Prabodhanm Weekly

Pages

Search

2012 ജൂണ്‍ 30

ജുഡീഷ്യറി എത്രത്തോളം പാകിസ്താനെ രക്ഷിക്കും?

ഇഹ്‌സാന്‍

പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയെ അവിടത്തെ സുപ്രീംകോടതി അയോഗ്യനാക്കിയത് രണ്ട് വ്യത്യസ്ത വീക്ഷണകോണുകളിലൂടെയാണ് വിലയിരുത്തപ്പെടുന്നത്. അന്നാട്ടിലെ ജനാധിപത്യത്തിനു ഭീഷണിയായി പട്ടാളത്തെ പോലെ മറ്റൊരു ശക്തികേന്ദ്രം കൂടി ഉയര്‍ന്നുവരുന്നു എന്നതാണ് ഇതില്‍ ഒന്നാമത്തേത്. ഇന്ത്യയടക്കം അമേരിക്കന്‍ ചേരിയിലുള്ള രാഷ്ട്രങ്ങളുടെ നിലപാട് ഗീലാനിക്ക് അനുകൂലമാണ്. ജുഡീഷ്യറി പാക്ഭരണം അട്ടിമറിച്ചു എന്നാണ് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളുടെ തലക്കെട്ടുകള്‍. യജമാനനായ അമേരിക്ക ഇതേവരെ പ്രത്യേകിച്ച് ഒന്നും ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. ഗീലാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതു പോലും വാഷിംഗ്ടണിന്റെ താല്‍പര്യം പരിഗണിച്ചായിരുന്നു. ഇന്ത്യയിലെ മന്‍മോഹന്‍ സിംഗിനെ പോലെ മുന്‍കാല വേള്‍ഡ്ബാങ്ക് ഭരണപരിചയമായിരുന്നു ഗീലാനിയുടെയും മുതല്‍ക്കൂട്ട്. രാജ്യത്തെ കൊള്ളയടിക്കാന്‍ സര്‍ദാരിക്കു കൂട്ടുനിന്നുവെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ ഇടപെട്ട സുപ്രീംകോടതി ഗീലാനിയുടെ കാര്യത്തില്‍ സാങ്കേതികമായി വിജയം കൊയ്യുക മാത്രമാണ് ഇപ്പോഴുണ്ടായതെന്നും പുതിയ പ്രധാനമന്ത്രി ആരായാലും ഗീലാനിയുടെ വഴിയെ മാത്രമാണ് അദ്ദേഹം സഞ്ചരിക്കുക എന്നുമാണ് ഈ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ജനം തെരഞ്ഞെടുത്തിട്ടില്ലാത്ത ഇഫ്തിഖാര്‍ ചൗധരിയെ പോലുള്ള ന്യായാധിപന്മാര്‍ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ അകാലചരമമാണെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ കുറ്റപ്പെടുത്തി. സൈന്യത്തിന്റെ കോടാലിയാവുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തതെന്ന് ഏതാണ്ടെല്ലാ അമേരിക്കന്‍ മാധ്യമങ്ങളും കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം 2007-2008 കാലത്ത് പാകിസ്താനിലെ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിനെതിരെ ഇതേ ചീഫ് ജസ്റ്റിസ് കൈക്കൊണ്ട നടപടികള്‍ ഈ മാധ്യമങ്ങളെ സംബന്ധിച്ചേടത്തോളം 'ജനപ്രിയ'മായിരുന്നതിന്റെ കാരണം ഇന്നവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. പാകിസ്താനകത്ത് ബാഹ്യശക്തികള്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച അരാജകത്വത്തെ നിവൃത്തികേടു കൊണ്ടാണെങ്കില്‍ പോലും അന്ന് മുശര്‍റഫ് പെഷാവറിലും മറ്റും സൈന്യത്തെ ഉപയോഗിച്ച് എതിരിടാനൊരുങ്ങി. തഹ്‌രീകെ താലിബാന്‍ എന്ന കൂലിപ്പട്ടാളത്തെ അടിച്ചൊതുക്കാന്‍ നോക്കിയതാണ് ഒരുപക്ഷേ അമേരിക്കയെ അകമേ ചൊടിപ്പിച്ചത്. അവ നിലനില്‍ക്കേണ്ടത് അമേരിക്കന്‍ താല്‍പര്യങ്ങളുടെ ഭാഗമായിരുന്നു. അതുകൊണ്ടു തന്നെ അക്കാലത്ത് ഇഫ്തിഖാര്‍ ചൗധരി പ്രിയങ്കരനായി മാറി.
അഴിമതിയുടെ പേരില്‍ പാകിസ്താനിലെ മാധ്യമങ്ങള്‍ക്കെതിരെ കര്‍ക്കശമായ നിലപാടെടുക്കാനൊരുങ്ങുകയാണ് ഇഫ്തിഖാര്‍ ചൗധരിയെന്നും കേള്‍ക്കാനുണ്ട്. മുശര്‍റഫിനെതിരെയും സര്‍ദാരിക്കെതിരെയും പാകിസ്താനിലെ ജനത രംഗത്തിറങ്ങുന്നതാണ് ന്യായാധിപന്മാര്‍ മുഖവിലക്കെടുക്കുന്നത്. ഈ ഭരണകൂടങ്ങള്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത് എന്നത് അവരൊരിക്കലും ചര്‍ച്ചക്കെടുക്കുന്നേയില്ല. അമേരിക്കന്‍ മാധ്യമങ്ങളെ ചൊടിപ്പിച്ചതും അതു തന്നെയാണെന്ന് കാണാം. ഗീലാനി അവരുടെ മാനസപുത്രനായിരുന്നു. അദ്ദേഹത്തിനു പകരം പി.പി.പിയില്‍ നിന്ന് വരുന്നത് ആരായാലും അവര്‍ അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കുമായിരിക്കാം. പക്ഷേ ഉപ്പോളം പോരുമോ ഉപ്പിലിട്ടത്?
പാകിസ്താനിലെ ജനാധിപത്യം എപ്പോഴൊക്കെ വഴിവിട്ടലഞ്ഞുവോ അപ്പോഴെല്ലാം ജുഡീഷ്യറിയാണ് കാര്യങ്ങളെ നേര്‍വഴിയില്‍ കൊണ്ടുവരുന്നതെന്നാണ് പ്രബലമായ ചിന്താഗതി. അമേരിക്കന്‍ പ്രസിഡന്റിന്റെ നേരംപോക്കിനു വേണ്ടി ഭരണമെന്ന പേരില്‍ ആസിഫ് അലി സര്‍ദാരി പാകിസ്താനില്‍ നടത്തിക്കൊണ്ടിരിക്കുന്ന 'പാവകളി'യെ സൈന്യമായാലും കോടതിയായാലും നിലക്കു നിര്‍ത്തുന്നതാണ് നല്ലതെന്ന് അവിടത്തെ പ്രതിപക്ഷവും മതസംഘടനകളും ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും നവാസ് ശരീഫിന്റെയും ഇംറാന്‍ ഖാന്റെയും രാഷ്ട്രീയ പാര്‍ട്ടികള്‍. നിഷ്പക്ഷമതികളായ വേറെ ചിലര്‍ ജനാധിപത്യ രാജ്യങ്ങളില്‍ ഭരണഘടനാ സംവിധാനങ്ങള്‍ പരസ്പരം പാലിക്കേണ്ട ബഹുമാനമനുസരിച്ച് കോടതി അല്‍പ്പം കൂടി ക്ഷമയവംലംബിക്കുകയാണ് ചെയ്യേണ്ടിയിരുന്നത് എന്ന അഭിപ്രായക്കാരാണ്. അവര്‍ പോലും സര്‍ദാരിയുടെ ഭരണത്തെ അനുകൂലിക്കുകയല്ല ചെയ്യുന്നത്. പാക് ജമാഅത്തും പുതിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുണ്ട്. അതേസമയം ഗീലാനിക്കെതിരെ ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ച പാകിസ്താന്‍ സുപ്രീം കോടതി ജഡ്ജി ഇഫ്തിഖാര്‍ ചൗധരിയുടെ മകന്‍ അര്‍സലാനെതിരെ മീഡിയയില്‍ ഉയരുന്ന അഴിമതി ആരോപണവും അന്വേഷിക്കേണ്ടതാണ് എന്നാണ് സംഘടനയുടെ നിലപാട്.
ഇതൊക്കെയാണെങ്കിലും പാകിസ്താനിലെ അടിമ ഭരണത്തെ ഈ കോടതിവിധി എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്നും പുതിയ പ്രധാനമന്ത്രി സുപ്രീം കോടതിയുടെ ഉത്തരവിന്‍ പടി ആസിഫ് സര്‍ദാരിയെ വിചാരണ ചെയ്യുമെന്നും ഇഫ്തിഖാര്‍ ചൗധരി എന്ന ചീഫ് ജസ്റ്റിസ് പാകിസ്താന്റെ ചരിത്രം മാറ്റിയെഴുതുമെന്നും മറ്റും ഇപ്പോഴത്തെ സംഭവങ്ങളെ വ്യാഖ്യാനിച്ചാല്‍ അത് പരമാബദ്ധമായി കലാശിക്കുകയേ ഉള്ളൂ. പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നത് മഖ്ദൂം അമീന്‍ ഫഹീം ആയാലും മഖ്ദൂം ശിഹാബുദ്ദീന്‍ ആയാലും ഗീലാനിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് അവര്‍ക്ക് മാറിനില്‍ക്കാനാവില്ല. ഏറ്റവുമൊടുവിലത്തെ വാര്‍ത്തയിലുള്ളത് അഴിമതിയുടെ കാര്യത്തില്‍ നിയുക്ത പ്രധാനമന്ത്രി പാകിസ്താന്റെ പ്രസിഡന്റിനേക്കാള്‍ ഒട്ടും മോശമല്ല എന്നാണ്. മയക്കു മരുന്ന് കള്ളക്കടത്ത് കേസില്‍ ശിഹാബുദ്ദീനെതിരെ കറാച്ചിയിലെ ഒരു കോടതി അറസ്റ്റ് വാറന്റ് അയച്ചു കഴിഞ്ഞു. ഏറ്റുമുട്ടല്‍ കനക്കുകയാണെന്നര്‍ഥം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍