Prabodhanm Weekly

Pages

Search

2012 ജൂണ്‍ 30

പി.എം.കെ ഫൈസി

പ്രഫ. ഓമാനൂര്‍ മുഹമ്മദ്

പെട്ടെന്ന് മറക്കാന്‍ കഴിയാത്ത വ്യക്തിത്വത്തിന്റെ ഉടമയാണ് പി.എം.കെ ഫൈസി. കൊടുങ്ങല്ലൂരില്‍ വെച്ച് ഫൈസി കാറപകടത്തില്‍ മരണപ്പെട്ട വിവരം എന്റെ മകന്‍ അഹ്മദ് റിയാസാണ് നിറകണ്ണുകളോടെ എന്നെ അറിയിച്ചത്. അതുകേട്ട ഞാന്‍ സ്തംഭിച്ചു നിന്നുപോയി.

മലപ്പുറത്തിനടുത്തുള്ള മോങ്ങത്ത് പരേതനായ പൂന്തല മുഹമ്മദ് ഷായുടെയും ചേനാട്ടുകുഴിയന്‍ ബിയ്യാത്തുവിന്റെയും മകനായി 1956 ആഗസ്റ് പത്തിനാണ് ജനനം. ഭാര്യ പൂക്കോട്ടൂര്‍ കറുത്തേടത്ത് നഫീസ. അഞ്ച് ആണ്‍മക്കളും നാല് പെണ്‍മക്കളുമുണ്ട്. 1977-ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് ഫൈസി ബിരുദവും 1993-ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഇസ്ലാമിക് ദഅ്വയില്‍ ബിരുദവും നേടി. 1984-ല്‍ അല്‍ ഇര്‍ഫാദ് മാസികക്ക് തുടക്കം കുറിച്ച പി.എം.കെ ആരംഭകാലം മുതല്‍ മാസികയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിരവധി കൃതികളുടെ കര്‍ത്താവാണ്.
ഞാനും ഫൈസിയും എവിടെ വെച്ച് എപ്പോഴാണ് പരിചയപ്പെട്ടതെന്ന് ഓര്‍ക്കുന്നില്ല. എങ്കിലും 1982-ന് ശേഷം ഞങ്ങള്‍ ഉറ്റ മിത്രങ്ങളായിരുന്നു. പല പ്രസംഗവേദികളിലും സെമിനാര്‍-സിമ്പോസിയങ്ങളിലും ഒന്നിച്ച് പങ്കെടുക്കാറുണ്ടായിരുന്നു. മത ഭൌതിക വിദ്യാഭ്യാസ സമന്വയത്തെക്കുറിച്ച്, ആതുര സേവാ രംഗത്ത് സമുദായം കാലുറപ്പിക്കേണ്ടതിനെക്കുറിച്ച്, ഒരു ഇസ്ലാമിക് ലിറ്റററി സൊസൈറ്റി രൂപവത്കരിക്കുന്നതിനെക്കുറിച്ചുമൊക്കെ അദ്ദേഹത്തിന്റെ മനസ്സിലുള്ള സ്വപ്നങ്ങള്‍ സംഭാഷണ മധ്യേ അവതരിപ്പിക്കുമായിരുന്നു. അവയൊക്കെ ഭാഗികമായെങ്കിലും സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കൊണ്ടോട്ടി ബുഖാരി സ്കൂള്‍, ഫറോക്ക് ചുങ്കത്തെ ക്രസന്റ് ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. മോങ്ങത്തെ ഉമ്മുല്‍ ഖുറാ സമന്വയ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനയാണ്.
പുരോഗമനാശയക്കാരനായ പണ്ഡിതനായിരുന്നു അദ്ദേഹം. അല്‍ ഇര്‍ഫാദ് മാസികയില്‍ സമാനാശയക്കാരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. 'ഇസ്ലാമിക രാഷ്ട്രീയം ഇന്ത്യന്‍ പശ്ചാത്തലത്തില്‍' എന്ന എന്റെ ലേഖനത്തില്‍ മൌലാനാ മൌദൂദിയുടെ 'ഹുകൂമത്തെ ഇലാഹി' എന്ന ആശയം ഒരു ബഹുസ്വര സമൂഹത്തില്‍ നടപ്പാക്കാന്‍ ധാരാളം ബുദ്ധിമുട്ടുകളുണ്ടെങ്കിലും, താത്ത്വികമായി അത് ശരിയായ ആശയമാണെന്ന ലേഖനത്തിലെ പരാമര്‍ശത്തെ പി.എം.കെ ശരിവെക്കുകയുണ്ടായി.
ആളുകളെ സംഘടനയില്‍ നിന്ന് അകറ്റുകയല്ല, കഴിയുന്നതും സംഘടനയോട് അടുപ്പിക്കുകയാണ് വേണ്ടതെന്ന് ഫൈസി പലപ്പോഴും പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. അമ്പതോളം കൃതികളുടെ കര്‍ത്താവാണ് അദ്ദേഹം. ധന്യമായ ആ ജീവിതം ഇത്ര പെട്ടെന്ന് അവസാനിച്ചത് വൈജ്ഞാനിക മണ്ഡലത്തിലും ആതുര സേവാ രംഗത്തും വമ്പിച്ച നഷ്ടമാണ് വരുത്തിവെച്ചത്. അദ്ദേഹവും, മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച പി.പി മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ പാറന്നൂരും എനിക്ക് ഏറെ ബന്ധമുള്ള വ്യക്തിത്വങ്ങളായിരുന്നു. രണ്ടു പേരും നല്ല സംഘാടകരും നല്ല വാഗ്മികളുമായിരുന്നു. ലീഗിനോടുള്ള വിയോജിപ്പ് ഇരുവരും മറച്ചുവെച്ചിരുന്നില്ല. പി.എം.കെ ലീഗിനെ അവഗണിക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ പി.പി ലീഗിനെ തുറന്ന് എതിര്‍ക്കുക തന്നെ ചെയ്തിരുന്നു.
അല്ലാഹു ഇരുവരെയും മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍