ദിവസം ഇഅ്തികാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നു. അവിടുത്തെ വിയോഗ വര്‍ഷമാകട്ടെ ഇരുപത് ദിവസം ഇഅ്തികാഫ് അനുഷ്ഠിക്കുകയുണ്ടായി'' (ഇമാം ബുഖാരി). ഇഅ്തികാഫിന്റെ സ്വാദ് നുണയുന്നവര്‍ തുലോം കുറവാണിന്ന്. വീട്ടുജീവിതത്തിന്റെ സുഖസൗകര്യങ്ങള്‍ ഒഴിവാക്കാനുള്ള മനസ്സ് ഇല്ലെന്നതാണ് ഇഅ്തികാഫിനോട് വിരക്തി വരാനുള്ള പ്രധാന കാരണം. ദീനീ മാര്‍ഗത്തിലെ യഥാര്‍ഥ വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കാനുള്ള നല്ല മാര്‍ഗം എന്ന നിലക്ക് ഇഅ്തികാഫിനുള്ള സന്നദ്ധത വിശ്വാസികള്‍ വീണ്ടെടുക്കേണ്ടതുണ്ട്. വിദ്യാര്‍ഥി-യുവജനസമൂഹം ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടുവരേണ്ടതുണ്ട്.
റമദാനോടുള്ള ബഹുമാനത്തിന്റെ കാര്യത്തില്‍ റസൂലിന്റെ ചര്യ കേരളത്തില്‍ വ്യാപകമായി നിരാകരിക്കപ്പെടുന്നുണ്ട്. ആദ്യ പത്തുകളിലെ താല്‍പര്യം അവസാന പത്തുകളില്‍ കാണാറില്ല. കാണാനില്ലെന്ന് മാത്രമല്ല, അവസാന പത്തുകളില്‍ രാവ് നിദ്രാ വിഹീനമാവുന്നത് ഭൗതിക ആവശ്യങ്ങള്‍ക്കാണെന്ന തിക്ത സത്യം ഇനിയും അവഗണിച്ചുകൂടാ. പെരുന്നാള്‍ ആഘോഷത്തിന്റെ ഭൗതിക മുന്നൊരുക്കങ്ങളാണ് നമുക്കിന്ന് അവസാനത്തെ പത്തിലെ 'അനുഷ്ഠാനങ്ങള്‍.' അങ്ങനെയായിരുന്നോ റസൂല്‍? ഒരിക്കലുമല്ല. ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''റമദാനിലെ അവസാനത്തെ പത്ത് വന്നെത്തിയാല്‍ റസൂല്‍(സ) ഉറക്കം വെടിഞ്ഞ് രാത്രിയെ സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു. അവിടുന്ന് സല്‍ക്കര്‍മങ്ങളില്‍ കൂടുതല്‍ വ്യാപൃതനാവുകയും അരമുറുക്കിയുടുക്കുകയും ചെയ്യുമായിരുന്നു'' (ഇമാം ബുഖാരി).
വസ്ത്രവിപണിയിലെ മിന്നും താരങ്ങളായി വിശ്വാസികളും വിശ്വാസിനികളും രാവും പകലും തിക്കിത്തിരക്കി നിറഞ്ഞാടുന്ന സന്ദര്‍ഭമായി റമദാന്‍ അവസാനത്തെ പത്തുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. പെരുന്നാളിനുള്ള വസ്ത്രങ്ങളും മറ്റും ശഅ്ബാനില്‍ തന്നെ വാങ്ങിവെച്ചാലെന്താണ്? റമദാന്റെ വിശുദ്ധ നിമിഷങ്ങള്‍ ഷോപ്പിംഗിന്റെ ഭൗതിക ലഹരിയില്‍ പെട്ട് ആത്മീയ ശൂന്യമായിത്തീരുന്നത് നിസ്സാര കാര്യമാണോ? ഒരുതരം മുതലാളിത്ത സംസ്‌കാരത്തിന്റെ സ്വാധീനവലയത്തില്‍ നിന്ന് റമദാന്നെങ്കിലും മോചനം ലഭിക്കുന്നില്ലെങ്കില്‍ 'ആത്മീയതയുടെ വസന്തോത്സവം' എന്നും മറ്റും വലിയ വായില്‍ പ്രഖ്യാപിക്കുന്നതിനെന്തര്‍ഥം?
നോമ്പ് കാലം തഖ്‌വയുടെ ഉറവിടകാലവും ഉത്സവ കാലവുമാണ്. മുത്തഖിയാവേണ്ടത് പുരുഷന്‍ മാത്രമല്ല; പുരുഷന്മാരും സ്ത്രീകളുമുള്‍പ്പെടെ വിശ്വാസി സമൂഹമാണ്. യഥാര്‍ഥത്തില്‍ എന്താണ് നമ്മുടെ വീടുകളില്‍ സംഭവിക്കുന്നത്? എന്താണ് നമ്മുടെ മഹല്ലുകളില്‍ സംഭവിക്കുന്നത്? എന്താണ് നമ്മുടെ പള്ളികളില്‍ സംഭവിക്കുന്നത്? ഭക്തിമാര്‍ഗത്തിലെ പുരുഷ വ്യായാമമാണ് നടക്കുന്നത് എന്ന് പറയാതെ നിര്‍വാഹമില്ല. റമദാനില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ഭൗതികതയുടെ വിരുന്നൊരുക്കുന്നതില്‍ വ്യാപൃതരല്ലേ?
നവോത്ഥാനവാദികളുടെ വീടുകളില്‍ പോലും രുചിയൂറും റമദാന്‍ വിഭവങ്ങളുടെ ചൂടേറും അടുപ്പുകളില്‍ വേവുന്നവരാണ് വിശ്വാസി സമൂഹത്തിലെ സഹോദരിമാരെന്ന സത്യം പറയാതെ വയ്യ. ഒരു നവോത്ഥാനം തന്നെ നടക്കേണ്ട മേഖലയാണിതെന്ന് ശ്രദ്ധയില്‍ പെടുത്തട്ടെ. നാം പറയാറുണ്ട് റമദാനില്‍ പള്ളികള്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിയാറുണ്ട് എന്ന്. തെറ്റല്ലേ ആ പ്രസ്താവന? പുരുഷന്മാരെ കൊണ്ടല്ലേ നിറഞ്ഞുകവിയുന്നത്? സഹോദരിമാര്‍ അഞ്ചു നേരവും ജമാഅത്ത് നമസ്‌കാരങ്ങളില്‍ പേരിനെങ്കിലും പങ്കെടുക്കുന്ന എത്ര പള്ളികള്‍ കേരളത്തിലുണ്ട്? ഇസ്‌ലാമിന്റെ ഒന്നാം പള്ളിയായ മസ്ജിദുല്‍ ഹറാമില്‍ സ്ത്രീകളും പുരുഷന്മാരും അഞ്ചു നേരവും ഒന്നിച്ചാണ് നമസ്‌കരിക്കുന്നത്. ഇസ്‌ലാമിന്റെ രണ്ടാം പള്ളിയായ മസ്ജിദുന്നബവിയില്‍ അഞ്ചു നേരവും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചാണ് നമസ്‌കരിക്കുന്നത്. പക്ഷേ, നമ്മുടെ നാട്ടിലെ പള്ളികളിലൊന്നും അങ്ങനെയല്ല. സംഘടിത നമസ്‌കാരത്തിന് 27 മടങ്ങ് അധിക പ്രതിഫലം അല്ലാഹുവിന്റെ റസൂല്‍ വാഗ്ദാനം ചെയ്തത് പുരുഷന്മാര്‍ക്ക് മാത്രമാണോ? പള്ളിയിലേക്ക് നടക്കുന്ന കാലടിപ്പാടുകള്‍ക്ക് പോലും കൂലിയുണ്ടെന്ന് റസൂല്‍(സ) വാഗ്ദാനം ചെയ്തത് പുരുഷന്മാരുടെ കാലടിപ്പാടുകള്‍ക്ക് മാത്രമാണോ? സ്ത്രീകള്‍ക്ക് റമദാനില്‍ ജോലിഭാരം കുറയുകയും പള്ളികളില്‍ വരാന്‍ കൂടുതല്‍ സമയം ലഭിക്കുകയും പള്ളികളിലെ നസീഹത്തുകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാവുകയുമല്ലേ വേണ്ടത്? ഇത് വേണ്ടെന്ന് വനിതകള്‍ സ്വയം തീരുമാനിച്ചതാണെങ്കില്‍ അതിന്റെ കാരണം എന്താണ്? പുരുഷന്മാര്‍/സമൂഹം ഇത് ലിഖിതമായോ അല്ലാതെയോ വിലക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം എന്താണ്?
ഈ റമദാനില്‍ ഒരു വനിതാ നവോത്ഥാനം നടക്കട്ടെ. പള്ളികളിലേക്ക് പുരുഷന്മാരെ പോലെ സ്ത്രീകളും വന്നുപോകുന്ന കാഴ്ച അല്ലാഹുവും മലക്കുകളും ജനങ്ങളും കാണട്ടെ. തടയുന്നവരും തടസ്സപ്പെടുത്തുന്നവരും സ്വയം വേണ്ടെന്ന് വെച്ചവരും അവരുടെ ന്യായങ്ങള്‍ ജനങ്ങളോട് പറയുകയെങ്കിലും ചെയ്യേണ്ടതുണ്ട്.
റമദാനിലെ ഭക്ഷ്യമേളാ സംസ്‌കാരത്തിനും നോമ്പു തുറ മഹോത്സവങ്ങള്‍ക്കും മൊറൊട്ടോറിയം പ്രഖ്യാപിച്ചേ പറ്റൂ. നവോത്ഥാന വിപ്ലവ പ്രസ്ഥാനങ്ങള്‍ പോലും നടത്തുന്ന നോമ്പുതുറകളും ഇഫ്ത്വാറുകളും മാതൃകാപരമാണോ? പഴവര്‍ഗങ്ങള്‍ പലതരം, കരിച്ചതും പൊരിച്ചതും നിരവധി, ഇറച്ചിയും മീനും പച്ചക്കറിയും ഒന്നിച്ച്, വിവിധയിനം വിഭവങ്ങള്‍ക്ക് പുറമെ ബിരിയാണി മേളയും. ലാളിത്യവും മിതഭക്ഷണവും പ്രസംഗങ്ങളില്‍ മാത്രം. പകലിലെ ഉപവാസത്തിന്റെ എല്ലാ നന്മയും ചോര്‍ത്തിക്കളയുന്ന ഈ ഭീമന്‍ നോമ്പുതുറകളുടെ മാതൃക എവിടെ നിന്ന് കിട്ടിയതാണ്?
നോമ്പിനെ നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്. ദുനിയാവിന്റെ നീരാളിപ്പിടുത്തത്തില്‍നിന്ന് നോമ്പിനെ നാം മോചിപ്പിക്കേണ്ടതുണ്ട്.
നോമ്പ് സാമ്പത്തിക ശുദ്ധീകരണത്തിന്റെ കാലം കൂടിയാണ്. സകാത്ത് കൊടുത്തുവീട്ടിയെന്ന് ഉറപ്പുവരുത്തേണ്ട കാലം. സകാത്ത് കൊടുക്കാതെ നോമ്പു തുറക്കുന്നതും അത്താഴമുണ്ണുന്നതും പെരുന്നാളിന് പുതുവസ്ത്രങ്ങള്‍ എടുക്കുന്നതും ഒന്നും ജാഇസ് ആവുകയില്ല. എല്ലാ തരം മാലിന്യങ്ങളില്‍നിന്നും നമ്മുടെ സ്വത്ത് മുക്തമാവണം. സകാത്ത് ഒരു നിര്‍ണിത ഓഹരിയാണ്. നിര്‍ബന്ധ ബാധ്യതയും. സമ്പന്നര്‍ അത് കൊടുത്തുവീട്ടിയെന്ന് ഉറപ്പുവരുത്തണം. എന്നാല്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം വ്യയം ചെയ്യുകയെന്ന ചുമതല എല്ലാവരുടേതുമാണ്. ഇന്‍ഫാഖ്, സ്വദഖ എന്നൊക്കെപ്പറയുന്നത് വിപുലവും വിസ്തൃതവുമായ ഒരു മേഖലയാണ്. ഇബ്‌നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്യുന്നു: ''റസൂല്‍(സ) ജനങ്ങളില്‍ ഏറ്റവും ഉദാരവാനായിരുന്നു. റമദാനില്‍ ജിബ്‌രീല്‍(അ) റസൂലിനെ കണ്ടുമുട്ടുമ്പോഴാണ് അത്യുദാരനായിരുന്നത്. ജിബ്‌രീലാവട്ടെ റമദാനിലെ എല്ലാ രാവുകളിലും റസൂലുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്‍ആന്‍ പാഠങ്ങള്‍ പരിശോധിക്കുകയും ചെയ്യുമായിരുന്നു. ജിബ്‌രീല്‍ വന്നു കാണുമ്പോഴൊക്കെ അല്ലാഹുവിന്റെ റസൂല്‍ അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഉദാരനാകാറുണ്ടായിരുന്നു'' (ഇമാം ബുഖാരി).
സകാത്തിനപ്പുറം ദാനധര്‍മങ്ങള്‍ ശീലിച്ച്, പണത്തോടുള്ള പൂജാ ബ ന്ധം പൂര്‍ണമായും അറുത്തുമാറ്റി പണം അല്ലാഹുവിന്റേതാണെന്ന തൗഹീദീ പാഠം പ്രയോഗവത്കരിച്ചിട്ട് വേണം നാം റമദാനിന് വിടനല്‍കാന്‍. സകാത്ത് നാം വ്യക്തിപരമായല്ല കൈകാര്യം ചെയ്യേണ്ടത്. അത് മഹല്ലുകള്‍ക്ക് / സകാത്ത് കമ്മിറ്റികള്‍ക്ക് പൂര്‍ണമായും വിട്ടുകൊടുക്കണം. വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ബൈത്തുസ്സകാത്ത് കേരള നിലവിലുണ്ട്. അവിടേക്കും നമ്മുടെ സകാത്ത് അയക്കാവുന്നതാണ്. നാം വ്യക്തിപരമായും സ്വകാര്യമായും പരമാവധി രഹസ്യമായും കൈകാര്യം ചെയ്യേണ്ടത് നമ്മുടെ സ്വദഖകളാണ്. ചോദിക്കുന്നവര്‍ക്കെല്ലാം നല്‍കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, അത് വരവ് വെക്കേണ്ടത് സകാത്തിലല്ല, സ്വദഖയിലാണെന്ന് മാത്രം. കൊടുത്ത സ്വദഖകളെല്ലാം പെറുക്കി കൂട്ടി ഞാന്‍ സകാത്ത് നല്‍കിയെന്ന് ആശ്വസിക്കുന്നവര്‍, രാത്രി തറാവീഹ് ധാരാളം നമസ്‌കരിച്ചിട്ടുണ്ടല്ലോ ഇനി പകലില്‍ ഫര്‍ദ് പോലും നമസ്‌കരിക്കാതെ ഉറങ്ങാമല്ലോ എന്ന് കണക്ക് കൂട്ടുന്ന പോലെയാണ്. ദരിദ്രനായ റസൂല്‍ കാറ്റടിക്കും പോലെ സ്വദഖ ചെയ്‌തെങ്കില്‍ നാം സകാത്തില്‍ മാത്രം ക്ലിപ്തപ്പെടുത്തുന്നതില്‍ എന്ത് ന്യായമാണുള്ളത്?
നോമ്പ് പ്രാര്‍ഥനയുടെ കാലമാണ്. ഉള്ളറിഞ്ഞ, ഹൃദയംതൊട്ട പ്രാര്‍ഥനയുടെ കാലം. ഓരോരുത്തരും ആത്മാവിന്റെ ഭാഷയില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടകാലം. ദീര്‍ഘമായി സുജൂദുകളില്‍ ഹൃദയ ഭാഷ ഉപയോഗപ്പെടുത്തി നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ കഴിയണം. പാപമോചനത്തിനായി, ദിവ്യ കാരുണ്യത്തിനായി, നരകവിമുക്തിക്കായി, സ്വര്‍ഗലബ്ധിക്കായ്, തനിക്കു വേണ്ടി, തന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി, കുട്ടികള്‍ക്ക് വേണ്ടി, സഹോദരി-സഹോദരന്മാര്‍ക്ക് വേണ്ടി, പൊരുതുന്ന മുസ്‌ലിം ലോകത്തിന് വേണ്ടി..... നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍