Prabodhanm Weekly

Pages

Search

2012 ജൂണ്‍ 23

മഅ്ദനിക്ക് ഇരട്ടത്തടവ് വിധിക്കുമ്പോള്‍

കവര്‍‌സ്റ്റോറി പി. മുജീബുര്‍റഹ്മാന്‍

മേയ് 19-ന് രാവിലെ ശഹീര്‍ മൗലവി, കെ.എ ഷഫീഖ് എന്നിവരോടൊന്നിച്ചാണ് മഅ്ദനിയെ കാണാനായി ബാംഗ്ലൂരിലെത്തിയത്. ഇതിനു മുമ്പും പരപ്പന അഗ്രഹാര ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ജയില്‍ നടപടിക്രമങ്ങള്‍ അല്‍പംകൂടി കണിശമായി അനുഭവപ്പെട്ടു. ജയിലില്‍ മാത്രമല്ല, കര്‍ണാടകയില്‍ പൊതുവില്‍തന്നെ അന്തരീക്ഷം അതിവേഗം മാറിവരികയാണ്. ഗുജറാത്തിനെ കടത്തിവെട്ടും വിധമാണ് കര്‍ണാടകയിലിപ്പോള്‍ ഭരണകൂട ഭീകരത പിടിമുറുക്കിക്കൊണ്ടിരിക്കുന്നുത്. സുഊദിയില്‍ നിന്ന് പിടികൂടിയ ഫസീഹ് മുഹമ്മദ് ഈ ഭീകരവേട്ടയിലെ അവസാന കണ്ണിയാണ്.  ഭരണകൂടത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വിവരങ്ങളാണ് ഫസീഹിന്റെ ഭാര്യ നിഖാത് പര്‍വീന്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മുമ്പിലെത്തി മേല്‍വിലാസവും വിരലടയാളവും നല്‍കി ഫോട്ടോക്ക് പോസ് ചെയ്തു. സന്ദര്‍ശകരെ പൂര്‍ണമായും കമ്പ്യൂട്ടറില്‍ പകര്‍ത്തി എന്നുറപ്പുവരുത്തിയ ശേഷം പരപ്പന അഗ്രഹാര ജയിലിന്റെ കരിങ്കവാടം ഞങ്ങള്‍ക്കു മുമ്പില്‍ തുറക്കപ്പെട്ടു.
കഴിഞ്ഞ തവണ മഅ്ദനിയെ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീല്‍ചെയര്‍ തള്ളിക്കൊണ്ടുവന്ന 35കാരന്‍ ഇത്തവണ ഞങ്ങളെത്തുമ്പോള്‍ അഗ്രഹാര ജയിലിലില്ല. കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ച് ചികിത്സ കിട്ടാതെ അയാള്‍ മരണപ്പെട്ടു എന്നാണറിഞ്ഞത്. ഞങ്ങള്‍ കാണുന്നതിന്റെ തലേദിവസമായിരുന്നു മഅ്ദനിയുടെ കേസ് വിചാരണക്കെടുത്തത്. സാക്ഷിയായി കോടതിയില്‍ ഹാജരാകേണ്ട മലപ്പുറത്തുകാരനായ യുവാവ് ഹോസ്പിറ്റലില്‍ മാരകമായ രോഗാവസ്ഥയിലായിരുന്നതിനാലാണ് അന്ന് വിചാരണ നടക്കാതെ പോയത്. കോടതിയും പോലീസും ജയിലും നേര്‍ക്കുനേരെ നല്‍കുന്ന ശിക്ഷയേക്കാള്‍ വലിയ ശിക്ഷ ഇതിനകം അനുഭവിച്ചവരാണ് അവരിലധികപേരും. ഞങ്ങള്‍ സൂപ്രണ്ടിന്റെ റൂമിനരികില്‍ ചെന്നു നിന്ന് മഅ്ദനിയെ കാണാനാണെന്ന വിവരം അറിയിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ സെല്ലിലേക്ക് ആളെ വിട്ടു. പിന്നീട് ഏതാണ്ട് ഒരു മണിക്കൂറിലധികം കാത്തിരിപ്പായിരുന്നു. നൂറുകണക്കിനു മനുഷ്യര്‍ ജീവിതായുസ്സ് മുഴുവന്‍ കാത്തിരിപ്പിനു നീക്കിവെച്ച ഒരു ലോകത്ത് ഞങ്ങളുടെ ഒരു മണിക്കൂര്‍ ഒന്നുമല്ലെന്നറിയാം. എങ്കിലും ജയിലിനകത്ത് വിവിധ സേവനങ്ങള്‍ അനുഷ്ഠിക്കുന്ന പ്രതികളോട് സംസാരിച്ചും അവരുടെ വേദന പങ്കുവെച്ചും കാത്തിരിപ്പിന്റെ മുഷിപ്പ് മറികടക്കാന്‍ ശ്രമിച്ചു. ഇടക്കിടെ പലരുംവന്ന് ആദരവോടെ ചോദിക്കുന്നുണ്ടായിരുന്നു 'മഅ്ദനിയെ കാണാന്‍ വന്നതാണോ?' എന്ന്. പുള്ളികളും ജയിലധികൃതരും തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും നിരപരാധിത്വത്തിനും മുന്നില്‍ വലിയ ആദരവ് പ്രകടിപ്പിക്കുന്നതായാണ് അനുഭവപ്പെട്ടത്.
പതിവുപോലെ കാത്തിരിപ്പിനുശേഷം പ്രതീക്ഷിച്ച കാഴ്ച. ദൂരെ വീല്‍ചെയറില്‍ സഹായികളോടൊപ്പം ചീകിമിനുക്കിയ താടിയും കറുത്ത തൊപ്പിയും വെളുത്ത ജുബ്ബയും തെളിഞ്ഞ മുഖവുമായി കാരിരുമ്പുകള്‍ക്ക് തന്നെ തകര്‍ക്കാനാവില്ലെന്ന ദൃഢമനോഹരഭാവവുമായി അദ്ദേഹം കടന്നുവന്നു. സംസാരിക്കാറുള്ള റൂമിന്റെ പ്രവേശന കവാടത്തില്‍ ഞങ്ങള്‍ നിന്നു. കണ്ടില്ലെന്ന ഭാവത്തില്‍ മഅ്ദനി റൂമിലേക്ക് പ്രവേശിച്ചു. ഏറെ അടുത്ത് ചെന്നിരുന്നപ്പോള്‍ അദ്ദേഹം സലാം ചൊല്ലി. കാണുമ്പോള്‍ ദൂരേനിന്ന് തന്നെ അഭിവാദ്യം ചെയ്യുന്ന മഅ്ദനിക്കെന്തുപറ്റി? അത് മനസ്സിലാക്കിക്കൊണ്ടാവണം അദ്ദേഹം പറഞ്ഞു: ''നിങ്ങളെ എനിക്ക് കാണാന്‍ കഴിയുന്നില്ല. ഇപ്പോള്‍ വളരെ അടുത്തിരുന്നപ്പോഴേ നിങ്ങളെ തിരച്ചറിഞ്ഞുള്ളൂ. കാഴ്ച ഏതാണ്ട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്''. കാല്‍ നഷ്ടപ്പെട്ട മഅ്ദനിക്ക് കാഴ്ചകൂടി നഷ്ടപ്പെടുന്നു. ഇത് പറയുമ്പോഴും മഅ്ദനിയുടെ കണ്ണിന് നല്ല തിളക്കം. മുഖത്ത് പതിവ് പുഞ്ചിരിയും. കണ്ണിലെ ഞരമ്പുകള്‍ ഓരോന്നായി ദുര്‍ബലമാവുകയാണ്.
മഅ്ദനി പറഞ്ഞു: ''തടവറയിലും ഞാന്‍ സ്വാതന്ത്ര്യമനുഭവിക്കുന്നത് വായനയിലൂടെയാണ്. ലോകം കാണുന്നതും അറിയുന്നതും ചുറ്റിസഞ്ചരിക്കുന്നതുമെല്ലാം അങ്ങനെയാണ്. ബാംഗ്ലൂരില്‍ ഏറ്റവും ഉയര്‍ന്ന ആശുപത്രിയില്‍ തന്നെ സ്വന്തം ചെലവില്‍ ചികിത്സ ലഭിക്കാന്‍ ഞാന്‍ അനുമതി തേടി. ഹോസ്പിറ്റലില്‍ ഒരു ഡയബറ്റിക് പേഷ്യന്റിനെ ലേസര്‍ ചികിത്സ നടത്തുമ്പോള്‍ പാലിക്കേണ്ട ഒരു കരുതലും എന്റെ കാര്യത്തില്‍ അവരെടുത്തില്ല. ചികിത്സയുടെ ചില ഘട്ടങ്ങളില്‍ അവരോട് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നു. എന്റെ കാഴ്ചക്ക് വേണ്ടി ഞാന്‍ തന്നെ ഹോസ്പിറ്റലില്‍ പൊരുതുകയായിരുന്നു (ഇതാണല്ലോ കോടതിക്ക് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പുകൊടുത്ത ചികിത്സയെന്ന് ഞാന്‍ ഓര്‍ത്തുപോയി). ഹോസ്പിറ്റല്‍ വിട്ട് വീണ്ടും ജയിലില്‍ എത്തി. ചികിത്സ കണ്ണിന്റെ കാഴ്ചയെ വീണ്ടെടുക്കുകയല്ല, അപകടപ്പെടുത്തുകയായിരുന്നുവെന്ന് അന്നുരാത്രി തന്നെ എനിക്ക് മനസ്സിലായി. ചികിത്സക്ക് ശേഷം ഇരുട്ടു മൂടിയ ഇടതുകണ്ണിലൂടെ ഒന്നും കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ലേസര്‍ ചികിത്സയിലെ സൂക്ഷ്മത കുറവ് ഞരമ്പുകളെ തളര്‍ത്തിയിരിക്കുന്നു. അനുദിനം അവ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാഴ്ചകൂടി നഷ്ടപ്പെട്ടതോടെ എന്റെ തടവ് കൂടുതല്‍ ഭീകരമാവുകയാണ്. ഒരു ദിവസം അഞ്ചുപത്രങ്ങള്‍ വായിക്കുമായിരുന്നു. ഏതാണ്ട് നല്ല സാഹിത്യങ്ങളെല്ലാം വായിച്ച് തീര്‍ക്കുമായിരുന്നു. സന്ദര്‍ശകരോട് ഞാന്‍ എന്നും ആവശ്യപ്പെട്ടത് പുസ്തകങ്ങളുമായി വരണമെന്നായിരുന്നു. എന്നാലിന്ന് ഞാന്‍ കരുതിവെച്ച പുസ്തകങ്ങള്‍ സന്ദര്‍ശകര്‍ വശം തിരിച്ചയച്ച് തുടങ്ങിയിരിക്കുന്നു. ജയിലില്‍ അല്ലാഹു കഴിഞ്ഞാല്‍ കൂട്ടിനുണ്ടായിരുന്ന പുസ്തകങ്ങളും ഇനി എനിക്ക് അന്യമാവുകയാണ്. ഇതിനെല്ലാം പുറമെ ഷുഗര്‍ പരിധി വിട്ടിരിക്കുന്നു. ഒരു ദിവസം തന്നെ പല സമയങ്ങളിലായി പരിശോധന അനിവാര്യമാണ്. ഭക്ഷണവും നിയന്ത്രിക്കപ്പെട്ടു. രാത്രി ഉറക്കം പാടെ നഷ്ടപ്പെട്ടിരിക്കുന്നു''.
മതം, രാഷ്ട്രീയം, സംസ്‌കാരം, മീഡിയ, മനുഷ്യാവകാശം തുടങ്ങി ഒട്ടേറെ വിഷയങ്ങളിലേക്കും അദ്ദേഹത്തിന്റെ സംസാരം നീണ്ടു. ഒരു പക്വമതിയുടെ അഭിപ്രായങ്ങളും നിലപാടുകളുമാണ് ശാന്തമായി അദ്ദേഹത്തിന് പങ്കുവെക്കാനുണ്ടായിരുന്നത്.  ഈ റമദാനോടുകൂടി നിരപരാധിയായ ഈ മതപണ്ഡിതന്റെ ജയില്‍ വാസത്തിന് രണ്ടുവര്‍ഷം തികയുകയാണ്. നഷ്ടപ്പെട്ട കാലും കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കണ്ണും ബാക്കിവെക്കുന്നത് അരജീവിതം നയിക്കുന്ന മഅ്ദനിയെയാണ്. അദ്ദേഹം പരീക്ഷണഘട്ടത്തെ സന്തോഷപൂര്‍വം അഭിമുഖീകരിക്കുന്നു. അദ്ദേഹത്തെ പീഡനപര്‍വങ്ങളിലേക്ക് തള്ളിവിട്ടവരേക്കാള്‍  മനസ്സമാധാനം അദ്ദേഹം അനുഭവിക്കുന്നുണ്ട്. അത് ഇസ്‌ലാം അദ്ദേഹത്തിന് നല്‍കിയ, ഒരു ശക്തിക്കും തകര്‍ക്കാനാവാത്ത അല്ലാഹുവിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്.
എന്നാല്‍ ഈ ഭീകരവേട്ടയോട് കേരളം പുലര്‍ത്തുന്ന കുറ്റകരമായ മൗനം അപമാനകരമാണെന്ന് പറയാതെ വയ്യ. മുസ്‌ലിം സമുദായം കാണിക്കുന്ന നിസ്സംഗത അപായകരവുമാണ്. ഭീകരവേട്ടയിലെ അവസാന പേരല്ല അബ്ദുന്നാസിര്‍ മഅ്ദനി. നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ ഈ ലിസ്റ്റില്‍ പേര് ചേര്‍ക്കപ്പെട്ടുക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിം ചെറുപ്പക്കാര്‍ ഇപ്പോള്‍ ഭീകരവേട്ടയുടെ ക്യൂവിലാണ്. ഈ സാമ്രാജ്യത്വ- സംഘ്പരിവാര്‍ ഗൂഢാലോചനയെ തിരിച്ചറിയുന്നതില്‍ നാം വരുത്തുന്ന കാലവിളംബത്തിന് കൊടുക്കേണ്ടിവരുന്ന വില കനത്തതായിരിക്കും. ഭീകരത ഇസ്‌ലാമിക വിരുദ്ധവും ചെറുക്കപ്പെടേണ്ടതുമാണ്. എന്നാല്‍ 'ഇസ്‌ലാം ഭീതി' പടര്‍ത്തി നിരപരാധികളെ വേട്ടയാടുന്ന ഭരണകൂട ഭീകരത പ്രാകൃതവും ജനാധിപത്യവിരുദ്ധവുമാണ്. മഅ്ദനിപ്രശ്‌നത്തിലെ മനുഷ്യാവകാശ ലംഘനം ഒരുനിലക്കും നീതീകരിക്കാനാവില്ല. ഭീകരമുദ്ര ചാര്‍ത്തി വേട്ടയാടപ്പെടുന്ന അദ്ദേഹത്തിന്റെ ഭാര്യ, മക്കള്‍, പാതി തളര്‍ന്ന പിതാവ്, അനാഥമാക്കപ്പെട്ട സ്ഥാപനത്തിലെ അന്തേവാസികള്‍ ഇവരെല്ലാം അനുഭവിക്കേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വിവരണാതീതമാണ്. ഇതിനിടയില്‍ നിയമപോരാട്ടവും വലിയ ബാധ്യതയായി മാറുകയാണ്. ഇന്ത്യയില്‍ നിയമപോരാട്ടം സാധാരണക്കാരന് പറഞ്ഞതല്ല. സമ്പന്നര്‍ക്കേ അത് സാധ്യമാവൂ. സമുദായത്തിന്റെ സഹതാപക്കണ്ണീരല്ല അദ്ദേഹം ആവശ്യപ്പെടുന്നത്. ആര്‍ക്കുമുമ്പിലും തലകുനിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നുമില്ല. ഇത്തരം മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള ഒരു പോരാട്ട മനസ്സ് അദ്ദേഹം കേരളീയരില്‍നിന്ന് പ്രതീക്ഷിക്കുന്നു. തന്റെ ജയില്‍വാസം അര്‍ഥപൂര്‍ണമാവണമെങ്കില്‍ ഈയൊരു പോരാട്ടത്തിന് തുടക്കം കുറിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കരുതുന്നു. തന്റെ ജയില്‍വാസം കൊണ്ട് ഒരു ജനതയുടെ നീതിബോധവും സ്വാതന്ത്ര്യബോധവും ഉണര്‍ത്താനായാല്‍ അദ്ദേഹം സംതൃപ്തനാണ്. അതോടൊപ്പം സാമ്പത്തികബാധ്യതകളാല്‍ അദ്ദേഹത്തിന്റെ നിയമപോരാട്ടം ദുര്‍ബലപ്പെടുകയില്ലെന്ന് നാം ഉറപ്പുവരുത്തുകയും വേണം.


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍
എ.വൈ.ആര്‍