Prabodhanm Weekly

Pages

Search

2012 ജൂണ്‍ 30

ഇസ്‌ലാമിക പ്രസ്ഥാനം വിശാല ഭൂമിക തേടുമ്പോള്‍

ഇസ്‌ലാമിക പ്രസ്ഥാനം ഈ കാലഘട്ടത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന മഹത്തായ പ്രബോധന പ്രവര്‍ത്തനങ്ങളെയും സേവന സംരംഭങ്ങളെയും ചെറുതായി കാണാനോ തള്ളിപറയാനോ ആര്‍ക്കും സാധ്യമല്ല. ഉന്നതമായ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് വേണ്ടി സാധ്യമായ മാര്‍ഗങ്ങളെല്ലാം അവലംബിച്ചു മുന്നേറുമ്പോഴും സമൂഹത്തിനും സമുദായത്തിനും കൂടുതല്‍ നേട്ടങ്ങളും പ്രതീക്ഷകളും നല്‍കാന്‍ സഹായകമാവുന്ന വഴികള്‍ കണ്ടെത്തുകയും കര്‍മ മണ്ഡലങ്ങള്‍ തേടുകയും ചെയ്യേണ്ടത് നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്ന് ഏറെ ആവശ്യമാണ്. കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നതും യാഥാര്‍ഥ്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ സ്തംഭിച്ചുപോവുന്നതും കാലത്തോടൊപ്പം വളരുന്ന, ഇസ്‌ലാമിന്റെ പ്രതിനിധാനം നിര്‍വഹിക്കുന്ന പ്രസ്ഥാനത്തിന് ആലോചിക്കാന്‍ പോലും സാധ്യമല്ല. ചിന്തയിലും സമീപനത്തിലും മനോഘടനയിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിരന്തരം ആലോചിച്ചുകൊണ്ടിരിക്കുകയും കര്‍മപരിപാടികളിലൂടെ അവ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ അതിജീവനം വിധിച്ചിട്ടുള്ളൂ. പ്രസ്ഥാനം പിറന്ന കാലഘട്ടത്തില്‍ നിലനിന്ന ആവശ്യങ്ങളും സാഹചര്യങ്ങളും മാറിക്കഴിഞ്ഞു. ആ കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചു വിജയിച്ച പ്രസ്ഥാനം പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങളോടും സാഹചര്യങ്ങളോടും സക്രിയമായും സചേതനമായും പ്രതികരിക്കേണ്ട സമയമായി. പ്രസ്ഥാന പ്രവര്‍ത്തനം പൂര്‍വ നിശ്ചിതമായ സംഘടനാ ചട്ടക്കൂടിനുള്ളിലെ കര്‍മപരിപാടികള്‍ക്കുമപ്പുറം സമൂഹത്തിന്റെ അതിരില്ലാത്ത വിശാലതകളിലേക്ക് ഒഴുകി പരക്കേണ്ട ഘട്ടമായി. 'പ്രസ്ഥാന പരിപാടി'കള്‍ 'പൊതു സമൂഹത്തിന്റെ പരിപാടി'കളായിത്തീരണം. ആ വിധത്തില്‍ ജനമധ്യത്തില്‍ വിലയിരുത്തപ്പെടാന്‍ എന്തെല്ലാം മാറ്റങ്ങള്‍ ആവശ്യമാണ്? ചിന്തയും പഠനവും ചര്‍ച്ചയും ആവശ്യമായ രംഗമാണിത്.
പ്രസ്ഥാനവും സമൂഹവും തമ്മിലെ ബന്ധം മണ്ണും മരവും തമ്മിലെ ബന്ധമാണ്. മണ്ണില്‍ നിന്ന് വേര്‍പെട്ട് മരത്തിന് നിലനില്‍പില്ലാത്തതു പോലെ സമൂഹത്തില്‍ നിന്ന് വേര്‍പെട്ട് പ്രസ്ഥാനത്തിനും നിലനില്‍പില്ല. സമൂഹവും സമുദായവും കടന്നു പോവുന്ന സവിശേഷമായ കാലഘട്ടത്തെ കുറിച്ച തിരിച്ചറിവാണ് ആദ്യമായി വേണ്ടത്. സമൂഹത്തെ പൊതുവിലും സമുദായത്തെ വിശേഷിച്ചും അലട്ടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്? സമൂഹ ഗാത്രത്തെ പിടികൂടിയ രോഗങ്ങള്‍ എന്തൊക്കെ? ശക്തിയുടെയും ദൗര്‍ബല്യത്തിന്റെയും തലങ്ങള്‍ ഏതൊക്കെ? സമുദായം നേരിടുന്ന കനത്ത വെല്ലുവിളികളെ അതിജീവിക്കാന്‍ അതിന്റെ സന്തതികള്‍ക്ക് പ്രാപ്തിയുണ്ടോ? മികവിന്റെയും കരുത്തിന്റെയും തുറകള്‍ ഏതൊക്കെ? സാംസ്‌കാരികത്തനിമ പരിരക്ഷിച്ചും കഴിവുകള്‍ വളര്‍ത്തിയും മുന്നോട്ടുപോകാന്‍ പ്രാപ്തമാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം? നേതൃത്വവും അണികളും തങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് ഗൗരവപൂര്‍വം ചിന്തിച്ചു തുടങ്ങാന്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും തിരിച്ചറിവും ആവശ്യമാണ്.
തങ്ങള്‍ ജീവിക്കുന്ന രാജ്യവും സമൂഹവും അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളെ കുറിച്ച തിരിച്ചറിവും ബോധ്യവുമാണ് ചരിത്ര സ്രഷ്ടാക്കളായ മഹാരഥന്മാരുടെ പിറവിക്ക് ഹേതുവായത്. ഖിലാഫത്തുര്‍റാശിദഃയുടെ പ്രഫുല്ല കാലഘട്ടത്തിന് ശേഷം ജരാജീര്‍ണ്ണമായ സമൂഹത്തെ നാശഗര്‍ത്തത്തില്‍ ആഴ്ത്തിയ തിന്മയുടെയും അധാര്‍മികതയുടെയും ആഴവും പരപ്പും വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. രാജ്യത്തെയും സമൂഹത്തെയും വീണ്ടെടുക്കുന്ന വിമോചകന്റെ പിറവി അനിവാര്യമായ ചരിത്രസന്ധിയായിരുന്നു അത്. അനിവാര്യമായ മാറ്റത്തിന് ധീരമായ തുടക്കമിടാനും സമര്‍ഥാസൂത്രിതമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും മുന്നോട്ടുവന്ന ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ തിരുത്തല്‍ നടപടികള്‍ തുടങ്ങുന്നത് തീരുമാനിച്ചുറച്ച ഒരു പ്രഖ്യാപനത്തോടെയാണ്: ''അഞ്ച് ഗുണങ്ങള്‍ മേളിച്ചവര്‍ മാത്രം നമ്മോടൊപ്പം നിലകൊണ്ടാല്‍ മതി. അല്ലാത്തവര്‍ക്ക് പിരിഞ്ഞു പോകാം. നമ്മുടെ സന്നിധിയില്‍ വന്ന് ആവശ്യങ്ങള്‍ ഉണര്‍ത്തിക്കാന്‍ പ്രാപ്തിയില്ലാത്തവരുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത് നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരിക, നന്മയുടെ ഈ മാര്‍ഗത്തില്‍ തങ്ങളുടെ പരിശ്രമങ്ങളിലൂടെ നമ്മെ സഹായിക്കുക, മുന്നോട്ടു ഗമിക്കാന്‍ മാര്‍ഗദര്‍ശനം നല്‍കുക, നമ്മോട് ആരെക്കുറിച്ചും ദൂഷണം പറയാതിരിക്കുക, തനിക്കാവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക''. ഇത് കേട്ടപാടെ സ്തുതിപാഠകരും കവികളും കൊട്ടാരം സില്‍ബന്ധികളും ഒഴിഞ്ഞു പോയി. വിജ്ഞാനധനരും സംസ്‌കാരസമ്പന്നരുമായ ഭക്തജനങ്ങള്‍ മാത്രമായി ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ഉപദേശകര്‍.
കൃഷിയിലും കച്ചവടത്തിലും കോട്ടകൊത്തളങ്ങളിലും അരമനകളിലെ സുഖസൗകര്യങ്ങളിലും അഭിരമിച്ചു കഴിഞ്ഞ് കൂടിയ ഒരു സമൂഹത്തിന്റെ മനോഘടനയില്‍ രണ്ടു വര്‍ഷവും അഞ്ച് മാസവും വരുത്തിയ മാറ്റങ്ങള്‍ വിസ്മയാവഹമായിരുന്നു. അമവിയ്യാ ഭരണകൂടം ഇസ്‌ലാമിനേല്‍പിച്ച ക്ഷതങ്ങള്‍ ചെറുതായിരുന്നില്ല. ഖിലാഫത്തില്‍ നിന്ന് രാജവാഴ്ചയിലേക്കുള്ള രഥ ചക്രങ്ങള്‍ ഉരുണ്ടത് നാളത് വരെ ഇസ്‌ലാമിക സമൂഹം മുറുകെ പിടിച്ച മൂല്യങ്ങളെ മുഴുവന്‍ ചതച്ചരച്ചായിരുന്നു. മുപ്പത്തിയേഴാമത്തെ വയസില്‍ ഭരണഭാരം കൈയേറ്റ ഉമറുബ്‌നു അബ്ദില്‍ അസീസ് തനിക്ക് ചെയ്ത് തീര്‍ക്കാന്‍ നിരവധി കാര്യങ്ങളുണ്ടെന്ന് മനസിലാക്കി. മുന്‍ഗാമികളായ രാജാക്കന്മാര്‍ സുഖാഡംബര പ്രമത്തരായി ജീവിച്ചത് ഖജനാവ് കൊള്ളയടിച്ചും രാജ്യത്തിലെ വിഭവങ്ങള്‍ അന്യായമായി കവര്‍ന്നെടുത്തുമാണെന്ന് മനസിലാക്കിയ ഉമര്‍ രണ്ടാമന്‍ അവയത്രയും ജനങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ നടപടിയെടുത്തു. രാജകുടുംബാംഗമെന്ന നിലയില്‍ തനിക്ക് നീക്കിവെച്ച അമ്പതിനായിരം ദിനാര്‍ വേണ്ടെന്ന് വെച്ചാണ് ഭരണപരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമിട്ടത്. കൊട്ടാരത്തിലെ സ്വര്‍ഗതുല്യമായ സൗകര്യങ്ങള്‍ വലിച്ചെറിഞ്ഞ ആ പരിവ്രാജകന്‍ സാധാരണ പൗരന്റെ എളിമയാര്‍ന്ന ജീവിതരീതി തെരഞ്ഞെടുത്തു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ വളരാനും വികസിക്കാനും ആവശ്യമായ അന്തരീക്ഷം സൃഷ്ടിച്ചു.
പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും കാലത്ത് നിലനിന്ന ആദര്‍ശപ്രതിബദ്ധതയില്‍ നിന്നുള്ള വ്യതിയാനമാണ് അപഭ്രംശത്തിന് ഹേതുവെന്ന് തിരിച്ചറിഞ്ഞ ആ പരിഷ്‌കര്‍ത്താവ് ധീരമായ നടപടികളുമായി മുന്നോട്ടു കുതിച്ചു. ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ തിരിച്ചുകൊടുത്തു. അന്യായമായി പിടിച്ചെടുത്ത ഭൂമി തിരിച്ചേല്‍പ്പിച്ചു. ബൈത്തുല്‍മാല്‍ വിഭവങ്ങള്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മിതിക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമാണെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ സംരക്ഷിത പ്രജകള്‍ക്ക് ശരീഅത്ത് അനുശാസിച്ച അവകാശങ്ങള്‍ അത്രയും വകവെച്ചു നല്‍കി. അനാവശ്യ നികുതികള്‍ ഇല്ലാതാക്കി. വികസന പദ്ധതികള്‍ നടപ്പിലാക്കി. ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവില്‍ നിന്ന് സ്വതന്ത്രമാക്കി. നീതിന്യായ വ്യവസ്ഥയില്‍ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ക്ക് അന്ത്യം കുറിച്ചു. രാജവാഴ്ചയുടെ അവശിഷ്ടങ്ങള്‍ തുടച്ചുനീക്കി. തന്നില്‍ നിക്ഷിപ്തമായ രാഷ്ട്രീയാധികാരം ഉപയോഗിച്ച് ജനങ്ങളുടെ മനോമണ്ഡലങ്ങളില്‍ സ്വാധീനമുറപ്പിച്ച അനിസ്‌ലാമികാശയങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും പകരം ഇസ്‌ലാമിക ചിന്താധാരയുടെ സ്രോതസായ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ജനഹൃദയങ്ങളെ തിരിച്ചുകൊണ്ടു വന്നു. അനുഗൃഹീതമായ വൈജ്ഞാനിക വികാസത്തിന്റെ വിസ്‌ഫോടനത്തിനാണ് ഈ മാറ്റങ്ങള്‍ നാന്ദികുറിച്ചത്.
അബൂഹനീഫ, മാലിക്, ശാഫിഈ, അഹ്മദുബ്‌നുഹമ്പല്‍ തുടങ്ങിയ മഹാമനീഷികളുടെ പിറവിക്ക് ഹേതുവായ ആ യുഗപ്പകര്‍ച്ച ചരിത്രത്തില്‍ ഇസ്‌ലാമിക ജ്ഞാനോദയത്തിന്റെ പുതിയ പ്രഭാതത്തിലേക്കുള്ള ചുവടുവെപ്പായി. രാജവാഴ്ചയുടെ അഭിശപ്ത ശീലങ്ങളായ അധാര്‍മികതയില്‍ നിന്ന് ജനങ്ങളെ മോചിപ്പിച്ചു. മദ്യപാനം, വ്യഭിചാരം, ധര്‍മച്യുതി, ചതി, വഞ്ചന, തുടങ്ങി സമൂഹഗാത്രത്തെ കാര്‍ന്ന് നശിപ്പിച്ചു കൊണ്ടിരുന്ന സര്‍വരോഗങ്ങളും ചികിത്സിച്ചു ഭേദമാക്കിയ ആ മഹാനുഭാവന്‍ ആരോഗ്യപൂര്‍ണമായ പുത്തന്‍ സമൂഹത്തിന്റെ സ്രഷ്ടാവായി. ഇസ്‌ലാമിക മൂല്യങ്ങളോടാഭിമുഖ്യമുള്ള മഹത്തായ ഒരു രാഷ്ട്രവും ജനതയും പുനര്‍ജനിക്കുകയായിരുന്നു. മാറ്റത്തിന്റെ ഘട്ടങ്ങള്‍ ചരിത്രകാരന്‍ വരഞ്ഞ് കാണിക്കുന്നതിങ്ങനെ: ''അമവീ ഭരണാധികാരിയായ വലീദിന്റെ കാലഘട്ടത്തില്‍ ജനങ്ങള്‍ പരസ്പരം കണ്ടുമുട്ടിയാല്‍ പ്രധാനമായി ചോദിക്കുന്നത് കെട്ടിടങ്ങളെയും കോട്ടകൊത്തളങ്ങളെയും പണിശാലകളെയും തോട്ടങ്ങളെയും കൃഷിയെയും കച്ചവടത്തെയും കുറിച്ചായിരിക്കും. അബ്ദില്‍ മലികിന്റെ കാലമായപ്പോള്‍ അവരുടെ അന്വേഷണം യുദ്ധത്തില്‍ തടവുകാരായി കിട്ടിയ തരുണീമണികളെക്കുറിച്ചും മദ്യമദിരാക്ഷികളെ സംബന്ധിച്ചുമായി. ഉമറുബ്‌നു അബ്ദില്‍ അസീസ് ഭരണഭാരമേറ്റെടുത്ത് കഴിഞ്ഞപ്പോള്‍ പൗരന്മാരുടെ ചിന്തയും ചര്‍ച്ചയും സംസാരവും മുച്ചൂടും മാറി. 'ഇന്നലെ താങ്കളെത്ര ഖുര്‍ആന്‍ പാരായണം നടത്തി? ഖുര്‍ആന്‍ എത്ര മനഃപാഠമാക്കി? ഈ മാസം സുന്നത്ത് നോമ്പു നോല്‍ക്കാന്‍ കഴിഞ്ഞുവോ? സാധുക്കളെ സഹായിച്ചുവോ? നമസ്‌കാരത്തില്‍ വീഴ്ച സംഭവിച്ചുവോ?' ചിന്തയിലും മനോഘടനയിലും സംഭവിച്ച അത്ഭുതകരമായ മാറ്റം ഇതിനേക്കാള്‍ മനോഹരമായി എങ്ങനെയാണ് വര്‍ണിക്കുക!
ഈ മാറ്റങ്ങള്‍ പൊതുസമൂഹത്തിലും സ്വാധീനമുണ്ടാക്കി. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇസ്‌ലാമിനോട് ആഭിമുഖ്യമുള്ള ഒരു വലിയ ജനവിഭാഗം തന്നെയുണ്ടായി. തല്‍ഫലമായി രാഷ്ട്രത്തിന്റെ പൊതുഖജനാവില്‍ വലിയ വര്‍ധനവുണ്ടായി. നീതിമാനായ ഭരണാധികാരിയുടെ യശോധാവള്യത്തില്‍ ആകൃഷ്ടരായ അയല്‍രാജ്യക്കാര്‍ ഇസ്‌ലാമിനെക്കുറിച്ച് അറിയാനും പഠിക്കാനും തുടങ്ങി. അവര്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് വന്നുകൊണ്ടിരുന്നു. ഇസ്‌ലാമിനോട് നിതാന്ത ശാത്രവം പുലര്‍ത്തിവന്ന രാജ്യങ്ങള്‍ ഒന്നൊന്നായി ഇസ്‌ലാമിക രാഷ്ട്ര സ്വരൂപത്തിന്റെ ഭാഗമായി. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ബദ്ധശത്രുവായിരുന്ന റോമില്‍ പോലും ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ മാതൃകാ ഭരണത്തിന്ന് ആരാധകരുണ്ടായി. പരിഷ്‌കര്‍ത്താവും മുജദ്ദിദുമായി ശോഭിച്ച ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ റോമാ ചക്രവര്‍ത്തിയായ സീസര്‍ പ്രതികരിച്ചതിങ്ങനെ: ഇഹലോകത്തോട് വിരക്തി തോന്നി വീടിന്റെ അകത്തളത്തിലും ആരാധനാലയത്തിലെ മണ്ഡപത്തിലും ധ്യാനനിരതനായി രാപകലുകള്‍ കഴിച്ചുകൂട്ടുന്ന പരിവ്രാജകനെ കുറിച്ച് അതിശയം തോന്നേണ്ടതില്ല. അതിശയം തോന്നേണ്ടത് ഈ ലോകം മുഴുവന്‍ കാല്‍ കീഴില്‍ വന്നിട്ടും അതെല്ലാം ചവിട്ടി മാറ്റി ദരിദ്രരുടെയും സാധുക്കളുടെയും ജീവിതരീതി സ്വീകരിച്ച മഹാവ്യക്തിത്വത്തെ കുറിച്ചാണ്. അതാണ് അന്ത്യശ്വാസം വലിച്ച ഉമറുബ്‌നുഅബ്ദില്‍ അസീസ്.
(തുടരും)
pkjamal@hotmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍