Prabodhanm Weekly

Pages

Search

2011 മെയ് 21

ഇസ്‌ലാമിന്റെ രാജപാതയും രാഷ്ട്രീയ ഇടപെടലുകളും

ശൈഖ് മുഹമ്മദ് കാരകുന്ന്‌

മുഹമ്മദ് നബി അല്ലാഹുവിന്റെ അന്ത്യദൂതനാണ്. ഇനി പുതിയ പ്രവാചകന്മാരില്ല. ഇസ്ലാമിക സമൂഹമാവട്ടെ അന്ത്യനാള്‍വരെ അവിരാമം നിലനില്‍ക്കുന്നതും. ഇത് പ്രവാചകന്റെ വാഗ്ദാനമാണ്. ഇസ്ലാമിക സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പിന് നവോത്ഥാനനായകരുടെയും പരിഷ്കര്‍ത്താക്കളുടെയും പങ്ക് വളരെ വലുതാണ്. ഇസ്ലാമിനെ അതിന്റെ സമഗ്രതക്ക് കോട്ടം തട്ടാതെയും ചൈതന്യം ചോര്‍ന്നുപോവാതെയും കരുത്ത് കുറയാതെയും നൂറ്റാണ്ടുകളായി നിലനിര്‍ത്തിയത് അവരാണ്. അവര്‍ തങ്ങളുടെ കാലക്കാരെ മാത്രമല്ല, പിന്‍തലമുറകളെയും അഗാധമായി സ്വാധീനിച്ചു. സമകാലികരെക്കാള്‍ പിന്മുറക്കാരെയായിരുന്നു അവരില്‍ പലരും കൂടുതല്‍ സ്വാധീനിച്ചത്.
ചരിത്രത്തെയും സമൂഹത്തെയും അഗാധമായി സ്വാധീനിച്ച ഇസ്ലാമിക പണ്ഡിതരും പരിഷ്കര്‍ത്താക്കളും ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയവരായിരുന്നു. ഒന്നുകില്‍ ജനക്ഷേമകരവും സാമൂഹികനീതി ഉറപ്പുവരുത്തുന്നതുമായ ഇസ്ലാമിക ഭരണം നടത്തിയവര്‍. അല്ലെങ്കില്‍ ഭരണകൂടങ്ങളുടെ തിന്മക്കും ദ്രോഹനടപടികള്‍ക്കുമെതിരെ ശക്തമായ സമീപനം സ്വീകരിച്ചവര്‍.

സച്ചരിതരായ ഖലീഫമാര്‍
പ്രവാചകനെ കഴിച്ചാല്‍ കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളില്‍ ഇസ്ലാമിന്റെ യശസ്സുയര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് സച്ചരിതരായ ഖലീഫമാരാണ്. അവരുടെ ഭരണമാതൃകകള്‍ ഇസ്ലാമിന്റെ പ്രബോധനത്തിലും പ്രചാരണത്തിലും അനല്‍പമായ പങ്കുവഹിച്ചു. മനുഷ്യ ചരിത്രത്തില്‍ തുല്യതയില്ലാത്ത അവരുടെ സദ്ഭരണം ഇസ്ലാമിന്റെ പ്രതിഛായ വളരെയേറെ ചേതോഹരമാക്കി. പോയ നൂറ്റാണ്ടുകളിലെ എണ്ണമറ്റ പ്രതിഭാശാലികളുടെയും ചിന്തകന്മാരുടെയും മുമ്പില്‍ ഇസ്ലാമിന്റെ മഹത്വം തിളങ്ങി നിന്നത് ഖലീഫാ ഉമറിന്റെ ഭരണ മാതൃകകളിലൂടെയാണ്. വരും നൂറ്റാണ്ടുകളിലും അതങ്ങനെത്തന്നെയായിരിക്കും. അവയെ മാറ്റിനിര്‍ത്തിയുള്ള ഇസ്ലാമിന്റെ ഏതൊരവതരണവും അപൂര്‍ണമായിരിക്കും.

ശക്തമായ ഇടപെടല്‍
ഇസ്ലാമിക സമൂഹത്തില്‍ ആദ്യമായി വ്യതിയാനങ്ങള്‍ പ്രകടമായത് രാഷ്ട്രീയ, ഭരണരംഗങ്ങളിലാണ്. ജനപ്രാതിനിധ്യ സമ്പ്രദായം രാജാധിപത്യക്രമത്തിന് വഴിമാറി. ഖിലാഫത്തിനുപകരം കുടുംബവാഴ്ച നിലവില്‍വന്നു. അങ്ങനെ ശുദ്ധമായ ഇസ്ലാമിക വീക്ഷണത്തിനും സമീപനത്തിനും ക്ഷതമേറ്റു. രാഷ്ട്രീയ നയകൌശലം വിശ്വാസ ചൈതന്യത്തിന്റെ സ്ഥാനം കൈയടക്കി. കപടമായ രാഷ്ട്രീയ തന്ത്രങ്ങളും ഉപജാപങ്ങളും അധികാരകേന്ദ്രത്തില്‍ അള്ളിപ്പിടിച്ചു. പ്രവാചക നിയോഗത്തോടെ നിഷ്കാസിതമായിരുന്ന ദുഷ്പ്രഭുത്വം മറനീക്കി രംഗത്തുവന്നു. കുടുംബമഹിമയും ഗോത്രമാഹാത്മ്യവും തലനീട്ടി.
സീസര്‍-കോസ്റോസുമാരുടെ വിജയരഹസ്യം ഭരണസ്ഥിരതയാണ്; അതിനു ഏറ്റവും പറ്റിയത് രാജാധിപത്യമാണെന്ന കാഴ്ചപ്പാട് സ്വാധീനമുറപ്പിച്ചു. മുആവിയയുടെ മകന്‍ യസീദിന്റെ പാരമ്പര്യവാഴ്ചയിലൂടെ ഇസ്ലാമിക മൂല്യങ്ങളും മാനദണ്ഡങ്ങളും കീഴ്മേല്‍ മറിഞ്ഞു. പഴയ ജാഹിലിയ്യത്ത് തിരിച്ചുവരാന്‍ തുടങ്ങി. ഈ ദുരന്തനാടകം കണ്ട ഇസ്ലാമിന്റെ രണ്ടാംതലമുറ ഇതികര്‍ത്തവ്യ മൂഢരായി നിലകൊണ്ടു. എന്നാല്‍, കാലത്തിന്റെ നിയോഗം പോലെ രംഗത്തുവന്ന ഹസ്രത്ത് ഹുസൈന് ഇത് നോക്കിനില്‍ക്കാന്‍ കഴിഞ്ഞില്ല. പ്രവാചകന്റെ ചുടുചുംബനങ്ങളേറ്റ് അവിടുത്തെ മടിയില്‍ കിടന്നാണല്ലോ അദ്ദേഹം വളര്‍ന്നത്. തിരുദൂതരില്‍ നിന്നാണല്ലോ ശിക്ഷണശീലങ്ങളഭ്യസിച്ചതും.
സത്യത്തിന്റെ വിജയത്തിന് ജീവരക്തം നല്‍കാന്‍ സന്നദ്ധനായി അദ്ദേഹം മുന്നോട്ടുവന്നു. നീതിയുടെ ജിഹ്വയും ധര്‍മത്തിന്റെ ഖഡ്ഗവുമായി മാറി. എല്ലാ ഭവിഷ്യത്തുകളും മുന്‍കൂട്ടി മനസ്സിലാക്കി. ചരിത്രപരമായ തന്റെ ദൌത്യം ഏറ്റെടുത്ത അദ്ദേഹത്തിന് ആളും ആയുധവും കുറവായിരുന്നു. എങ്കിലും രക്തസാക്ഷിത്വമെന്ന അതിശക്തമായ ആയുധവുമായി എണ്‍പത് അനുയായികളോടൊന്നിച്ച് ഇറാഖിലെ കൂഫയിലേക്ക് പുറപ്പെട്ടു. കര്‍ബലയിലെത്തിയ അദ്ദേഹത്തെയും അനുചരന്മാരെയും ഇബ്നുസിയാദിന്റെ നാലായിരം അശ്വഭടന്മാര്‍ വലയം ചെയ്തു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആ കൊച്ചുസംഘം ഒരുതുള്ളി വെള്ളംപോലും കിട്ടാതെ കഷ്ടപ്പെട്ടു. അവസാനം ഹി. 61 മുഹര്‍റം പത്തിന് പ്രവാചക പൌത്രനും കൂട്ടുകാരും യൂഫ്രട്ടീസ് തീരത്തുവെച്ച് ക്രൂരമായി വധിക്കപ്പെട്ടു.
ഒരു പാതി പകല്‍ മാത്രം നീണ്ടുനിന്ന ഹ്രസ്വമായ പോരാട്ടമായിരുന്നു കര്‍ബലയിലേത്. എങ്കിലും മാനവചരിത്രത്തിലെ ഏറ്റവും മര്‍മഭേദകവും, ഒപ്പം തന്നെ ചേതോഹരവുമായ അധ്യായങ്ങളിലൊന്നാണത്. സ്വന്തം രക്തസാക്ഷ്യത്തിലൂടെ മൂല്യങ്ങള്‍ക്ക് നിത്യജീവന്‍ നല്‍കാന്‍ ശ്രമിച്ച ഹസ്രത്ത് ഹുസൈന്‍(റ) കാലത്തിന്റെ കറുത്തിരുണ്ട കോട്ടകള്‍ക്കകത്ത് സത്യത്തിന്റെ പ്രകാശനാളം ഉയര്‍ത്തിപ്പിടിച്ച ധീരരായ അപൂര്‍വം വിപ്ളവകാരികളുടെ മുന്‍നിരയില്‍ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ വധം സമകാലിക സമൂഹത്തിന് സാത്വികനായ ഒരു പരിഷ്കര്‍ത്താവിനെ നഷ്ടപ്പെടുത്തിയെങ്കിലും, പിന്‍ഗാമികളിലെ പീഡിതരും നിസ്സഹായരുമായ ജനകോടികള്‍ക്ക് വിമോചനത്തിന്റെ ആവേശവും കരുത്തും സമരവീര്യവും കൊളുത്തിയെടുക്കാനുള്ള അഗ്നിഗോളമായി മാറി. അങ്ങനെ പ്രവാചകന്റെ പ്രിയപ്പെട്ട പേരക്കുട്ടി രക്തസാക്ഷ്യത്തിന്റെ വരണമാല്യമണിഞ്ഞ് പിന്‍തലമുറകള്‍ക്ക് പ്രഭ പരത്തുന്ന പ്രകാശഗോപുരമായി പരിണമിച്ചു.
ഉമവീ ഭരണാധികാരികള്‍ കടുത്ത അതിക്രമങ്ങളും അനീതികളും അനിസ്ലാമിക പ്രവര്‍ത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരുന്നത്. മുഹമ്മദ് നബി തിരുമേനി അവസാനിപ്പിച്ച ഒട്ടേറെ തിന്മകളും ദുര്‍വൃത്തികളും അവര്‍ നിര്‍ലജ്ജം ചെയ്തുകൊണ്ടിരുന്നു. നന്മക്കുവേണ്ടി നിലകൊണ്ടവരെയും സത്യത്തിനായി ശബ്ദിച്ചവരെയും നിര്‍ദയം മര്‍ദിച്ചൊതുക്കി. കുടുംബപക്ഷപാതിത്വവും ഗോത്രവികാരവും കുത്തിപ്പൊക്കി. അധികാരി വര്‍ഗത്തിന്റെ അനിസ്ലാമിക പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ ധൈര്യമില്ലാതിരുന്ന ഭക്തന്മാര്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞുകൂടി.
എന്നാല്‍, മഹാനായ അബ്ദുല്ലാഹിബ്നുസ്സുബൈറിന് ഇത് സാധ്യമായിരുന്നില്ല. പ്രവാചക പത്നി ആഇശ(റ)യുടെ ജ്യേഷ്ഠസഹോദരി അസ്മാഅ് ആണല്ലോ അദ്ദേഹത്തിന്റെ മാതാവ്- മുലപ്പാലിനോടൊപ്പം ഉയര്‍ന്ന ആദര്‍ശബോധവും അവര്‍ അദ്ദേഹത്തിനു പകര്‍ന്നുകൊടുത്തിരുന്നു. സര്‍വോപരി പ്രവാചകന്റെ ശിക്ഷണ പരിശീലനങ്ങള്‍ അദ്ദേഹത്തെ കരുത്തനായ പോരാളിയും കര്‍മയോഗിയുമാക്കി മാറ്റിയിരുന്നു. അതിനാല്‍ അധികാരത്തിന്റെ അതിക്രമങ്ങള്‍ക്കുമുമ്പില്‍ അടിയറവു പറയാന്‍ ഇസ്ലാമിന്റെ ആ അരുമസന്താനം സന്നദ്ധമായില്ല. അധര്‍മത്തിന്റെ ശക്തികള്‍ക്കു നേരെ മൌനം പാലിക്കാന്‍ കൂട്ടാക്കിയില്ല. അങ്ങനെയാണ് അദ്ദേഹം അധികാരമേറ്റെടുത്ത് ഉമവികളെ നേരിടാനൊരുങ്ങിയത്.
കണ്ണില്‍ ചോരയും മനസ്സില്‍ കരുണയുമില്ലാത്ത ഹജ്ജാജിന്റെ കടന്നാക്രമണത്തിനു മുമ്പില്‍ ഇബ്നുസ്സുബൈറിനും കൂട്ടാളികള്‍ക്കും ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ശത്രുക്കള്‍ പാവനമായ മക്കാ നഗരം ഉപരോധിച്ചു. മര്‍വാനുബ്നുല്‍ ഹകമിന്റെ ഗവര്‍ണറായിരുന്ന ഹജ്ജാജ് ആ പുണ്യപട്ടണത്തിന്റെ പവിത്രത പിച്ചിച്ചീന്തി. അയാളുടെ സൈന്യം കവണ ഉപയോഗിച്ച് വിശുദ്ധ കഅ്ബക്കുനേരെ കല്ലെറിഞ്ഞു. അവ പതിച്ച് ആ പരിശുദ്ധ ഭവനത്തിന് ഒട്ടേറെ കേടുപാടുകള്‍ സംഭവിച്ചു. കൊച്ചുപ്രാണികള്‍പോലും ദ്രോഹിക്കപ്പെടാത്ത ആദരണീയമായ അവിടം രക്തക്കളമായി മാറി.
അബ്ദുല്ലാഹിബ്നുസ്സുബൈര്‍ ധീരമായി പൊരുതി വീരമൃത്യു വരിച്ചു. അങ്ങനെ വീരമൃത്യു വരിക്കാന്‍ സന്നദ്ധതയില്ലാത്തവര്‍ നിരന്തര പ്രാര്‍ഥനകളിലും നീണ്ട വ്രതാനുഷ്ഠാനങ്ങളിലും വ്യാപൃതരായപ്പോള്‍ ഇബ്നുസ്സുബൈര്‍ ഹൃദ്രക്തം കൊണ്ട് തന്റെ ഉത്തരവാദിത്വം നിര്‍വഹിച്ചു.
ഇബ്നുസ്സുബൈറിനെപ്പോലെ സത്യപാതയില്‍ ഉറച്ചുനിന്ന വേറെയും പണ്ഡിതന്മാര്‍ അക്കാലത്തുണ്ടായിരുന്നു. സഈദുബ്നുല്‍ മുസയ്യബ്, സുലൈമാനുബ്നു യസാര്‍, ഉബൈദുല്ലാഹിബ്നു അബ്ദുല്ലാഹിബ്നു ഉത്ബ, അബൂബക്കറുബ്നു അബ്ദുര്‍റഹ്മാനുബ്നുല്‍ ഹാരിസ, ഖാസിമുബ്നു മുഹമ്മദ്ബ്നു അബീബക്കര്‍, സാലിമുബ്നു അബ്ദുല്ലാഹിബ്നു ഉമര്‍, സഈദുബ്നു ജുബൈര്‍(റ) പോലുള്ള പ്രഗത്ഭരായ പണ്ഡിതന്മാര്‍ പ്രതികൂല പരിതസ്ഥിതികളിലും ബാധ്യതാനിര്‍വഹണത്തില്‍ ജാഗ്രതപുലര്‍ത്തി. അധികാരിവര്‍ഗത്തിന്റെ അതിക്രമങ്ങള്‍ക്കുമുമ്പില്‍ അവര്‍ അടിയറവു പറഞ്ഞില്ല. അധര്‍മത്തിന്റെ ശക്തികള്‍ക്കുനേരെ മൌനം ഭജിച്ചതുമില്ല. തദ്ഫമായി പലരും കഠിനമായി പീഡിപ്പിക്കപ്പെട്ടു.

ഒന്നാമത്തെ നവോത്ഥാന നായകന്‍
ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ നവോത്ഥാന നായകനായി അറിയപ്പെടുന്നത് ഉമറുബ്നു അബ്ദില്‍ അസീസാണ്. ഉമര്‍ രണ്ടാമനെന്ന അപരനാമത്തിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ എല്ലാ നവോത്ഥാനശ്രമങ്ങളും പരിഷ്കരണ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ചത് ഭരണ, രാഷ്ട്രീയ മേഖലകളിലാണ്. ഉമവീകൊട്ടാരത്തിലെ സുഖാലസ്യതകളില്‍നിന്ന് നീതിയുടെ ഉത്തുംഗങ്ങളിലേക്ക് കയറിപ്പോയ ഭരണാധികാരിയാണ് അദ്ദേഹം. ഇസ്ലാമിക ഖിലാഫത്തിന്റെ സ്ഥാനത്ത് കുടുംബ മഹിമയും ഗോത്രമാത്സര്യവും സ്വാധീനം നേടിയപ്പോള്‍ ശുദ്ധമായ പൂര്‍വ പ്രതാപത്തെ പുനഃസ്ഥാപിക്കുകയായിരുന്നു ഉമര്‍ രണ്ടാമന്‍.
അദ്ദേഹം അധികാരമേല്‍ക്കുമ്പോള്‍ ഇസ്ലാമിക സമൂഹത്തില്‍ വ്യതിയാനങ്ങള്‍ പ്രകടമായിരുന്നു. സമൂഹം സത്യത്തില്‍നിന്നും സത്യസന്ധതയില്‍നിന്നും തെന്നിമാറി. പുതിയ ജാഹിലിയ്യത്തും പുത്തന്‍ പ്രഭുത്വവും സത്യത്തിന്റെ മൂടുപടമണിഞ്ഞ് ഇസ്ലാമിക വ്യവസ്ഥയുടെ പ്രയോക്താക്കളായി പ്രത്യക്ഷപ്പെട്ടു. കാപട്യവും കുടിലതയും കൊടികുത്തിവാണു. തിന്മക്കെതിരെ പൊരുതിയവരെല്ലാം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പള്ളികളിലെ പ്രസംഗപീഠങ്ങള്‍ ഭക്തിഭാഷണങ്ങള്‍ക്കു പകരം ശകാരവര്‍ഷത്തിനുള്ള വേദികളായിത്തീര്‍ന്നു. സാമ്പത്തിക നീതിയുടെ ആധാരശിലയായി വര്‍ത്തിക്കേണ്ട പൊതുമുതല്‍ മനസ്സാക്ഷി വിലക്കെടുക്കാനുള്ള മാധ്യമമായി മാറി.
ഖലീഫമാരുടെ മേല്‍വിലാസത്തില്‍ പ്രത്യക്ഷപ്പെട്ട അധികാരി വര്‍ഗത്തിന്റെ മുഴുശ്രദ്ധയും തങ്ങള്‍ക്കും ആശ്രിതര്‍ക്കും കൊട്ടാരങ്ങള്‍ കെട്ടിയുണ്ടാക്കുന്നതിലും അരമനകള്‍ അലങ്കരിക്കുന്നതിലും കേന്ദ്രീകരിച്ചു. അവര്‍ സ്വര്‍ണ അഴികളുള്ള സിംഹാസനങ്ങള്‍ പണിയുകയും രത്നാങ്കിതങ്ങളായ സ്ഥാനവസ്ത്രങ്ങളണിയുകയും ചെയ്തു. വിലപിടിച്ച മുത്തുകള്‍കൊണ്ട് രാജകുടീരങ്ങള്‍ മോടിപിടിപ്പിച്ചു.
എന്നാല്‍, സുലൈമാനുബ്നു അബ്ദില്‍മലിക്കിന്റെ മരണത്തെ തുടര്‍ന്ന് അധികാരത്തിലെത്തിയ ഉമറുബ്നു അബ്ദില്‍ അസീസ് ഈ അവസ്ഥക്ക് പൂര്‍ണമായും അറുതിവരുത്തി. ഇസ്ലാമിക ഖിലാഫത്ത് പുനഃസ്ഥാപിച്ചു. ഭരണവും പൊതുജീവിതവും ഒരുപോലെ വിശുദ്ധമാക്കി. ഇരുപത്തി എട്ടരമാസത്തെ ഭരണത്തിലൂടെ ഇസ്ലാമിക വ്യവസ്ഥ പുനഃസ്ഥാപിതമായി. മുന്‍ഗാമികള്‍ ചെയ്തുവെച്ച എല്ലാ തിന്മകളും അരുതായ്മകളും അതിക്രമങ്ങളും തുടച്ചുമാറ്റി. അങ്ങനെ ഇസ്ലാമിക സമൂഹത്തിലും രാഷ്ട്രത്തിലും അതിന്റെ സകലനന്മകളും മേന്മകളും തിരിച്ചുകൊണ്ടുവന്നു. ജനം ഒരിക്കല്‍ കൂടി ഇസ്ലാമിക ഭരണത്തിന്റെ സൌകര്യങ്ങളും സദ്ഫലങ്ങളും അനുഭവിച്ചു.

നാലു ഇമാമുമാര്‍
സമൂഹം ശരിയായ ഇസ്ലാമിക ജീവിതരീതിയില്‍ നിന്നകന്നു പോയപ്പോള്‍ അവരെ സത്യശുദ്ധമായ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജീവിതം സമര്‍പ്പിച്ച നവോത്ഥാന നായകരാണ് കര്‍മശാസ്ത്രപണ്ഡിതന്മാര്‍. പരിശുദ്ധ ഖുര്‍ആനിലും പ്രവാചകചര്യയിലും അവഗാഹം നേടിയ അവര്‍ മുഴുജീവിതമേഖലകളിലും പരിഷ്കരണങ്ങള്‍ നിര്‍ദേശിച്ചു. അവയൊന്നും ചൈതന്യരഹിതങ്ങളായ നിയമങ്ങളോ യാന്ത്രികമായ വിധിവിലക്കുകളോ ആയിരുന്നില്ല. മറിച്ച് അധികാരി വര്‍ഗത്തിന്റെ തിന്മകളെ നിശിതമായി നിരൂപണം ചെയ്യുന്നവയും ധിക്കരിക്കാന്‍ പ്രേരിപ്പിക്കുന്നവയുമായിരുന്നു. അഥവാ, കര്‍മശാസ്ത്രനിയമങ്ങള്‍ ഇന്ന് കരുതപ്പെടുന്നപോലെ ജീവനില്ലാത്ത ആചാരാനുഷ്ഠാനങ്ങളുടെ കേവല വിവരണമായിരുന്നില്ല. ഭരണ രാഷ്ട്രീയ രംഗത്തെ സജീവമായ ഇടപെടലുകളായിരുന്നു. അതുകൊണ്ടുതന്നെ ഭരണകൂടം ഇമാമുകള്‍ക്കുനേരെ ക്രൂരമായ അക്രമമര്‍ദനങ്ങളഴിച്ചുവിട്ടു. അബ്ബാസി ഭരണാധികാരി മന്‍സ്വൂര്‍, ഇമാം അബൂഹനീഫ(ഹി. 80-150)യെ കൊരടാവു കൊണ്ടടിച്ചു. ജയിലിലടച്ചു. കാരാഗൃഹത്തില്‍ വെച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ഇമാം മാലികുബ്നു അനസി(ഹി. 95-179)നെ ചമ്മട്ടികൊണ്ട് അടിക്കുകയും ചുമലില്‍നിന്ന് കൈ വേര്‍പെടുത്തുകയും ചെയ്തു. ശരീരമാസകലം കരിതേച്ച് കഴുതപ്പുറത്തിരുത്തി അങ്ങാടിയിലൂടെ നടത്തിച്ചു. മുഹമ്മദ് ബ്നു ഇദ്രീസിശ്ശാഫിഈ(ഹി. 150-204)യെ വിലങ്ങണിയിച്ച് യമനില്‍നിന്ന് ബഗ്ദാദ് വരെ കൊണ്ടുപോയി. ഇമാം അഹ്മദ് ബ്നു ഹമ്പലും (ഹി. 164-241) ദീര്‍ഘകാല ജയില്‍വാസവും പ്രഹര ശിക്ഷയും അനുഭവിച്ചു. പ്രഗത്ഭരായ ആ ഇമാമുമാരുടെ ശക്തമായ രാഷ്ട്രീയ ഇടപെടലുകളായിരുന്നു ഇതിനുകാരണം.

ഇമാം ഗസ്സാലിയും സ്പെയിനിലെ ഇസ്ലാമിക ഭരണവും
മര്‍ദകരായ മറ്റെല്ലാ ഭരണാധികാരികളെയും പോലെ അബ്ബാസിയാ ഭരണാധികാരികളും ജനങ്ങളുടെ ശ്രദ്ധ ഭരണ-രാഷ്ട്രീയ കാര്യങ്ങളില്‍ നിന്ന് തിരിച്ചുവിടാനായി പലതരം തന്ത്രങ്ങളും പ്രയോഗിച്ചു. ഗ്രീക്ക് തത്ത്വചിന്തകള്‍ നാട്ടിലെങ്ങും പ്രചരിപ്പിച്ചു. മതപണ്ഡിതന്മാര്‍ക്കിടയില്‍ വാദപ്രതിവാദം സംഘടിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ ആവുന്നത്ര അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്‍ത്തി. ജനങ്ങളുടെ ശ്രദ്ധ തങ്ങളുടെ തിന്മകളുടെ നേരെ തിരിയാതിരിക്കാനായിരുന്നു ഭരണാധികാരികള്‍ ഇതൊക്കെയും ചെയ്തിരുന്നത്. അബ്ബാസികളുടെ ഈ ഹീനവൃത്തികളുടെ ഫലമായി ഇസ്ലാമിക 'വചനവിജ്ഞാനീയ'(ഇല്‍മുല്‍ കലാം)ത്തിന്റെ മേല്‍വിലാസത്തില്‍ യവനദര്‍ശനങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചു. അതോടെ ശുദ്ധമായ ഇസ്ലാമിക വിശ്വാസ സങ്കല്‍പങ്ങള്‍ വികലമായിത്തീര്‍ന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് ഇമാം ഗസ്സാലി (ഹി. 450-505) പരിഷ്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുവന്നത്. വിവിധ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടിയ അദ്ദേഹം എല്ലാ അനിസ്ലാമിക വിശ്വാസാചാരങ്ങളെയും ശക്തമായെതിര്‍ത്തു. ഗ്രീക്ക് തത്ത്വചിന്തയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിച്ചു. പിന്നീട് സ്പെയിനില്‍ ഒന്നര നൂറ്റാണ്ടുകാലം നിലനിന്ന ഇസ്ലാമിക ഭരണം സ്ഥാപിതമായത് ഇമാം ഗസ്സാലിയുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ്.

ഇബ്നുതൈമിയ്യയും ഇബ്നു അബ്ദില്‍ വഹാബും
കുരിശുയുദ്ധത്തിനുശേഷം മുസ്ലിംലോകം ഏറ്റവും കടുത്ത ഭീഷണി നേരിട്ടത് താര്‍ത്താരികളുടെ ഭാഗത്തുനിന്നാണ്. അവരുടെ അതിക്രൂരമായ അക്രമങ്ങള്‍ക്കും നിര്‍ദയമായ നരഹത്യക്കും മുമ്പില്‍ ഇസ്ലാമിക സമൂഹം അരനൂറ്റാണ്ടുകാലം അസ്തപ്രജ്ഞരായി അമ്പരന്നുനിന്നു. താര്‍ത്താരികളുടെ ഇരച്ചുകയറ്റം സൃഷ്ടിച്ച ദുഷ്ഫലങ്ങള്‍ രാഷ്ട്രീയ രംഗത്ത് മാത്രം പരിമിതമായിരുന്നില്ല. അവര്‍ ഇസ്ലാം ആശ്ളേഷിച്ചുവെങ്കിലും കടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്‍ത്താനാണ് അതിടയാക്കിയത്. മതനേതാക്കന്മാരും പണ്ഡിതന്മാരും ഉള്‍പ്പെടെ എല്ലാവരും അധാര്‍മികതക്കും കടുത്ത ജീര്‍ണതക്കും അടിപ്പെട്ടു. കര്‍മശാസ്ത്ര ഭിന്നതകളുടെ പേരില്‍ പണ്ഡിതന്മാര്‍ പരസ്പരം ചെളിവാരിയെറിഞ്ഞു. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും പൂര്‍ണമായും അവഗണിക്കപ്പെട്ടു.
ഈ വിപല്‍സന്ധിയിലാണ് ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ(ഹി. 661-728) പരിഷ്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത്. വിവിധ വിജ്ഞാന ശാഖകളില്‍ അത്യഗാധമായ അറിവുനേടിയ അദ്ദേഹം എല്ലാ അനിസ്ലാമിക ചിന്താഗതികളെയും പ്രവര്‍ത്തനങ്ങളെയും ശക്തമായെതിര്‍ത്തു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സധീരം പൊരുതി. പൌരോഹിത്യം പണിതുയര്‍ത്തിയ കാപട്യത്തിന്റെ കോട്ടകള്‍ തട്ടിത്തകര്‍ത്തു. ഖബറാരാധനയെയും സൃഷ്ടിപൂജയെയും ശക്തമായെതിര്‍ത്തു.
നിലവിലുള്ള മര്‍ദക ഭരണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് രംഗത്തിറങ്ങിയ ശൈഖുല്‍ ഇസ്ലാമിന്ന് കടുത്ത പ്രയാസങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടിവന്നു. അദ്ദേഹം അനേക തവണ ജയിലിലടക്കപ്പെട്ടു. അവസാനം കാരാഗൃഹത്തില്‍ വെച്ചുതന്നെയായിരുന്നു ആ പണ്ഡിതന്റെ അന്ത്യം. സൈന്യത്തെ സംഘടിപ്പിച്ച് സമരം നയിക്കുകയും ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുകയും ചെയ്ത ആ വിപ്ളവകാരി പാരമ്പര്യ സ്വഭാവത്തിലുള്ള പണ്ഡിതനല്ല; നൂറ്റാണ്ടുകളെ അഗാധമായി സ്വാധീനിച്ച നവോത്ഥാന നായകനാണ്.
അഭിശപ്തമായ പൌരോഹിത്യവും ഗര്‍ഹണീയമായ രാജാധിപത്യവും കൂടി സമൂഹത്തെ അജ്ഞതാന്ധവിശ്വാസങ്ങളിലും ജീര്‍ണതകളിലും തളച്ചിട്ടിരുന്ന പ്രതികൂല സാഹചര്യത്തില്‍ അറേബ്യയില്‍ ഇസ്ലാമിക നവോത്ഥാനത്തിന്റെ ദീപശിഖ ഉയര്‍ത്തിയ മഹാനായ വിപ്ളവകാരിയാണ് ശൈഖ് മുഹമ്മദ്ബ്നു അബ്ദില്‍ വഹാബ് (1703-1792). മുസ്ലിം സമൂഹത്തില്‍ അള്ളിപ്പിടിച്ച മൂഢവിശ്വാസങ്ങളും മാമൂലുകളും ഇല്ലാതാക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആദര്‍ശാധിഷ്ഠിതമായ ഒരു സംഘത്തെ സൃഷ്ടിക്കാനും പ്രസ്ഥാനം കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് സാധിച്ചു. താളം തെറ്റിയ ഭരണക്രമത്തെ ഇസ്ലാമികാടിത്തറകളില്‍ പുനഃപ്രതിഷ്ഠിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് അറേബ്യയില്‍ വമ്പിച്ച ഭരണമാറ്റമുണ്ടായത്. പതിനെട്ടാം നൂറ്റാണ്ടില്‍ അദ്ദേഹം നയിച്ച ഇസ്ലാമിക വിപ്ളവത്തിന്റെ സദ്ഫലങ്ങള്‍ മത, രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു.

ഇന്ത്യയില്‍
മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ഇസ്ലാമിനെ തകര്‍ക്കാനായി ഉണ്ടാക്കിയ 'ദീനെഇലാഹി'യെന്ന പുത്തന്‍ മതത്തെ നാമാവശേഷമാക്കിയ മഹാനായ പരിഷ്കര്‍ത്താവാണ് ശൈഖ് അഹ്മദ് സര്‍ഹിന്ദി. ദ്വിതീയ സഹസ്രാബ്ദത്തിന്റെ നവോത്ഥാരകന്‍(മുജദ്ദിദ് അല്‍ഫെസാനി) എന്ന അപരനാമത്തിലറിയപ്പെടുന്ന അദ്ദേഹം ജഹാംഗീര്‍ ചക്രവര്‍ത്തിക്ക് സാഷ്ടാംഗം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഗ്വാളിയോര്‍ ജയിലിലടക്കപ്പെടുകയുണ്ടായി. പില്‍ക്കാലത്ത് ചക്രവര്‍ത്തി അദ്ദേഹത്തെ മോചിപ്പിക്കുകയും തന്റെ ഹീനവൃത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്തു. മുഴുജീവിത മേഖലകളെയും സംസ്കരിക്കാനായി തീവ്രയത്നത്തിലേര്‍പ്പെട്ട സര്‍ഹിന്ദി രാഷ്ട്രീയ ഭരണമേഖലകള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കി. അദ്ദേഹത്തിന്റെ ശിഷ്യനായ ഔറംഗസേബ് ഇന്ത്യയിലെ ഏറ്റം മാതൃകായോഗ്യനായ ഭരണാധികാരികളിലൊരാളാകാനുള്ള കാരണവും മറ്റൊന്നല്ല.
ഇന്ത്യയില്‍ ഭരണ-രാഷ്ട്രീയ മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ ധീരരായ രണ്ടു പരിഷ്കര്‍ത്താക്കളാണ് സയ്യിദ് അഹ്മദ് ശഹീദും ശാഹ് ഇസ്മാഈല്‍ ശഹീദും. അവരിരുവരും കൂടി 1827-ല്‍ ഒരു മാതൃകാ ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചു. എങ്കിലും മതപുരോഹിതന്മാരുടെ ശിഥിലീകരണ പ്രവണതകളും സൈനിക നേതാക്കളുടെ ഗോത്രപരവും അനിസ്ലാമികവുമായ അനൈക്യവും പക്ഷപാതിത്വവും ഉപയോഗപ്പെടുത്തി അവരെ പരാജയപ്പെടുത്താനും ശത്രുക്കള്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. 1831 ല്‍ ബാലാകോട്ടയുദ്ധത്തില്‍ ഇരുവരും രക്തസാക്ഷികളായി.
പിന്‍മുറക്കാരില്‍ ഇസ്ലാമിക ചൈതന്യവും വിപ്ളവബോധവും കര്‍മാവേശവും സ്വാതന്ത്യ്രവാഞ്ഛയും വളര്‍ത്തിയ കേരളത്തിലെ പരിഷ്കര്‍ത്താക്കളായ പണ്ഡിതന്മാരും രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെട്ടവരായിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം, വെളിയങ്കോട് ഉമര്‍ഖാദി, മമ്പുറം തങ്ങന്മാര്‍, ആലിമുസ്ലിയാര്‍, വക്കം മൌലവി പോലുള്ളവരുടെയെല്ലാം ചരിത്രം ഇതിനു സാക്ഷ്യം വഹിക്കുന്നു.

സാമ്രാജ്യത്വത്തിനെതിരെ
1492ല്‍ ആരംഭിച്ച സാമ്രാജ്യത്വ അധിനിവേശം പത്തൊമ്പതാം നൂറ്റാണ്ടില്‍ മുസ്ലിം നാടുകളെ പിടിച്ചുലച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തോടെ മുഴുവന്‍ മുസ്ലിം ഭൂപ്രദേശങ്ങളും പ്രത്യക്ഷമോ പരോക്ഷമോ ആയ സാമ്രാജ്യത്വ അധിനിവേശത്തിന് അടിപ്പെട്ടു. ഈ സാമ്രാജ്യത്വ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നതിലും മുസ്ലിം നാടുകളെ മോചിപ്പിക്കുന്നതിലും ഏറ്റവുമധികം പങ്കു വഹിച്ചത് പ്രഗത്ഭരായ പണ്ഡിതന്മാരും പരിഷ്കര്‍ത്താക്കളുമാണ്. മുസ്ലിം ലോകത്തുടനീളം സ്വാതന്ത്യ്രവാഞ്ഛ വളര്‍ത്തുന്നതില്‍ ശൈഖ് ജമാലുദ്ദീന്‍ അഫ്ഗാനിയും ശൈഖ് മുഹമ്മദ് അബ്ദുവും വഹിച്ച പങ്ക് സുവിദിതമാണ്.
ഇറ്റാലിയന്‍ സാമ്രാജ്യത്വത്തിനെതിരെ 1837ല്‍ മുഹമ്മദ്ബ്നു അലി സനൂസി രൂപം നല്‍കിയ വിമോചന പ്രസ്ഥാനം ഇസ്ലാമിക ജാഗരണത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ലിബിയന്‍ സ്വാതന്ത്യ്രപോരാട്ടത്തിലെ ഏറ്റം ധീരനായ പോരാളി ശഹീദ് ഉമറുല്‍ മുഖ്താര്‍ 'മരുഭൂമിയിലെ സിംഹം' എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഫ്രാന്‍സിനെതിരെ അള്‍ജീരിയയില്‍ സമരം നയിച്ച അബ്ദുല്‍ ഹമീദ് ബാദീസും അബ്ദുല്‍ ഖാദിര്‍ ജസാഇരിയും, സാമൂഹിക പരിഷ്കര്‍ത്താക്കളും ധീരരായ വിപ്ളവകാരികളുമായിരുന്നു.
ഉത്തരാഫ്രിക്കയില്‍ ശകീബ് അര്‍സലാനും മൊറോക്കോവില്‍ അല്ലാലുല്‍ ഫാസിയും അഹ്മദ് ബിലാഫരീജും തുര്‍ക്കിയില്‍ സഈദ് നൂര്‍സിയും സിറിയയില്‍ ശൈഖ് ഇസ്സുദ്ദീന്‍ ഖസ്സാമും ഫലസ്ത്വീനില്‍ അബ്ദുല്‍ ഖാദിര്‍ ഹുസൈനിയും അമീനുല്‍ ഹുസൈനിയുമൊക്കെ നയിച്ച സ്വാതന്ത്യ്ര സമര പോരാട്ടങ്ങള്‍ വമ്പിച്ച സാമൂഹികപരിഷ്കരണ സ്വഭാവത്തോടുകൂടിയവയായിരുന്നു.
ഇങ്ങനെ പ്രവാചകന്റെ കാലംതൊട്ട് ഇന്നോളമുള്ള ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ ഇസ്ലാമിന്റെ തനതായ നിലനില്‍പ് ഉറപ്പ് വരുത്തിയ എല്ലാ പരിഷ്കര്‍ത്താക്കളും നവോത്ഥാരകന്മാരും സമഗ്ര ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവരും രാഷ്ട്രീയ-ഭരണ കാര്യങ്ങള്‍ക്ക് വലിയ ഊന്നല്‍ നല്‍കുന്നവരുമായിരുന്നുവെന്ന് ബോധ്യമാകും. സമകാലീന സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്താത്ത പരിഷ്കര്‍ത്താക്കളെയും നവോത്ഥാരകന്മാരെയും പിന്നിട്ട പതിനാലു നൂറ്റാണ്ടുകളിലെ യശോധന്യമായ ഇസ്ലാമിക ചരിത്രത്തില്‍ കാണുക സാധ്യമല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം