Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 08

3317

1445 സഫർ 22

ഖത്തറിൽ പലതിന്റെയും തുടക്കക്കാരൻ

മുഹമ്മദ് പാറക്കടവ്

1960-കളുടെ ഒടുവിൽ പ്രബോധനം വാരികയിൽ വന്ന 'തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്്ലാമി' എന്ന ലേഖന പരമ്പരയിലൂടെയാണ് എം.വി മുഹമ്മദ് സലീം മൗലവിയെ ആദ്യമായി അറിയുന്നത്. റൗദത്തുൽ ഉലൂം അറബിക് കോളേജിൽ  ഖുർആൻ പാരായണ ശാസ്ത്രം പഠിപ്പിക്കാൻ വന്നപ്പോൾ നേരിൽ പരിചയപ്പെട്ടു. ഖത്തറിലെ മഅ്ഹദുദ്ദീനിയിൽ പഠിച്ച കാലത്ത്  മഹാ പണ്ഡിതൻമാരും ഇഖ്‌വാൻ നേതാക്കളുമായ ശൈഖ് യൂസുഫുൽ ഖറദാവി, ശൈഖ് അലി ജമ്മാസ്, അബ്ദുല്ലത്വീഫ് സായിദ് തുടങ്ങിയവർ ഗുരുനാഥൻമാരായിരുന്നു. പഠന ശേഷം ഖത്തറിലെ സുഊദി അറേബ്യൻ എംബസിയിൽ ദീർഘ കാലം ജോലി ചെയ്തു. മലയാള പ്രസിദ്ധീകരണങ്ങളുടെ സെൻസർഷിപ്പ് ജോലിയും ചെയ്തിരുന്നു. അറബികളെക്കാൾ നന്നായി അറബി ഭാഷ സംസാരിക്കുന്ന ഇന്ത്യക്കാരൻ എന്ന് ശൈഖ് യൂസുഫുൽ ഖറദാവി അദ്ദേഹത്തിന്റെ സാന്നിധ്യത്തിലും അഭാവത്തിലും പറയുന്നത് കേട്ടിട്ടുണ്ട്. 

ഖത്തറിലെ  ഇന്ത്യൻ ഇസ്്ലാമിക് അസോസിയേഷന്റെ മുൻനിര നേതാവായി പ്രവർത്തിച്ചു. ശാര അസ്വ്്മഖിലെ അൽ ഖാഇദ് മസ്ജിദിൽ മഗ്്രിബ് നമസ്കാരത്തിന് ശേഷം അദ്ദേഹം നടത്തിവന്ന പഠന ക്ലാസ്സാണ് പിന്നീട് ഖത്തറിലെ വിവിധ ഭാഗങ്ങളിൽ ആഴ്ചതോറും നൂറുകണക്കിന് ആളുകൾ സംബന്ധിക്കുന്ന പരിപാടിയായി വികസിച്ചത്. അമീരി പാലസിന് മുമ്പിലെ വലിയ പള്ളിയിൽ അദ്ദേഹം നടത്തിവന്നിരുന്ന ഖുർആൻ തുടർപഠന ക്ലാസ്  അനേകം പേർ ഉപയോഗപ്പെടുത്തി. ഖത്തർ ടി.വിയിൽ ആദ്യം കേട്ട മലയാള ശബ്ദം സലീം മൗലവിയുടെതായിരുന്നു. ടെലിവിഷനിൽ മനോഹരമായി ഖുർആൻ ഓതാറുണ്ട്. ഇടക്ക് ഖത്തർ വിട്ടു സുഊദി അറേബ്യയിൽ പോയി. ഖത്തറിലെ പ്രമുഖരായ അമുസ്്ലിം പ്രവാസികൾ ഇസ്്ലാമിനെ കുറിച്ച സംശയങ്ങൾ തീർക്കാൻ നടത്തിയ ചർച്ച ഒരിക്കൽ പുലർച്ച വരെ നീണ്ടുനിന്നത് ഓർമയുണ്ട്. 

ഖത്തർ ചീഫ് ജസ്റ്റിസ് അബ്ദുല്ല ബിൻ സൈദ് ആൽ മഹ്്മൂദ്, ഖാദി ഇബ്്നു ഹജർ, തൊഴിൽ മന്ത്രി അഹ്്മദ് അലി അൻസാരി, സൈനിക മേധാവി മുഹമ്മദ് അബ്ദുല്ല അത്വിയ്യ, ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് തുടങ്ങി പ്രമുഖരായ പലരുമായും അടുത്ത ബന്ധം പുലർത്തി. തന്റെ അറിവും കഴിവും കേരളത്തിലെ വൈജ്ഞാനിക ജീവകാരുണ്യ സംരംഭങ്ങളുടെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തി. വടകരയിലെ ദാറുസ്സലാം  മസ്ജിദും ശാന്തി നികേതൻ സ്കൂളും ഉദാഹരണം മാത്രം.

1979-ൽ കാരന്തൂർ മർക്കസ് ആവശ്യാർഥം ഖത്തർ സന്ദർശനം നടത്തിയ കാന്തപുരം അബൂബക്കർ മുസ്്ലിയാരെ ദോഹയിലെ മതപണ്ഡിതന്മാർക്ക് സലീം മൗലവിയാണ് പരിചയപ്പെടുത്തിക്കൊടുത്തത്. അബൂബക്കർ മുസ്്ലിയാർ അപേക്ഷിച്ചത് പ്രകാരം അൽ ഖാഇദ് മസ്ജിദിൽ നടന്ന പ്രസംഗ പരമ്പര മൗലവി ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിലും സംസാരിച്ചു. ഖത്തറിലെ ആദ്യത്തെ ഇന്ത്യൻ സ്കൂൾ സ്ഥാപിക്കാൻ മുസ്്ലിം എജുക്കേഷൻ  സൊസൈറ്റിക്ക് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി നേടിക്കൊടുക്കാനും മൗലവി സഹായിച്ചു. കുവൈത്തിൽ ശൈഖ് നാദിർ നൂരിയുടെ സാന്നിധ്യത്തിൽ നടന്ന ഐക്യ കരാറിന്റെ പിന്നിലും സലീം മൗലവിയുടെ അധ്വാനം ഉണ്ടായിരുന്നു. ആയുസ്സ് നീളുകയും കർമം നന്നാവുകയും ചെയ്ത ഗുരുവര്യനെ ഉടയ തമ്പുരാൻ അനുഗ്രഹിക്കട്ടെ.

Comments

ഹദീസ്‌

മഹത്വത്തിന്റെ മാനദണ്ഡം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌