ബൈത്തുസ്സകാത്ത് കേരള 1.63 കോടി രൂപയുടെ പദ്ധതി വിതരണോദ്ഘാടനം

കോഴിക്കോട്: ബൈത്തുസ്സകാത്ത് കേരളയുടെ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ക്കായി 1.63 കോടി രൂപയുടെ സഹായങ്ങള്‍ വിതരണം ചെയ്തു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ കെ.പി മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
കേവല ദാരിദ്ര്യ നിര്‍മാര്‍ജനം മാത്രമല്ല, സമൂഹത്തിന്റെ സമഗ്രമായ വികസനമാണ് ഇസ്‌ലാമിലെ സകാത്തിലൂടെ സാധ്യമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക ദര്‍ശനത്തിലെ കൂടുതല്‍ സൗന്ദര്യമുള്ള ആശയം സകാത്താണ്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ ബൈത്തുസകാത്ത് ഏറ്റവും ശാസ്ത്രീയമായ മാര്‍ഗം അവലംബിക്കുന്നു എന്നത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സകാത്ത് പദ്ധതികളുടെ വിതരണോദ്ഘാടനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.ടി.കെ സൈതാലിക്കുട്ടി നിര്‍വഹിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍, ഡോ. പി.സി അന്‍വര്‍, നഗരത്തിലെ വ്യാപാര പ്രമുഖരായ പി. സക്കീര്‍, എ.കെ നിഷാദ്, മുഹമ്മദ് വരിക്കോടന്‍, ഇ.ടി ഫിറോസ്, നിയാസ് പുളിക്കലകത്ത്, സുലൈമാന്‍ കാരാടന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഈ വര്‍ഷത്തെ സകാത്ത്പദ്ധതികള്‍ ബൈത്തുസ്സകാത്ത് ചെയര്‍മാന്‍ എം.കെ മുഹമ്മദലി പരിചയപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി അധ്യക്ഷത വഹിച്ചു. പി.സി ബഷീര്‍ സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഖാലിദ് മൂസ നദ്‌വി നന്ദിയും പറഞ്ഞു.
സകാത്തിന്റെ സംഘടിത സംഭരണത്തിനും ഫലപ്രദമായ വിതരണത്തിനും വേണ്ടി 2000 ഒക്‌ടോബറിലാണ് ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ആഭിമുഖ്യത്തില്‍ ബൈത്തുസ്സകാത്തിന് രൂപം നല്‍കിയത്. മനുഷ്യ ജീവിതത്തിന്റെ എക്കാലത്തെയും വലിയ പ്രതിസന്ധിയായ ദാരിദ്ര്യത്തില്‍ നിന്നും മനുഷ്യരെ കരകയറ്റാനും അടിസ്ഥാന ജീവിത വിഭവങ്ങള്‍ സര്‍വ മനുഷ്യര്‍ക്കും ഉറപ്പുവരുത്താനും അല്ലാഹു നിശ്ചയിച്ച സകാത്ത് സംവിധാനത്തിന്റെ പ്രായോഗിക നിര്‍വഹണമാണ് ബൈത്തുസ്സകാത്ത് നടപ്പിലാക്കുന്നത്. അവശത അനുഭവിക്കുന്നവര്‍ക്ക് ഒരു പരിധി വരെയെങ്കിലും ആശ്വാസം നല്‍കി സാമൂഹികക്ഷേമം ഉറപ്പുവരുത്താന്‍ ബൈതുസ്സകാത്ത് ശ്രമിക്കുന്നു. സകാത്ത് ദായകരായ ആളുകളില്‍ നിന്ന് സകാത്ത് ശേഖരിച്ച് സംസ്ഥാനത്തെ ഏറ്റവും അര്‍ഹരായ ആളുകളെ കണ്ടെത്തി അവരുടെ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തികരിച്ചുകൊടുക്കുന്ന സംവിധാനമാണ് ബൈത്തുസകാത്തിനുള്ളത്.
തുടക്കത്തില്‍ പരിമിതമായ ആളുകളായിരുന്നു ബൈത്തുസ്സകാത്തിലേക്ക് തങ്ങളുടെ സകാത്ത് വിഹിതം ഏല്‍പ്പിച്ചിരുന്നതെങ്കില്‍ ക്രമപ്രവൃദ്ധമായി അതില്‍ വലിയ വര്‍ധനവുണ്ടായി. അതിന്റെ ഫലമായി കൂടുതല്‍ ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ പരിഹരിക്കാനും സാധിക്കുന്നു. 2000-10 വര്‍ഷത്തില്‍ 5,53,089 രൂപ സമാഹരിച്ച് 54 ഗുണഭോക്താക്കളിലെത്തിച്ചപ്പോള്‍ 2011-12 വര്‍ഷത്തില്‍ 1,73,57,434 രൂപ സമാഹരിച്ച് 960 ഗുണഭോക്താക്കളില്‍ എത്തിക്കാന്‍ കഴിഞ്ഞു.
വിദ്യാഭ്യാസം, ഭവനനിര്‍മാണം, രോഗ ചികിത്സ, സ്വയം തൊഴില്‍ പദ്ധതികള്‍, കടബാധ്യതകള്‍ തീര്‍ക്കല്‍, കുടിവെള്ള പദ്ധതികള്‍, വിവാഹ സഹായം, റേഷന്‍, കക്കൂസ് നിര്‍മാണം തുടങ്ങിയ ജീവിതാവശ്യങ്ങള്‍ക്കാണ് കഴിഞ്ഞ കാലങ്ങളില്‍ ബൈത്തുസകാത്ത് വിഹിതം നല്‍കിയത്.
ഇത്തവണ സ്വയം തൊഴില്‍ പദ്ധതികള്‍ക്കാണ് മുന്തിയ പരിഗണന നല്‍കിയത്. സകാത്തിലൂടെ സമൂഹത്തില്‍ കുറെ പേരെങ്കിലും സ്വയം പര്യാപ്തരായി തീരുക എന്നതാണിതിന്റെ ലക്ഷ്യം. ഇതുവഴി ഇസ്‌ലാമിക ചരിത്രത്തിലെ ശോഭനകാലഘട്ടങ്ങളില്‍ സംഭവിച്ചതുപോലെ സകാത്തിനര്‍ഹരായവര്‍ നാളെ സകാത്ത് ദാതാക്കളായി ഉയരണമെന്ന് ബൈത്തുസകാത്ത് ആഗ്രഹിക്കുന്നു.
44 ലക്ഷം രൂപ ഈ വര്‍ഷം തൊഴില്‍ പദ്ധതികള്‍ക്കായി ചെലവഴിക്കുകയുണ്ടായി. ഓട്ടോറിക്ഷ (10 ഗുണഭോക്താക്കള്‍), മത്സ്യബന്ധന ബോട്ട് (10 ഗുണഭോക്താക്കള്‍), ഡയറി ഫാം (3 ഗുണഭോക്താക്കള്‍), കുട നിര്‍മാണ യൂണിറ്റ് (10 ഗുണഭോക്താക്കള്‍), പൗള്‍ ട്രീ ഫാം (3 ഗുണഭോക്താക്കള്‍), സ്റ്റേഷനറി ആന്റ് ഹാര്‍ഡ്‌വെയര്‍ യൂണിറ്റ് (3 ഗുണഭോക്താക്കള്‍), ഡി.ട്ടി.പി ആന്റ് ഫോട്ടോ കോപ്പി (1 ഗുണഭോക്താവ്) സ്റ്റേഷനറി-മൊബൈല്‍ സര്‍വീസ് (1 ഗുണഭോക്താവ്), ആയുര്‍വേദ മരുന്ന് നിര്‍മാണം (1 ഗുണഭോക്താവ്) എന്നിവയാണ് ഇത്തവണ വിതരണം ചെയ്ത പ്രധാന തൊഴില്‍ പദ്ധതികള്‍.
കൂടാതെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 278 വിദ്യാര്‍ ഥികള്‍ക്കായി 25 ലക്ഷം രൂപയും വിതരണം ചെയ്തു. 15 പേര്‍ക്ക് വീട് നിര്‍മാണത്തിനായി 5964000 രൂപയും 199 പേരുടെ ചികിത്സായിനത്തില്‍ 1748500 രൂപയും ചെലവഴിച്ചു. 75 പേര്‍ക്ക് കടാശ്വാസമായി 1030600 രൂപയും 37 ഗുണഭോക്താക്കള്‍ക്കായി റേഷന്‍, കക്കൂസ് നിര്‍മാണം, കുടിവെള്ള പദ്ധതി എന്നിവക്കായി 541200 രൂപയും ചെലവഴിക്കുകയുണ്ടായി.
ഏറെ ക്രിയാത്മകവും അതിലേറെ സുതാര്യവുമായ ഈ സകാത്ത് സംരംഭത്തില്‍ ജനങ്ങള്‍ കൂടുതല്‍ മനസുവെച്ചാല്‍ ഇനിയുമേറെ പേരെ അവരുടെ ജീവിത പ്രതസന്ധികളില്‍ നിന്ന് കരകയറ്റാന്‍ കഴിയും. ഒപ്പം ജീവിതത്തിലെ ഒരു നിര്‍ബന്ധ ബാധ്യതയുടെ ഫലപ്രദമായ നിര്‍വഹണം ഇതിലൂടെ സാധ്യമാവുകയും ചെയ്യും. ബൈത്തുസകാത്തുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട വിലാസം:
Secretary, Baithuzzakath Kerala
P.B.No. 833, Hiracentre,
Kozhikode-673 004
Tel: 0495-2720752, 2722709
Email: hiragc@asianetindia.com
hiracentre@jihkerala.org
A/c No.13890200004264
Federal Bank Ltd., S.M. Street, Kozhikode.
Comments