Prabodhanm Weekly

Pages

Search

2012 ജൂണ്‍ 30

പാര്‍ലമെന്റിന് അകാല വാര്‍ധക്യം?

യാസീന്‍ അശ്‌റഫ്

''ആധുനിക ജനാധിപത്യത്തെ ബാധിച്ച അര്‍ബുദം ഇതാണ്- ഒരു ശതമാനം മാത്രം വരുന്ന അധികാരസ്ഥര്‍ 99 ശതമാനത്തിനു വേണ്ട നയങ്ങള്‍ തീരുമാനിക്കുന്നു''
- ഒക്യുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍
നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കെതിരെ ജനങ്ങളുടെ അഭിലാഷത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ജനായത്തത്തിന്റെ രീതി. ജനാധിപത്യത്തിന്റെ ഒരു പ്രായോഗിക ആവിഷ്‌കാരമാണ് ഇന്ത്യയിലേതുപോലുള്ള പാര്‍ലമെന്ററി സംവിധാനം. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന കരുത്തുറ്റ വ്യവസ്ഥിതികളിലൊന്നായ ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തെ വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ നേരമായിരിക്കുന്നു. 1952 മെയ് 13-നാണ് സ്വതന്ത്ര ഇന്ത്യയിലെ പാര്‍ലമെന്റ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. കഴിഞ്ഞ മാസം അതിന്റെ അറുപതാം വാര്‍ഷികമായിരുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തായ തെരഞ്ഞെടുപ്പുകളും സര്‍വതലസ്പര്‍ശിയായ പ്രാതിനിധ്യ ജനായത്തവും ഇന്ത്യന്‍ പാര്‍ലമെന്റുമായി ബന്ധപ്പെടുത്തിയാണ് അറിയപ്പെടുന്നത്. രക്തരൂഷിതവും അക്രമോത്സുകവുമായ സാമൂഹിക വിപ്ലവത്തിനുള്ള ബദലാണത്. ബഹുകക്ഷി ജനാധിപത്യം, കൂട്ടുകക്ഷി ഭരണവ്യവസ്ഥ, ഫെഡറല്‍ ഭരണരീതി തുടങ്ങിയവ ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം ലോകത്തിനു സമര്‍പ്പിച്ച മാതൃകകളാണ്.
ജനപ്രതിനിധികളടങ്ങുന്ന അസംബ്ലിയും പാര്‍ലമെന്റും ജനഹിതം ശരിയായി പ്രതിഫലിപ്പിക്കുമെന്നാണ് സങ്കല്‍പം. ഭരണത്തിന്റെ കുറ്റവും കുറവും കണ്ട് തിരുത്തുക, ധനവ്യയത്തിനു മേല്‍നോട്ടം വഹിക്കുക, പദ്ധതികളും വിദേശബന്ധങ്ങളും ദേശീയ നയങ്ങളും ജനഹിതത്തിനനുരൂപമാക്കുക തുടങ്ങിയവയാണ് ജനപ്രതിനിധിസഭകളുടെ ഉത്തരവാദിത്വങ്ങള്‍. ഇവ നിറവേറ്റാന്‍ ഉന്നത വ്യക്തികളും പാര്‍ട്ടികളും ശ്രമിച്ച സന്ദര്‍ഭങ്ങള്‍ പാര്‍ലമെന്റ് ചരിത്രത്തിലുണ്ട്.
സാമ്പത്തിക നീതിയും സാമൂഹികനീതിയും നേടിയെടുക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ ഉപകരണമായി പാര്‍ലമെന്ററി ജനായത്തത്തെ എണ്ണാറുണ്ട്. ഇന്ത്യയില്‍ വിവിധ വിഭാഗങ്ങളുടെ ശബ്ദം കേള്‍ക്കാതാകുന്ന അവസ്ഥയുണ്ടെന്ന് പറഞ്ഞുകൂടാ. എന്നാല്‍ പ്രാതിനിധ്യ ജനായത്തത്തില്‍നിന്ന് പ്രതീക്ഷിക്കപ്പെട്ട അളവില്‍ നീതി ലഭ്യമായിട്ടില്ല. പണാധിപത്യം തെരഞ്ഞെടുപ്പുകളെയും പാര്‍ലമെന്റിനെയും ഭരണകൂടത്തെയുമെല്ലാം ആവേശിച്ചതുതന്നെ ഒരു കാരണം. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനമുണ്ട് ഇന്ത്യക്ക് (ഫോര്‍ബ്‌സ് മാഗസിന്‍). 36 ശതകോടീശ്വരന്മാര്‍. അതേസമയം പട്ടിണിപ്പാവങ്ങളുടെ എണ്ണത്തിലും നാം മുന്നില്‍ തന്നെ. ഭരണത്തിലേറിയ ശേഷം സ്വത്ത് വാരിക്കൂട്ടിയ രാഷ്ട്രീയക്കാരുടെ പട്ടിക വലുതാണ്. 2004-ലും 2009-ലും മത്സരിച്ചു ജയിച്ച 304 പാര്‍ലമെന്റംഗങ്ങളുടെ ശരാശരി സ്വത്ത് 1.9 കോടി രൂപയില്‍നിന്ന് 4.8 കോടിയായി കുതിച്ചുയര്‍ന്നത് ഒരു ഉദാഹരണം മാത്രം. ഇന്നത്തെ എം.പിമാരുടെ ശരാശരി പ്രതിശീര്‍ഷ ആസ്തി 5.33 കോടി രൂപയാണ്. ഇവര്‍ക്കെങ്ങനെ 'ആം ആദ്മി'യുടെ വേദന മനസിലാകും?
ബ്രിട്ടീഷ് പാര്‍ലമെന്റാണ് ഇന്ത്യന്‍ പാര്‍ലമെന്റ് സംവിധാനത്തിന്റെ മൂലമാതൃക. ബ്രിട്ടീഷ് പാര്‍ലമെന്റാകട്ടെ, രാജാവിനു വേണ്ടി യുദ്ധച്ചെലവുകള്‍ അനുവദിച്ച് അവക്ക് നിയമസാധുത നല്‍കുന്നതിനു മാത്രമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. പിന്നീട് അത് രാജാവിനുമേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുകയായിരുന്നു. നാം മാതൃകയായി സ്വീകരിച്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ജനിതകദോഷം അത്തരം സംവിധാനത്തെ അപ്പാടെ ദുഷിപ്പിച്ചെന്ന് കരുതുന്നത് ശരിയാവില്ല. എന്നാല്‍, രാജ്യത്തിന്റേതല്ലാത്ത വ്യാവസായിക, സൈനിക, സാമ്പത്തിക താല്‍പര്യങ്ങള്‍ക്കനുസൃതമായ നിയമങ്ങളുണ്ടാക്കി അവക്ക് ഔപചാരിക സാധുത നല്‍കുക നമ്മുടെ പാര്‍ലമെന്റിന്റെ ധര്‍മങ്ങളില്‍ ഉള്‍പ്പെട്ടുവോ എന്ന ചോദ്യം ഇന്ന് ഉയരുന്നുണ്ട്. ജനകീയ സഭയായ പാര്‍ലമെന്റ് ജനവിരുദ്ധ നയനിലപാടുകള്‍ക്ക് സാധുത നല്‍കുന്നുണ്ടെങ്കില്‍ അത് ഗൗരവത്തിലുള്ള പരിശോധന അര്‍ഹിക്കുന്നു. ആഗോള സൈനിക-വ്യാവസായിക ശക്തികളുടെ 'ഫെസിലിറ്റേറ്ററാ'യി ജനാധിപത്യം മാറുന്നു എന്നാകുമല്ലോ അതിനര്‍ഥം.
പാര്‍ലമെന്റ് യോഗം ചേരുന്ന വേളകള്‍ കുറഞ്ഞിരിക്കുന്നു എന്നതു മാത്രമല്ല പ്രശ്‌നം. പാര്‍ലമെന്റിന്റെ അധികാരവും ആധികാരികതയും ചോരുന്നു. ജനതാല്‍പര്യങ്ങള്‍ക്കപ്പുറത്ത് മറ്റു പരിഗണനകള്‍ വരുന്നു. ഇപ്പോഴത്തെ ഒരു 'നടപ്പുദീനം' ഇതിന്റെ നേര്‍തെളിവാണെന്നു പറയാം. എണ്ണ ഇന്ധനങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞുകൊണ്ടിരിക്കുന്നു. പെട്രോളിനു പിറകെ ഡീസലും ആ വഴിക്കാണ്. ധനക്കമ്മി കുറച്ച് സമ്പദ്ഘടനയെ ശക്തിപ്പെടുത്താനാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണവും സബ്‌സിഡിയും എടുത്തുകളയുന്നതത്രേ. എന്നാല്‍ കഴിഞ്ഞ വര്‍ഷം വന്‍കിട കമ്പനികള്‍ക്ക് വേണ്ടി 'മുന്‍കൂര്‍ എഴുതിത്തള്ളിയ' നികുതി (ൃല്‌ലിൗ ളീൃലഴീില) അഞ്ചേകാല്‍ ലക്ഷം കോടി രൂപയിലധികം (5.29 ലക്ഷം കോടി) വരും. 2004 മുതല്‍ ഇങ്ങനെ കമ്പനികള്‍ക്കും അവയുടെ മേധാവികള്‍ക്കുമായി കൊടുത്ത നികുതിയിളവുകള്‍ 26 ലക്ഷം കോടിയാണ് (ബജറ്റ് രേഖകളെ ഉദ്ധരിച്ച് ഡോ. ദേവിന്ദര്‍ ശര്‍മ കണക്കുകൂട്ടിയത്). തമാശ അതല്ല. പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കമ്പനികള്‍ക്ക് വമ്പിച്ച നികുതിയിളവും നല്‍കുന്നുണ്ട് (2012-'13-ല്‍ 58,190 കോടി രൂപ ഇങ്ങനെ കൊടുത്തു). വാസ്തവത്തില്‍ 5.29 ലക്ഷം കോടി നികുതിയിളവ് വന്‍കിടക്കാര്‍ക്ക് കൊടുക്കാതിരുന്നാല്‍ തന്നെ ധനകമ്മി (ഇപ്പോള്‍ 5.2 ശതമാനം) ഇല്ലാതാക്കാം. അപ്പോള്‍ ജനങ്ങള്‍ക്കു മേല്‍ പെട്രോള്‍ വില അധികം ചുമത്തുന്നത് ധനക്കമ്മി ഇല്ലാതാക്കാനെന്നതിനേക്കാള്‍ കുത്തകകള്‍ക്ക് ഇളവ് നല്‍കാനാണെന്നു വരുന്നു. ഇത്തരം നിയമങ്ങള്‍ ജനപ്രതിനിധികളല്ല മറ്റാരൊക്കെയോ ആണ് എഴുതുന്നത്. പാര്‍ലമെന്റ് വേണ്ടത്ര ഗൗരവത്തോടെ അവ ചര്‍ച്ച ചെയ്യുന്നില്ല.
വിദേശ നയത്തിലെ യു.എസ് വിധേയത്വമോ ആണവ കരാറോ പാര്‍ലമെന്റിന്റെ സമ്മതത്തോടെയല്ല നടപ്പിലാവുന്നത്. ആണവ കരാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പ്രസിഡന്റ് ബുഷും ഒപ്പുവെച്ച ശേഷമാണ് രാജ്യം അറിഞ്ഞത്. അതു സംബന്ധിച്ച ബില്ലിനെതിരെ ഭരണപക്ഷത്തു തന്നെയുള്ള ഇടതുപക്ഷം ശക്തിയായി എതിര്‍ത്തപ്പോള്‍ തീര്‍ത്തും അധാര്‍മികമായി എം.പിമാരെ മന്ത്രിസ്ഥാനം കാണിച്ചും തെരഞ്ഞെടുപ്പ് ടിക്കറ്റ് വാഗ്ദാനം ചെയ്തും മറ്റും അത് പാസാക്കിയെടുത്തു. അടിയന്തരാവസ്ഥക്കു ശേഷം പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയ സന്ദര്‍ഭമായി അത്. ജനഹിതമനുസരിച്ച് പാര്‍ലമെന്റ് തീര്‍പ്പ് കല്‍പിക്കുക എന്ന രീതിക്കു പകരം നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കനുസൃതമായി പാര്‍ലമെന്റിലെ ഭൂരിപക്ഷം തട്ടിക്കൂട്ടുക എന്ന രീതി വന്നു. ജനഹിതത്തെത്തന്നെയും വേണ്ടുംവിധം പരുവപ്പെടുത്തിയെടുക്കാന്‍ കോഴയും വര്‍ഗീയതയും മറ്റും വഴി സാധിക്കുന്നു എന്നതും ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥിതിയുടെ പോരായ്മകളില്‍ പെടുന്നു. എം.പിമാരെ കോഴകൊടുത്ത് വശത്താക്കിയ സന്ദര്‍ഭങ്ങളും, വര്‍ഗീയവികാരമുണര്‍ത്തി നരേന്ദ്രമോഡിയെപ്പോലുള്ളവര്‍ വീണ്ടും വീണ്ടും അധികാരം പിടിക്കുന്നതും ഉദാഹരണം.
ഇന്ത്യയുടെ വിദേശനയം ചേരിചേരായ്മയിലും സമാധാനവാദത്തിലും അധിഷ്ഠിതമായിരുന്നു. ജനങ്ങള്‍ അതിന് പിന്തുണയും നല്‍കിയിരുന്നു. ഇത് അമേരിക്കന്‍ വിധേയത്വമായും സൈനികവത്കരണ രീതിയായും മാറിയത് ജനങ്ങള്‍ മനസ്സുമാറ്റിയിട്ടല്ല. ജനഹിതത്തിനും പാര്‍ലമെന്ററി ജനായത്തത്തിനും മുകളില്‍ മറ്റു കോര്‍പറേറ്റ് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഫലസ്ത്വീന്‍, ഇറാന്‍ തുടങ്ങി അനേകം രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇന്നത്തെ ബന്ധം ജനഹിതം പ്രതിഫലിപ്പിക്കുന്നില്ല. ഇവിടെയും നിയമനിര്‍മാണമോ നയരൂപീകരണമോ നടത്തുന്നത് പാര്‍ലമന്റല്ല, ബാഹ്യശക്തികളാണ്.

*******
''ഫാഷിസത്തിന് കൂടുതല്‍ യോജിക്കുന്ന പേര് കോര്‍പറേറ്റിസം എന്നാണ്- കാരണം ഭരണകൂടവും കോര്‍പറേറ്റ് അധികാരവും തമ്മിലുള്ള കൂടിച്ചേരലാണത്''-ബനിതോ മുസോളിനി

കോര്‍പറേറ്റ് ആധിപത്യത്തിന് (രീൃുീൃമീേരൃമര്യ) സൗകര്യം ചെയ്തുകൊടുക്കുന്ന ഇടയാളന്‍ എന്ന പങ്ക് ഇന്ന് പാര്‍ലമെന്ററി ജനായത്തത്തിനുണ്ട്. അമേരിക്കയിലെന്ന പോലെ ഇന്ത്യയിലും ഇത് അനുഭവവേദ്യമാണ്. സാമൂഹിക മേഖലകളില്‍നിന്ന് ഭരണകൂടം പിന്‍വാങ്ങുന്നു; ലോബിയിങ്ങും 'ചങ്ങാത്ത മുതലാളിത്ത' (രൃീി്യ രമുശമേഹശാെ)വും വഴി കോര്‍പറേറ്റ് ഭീമന്മാര്‍ ആ ഇടങ്ങള്‍ കൈവശപ്പെടുത്തുന്നു; അടുത്ത പടിയായി, പാര്‍ലമെന്റുകള്‍ക്ക് പാസാക്കുന്നതിനു വേണ്ടി നിയമങ്ങള്‍ എഴുതി തയാറാക്കി കൊടുക്കുകയും ചെയ്യുന്നു ('പെയ്ഡ് ന്യൂസി'ന്റെ മാതൃകയില്‍ 'പെയ്ഡ് നിയമ നിര്‍മാണ'വുമുണ്ടെന്ന് യു.എസില്‍ നിന്നുള്ള പുതിയ വിശേഷം). ഇങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് രണ്ടു രാജ്യങ്ങളിലും കോര്‍പറേറ്റുകള്‍ പാര്‍ലമെന്ററി ജനായത്തത്തെ റാഞ്ചുന്നത്. ആദ്യം ഭരണകൂടത്തെ സ്വാധീനിക്കുക; പിന്നെ ഭരണം തന്നെ ഏറ്റെടുക്കുക.
ഇന്ത്യയില്‍ പാര്‍ലമെന്റിലെ ചര്‍ച്ച കൂടാതെയാണ് (ചിലപ്പോള്‍ നാമമാത്ര ചര്‍ച്ചയോടെ) വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പ്രവേശമനുവദിക്കുന്നത്. നിലവിലെ പരിസ്ഥിതി, വനം നിയമങ്ങള്‍ക്കെതിരായിട്ടും കൊറിയന്‍ കുത്തകകള്‍ക്കായി 'പോസകോ' സ്റ്റീല്‍ കമ്പനിക്ക് അനുമതി നല്‍കുന്നു; ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി നല്‍കുന്നു; ടാറ്റാ സ്റ്റീല്‍ (ഒഡീഷ), ഖനി വ്യവസായങ്ങള്‍ (ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഗോവ), കൂറ്റന്‍ അണക്കെട്ടുകള്‍ (ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്), ആണവശാലകള്‍ (കൂടങ്കുളം, ജയ്താപൂര്‍, മീഠി വിര്‍ദി, ഫതഹാബാദ്, കൊവ്വഡ, ചുട്ക) എന്നിവയെല്ലാം ജനങ്ങളുടെ ന്യായമായ എതിര്‍പ്പ് വകവെക്കാതെയാണ് വരുന്നത്. ഗുണദോഷ വിചാരങ്ങളും ജനങ്ങളുടെ പ്രയാസങ്ങളുമെല്ലാം ചര്‍ച്ചക്കു വരേണ്ടിയിരുന്നത് പാര്‍ലമെന്റിലാണ്. അവിടെ തീരുമാനങ്ങളറിയിക്കലല്ലാതെ ആലോചനകളോ ജനകീയ വികാരങ്ങളുടെ പ്രതിഫലനമോ ഉണ്ടാകുന്നില്ല.
1991-ല്‍ നരസിംഹറാവുവും മന്‍മോഹന്‍ സിംഗും തുടങ്ങിവെച്ച നവലിബറല്‍ നയനിലപാടുകള്‍ രാജ്യത്തിന്റെ സോഷ്യലിസ്റ്റ് പ്രതിബദ്ധതക്ക് നേര്‍വിപരീതമായിരുന്നു. ഗാട്ടു പോലുള്ള കരാറുകള്‍ ഭരണഘടനയിലെ സോഷ്യലിസ പ്രഖ്യാപനത്തിന് വിരുദ്ധമായിട്ടു പോലും അത്തരം ഒരു വ്യതിയാനവും പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വന്നില്ല. പാര്‍ലമെന്റിനെ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം അവഗണിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നതിന്റെ വ്യക്തമായ രേഖയാണ് 2011 ഡിസംബര്‍ 16-ന് സബോര്‍ഡിനേറ്റ് ലെജിസ്‌ലേഷന്‍ പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച 84 പേജ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള പി. കരുണാകരന്‍ എം.പിയാണ് കമ്മിറ്റി തലവന്‍. ആണവാപകടം സംഭവിച്ചാല്‍ വിദേശ വിതരണക്കാരെ അടക്കം ഉത്തരവാദികളാക്കുന്ന 2010-ലെ നിയമം പാര്‍ലമെന്റ് പാസാക്കിയ ശേഷം 2011-ല്‍ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് റൂള്‍സ് ഇറക്കി അതിനെ മറികടന്നു. പ്രധാനമന്ത്രിയും യു.എസ് പ്രസിഡന്റും നവംബറില്‍ നടത്തിയ ചര്‍ച്ച പ്രകാരമായിരുന്നു അത്. കുറ്റവാളികള്‍ക്ക് ഉത്തരവാദിത്വ പരിധി 80 വര്‍ഷമായിരുന്നത് 5 വര്‍ഷമായി ചുരുക്കി. ന്യൂക്ലിയര്‍ സേഫ്റ്റി ബില്ലിനെ പറ്റി എട്ടിലേറെ സെക്രട്ടറിമാര്‍ പാര്‍ലമെന്റ് സ്ഥിരം സമിതിയോട് ആശങ്ക അറിയിച്ചിട്ടും തിടുക്കത്തില്‍ അത് ചുട്ടെടുത്തു. യൂനിയന്‍ കാര്‍ബൈഡിനെതിരായ നടപടി, ആധാര്‍ പദ്ധതി തുടങ്ങി ഒട്ടനേകം വിഷയങ്ങളില്‍ പാര്‍ലമെന്റിനെ അവഗണിച്ചു. ഇത്തരം ധിക്കാരങ്ങളുടെ ഒരു പട്ടികതന്നെ കരുണാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട് (toxicswatch.blogspot.com ).
ചങ്ങാത്ത മുതലാളിത്തമെന്ന രോഗം ഇന്ത്യന്‍ ഭരണവ്യവസ്ഥയെയും ബാധിച്ചു കഴിഞ്ഞു. ലോബിയിങ് (അധികാര കേന്ദ്രങ്ങളെ എങ്ങനെയും സ്വാധീനിക്കല്‍) ഒരു സ്ഥാപിത സമ്പ്രദായമായിക്കൊണ്ടിരിക്കുന്നു. ന്യൂദല്‍ഹിയില്‍ മാത്രം ഇന്ന് 30-ലേറെ പ്രമുഖ കോര്‍പറേറ്റ് ലോബിയിങ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഇന്റഗ്രല്‍, പെര്‍ഫക്ട് റിലേഷന്‍സ്, ജനസിസ്, നീരാ റാഡിയയുടെ വൈഷ്ണവി, ന്യൂ കോണ്‍ ആന്റ് നോസിസ്, കൗണ്‍സലേജ്, ഡി.ടി.എ അസോസിയേറ്റ്‌സ് എന്നിങ്ങനെ പലതും. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഉന്നതോദ്യോഗസ്ഥരില്‍ കുറെ പേര്‍ ഈ കമ്പനികളിലേക്കാണ് പോവുക. മന്ത്രിമാരെയും എം.പിമാരെയും 'സ്വാധീനിക്കുന്ന'തിലെ സാമര്‍ഥ്യമാണ് അവയുടെ കൈമുതല്‍. ജനായത്ത സംവിധാനങ്ങളെ വരുതിയിലാക്കി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും യുദ്ധ വ്യവസായികളും ഊര്‍ജ കമ്പനികളും കോര്‍പറോറ്റാ ക്രാറ്റുകളും കാര്യം നേടുന്ന വഴികളില്‍ ഒന്ന് ഇതത്രെ.
നമ്മുടെ ഭരണകൂടത്തിലും പാര്‍ലമെന്റംഗങ്ങളിലും ജനഹിതത്തെക്കാള്‍ ഇന്ന് സ്വാധീനം ചെലുത്തുന്നത് കോര്‍പറേറ്റ് സമ്മര്‍ദങ്ങളാണോ? 'ലോബിയിങ്' എന്ന ഏര്‍പ്പാടും അമേരിക്കയില്‍ നിന്നാവണം എത്തിയത്. 2007-'09ല്‍ വാള്‍മാര്‍ട്ട് (ചില്ലറ വില്‍പന ശൃംഖലക്കാര്‍) ഇന്ത്യയില്‍ ലോബിയിങിനു മാത്രം 52 കോടി രൂപ ചെലവിട്ടു. സ്റ്റാര്‍ബക്ക്‌സ് കാപ്പിക്കട ശൃംഖല 2011-ലെ ആദ്യ പകുതിയില്‍ ഒരു കോടി രൂപ ഇവിടെ ചെലവാക്കി. നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) ഇന്ത്യയില്‍ അനുവദിക്കണമെന്നതാണ് അവരുടെ ആവശ്യം. യു.എസ് വ്യാപാര പ്രതിനിധി റോണാള്‍ഡ് കിര്‍ക് മുതല്‍ സെനറ്റര്‍ മാര്‍ക് വാര്‍ണര്‍, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ തുടങ്ങിയവര്‍ വരെ ഇവിടെ വന്ന് 100 ശതമാനം എഫ്.ഡി.ഐക്കായി സമ്മര്‍ദം ചെലുത്തി. വൈകാതെ തന്നെ അത് ഇവിടെ സര്‍ക്കാര്‍ തീരുമാനമായി പുറത്തുവന്നു. പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ച നടത്താതെ, ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാതെ. മാന്ദ്യം ബാധിച്ച 12-ഓളം യു.എസ് കോര്‍പറേറ്റ് ഭീമന്മാര്‍ (മോര്‍ഗന്‍ സ്റ്റാന്‍ലി, പ്രൂഡന്‍ഷ്യല്‍, ഇന്റല്‍, ഡൗ കെമിക്കല്‍, ഫൈസര്‍, എ.ടി ആന്റ് ടി, അല്‍കാടല്‍ ലൂസന്റ്...) ഇവിടെ പണമിറക്കി നിയമനിര്‍മാണങ്ങള്‍ക്കായി ലോബി ചെയ്യുന്നുണ്ട്.
ലോബിയിങ്ങിലൂടെ പണമിറക്കിയും മറ്റും പാര്‍ലമെന്റിന്റെ സമ്മതി നിര്‍മിച്ചെടുക്കാന്‍ വന്‍കിട കമ്പനികള്‍ക്ക് കഴിയുന്നുണ്ട്. നിരാ റാഡിയ ടേപ്പുകള്‍ ഇത് വ്യക്തമാക്കിയതാണ്- 'പെയ്ഡ് ലെജിസ്‌ലേഷന്റെ' ഇന്ത്യന്‍ ലക്ഷണം. പാര്‍ലമെന്റില്‍ വേണ്ടുംവണ്ണം ചോദ്യങ്ങള്‍ ചോദിക്കാനും ബില്ലുകള്‍ തയാറാക്കാനും കമ്പനികള്‍ ലോബികള്‍ വഴി എം.പിമാര്‍ക്കും മന്ത്രിമാര്‍ക്കും കോഴ നല്‍കുന്നുണ്ട് എന്നാണല്ലോ മനസിലാക്കേണ്ടത്. ഇതിനു പുറമെ, പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നിടം വരെ കാര്യങ്ങളെത്തുന്നു. മെയ് 16-ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒന്നാന്തരം അസത്യം ലോക്‌സഭയില്‍ പറഞ്ഞത് ഉദാഹരണം. കൂടങ്കുളം പദ്ധതിയെ ന്യായീകരിക്കാന്‍ അദ്ദേഹം പറഞ്ഞത്, 2022-ഓടെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടുമെന്നു പറഞ്ഞ ജര്‍മനിക്ക് ഇപ്പോള്‍ ഫ്രാന്‍സില്‍ നിന്ന് ആണവ വൈദ്യുതി വാങ്ങേണ്ടിവരുന്നു എന്നാണ്. വാസ്തവമെന്താണ്? പഴയ ആണവശാലകള്‍ ഘട്ടം ഘട്ടമായി അടച്ചുപൂട്ടാന്‍ 2011-ല്‍ ജര്‍മനി തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് ഫ്രാന്‍സില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യേണ്ടിവരുമെന്ന് പലരും പ്രവചിച്ചു. പക്ഷേ, അവര്‍ എട്ട് റിയാക്ടറുകള്‍ അടച്ചുപൂട്ടിയിട്ടും സംഭവിച്ചത് 'ആണവ ഫ്രാന്‍സ്' ജര്‍മനിയില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യുന്നതാണ്. ആണവ ലോബി പ്രധാനമന്ത്രിയെയും പ്രധാനമന്ത്രി പാര്‍ലമെന്റിനെയും വഴിതെറ്റിക്കുകയാണിവിടെ.
ധനക്കമ്മിയെക്കാള്‍ ഗുരുതരമാണ് ഇന്ത്യയിലെ ജനായത്തക്കമ്മി എന്ന് വാദിക്കുന്ന ആക്ടിവിസ്റ്റുകളും നിരീക്ഷകരും ധാരാളം. ന്യൂനപക്ഷങ്ങള്‍, വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ വേണ്ടത്ര പ്രാതിനിധ്യമില്ലാതെ തഴയപ്പെടുന്നു. പ്രത്യയശാസ്ത്ര വൈവിധ്യം പോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്കോ തിരിച്ചോ ആര്‍ക്കും എപ്പോഴും കക്ഷി മാറാം എന്നതിന് അവസരവാദ രാഷ്ട്രീയത്തിന്റെ അര്‍ഥതലം മാത്രമല്ല ഉള്ളത്. അങ്ങോട്ടുമിങ്ങോട്ടും യഥേഷ്ടം മാറാവുന്ന രീതിയില്‍ അവക്കിടയില്‍ പ്രത്യയശാസ്ത്ര വ്യത്യാസമില്ലാതാവുന്നു എന്നുകൂടി അതിനര്‍ഥമുണ്ട്. ഏതു കക്ഷിയിലായാലും പ്രത്യയശാസ്ത്രം മാറേണ്ടതില്ല. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അധികാരം എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്ന ഒരേയൊരു പ്രത്യയശാസ്ത്രമാണ് ഏതു പക്ഷത്തുമുള്ളത്. പാര്‍ലമെന്ററി വ്യവസ്ഥിതിയുടെ ആത്മാവായ ബഹുത്വവും തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇങ്ങനെ ഇല്ലാതാവുന്നു.
പാര്‍ലമെന്റ് മുഖേനയുള്ള ജനങ്ങളുടെ സ്വയം നിര്‍ണയാവകാശം വീണ്ടെടുക്കാന്‍ വഴിയുണ്ടോ? പാര്‍ലമെന്റിന്റെ ജനകീയ സ്വഭാവവും പ്രാതിനിധ്യ ശേഷിയും തിരിച്ചുപിടിക്കാനാവുമോ? ആനുപാതിക പ്രാതിനിധ്യ രീതി നടപ്പില്‍ വരുത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ കഴിഞ്ഞേക്കും. സുപ്രധാന തീരുമാനങ്ങളില്‍ ആണവകരാറുകള്‍, വിദേശ ഉടമ്പടികള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, കൂറ്റന്‍ പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങളില്‍ ജനഹിത പരിശോധന വേണമെന്ന് വ്യവസ്ഥ ചെയ്യുകയുമാവാം. ഇലക്‌ട്രോണിക് യുഗത്തില്‍ ഇതിന് വലിയ അധ്വാനമോ ചെലവോ വേണ്ടിവരില്ലല്ലോ. ഭരണഘടന ഇന്ത്യയെ നിര്‍വചിക്കുന്നത് ജനായത്ത, സോഷ്യലിസ്റ്റ്, സെക്യുലര്‍ റിപ്പബ്ലിക് എന്നാണ്. ജനങ്ങളുടെ സ്വയംനിര്‍ണയാധികാരം, സാമൂഹിക സമത്വം, ക്രിയാത്മകമായ ബഹുസ്വരത എന്നിവയാണ് ഇതിന്റെ പ്രായോഗികതലങ്ങള്‍. നമ്മുടെ പാര്‍ലമെന്റ് ആറുപതിറ്റാണ്ടു കൊണ്ട് ഒരു അടിയന്തരാവസ്ഥയെയും അനേകം വീഴ്ചകളെയും മറികടന്നിട്ടുണ്ട്. എന്നാല്‍, ഭരണഘടനക്ക് സാക്ഷാത്കാരം നല്‍കുന്നതില്‍ അത് വിജയിച്ചിട്ടില്ല, ഇന്നേവരെ. പാര്‍ലമെന്റിനെ ശാക്തീകരിക്കേണ്ടതെങ്ങനെ എന്നു ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍