Prabodhanm Weekly

Pages

Search

2011 മെയ് 21

ബിന്‍ലാദിന്‍: അധിനിവേശ യുക്തിക്കെതിരെ അരാജക പോരാട്ടം

വി.എ കബീര്‍

അത്യന്തം നാടകീയമായാണ് അമേരിക്കന്‍ 'സീലുകള്‍' ബിന്‍ലാദിന്റെ വധം സാധിച്ചെടുത്തത്. കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അടിസ്ഥാനത്തില്‍ സമര്‍ഥമായി സംവിധാനം ചെയ്ത ഒരു സിനിമയുടെ പ്രതീതി ജനിപ്പിക്കുന്നതായിരുന്നു, ഇസ്‌ലാമാബാദില്‍നിന്ന് 60 കി.മീ അകലെ സ്ഥിതിചെയ്യുന്ന ഐബഠാബാദില്‍ ബിന്‍ലാദിന്റെ ഒളിത്താവളത്തില്‍ നടന്ന സി.ഐ.എ ഓപ്പേറേഷന്‍. ലോകത്തിലെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രം ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് പത്ത് വര്‍ഷത്തിലേറെക്കാലം നടത്തിയ ദീര്‍ഘ വേട്ടയുടെ പരിണാമം. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്ര മേഖലയിലെവിടെയോ ആണ് ബിന്‍ലാദിന്റെ ഒളിത്താവളമെന്നായിരുന്നു അമേരിക്കയടക്കം ഇതുവരെ വിശ്വസിച്ചുപോന്നിരുന്നത്. പാകിസ്താന്റെ ഹൃദയഭാഗത്ത് ഇക്കാലമത്രയും ഒളിച്ചുപാര്‍ത്തുകൊണ്ട് വസീറിസ്താനിലും ഇതര ഗോത്ര മേഖലകളിലും ബോംബ് വര്‍ഷം നടത്തിയ യു.എസ് ഡ്രോണ്‍ വിമാനങ്ങളെ കബളിപ്പിക്കാന്‍ ബിന്‍ലാദിന് സാധിച്ചു. ദീര്‍ഘദൂര തീവണ്ടി മുറിയിലെ രണ്ട് പോക്കറ്റടിക്കാരുടെ കഥയെ ഓര്‍മിപ്പിക്കുന്നതാണ് സംഭവം. നേരം പുലരുമ്പോള്‍ കറന്‍സികള്‍ എണ്ണി കണക്കാക്കി പേഴ്‌സിലിടുന്ന സഹയാത്രികനെ പോക്കറ്റടിക്കാരന്‍ നോട്ടമിടുന്നു. രാത്രി വിദഗ്ധമായി തപ്പിയടിക്കാന്‍ നോക്കുമ്പോള്‍ പേഴ്‌സ് കാണില്ല. എന്നാല്‍ നേരം പുലരുമ്പോള്‍ പിന്നെയും അയാള്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന കാഴ്ചയായിരിക്കും. ഇടക്ക് സഹയാത്രികന്‍ ഒരു സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ പോക്കറ്റടിക്കാരന്‍ ഒരു കുറിപ്പ് കാണുന്നു. അതിലെഴുതിയതിങ്ങനെ: ''നിരാശനായി അല്ലേ? ഞാനും ഈ കലയില്‍ വിദഗ്ധനാണ്. രാത്രി പണം സൂക്ഷിച്ചത് താങ്കളുടെ ശയ്യക്കടിയിലായിരുന്നു.'' അമേരിക്ക എന്ന ഭീകരതയും ബിന്‍ലാദിന്‍ എന്ന പ്രതിഭീകരതയും തമ്മിലുള്ള ഇത്തരമൊരു മത്സരക്കളിയായിരുന്നു ഒരു ദശകമായി നടന്നുകൊണ്ടിരുന്നത്. സ്വന്തം മടയില്‍ തന്നെ ഒളിച്ചിരിക്കുകയായിരുന്നു ബിന്‍ലാദിനെന്ന് 'സിംഹം' അറിയുന്നത് ഇപ്പോള്‍ മാത്രമാണ്. ഈ കാലയളവില്‍ ബിന്‍ലാദിന്‍ സ്വാഭാവിക മരണം പ്രാപിച്ചിരുന്നെങ്കില്‍ ജയം ബിന്‍ലാദിന്റേതാകുമായിരുന്നു.
അമേരിക്കയുടെ ശിരോലിഖിതമാണ് പ്രതികാര ദാഹം. മുറിവേറ്റാല്‍ പ്രതികാരം വീട്ടാതെ ഈ ദേശദൈവത്തിന്റെ കലിയടങ്ങുകയില്ല. അത് ആ രാജ്യത്തിന്റെ ജനിതക കോഡില്‍ എഴുതപ്പെട്ടതാണ്. ജപ്പാന്റെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് എത്ര ഭീകരമായാണ് യു.എസ് പകരം വീട്ടിയതെന്ന് ഓര്‍ക്കുക. ഭാവി തലമുറയെ പോലും ശിക്ഷിച്ചുകൊണ്ടാണ് ഹിരോഷിമയിലും നാഗസാക്കിയിലും അവര്‍ അണുബോംബ് വര്‍ഷിച്ചത്. ഇപ്പോഴും മുറതെറ്റാതെ പേള്‍ ഹാര്‍ബര്‍ വാര്‍ഷികം ആചരിക്കുന്ന രാജ്യമാണ് അമേരിക്ക. ഇതേ പ്രതികാര ദാഹമാണ് ഐബഠാബാദില്‍ ബിന്‍ലാദിന്‍ വധത്തിലും പ്രതിഫലിക്കുന്നത്.

ബിന്‍ലാദിന്റെ ആഗ്രഹ സാക്ഷാത്കാരം
മറ്റൊരു വിധത്തില്‍ ബിന്‍ലാദിന്റെ തന്നെ ആഗ്രഹ സാക്ഷാത്കാരമായിരുന്നു ഈ വധം. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രശസ്ത അറബി പത്രമായ അല്‍ ഖുദ്‌സുല്‍ അറബിയുടെ പത്രാധിപര്‍ അബ്ദുല്‍ ബാരി അത്വ്‌വാന്‍ എഴുതിയ ചരമക്കുറിപ്പില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 'ദ സീക്രറ്റ് ഹിസ്റ്ററി ഓഫ് അല്‍ഖാഇദ' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് കൂടിയാണ് അബ്ദുല്‍ ബാരി അത്വ്‌വാന്‍. അല്‍ഖാഇദയെ സംബന്ധിച്ച ഏറ്റവും ആധികാരികമായ ഗ്രന്ഥങ്ങളിലൊന്നാണ് ഈ കൃതി. 1996-ല്‍ തോറബോറ മലയിടുക്കുകളിലെ ഗുഹയില്‍ ബിന്‍ ലാദിനെ സന്ദര്‍ശിച്ചത് അനുസ്മരിച്ചുകൊണ്ടാണ് അത്വ്‌വാന്റെ കുറിപ്പ് ആരംഭിക്കുന്നത്. ആദ്യം പെഷവാറില്‍നിന്ന് നാഴികകള്‍ക്കകലെ വൈദ്യുതിയും വെള്ളവുമില്ലാത്ത ഒറ്റപ്പെട്ട ഒരു ഹോട്ടലില്‍ ഉസാമയുടെ ചില സഹായികള്‍ക്കൊപ്പം രണ്ട് ദിവസം തങ്ങിയ ശേഷമാണ് അത്വ്‌വാന്‍ തോറബോറയിലേക്ക് തിരിക്കുന്നത്. പൂജ്യം ഡിഗ്രി താഴെ കഠിന ശൈത്യത്തില്‍ മൂവായിരത്തില്‍ പരം അടി ഉയരെ ദുര്‍ഘടമായ മലമ്പാതകള്‍ ചവിട്ടി അദ്ദേഹം ഉസാമയുടെ ഗുഹയിലെത്തുന്നു. അങ്ങേയറ്റം സരളനും മൃദുഭാഷിയുമായ ഒരു കുലീനനായാണ് ദീര്‍ഘസംഭാഷണത്തിലുടനീളം ഉസാമ തനിക്കനുഭവപ്പെട്ടതെന്ന് അത്വ്‌വാന്‍ പറയുന്നു. ഒരിക്കലും ഇടക്ക് കയറി പറയാതെ നിങ്ങള്‍ പറയുന്നതൊക്കെ അദ്ദേഹം നിശ്ശബ്ദം കേട്ടിരിക്കും. സാധാരണ റൊട്ടിയും ചീസും മാത്രമായിരുന്നു അതിഥികള്‍ക്ക് വിളമ്പിയ ഭക്ഷണം. മലവാസി ഭക്ഷണത്തോട് വയറിന്റെ പ്രതിഷേധത്തെക്കുറിച്ച് അത്വ്‌വാന്‍ പരാതിപ്പെട്ടപ്പോള്‍, അടുത്ത തവണ വരുമ്പോള്‍ ചുട്ട മാനിറച്ചി മെനുവില്‍ ഉള്‍ക്കൊള്ളിക്കാമെന്നു പറഞ്ഞു ഉസാമ ചിരിച്ചു.  പിറ്റേന്ന് പുലര്‍ച്ചെ ടോയ്‌ലറ്റ് അന്വേഷിച്ചപ്പോള്‍ ഇതൊരു നക്ഷത്ര ഹോട്ടലാണെന്നാണോ ധരിച്ചതെന്നും ഉസാമ കളിയാക്കുന്നുണ്ട്. 2001 മേയില്‍ ബിന്‍ലാദിന്‍ രണ്ടാമതൊരു സന്ദര്‍ശനത്തിന് ക്ഷണിച്ചുകൊണ്ട് അത്വ്‌വാന് സന്ദേശമയക്കുകയുണ്ടായി. അഭിമുഖത്തില്‍ ഉസാമയോട് അത്വ്‌വാന്‍ ചോദിച്ച ഒരു ചോദ്യം അദ്ദേഹത്തിന്റെ വ്യക്തിപരമായ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചായിരുന്നു. ചോദ്യം കേട്ട ബിന്‍ലാദിന്‍ കുറച്ച് സമയം നിശ്ശബ്ദനായ ശേഷം തല ഉയര്‍ത്തി പറഞ്ഞ മറുപടി ഇങ്ങനെ: ''ഈ പാതയില്‍ രക്തസാക്ഷിയായി മുന്നേ യാത്ര പോയവരോടൊപ്പം ചേരണമെന്നത് മാത്രമാണ് എന്റെ ഒരേയൊരു മോഹം. ആ നിലക്ക് എന്റെ വ്യക്തിപരമായ സുരക്ഷയെ കുറിച്ച് ഞാന്‍ എന്തിനു വേവലാതി കൊള്ളണം?''

ദുരൂഹതകള്‍
ഉസാമയുടെ ആഗ്രഹമാണ് ഒബാമ 2011 മേയ് 2-ന് നടത്തിയ സായുധ ഓപ്പറേഷനിലൂടെ സാധിച്ചുകൊടുത്തിരിക്കുന്നത്. അപ്പോഴും ആ മരണത്തില്‍ അനേകം ദുരൂഹതകള്‍ ബാക്കി നില്‍ക്കുകയാണ്. അത്വ്‌വാന്റെ ചരമക്കുറിപ്പില്‍ മറ്റൊരു സംഗതി കൂടി അനാവരണം ചെയ്യുന്നുണ്ട്. അല്‍ ഖുദ്‌സുല്‍ അറബിയുടെ യമനിലെ റിപ്പോര്‍ട്ടര്‍ ഖാലിദുല്‍ ഹമ്മാദി, ഉസാമയുടെ അടുത്ത അനുയായികളിലൊരാളായ അബൂ ജന്‍ദലുമായി നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഹമ്മാദിയോട് അബൂ ജന്‍ദല്‍ വെളിപ്പെടുത്തിയ ഒരു കാര്യം ഉസാമയുടെ ഒരു വസ്വിയ്യത്താണ്. അമേരിക്കന്‍ ഭടന്മാര്‍ തന്നെ പിടികൂടുകയാണെങ്കില്‍ ജീവനോടെ അവര്‍ക്ക് കൊണ്ടുപോകാന്‍ സാധിക്കാത്തവിധം തന്നെ തല്‍ക്ഷണം വെടിവെച്ച് വീഴ്ത്താന്‍ സഹായികളെ ചുമതലപ്പെടുത്തിയതായാണ് അബൂ ജന്‍ദലിന്റെ വെളിപ്പെടുത്തല്‍. കമാന്റോ ആക്രമണം നടന്നപ്പോള്‍ ഉസാമ വധിക്കപ്പെട്ടത് ഇങ്ങനെയായിരിക്കാനാണ് സാധ്യതയെന്ന് അത്വ്‌വാന്‍ അഭിപ്രായപ്പെടുന്നു.
എന്തുകൊണ്ട് അമേരിക്ക ഉസാമയെ ജീവനോടെ പിടികൂടിയില്ല എന്ന ചോദ്യവും പ്രസക്തമാണ്. അതിനുള്ള സാങ്കേതിക സന്നാഹങ്ങളും പരിശീലനം സിദ്ധിച്ച വിദഗ്ധരുമില്ലാത്ത രാജ്യമല്ല അമേരിക്ക. 1979 നവംബര്‍ 20-ന് കഅ്ബ ഉപരോധിച്ച ജൂഹൈമാന്‍ സംഘത്തെ മയക്ക് വാതകം ഉപയോഗിച്ച് സുഊദി ഭരണകൂടം പോലും ജീവനോടെ പിടികൂടുകയുണ്ടായി. അന്താരാഷ്ട്ര പ്രശസ്തമായ അറബി പത്രം അല്‍ ഹയാതിന്റെ കോളമിസ്റ്റ് യാസിര്‍ സആത്തിറും ഇതേ ചോദ്യം ഉന്നയിക്കുന്നുണ്ട്. കഴിയാഞ്ഞിട്ടല്ല, ബോധപൂര്‍വം തന്നെയാണ് അമേരിക്ക അതില്‍നിന്ന് ഒഴിഞ്ഞുനിന്നതെന്നാണ് സആത്തിറ അഭിപ്രായപ്പെടുന്നത്. കോടതി മുമ്പാകെ ഹാജരാക്കി ന്യായമായ വിചാരണയിലൂടെ അമേരിക്കക്ക് തങ്ങളുടെ ഭാഗം ലോകത്തെ ബോധ്യപ്പെടുത്താമായിരുന്നു. പക്ഷേ, ജഡം പോലും ലോകത്തെ കാണിക്കാതെ 'നീതി'യെ കടലില്‍ താഴ്ത്താനാണ് അമേരിക്ക ധൃഷ്ടമായത്. കടലിലാണ്ടത് പല രഹസ്യങ്ങളുടെയും താക്കോലായിരുന്നു. ബിന്‍ ലാദിന്റെ പ്രേതത്തെ പോലും അമേരിക്ക ഭയപ്പെടുന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു ഈ നടപടി. ബിന്‍ ലാദിന്‍ സലഫീ ചിന്താധാരയുടെ സന്തതിയായിരുന്നു. ഖബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതും തീര്‍ഥാടന കേന്ദ്രങ്ങളാക്കുന്നതും സലഫീ വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്. എന്നിട്ടും മുസ്‌ലിം നാടുകളില്‍ അനേകം സാമന്തന്മാരുള്ള അമേരിക്ക ബിന്‍ലാദിന് ആറടി മണ്ണ് അനുവദിക്കാന്‍ തയാറായില്ല. പാകിസ്താനില്‍ ഖബ്‌റടക്കപ്പെട്ടാല്‍ അതൊരു തീര്‍ഥാടക കേന്ദ്രമാകുമെന്ന ആശങ്ക ശരിയാകാം. എന്നാല്‍, രാജാക്കന്മാര്‍ക്ക് പോലും മുസോല്യമില്ലാത്ത ഉറ്റ സുഹൃദ് രാജ്യവും സലഫീ ചിന്തകളുടെ വക്താവും ബിന്‍ലാദിന്റെ ജന്മദേശവുമായ സുഊദിയില്‍ ബിന്‍ലാദിനെ ഒച്ചപ്പാടില്ലാതെ മറവ് ചെയ്യാന്‍ അമേരിക്ക വിചാരിച്ചാല്‍ നടക്കാത്ത കാര്യമൊന്നുമായിരുന്നില്ല.
കടലില്‍ ഇസ്‌ലാമികമായി സംസ്‌കരിച്ചുവെന്നാണ് അമേരിക്കയുടെ അവകാശവാദം. കപ്പല്‍ യാത്രക്കിടയില്‍ മരിക്കാനിടയാകുന്നത് പോലെ സാഹചര്യപരമായ നിര്‍ബന്ധിതാവസ്ഥയിലല്ലാതെ കടലില്‍ മൃതദേഹം കെട്ടിത്താഴ്ത്തുന്ന പതിവ് മുസ്‌ലിംകള്‍ക്കില്ല. യു.എസ് നടപടിക്ക് ഇസ്‌ലാമിക പിന്‍ബലമില്ലെന്ന് സുഊദി, യു.എ.ഇ, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലെ മതപണ്ഡിതന്മാര്‍ ഇതിനകം അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല റെക്ടര്‍ ഡോ. അഹ്മദ് ത്വയ്യിബ് പറഞ്ഞത്, മൃതദേഹത്തോട് കാണിക്കേണ്ട സര്‍വാംഗീകൃതമായ മാനുഷിക മര്യാദ പോലും അമേരിക്ക ലംഘിച്ചിരിക്കുകയാണ് എന്നാണ്. യു.എസ് നടപടിയെ അദ്ദേഹം പരസ്യമായി അപലപിക്കുകയും ചെയ്തു.

ഐ.എസ്.ഐ സഹകരണം
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് 2009-ല്‍ പറഞ്ഞത് ബിന്‍ലാദിന്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയില്ല എന്നായിരുന്നു. എന്നാല്‍, ഒളിത്താവളത്തെക്കുറിച്ച് 2008 മുതല്‍ക്കേ അമേരിക്കക്ക് അറിവുണ്ടായിരുന്നുവെന്നാണ് വിക്കിലീക്‌സ് പുറത്ത് വിട്ട രേഖകള്‍ പറയുന്നത്. ഗ്വാണ്ടനാമോ തടവിലുള്ള അല്‍ഖാഇദ നേതാക്കളിലൊരാളും ലിബിയന്‍ വംശജനുമായ അബൂ യഹ്‌യാ അല്ലീബിയെ ചോദ്യം ചെയ്തപ്പോള്‍ ബിന്‍ലാദിന്റെ സന്ദേശവാഹകനായ മൗലവി അബ്ദുല്‍ ഖാലിഖ് ജാനാണ് ഉത്തരാഫ്രിക്കയുടെ ചുമതല തന്നെ ഏല്‍പിച്ചതായ ബിന്‍ലാദിന്റെ സന്ദേശം കൈമാറിയതെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിന്‍ ലാദിന്റെ സന്ദേശകവാഹകരെ പിന്തുടരാന്‍ സി.ഐ.എ സംവിധാനങ്ങള്‍ ചെയ്തിരിക്കുമെന്നാണ് നിഗമനം.
പാകിസ്താന്റെ, ചുരുങ്ങിയത് പാക് സൈന്യത്തിന്റെയോ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെയോ സഹകരണമില്ലാതെ ഇത്തരമൊരു വേട്ട നടക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രത്യക്ഷത്തില്‍ അങ്ങനെയല്ലെന്ന് തോന്നിക്കേണ്ടത് രണ്ട് രാഷ്ട്രങ്ങളുടെയും താല്‍പര്യമാണ്. കാരണം, ബിന്‍ലാദിന്‍ പാകിസ്താനിലെ ഗണ്യമായൊരു ജനവിഭാഗത്തിന്റെ വികാരമാണ്. പാകിസ്താന്റെ ആഭ്യന്തര രംഗത്ത് യജമാനഭാവത്തോടെ വിലസുന്ന അമേരിക്കയുടെ ഒരു എതിര്‍ ധ്രുവമെന്നതാണ് ഈ വികാരത്തിന്റെ അടിസ്ഥാനം. അതിനാല്‍ ബിന്‍ലാദിനെ ഒറ്റിക്കൊടുക്കുന്നതിന്റെ ക്രെഡിറ്റില്‍ പാകിസ്താന്‍ പങ്ക് വേണ്ടെന്ന് വെച്ചതില്‍ അത്ഭുതമില്ല. അത് സ്വന്തമാക്കിയാല്‍ അമേരിക്കക്ക്, വിശിഷ്യാ വ്യക്തിപരമായി ഒബാമക്ക് വന്‍ നേട്ടമുണ്ട് താനും.
ബാഖിര്‍ സജ്ജാദ് സയ്യിദ് പാക് പത്രമായ ഡോണില്‍ എഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. കഴിഞ്ഞ ഏപ്രില്‍ 25-ന് കമാന്റര്‍ ജനറല്‍ ഡേവിഡ് പെട്രോസ് നടത്തിയ അസാധാരണമായ പാക് സന്ദര്‍ശനത്തിലേക്കാണ് ബാഖിര്‍ സജ്ജാദ് വിരല്‍ ചൂണ്ടുന്നത്. ചക്‌ല വ്യോമതാവളത്തില്‍ വെച്ച് പാക് സൈനിക മേധാവി ജന. അശ്ഫാഖ് കയാനിയുമായി നടത്തിയ ഹ്രസ്വവും കാര്യമാത്ര പ്രസക്തവുമായ ചര്‍ച്ചക്ക് ശേഷം രണ്ട് ജനറല്‍മാരും കൂടി വെളിപ്പെടുത്താത്ത ഒരിടത്തേക്ക് ഹ്രസ്വമായൊരു വ്യോമ യാത്ര നടത്തുന്നു. അതേ രാത്രി തന്നെ ഒബാമ അധ്യക്ഷം വഹിച്ച വൈറ്റ് ഹൗസ് മീറ്റിംഗില്‍ ടെലി കോണ്‍ഫറന്‍സിലൂടെ പെട്രോസ് പങ്കെടുക്കുന്നു. ഉസാമയുടെ വധം സ്ഥിരീകരിച്ചുകൊണ്ട് മേയ് 2-ന് ഒബാമ നടത്തിയ പ്രസ്താവനയില്‍ പരാമൃഷ്ടമായ മീറ്റിംഗ് ഇതാണെന്നാണ് നിരീക്ഷക മതം. ''അവസാനം, കഴിഞ്ഞ ആഴ്ച, ആക്ഷന്ന് ആവശ്യമായത്ര രഹസ്യ വിവരങ്ങള്‍ ലഭ്യമാണെന്ന ഉറപ്പിന്മേല്‍ ഉസാമയെ പിടികൂടി നീതിക്ക് മുമ്പില്‍ കൊണ്ടുവരാനുള്ള ഓപറേഷന് ഞാന്‍ അനുമതി നല്‍കി.''
'അതെ, നമുക്ക് കഴിയും' എന്നത് ഒബാമയുടെ ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു. അന്നതിന്റെ വിവക്ഷ എന്തായിരുന്നാലും ഇന്നത് ഉസാമ വേട്ടയില്‍ ചുരുങ്ങിയിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് അമേരിക്ക ഇനിയും പൂര്‍ണമായും കരകയറിയിട്ടില്ലെങ്കിലും ഉസാമ പിടുത്തം, ഒബാമക്ക് അടുത്തെത്തി കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമൂഴം ഉറപ്പിക്കാന്‍ സഹായകമാകും. അമേരിക്കന്‍ ജനതയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന മുഖ്യ ഘടകം പലപ്പോഴും അവരുടെ ദേശീയ വികാരമാണെന്നതാണ് അനുഭവം. താന്‍ അമേരിക്കന്‍ ജാതനാണെന്ന് തെളിയിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റുമായി ഈയിടെ പ്രത്യക്ഷപ്പെടേണ്ടിവന്നത് ഒബാമയുടെ ഗതികേടിന്റെ സൂചനയായിരുന്നു. ഒബാമ ജനിച്ചത് കെനിയയിലാണെന്ന പരക്കെയുള്ള ധാരണ തിരുത്തേണ്ടത് പാട്രിയോടിസം തെളിയിക്കാന്‍ ആവശ്യമായിരുന്നു. ഉസാമയെ കൊന്നതോടെ അമേരിക്കന്‍ ഹീറോയിസത്തിന്റെ പ്രതീകമായ റാംബോയുടെ പുനരവതാരമെടുത്ത് ഉന്മാദ ദേശീയത്വത്തിന്റെ ആഘോഷ ബിംബമാകാനും ഒബാമക്ക് കഴിഞ്ഞു. 2012-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതൊരു നല്ല നിക്ഷേപമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിയും. പ്രസിഡന്റിന്റെ ദൗത്യ നിര്‍വഹണം ഇപ്പോള്‍ തങ്ങള്‍ അംഗീകരിക്കുന്നുവെന്ന് 57 ശതമാനം ജനം കക്ഷിഭേദമന്യേ പറഞ്ഞുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

അഫ്ഗാന്‍ ഘടകം
അഫ്ഗാനിസ്താനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റവുമായും ഉസാമ വധത്തിനു ബന്ധമുണ്ട്. 2014 ആവുമ്പോഴേക്ക് അത് നടക്കേണ്ടതുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അത് സാധിച്ചാല്‍ നിലവിലെ ബജറ്റ് കമ്മി നികത്താന്‍ അത് സഹായകമാകും. ഭീമമായ സൈനികച്ചെലവ് കുറച്ച് കൊണ്ട് വര്‍ഷം തോറും ബില്യന്‍ കണക്കില്‍ ഡോളറുകള്‍ ലാഭിക്കാം. എന്നാല്‍, ബിന്‍ലാദിന്‍ പ്രശ്‌നം പരിഹിക്കാതെ അഫ്ഗാന്‍ ചതുപ്പില്‍നിന്ന് സൈനിക ബൂട്ട് വലിച്ചെടുക്കാന്‍ അമേരിക്കക്ക് സാധിക്കുകയില്ല. കാരണം, അതോടെ അഫ്ഗാന്‍ യുദ്ധത്തിന്റെ യു.എസ് ന്യായം അപ്രസക്തമാകും. ബിന്‍ലാദിനെ പിടികൂടുക എന്ന ഒരേയൊരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു അഫ്ഗാനില്‍ യു.എസ് അധിനിവേശം നടന്നത്. താലിബാന്‍, ബിന്‍ലാദിനെ വിട്ടുകൊടുത്തിരുന്നെങ്കില്‍ അഫ്ഗാന്‍ യുദ്ധം നടക്കുമായിരുന്നില്ല. ബിന്‍ ലാദിന്റെ ഉന്മൂലനത്തോടെ അധിനിവേശയുക്തിക്ക് പോറലേല്‍ക്കാതെ നിലനിര്‍ത്താം.
താലിബാനുമായുള്ള അനുരഞ്ജനത്തിലൂടെയല്ലാതെ അഫ്ഗാനില്‍ സുസ്ഥിരത സാധ്യമല്ലെന്ന് കര്‍സായിക്കും യു.എസിനും ബോധ്യമായിട്ടുണ്ട്. താലിബാനെ സംഭാഷണമേശക്കരികില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് പരസ്യമായ സംസാരങ്ങളും ഇടക്കാലത്തുണ്ടായിരുന്നു. അല്‍ഖാഇദയുമായുള്ള ബന്ധം വിഛേദിക്കുക എന്നത് മാത്രമായിരുന്നു ഇതിന് മുേന്നാട്ടുവെച്ച ഉപാധി. ബിന്‍ലാദിന്റെ അഭാവം ആ വഴിക്കുള്ള നീക്കങ്ങള്‍ സുഗമമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പ്രതീക്ഷിക്കുന്നുണ്ടാവാം. പാകിസ്താനും താല്‍പര്യമുള്ള വിഷയമാണത്. കാബൂളില്‍ സ്വന്തം വരുതിയിലുള്ള സര്‍ക്കാര്‍ പാകിസ്താന്റെ സ്ട്രാറ്റജിക്കല്‍ ലക്ഷ്യമാണ്. ഉഭയ താല്‍പര്യങ്ങളുടെ അത്തരമൊരു രഹസ്യ ഡീല്‍ ബിന്‍ലാദിന്‍ വധത്തിനു മുമ്പ് നടന്നിരിക്കാന്‍ സാധ്യതയില്ലായ്കയില്ല.
ഈ നിഗമനങ്ങളൊക്കെ നിലനില്‍ക്കെ തന്നെ ദേശീയമായും അന്തര്‍ദേശീയമായും പാകിസ്താനെ അങ്ങേയറ്റം ദുര്‍ബലമാക്കുന്ന സംഭവമാണ് നടന്നത്. രാഷ്ട്രീയ നേതൃത്വത്തില്‍ മുമ്പേ വിശ്വാസം നശിച്ച പാക് ജനതക്ക് സൈനിക നേതൃത്വത്തെക്കുറിച്ച് കൂടി വിശ്വാസം തകര്‍ക്കുന്നതായിരുന്നു സംഭവം. ദേശീയ സുരക്ഷയെ കുറിച്ച് ജനങ്ങള്‍ക്ക് ഒരു ഉറപ്പ് നല്‍കാന്‍ കഴിയാത്ത ദുരവസ്ഥയിലെത്തിപ്പെട്ടിരിക്കുകയാണ് പാക് സൈനിക നേതൃത്വം. യു.എസിനു മുമ്പില്‍ പാകിസ്താന്‍ ഇനി ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമല്ല. ഇത് ഇനി എവിടെയെല്ലാം എത്രത്തോളം ആവര്‍ത്തിക്കാമെന്നാണ് ജനം ചോദിക്കുന്നത്. ബിന്‍ലാദിനെതിരെ പടയൊരുക്കത്തിന് മണ്ണ് നല്‍കിയ പാകിസ്താന് തന്നെ അവസാനം ബിന്‍ലാദിന്റെ 'പാപഭാര'വും പേറേണ്ടിവന്നു. അന്താരാഷ്ട്ര രംഗത്ത് ഇപ്പോള്‍ പാകിസ്താന്‍ 'ടെററിസ്താനാ'ണ്.
അമേരിക്കന്‍ നടപടിയുടെ ദൂരവ്യാപകമായ പ്രത്യാഘാതവും ഉത്കണ്ഠാജനകമാണ്. അമേരിക്ക സൃഷ്ടിച്ച കീഴ്‌വഴക്കം മറ്റു രാജ്യങ്ങളും മാതൃകയാക്കി കൂടായ്കയില്ല. 'സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങള്‍' എന്ന പവിത്ര സങ്കല്‍പം അസാധുവാക്കാമെന്ന വിപത് സന്ദേശമാണ് യു.എസ് നല്‍കുന്നത്. സര്‍വാംഗീകൃത വഴികളുണ്ടായിട്ടും വക്രവഴി തേടുമ്പോള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിലയില്ലാതാകും.

സമ്പന്നതയില്‍നിന്ന്  സാഹസികതകളിലേക്ക്
സമ്പന്നതയുടെ പട്ടുമെത്തയില്‍നിന്ന് ഗിരിഗഹ്വരങ്ങളിലെ പാരുഷ്യത്തിലേക്കുള്ള ജീവിതയാത്രയായിരുന്നു ബിന്‍ലാദിന്റേത്. 1957-ല്‍ ജനിച്ച ഉസാമ ബിന്‍ലാദിന്‍ സുഊദിയിലെ ഏറ്റവും വലിയ കോണ്‍ട്രാക്റ്റിംഗ് കമ്പനികളിലൊന്നായ 'ശരികത്ത് ബിന്‍ ലാദി'ന്റെ ഉടമയായ യമനി വംശജന്‍ മുഹമ്മദ് അവദ് ലാദിന്റെ പുത്രനാണ്. ഉമ്മ ആലിയ ഗാനിം. സുഊദി ഹൈവേകളുടെയും പുണ്യഗേഹങ്ങളായ ഹറമുകളുടെയും വികസനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ ലാദിന്‍ കമ്പനിയുടെ ഉടമ മുഹമ്മദ് ലാദിന്‍ സുഊദി രാജകുടുംബവുമായി വളരെ അടുപ്പമുള്ള വ്യക്തികളിലൊരാളായിരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ ബിസിനസ് മാനേജ്‌മെന്റും സാമ്പത്തിക ശാസ്ത്രവും പഠിച്ച ഉസാമ പക്ഷേ, കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കുന്നതിലേക്കല്ല തിരിഞ്ഞത്. പിതാവിന്റെ മരണാനന്തരം കമ്പനിക്കാര്യങ്ങളുടെ ചുമതല ഏറ്റെടുത്ത സഹോദരന്മാരായ സാലിം ബിന്‍ ലാദിനില്‍നിന്നും ഇപ്പോഴത്തെ കമ്പനി തലവന്‍ ബകര്‍ ബിന്‍ ലാദിനില്‍നിന്നും തികച്ചും വ്യത്യസ്തനായി ജിഹാദിന്റെ പാതയാണ് ഉസാമ തെരഞ്ഞെടുത്തത്. നാണം കുണുങ്ങിയായിരുന്ന ഉസാമ ചെറുപ്പത്തിലേ മതബോധമുള്ള കൂട്ടത്തിലായിരുന്നു. കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ ജോര്‍ദാനിയായ പ്രഫ. അബ്ദുല്ല അസാമായിരുന്നു ബിന്‍ ലാദിനെ സ്വാധീനിച്ച വ്യക്തിത്വം. അബ്ദുല്ല അസാം പിന്നീട് ജീവിതം അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തിനെതിരിലുള്ള ജിഹാദിനായി ഉഴിഞ്ഞുവെച്ചു. ആ മാര്‍ഗത്തില്‍ ശഹീദാവുകയും ചെയ്തു. അബ്ദുല്ല അസാമുമായുള്ള സൗഹൃദമാണ് ബിന്‍ ലാദിനെ അഫ്ഗാന്‍ ജിഹാദ് പാതയിലെത്തിച്ചത്. അഫ്ഗാന്‍ ജിഹാദ്ചരിത്രത്തിലെ ഇതിഹാസ പുരുഷനായി എണ്ണപ്പെടുന്ന വ്യക്തിത്വമാണ് അബ്ദുല്ല അസാം. ആരാധകരായ അനുയായിവൃന്ദം പല അത്ഭുത ദിവ്യകഥകളും അസാമിന്റെ വ്യക്തിത്വത്തിനു ചുറ്റും മെനഞ്ഞുണ്ടാക്കിയിരുന്നു. അദ്ദേഹത്തോടൊപ്പം മാലാഖമാര്‍ പടപൊരുതുന്ന ദൃക്‌സാക്ഷി വിവരണങ്ങളാല്‍ നിര്‍ഭരമാണ് അസാമിന്റെ ജീവചരിത്ര കൃതികള്‍. ലക്ഷ്യത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തികള്‍ക്ക് ചുറ്റും ഇത്തരം ഭാവനാ വിലാസങ്ങള്‍ തിടം വെക്കുക സാധാരണമാണ്. അസാമിന്റെ സമര്‍പ്പിത ജീവിതം ബിന്‍ലാദിനെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല. 1979-ല്‍ ഉസാമ അഫ്ഗാന്‍ മുജാഹിദുകളുടെ കൂടെ ചേര്‍ന്നു. ഈജിപ്തും സുഊദിയുമടക്കമുള്ള മിക്ക അറബ് -മുസ്‌ലിം ഗവണ്‍മെന്റുകളും അഫ്ഗാനിസ്താനിലേക്കുള്ള യുവാക്കളുടെ ജിഹാദ് യാത്ര പ്രോത്സാഹിപ്പിച്ചിരുന്ന കാലമായിരുന്നു അത്. പില്‍ക്കാലത്ത് അറബ്-അഫ്ഗാനികള്‍ അറബ് ഭരണകൂടങ്ങള്‍ക്ക് അനഭിമതരായെങ്കിലും. അമേരിക്കയെ ഭയന്ന് ഇവരെ തിരികെ സ്വീകരിക്കാന്‍ സ്വന്തം രാജ്യങ്ങള്‍ മടിച്ചതിന്റെ ഫലം കൂടിയായിരുന്നു തീവ്രവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച. '90-കളുടെ ആദ്യം ബിന്‍ലാദിന്‍ സുഊദിയില്‍ തിരിച്ചെത്തി. പിന്നീട് സുഡാനിലേക്ക് ചേക്കേറി. '96 വരെ സുഡാനില്‍ തങ്ങിയ ഉസാമ, ഉമറുല്‍ബശീറിന്റെ 'ഇസ്‌ലാമിക വിമോചന' (അല്‍ ഇന്‍ഖാദുല്‍ ഇസ്‌ലാമി) ഭരണകൂടത്തിന്റെ വികസന പദ്ധതികളില്‍ ഉദാരമായി സഹായിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിനിടെ അറബ് ഭരണകൂടങ്ങളുടെ അമേരിക്കന്‍ വിധേയത്വത്തിനെതിരെയുള്ള ബിന്‍ ലാദിന്റെ നിലപാടുകള്‍ പരസ്യമായിക്കഴിഞ്ഞുന്നു. 1994-ല്‍ സുഊദി ഭരണകൂടം അദ്ദേഹത്തിന്റെ പൗരത്വം റദ്ദ് ചെയ്തു. മുമ്പേ തന്നെ യു.എസിന്റെ കരിമ്പട്ടികയിലായിരുന്ന സുഡാന്‍ അപകടം മണത്തറിഞ്ഞ് '96-ല്‍ ഉസാമയോട് നാടുവിടാന്‍ ആവശ്യപ്പെട്ടു. ലാദിന്‍ കുടുംബം തള്ളിപ്പറഞ്ഞ ഉസാമ അങ്ങനെ വീണ്ടും അഫ്ഗാനിസ്താനില്‍ തന്നെ തിരിച്ചെത്തി. 1988-ലാണ് താവളം എന്നര്‍ഥമുള്ള 'അല്‍ഖാഇദ' ബിന്‍ലാദിന്റേതായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. '90-'91-ല്‍ സദ്ദാമിന്റെ കുവൈത്ത് അധിനിവേശത്തെത്തുടര്‍ന്ന് സുഊദി അറേബ്യ അമേരിക്കക്ക് താവളമനുവദിച്ചതോടെയാണ് മാതൃരാജ്യത്തെ ഭരണകൂടവുമായി ബിന്‍ലാദിന്‍ പിണങ്ങുന്നത്. 1998 ആഗസ്റ്റില്‍ താന്‍സാനിയയിലെയും നൈറോബിയിലെയും യു.എസ് എംബസികളില്‍ നടന്ന സ്‌ഫോടനവും 2000 ഒക്‌ടോബറില്‍ ഏദന്‍ തുറമുഖത്ത് യു.എസ്.എസ് കോള്‍ കപ്പല്‍പടയെ ലക്ഷ്യമാക്കിയ സ്‌ഫോടനവും അല്‍ഖാഇദയിലാണ് കണ്ണിചേര്‍ക്കപ്പെടുന്നത്. എന്നാല്‍, 2001 സെപ്റ്റംബര്‍ 11-ല്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാണ് ബിന്‍ലാദിനെ 25 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന, ആഗോള ഭീകരതയുടെ തലച്ചോറാക്കി മാറ്റിയത്. അമേരിക്കയുടെ ഗര്‍വിഷ്ഠമായ മേല്‍ക്കോയ്മാവാദത്തിന്നേറ്റ ശക്തമായ തലക്കടിയായിരുന്നു ഉസാമ. ആ നാണക്കേടിന്റെ ആഴത്തില്‍ നിന്നാണ് ഒരു വ്യക്തിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്താന്‍ യു.എസ് ധൃഷ്ടമായത്. ഉസാമ അമേരിക്കയുടെ മാത്രം പ്രശ്‌നമായിരുന്നു. അതൊരു ലോക പ്രശ്‌നമാക്കി ഭീകരതയെ ആഗോള വ്യാപകമാക്കി എന്നിടത്താണ് വൈറ്റ് ഹൗസിന്റെ വിജയം.

9/11-ല്‍ ബിന്‍ ലാദിന്റെ പങ്ക്
9/11 സംഭവത്തില്‍ ഉസാമക്ക് പ ങ്കൊന്നുമില്ലെന്നും അതൊരു ജൂത-യു.എസ് ഉപജാപമാണെന്നുമുള്ള ഒരു തിയറി 'അമേരിക്കന്‍ വിരോധികള്‍' പ്രചരിപ്പിക്കുന്നുണ്ട്. അതൊക്കെ 'യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട ജന'ത്തിനു മാത്രം പറഞ്ഞിട്ടുള്ളതാണെന്നും അത്രക്ക് ആസൂത്രിതമായ ഒരു ഓപറേഷന്‍ ലോകത്ത് മറ്റൊരു ശക്തിക്കും സാധ്യമല്ലെന്നുമുള്ള സയണിസ്റ്റ് മിത്തിനെ ഉപചരിക്കുന്നതാണ് ഈ ഉപജാപസിദ്ധാന്തം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ നൈതികരാഹിത്യം പരോക്ഷമായി സമ്മതിക്കുന്നതിന് തുല്യമാണ് ഈ ഉപജാപസിദ്ധാന്തം. അപ്പോള്‍ ഉസാമയാണ് അതിന്റെ പിന്നിലെന്ന് തെളിഞ്ഞാല്‍ അതിന്റെ സാഹസികമാനം എന്തുതന്നെയാണെങ്കിലും ഉസാമ കുറ്റവാളിയാണെന്ന് ഉപജാപ സിദ്ധാന്തികള്‍ സമ്മതിക്കേണ്ടിവരും. എന്താണ് വസ്തുത? ഇങ്ങനെയൊരു കുറ്റവിമുക്തി ഉസാമ ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. മാത്രമല്ല, പരസ്യമായി അതിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തിട്ടുമുണ്ട്. അല്‍ജസീറ ടേപ്പുകള്‍ തന്നെ തെളിവ്. സംഭവത്തോടനുബന്ധിച്ച് അല്‍ജസീറ സംപ്രേക്ഷണം ചെയ്ത ഉസാമയുടെ സചിത്ര പ്രസ്താവന ഈ ലേഖകന്‍ കണ്ടിട്ടുള്ളതാണ്. 9/11 ആക്രമണത്തില്‍ പങ്കെടുത്തവരെ 'കൗകബുന്‍ മിനശ്ശബാബ്' (യുവ നക്ഷത്ര വ്യൂഹം) എന്നാണ് ഉസാമ വിശേഷിപ്പിച്ചത്. അഞ്ചു വിമാന റാഞ്ചികളുടെ പേരും ബിന്‍ലാദിന്‍ എടുത്തോതുന്നുണ്ട്. ആക്രമണത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ തങ്ങളുടെ വസ്വിയ്യത്ത് വായിക്കുന്ന വീഡിയോ ടേപ്പുകളും അല്‍ജസീറ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. അത്യന്തം വികാരവിജൃംഭിതമാണ് ആ വസ്വിയ്യത്തുകളില്‍ ഉപയോഗിച്ച വാക്കുകള്‍. നേരത്തെ റെക്കോര്‍ഡ് ചെയ്തു വെച്ച ശേഷം വളരെ ആസൂത്രിതമായാണ് അവര്‍ മരണത്തിലേക്ക് തീര്‍ഥയാത്ര പോയതെന്നതിന്റെ സംസാരിക്കുന്ന തെളിവുകളാണ് ഈ വീഡിയോ ടേപ്പുകള്‍. ഇവ വിശ്വസനീയമല്ലെന്നാണെങ്കില്‍ മാധ്യമ സത്യസന്ധതയുടെ ഉരക്കല്ലായി അവതരിപ്പിക്കപ്പെടുന്ന അല്‍ജസീറയും ഒരു അമേരിക്കന്‍ സൃഷ്ടിയാണെന്ന് പറയേണ്ടിവരും; ബിന്‍ലാദിന്‍ അമേരിക്കന്‍ സൃഷ്ടിയാണെന്ന ഇടതുപക്ഷ നുണ പോലെ.

മിത്തും യാഥാര്‍ഥ്യവും
ബിന്‍ലാദിന്റെ ആരാധകരും ശത്രുക്കളും അദ്ദേഹത്തിനു ചുറ്റും പലതരം മിത്തുകള്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്. ജാസണ്‍ ബര്‍ക് (Jasen Burk) ഗാര്‍ഡിയനിലെഴുതിയ ലേഖനത്തില്‍ ഇത്തരം പത്ത് മിത്തുകളുടെ കാറ്റഴിച്ചുവിടുന്നുണ്ട്. ഉസാമ സി.ഐ.എയുടെ സൃഷ്ടിയാണെന്ന ആരോപണമാണ് അതിലൊന്ന്. ഉസാമയോ അനുയായികളോ എണ്‍പതുകളില്‍ യു.എസില്‍നിന്ന് നേരിട്ട് ഫണ്ടോ പരിശീലനമോ സ്വീകരിച്ചതിന് യാതൊരു തെളിവുമില്ലെന്നാണ് ജാസണ്‍ പറയുന്നത്. ഇതൊരു ഇടത്-കമ്യൂണിസ്റ്റ് നുണയാണ്. അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തോട് യുദ്ധം ചെയ്ത ഉസാമയോടുള്ള കയ്പ് അമേരിക്കയുടെ മുഖത്ത് തുപ്പുകയാണ് വാസ്തവത്തില്‍ അവര്‍. ഉസാമയുടെ അമേരിക്കന്‍ വിരുദ്ധ യുദ്ധത്തിലെ നൈതികതയല്ല അവരുടെ പ്രശ്‌നം. ഉസാമയുടെ സോവിയറ്റ് വിരുദ്ധ പൂര്‍വ ജീവിതമാണ്. അവരുടെ നിഘണ്ടുവില്‍ ചെമ്പടയുടെ അധിനിവേശം കുറ്റകരമല്ല. ബിന്‍ലാദിന്‍ അമേരിക്കയുടെ പിണിയാളാകാന്‍ നിന്ന് കൊടുത്തില്ല എന്നതാണ് സത്യം.
ഉസാമ എന്തുകൊണ്ട് ഫലസ്ത്വീനിലേക്ക് പൊരുതാന്‍ പോയില്ല എന്ന് ചോദിച്ച് ഉത്തരം മുട്ടിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. ഏത് അറബ് രാജ്യമാണ് അതിന് പടനിലം അനുവദിക്കുക എന്ന ചോദ്യത്തിന് ആദ്യം അവര്‍ മറുപടി നല്‍കേണ്ടതുണ്ട്. അമേരിക്ക ഇല്ലെങ്കില്‍ ഇസ്രയേല്‍ ഇല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? അമേരിക്കക്കെതിരെയുള്ള ഉസാമയുടെ യുദ്ധം യഥാര്‍ഥത്തില്‍ ഇസ്രയേല്‍ വിരുദ്ധ യുദ്ധം തന്നെയല്ലേ?
വമ്പിച്ച ധനശേഖരത്തിന്റെ ഉടമയായിരുന്നു ഉസാമ എന്നതാണ് മറ്റൊരു പ്രചാരണം. 1992-ല്‍ തന്നെ ഉസാമയുടെ ബാങ്ക് അക്കൗണ്ടുകള്‍ സുഊദി അറേബ്യ മരവിപ്പിച്ചിരുന്നു. ലാദിന്‍ കുടുംബത്തിലെ മള്‍ട്ടി ബില്യന്‍ ബിസിനസ് സാമ്രാജ്യത്തിലെ ഉസാമയുടെ ഓഹരിയായ 250 മില്യന്‍ ഡോളറും ഇതില്‍ പെടും. വ്യക്തിബന്ധങ്ങളിലൂടെ പണം ശേഖരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ലോകാടിസ്ഥാനത്തില്‍ പണമിടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണം വന്നതോടെ പില്‍ക്കാലത്ത് അതും വഴിമുട്ടുകയായിരുന്നു. ഭീകരതയെ പൊലിപ്പിക്കാന്‍ പണക്കൊഴുപ്പ് ആവശ്യമാണെന്ന് വാശിയുള്ളവര്‍ പിന്നീട് കണ്ടെത്തിയതാണ്, മയക്കുമരുന്ന് കള്ളക്കടത്തിലൂടെയാണ് ഉസാമ ജിഹാദ് നടത്തിയതെന്ന ആരോപണം. ബിന്‍ലാദിന്‍ പ്രഭൃതികളുടെ മതയാഥാസ്ഥിതികതയെ വിമര്‍ശിക്കുന്നവര്‍ തന്നെയാണ് ഇത്തരം മതവിരുദ്ധ ചെയ്തികളും തരാതരം പോലെ അദ്ദേഹത്തിന്റെ തലയിലിടുന്നത്.
ഇതൊക്കെ ഉസാമ വിരോധികളുടെ 'പൊലിപ്പിക്കലുകള്‍'. ആരാധകരുടെ പൊലിപ്പിക്കലുകള്‍ മറ്റൊരുവിധത്തിലാണ്. ബൈറൂത്തിലെ നിശാ ക്ലബ്ബുകളിലും ലാസ് വാഗസിലും മദാലസകളോടൊത്ത് യൗവനം ചൂതാടവെയായിരുന്നു ഉസാമ അതൊക്കെ വലിച്ചെറിഞ്ഞ് അഫ്ഗാന്‍ ജിഹാദിന്റെ പര്‍വതാരോഹണം നടത്തുന്നതെന്നാണ് ഇവരുടെ ബിന്‍ലാദിനാഘോഷം. പരഭാഗശോഭക്ക് വേണ്ടി കണ്ടെത്തുന്ന ഉരുപ്പടികള്‍! സോമാലിയന്‍ വ്യാജ എഴുത്തുകാരി ഇയാന്‍ ഹിര്‍സി അലി ഒരു അഭിമുഖത്തില്‍ കാസാബ്ലാങ്കയില്‍ വെച്ച് ബിന്‍ലാദിനുമായി സഹശയനം നടത്തിയതിനെക്കുറിച്ച് പുളകം കൊള്ളുന്നുണ്ട്. ഭീകരതയെ ലൈംഗികമായി അവമതിക്കുന്നതിലുമുണ്ടല്ലോ ഒരു സുഖം! വളരെ ചെറുപ്പത്തിലേ വിവാഹിതനായ ബിന്‍ ലാദിന്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ മതഭക്തനായിരുന്നുവെന്നതാണ് സത്യം. മറ്റെല്ലാം വായനക്കാരെ സുഖിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും അനുകൂലികളും പ്രതികൂലികളും നിര്‍മിച്ചുണ്ടാക്കുന്ന ഛായകള്‍ മാത്രമാണ്. 1987-ലെ ജാജി യുദ്ധക്കളത്തിലും 1989-ലെ ജലാലാബാദ് യുദ്ധമുഖത്തും പൊരുതിയ ബിന്‍ലാദിന്‍ ഒരിക്കല്‍ പോലും തോക്ക് ഉപയോഗിച്ചിട്ടില്ലാത്ത വ്യാജ പോരാളിയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
ഇങ്ങനെ പലരും പല നിലക്കും വായിക്കുമ്പോഴും ബിന്‍ലാദിന്‍ പ്രതിഭാസം ഒരു കാര്യത്തില്‍ സമകാലീന അറബ് ലോകത്ത് വേറിട്ടു നില്‍ക്കുന്നു. അറബ് ഭരണാധികാരികള്‍ പദവികള്‍ സമ്പത്ത് വാരിക്കൂട്ടാനും അധികാരം താവഴിയിലേക്ക് പകരാനും ദുരുപയോഗം ചെയ്തപ്പോള്‍ താവഴിയായി ലഭിക്കുമായിരുന്ന വന്‍ സമ്പത്ത് ഉപേക്ഷിച്ചുകൊണ്ട് കഠിന ജീവിതമാണ് ബിന്‍ലാദിന്‍ തെരഞ്ഞെടുത്തത്.

പിന്‍വാങ്ങിയ തരംഗം
ബിന്‍ലാദിന്‍ തരംഗം മങ്ങിത്തുടങ്ങിയ കാലത്താണ് ഒബാമ ബിന്‍ ലാദിനെ വധിക്കുന്നത്. അതിന് മുമ്പു തന്നെ ബിന്‍ലാദിന്‍ അറബ് ഹൃദയങ്ങളില്‍നിന്ന് പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു. അറബ് വിപ്ലവം നടന്ന കയ്‌റോവിലെയും തുനീഷ്യയിലെയും തെരുവുകളിലൊന്നും പ്രക്ഷോഭകാരികളായ യുവാക്കള്‍ ബിന്‍ലാദിന്റെ പടം ഉയര്‍ത്തിപ്പിടിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഹിംസയുടെ പാത വിട്ട് മറ്റൊരു പാതയാണ് അവര്‍ തെരഞ്ഞെടുത്തത്. അവര്‍ ബിന്‍ലാദിനെയും അമേരിക്കയെയും ഒരുപോലെ തള്ളിക്കളഞ്ഞു. തഹ്‌രീര്‍ സ്‌ക്വയര്‍ സന്ദര്‍ശിച്ച ഹിലരി ക്ലിന്റണിനും മുഖം കൊടുക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അറബ് പ്രക്ഷോഭത്തില്‍ ഇടപെടേണ്ട എന്ന പക്ഷക്കാരിയായിരുന്നുവത്രെ ആദ്യം ഹിലരി. തഹ്‌രീര്‍ സ്‌ക്വയറില്‍ നേരിട്ട അവഗണനയാണ് ലിബിയയില്‍ ഇടപെടുന്നതിലേക്ക് ചുവട് മാറാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.

പിഴവുകള്‍
ജിഹാദിന്റെ നൈതികതയെ അതിലംഘിച്ചുവെന്നതായിരുന്നു ഉസാമയുടെ ഏറ്റവും വലിയ പിഴവ്. ലക്ഷ്യം മാര്‍ഗത്തെ നീതീകരിക്കും എന്ന തത്ത്വത്തിലേക്കാണ് ഇത് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. അതുകൊണ്ട് തന്നെ ഉസാമയുടെ സവിശേഷ മാര്‍ഗത്തിന് മുസ്‌ലിംകളില്‍ ചെറിയൊരു വിഭാഗത്തിന്റെ പിന്തുണയേ കിട്ടിയുള്ളൂ. മുഖ്യധാര ഇസ്‌ലാമിക പ്രസ്ഥാനങ്ങളൊന്നും ഉസാമയുടെ തത്ത്വശാസ്ത്രം പങ്കിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഫലം മുന്നില്‍ വെക്കുമ്പോള്‍ ലോകാടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് അത് വിനയായാണ് പരിണമിച്ചത്. സമ്പന്ന മുസ്‌ലിം നാടുകളുടെ ധനസഹായങ്ങള്‍ക്ക് കൂച്ചുവിലങ്ങ് വീണതോടെ ആഫ്രിക്കയിലും മറ്റും നടന്നിരുന്ന ദുരിതാശ്വാസ സംരംഭങ്ങള്‍ക്കൊക്കെ മുടക്കം സംഭവിച്ചു. 'ഭീകര വിരുദ്ധ യുദ്ധ'ത്തിന്റെ പേരില്‍ പല രാജ്യങ്ങളിലും മനുഷ്യാവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്ന അവസ്ഥയുമുണ്ടായി. ഇസ്‌ലാമിക മൂല്യങ്ങള്‍ താല്‍പര്യപ്പെടുന്ന യുദ്ധത്തിലെ ധാര്‍മിക മുറകളൊന്നും പാലിക്കാന്‍ അല്‍ഖാഇദ കൂട്ടാക്കിയില്ല. തുടക്കവും ഒടുക്കവുമുള്ള ഒരു യുദ്ധ സ്ട്രാറ്റജിയുടെ അഭാവം ഈ പ്രസ്ഥാനത്തെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്; ഉദ്ദേശ്യശുദ്ധിയുടെയും വന്‍ ത്യാഗങ്ങളുടെയും അവസ്ഥ എന്താണെങ്കിലും. നിലനില്‍ക്കുന്ന രാഷ്ട്രീയ-സൈനിക ശക്തികളെ ശരിയായി വിലയിരുത്തുന്നതിലും അല്‍ഖാഇദ പരാജയപ്പെട്ടു. ഇടുങ്ങിയ സലഫി ചിന്തയില്‍ നിന്നുരുവം പൂണ്ട വിശ്വാസപരമായ വിഭാഗീയതകളെ താലോലിച്ച അല്‍ഖാഇദ മുസ്‌ലിം പിളര്‍പ്പിനെയാണ് പ്രതിനിധാനം ചെയ്തത്. അഫ്ഗാനിസ്താനില്‍ അവര്‍ നിര്‍മിക്കാന്‍ ശ്രമിച്ച 'ഇസ്‌ലാമിക ഇമാറത്ത്' ഇറാനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ളതായിരുന്നു. സ്വയം ഏകാധിപത്യത്തിന്റെ ഇരകളായിരുന്നിട്ടും ജനാധിപത്യത്തെ എതിര്‍ക്കുന്ന സലഫി ചിന്തയെയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. വാഷിംഗ്ടണിനെ കടിഞ്ഞാണ്‍ ഏല്‍പിച്ച അറബ് ഭരണകൂടങ്ങളുടെ രാഷ്ട്രീയ പാപ്പരത്തമായിരുന്നു അല്‍ഖാഇദയുടെ ഗര്‍ഭാശയം. സാമ്രാജ്യത്വത്തില്‍ നിന്നുള്ള മോചനത്തിന്റെ പേരില്‍ രാഷ്ട്രീയ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും അടിച്ചമര്‍ത്തിയ അറബ് വിപ്ലവ ഭരണകൂടങ്ങള്‍ക്കും ചെറുതല്ലാത്ത പങ്ക് ഇതിലുണ്ട്. അറബ് യുവതക്ക് മുമ്പില്‍ എല്ലാ കവാടങ്ങളും കൊട്ടിയടച്ച് ഇരുട്ട് പരത്തിയ പ്രാകൃതമായ ഒരു വ്യവസ്ഥക്കെതിരെയുള്ള അരാജകമായ പ്രതിപ്രവര്‍ത്തനമായിരുന്നു അല്‍ഖാഇദ. അറബ് ജനത സമാധാനപരമായ ജനാധിപത്യ വിപ്ലവത്തിലൂടെ മാറ്റത്തിന് തുടക്കം കുറിച്ച ചരിത്രസന്ധിയില്‍ അല്‍ഖാഇദക്ക് നിലനില്‍പ് നഷ്ടപ്പെടാനാണ് സാധ്യത. എന്നാല്‍, അമേരിക്ക ഭീകരവിരുദ്ധയുദ്ധത്തിന്റെ ഇടപെടല്‍ കുതന്ത്രം അവസാനിപ്പിച്ചാലല്ലാതെ ലോകത്തിന് സ്വാസ്ഥ്യം വീണ്ടെടുക്കാന്‍ കഴിയില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. അരനൂറ്റാണ്ട്  മുമ്പ് സയ്യിദ് ഖുത്വ്ബ് പറയുകയുണ്ടായി: ''അമേരിക്ക അതിന്റെ സാങ്കേതിക വിദ്യകളും ശാസ്ത്രീയ നേട്ടങ്ങളും ഇതര ലോകങ്ങളുമായി പങ്കിടുന്നത് കൊള്ളാം. എന്നാല്‍, ലോകം തങ്ങളാണെന്നാണ് അമേരിക്കയുടെ ഭാവമെങ്കില്‍ അതൊരു വലിയ ദുരന്തത്തിലാണ് കലാശിക്കുക.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം