Prabodhanm Weekly

Pages

Search

2012 ജൂണ്‍ 30

പലിശപോലെ പലിശനിരക്കും അയുക്തികം

മൗലാനാ മൗദൂദി

ഒരാള്‍ പലിശക്ക് കടം നല്‍കുമ്പോള്‍ കടം വാങ്ങുന്നയാളുടെ സാമ്പത്തിക നില മൊത്തമായൊന്ന് പരിശോധിക്കും. എത്രമാത്രം ദാരിദ്ര്യത്തിലാണ് അയാള്‍ കഴിയുന്നത്, താന്‍ പണം നല്‍കിയില്ലെങ്കില്‍ മറ്റൊരു മാര്‍ഗവുമില്ലാതെ അയാള്‍ നട്ടംതിരിയുമോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. ഇത്തരം പരിതസ്ഥിതികള്‍ വെച്ചുകൊണ്ടായിരിക്കും ഹുണ്ടികക്കാരന്‍ തന്റെ പണത്തിന് പലിശനിരക്ക് നിശ്ചയിക്കുക. പണം കടം വാങ്ങുന്നവന്‍ പറ്റെ പാവപ്പെട്ടവനോ പണത്തിന് അത്രയധികം തിടുക്കമുള്ളവനോ അല്ലായെങ്കില്‍ നിശ്ചയിക്കപ്പെടുന്ന പലിശനിരക്ക് കുറവായിരിക്കും. ഇനി, കടം വാങ്ങുന്നവന്‍ വലിയ കഷ്ടപ്പാടിലും ദാരിദ്ര്യത്തിലുമാണ്. ഉടനടി പണം കിട്ടിയേ കഴിയൂ. ഈയൊരു അവസ്ഥയില്‍ തന്റെ പണത്തിന് നാനൂറും അഞ്ഞൂറും ശതമാനം വരെ പലിശ ചുമത്താന്‍ ഹുണ്ടികക്കാരന് യാതൊരു മടിയുമുണ്ടാവില്ല. അധമര്‍ണന്റെ നിസ്സഹായതയും ദുരിതവുമാണ് പലിശനിരക്ക് ഉയര്‍ത്തുന്ന പ്രധാന ഘടകം.
ധനകമ്പോളത്തില്‍ പലിശനിരക്കിന്റെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് രണ്ട് സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ചോദന-വിതരണ തത്ത്വ(Law of Demand and Supply)ത്തിന്റെ അടിസ്ഥാനത്തിലാണ് പലിശനിരക്ക് തീരുമാനിക്കുക എന്നതാണ് ഒന്നാമത്തെ സിദ്ധാന്തം. സംരംഭകര്‍ക്ക് മാര്‍ക്കറ്റില്‍ മൂലധന ലഭ്യത സുലഭമാണെങ്കില്‍ പലിശനിരക്ക് കുത്തനെ താഴോട്ട് പോരും. പലിശനിരക്ക് കുറയുമ്പോള്‍ ധാരാളം സംരംഭകര്‍ അവസരം മുതലെടുക്കാനായി രംഗത്ത് വരും. അവര്‍ കൂട്ടമായി കടത്തിന് അപേക്ഷിക്കും. അപ്പോള്‍ വേണ്ടത്ര പണം കണ്ടെത്താനാവാതെ വരികയും മാര്‍ക്കറ്റില്‍ പണക്ഷാമം അനുഭവപ്പെടുകയും ചെയ്യും. ആ സമയത്ത് പലിശനിരക്ക് കുതിച്ചുയരാന്‍ തുടങ്ങും. ഒടുവില്‍ ഇത്രയധികം പലിശക്ക് ലോണ്‍ വേണ്ടെന്ന് വെക്കാന്‍ സംരംഭകര്‍ നിര്‍ബന്ധിതരായിത്തീരുന്നു.
എന്താണിവിടെ സംഭവിക്കുന്നത്? ഇത്ര പണം ഞാന്‍ കടം തരാം, അത് ബിസിനസ്സിലിറക്കിയാല്‍ കിട്ടുന്ന ലാഭ വിഹിതത്തിന്റെ ന്യായമായ ഒരു വിഹിതം എനിക്ക് തരണം എന്ന യാതൊരുവിധ ധാരണയും കരാറും മൂലധനക്കാരന്‍ സംരംഭകനുമായി ഉണ്ടാക്കുന്നില്ല. മറിച്ച്, മൂലധനക്കാരന്‍ വെറും ഊഹത്തിന്റെ അടിസ്ഥാനത്തില്‍, സംരംഭകന് തന്റെ കച്ചവട വ്യവഹാരത്തില്‍ ഇത്ര ലാഭം കിട്ടുമെന്ന് അനുമാനിച്ച് പരമാവധി തുക പലിശനിരക്കായി ഉറപ്പിക്കുകയാണ്. തീര്‍ത്തും വിരുദ്ധമായ മറ്റൊരു അനുമാനത്തിലായിരിക്കും സംരംഭകന്‍ ഉണ്ടാവുക. മൂലധനക്കാരന്‍ തന്റെ പണത്തിന് അമിതമായി ലാഭം പ്രതീക്ഷിക്കുമ്പോള്‍, ബിസിനസ്സിന്റെ നഷ്ടസാധ്യതകളാവും സംരംഭകനെ അലട്ടുക. ഇരുവരുടെയും ഈ വിരുദ്ധ മനസ്ഥിതി കാരണം അവര്‍ തമ്മില്‍ നിരന്തര സംഘര്‍ഷമല്ലാതെ ഒരിക്കലും പരസ്പര സഹകരണം ഉണ്ടാവില്ല. ഉല്‍പാദന വളര്‍ച്ച ലക്ഷ്യമിട്ട് സംരംഭകന്‍ കടം വാങ്ങാന്‍ ഒരുങ്ങുമ്പോള്‍, തന്റെ പണത്തിന് പരിധിയിലും കവിഞ്ഞ പലിശ ഒപ്പിച്ചെടുക്കാനാവും മൂലധനക്കാരന്റെ ശ്രമം. അങ്ങനെ വരുമ്പോള്‍ എങ്ങനെയൊക്കെ ശ്രമിച്ചാലും സംരംഭകന് തന്റെ ബിസിനസ്സില്‍ ലാഭമുണ്ടാക്കാന്‍ കഴിയാതെയാവും. അതോടെ സംരംഭകന്‍ മൂലധനം വേണ്ടെന്ന് വെക്കുന്നു. ഇത് സാമ്പത്തിക പ്രവര്‍ത്തനത്തെ ഒന്നാകെ നിശ്ചലമാക്കുന്നു. കമ്പോളം മാന്ദ്യത്തിന്റെ പിടിയിലകപ്പെടുന്നു. ഇതിലെ അപകടം തിരിച്ചറിഞ്ഞ് മൂലധനക്കാരന്‍ പലിശനിരക്ക് കുറക്കാന്‍ തയാറാവുന്നു. അപ്പോള്‍ വീണ്ടും കടമെടുക്കാന്‍ സംരംഭകന്‍ മുന്നോട്ട് വരികയും കമ്പോളം മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് കരകയറുകയും ചെയ്യുന്നു. മൂലധനക്കാരനും സംരംഭകനും ന്യായമായ വ്യവസ്ഥയില്‍ ബിസിനസ്സില്‍ പങ്കാളികളായി സഹകരിച്ച് മുന്നോട്ട് പോവുകയാണെങ്കില്‍ ലോക സമ്പദ്ഘടന വളരെ ഭദ്രമായി മുന്നോട്ട് പോകുമെന്നാണ് ഈ പ്രവണത അര്‍ഥശങ്കക്കിടയില്ലാത്ത വിധം നമ്മോട് വിളിച്ചു പറയുന്നത്. അതേസമയം ചോദന-വിതരണ തത്ത്വമാണ് പ്രയോഗിക്കുന്നതെങ്കില്‍, ആ തത്ത്വം തന്നെ പലിശക്ക് കടം കൊടുക്കാനുള്ള പ്രേരണയായി തീരുകയാണ് ചെയ്യുന്നത്. മൂലധനവും സംരംഭവും തമ്മിലുള്ള ബന്ധത്തെ നിര്‍ണയിക്കുന്നത് ഊഹവും ചൂതുകളി മനോഭാവവും ആയിത്തീരുകയാണിവിടെ. ഈ ഊഹച്ചുഴികളില്‍ പെട്ട് പലിശനിരക്ക് ഇറങ്ങിക്കയറി കളിക്കുകയും ലോകസമ്പദ്ഘടന എന്നെന്നും പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നട്ടം കറങ്ങുകയും ചെയ്യും.
പലിശനിരക്ക് നിര്‍ണയിക്കുന്നതിനെക്കുറിച്ചുള്ള രണ്ടാമത്തെ സിദ്ധാന്തം ഇങ്ങനെയാണ്: മൂലധനയുടമ തന്റെ പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ആ പണം അയാള്‍ ഉയര്‍ന്ന പലിശ ചുമത്തിക്കൊണ്ടേ കടമായി നല്‍കൂ. ഇത്തരം വ്യക്തിപരമായ ആവശ്യങ്ങള്‍ കുറവാണെങ്കില്‍ പലിശനിരക്കും സ്വാഭാവികമായി കുറയും. മൂലധനക്കാരന്‍ എന്തിനാണ് പണം സ്വന്തത്തിനായി സൂക്ഷിച്ചുവെക്കുന്നത് എന്ന് ചോദിച്ചാല്‍ ഈ സിദ്ധാന്തക്കാര്‍ക്ക് അതിന് പല കാരണങ്ങള്‍ പറയാനുണ്ട്. സ്വന്തം നിലക്ക് ബിസിനസ് നടത്താനും വ്യക്തിപരമായ ചെലവുകള്‍ക്കും കുറച്ച് പണം ആവശ്യമുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവരുന്ന അടിയന്തര ഘട്ടങ്ങളെ തരണം ചെയ്യാനും പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങള്‍ നിറവേറ്റാനും (ഓര്‍ക്കാപുറത്ത് ലഭിക്കുന്ന ഒരു ബിസിനസ് അവസരം ഉദാഹരണം) മുന്‍കൂറായി കുറച്ച് പണം സൂക്ഷിച്ച് വെക്കേണ്ടതുമുണ്ടല്ലോ. പണം കരുതിവെക്കുന്നതിന് ഈ രണ്ട് കാരണമല്ലാതെ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. ഭാവിയില്‍ വിലയിടിയാനോ പലിശ നിരക്ക് കൂടാനോ സാധ്യതയുണ്ട് എന്ന് കണക്കുകൂട്ടി ആ സന്ദര്‍ഭത്തില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കുന്നതിന് വേണ്ടി പണം മാര്‍ക്കറ്റിലിറക്കാതെ ഒളിപ്പിച്ച് വെക്കുന്നു. നമ്മുടെ ചോദ്യം ഇതാണ്: പണം പൂഴ്ത്തിവെക്കാനുള്ള ആഗ്രഹം മേല്‍പറഞ്ഞ കാരണങ്ങളാല്‍ മൂലധനക്കാരന്റെ മനസ്സില്‍ ഉണ്ടാവുന്നതിന്റെ ഫലമായാണോ പലിശ നിരക്ക് കൂടുന്നത്, ആ ആഗ്രഹം കുറയുമ്പോഴാണോ പലിശനിരക്ക് കുറയുന്നത്?
ഇതിന് മറുപടിയായി, വ്യക്തിപരം മാത്രമല്ല, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങള്‍ പലിശനിരക്ക് വര്‍ധനവിന് നിമിത്തമാകുമെന്ന് അതിന്റെ വക്താക്കള്‍ ചൂണ്ടിക്കാട്ടും. മൂലധനക്കാരന്‍ പണം പിടിച്ചുവെക്കാനുള്ള ആഗ്രഹം നിമിത്തം പലിശനിരക്ക് കൂട്ടുമ്പോള്‍ ബിസിനസ്സില്‍ മൂലധനത്തിന്റെ വരവ് ഗണ്യമായി കുറയുന്നു. സാമൂഹികവും സാമ്പത്തികവും മറ്റുമായ കാരണങ്ങളാല്‍ തന്നെ പണം പിടിച്ചുവെക്കാനുള്ള ഹുണ്ടികക്കാരന്റെ ആഗ്രഹം കുറയാനും അങ്ങനെ പലിശനിരക്ക് താഴോട്ട് വരാനും ഇടവന്നേക്കാം. അപ്പോള്‍ മൂലധനമിറങ്ങി ബിസിനസ് മേഖല വീണ്ടും സജീവമാവും.
യുക്തിസഹമെന്ന് തോന്നുന്ന ഈ വിശദീകരണത്തിന്റെ പിന്നില്‍ മറഞ്ഞുകിടക്കുന്ന വസ്തുതയെന്ത് എന്ന് നാം അന്വേഷിക്കണം. വ്യക്തിപരമോ വാണിജ്യ സംബന്ധമോ ആയ (അവ സാധാരണമോ അടിയന്തര പ്രാധാന്യമുള്ളതോ ആകാം) ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ എന്നാണല്ലോ ആദ്യം പറഞ്ഞ രണ്ട് കാരണങ്ങള്‍. ഈ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ഹുണ്ടികക്കാരന്റെ മൂലധനത്തിന്റെ അഞ്ചു ശതമാനം പോലും വേണ്ടിവരില്ല പലപ്പോഴും. അതിനാല്‍ ആദ്യം പറഞ്ഞ രണ്ട് കാരണങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നത് ശരിയല്ല. ബാക്കി വരുന്ന 95 ശതമാനം അയാള്‍ എന്തുകൊണ്ട് ചിലപ്പോള്‍ പിടിച്ചുവെക്കുന്നു, ചിലപ്പോള്‍ മാര്‍ക്കറ്റിലേക്കിറക്കുന്നു? ഇത് പൂര്‍ണമായും മൂന്നാമത്തെ കാരണത്താല്‍ സംഭവിക്കുന്നതാണ്. അതായത്, അമിത ലാഭം കൊയ്യാനുള്ള അവസരം വീണു കിട്ടാന്‍ പണം കാത്തുവെക്കുന്നു എന്ന കാരണത്താല്‍. വളരെ സ്വാര്‍ഥ ലക്ഷ്യത്തോടെ ഇയാള്‍ ലോക കമ്പോളത്തിന്റെയും നാട്ടിലെ കമ്പോളത്തിന്റെയും സ്വന്തം ജനതയുടെയും അവസ്ഥകള്‍ സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കും. തന്റെ രാഷ്ട്രത്തിനും സമൂഹത്തിനും കടുത്ത പ്രതിസന്ധികള്‍ വന്നുപെടാനാണ് ഇയാള്‍ കാത്തിരിക്കുന്നത്; ആ പ്രതിസന്ധികള്‍ മുതലെടുത്ത് അമിത ലാഭം കൊയ്യാനാണ് ഈ പണത്തിന്റെ കരുതിവെപ്പ്. അങ്ങനെ സമൂഹത്തിന്റെ പ്രയാസങ്ങളും ദുരന്തങ്ങളും ചൂഷണം ചെയ്യാന്‍, സമൂഹത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഈ പണം ഉപയോഗിക്കുന്നു. പണം ഇരട്ടിപ്പിക്കാന്‍ നടത്തുന്ന ഊഹ(speculation)മാണ് ഇയാളെ പണമിറക്കുന്നതില്‍ നിന്ന് തടയുന്നത്. അത് പലിശ നിരക്ക് വര്‍ധിപ്പിക്കുകയും മൂലധനത്തിന്റെ വരവ് കാര്യമായി കുറക്കുകയും മാന്ദ്യം (depression) എന്ന പ്രതിഭാസത്തിന് ജന്മം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
അങ്ങനെ കിട്ടാവുന്നത്ര 'കൊള്ള'യടിക്കുകയും ഇനി അടിച്ചെടുക്കാന്‍ ഒന്നും ബാക്കിയില്ലെന്ന് ഉറപ്പാവുകയും ചെയ്യുമ്പോള്‍ 'സ്വന്തം ആവശ്യത്തിന് പണം കൈവശം വെക്കാനുള്ള' ഇയാളുടെ ദുഷ്ടമനസ്സിന്റെ ആഗ്രഹം സ്വാഭാവികമായും കുറയുമല്ലോ. പിന്നെ അയാള്‍ കുറഞ്ഞ നിരക്കില്‍ പലിശ എന്ന ചൂണ്ട വീണ്ടും സംരംഭകന് നേരെ നീട്ടിയെറിയുകയും വേണ്ടതിലധികം കനത്തു കഴിഞ്ഞ തന്റെ പണസഞ്ചി തുറന്നുവെക്കുകയും ചെയ്യുന്നു.
ഇതാണ് പലിശനിരക്കിന്റെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് പ്രചാരത്തിലുള്ള രണ്ട് സിദ്ധാന്തങ്ങള്‍. രണ്ടും ഒരര്‍ഥത്തില്‍ ഏറെക്കുറെ ശരിയുമാണ്. തിയറി എന്തെങ്കിലുമാവട്ടെ, ഈ പലിശനിരക്കുകള്‍ എങ്ങനെയാണ് 'പ്രകൃതിപരവും' 'യുക്തിസഹവും' ആയിത്തീരുന്നത് എന്നാണ് നമുക്ക് മനസ്സിലാവാത്തത്. യുക്തി, യുക്തിപരത, പ്രകൃതിപരം തുടങ്ങിയ വാക്കുകളുടെ അര്‍ഥം തന്നെ മാറ്റിക്കൊണ്ടേ അത്തരം വാക്കുകള്‍ പലിശയുടെ കാര്യത്തില്‍ പ്രയോഗിക്കാന്‍ പറ്റൂ. പലിശ പോലെ അയുക്തികവും പ്രകൃതിവിരുദ്ധവുമാണ് പലിശനിരക്കും എന്നതത്രെ വാസ്തവം.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍