Prabodhanm Weekly

Pages

Search

2012 ജൂണ്‍ 30

എല്ലാം ചോരപ്പൂക്കളല്ല!

അബ്ദുറഹ്മാന്‍, കൊടിയത്തൂര്‍

ചോര നനഞ്ഞു വളര്‍ന്ന സ്റ്റാലിനിസ്റ്റ് പൂമരം' എന്ന എ.വി ഫിര്‍ദൗസിന്റെ ലേഖനത്തിനുള്ള (ലക്കം 3) പ്രതികരണമാണിത്. മുതലാളിത്തം, സവര്‍ണാധിപത്യം, ഫ്യൂഡല്‍ പ്രഭുത്തം, അടിമത്തം തുടങ്ങിയ തിന്മകള്‍ സമൂഹത്തില്‍ ശക്തി പ്രാപിച്ച ഒരു കാലഘട്ടത്തിലാണ്, അധ്വാനിക്കുന്ന ജനവിഭാഗം അധികാരം വാഴുന്ന പുതിയ ലോകക്രമത്തിന്റെ സ്വപ്നവുമായി സോഷ്യലിസത്തിന്റെ ആശയപരിസരത്ത് കമ്യൂണിസം രംഗപ്രവേശം ചെയ്യുന്നത്. അതിന്റെ പ്രാവര്‍ത്തിക രൂപമായി സോവിയറ്റ് യൂനിയന്‍ നിലവില്‍ വന്നു. പ്രത്യയശാസ്ത്രത്തിനപ്പുറം അവിടെ ആയുധബലവും പ്രയോഗിക്കപ്പെട്ടുവെന്നത് നേരാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍, അതിന്റെ രീതിശാസ്ത്രവുമായി ബന്ധപ്പെട്ട് രണ്ട് ധാരകള്‍ രൂപപ്പെട്ടതിനെ ന്യായീകരിക്കാമെങ്കില്‍, ഒരു വിപ്ലവം വിജയിപ്പിക്കുന്നേടത്ത് പ്രതിയോഗികളുടെ രക്തം കുറേയൊക്കെ ചിന്തിയേക്കാമെന്ന് കരുതുന്നതിലും തെറ്റില്ല. കമ്യൂണിസത്തിന്റെ വളര്‍ച്ചയില്‍ രംഗത്തുവന്ന മാവോയിസവും നക്‌സല്‍ പ്രസ്ഥാനവുമൊക്കെ താത്ത്വികാചാര്യന്മാര്‍ ഭാവനയില്‍ കണ്ടതാവണമെന്നില്ല. ഭരണകൂട ഭീകരത കമ്യൂണിസത്തിന്റെ മാത്രം നയമായിരുന്നില്ല. ടിയാനന്‍മെന്‍ സ്‌ക്വയറിലും മറ്റും നടന്ന നരമേധങ്ങള്‍ പോലെ അപലപിക്കപ്പെടേണ്ട ഭരണകൂട ഭീകരതകള്‍ ഇന്ത്യയില്‍ നിരവധി ഉണ്ടായിട്ടുണ്ട്.
ബി.ജെ.പി ഭരണത്തില്‍ ഗുജറാത്തില്‍ നടന്ന വംശീയ ഉന്മൂലനവും കോണ്‍ഗ്രസ് ഭരണത്തില്‍ ദല്‍ഹിയിലും പരിസരത്തും നടന്ന സിക്ക്‌വിരുദ്ധ കലാപവും എത്രയേറെ നിരപരാധികളെയാണ് കൊന്നൊടുക്കിയത്. ആ രാഷ്ട്രീയ പാര്‍ട്ടികള്‍ ചോര നനഞ്ഞു വളര്‍ന്നതാണെന്ന് വിലയിരുത്താമോ?
കേരളത്തിന്റെ വര്‍ത്തമാനകാല സംഭവങ്ങളെ പ്രതി, കമ്യൂണിസത്തിന് ചോരയുടെ നിറം ചാര്‍ത്തുമ്പോഴും ലോകത്ത് കഴിഞ്ഞ നൂറ്റാണ്ടില്‍ കമ്യൂണിസ്റ് ചേരിയുടെ പ്രഭാവത്താല്‍ നിലനിന്ന സന്തുലിതത്ത്വവും സോവിയറ്റ് യൂനിയന്റെ പതനത്തോടെ അത് നഷ്ടപ്പെട്ടപ്പോള്‍ മുതലാളിത്ത സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏകപക്ഷീയ ചോരക്കളികളും മറന്നു പോകരുത്. അതിന്റെ ഫലമാണ് ഇറാഖിലെയും അഫ്ഗാനിലെയും ലക്ഷക്കണക്കിന് മനുഷ്യ മക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്, ഇപ്പോള്‍ ഇറാനിലും പാകിസ്താനിലും അത് ദംഷ്ടങ്ങളുമായി പാഞ്ഞടുക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏതാണ്ടെല്ലാ രാഷ്ട്രീയക്കാരും പ്രതിസ്ഥാനത്തുണ്ട്. ഇപ്പോള്‍ സി.പി.എമ്മിന്റെ സ്കോര്‍ അല്‍പം കൂടിപ്പോയെന്നേയുള്ളൂ. കേരളത്തിലെ ബോംബ് സ്ഫോടനങ്ങളില്‍ പ്രതിയോഗികളേക്കാളധികം കൊല്ലപ്പെട്ടത് നിര്‍മാതാക്കളാണെന്നതും അതില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരും ഉണ്ടെന്നതും നമുക്കറിയാവുന്നതാണല്ലോ. സി.പി.എം, ആര്‍.എസ്.എസ്, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് തുടങ്ങി ഒരു കക്ഷിക്കും ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ല.
ജമാല്‍ കടന്നപ്പള്ളി
സാറാഹുസൈന്‍ എഴുതിയ Voice of Resistence Muslim Women on War, Faith And Sexuality എന്ന പുസ്തകത്തെ പരിചയപ്പെടുത്തിയ ഉമ്മുല്‍ ഫാഇസയെ അഭിനന്ദിക്കട്ടെ.
ഇസ്ലാമിനെതിരിലുള്ള മുതലാളിത്ത ഗൂഢാലോചനയുടെ സ്റീരിയോടൈപ്പ് ആരോപണങ്ങളുടെ മുനയൊടിക്കുന്നതും ഒപ്പം മുസ്ലിം ലോകത്തിന്റെ ധൈഷണിക വളര്‍ച്ചക്ക് വളം നല്‍കുന്നതുമായ ഇത്തരം സംരംഭങ്ങള്‍ തീര്‍ച്ചയായും കാലഘട്ടം ആവശ്യപ്പെടുന്നതാണ്. ലോകനേതൃത്വം കൈയേല്‍ക്കേണ്ടുന്ന ഇസ്ലാമിന്റെ വക്താക്കള്‍ ഇനിയും ഉറങ്ങിക്കൂടാത്തതാണ്. ചില വീക്ഷണ വിയോജിപ്പുകള്‍ നമുക്കുണ്ടാവാമെങ്കിലും, ഓരോ വിശ്വാസിയും ജാഗ്രത്തായ മനസ്സോടെ ഉണര്‍ന്നിരിക്കാനാണ് സാറാ ഹുസൈന്റെ ആഹ്വാനം.
'അര്‍ബുദ വാഹിനികള്‍' പറയുന്നത്
നിയാസിന്റെ 'അര്‍ബുദ വാഹിനി' വായിച്ചു (ലക്കം 1). ഇത്രയേറെ മൊബൈല്‍ ടവറുകള്‍ ഇവിടെ ഉയരാന്‍ കാരണമായ നമ്മുടെ തന്നെ അടങ്ങാത്ത മൊബൈല്‍ ഫോണ്‍ ആര്‍ത്തിയെക്കുറിച്ച് ഗൌരവമായ ചിന്തക്ക് കവിത പ്രചോദനമായി. അനിയന്ത്രിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍നിന്നുണ്ടാകുന്ന മാരക മുഴകളാണ് നമ്മുടെ കണ്‍മുന്നില്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്ന ഓരോ ടവറുമെന്ന് പറയാം.
മൊബൈല്‍ ഫോണില്‍ നിന്ന് മാരകമായ ഇലക്ട്രോണിക് കാന്തിക തരംഗങ്ങള്‍ പുറംതള്ളുന്നുണ്ട്. പോക്കറ്റിലും തലയണക്കടിയിലും കുഞ്ഞുങ്ങളുടെയടുത്തുമെല്ലാം ലാഘവത്തോടെ നാം മൊബൈല്‍ ഫോണ്‍ വെക്കാറുണ്ട്. ടവറുകളില്‍നിന്ന് ഉണ്ടാകുന്ന റേഡിയേഷനേക്കാള്‍ കൂടുതല്‍ റേഡിയേഷന്‍ നമ്മള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍നിന്നാണ് ഉണ്ടാകുന്നത്. ഇതിന്റെ അപകട സാധ്യതകള്‍ മനസ്സിലാക്കി ഉപയോഗം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ എവിടെയും നടക്കുന്നുമില്ല.
മുഹ്സിന്‍ അലി മട്ടാഞ്ചേരി
വി.എം ഷാനവാസ് പെരിങ്ങോട്ടുകര
ലക്കം 2-ലെ പ്രകാശവചനത്തില്‍ അബൂദര്‍റ് എഴുതിയ ആദര്‍ശ സാഹോദര്യത്തിന്റെ മാധുര്യം നന്നായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാം സമയം ചെലവഴിച്ചാല്‍ അല്ലാഹു നമ്മെ ഇഷ്ടപ്പെടും. സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്ന സുഹൃത്താണ് നമ്മളെ നല്ല വഴിയിലാക്കുന്നത്.
വഴിമുടക്കരുത്
ഇസ്ലാമിക ആദര്‍ശത്തിന്റെ ഔന്നത്യം വിളംബരം ചെയ്യുന്ന, ഖുര്‍ആനും നബിവചനങ്ങളും ഉദ്ധരിച്ച് സദ്റുദ്ദീന്‍ വാഴക്കാട് എഴുതിയ 'ഇസ്ലാമിക നാഗരികത സഞ്ചാരസ്വാതന്ത്യ്രം സംരക്ഷിച്ചതെങ്ങനെ' (ലക്കം 2) തികച്ചും അവസരോചിതമായി. ഏറ്റവും ശ്രേഷ്ഠതയുള്ള ആരാധനാകര്‍മമായ നമസ്കാരം പോലും റോഡില്‍ വെച്ച് നിര്‍വഹിക്കുന്നത് നബി നിരുത്സാഹപ്പെടുത്തിയതായി ലേഖനത്തില്‍ കണ്ടു. പക്ഷേ പ്രായോഗികതലത്തില്‍ എന്താണ് സ്ഥിതി? സ്വന്തം അനുഭവത്തില്‍ നിന്നും ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:
വര്‍ഷങ്ങള്‍ക്കു മുമ്പ്, ശിവഗിരിയില്‍ ഒരു പ്രതിമയെ ആരോ അവഹേളിച്ചതില്‍ പ്രതിഷേധിച്ച്, മുസ്ലിം പണ്ഡിതന്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ബന്ദ് നടത്തി (അന്ന് ബന്ദ് നിരോധിച്ചിട്ടില്ലായിരുന്നു). റോഡിനു കുറുകെ തടസ്സം സൃഷ്ടിച്ച് ഗതാഗതം സ്തംഭിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ എന്റെ ഭാര്യാ സാഹോദരന്‍ മരിച്ചതറിഞ്ഞ് ഞങ്ങള്‍ കോട്ടയത്തു നിന്ന് ചങ്ങനാശ്ശേരിക്ക് പുറപ്പെട്ടു. പല തടസ്സങ്ങളും അതിജീവിച്ച് ചിങ്ങവനത്തെത്തി. റോഡിനു കുറുകെ പഴയ ടയറുകള്‍ നിരത്തിയിട്ട് തീയിട്ടിരിക്കുന്നു. 'ഏതവന്‍ മരിച്ചാലും പോവാന്‍ പറ്റുകയില്ല' എന്നു പറഞ്ഞ് ഒരുകൂട്ടം പ്രവര്‍ത്തകര്‍ വളരെ നേരം ഞങ്ങളെ തടഞ്ഞിട്ടു. അതുവഴി വന്ന പരിചയക്കാരനായ പോലീസ് ഉദ്യോഗസ്ഥനാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്. 'വഴി തടയുന്നവന്‍ ശപിക്കപ്പെട്ടവനാണെ'ന്ന ലേഖനത്തിലുദ്ധരിച്ച നബിവചനം സമരാഹ്വാനം ചെയ്ത നേതാവിന് അറിവിയില്ലായിരുന്നോ, അതോ അദ്ദേഹത്തിന് നബിവചനം ബാധകമല്ലേ?
ഒരു വെള്ളിയാഴ്ച കോട്ടയത്തേക്ക് പോവുന്ന വഴി തൊടുപുഴയെത്തി. ഒരു സംഘം പ്രകടനക്കാര്‍ നടുറോഡില്‍ പ്രത്യക്ഷപ്പെട്ടു. ഞാനും ഭാര്യയും മാത്രം കാറില്‍. ചുറ്റും നടന്ന് ശക്തിയായി ഇടിച്ച് കാറ് കേടുവരുത്തി അവര്‍. സംസാരമാകട്ടെ അസഹ്യവും. ഒരു അപക്വമതിയായ പ്രഫസര്‍, നബിയെ ആക്ഷേപിച്ച് ചോദ്യപേപ്പര്‍ തയാറാക്കിയതിന്റെ പ്രതികാരം നിരപരാധികളായ വഴിയാത്രക്കാരോട് തീര്‍ക്കുകയായിരുന്നുവത്രെ അവര്‍. ഇസ്ലാമിന്റെ മഹത്തായ ആദര്‍ശസംഹിതയും പൂര്‍വകാല പാരമ്പര്യവും എവിടെ? നമ്മുടെ സംസ്കാരവും പ്രവര്‍ത്തനങ്ങളുമെവിടെ? പ്രയോഗത്തില്‍ വരുത്താത്ത ആദര്‍ശങ്ങള്‍ കൊണ്ട് ആര്‍ക്കെന്ത് പ്രയോജനം?
ഡോ. എം. ഹനീഫ്, മെഡിക്കല്‍ കോളേജ്, കോട്ടയം
ഇസ്ലാമിക 
നാഗരികതയെക്കുറിച്ച് 
ജമാഅത്ത് പ്രവര്‍ത്തകനല്ലെങ്കിലും പത്തുവര്‍ഷമായി പ്രബോധനം വാരികയുടെ വായനക്കാരനാണ് ഞാന്‍. ഇസ്ലാമിനെ കുറിച്ച പഠനങ്ങള്‍ തന്നെയാണ് പ്രബോധനത്തിന്റെ ഏറ്റവും വലിയ സവിശേഷത. 'ഇസ്ലാമിന്റെ സമകാലിക വായന' എന്ന പഴയ പരസ്യവാചകം ആ നിലക്ക് ഏറെ ശ്രദ്ധേയമായിരുന്നു. ആനുകാലിക പ്രശ്നങ്ങളെ കുറിച്ചറിയാന്‍ ചാനല്‍ കാലത്ത് വലിയ പ്രയാസമില്ല. എന്നാല്‍, അവയുടെ ഇസ്ലാമിക വീക്ഷണം മനസ്സിലാക്കാന്‍ പ്രബോധനം മാത്രമേ ഉള്ളൂ.
ലക്കം 2-ല്‍ സദ്റുദ്ദീന്‍ വാഴക്കാട് എഴുതിയ 'ഇസ്ലാമിക നാഗരികതയിലെ സഞ്ചാര സ്വാതന്ത്യ്രം' എന്ന ലേഖനം ആ നിലക്ക് ഏറെ മൂല്യവത്താണ്. സംസ്കാരവും നാഗരികതയും ഏറെ ചര്‍ച്ചയാകുന്ന ഇക്കാലത്ത് ഇസ്ലാമിക നാഗരികതയുടെ മഹത്തായ സംഭാവനകള്‍ എന്തുകൊണ്ട് പ്രബോധനം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നില്ല? ലേഖകന്‍ ഇത്തരം പഠനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
അബ്ദുര്‍റഹ്മാന്‍ മൈലോത്ത് 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍