Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 21

3299

1444 റമദാൻ 30

ചാ​റ്റ് ജി.​പി.​ടി​യും നിർമിത ബുദ്ധിയും വി​വ​ര​ വി​നി​മ​യം വിസ്തൃതമാവുമ്പോൾ

സഈദ് പൂനൂർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ശാസ്ത്ര-സാങ്കേതിക വിദ്യയിലൂടെ മനുഷ്യജീവിതത്തെ സ്വാധീനിക്കുകയും യന്ത്രവൽക്കരണത്തിലൂന്നിയുള്ള അഡ്വാൻസ്ഡ് ഓട്ടോമേഷൻ (Advanced Automation) കരുത്താർജിക്കുകയും ചെയ്യുന്ന യുഗമാണിത്. സ്റ്റീഫൻ ഹോക്കിൻസും ബിൽഗേറ്റ്സും  വിഭാവനം ചെയ്ത സാങ്കേതിക വളർച്ചയുടെ സമഗ്രമായ വിതാനങ്ങൾ കൂടുതൽ വിസ്തൃതമായിക്കൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോടൊപ്പം ഇന്റർനെറ്റ് ഓഫ് തിങ്സ്, മെഷീൻ ലേണിങ്, ക്ലൗഡ് സേവനങ്ങൾ, അനലിറ്റിക്സ് എന്നിവയും  വിപുലപ്പെട്ടുവരുന്നുണ്ട്. വി​വ​ര​ വി​നി​മ​യ രം​ഗ​ത്തെ നി​ർ​മി​ത ബു​ദ്ധി​യു​ടെ അതിപ്രസരം സൃഷ്ടിക്കുന്ന വിപ്ലവങ്ങളും ആഘാതങ്ങളും അക്കാദമിക വ്യവഹാരങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
AI യുടെ ഭൂതവും വർത്തമാനവും ഭാവിയും വ്യക്തമായും വസ്തുനിഷ്ഠമായും പ്രതിപാദിക്കുന്ന പുസ്തകമാണ് Michael Wooldridge രചിച്ച The Road to Conscious Machines: The Story of AI. ചരിത്രപരമായ വസ്തുതകൾക്ക് പുറമെ  Neural Networks, Machine Learning, Deep Learning തുടങ്ങിയവയുടെ സമഗ്രമായ അവതരണവും ഈ പുസ്തകത്തിലുണ്ട്.
മിഖയേൽ വുൾഡ്രിഡ്ജിന്റെ ഈ പുസ്തകത്തിൽ, മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രതികരിക്കുകയും Emotions ഉൾക്കൊള്ളുകയും ചെയ്യുന്ന സോഫ്റ്റ്‌വെയറുകൾ നിർമിച്ചെടുക്കുകയാണ് AIയുടെ അന്തിമ ലക്ഷ്യമെന്ന് പ്രതിപാദിക്കുന്നുണ്ട്.
കമ്പ്യൂട്ടറിന് എങ്ങനെ ചിന്തിക്കാനുള്ള കഴിവ് നൽകാം എന്ന ചിന്തയിൽ നിന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ തുടക്കമെന്നും, MIT യിലെ ELIZA യും മറ്റ് ചാറ്റ് ബോട്ടുകളും ആയിരുന്നു AI യുടെ ആദ്യരൂപങ്ങളെന്നും കൃതിയിൽ പറയുന്നുണ്ട്. യഥാർഥത്തിൽ സോഫ്റ്റ് വെയറു​ക​ളെ മ​നു​ഷ്യ​നെ​പ്പോ​ലെ ചി​ന്തി​പ്പി​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് നിർമി​ത ബു​ദ്ധി​യു​ടെ വ​ലി​യ സ​വി​ശേ​ഷ​തകളിലൊന്ന്. പൊ​തു​സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മ്പോ​ഴും ഇ​ന്റർ​നെ​റ്റും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​മ്പോ​ഴും പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്ന് ശേ​ഖ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​തി​വി​പു​ല​മാ​യ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളെ (Big Data) ക​മ്പ്യൂ​ട്ട​റു​ക​ളി​ല്‍ ഫീ​ഡ് ചെ​യ്ത​ശേ​ഷം വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് അ​വ വി​ശ​ക​ല​നം ചെ​യ്ത് അ​തി​ൽനിന്ന്​ ആ​ല്‍ഗ​രി​ത​ത്തി​ന്റെ സ​ഹാ​യ​ത്തോടെ വ്യ​ത്യ​സ്ത സ​മ​വാ​ക്യ​ങ്ങ​ൾ സ്വ​യം​ത​ന്നെ ക​ണ്ടെ​ത്താ​ൻ ക​മ്പ്യൂ​ട്ട​റു​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതിൽ ഏറ്റവും നൂതനമായ ചുവടുവെപ്പാണ് Chat G.P.T.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകളുടെ സർഗാത്മകത  ഏറക്കാലമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. Mathematics, Memory, Logic, Analytical Power എന്നിവയിലെല്ലാം മനുഷ്യനെ അതിശയിക്കുന്ന AI പ്രോഗ്രാമുകളുടെ പരിമിതി സർഗാത്മകത, വൈകാരികത, വിവേചന ബുദ്ധി എന്നിവയാണെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ തെളിഞ്ഞതുമാണ്. മനുഷ്യന്റെ മസ്തിഷ്കം കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ മേൽ വിജയം വരിക്കുന്ന തട്ടകങ്ങളാണിവ. രണ്ടര ലക്ഷം വർഷത്തെ സങ്കീർണമായ പരിണാമങ്ങളിലൂടെ മസ്തിഷ്കം നേടിയ സർഗലാവണ്യം മറികടക്കാൻ പ്രോഗ്രാമുകളുടെ ഒരു നൂറ്റാണ്ടിന്റെ നിർമാണവൈഭവം പോരെന്നാണ് വിലയിരുത്തപ്പെട്ടത്. 1997-ൽ ഇതിഹാസ ചെസ് താരം ഗാരി കാസ്പറോവിനെ ഐ.ബി.എമ്മിന്റെ ഡീപ് ബ്ലൂ എന്ന സൂപ്പർ കമ്പ്യൂട്ടർ തോൽപിച്ചതും, 2015-ൽ ഗോ എന്ന അതിസങ്കീർണവും ഭാവനാത്മകവുമായ ചൈനീസ് പരമ്പരാഗത ചതുരംഗക്കളിയിൽ ഗൂഗിളിന്റെ ഡീപ് മൈൻഡ് മേൽക്കൈ നേടിയതും ബുദ്ധിയുൽപാദന കേന്ദ്രങ്ങൾക്ക് ഊർജം പകർന്നിരുന്നു. 361 കരുക്കളും 371 കള്ളികളുമായി തുടക്കം മുതൽ ഭാവനാപൂർണമായി കളിക്കേണ്ട കളിയാണത്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, പുതിയ ആൽഗരിതങ്ങൾ വെച്ചുവേണം ഒരു യന്ത്രത്തിന് ഇതു കളിക്കാൻ. ഗോ കളിയിൽ അന്നാദ്യമായി മനുഷ്യനെ യന്ത്രം തോൽപ്പിച്ചത് മെഷീൻ ലേണിങ്ങിന്റെയും എ.ഐയുടെയും അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതപ്പെട്ടു.
ചാറ്റ് ബോട്ടുകളെക്കാൾ (Chat Bots) നന്നായി മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള നാച്വറൽ ലാംഗ്വേജ് പ്രൊസസിംഗ് ടൂളായ ചാറ്റ് ജി.പി.ടി (Chat G.P.T) യാണ് വൻ ജനപ്രീതിയോടെ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ഉപഭോക്താക്കളുമായി ഓൺലൈനിൽ ചാറ്റ് ചെയ്യാനും ചോദ്യങ്ങളിൽ സഹായിക്കാനും രൂപകൽപന ചെയ്‌തിരിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിനെയാണ് ചാറ്റ്ബോട്ട് എന്ന് വിളിക്കുന്നത്. ഇവയുടെ വികസിത രൂപമാണ് ചാറ്റ് ജി.പി.ടി. ഇന്‍റര്‍നെറ്റിനെ ഒരു ഡാറ്റാബേസായി ഉപയോഗിച്ച് മെഷീൻ ലേണിംഗിന്റെ സാധ്യതകളും ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. വിവരങ്ങൾ സംഭാഷണ രീതിയിലും ലഭിക്കും എന്നതാണ് ചാറ്റ് ജി.പി.ടിയുടെ പ്രത്യേകത.
2015-ല്‍ അമേരിക്കയിലെ ഓപ്പണ്‍ എ.ഐ എന്ന കമ്പനിയാണ് ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്. 2022 നവംബറിൽ സോഫ്റ്റ് വെയറിന്റെ ബീറ്റ വെർഷൻ അവർ പുറത്തിറക്കി. ജനറേറ്റീവ് എ. ഐ എന്ന വിഭാഗത്തിലാണ് കമ്പനി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഇതില്‍ ജി.പി.ടിയില്‍ ജി എന്നാല്‍ ജനറേറ്റീവ് എ. ഐ (Generative AI) എന്നാണ് അർഥം. മനുഷ്യനെപ്പോലെ തന്നെ ഉത്തരങ്ങള്‍ നല്‍കാന്‍ മെഷീന് ട്രെയിനിങ് നൽകുന്ന രീതിയാണിത്.
2022 നവംബർ 30-നാണ് കമ്പനി ചാറ്റ് ജി.പി.ടി ലോഞ്ച് ചെയ്തത്. ജനപ്രിയ ഓട്ടോമാറ്റിക് സ്പീച്ച് റെകഗനൈസേഷൻ സിസ്റ്റമായ ഡാൽ-ഇ 2 നിർമിച്ചതും ഇതേ കമ്പനിയാണ്. ആശയങ്ങളെ ചിത്രങ്ങളാക്കി മാറ്റുന്ന എൻജിനുകളായ ഡീപ് എ.ഐ (Deep AI), മിഡ്‌ജേണി (Mid journey), ഡാൽ-ഇ (DALL-E), അതിശയകരമായ സെൽഫി ചിത്രങ്ങൾ സൃഷ്ടിക്കുന്ന ലെൻസ (Lensa) പോലുള്ള ആപ്പുകളെല്ലാം അടുത്ത കാലത്തായി വലിയ വികാസം നേടിയിട്ടുണ്ട്. ഡീപ് ലേണിംഗ് (Deep Learning) എന്ന മെഷീൻ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. പക്ഷേ, ചാറ്റ് ജി.പി.ടിയാണ് കൂടുതൽ ജനപ്രീതി നേടിയത്. ജി.പി.ടി ടെക്നോളജിയുടെ മൂന്നാം പതിപ്പായ ജി.പി.ടി -3 അടിസ്ഥാനമാക്കി പുറത്തിറക്കിയ ചാറ്റ് ജി.പി.ടി പുതിയ സാധ്യതകളും അതോടൊപ്പം ആശങ്കകളുമാണ് മുന്നോട്ടു വയ്‌ക്കുന്നത്. ഉപന്യാസങ്ങൾ രചിക്കുക, കലാ സംബന്ധമായ വിവരങ്ങൾ നൽകുക, AI ആർട്ട് പ്രോംപ്റ്റുകൾ സൃഷ്ടിക്കുക, ദാർശനിക സംഭാഷണങ്ങൾ നടത്തുക എന്നിവക്ക് പുറമെ മോഡലിന് നിരവധി സവിശേഷതകളുണ്ട്. ഹ്യൂമൻ ഫീഡ്ബാക്കിൽനിന്നുള്ള റീ ഇൻഫോഴ്സ്മെന്റ് ലേണിംഗ് (RLHF) ഉപയോഗിച്ചാണ് ഈ മോഡൽ തയാറാക്കിയതെന്നാണ് ഓപ്പൺ എ.ഐ (Open AI) പറയുന്നത്.
കമ്പ്യൂട്ടര്‍ നല്‍കുന്നത് പോലെയല്ലാതെ മനുഷ്യര്‍ നല്‍കുന്നത് പോലുള്ള ഉത്തരമാണ് ഇത് നല്‍കുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത. ഉപയോഗിക്കുന്നവരുടെ ആവശ്യം പോലെയിരിക്കും മറുപടിയും. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടൊപ്പം, ആ ഉത്തരം മതിയാകാതെ വരുന്ന സാഹചര്യത്തില്‍ ഫീഡ്ബാക്ക് നല്‍കാനും ചാറ്റ് ജി.പി.ടിയില്‍ അവസരമുണ്ട്. ചോദ്യങ്ങളെ റീവേർഡ് ചെയ്ത് മനസ്സിലാക്കി ഉത്തരം തരുന്നതിനാൽ ചിലതിന് ഉത്തരം നൽകാൻ ചാറ്റ് ജി.പി.ടിക്ക് കഴിയില്ല. ചോദ്യങ്ങൾ തെറ്റിദ്ധരിച്ച് തെറ്റായ ഉത്തരങ്ങൾ നൽകാനും സാധ്യതയുണ്ട്. ഇത്തരം പിഴവുണ്ടായതിനാൽ ചില വാക്കുകളുള്ള (Stack Over flow) ചോദ്യങ്ങൾ തടഞ്ഞിരിക്കുകയാണ്.
സ്വാഭാവികമെന്നോണം ചാറ്റ് ജി.പി.ടി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് തെറ്റായ വിവരങ്ങളാണ് (Factual Errors). വലിയ ഡാറ്റാ സെറ്റുകളിൽ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും, സാങ്കേതിക വിദ്യാ പിഴവുകൾക്ക് സാധ്യത കൂടുതലാണ്. മ​നു​ഷ്യ സം​ഭാ​ഷ​ണ രൂ​പ​ത്തി​ലു​ള്ള ഇതര ചാ​റ്റ് ബോ​ട്ടു​ക​ളും നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം അ​വ​ക്ക് ലോ​ക സം​ഭ​വ​ങ്ങ​ളെ​യും വ​സ്തു​ത​ക​ളെ​യും യ​ഥാ​ത​ഥം മ​ന​സ്സി​ലാ​ക്കു​ന്ന​തി​ൽ പി​ഴ​വ് സം​ഭ​വി​ക്കു​ന്നു​വെ​ന്ന​താ​ണ്. ഉ​റ​വി​ട​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും തെ​ന്നി​മാ​റി അ​സ്വീ​കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന പ്ര​വ​ണ​ത​യുമുണ്ട്. അ​സ​ത്യ​ങ്ങ​ളും അ​ർ​ധ ​സ​ത്യ​ങ്ങ​ളും വ​സ്തു​ത​ക​ളെ​ന്ന് തോ​ന്നി​പ്പി​ക്കു​മാ​റ് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ക​ഴി​വും അ​വ​ക്കു​ണ്ട്. അതിനാൽ, പിഴവുകൾ തിരിച്ചറിയാൻ വൈദഗ്ധ്യമില്ലാത്ത ഉപയോക്താവിന് സങ്കീർണമായ ടെക്സ്റ്റ് ജനറേറ്റീവ് പ്രതികരണങ്ങൾ ബുദ്ധിമുട്ടായേക്കാം. ഒരു സുരക്ഷാ, ധാർമിക നയമെന്ന നിലയിൽ രാഷ്ട്രീയം, മതം, ആരോഗ്യം / വൈദ്യശാസ്ത്രം തുടങ്ങിയ ചോദ്യങ്ങൾക്ക് ഓപ്പൺ എ.ഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കൃത്യമായ ധാരണയില്ലെങ്കിൽ കൂടി ഉത്തരം നൽകാനുള്ള ചാറ്റ് ജി.പി.ടിയുടെ  പ്രവണത തെറ്റിദ്ധാരണകൾ സൃഷ്‌ടിച്ചേക്കാം.
ഒ​രു സെ​ർ​ച്ച് എ​ൻ​ജി​ൻ ന​മു​ക്ക് ന​ൽ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് റി​സ​ൽ​ട്ടു​ക​ൾ​ക്കും റ​ഫ​റ​ൻ​സ് ലി​ങ്കു​ക​ൾ​ക്കു​മ​പ്പു​റം സൂ​ക്ഷ്മ​വും ഒരു പരിധിവരെ തൃപ്തികരവുമാ​യ ഉ​ത്ത​ര​ങ്ങ​ൾ സെ​ക്ക​ൻ​ഡു​ക​ൾ കൊ​ണ്ട് ന​ൽ​കാ​നു​ള്ള ക​ഴി​വാ​ണ് ചാ​റ്റ് ജി.​പി.​ടിയെ ജ​ന​പ്രി​യ​മാ​ക്കു​ന്ന​ത്. ക​ഥ, ക​വി​ത, ലേ​ഖ​നം, ഉ​പ​ന്യാ​സം​ പോ​ലു​ള്ള മൗ​ലി​ക​മാ​യ ര​ച​ന​ക​ൾ ന​ട​ത്താ​നും വി​വ​ർ​ത്ത​നം ചെ​യ്യാ​നും ഫി​ലിം-​നാ​ട​ക സ്ക്രി​പ്റ്റ്, ഇ​മേ​ജ്, വീ​ഡി​യോ തു​ട​ങ്ങി​യ​വ ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ർ​മി​ക്കാ​നുമു​ള്ള അ​വ​യു​ടെ ക​ഴി​വും അ​പാ​ര​മാ​ണ്. ആവശ്യമെങ്കിൽ ഐൻസ്റ്റീനെയോ ഷേക്സ്പിയറെയോ അനുകരിക്കുന്ന ശൈലിയിൽ മറുപടികളും ഉത്തരങ്ങളും നൽകാനുള്ള കഴിവ് ചാറ്റ് ജി.പി.ടിയെ കൂടുതൽ രസകരമാക്കുന്നു.
ചാറ്റ് ജി.പി.ടിയെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. മൊബൈൽ ഫോണുകൾ 10 കോടി ആളുകളുടെ പോക്കറ്റിലെത്താൻ 16 വർഷമെടുത്തു. ഇതേ നാഴികക്കല്ലിൽ എത്തിപ്പെടാൻ ജിമെയിലിന് അഞ്ച് വർഷവും ട്വിറ്ററിന് ആറ് വർഷവും ഫേസ്ബുക്കിന് നാല് വർഷവും വേണ്ടിവന്നു. എന്നാൽ, പുതിയ ഓപ്പൺ എ.ഐ എന്ന ഗവേഷണ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാഷാ മോഡൽ ചാറ്റ് ജി.പി.ടിക്ക് നേട്ടം കൈവരിക്കാൻ രണ്ടു മാസമേ വേണ്ടിവന്നുള്ളൂ. സമീപകാല തരംഗവും വിവാദപരവുമായ സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പ് ടിക് ടോക്ക് പോലും ഈ നേട്ടത്തിലെത്താൻ ഒത് മാസമെടുത്തിരുന്നു എന്നോർക്കണം. സർവവ്യാപിയായ സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചാറ്റ് ജി.പി.ടി എന്നീ പദങ്ങൾക്ക് ഉയർന്ന റെക്കോർഡ് തിരച്ചിലുകൾ സൂചിപ്പിക്കുമ്പോൾ, ഭാവിയിലേക്ക് ഇത് നൽകുന്ന സൂചന ഗൗരവമുള്ളതാണ്. l

Comments