Prabodhanm Weekly

Pages

Search

2012 ജൂണ്‍ 23

അഅ്‌സംഗഢില്‍നിന്ന് ബാട്‌സമേലയിലേക്കുള്ള ഇത്തിരിദൂരം

കവര്‍‌സ്റ്റോറി - എ. റശീദുദ്ദീന്‍

'കര്‍ചലേ ഹംഫിദാ ജാന്‍ ഒ തന്‍ സാഥിയോം' എന്ന ഉജ്ജ്വലമായ ദേശഭക്തിഗാനം രചിച്ച കൈഫി ആസ്മിയുടെയും സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അല്ലാമാ ശിബിലി നുഅ്മാനിയുടെയും ജന്മദേശമായ 'അഅ്‌സംഗഢി'നെ 'ആതംഗ് ഗഢ്' (ഭീകരതയുടെ താവളം) ആക്കിമാറ്റാനുള്ള സുദീര്‍ഘമായ ഗൂഢാലോചനയുടെ ഒടുവിലായിരുന്നു 2008ല്‍ 'ബട്‌ലാ ഹൗസ്' സംഭവം നടന്നത്. പ്രവീണ്‍ സ്വാമിയുടെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ വകുപ്പിന്റെ പേനയുന്തുതൊഴിലാളികളുടെ സഹായത്തോടെ സരായ്മീര്‍ എന്ന അഅ്‌സംഗഢിലെ ഗ്രാമത്തെ ചുറ്റിപ്പറ്റി നടന്ന നെറികെട്ട പ്രചാരണത്തിന്റെ കൊട്ടിക്കലാശമായിരുന്നു അത്. ഗള്‍ഫ്പണക്കാരായ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന യു.പിയിലെ ഒരു ഇടത്തരം അങ്ങാടി മാത്രമായിരുന്നു സരായ്മീര്‍. ഈ ഗള്‍ഫ് കുടിയേറ്റക്കാരിലെ മഹാഭൂരിപക്ഷവും മുസ്‌ലിംകളുമായിരുന്നു. അവരുടെ പഴയ തലമുറ ഗള്‍ഫ് പണത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചപ്പോള്‍ യുവാക്കള്‍ യൂനിവേഴ്‌സിറ്റികളിലേക്കായിരുന്നു യാത്ര പുറപ്പെട്ടത്. പണവും സൗകര്യവും സ്വാഭാവികമായും വികസനത്തിന്റെ പുതിയ വിതാനങ്ങളിലേക്ക് സരായ്മീറിനെ നയിച്ചപ്പോള്‍ അവിടത്തുകാര്‍ അങ്ങനെ നന്നാകേണ്ടെന്ന് എവിടെയോ ഉന്നതങ്ങളില്‍ തീരുമാനിക്കപ്പെട്ടു. ആ ഗ്രാമത്തില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യത്തിനായി ദല്‍ഹിയിലേക്കു പോയ ഏതാനും ചെറുപ്പക്കാരായിരുന്നു ബട്‌ലാ ഹൗസ് സംഭവത്തില്‍ ഇരകളാക്കപ്പെട്ടത്. സരായ്മീറില്‍ നിന്ന് പുറത്തേക്കു പോകുന്ന ഏതൊരാളെയും ട്രെയിനുകളിലും ഹോസ്റ്റലുകളിലും യു.പിയിലെയും ദല്‍ഹിയിലെയും പോലീസുകാര്‍ കസ്റ്റഡിയിലെടുക്കുവോളം ഈ ഗ്രാമത്തിന്റെ ദയനീയത മൂക്കുകുത്തി. പക്ഷേ ബട്‌ലാ ഹൗസ് സംഭവത്തോടെ താല്‍ക്കാലികമായ ആശ്വാസം ലഭിച്ച അഅ്‌സംഗഢിന്റെ സ്ഥാനത്ത് ബീഹാറിലെ ദര്‍ഭംഗ ഉയര്‍ന്നു വരുന്നതാണ് കാണാനുള്ളത്.
ദേശീയതലത്തില്‍ ഭീകരാക്രമണ കേസുകളുടെ കഥ പൊളിഞ്ഞടുങ്ങുകയും മുംബൈയില്‍ നിന്ന് യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാവുകയും ചെയ്തതിനു ശേഷം വെറുമൊരു മുസ്‌ലിം ഗ്രാമത്തെ ചാനലുകളില്‍ പൊലിപ്പിച്ചു നിര്‍ത്തിയിട്ടു കാര്യമില്ലെന്നായി. സരായ്മീര്‍ പതുക്കെ വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നീടാണ് അബ്ദുന്നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തും കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് സൃഷ്ടിച്ചെടുത്തും കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറും കേന്ദ്ര രഹസ്യാന്വേഷണ വകുപ്പിലെ കള്ളനാണയങ്ങളും ചേര്‍ന്ന് കേരളത്തെ പുതിയ 'ആതംഗ് ഗഢാ'ക്കാന്‍ നീക്കം തുടങ്ങിയത്. ഈ പട്ടികയിലേക്ക് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കര്‍ണാടക പോലീസ് സൃഷ്ടിച്ചെടുത്ത ഗ്രാമമാണ് ബീഹാറിലെ ദര്‍ഭംഗ ജില്ലയിലെ ബാട്‌സമേല. 2011 മുതല്‍ ഈ ഗ്രാമത്തില്‍ നിന്ന് 14 യുവാക്കളെയാണ് ഇന്ത്യയിലെ വിവിധ സ്‌ഫോടനകേസുകളുടെ പേരില്‍ ബാംഗ്‌ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അക്കൂട്ടത്തിലെ ഏറ്റവുമൊടുവിലത്തെ ഇരകളായിരുന്നു സുഊദി അറേബ്യയില്‍ നിന്ന് പിടിയിലായി കാണാതായ ഫസീഹ് മുഹമ്മദ് യെര്‍വാദാ ജയിലില്‍ കൊല്ലപ്പെട്ട ഖതീല്‍ സിദ്ദീഖിയും. വിവാദമായ ബാട്‌സമേല എന്ന ഗ്രാമമാണ് ഈ രണ്ട് ഹതഭാഗ്യര്‍ക്കും ജന്മം നല്‍കിയത്.
മറുഭാഗത്ത് ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സംഘ് പരിവാറിലെ വ്യത്യസ്ത ഗുണ്ടാസംഘങ്ങളിലെ അംഗങ്ങള്‍ ഓരോരുത്തരായി ജയിലില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തുവരുന്നതും കാണാനുണ്ട്. മാലേഗാവ്, സംഝോത സ്‌ഫോടന കേസുകളിലെ പ്രതി ലോകേഷ് ശര്‍മ ഏറ്റവുമൊടുവില്‍ 90 ദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയത് ദേശീയ കുറ്റാന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിക്കാത്തതു കൊണ്ടു മാ്രതമായിരുന്നു. മക്കാ മസ്ജിദ് കേസില്‍ ബോംബുവെച്ച കുറ്റത്തിന് പിടിയിലായ ആര്‍.എസ്.എസ്സുകാരന്‍ýഭരത് ഭായിയും 180 ദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങി. സംഭവം വിവാദമായപ്പോള്‍ ഇയാളെ അജ്മീര്‍ കേസില്‍ വീണ്ടും അറസ്റ്റ് ചെയ്ത് ജയ്പൂര്‍ ജയിലിലേക്ക് മാറ്റി പോലീസ് മുഖം രക്ഷിച്ചെങ്കിലും. ഈ സംഘാംഗങ്ങളില്‍ പലരും വിരലിലെണ്ണാവുന്ന ആയിരങ്ങള്‍ ജാമ്യത്തുക കെട്ടിവെച്ച് പുറത്തിറങ്ങുന്നത് ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. പഴയ ബോംബു വൈതാളികര്‍ ജയിലിന് പുറത്തിറങ്ങേണ്ടത് മറ്റാരെക്കാളും സംഘ്പരിവാര്‍ രാഷ്ട്രീയ ശക്തികളുടെ ആവശ്യമായി മാറിയിരുന്നു. അവരുടെ രാഷ്ട്രീയ മുഖമായ ബി.ജെ.പിയുടെ മനോവീര്യം ഇ്രതത്തോളം താഴോട്ടുപോയ ഒരവസരം മുമ്പുണ്ടായിട്ടില്ല. മുംബൈയിലെ ദേശീയ എക്‌സിക്യുട്ടീവില്‍ മോഡിയും ജോഷിയും പരസ്പരം 'ചാണകാഭിഷേകം' നടത്തി ബി.ജെ.പിയുടെ മാനം പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയിട്ടും പിന്നീട് ഇരുവരും തമ്മിലുള്ള പോര് മറനീക്കി പുറത്തുവന്നിട്ടും പൊതുജനത്തിന്റെ ശ്രദ്ധ ഒരു ഓലപ്പടക്കം പൊട്ടിച്ച് പോലും തിരിച്ചുവിടാന്‍ ആരുമുണ്ടായിരുന്നില്ല. പരിവാറിന്റെ ബോംബു ലോബി സജീവമായ നാളുകളില്‍ ഇതായിരുന്നില്ല അവസ്ഥ. മോഡിക്കെതിരെ സഹ്രപവര്‍ത്തകരുടെ കുറ്റസമ്മതമൊഴികളുമായി തെഹല്‍ക രംഗത്തു വന്നപ്പോഴും ഉള്‍പ്പോരു കൊണ്ട് പാര്‍ട്ടി ഛി്രദമായ 2007-ലെ ബാംഗ്‌ളൂര്‍ എക്‌സിക്യുട്ടീവിനു മുന്നോടിയായും ഭീകരാക്രമണ കഥകളല്ലേ പിന്നീടു കേട്ടത്? പാര്‍ട്ടിക്കകത്തെ പടലപ്പിണക്കം മൂര്‍ഛിച്ച എല്ലാ മുന്‍കാല അവസരങ്ങളിലും ഇന്ത്യയെ ഞെട്ടിച്ച സ്‌ഫോടനങ്ങള്‍ അരങ്ങേറിയിരുന്നു. ലശ്കറും ജയ്ശും മറ്റും മറ്റുമായി വേഷം കെട്ടിയാടിയത് ഇപ്പോള്‍ ജയിലില്‍ നിന്നും പുറത്തുചാടിയ ലോകേഷും ഭരത്ഭായിയും, ചാടാനൊരുങ്ങി നില്‍ക്കുന്ന കേണല്‍ പുരോഹിതും ്രപജ്ഞാ സിംഗും മറ്റുമായിരുന്നില്ലേ? ഭീകരരുടെ കൂട്ടത്തില്‍ നിന്ന് യഥാര്‍ഥ മൂര്‍ഖന്മാരെ കൂടുതുറന്നു വിടുകയും മറ്റു ചിലരെ സെല്ലിനകത്ത് കൊല്ലിക്കാന്‍ ആളെവിടുകയും ചെയ്യുന്ന വ്യവസ്ഥ അങ്ങനെ യാദൃഛികമായി ഉണ്ടാവുന്നതാണോ?
സരായ്മീറും ബട്കലും ഔറംഗാബാദും മറ്റുമായി പുതിയ കഥകള്‍ പടച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ ബി.ജെ.പിയെ സഹായിച്ച മാധ്യമങ്ങള്‍ സംഘ്പരിവാറിനകത്തെ പടലപ്പിണക്കങ്ങളുടെ ചൂടന്‍ കഥകള്‍ വിളമ്പുന്ന സാഹചര്യത്തില്‍ എവിടെയോ തയാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് സംശയിക്കേണ്ടത്.  മഹാരാഷ്ട്രയിലെ കുങ്കുമ ഭീകര സംഘാംഗങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി വെളിയില്‍ വരുന്നത് ആശങ്കയോടെയേ കാണാനാവൂ. പക്ഷേ, ദക്ഷിണേന്ത്യയിലെ ഒരെേയാരു ബി.ജെ.പി ഭരണകൂടത്തിനല്ലാതെ മറ്റാര്‍ക്കും ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ഏര്‍പ്പാടില്‍ താല്‍പര്യമുണ്ടാവാനിടയില്ല. കോണ്‍ഗ്രസിന്റെ, വിശിഷ്യ ദിഗ്‌വിജയ് സിംഗിന്റെ മതേതരത്വവുമായി വല്ലാതെ ഏറ്റുമുട്ടേണ്ടി വരുന്ന മധ്യപ്രദേശിലെ ശിവ്‌രാജ് സിംഗ് ചൗഹാനും അതേ മധ്യപ്രദേശിന്റെ തുടര്‍ച്ചയായ ചത്തീസ്ഗഢിലെ സ്വതവേ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനായ രമണ്‍ സിംഗും തങ്ങളുടെ സംസ്ഥാനങ്ങളില്‍ 'ബോംബു'പൊട്ടിച്ച് ബി.ജെ.പിയെ രക്ഷിക്കാന്‍ പോകുന്നില്ല എന്നത് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. കാരണം മറ്റൊന്നുമല്ല, പാര്‍ട്ടിയുടെ അകത്തെ വടംവലികളാണ്. 2014-ല്‍ ബി.ജെ.പി രക്ഷപ്പെട്ടാല്‍ അതിന്റെ മെച്ചം കിട്ടുന്നത് ഗുജറാത്തിലെ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കല്ലാതെ മറ്റാര്‍ക്കുമല്ല എന്നത് അവര്‍ക്ക് ആരെക്കാളും നന്നായറിയാം. 2009-ല്‍ ഗുജറാത്തില്‍ ജയിച്ചതിനേക്കാള്‍ സീറ്റുകള്‍ ബി.ജെ.പി മധ്യപ്രദേശിലല്ലേ ജയിച്ചത്? ഇവര്‍ക്കുണ്ടോ മാധ്യമങ്ങളുടെയും പാര്‍ട്ടിയുടെയും ഭാഗത്തുനിന്ന് വല്ല പ്രശംസയും? മോഡിയാകട്ടെ സുപ്രീംകോടതിയെ കൊണ്ടും ഒടുവില്‍ പറഞ്ഞു കേള്‍ക്കുന്നതനുസരിച്ച് ബി.ജെ.പിയിലെ പ്രധാനമന്ത്രി മോഹികളായ ചില നേതാക്കള്‍ തന്നെ പണം കൊടുത്തു പോറ്റുന്ന മനുഷ്യാവകാശ സംഘടനകളെ കൊണ്ടും പൊറുതി മുട്ടിയിരിക്കുകയാണ്. എവിടെയെങ്കിലും ഞൊടിക്കു പിഴച്ചാല്‍ തീര്‍ന്നു മോഡിയുടെ കഥ. ബാംഗ്‌ളൂരിലെ ബി.ജെ.പി മാത്രമാണ് പഴയ 'അദ്വാനി' ലൈനില്‍ ശ്രദ്ധതെറ്റിക്കല്‍ ഏര്‍പ്പാടിന് രംഗത്തുള്ളതും അതുകൊണ്ട് എന്തെങ്കിലും നേട്ടമുള്ളതുമായ കൂട്ടര്‍. യദിയൂരപ്പ ഇടക്കിടെ തുടലു പറിക്കുമ്പോള്‍ ആ നാണക്കേടെങ്കിലും ഒന്നൊഴിഞ്ഞു കിട്ടിയാല്‍ മതിയെന്ന മോഹമാണ് സദാനന്ദ ഗൗഡയുടേത്. 'ഭീകരവിരുദ്ധ യുദ്ധ'മെന്ന ബുഷിന്റെ കാലത്തെ മുന തേഞ്ഞ ആയുധവുമായി ബട്‌സമേലക്കാരുടെ നെഞ്ചത്ത് പാഞ്ഞുകയറുകയാണ് ഗൗഡ. ലശ്കറെ ത്വയ്യിബയുടെ പേരില്‍ മാത്രമല്ല മുസ്‌ലിം ഭൂരിപക്ഷ ഗ്രാമങ്ങളെയും പട്ടണങ്ങളെയുമൊക്കെ ഇല്ലാക്കഥകളുമായി മാധ്യമങ്ങള്‍ വേട്ടയാടിയ കാലം വീണ്ടും തിരിച്ചെത്തുകയാണ്.
ഔറംഗാബാദിലെ മുസ്‌ലിം പ്രഫഷണലുകള്‍ക്ക് ഒരുകാലത്ത് മുംബൈ നഗരത്തില്‍ തൊഴില്‍തേടി കാലുകുത്താനാവാത്ത അവസ്ഥ സൃഷ്ടിച്ചെടുത്ത മഹാരാഷ്ട്ര പോലീസിന്റെയും മുംബൈ എ.ടി.എസിന്റെയും നീക്കങ്ങള്‍ ഒരു ചെറിയ ഇടവേളക്കു ശേഷം വീണ്ടും സജീവമാവുകയാണ്. അവരോെടാപ്പം മത്സരിക്കാനൊരുങ്ങുകയാണ് കര്‍ണാടക. പണ്ട് കാലത്ത് പൊതുസമൂഹത്തിലുള്ള തെമ്മാടികളെയും ഗുണ്ടകളെയും ഏകോപിപ്പിച്ച് നടത്തുന്ന വര്‍ഗീയകലാപങ്ങളിലൂടെയാണ് മുസ്‌ലിം നഗരങ്ങളുടെ നട്ടല്ലൊടിച്ചിരുന്നതെങ്കില്‍ ഇന്ന് പോലീസിലും മാധ്യമങ്ങളിലുമുള്ള ആര്‍.എസ്.എസ് ്രപവര്‍ത്തകരെ അതിസമര്‍ഥമായി ഉപയോഗപ്പെടുത്തിയാണ് ഹിന്ദുത്വ ഫാഷിസം മുസ്‌ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത്. ഒരു സ്ഥലം ആദ്യമേ ഭീകരതയുടെ വിളയാട്ട കേന്ദ്രമായി പ്രഖ്യാപിച്ചാല്‍ അവിടെ പിന്നെ എങ്ങനെയും അഴിഞ്ഞാടാമെന്നാണ് ജനാധിപത്യ ഇന്ത്യയിലെ പോലീസ് മുറ. ഫസീഹിന്റെയും ഖതീലിന്റെയും കാര്യത്തില്‍ ഇതുണ്ട്. ഈ ഫസീഹ് ബാട്‌സമേലക്കാരനും കഷ്ടകാലത്തിന് ഭട്കല്‍ കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദമെടുത്തയാളുമാണ്. 'ഇന്ത്യന്‍ മുജാഹിദീന്‍' എന്ന ദുര്‍ഭൂതത്തിന്റെ ഹെഡ്ഡാപ്പീസാണല്ലോ ഭട്കല്‍. പോലീസിന്റെ ഉപകരണമാണെന്ന് പോലും സംശയിക്കുന്ന, മരിച്ചെന്നും ജീവിച്ചിരിപ്പുണ്ടെന്നും പലപ്പോഴും അവസരത്തിനൊത്ത് പോലീസ് തിരിച്ചും മറിച്ചും പറഞ്ഞ റിയാസ് ഭട്കല്‍ എന്ന 'പ്രേത'ത്തിന്റെ ജന്മനാട്ടിലെ കോളേജില്‍ പഠിച്ചാല്‍ അതുപോലും കുറ്റം! മതപരമോ വിദ്യാഭ്യാസപരമോ ആയ നവോത്ഥാനത്തിന്റെ പേരിലല്ല കര്‍ണാടകയിലെ വിരലിലെണ്ണാവുന്ന മുസ്‌ലിം ഭൂരിപക്ഷ ടൗണുകളിലൊന്നായ ഭട്കല്‍ ഇന്ത്യയില്‍ അറിയപ്പെടുന്നത്. ഈ നഗരങ്ങളുമായുള്ള ബന്ധമാണ് ഇന്ന് ഭീകരതയുെട തെളിവായി മാറുന്നത്! ഭട്കലിനും ബാട്‌സമേലക്കും ഭീകരതയുടേതല്ലാത്ത മറ്റൊരു മുഖവുമില്ലെന്ന ഈ പ്രചാരണം ഭരണകൂട ഭീകരതയല്ലെങ്കില്‍ മറ്റെന്ത്!
ദര്‍ഭംഗയിലെങ്ങും അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനികളുടെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ച ഫസീഹിനെ കെട്ടിച്ചമച്ചുണ്ടാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക പോലീസ് വേട്ടയാടിയത്. ഇന്റര്‍പോളിനെ കൊണ്ട് നോട്ടീസ് അയപ്പിക്കുക കൂടി ചെയ്ത് ഇയാളുടെ ഔദ്യോഗിക ജീവിതത്തിന്റെ ശവപ്പെട്ടിയില്‍ കര്‍ണാടക പോലീസ് അവസാനത്തെ ആണിയും അടിച്ചു. കര്‍ണാടകയിലെ വേട്ടക്കാര്‍ സുഊദി പോലീസിനു മുമ്പില്‍ ഹാജരാക്കിയ തെളിവുകള്‍ വ്യാജമല്ലെങ്കില്‍ എന്തുകൊണ്ട് ആഴ്ചകള്‍ നാല് കഴിഞ്ഞിട്ടും അവര്‍ക്ക് സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നില്ല? എവിടെയാണിപ്പോള്‍ ഫസീഹ് മുഹമ്മദ്? കുറ്റവാളിയെങ്കില്‍ എന്തുകൊണ്ട് ഇയാളെ ഇന്ത്യയിലെയോ സുഊദി അറേബ്യയിലെയോ കോടതികളില്‍ ഹാജരാക്കുന്നില്ല? ഇയാളെ അറസ്റ്റ് ചെയ്തതില്‍ ഇന്ത്യയുടെ വിദേശകാര്യ വകുപ്പിനും പങ്കുണ്ടെന്നാണ് ഒടുവില്‍ വ്യക്തമാവുന്നത്. നീതിവാഴ്ചയില്‍ ലോകത്തെ ഏറ്റവും മികച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്ന സുഊദിയെ കര്‍ണാടക പോലീസ് വഞ്ചിക്കുകയല്ലേ യഥാര്‍ഥത്തില്‍ ചെയ്തത്? നിരപരാധിക്കെതിരെ വ്യാജ ആരോപണമുന്നയിച്ചാല്‍ ഉന്നയിച്ചവനെ ജയിലിലടക്കുന്ന രാജ്യമാണ് സുഊദി. മതമോ വേഷമോ ഗ്രാമത്തിന്റെ പേരോ കിട്ടിയാല്‍ ഇന്ത്യയിലെ പോലീസിന് 'ഏറ്റുമുട്ടല്‍ കൊലപാതകം' പോലും നടത്താന്‍ കഴിയുമെങ്കിലും സുഊദിയിലെ നിയമവാഴ്ചയുടെ മുഖം അങ്ങനെയല്ലല്ലോ.
മുസ്‌ലിംകളുടെ രക്ഷകനായി ചമയുന്ന ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ ഇരട്ടത്താപ്പാണ് ഫസീഹിന്റെ കേസില്‍ പുറത്തുവരുന്നത്. മുസ്‌ലിംകളുടെ മറ്റൊരു ചാമ്പ്യനായ മായാവതിയുടെ ഭരണകാലത്ത് അഅ്‌സംഗഢിനു സംഭവിച്ചതുപോലെ നിധീഷിന്റെ കാലത്ത് ദര്‍ഭംഗയാണ് പോലീസിന്റെ പുതിയ വിളയാട്ടകേന്ദ്രമാകുന്നത്. പുറമേക്ക് അറിവില്ലായ്മ നടിക്കുന്നുണ്ടെങ്കിലും ബാംഗ്‌ളൂര്‍ പോലീസ് 2011 മുതല്‍ 14 തവണയാണ് ദര്‍ഭംഗയിലെത്തി ചിന്നസ്വാമി  സ്‌േഫാടനകേസിന്റെ പേരില്‍ പുതിയ ഇരകളെ അറസ്റ്റു ചെയ്തു മടങ്ങിയത്. സംസ്ഥാന ഗവണ്‍മെന്റിന്റെ അറിവില്ലാതെയാണ് ഇതെന്നാണ് നിധീഷിന്റെ വാദം. ഈ ഇരകളിലധികവും ബാട്‌സമേലക്കാരാണ്. കര്‍ണാടകയിലെങ്ങും മീഡിയയുടെ ആഘോഷമായാണ് ഈ അറസ്റ്റുകള്‍ മാറിയത്. നാളെയുടെ സരായ്മീര്‍ ആകാനുള്ള യോഗമായിരിക്കാം ഈ ഗ്രാമത്തിന്റേത്. 'ഇന്ത്യന്‍ മുജാഹിദീന്‍' പുതിയ റിക്രൂട്ട്‌മെന്റിനു വേണ്ടി ദര്‍ഭംഗയെ ലക്ഷ്യമിടുന്നതായി ദേശീയ മാധ്യമങ്ങളുടെ പശ്ചാത്തല സംഗീതം ഇതിനകം ആരംഭിച്ചു കഴിഞ്ഞു! യാസീന്‍ ഭട്കലാണ് പുതിയ സ്ഥലം കണ്ടെത്തിയതെന്ന് മുംബൈയിലെ 'പേരുകേട്ട' പോലീസ് ഓഫീസര്‍ രാകേഷ് മരിയയുടെ 'വെളിപ്പെടുത്തലും' മാധ്യമങ്ങളിലുണ്ട്. ഇയാളെ ജയിലില്‍ അടച്ചുവെന്ന് രണ്ട് വര്‍ഷം മുമ്പെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയതും ഇതേ മരിയയാണ്. എല്ലാ തയാറെടുപ്പും പൂര്‍ത്തിയാക്കി, നാഭിക്കൂട് ഇടിച്ചു തകര്‍ത്ത്, ഒരുവേള മഅ്ദനിയെ ഗുജറാത്തില്‍ വെച്ചു നേരില്‍ കണ്ടിട്ടുണ്ടെന്ന ഒരു മൊഴി കൂടി ഫസീഹിനെ കൊണ്ടു പറയിപ്പിക്കാനായിരിക്കണം ഗൗഡയും കൂട്ടരും പദ്ധതിയിട്ടിട്ടുണ്ടാവുക. ഹേബിയസ് കോര്‍പസ് ഹരജിയുമായി ഫസീഹിന്റെ ഭാര്യ നിഖത്  നേര്‍ക്കുനേരെ സുപ്രീംകോടതിയിലെത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സ്വപ്‌നേപി വിചാരിച്ചു കാണില്ല.
ഘട്കൂപാര്‍ കേസില്‍ ദുബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്കു കൊണ്ടുവന്ന ഖ്വാജാ യൂനുസ് എന്ന എഞ്ചിനീയറെ കേസ് തെളിയിക്കാനാവാതെ വന്നപ്പോള്‍ മുംബൈ പോലീസ് ഒടുക്കം മര്‍ദിച്ച് കൊല്ലുകയാണ് ചെയ്തത്. ഇയാളെയും റെഡ്‌കോര്‍ണര്‍ നോട്ടീസ് നല്‍കിയാണ് അന്ന് ദുബൈയില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്. അദ്വാനിയുടെ കാലത്ത് സാക്ഷാല്‍ ടാഡ ഉപയോഗിച്ച് വിചാരണ നടത്തിയിട്ടു പോലും മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ട ആ കേസില്‍ യൂനുസിനെ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊന്നവര്‍ ഇപ്പോഴും നിയമത്തിന്റെ നൂല്‍പ്പാലം കണ്ടിട്ടില്ല. കേസില്‍ കുറ്റക്കാരായ ഏഴ് പോലീസുകാരെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് യൂനുസിന്റെ വൃദ്ധമാതാവും നിഖത്തിനെ പോലെ സുപ്രീംകോടതിയെ ശരണം പ്രാപിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ കേസും അന്വേഷണവും ഇങ്ങനെയൊക്കെയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെ അറിയിക്കാനുള്ള ചില മുസ്‌ലിം സംഘടനകളുടെ നീക്കം ഗവണ്‍മെന്റ് ശ്രദ്ധിച്ചുവോ ആവോ? സ്വന്തം നാട്ടില്‍ ജീവിക്കാനാവാത്ത സാഹചര്യമുണ്ടാക്കുന്ന ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ മറുനാടുകളിലെ  മനുഷ്യാവകാശ കാവല്‍സംഘങ്ങളോട് കരുണക്കായി യാചിക്കുകയാണവര്‍. പക്ഷേ ഇതിെനാരു മറുവശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മറക്കരുത്. യഥാര്‍ഥ കുറ്റവാളിയെ പോലും നാളെ ഇന്ത്യക്ക് വിട്ടുകൊടുക്കാന്‍ ലോകരാജ്യങ്ങള്‍ മടികാണിക്കുന്ന അവസ്ഥയായിരിക്കും ഇതുണ്ടാക്കുക. കാക്കിയുടെ ബ്രാന്റ് നാഗ്പൂരില്‍ നിന്നും തയ്പിച്ചെടുക്കുന്ന സംഘിപോലീസുകാരെ ഇന്ത്യ നിലക്കു നിര്‍ത്തേണ്ടýകാലം അതി്രകമിക്കുകയാണ്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍
എ.വൈ.ആര്‍