Prabodhanm Weekly

Pages

Search

2012 ജൂണ്‍ 23

വാര്‍ത്തകള്‍ വിശേഷങ്ങള്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി


സിറിയ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെന്ന് യു.എന്‍


സിറിയയില്‍ നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ ശ്രമം സകല അതിരുകളും ലംഘിക്കുന്നു. 15 മാസം മുമ്പ് ആരംഭിച്ച  ജനാധിപത്യ പോരാട്ടം സിറിയയുടെ നഗരങ്ങളെയും ഗ്രാമങ്ങളെയും ഇളക്കിമറിച്ചിട്ടുണ്ട്. പിടി നഷ്ടപ്പെടാന്‍ തുടങ്ങിയ ബശ്ശാര്‍ സ്വന്തം ജനതയെ കൊന്നൊടുക്കി ചോരച്ചാലൊഴുക്കുന്ന കാഴ്ച ഭീതിജനകമാണ്. സിറിയയിലെ വിവിധ പ്രദേശങ്ങളില്‍ ബശ്ശാര്‍ സൈന്യം നടത്തിയ കൂട്ടക്കുരുതികളില്‍ ഇതിനകം പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അനേകായിരങ്ങള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൈനിക സംഹാരത്തില്‍ തകര്‍ന്നടിഞ്ഞ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കണക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഹിംസ്, ഹലബ്, ലാദിക്കിയ്യ, ഇദ്ലിബ്, ഹമാ, അല്‍ഹിഫ, ദേര്‍ അല്‍സൂര്‍ എന്നിവിടങ്ങളില്‍ നടന്ന കൂട്ടക്കൊലകളില്‍ അനേകം പേരാണ് മരിച്ചത്. കുട്ടികളും സ്ത്രീകളും വൃദ്ധരുമടക്കം സിവിലിയന്മാരാണ് അസദ് സേനയുടെ ക്രൂരതകള്‍ക്കിരയാവുന്നത്. സിവിലിയന്‍ മേഖലയില്‍ വിവേചന രഹിതമായി തുടരുന്ന  ആക്രമണം തുടരുമെന്നു തന്നെയാണ് അസദ് പറയുന്നത്.
സിറിയയിലെ രക്തച്ചൊരിച്ചില്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ബശ്ശാറുല്‍ അസദിനോട് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിരുന്നു. സിവിലിയന്മാരെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും സിറിയ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണെന്നും മൂണ്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അന്താരാഷ്ട്ര സമാധാന ദൂതന്‍ കോഫി അന്നന്‍ മുന്നോട്ടുവെച്ച സമാധാന കരാര്‍ പാലിക്കാന്‍ തയാറാകണമെന്നും ബശ്ശാറിനോട് യു.എന്‍ ആവശ്യപ്പെട്ടു.
സിറിയയില്‍ അതിക്രമങ്ങളെ നേരിടുകയെന്ന വ്യാജേന എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായാണ് റിപ്പോര്‍ട്ട്. കുട്ടികളെയും സ്ത്രീകളെയും ആക്രമണത്തില്‍ പരിക്കേറ്റവരെയുമടക്കം മനുഷ്യകവചമായി ഉപയോഗിക്കുന്നുണ്ട്. പ്രതിരോധ സമരം നടക്കുന്ന പട്ടണങ്ങളില്‍ സൈനിക ഉപരോധം ഏര്‍പ്പെടുത്തി ഭക്ഷണവും മരുന്നും വരെ നിഷേധിക്കുന്നു. യു.എന്‍ സംഘത്തിന് സഹായമെത്തിക്കാനോ മരുന്നും മറ്റു അത്യാവശ്യ സാധനങ്ങളും ലഭ്യമാക്കാനോ സാധിക്കുന്നില്ല. ബശ്ശാര്‍ സേനയുടെ ആക്രമണത്തില്‍നിന്ന് രക്ഷനേടാന്‍ തുര്‍ക്കി അതിര്‍ത്തിയിലേക്ക് പലായനം ചെയ്യുന്നവരെ  തടയാന്‍ വനങ്ങളില്‍ സൈന്യം വ്യാപകമായി തീയിടുന്നതായി ആരോപണമുണ്ട്. സിറിയന്‍ ജനതക്കുനേരെ ബശ്ശാറിന്റെ സൈന്യം നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. സിറിയന്‍ ഭരണകൂടം നടത്തുന്ന ക്രൂരതകള്‍ക്ക് ശിക്ഷ ലഭിക്കാതെ പോകില്ലെന്നും വാഷിംഗ്ടണ്‍ പറഞ്ഞു.
ആക്രമണം അവസാനിപ്പിക്കുന്നതിന് റഷ്യ മുന്നോട്ട്വെച്ച ഫോര്‍മുലയെക്കുറിച്ച് പഠിക്കാന്‍ അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് തുര്‍ക്കി വ്യക്തമാക്കി. പ്രസ്തുത ഉച്ചകോടിയില്‍ ഇറാന്‍ പങ്കെടുക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാനെ മാറ്റിനിര്‍ത്തി സിറിയന്‍ പ്രശ്ന പരിഹാരം അസാധ്യമാണെന്നും റഷ്യ വ്യക്തമാക്കി. അതിനിടെ,  റഷ്യയില്‍നിന്ന് ആധുനിക യുദ്ധ ഹെലികോപ്റ്ററുകളും മറ്റു യുദ്ധ സാമഗ്രികളും നിര്‍ബാധം സിറിയയിലേക്ക് ഒഴുകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദിനേന പുതിയ കൂട്ടക്കുരുതികള്‍ അരങ്ങേറിയിട്ടും പ്രസ്താവനകള്‍ക്കപ്പുറത്ത് കാര്യമായ 'നടപടി'കളൊന്നും ബശ്ശാറിനെതിരെ സ്വീകരിക്കാന്‍ മുന്നോട്ടു വരാത്ത വന്‍ശക്തികളുടെ നിലപാട് സംശയം ജനിപ്പിക്കുന്നതാണ്.  

മ്യാന്‍മറില്‍ കലാപം പടരുന്നു

ജൂണ്‍ 3-ന് മ്യാന്‍മറില്‍ ബുദ്ധ തീവ്രവാദികള്‍ ബസ് ആക്രമിച്ച് പത്ത് മുസ്ലിംകളെ വധിച്ചതുമായി ബന്ധപ്പെട്ട് ആരംഭിച്ച വര്‍ഗീയ കലാപം റാഖിനി സംസ്ഥാനത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. റാഖിനിയില്‍ കഴിയുന്ന റോഹിങ്ക്യ മുസ്ലിം വിഭാഗത്തെ വ്യാപകമായി വേട്ടയാടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊള്ളയും കൊലയും നിര്‍ബാധം അരങ്ങേറുന്നു. അക്രമങ്ങളില്‍ ഇതിനകം 25 ലേറെപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരും അര്‍ധ ജീവനുംകൊണ്ട് ഓടിപ്പോയവരും നിരവധി. റോഹിങ്ക്യ മുസ്ലിം പ്രദേശങ്ങളില്‍ അരക്ഷിതാവസ്ഥയാണ്. അക്രമം ഭയന്ന് വീടും നാടും ഉപേക്ഷിച്ച് ജലമാര്‍ഗം കൂട്ടപ്പലായനം ആരംഭിച്ചിട്ടുണ്ട്. റോഹിങ്ക്യ മുസ്ലിംകള്‍ ഉള്ളത് പെറുക്കിക്കെട്ടി ജീവനുംകൊണ്ടോടുന്ന കാഴ്ച മനുഷ്യാവകാശ സംഘടനകളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ബോട്ടുകളിലായെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങിയ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സന്നദ്ധമല്ലെന്ന ബംഗ്ളാദേശ് അധികൃതരുടെ നിലപാട് ഇവരുടെ നില കൂടുതല്‍ ഗുരുതമാക്കിയിട്ടുണ്ട്. എന്നാല്‍ ആക്രമണം അവസാനിപ്പിക്കാനും അഭയാര്‍ഥികളുടെ പുനരധിവാസത്തിനും ഐക്യ രാഷ്ട്ര സഭ ഇടപെടണമെന്ന് വിദേശങ്ങളില്‍ കഴിയുന്ന മ്യാന്‍മര്‍ മുസ്ലിംകള്‍ ആവശ്യപ്പെട്ടു.
ഒരു ബുദ്ധ സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അതിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത വര്‍ഗീയ കലാപമാണ് റാഖിനിയില്‍ അരങ്ങേറുന്നതെന്നാണ് മുസ്ലിംകള്‍ പറയുന്നത്. കലാപകാരികള്‍  മുസ്ലിംകളുടെ വീടുകളും കടകളും കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബുദ്ധിസ്റ് മാഗ് വിഭാഗത്തില്‍പെട്ട സൈന്യം മുസ്ലിംകളുടെ സഹായത്തിനെത്തുന്നില്ലെന്ന് റോഹിങ്ക്യ വിഭാഗം ആരോപിച്ചു. മാഗുകളെ മാറ്റി പകരം ബര്‍മീസ് സേനയെ നിയോഗിക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇരു വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന പ്രതികാരാഗ്നി റാഖിനിയുടെ പുറത്തേക്ക് വ്യാപിക്കുമോയെന്ന ഭീതി നിലനില്‍ക്കുന്നു. കലാപം അമര്‍ച്ചചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് തൈന്‍ സെന്‍ പറഞ്ഞു.
മാഗ്സ് ബുദ്ധിസ്റ് ഭൂരിപക്ഷ പ്രവിശ്യയായ റാഖിനിയില്‍ റോഹിങ്ക്യ വിഭാഗങ്ങളടക്കം ധാരാളം മുസ്ലിംകളുമുണ്ട്.  ഊരോ പേരോ ഇല്ലാത്ത റോഹിങ്ക്യ മുസ്ലിംകള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളാണ്.  ലക്ഷക്കണക്കിനു വരുന്ന റോഹിങ്ക്യ മുസ്ലിംകളെ യു.എന്‍ ലോകത്തെ ഏറ്റവും പീഡനമനുഭവിക്കുന്ന ന്യൂനപക്ഷവിഭാഗമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മ്യാന്‍മര്‍ സര്‍ക്കാര്‍ റോഹിങ്ക്യ വിഭാഗത്തെ വിദേശ കുടിയേറ്റക്കാരായാണ് കാണുന്നത്. കഴിഞ്ഞ 60 വര്‍ഷത്തോളമായി മ്യാന്‍മറില്‍ കഴിയുന്ന ഈ ജനതക്ക് പൌരത്വമോ മറ്റു അവകാശങ്ങളോ ഇല്ല. സ്വന്തം നാട്ടില്‍ ആറു പതിറ്റാണ്ടുകളായി പൌരത്വമില്ലാത്ത 'അനധികൃത' താമസക്കാരായി കഴിയേണ്ടിവരികയെന്നത് ലോകത്ത്തന്നെ അത്യന്തം അപൂര്‍വമാണ്. ബംഗ്ളാദേശില്‍ നിന്നും കുടിയേറിയ റോഹിങ്ക്യ മുസ്ലിംകളെ അധിനിവേശക്കാരായാണ് ബുദ്ധിസ്റുകള്‍ കാണുന്നത്. അതിനാല്‍ പ്രതികാരത്തോടെയാണ് ബുദ്ധ വിഭാഗം ഇവരോട് പെരുമാറുന്നത്. എന്നാല്‍ മ്യാന്‍മറിനെ സ്വന്തം നാടായി സ്വീകരിച്ച് പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്ന തങ്ങള്‍ക്ക് മതവിശ്വാസം വെച്ചുപുലര്‍ത്താന്‍ കഴിയുന്നില്ലെന്നും തൊഴിലോ വിദ്യാഭ്യാസമോ നേടാന്‍ അവകാശമില്ലെന്നും മ്യാന്‍മര്‍ മുസ്ലിംകള്‍ ആരോപിക്കുന്നു.  

പ്രതികാര നടപടികളുടെ ഇരയായി വയോധികനായ പണ്ഡിതനും

ബംഗ്ളാദേശില്‍ ഹസീന സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ലോക മനസ്സാക്ഷിയെ നാണിപ്പിക്കുന്നതാണ്. പ്രതിപക്ഷ പാര്‍ട്ടിയായ ഖാലിദ സിയയുടെ ബി.എന്‍.പിയുടെയും സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെയും അനേകം നേതാക്കളും പ്രവര്‍ത്തകരും ഹസീന അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം വിചാരണ കൂടാതെ ജയിലുകളിലാണ്. അക്കൂട്ടത്തില്‍ ഏറെ ദയനീയമാണ് വന്ദ്യവയോധികനായ മുന്‍ ജമാഅത്ത് നേതാവ് പ്രഫ. ഗുലാം അഅ്സമിന്റെ ആരോഗ്യനില. 90കാരനും രോഗിയുമായ ഈ പണ്ഡിതനെ ജയിലിലടച്ച് പീഡിപ്പിക്കുകയാണ് ഹസീന സര്‍ക്കാര്‍. 2012 ജനുവരി 11-ന് തടങ്കലിലാക്കിയ ശേഷം പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരായ കേസിലെ വാദം കേള്‍ക്കല്‍ നീട്ടിക്കൊണ്ടുപോകാനാണ് അധികൃതര്‍ ശ്രമിച്ചത്. ഇതിനകംതന്നെ വിചാരണക്കെത്തിയ കേസിന്റെ നടപടികള്‍ പല കാരണങ്ങളും നിരത്തി ഹസീനയുടെ കോടതി മാറ്റിവെച്ചിട്ടുണ്ട്. പരസഹായമില്ലാതെ നടക്കാനോ ഇരിക്കാനോ കഴിയാത്ത ഈ വയോധികന് ജയിലില്‍ കടുത്ത പ്രയാസമാണ് അനുഭവിക്കേണ്ടി വരുന്നത്. അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ച ഭാര്യ ഹഫീഫ (80) ജയിലില്‍ മരുന്നും പരിചരണവുമില്ലാതെ അദ്ദേഹം അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ഹൃദയഭേദകമായി കുവൈത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍മുജ്തമഅ് വാരികയുടെ ലേഖകന്‍ ശഅ്ബാന്‍ അബ്ദുര്‍റഹ്മാന് അയച്ച കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളോ നീതിബോധമുള്ള നേതാക്കളോ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ ജയിലില്‍വെച്ച് പ്രൊഫ. ഗുലാം അഅ്സമിന് 'എന്തും' സംഭവിക്കാമെന്ന അവസ്ഥയാണുള്ളതെന്നും അവര്‍ സൂചിപ്പിക്കുന്നു.
ജയിലിലടക്കപ്പെട്ട ജമാഅത്ത് നേതാക്കള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ അത്യന്തം ബാലിശമാണ്. 1971 ലെ ബംഗ്ളാദേശ് സ്വാതന്ത്യ്രപോരാട്ടം നടന്ന കാലത്ത് നടത്തിയ 'ക്രൂര കൃത്യ'ങ്ങളാണ് അതില്‍ അക്കമിട്ട് നിരത്തിയിട്ടുള്ളത്. പാകിസ്താനില്‍നിന്ന് ബംഗ്ളാദേശിനെ വേര്‍പെടുത്തുന്നതിനെതിരെയായിരുന്നു അക്കാലത്ത് ജമാഅത്ത് നിലപാട്. ഇതിന്റെ മറപിടിച്ച് കൊലപാതകം മുതല്‍ ബലാല്‍സംഗംവരെ ജമാഅത്തിന്റെ പേരില്‍ ആരോപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഹസീനയുടെ സ്വന്തം പാര്‍ട്ടിയായ അവാമി ലീഗുകാര്‍ പോലും വിശ്വസിക്കാത്ത കാര്യങ്ങളാണ് അവര്‍ക്കെതിരെ ഭരണകൂടം ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. അതുകൊണ്ടുതന്നെയാണ് കേസുകള്‍ ഹസീനയുടെ കോടതി അന്യായമായി നീട്ടിക്കൊണ്ട്പോകുന്നതും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് അധികാരം തിരിച്ചുപിടിക്കുകയും ഹസീന പ്രധാന മന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്ത ശേഷം വ്യാപകമായ പ്രതികാര നടപടികളാണ് സ്വീകരിച്ചുവരുന്നത്. കടുത്ത സെക്യുലരിസ്റ്റ് രീതിയിലേക്ക് ബംഗ്ളാദേശിനെ കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഇസ്ലാമിക ചിഹ്നങ്ങളോട് പോലും അലര്‍ജി പുലര്‍ത്തുകയാണ് ഭരണകൂടം. സാമ്രാജ്യത്വ ശക്തികളുടെ കൈയടി വാങ്ങാന്‍ ഇതുപകരിക്കുമെങ്കിലും അടിസ്ഥാനപരമായി വിശ്വാസികളായ ഒരു സമൂഹത്തിന്റെ തിരിച്ചടി സമയത്തിന്റെ മാത്രം പ്രശ്നമായിരിക്കുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍
എ.വൈ.ആര്‍