Prabodhanm Weekly

Pages

Search

2012 ജൂണ്‍ 30

കള്ളനും പോലീസും

സിവില്‍ സൊസൈറ്റിയുടെ അടിസ്ഥാന സ്തംഭമാണ് നിയമവാഴ്ച. മനുഷ്യരാശിയുടെ ആറിലൊന്നോളം അധിവസിക്കുന്ന ഇന്ത്യ പോലുള്ള ബഹുസ്വര രാഷ്ട്രത്തില്‍ വ്യക്തികളുടെയും വിഭാഗങ്ങളുടെയും മുഴുസമൂഹത്തിന്റെയും പൌരാവകാശങ്ങളും സ്വൈരജീവിതവും സംരക്ഷിക്കാന്‍ നിയമവാഴ്ചയുടെ അനിവാര്യത വിശേഷിച്ചു പറയേണ്ടതില്ല. അതാണ് നമ്മെ ഒരു ദേശീയ ജനതയായി ഒന്നിച്ചു നിര്‍ത്തുന്നതും സമാധാനവും ക്ഷേമവും ഉറപ്പാക്കുന്നതും. നിയമവാഴ്ചയുടെ ഭദ്രതയാണ് രാജ്യത്തിന്റെ ഭദ്രത. നിയമവാഴ്ച ദുര്‍ബലമാകുന്നിടത്ത് അരാജകത്വവും ശൈഥില്യവും പ്രബലമാകുന്നു. പോലീസിന്റെയും ഇതര നീതിന്യായ ഏജന്‍സികളുടെയും നൈതികതയെയും നിയമ പ്രതിബദ്ധതയെയും ആശ്രയിച്ചിരിക്കുന്നു നിയമവാഴ്ചയുടെ ബലം.
ഇന്ത്യന്‍ പോലീസ് സേനയുടെ പ്രവര്‍ത്തനം ദേശീയ സമൂഹത്തിന്റെ സവിശേഷതകള്‍ ആവശ്യപ്പെടുന്ന നിലവാരത്തിലേക്ക് വളര്‍ന്നിട്ടില്ല എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സംശയം വളര്‍ത്താനും തല്‍പരവിഭാഗങ്ങളുമായി ചേര്‍ന്ന് മറ്റുള്ളവരെ ദ്രോഹിക്കാനും ചിലപ്പോള്‍ പോലീസ് തയാറാകുന്നുണ്ട്. കേരളത്തില്‍ ഈയിടെ വിവാദമായ ഇ-മെയില്‍ ചോര്‍ത്തല്‍ ശ്രമം ഒരുദാഹരണമാണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, കസ്റഡി മരണം, നിരപരാധികളെ തടവിലിട്ടു ക്രൂരമായി മര്‍ദ്ദിക്കല്‍ ഇതൊക്കെ രാജ്യത്തെങ്ങും ധാരാളം നടക്കുന്നുണ്ട്. ദേശീയ ജനതയെ ഒതുക്കാനുള്ള മര്‍ദ്ദനോപകരണമായിട്ടാണ് സ്വാതന്ത്യ്ര പൂര്‍വ ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ പോലീസ് സേനയെ സംവിധാനിച്ചത്. സ്വാതന്ത്യ്രം നേടി അരനൂറ്റാണ്ടു പിന്നിട്ടിട്ടും ആ സംവിധാനം കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. നിയമപാലകരായ പോലീസുകാരുടെ പ്രവര്‍ത്തനം പലപ്പോഴും തങ്ങള്‍ നിയമത്തിനും മനുഷ്യത്വത്തിനും അതീതരാകുന്നു എന്ന മട്ടിലാണ്. മൂന്നാംമുറ പ്രയോഗത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പോലീസ് സേനയാണ് ഇന്ത്യയിലുള്ളതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പലവട്ടം ചൂണ്ടിക്കാട്ടുകയുണ്ടായി.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളാ പോലീസ് ഏറെ മെച്ചമാണെന്ന് നാം അവകാശപ്പെടാറുണ്ട്. അഴിമതിയിലും അക്രമത്തിലും മറ്റു ചില സംസ്ഥാനങ്ങള്‍ കേരള പോലീസിന്റെ അല്‍പം മുന്നിലാണ് എന്നേ ഇതിനര്‍ഥമുള്ളുവെന്ന് കേരള പോലീസുമായി ബന്ധപ്പെട്ടു വന്നുകൊണ്ടിരിക്കുന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. 605 പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് ഈയിടെ പുറത്തുവന്ന വിവരം. എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി മുതല്‍ സാദാ കോണ്‍സ്റബിള്‍ വരെയുള്ള തസ്തികകളിലുള്ളവര്‍ ഈ പട്ടികയിലുണ്ട്. ഏതെങ്കിലും പോലീസ് വിരോധിയോ പത്രക്കാരനോ അടിസ്ഥാനരഹിതമായി പടച്ചുവിട്ടതല്ല ഈ വാര്‍ത്ത; സംസ്ഥാന പോലീസിന്റെ തലവനായ ഡി.ജി.പി ജേക്കബ് പുന്നൂസ് കോടതിയില്‍ സമര്‍പ്പിച്ചതാണ്. കുറ്റം ചുമത്തപ്പെടാത്ത ആക്ഷേപവിധേയരുടെ മറ്റൊരു പട്ടിക കൂടിയുള്ളതായും റിപ്പോര്‍ട്ടുണ്ട്. അത് ഇതിനെക്കാള്‍ വലുതാണത്രെ. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മദ്യ-മയക്കുമരുന്നു വില്‍പന, ബാലപീഡനം, സ്ത്രീപീഡനം, ബലാല്‍സംഗം, ബ്ളേഡ് കമ്പനി നടത്തിപ്പ്, പണം തട്ടിപ്പ്, കൊലപാതകം, മണല്‍ വാരല്‍, നദീതീരം കൈയേറല്‍, വനം-എക്സൈസ് നിയമങ്ങളുടെ ലംഘനം ഇങ്ങനെ നീളുന്നു കുറ്റങ്ങളുടെ പട്ടിക. പ്രതികളുടെ കൂട്ടത്തില്‍ വനിതാപോലീസുകാരുമുണ്ട്. 2007-ല്‍ തയാറാക്കിയ ഈ ലിസ്റില്‍ അതിനുശേഷം ക്രിമിനല്‍ കേസുകളില്‍പ്പെട്ട പോലീസുകാര്‍ ഉള്‍പ്പെട്ടിട്ടില്ല. അടുത്ത കാലത്തുണ്ടായ പ്രമാദമായ ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ രണ്ടു ഡി.വൈ.എസ്.പിമാര്‍ അറസ്റിലായിരിക്കുന്നു. അവരില്‍ ഒരാള്‍ കേരളാ പോലീസ് അസോസിയേഷന്റെ പ്രസിഡന്റു കൂടിയാണ്. ക്രമിനലിസം എത്ര ആഴത്തില്‍ വേരൂന്നിയിരിക്കുന്നുവെന്നും പോലീസ്-ക്വട്ടേഷന്‍, മാഫിയ ബന്ധം എത്ര ദൃഢമായിരിക്കുന്നുവെന്നും വ്യക്തമാക്കുന്നതാണീ സംഭവം.
ഈ അവസ്ഥ ഏറെ ഉല്‍കണ്ഠാജനകമാണ്. പോലീസ് ഡിപ്പാര്‍ട്ടുമെന്റും സര്‍ക്കാറും ഇതു തടയാന്‍ സത്വരമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പക്ഷെ, കോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും ആ വഴിക്ക് കാര്യമായ നീക്കമൊന്നും ഉണ്ടായിക്കാണുന്നില്ല. ഭരണകൂടത്തിന് തരംപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണമാണ് പോലീസ്. മാറിമാറി അധികാരത്തില്‍ വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം അധികാര താല്‍പര്യങ്ങള്‍ക്കും കക്ഷി താല്‍പര്യങ്ങള്‍ക്കും നേതാക്കളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുമൊക്കെ നിയമവും നീതിയും മറികടന്ന് ഉപയോഗിക്കാറുമുണ്ട്. അങ്ങനെ വഴിവിട്ടു പ്രവര്‍ത്തിച്ചവര്‍ക്ക് ഉന്നതങ്ങളില്‍ നിന്നു സംരക്ഷണം ലഭിക്കുന്നു. ഈ സുരക്ഷാബോധമാണ് ചില പോലീസുദ്യോഗസ്ഥരെ എന്തും ചെയ്യാന്‍ ധൃഷ്ടരാക്കുന്നത്. പോലീസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതും ശിക്ഷാനടപടികള്‍ കൈക്കൊള്ളുന്നതും പോലീസ് സേനയുടെ ആത്മവീര്യവും കര്‍മോത്സാഹവും ഹനിക്കുമെന്നാണ് ഭരണകൂടത്തിന്റെ പൊതുനിലപാട്. അവരില്‍ വളരുന്ന ക്രിമിനല്‍ പ്രവണതയെ ലഘുവായി കാണാന്‍ ശ്രമിക്കുന്നവരുമുണ്ട്. സമൂഹം മൊത്തത്തില്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നാല്‍പതിനായിരത്തോളം വരുന്ന പോലീസുകാരില്‍ അഞ്ഞൂറോ ആയിരമോ കുറ്റവാളികള്‍ കാണപ്പെടുക സ്വാഭാവികം എന്നാണ് ന്യായം. കുറ്റകൃത്യങ്ങളില്‍ നിന്ന് സമൂഹത്തെ തടയാന്‍ നീണ്ടകാലം പരിശീലിപ്പിച്ച് ഉയര്‍ന്ന വേതനം കൊടുത്ത് നിയോഗിക്കപ്പെടുന്നവരാണ് പോലീസുകാര്‍. അവരുടെ സാന്നിധ്യത്തില്‍ സമൂഹം ക്രിമിനല്‍വല്‍കൃതമാകുന്നുവെങ്കില്‍ അതും പോലീസിന്റെ തന്നെ കുറ്റമാണ്. അതിനുപുറമെ ക്രിമിനലിസത്തിന്റെ കുത്തൊഴുക്കില്‍ നിന്ന് സമൂഹത്തെ തടഞ്ഞു നിര്‍ത്തേണ്ടവര്‍ ആ കുത്തൊഴുക്കില്‍ നീന്തിത്തുടിക്കുന്നത് ഒരിക്കലും ലഘുവായി കാണേണ്ട കാര്യമല്ല. നാല്‍പതിനായിരത്തില്‍ കുറ്റം ചാര്‍ത്തപ്പെട്ട 605 നിസ്സാരമായ അനുപാതവുമല്ല. പോലീസുകാരായാലും അല്ലാത്തവരായാലും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് നിരപരാധികളെയും ആ വഴിയിലേക്ക് പ്രേരിപ്പിക്കുന്ന നടപടിയാകുന്നു.
പോലീസ് അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഇന്നത്തെ പരിസ്ഥിതി ആവശ്യപ്പെടുന്നത് ഈ സേനയെ മനുഷ്യപ്പറ്റുള്ളവരും നിയമത്തോടു വിധേയത്വമുള്ളവരുമായ നിയമപാലകരാക്കി മാറ്റാനുള്ള സമര്‍ഥവും തീവ്രവുമായ നടപടികളാണ്. സ്വയം കുറ്റം ചെയ്യുകയും കുറ്റവാളികളെ സംരക്ഷിക്കുകയും സംരക്ഷിക്കപ്പെടേണ്ട നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്നവരായിക്കൂടാ പോലീസ്. കള്ളനും പോലീസും വൈരുധ്യങ്ങളാണ്. അവരെന്നും പരസ്പരം വിരുദ്ധര്‍ തന്നെയായിരിക്കണം. അവര്‍ക്കിടയില്‍ വൈരുധ്യമില്ലാതായാല്‍ സമൂഹം എത്തിപ്പെടുക അക്രമവും അനീതിയും താണ്ഡവമാടുന്ന അരാജകത്വത്തിലായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍