Prabodhanm Weekly

Pages

Search

2023 ജൂൺ 09

3305

1444 ദുൽഖഅദ് 20

ഉദുഹിയ്യത്തിന്റെ കർമശാസ്ത്രം

ഇൽയാസ് മൗലവി

സർവ ശക്തനായ അല്ലാഹുവിന്റെ സാമീപ്യവും, കൂടുതല്‍ പ്രതിഫലവും കരസ്ഥമാക്കാന്‍ ഉതകുന്ന സുന്നത്തായ  കർമമാണ് ഉദുഹിയ്യത്ത് അഥവാ ബലികർമം.  ഖലീലുല്ലാഹി ഇബ്റാഹീം നബിയുടെ ത്യാഗത്തെ അയവിറക്കലും, അതിനെ നടപ്പില്‍ വരുത്തലും, പാവങ്ങളെ സഹായിക്കലും, കൂട്ടുകുടുംബാദികളെയും സ്നേഹിതരെയും സന്തോഷിപ്പിക്കലും, സാമൂഹിക ഐക്യവും കെട്ടുറപ്പും പ്രകടമാക്കലുമെല്ലാം അതിൽ ഒത്തുചേരുന്നുണ്ട്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിനുള്ള നന്ദിപ്രകടനമെന്ന നിലക്കും അവന്റെ മഹത്വത്തിന് നൽകുന്ന അംഗീകാരമെന്ന നിലക്കുമാണ് മൃഗബലി നമ്മുടെ ബാധ്യതയായിത്തീരുന്നത്.
"(ആകയാല്‍) നീ നിന്റെ രക്ഷിതാവിനു വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക" (സൂറത്തുല്‍ കൗസര്‍  2).
"(ബലി) ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ നന്മയുണ്ട്. അതിനാല്‍, അവയെ വരിവരിയായി നിര്‍ത്തി അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലിയര്‍പ്പിക്കുക" (സൂറത്തുല്‍ ഹജ്ജ്  36).
ഇവിടെ ഒരു വസ്തുത കൂടി മനസ്സിലാക്കേണ്ടതുണ്ട്: ഈ ഖണ്ഡികയില്‍ മൃഗബലി സംബന്ധിച്ച് നല്‍കിയ വിധി ഹാജിമാര്‍ക്കു മാത്രം ബാധകമായതല്ല. ഹജ്ജ് വേളയില്‍ മക്കയില്‍വെച്ച് നിര്‍വഹിക്കാനുള്ളത് മാത്രവുമല്ല. മറിച്ച്, കഴിവുള്ള എല്ലാ മുസ്‌ലിംകള്‍ക്കും അവര്‍ എവിടെയായിരുന്നാലും ബാധകമായ വിധിയാണത്. ജന്തുക്കളെ അധീനപ്പെടുത്തിത്തന്നതിന് അല്ലാഹുവിന് ശുക്്ർ ചെയ്യുകയും വന്ദിക്കുകയും താന്താങ്ങളുടെ പ്രദേശങ്ങളില്‍ വെച്ച് ഹാജിമാരോട് പങ്കുചേരുന്ന ഒരവസ്ഥ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. ഹജ്ജ് ചെയ്യുക എന്ന മഹാഭാഗ്യത്തിന് അവസരം ലഭിക്കാത്ത ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള മുസ്‌ലിംകള്‍ നന്നച്ചുരുങ്ങിയത്, ഹജ്ജിന്റെ നാളുകളില്‍ ദൈവികമന്ദിരത്തിനടുത്ത് ഹാജിമാര്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ആ കര്‍മങ്ങള്‍ അനുകരിക്കുകയെങ്കിലും വേണം.
ഈ ആശയം ധാരാളം ഹദീസുകളില്‍ സ്പഷ്ടമാക്കപ്പെട്ടിട്ടുണ്ട്. തിരുനബി (സ) മദീനയിലായിരുന്ന കാലത്ത് ബലിപെരുന്നാളില്‍ ബലികര്‍മം നടത്തുകയും മുസ്‌ലിംകള്‍ക്കിടയില്‍ ആ ചര്യ നടപ്പാക്കുകയും ചെയ്തിരുന്നുവെന്ന് അവലംബനീയമായ നിരവധി നിവേദനങ്ങളിലും സ്ഥിരപ്പെട്ടിട്ടുണ്ട്. തിരുമേനി (സ) അരുളിയതായി അബൂ ഹുറയ്‌റ(റ)യില്‍നിന്ന് ഇമാം അഹ്്മദും  ഇബ്‌നു മാജയും ഉദ്ധരിക്കുന്നു:

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:  مَنْ وَجَدَ سَعَةً فَلَمْ يُضَحِّ، فَلَا يَقْرَبَنَّ مُصَلَّانَا».- رَوَاهُ أَحْمَدُ: 8273، وَحَسَّنَهُ الأَلْبَانِيُّ

അബൂ ഹുറയ്റ(റ)യിൽനിന്ന്. റസൂലുല്ലാഹി (സ) അരുളി: "ഉദുഹിയ്യ അറുക്കാന്‍ സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും (ഉദുഹിയ്യ) അറുക്കുന്നില്ലെങ്കില്‍ അവന്‍ നമ്മുടെ നമസ്കാര സ്ഥലത്തിന്റെ പരിസരത്ത് പോലും വരരുത്"  (അഹ്്മദ്: 8273).

തിരുമേനി (സ) ബലിപെരുന്നാള്‍ ദിനത്തില്‍ ഇങ്ങനെ പ്രസ്താവിച്ചതായി അനസുബ്‌നു മാലികില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു:

عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:  مَنْ ذَبَحَ قَبْلَ الصَّلَاةِ فَإِنَّمَا ذَبَحَ لِنَفْسِهِ وَمَنْ ذَبَحَ بَعْدَ الصَّلَاةِ فَقَدْ تَمَّ نُسُكُهُ وَأَصَابَ سُنَّةَ الْمُسْلِمِينَ
 رَوَاهُ الْبُخَارِيُّ: 5546 - 
(നമസ്‌കാരത്തിന് മുമ്പ് അറവ് നടത്തിയവന്‍ അത് മടക്കിക്കൊള്ളട്ടെ. നമസ്‌കാരത്തിനു ശേഷം അറവ് നടത്തിയവന്‍ തന്റെ ബലികര്‍മം പൂര്‍ത്തീകരിക്കുകയും മുസ്‌ലിംകളുടെ ചര്യ അനുഷ്ഠിക്കുകയും ചെയ്തു- ബുഖാരി: 5546).
ബലികര്‍മത്തിനു ശേഷം നടത്തിയാല്‍ മുസ്‌ലിംകളുടെ സുന്നത്തിന് വിപരീതമാവുകയും അതിനു മുമ്പ് നടത്തിയാല്‍ മുസ്‌ലിംകളുടെ സുന്നത്തിന് അനുയോജ്യമാവുകയും ചെയ്യുന്ന ഒരു നമസ്‌കാരം ബലിദിനത്തില്‍ (يوم النحر) മക്കയിലില്ല എന്നത് അറിയപ്പെട്ട കാര്യമാണല്ലോ. അതുകൊണ്ടുതന്നെ ഈ വിധി ഹജ്ജ് നിര്‍വഹണവുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് മദീനയിലേക്കുള്ളതാണെന്നും അസന്ദിഗ്ധമായി തെളിയുന്നു.
ബലിപെരുന്നാള്‍ ദിനത്തില്‍ മുസ്‌ലിംകള്‍ നടത്തുന്ന 'ഉദുഹിയ്യത്ത്' തിരുമേനിയുടെ ചര്യയാണെന്ന വസ്തുത ഈ പ്രമാണങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നു. ഇത് ഐച്ഛികമോ (سنة) നിര്‍ബന്ധമോ (فرض) എന്ന കാര്യത്തില്‍ മാത്രമേ അഭിപ്രായാന്തരമുള്ളൂ.  ഇബ്‌റാഹീമുന്നഖഈ, ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം മുഹമ്മദ്, ഒരു റിപ്പോര്‍ട്ടനുസരിച്ച് ഇമാം അബൂ യൂസുഫ് എന്നിവര്‍ അത് നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളവരാണ്.
എന്നാല്‍ ഇമാം ശാഫിഈ, ഇമാം അഹ്്മദുബ്‌നു ഹമ്പല്‍ എന്നിവരുടെ വീക്ഷണത്തില്‍ മുസ്‌ലിംകളുടെ ചര്യ (سنة) മാത്രമാണത്. ആരെങ്കിലും അത് നിര്‍വഹിച്ചില്ലെങ്കില്‍ തെറ്റൊന്നുമില്ല എന്ന നിലപാടാണ് സുഫ്‌യാനുസ്സൗരി സ്വീകരിച്ചിട്ടുള്ളത്.
    എന്നാല്‍, മുഴുവന്‍ മുസ്‌ലിംകളും ഈ കര്‍മത്തെ ഉപേക്ഷിക്കുകയാണെങ്കില്‍പോലും ഒരു കുഴപ്പവുമില്ലെന്ന് മുസ്‌ലിം പണ്ഡിതന്മാരില്‍ ആരുംതന്നെ വാദിച്ചിട്ടില്ല. ആ പുത്തന്‍വാദം ചിലയാളുകള്‍ സ്വയം മെനഞ്ഞുണ്ടാക്കിയതാണ്. അത്തരം ആളുകളെ സംബന്ധിച്ചേടത്തോളം അവരുടെ ഖുര്‍ആനും സുന്നത്തുമെല്ലാം അവരുടെ മനസ്സുതന്നെയാണ് (തഫ്ഹീമുൽ ഖുർആൻ: സൂറത്തുൽ ഹജ്ജ്  36, വ്യാഖ്യാന കുറിപ്പ് നമ്പർ: 74).
ആഇശ(റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) അരുളി: "ബലിപെരുന്നാള്‍ ദിനം മനുഷ്യന്‍ ചെയ്യുന്ന സൽക്കർമങ്ങളില്‍ ബലിയറുക്കുന്നതിനെക്കാള്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കർമം ഒരു വ്യക്തിയും നിർവഹിച്ചിട്ടില്ല. ഈ ബലിമൃഗം അന്ത്യനാളില്‍ അതിന്റെ  കൊമ്പുകളും കുളമ്പുകളും രോമങ്ങളും ഉള്‍പ്പെടെ ഹാജരാക്കപ്പെടുന്നതാണ്. അതിന്റെ രക്തം ഭൂമിയില്‍ വീഴുന്നതിന് മുമ്പ് തന്നെ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുന്നതാണ്. (അറുക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ അല്ലാഹു അതിനെ ഉയര്‍ന്ന നിലയില്‍ സ്വീകരിക്കുന്നതാണ്) ആയതിനാല്‍, പൂർണ തൃപ്തിയോടെ ഈ കർമം നിങ്ങള്‍ നിർവഹിക്കുവിന്‍" (തിർമിദി: 1572).
കഴിവുള്ളവരെല്ലാം (തന്റെ കഴിവിന്റെ തോതനുസരിച്ച്) വര്‍ഷാവര്‍ഷം ഉദുഹിയ്യ അറുക്കുന്നവരാകണം. കഴിവുണ്ടായിരുന്നിട്ടും ബലിയറുക്കാത്തവരുടെ കാര്യത്തിൽ തിരുദൂതരുടെ താക്കീത് നാം മറന്നുപോകരുത്.  കഴിവുണ്ടായിട്ടും ബലി അറുക്കാത്തവന്‍ പെരുന്നാള്‍ നമസ്കാര സ്ഥലത്ത് പോലും വരേണ്ടതില്ല എന്ന് പറയുന്നത് എത്ര വലിയ താക്കീതാണ്!  അതിനാൽ, സാമ്പത്തിക ശേഷിയുള്ളവർ ഈ പ്രധാനപ്പെട്ട സുന്നത്ത് സജീവമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തില്‍ പെരുന്നാള്‍ ദിവസം തന്റെ ആവശ്യങ്ങള്‍ കഴിച്ച്, ബലി കൊടുക്കാനുള്ളത്രയും സമ്പത്ത് കൈവശമുള്ള, പ്രായപൂര്‍ത്തിയും പക്വതയുമുള്ള ഒരു സത്യവിശ്വാസിക്ക് ഉദുഹിയ്യത്ത് (ബലികർമം) വളരെ പ്രധാനപ്പെട്ട സുന്നത്താണ്.  എന്നാല്‍, പല അംഗങ്ങളുള്ള ഒരു കുടുംബത്തെ സംബന്ധിച്ചേടത്തോളം കുടുംബത്തിലെ ഒരാള്‍ ഉദുഹിയ്യത്ത് നിർവഹിക്കുന്നത് മൂലം ബാക്കിയുള്ളവരില്‍നിന്ന് ആ ബാധ്യത ഒഴിവാകുന്നതാണ്.

ബലിയറുക്കുന്നവർ ശ്രദ്ധിക്കേണ്ടത്
ഉദുഹിയ്യത്ത് നടത്താനുദ്ദേശിച്ചവർ പുരുഷന്മാരാണെങ്കിൽ അവർ തന്നെ അറവ് നടത്തലും അല്ലാത്തവർ അറിയുന്നവരെ ഏൽപിക്കുകയും അറവ് നടത്തുന്നയിടത്ത് സന്നിഹിതരാവുകയും ചെയ്യുന്നത് സുന്നത്താണ്. ബലിയറുക്കാനുദ്ദേശിക്കുന്നവർ, ദുൽഹിജ്ജ ഒന്ന് മുതൽ അറവ് നടത്തുന്നത് വരെ നഖം, മുടി തുടങ്ങിയ ശരീര ഭാഗങ്ങളൊന്നും നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ്. അവ നീക്കം ചെയ്യൽ കറാഹത്താണ്.
ബലികര്‍മം നടത്തല്‍ അതിന് സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ഏറ്റവും പ്രബലമായ സുന്നത്താണ് എന്നാണ് മഹാ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്വഹാബിമാരായ അബൂബക്്ര്‍ (റ), ഉമര്‍ (റ), ബിലാല്‍ (റ), അബൂ മസ്ഊദ് അല്‍ബദ്‌രി (റ) എന്നിവരും, താബിഉകളായ സുവൈദുബ്്നു ഉക്വ്ബ (റ), സഈദ്ബ്‌നുല്‍ മുസയ്യിബ് (റ), അസ്‌വദ് (റ), അത്വാഅ് (റ) എന്നിവരും ശേഷക്കാരായ ഇമാം ശാഫിഈ (റ), ഇസ്ഹാഖ് (റ), അബൂ സൗര്‍ (റ), ഇബ്‌നുല്‍ മുന്‍ദിര്‍(റ) തുടങ്ങിയവരുമെല്ലാം ഈ അഭിപ്രായക്കാരാണ്. എന്നാല്‍ ഇമാം മാലിക് (റ), സുഫ്‌യാനുസ്സൗരി (റ), ലൈസ് (റ), അബൂ ഹനീഫ (റ), ഇബ്‌നു തൈമിയ്യ (റ) തുടങ്ങിയവര്‍ ഇത് നിര്‍ബന്ധമാണെന്ന പക്ഷക്കാരാണ്. നിര്‍ബന്ധമാണെന്ന് അഭിപ്രായം പറഞ്ഞവരുടെ തെളിവുകള്‍ അത്ര പ്രബലമല്ലാത്തതിനാലും പ്രബലമായാല്‍ തന്നെയും അവ നിര്‍ബന്ധമാണെന്നതിന് വ്യക്തമായ തെളിവാകുന്നില്ല എന്നതിനാലും പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി.
അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിവസത്തെ (ദുല്‍ഹിജ്ജ 13) സൂര്യാസ്തമയം വരെ അറവ് നിര്‍വഹിക്കാവുന്നതാണ്. ആട്, മാട്, ഒട്ടകം എന്നിവയാണ് ബലിദാനത്തിനായി  നിർണയിക്കപ്പെട്ടിട്ടുള്ള മൃഗങ്ങള്‍. ഇവയല്ലാതെ ബലിക്ക് മതിയാകുകയില്ലെന്ന് ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്ന് ഇമാം നവവി രേഖപ്പെടുത്തിയതായി കാണാം (ശറഹു മുസ്‌ലിം 13/125). പോത്ത്, എരുമ എന്നിവ കാള, പശു എന്ന ഗണത്തില്‍ ഉൾപ്പെടുന്നതാണ്.
പല മൃഗങ്ങള്‍ക്കും പല പ്രായമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ആട് രണ്ട് തരമുണ്ട്: ചെമ്മരിയാടാണെങ്കില്‍ ആറുമാസം പൂര്‍ത്തിയായി ഏഴാം മാസത്തില്‍ പ്രവേശിച്ചാല്‍ മതി. കോലാടാണെങ്കില്‍ ഒരു വയസ്സ് പൂര്‍ത്തിയായി രണ്ടാം വയസ്സിലേക്ക് പ്രവേശിച്ചതായിരിക്കണം. പശു വര്‍ഗം രണ്ട് വയസ്സ് പൂര്‍ത്തിയായി മൂന്നാം വയസ്സില്‍ പ്രവേശിച്ചതായിരിക്കണം. ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായി ആറാം വയസ്സില്‍ പ്രവേശിച്ചതാകണം. ഇക്കാര്യം ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടുണ്ട്.
ഉരുക്കൾ ന്യൂനതകൾ ഇല്ലാത്തതാവണം. നബി (സ) പറഞ്ഞു: 'നാലുതരം ന്യൂനതയുള്ളവ ബലിക്ക് അനുവദനീയമല്ല. കണ്ണിന് വ്യക്തമായ തകരാറുള്ളത്, വ്യക്തമായ രോഗം ഉള്ളത്, വ്യക്തമായ മുടന്തുള്ളത്, മജ്ജ പൂര്‍ണമായും നഷ്ടപ്പെട്ടത്' (അബൂ ദാവൂദ് 2804). ബറാഉബ്്നു ആസിബിൽനിന്ന്. നബി (സ) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു: 'പ്രകടമായ തോതിൽ മുടന്തുള്ളതും കാഴ്ചക്കുറവുള്ളതും രോഗമുള്ളതും, പരിഹരിക്കാനാവാത്ത വിധം മെലിഞ്ഞതുമായ മൃഗത്തെ ബലിയറുക്കാവതല്ല'  (തിർമിദി: 1576).
സമാനമായതോ ഇതിനെക്കാള്‍ ഗൗരവമേറിയതോ ആയ ന്യൂനതകള്‍ ഉണ്ടായാലും ഇപ്രകാരം തന്നെയാണ്. കണ്ണ് നഷ്ടപ്പെട്ടത്, കൈയോ കാലോ ഇല്ലാത്തത്, നടക്കാനാവാത്ത വിധം മുടന്തുള്ളത്, വീണോ കുടുങ്ങിയോ വാഹനമിടിച്ചോ ഒക്കെ സാരമായ പരിക്കുകള്‍ ഏറ്റത് എന്നിവ ഉദാഹരണം.
അത്ര ഗൗരവമല്ലാത്ത ന്യൂനതകളുള്ളവ അനുവദനീയമാണെങ്കിലും അവയല്ലാത്തവയെ തെരഞ്ഞെടുക്കുകയാണ് നല്ലത്. ചെവി കീറിയതോ മുറിഞ്ഞതോ, അല്ലെങ്കില്‍ ചെവി മുഴുവന്‍ നഷ്ടപ്പെട്ടതോ ഒക്കെ ഈ ഗണത്തില്‍ പെടുന്നു.  വാല്‍ നഷ്ടപ്പെട്ടത്, മൂക്ക് മുറിഞ്ഞത്, ചുണ്ട് മുറിഞ്ഞത്, ലിംഗം മുറിഞ്ഞത് എന്നിവയും കറാഹത്താണ്  എന്ന് ചില പണ്ഡിതന്മാര്‍ ഖിയാസിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുണ്ട്. വൃഷണം ഉടച്ചതിന് ഈ നിയമം ബാധകമല്ല. കാരണം, അത് ന്യൂനതയല്ല. അത് മൃഗം കൂടുതല്‍ മെച്ചപ്പെടാന്‍ ഉപകരിക്കുന്നതാണ് എന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
ബലിമൃഗത്തിന്റെ തോൽ, കൊമ്പ് തുടങ്ങി ഒരു ഭാഗവും വിൽക്കാനോ വാടകക്ക് നൽകാനോ, അറവുകാരന് കൂലിയായി നൽകാനോ ഒന്നും പാടില്ല. മറിച്ച്, അവ ദാനം ചെയ്യുകയാണ് വേണ്ടത്. ബലിമൃഗത്തിന്റെ യാതൊന്നും വില്‍ക്കാവതല്ല. തോല്‍ വില്‍ക്കുന്നുവെങ്കില്‍ തന്നെ അതിന്റെ വില ദരിദ്രര്‍ക്ക് ദാനം ചെയ്യേണ്ടതാണ്. അറവുകാരന്റെ കൂലിയായി ഒരിക്കലും തന്നെ തോല്‍ നല്‍കാവതല്ല.
ദാനമായി അറവുകാരന് നല്‍കുന്നതിന് വിരോധമില്ല. കൂലി എന്ന നിലക്ക് പാടില്ല എന്നു മാത്രം. തോല്‍/തോലിന്റെ വില ദാനമായി നല്‍കേണ്ടത് ദരിദ്രര്‍ക്കാണ്. ദരിദ്രരുടെ കാര്യങ്ങള്‍ നിര്‍വഹിക്കാനായി സ്ഥാപിക്കപ്പെട്ട സംഘങ്ങള്‍, കൂട്ടായ്മകള്‍, സംരംഭങ്ങള്‍ എന്നിവക്ക് നല്‍കുന്നതില്‍ തെറ്റില്ല.
ആട് ഒരാള്‍ക്കും മാട്, ഒട്ടകം എന്നിവ പരമാവധി ഏഴ് പേര്‍ക്കുമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഒരാള്‍ അറവുനടത്തിയാല്‍ അയാള്‍ക്കും കുടുംബത്തിനും അത് മതിയാകുന്നതാണ്. ഒട്ടകത്തിലും പശുവിലും ഏഴ് ആള്‍ക്ക് വരെ പങ്കുചേരാവുന്നതാണ്. ഒരാള്‍ സ്വന്തമായി അറുക്കുകയാണെങ്കില്‍ അതാണ് നല്ലത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് അറുക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യവിഹിതം തന്നെയാവണമെന്നില്ല. എന്നാല്‍, ചുരുങ്ങിയ പക്ഷം 1/7 വിഹിതമെങ്കിലും ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂ.
ബലിമാംസം മൂന്നു തരത്തില്‍ ഉപയോഗിക്കാമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്: സ്വയം ഭക്ഷിക്കുക, ദരിദ്രര്‍ക്ക് ദാനമായി നൽകുക, അയല്‍വാസിക്കും കുടുംബത്തിനും തന്റെ വക പാരിതോഷികമായി നല്‍കുക. അല്ലാഹു പറയുന്നു: ''അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാൽക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക'' (സൂറഃ അല്‍ഹജ്ജ് 28). ഈ മൂന്ന് വഴികളിലായി മാംസം വിനിയോഗിക്കപ്പെടുകയാണ് വേണ്ടത്. എന്നാല്‍, മൂന്നിനും തുല്യ ഭാഗമായി വീതിക്കണമെന്നോ മൂന്നില്‍ ഒന്ന് നിര്‍ബന്ധമായും ബലിയറുത്തയാള്‍ എടുക്കണമെന്നോ മൂന്നില്‍ ഒന്നിനെക്കാള്‍ കൂടുതല്‍ എടുക്കരുതെന്നോ പറയാന്‍ തെളിവുകളില്ല. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 05-06
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് നിർബന്ധമായാൽ ഉടനെ നിർവഹിക്കണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്