Prabodhanm Weekly

Pages

Search

2023 ജൂൺ 09

3305

1444 ദുൽഖഅദ് 20

ഉർദുഗാൻ മാജിക് വീണ്ടും

ഡോ. അബ്ദുസ്സലാം അഹ്്മദ്

തുർക്കിയക്കകത്ത് അൾട്രാ സെക്യുലരിസ്റ്റുകളും പുറത്ത് അമേരിക്കയും യൂറോപ്പും ആറ്റു നോറ്റു കാത്തിരുന്ന റജബ് ത്വയ്യിബ് ഉർദുഗാന്റെ പതനം പാഴ്്സ്വപ്നമായി. കഴിഞ്ഞ ഇരുപതു വർഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച് ചരിത്രം കുറിച്ച തുർക്കിയ പ്രസിഡന്റ് റജബ് ചരിത്രം ആവർത്തിച്ചു. അടുത്ത അഞ്ചു വർഷം വീണ്ടും രാജ്യം ഭരിക്കാൻ തുർക്കി ജനത 53 ശതമാനത്തോളം വോട്ടോടെ അദ്ദേഹത്തിന് മാൻഡേറ്റ് നൽകി.
തുർക്കിയയിലാണ് പ്രസിഡന്റിനെ വേണ്ടതെങ്കിലും അമേരിക്കയിലോ യൂറോപ്പിലോ ആണ് തെരഞ്ഞെടുപ്പ് എന്ന് തോന്നും വിധമാണ് ഇത്തവണ തുർക്കിയ പ്രസിഡന്റ് ഇലക്്ഷൻ നടന്നത്. യു.എസ് പ്രസിഡന്റ് ബൈഡൻ ഉർദുഗാനെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തത്, അവരുടെ തുർക്കിയ അംബാസിഡർ പ്രതിപക്ഷ സ്ഥാനാർഥി കിലിച്ച്ദാർ ഒഗുലുവിനെ സന്ദർശിച്ച് സംഭാഷണം നടത്തിയത്, യു.എസ് - യൂറോപ്യൻ മാധ്യമങ്ങൾ ഉർദുഗാൻ എന്ന ‘സ്വേഛാധിപതി’യെക്കുറിച്ച് നിരന്തരം കവർ സ്റ്റോറികൾ ചെയ്തത് എല്ലാം അതിന്റെ തെളിവുകളായിരുന്നു. പടിഞ്ഞാറിന് പൂർണ വിധേയത്വം പ്രഖ്യാപിച്ചും ഒബാമയുടെ തെരഞ്ഞെടുപ്പ് ടീമിനെ ഇറക്കിയും പ്രസിഡന്റിന്റെ കൊട്ടാരം പിടിക്കാനിറങ്ങിയ കമാൽ കിലിച്ച്ദാർ ഒഗുലുവിന് ഉർദുഗാനുമായുള്ള പോരാട്ടത്തിൽ പക്ഷേ, കാലിടറി. ലോകത്ത് മുഴുവൻ, നീതിയുടെയും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പക്ഷത്തു നിൽക്കുന്ന പരകോടി ജനങ്ങൾ തങ്ങളുടെ അവസാനത്തെ പ്രതീക്ഷയായ ഉർദുഗാൻ ശക്തമായ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് അവസാനം നിലയുറപ്പിച്ചപ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു.
മുൻ ഇലക്്ഷനുകളിൽനിന്നു ഭിന്നമായി, ഇത്തവണത്തെ തെരഞ്ഞെടുപ്പ് തുർക്കിയക്കകത്തും പുറത്തും വമ്പിച്ച അലയൊലികളുണ്ടാക്കാൻ പല കാരണങ്ങളുണ്ട്:
ഒന്ന്: ഇരുപത് വർഷമായി അധികാരത്തിലിരിക്കുന്ന, 2002 മുതൽ തുടർച്ചയായി എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചുവന്നിട്ടുള്ള നിലവിലുള്ള പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും അദ്ദേഹത്തിന്റെ ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടിയും (അക് പാർട്ടി) ഈ തെരഞ്ഞെടുപ്പിലെങ്കിലും പുറന്തള്ളപ്പെടുമെന്നുള്ള എതിരാളികളുടെ ശുഭാപ്തി വിശ്വാസം, രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, പണപ്പെരുപ്പം, അതിനിടയിൽ 36 ലക്ഷം വരുന്ന സിറിയൻ അഭയാർഥികളെ പേറേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകൾ, മുമ്പൊന്നുമില്ലാത്ത വിധം പ്രതിപക്ഷം ഒന്നിച്ചുനിന്ന് ഏതു വിധേനയും ഉർദുഗാനെ പരാജയപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ, ഭൂരിപക്ഷം വരുന്ന യുവ വോട്ടർമാർ ഇരുപത് വർഷത്തെ ഭരണത്തിന് എന്ത് നേട്ടങ്ങൾ ഉണ്ടെങ്കിലും ഒരു 'ചെയ്ഞ്ച്' വേണമെന്ന് ആഗ്രഹിച്ചത്, അഭിപ്രായ വോട്ടെടുപ്പുകളിൽ ഉർദുഗാൻ പരാജയപ്പെടുമെന്ന സൂചനകൾ വന്നത്, കഴിഞ്ഞ ഫെബ്രുവരിയിൽ 11 പ്രവിശ്യകളിലുണ്ടായ ഭൂകമ്പത്തിൽ 50,000-ലധികം പേർ മരിച്ചതും ലക്ഷങ്ങൾ ഭവന രഹിതരായതും- ഇതെല്ലാം അവരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തി.
രണ്ട്: ഉർദുഗാന്റെ 20 വർഷത്തെ ഭരണം ലോക ഭൂപടത്തിൽ തുർക്കിയക്ക് നൽകിയിട്ടുള്ള നിർണായകമായ സ്ഥാനം, നാറ്റോ സഖ്യത്തിലെ രണ്ടാമത്തെ പ്രബല സൈനിക ശക്തിയായ തുർക്കിയ അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്പിന്റെയും അറബ് മുസ്്ലിം ലോകത്തിന്റെയും  ഏഷ്യയുടെയുമൊക്കെ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ ശേഷിയുള്ള രാഷ്ട്രീയ ശക്തിയായി മാറിയത്, അത് ലോകത്തുണ്ടാക്കിയ പ്രത്യാശകളും ആശങ്കകളും.
മൂന്ന്: ഇസ്്ലാമിനെ അടിസ്ഥാനമാക്കിയും ഉസ്മാനി സാമ്രാജ്യത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചും അക് പാർട്ടി നടത്തുന്ന ഭരണം ഇസ്്ലാമോഫോബുകളിലുണ്ടാക്കിയ അസ്വസ്ഥതകൾ, അയൽ രാഷ്ട്രമായ തുർക്കിയയിൽ ഇസ്്ലാമിന് അനുകൂലമായുണ്ടാകുന്ന ഏതു മാറ്റവും തങ്ങളുടെ രാഷ്ട്രങ്ങളിൽ സ്വാധീനം ഉണ്ടാക്കുമെന്നുള്ള യൂറോപ്പിന്റെ പേടി, പ്രബല മുസ്്ലിം രാഷ്ട്രമായ തുർക്കിയയിലെ മാറ്റങ്ങൾ തങ്ങളുടെ രാജ്യങ്ങളിൽ അലയടികളുണ്ടാക്കുമെന്ന മുസ്്ലിം സ്വേഛാധിപതികളുടെ ആശങ്കകൾ.
നാല്: 36 ലക്ഷത്തിലധികം വരുന്ന സിറിയൻ അഭയാർഥികൾ മാത്രമല്ല, അറബ് വസന്താനന്തരം അറബ് രാജ്യങ്ങളിലുണ്ടായ പ്രതിവിപ്ലവങ്ങളെ തുടർന്ന് നാടു വിട്ട് തുർക്കിയയിൽ രാഷ്ട്രീയാഭയം തേടിയിട്ടുള്ള ലക്ഷക്കണക്കിനു വരുന്ന വിവിധ രാഷ്ട്രീയ പ്രവർത്തകരുടെ ഭാവി.
ഏതായാലും, ഉർദുഗാൻ വിരുദ്ധ ക്യാമ്പിന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ച് മെയ് 14-ന് നടന്ന വോട്ടെടുപ്പിൽ 49.52 ശതമാനം വോട്ടോടെ ഉർദുഗാൻ ഒന്നാം സ്ഥാനത്തെത്തുന്നതാണ് കണ്ടത്. അദ്ദേഹത്തിന്റെ മുഖ്യ എതിരാളി റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടി(സി.എച്ച്.പി)യുടെ കമാൽ കിലിച്ച്ദാർ ഒഗുലുവിന് 44.88 ശതമാനം വോട്ടേ നേടാനായുള്ളൂ. എക്സിറ്റ് പോളുകൾ കമാൽ ഒഗുലുവിന് 51.5 ശതമാനം വോട്ടും ഉർദുഗാന് 37.6 ശതമാനം വോട്ടും പ്രവചിച്ചിരിക്കുമ്പോഴാണ് ഈ റിസൽട്ട്. പാർലമെന്റിലാവട്ടെ, ഉർദുഗാന്റെ സഖ്യം 600-ൽ 322 സീറ്റ് നേടി തങ്ങളുടെ ആധിപത്യം നിലനിർത്തുകയും ചെയ്തു.
പ്രസിഡന്റ് സ്ഥാനാർഥി 50 ശതമാനത്തിന് മുകളിൽ വോട്ട് നേടിയിരിക്കണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം റൗണ്ട് വോട്ടെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. ആദ്യ റൗണ്ടിൽ ഏതാണ്ട് അര ശതമാനം വോട്ട് കമ്മി നേരിട്ട ത്വയ്യിബ് ഉർദുഗാൻ രണ്ടാം റൗണ്ടിൽ 52 ശതമാനം വോട്ടോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കി മൂന്നാം പതിറ്റാണ്ടിലേക്ക് പ്രവേശിച്ച് തുർക്കിയയിൽ കാൽ നൂറ്റാണ്ട് കാലം തുടർച്ചയായി അധികാരത്തിലിരുന്ന നേതാവ് എന്ന പദവി അദ്ദേഹം സ്വന്തമാക്കുകയാണ്.

മാജിക്കിനു പിന്നിൽ
പ്രതിപക്ഷം ഉർദുഗാന്റെ സ്വേഛാധിപത്യത്തിലും സിറിയൻ അഭയാർഥികളിലും കേന്ദ്രീകരിച്ചപ്പോൾ ഉർദുഗാൻ കഴിഞ്ഞ 20 വർഷം ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടി രാജ്യത്ത് കൊണ്ടുവന്ന പുരോഗതിയെന്താണ് എന്നു വിശദീകരിക്കാനാണ് ശ്രമിച്ചത്. തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതുവഴി മഹത്തായ തുർക്കിയ യുഗത്തെ സൃഷ്ടിച്ചെടുക്കും എന്ന വാഗ്ദാനമാണദ്ദേഹം നൽകിയത്.
നേട്ടങ്ങൾ പറയാൻ എമ്പാടുമുള്ള ഭരണാധികാരിയാണ് ഉർദുഗാൻ എന്നതു തന്നെയാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്. തുർക്കികൾക്കത് നിഷേധിക്കാനാവില്ല. രണ്ടായിരാമാണ്ടിനു മുമ്പുള്ള തുർക്കിയയെ കണ്ടവർക്കത് വേഗം ബോധ്യപ്പെടും. ചാക്കിൽ തുർക്കിയ ലീറ നിറച്ച് ഒരു കിലോ തക്കാളി വാങ്ങാൻ പോയ കാലം, ലോകത്ത് ഇന്നേറ്റവും സുന്ദരമായ നഗരമായ ഇസ്തംബൂളിൽ മൂക്ക് പൊത്തിയല്ലാതെ നടക്കാൻ കഴിയാതിരുന്ന കാലം, പ്രധാനമന്ത്രിമാർ പട്ടാളത്തിന്റെ കാരുണ്യത്തിൽ കഴിഞ്ഞിരുന്ന കാലം, പ്രധാനമന്ത്രിമാരെ വരെ നമസ്കരിച്ചതിനും ഹജ്ജ് ചെയ്തതിനും പട്ടാളം തൂക്കിലേറ്റിക്കൊന്ന കാലം, ജനാധിപത്യവും മനുഷ്യാവകാശങ്ങളും പട്ടാള ബൂട്ടുകളിൽ ഊർധശ്വാസം വലിച്ചിരുന്ന കാലം, ജനങ്ങൾ അന്നമില്ലാതെയും ചികിത്സയില്ലാതെയും യാത്രാ സൗകര്യങ്ങളില്ലാതെയും കഷ്ടപ്പെട്ടിരുന്ന കാലം, തുർക്കിയ പെൺകുട്ടികൾ ഇസ്തംബൂളിന്റെ തെരുവുകളിൽ ചാരിത്ര്യം വിറ്റ് കുടുംബം പോറ്റിയിരുന്ന കാലം, പെൺകുട്ടികൾക്ക് മക്കനയിട്ട് കോളേജിൽ പോകാൻ പറ്റാതിരുന്ന കാലം- ഓർക്കാനിഷ്ടപ്പെടാത്ത ആ കഴിഞ്ഞ കാലത്തെ ഖബറടക്കിയത് ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടിയും അതിന്റെ നേതാവ് റജബ് ത്വയ്യിബ് ഉർദുഗാനുമാണ്. നിശ്ശബ്ദ വിപ്ലവം (Silent Revolution) എന്നാണതറിയപ്പെടുന്നത്. ലോകത്ത് സാമ്പത്തികമായി 111-ാം സ്ഥാനത്തുണ്ടായിരുന്ന തുർക്കിയയെ അദ്ദേഹം പതിനാറാം സ്ഥാനത്തെത്തിച്ചു. തൊഴിലില്ലായ്മ 38 ശതമാനത്തിൽനിന്ന് 2 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവന്നു. 10 വർഷംകൊണ്ട് പ്രതിശീർഷ ആളോഹരി വരുമാനം 3500 ഡോളറിൽ നിന്ന് 17,468 ഡോളറായി ഉയർത്തി. കയറ്റുമതി 36 ബില്യനിൽനിന്ന് 140 ബില്യനിൽ എത്തിച്ചു. ഗ്രാമങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന കൂറ്റൻ റോഡുകൾ, ടണലുകൾ, പാലങ്ങൾ, റെയിൽവെ, മെട്രോ തുടങ്ങി വമ്പിച്ച അടിസ്ഥാന വികസനങ്ങൾ കൊണ്ടുവന്നു. 30-ലധികം പുതിയ വിമാനത്താവളങ്ങൾ തുറന്നു. അറബ് വസന്തത്തെ പിന്തുണച്ചു. പ്രതിവിപ്ലവങ്ങളെ എതിർത്തു. സ്വന്തം നാടുകളിൽ പീഡിപ്പിക്കപ്പെടുന്ന ലോകത്തെ ഇസ്്ലാമിസ്റ്റുകൾക്കൊക്കെയും അഭയം നൽകി. അയൽ രാഷ്ട്രമായ സിറിയയിൽ സ്വേഛാധിപതി ബശ്ശാറുൽ അസദിന്റെ നരവേട്ടയിൽ നാടുവിടേണ്ടി വന്ന 36 ലക്ഷം സിറിയക്കാർക്ക് ആതിഥ്യമൊരുക്കി. ലോക ശക്തികളോട് നിലപാടുകൾ ഉയർത്തിപ്പിടിച്ച് പോരാടി. ഫലസ്ത്വീനികളുടെ കൂടെ നിന്നു. ഏറ്റവുമൊടുവിൽ ആയുധ നിർമാണത്തിലേക്ക് പ്രവേശിച്ചു. രാജ്യത്തിന് ആവശ്യമുള്ള 60 ശതമാനം ആയുധങ്ങളും സ്വന്തമായി നിർമിക്കാൻ തുടങ്ങി. പെട്രോൾ, ഗ്യാസ് പര്യവേക്ഷണങ്ങൾ നടത്തി. ആദ്യ ആണവ റിയാക്ടർ പ്രവർത്തനമാരംഭിച്ചു.
മറുവശത്ത്, ഏതു വിധേനയും ഉർദുഗാനെ പരാജയപ്പെടുത്തുക എന്ന ഒറ്റ അജണ്ടയല്ലാതെ മറ്റു രാഷ്ട്രീയ അജണ്ടകളോ സ്വന്തം കർമ പദ്ധതികളോ മുന്നോട്ടുവെക്കാൻ പ്രതിപക്ഷത്തിനായില്ല. കഴിഞ്ഞ 20 വർഷം രാജ്യം നേടിയ പുരോഗതിയെ മുഴുവൻ തള്ളിപ്പറയാൻ ഉർദുഗാൻ വിരോധം അവരെ നിർബന്ധിച്ചു. എന്നു മാത്രമല്ല, രാജ്യത്തെ മുഴുവൻ പിറകോട്ടു വലിക്കുമെന്ന സന്ദേശമാണവർക്കു നൽകാനായത്. തുർക്കിയ അടുത്ത കാലത്ത് ആയുധ നിർമാണ രംഗത്തു നടത്തിയ വൻ മുന്നേറ്റത്തെ തള്ളിപ്പറഞ്ഞു. റഷ്യയുടെ സഹായത്തോടെ ആരംഭിച്ച ആണവോർജ വികസന പദ്ധതി നിർത്തിവെക്കും, അതിർത്തി തർക്കമുള്ള അയൽ രാഷ്ട്രമായ ഗ്രീസുമായുള്ള ബന്ധം മെച്ചപ്പെടുത്തും, സിറിയയിലെ തുർക്കിയ സൈന്യത്തെ പിൻവലിച്ച് ബശ്ശാറുൽ അസദുമായി ബന്ധം പുനഃസ്ഥാപിക്കും, നാറ്റോയിൽ സ്വീഡന്റെ അംഗത്വം തുർക്കിയ എതിർത്തത് പുനഃപരിശോധിക്കും, അയാ സോഫിയ പള്ളി വീണ്ടും മ്യൂസിയമാക്കി മാറ്റും തുടങ്ങി ഉർദുഗാൻ ഭരണകൂടം സ്വീകരിച്ച സ്ട്രാറ്റജികൾ മുഴുവൻ പുനഃപരിശോധിക്കുമെന്ന വിചിത്രമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഭാവി തുർക്കിയയെ സംബന്ധിച്ച് സ്വപ്നം കാണുന്ന പൗരന്മാരെയെല്ലാം നിരാശരാക്കുന്ന നിലപാടുകളായിരുന്നു മൊത്തത്തിൽ പ്രതിപക്ഷത്തിന്റേത്.
ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം ഒരേ കാഴ്ചപ്പാടുള്ള കക്ഷികൾ ചേർന്നുകൊണ്ടുള്ള സഖ്യമായിരുന്നെങ്കിൽ സി.എച്ച്.പിയുടെ നേതൃത്വത്തിലുള്ള ആറംഗ മുന്നണി വൈരുധ്യങ്ങളുടെ കൂട്ടായ്മയായിരുന്നു. തുർക്കിയയിൽ ഇസ്്ലാമിന്റെ എല്ലാ അടയാളങ്ങളും അവസാനിപ്പിച്ച ശുദ്ധ സെക്യുലരിസ്റ്റു പാർട്ടിയായ സി.എച്ച്.പിയോടൊപ്പം ആ ആക്രമണങ്ങളുടെ വലിയ ഇരയായിരുന്ന നജ്മുദ്ദീൻ അർബകാന്റെ കക്ഷി സആദത്ത് പാർട്ടി, ഉർദുഗാന്റെ വലംകൈയായിരുന്ന ദാവൂദ് ഒഗുലുവിന്റെ പാർട്ടി, ഉർദുഗാന്റെ സാമ്പത്തിക നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന അലി ബാബജാന്റെ കക്ഷി. ഇത്തരം 6 കക്ഷികൾ ചേർന്ന് ഭാവി ഭരണത്തെക്കുറിച്ചു മുന്നോട്ടു വെച്ച ആശയം അതിലേറെ വിചിത്രം. കമാൽ ഒഗുലു പ്രസിഡന്റായാൽ ഈ 6 കക്ഷികളുടെ നേതാക്കൾ വൈസ് പ്രസിഡന്റുമാരുമായിരിക്കും. അവർ ഒന്നിച്ചു ചേർന്നായിരിക്കും തുർക്കിയയുടെ ഭരണം നിർവഹിക്കുക. അതിനിടയിൽ മിറാൽ അക്ച്ചിനാർ നേതൃത്വം നൽകുന്ന സഖ്യകക്ഷി കമാൽ ഒഗുലു പ്രസിഡന്റാവാൻ യോഗ്യനല്ലെന്നു പറഞ്ഞ് സഖ്യം വിട്ടു. സി.എച്ച്.പിക്കാരായ അങ്കാറയുടെയോ ഇസ്തംബൂളിന്റെയോ മേയർമാരെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു അവരുടെ വാദം. അവരെ തിരിച്ചു കൊണ്ടുവരാൻ അങ്കാറ, ഇസ്തംബൂൾ മേയർമാരെ വൈസ് പ്രസിഡന്റുമാരാക്കും എന്ന ധാരണയായി. അതോടെ എട്ട് വൈസ് പ്രസിഡന്റുമാർ! സി.എച്ച്.പിയിൽനിന്ന് പിളർന്നുപോയ മുഹർറം ഇഞ്ച തങ്ങളുടെ വോട്ട് ഭിന്നിപ്പിക്കുമെന്നു കണ്ട് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണമുയർത്തി സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ നിർബന്ധിച്ചു. ഒരു വർഷംകൊണ്ട് സിറിയൻ അഭയാർഥി പ്രശ്നം പരിഹരിക്കുമെന്നു പറഞ്ഞ് ധാരണയിലെത്തിയത് മാറ്റി ആദ്യ റൗണ്ടിൽ പരാജയപ്പെട്ടപ്പോൾ ഒരു മാസത്തിനകം മുഴുവൻ അഭയാർഥികളെയും തിരിച്ചയക്കുമെന്ന ഭീഷണി. പിന്തുണ പ്രഖ്യാപിച്ച കുർദുകളെ ഇതു പ്രകോപിപ്പിച്ചു. അലി ബാബജാനും അതിനോട് വിയോജിച്ചു.
പാശ്ചാത്യ വിധേയത്വമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാടുകളിൽ മുഴുവൻ നിറഞ്ഞുനിന്നത്. നാറ്റോ സൈന്യത്തിന് നിരുപാധിക പിന്തുണ, റഷ്യയെ പൂർണമായും വിട്ട് അമേരിക്കൻ വിധേയത്വം, യൂറോപ്യൻ യൂനിയൻ അംഗത്വം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഐ.എം.എഫിന്റെ സഹായം. ഇങ്ങനെ, തുർക്കിയയുടെ വിലപേശൽ ശക്തി പ്രയോജനപ്പെടുത്തിക്കൊണ്ട്, ഇതുവരെ ഉർദുഗാൻ യൂറോപ്യൻ യൂനിയനോടും നാറ്റോയോടും അമേരിക്കയോടും റഷ്യയോടും സ്വീകരിച്ചു വന്ന വിധേയത്വമില്ലാത്തതും ഉഭയകക്ഷി താൽപര്യങ്ങൾ സംരക്ഷിക്കുന്നതുമായ വിദേശ നയത്തെ തള്ളി പഴയ പാശ്ചാത്യ വിധേയത്വത്തിലേക്ക് തിരിച്ചുപോകുന്ന നിസ്സഹായമായ നിലപാടാണ് പ്രതിപക്ഷം തങ്ങളുടെ വിദേശനയമായി അവതരിപ്പിച്ചത്.
മൊത്തത്തിൽ, ഉർദുഗാനോട് വിയോജിപ്പുള്ളവർക്കു പോലും ഈ ആറംഗ സഖ്യത്തിന് തുർക്കിയ എന്ന തന്ത്രപ്രധാന രാജ്യത്തെ ഏൽപിച്ചു കൊടുത്താലെന്താവും എന്ന ആശങ്ക കൂടിയാണ് ഉർദുഗാനെ തെരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചത്.
യഥാർഥത്തിൽ, ഉർദുഗാനെ പരാജയപ്പെടുത്താൻ പ്രതിപക്ഷത്തിന് വല്ല സാധ്യതയുമുണ്ടായിരുന്നുവെങ്കിൽ അത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. അത്രയും അനുകൂല സാഹചര്യങ്ങളായിരുന്നു അവർക്കുണ്ടായിരുന്നത്. എന്തു നേട്ടങ്ങളുണ്ടെങ്കിലും 20 വർഷം തുടർച്ചയായി അധികാരത്തിലിരിക്കുന്ന ഒരാൾ മാറിയേ പറ്റൂ എന്ന് വോട്ടർമാർ, വിശിഷ്യാ അവരിലെ യുവാക്കൾ ആഗ്രഹിക്കുന്നു, ഉർദുഗാന്റെ വലംകൈയായിരുന്ന മുൻ പ്രധാനമന്ത്രി ദാവൂദ് ഒഗുലുവും ധനകാര്യ മന്ത്രിയായിരുന്ന അലി ബാബജാനും ഉർദുഗാന്റെ മാതൃ പാർട്ടിയായ നജ്മുദ്ദീൻ അർബകാന്റെ സആദത്ത് പാർട്ടിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ സി.എച്ച്.പി യോട് കൈകോർക്കുന്നു, അങ്ങനെ ആറ് പാർട്ടികൾ ചേർന്നതും, ആധുനിക തുർക്കിയയുടെ രാഷ്ട്രപിതാവ് കമാൽ അത്താതുർക്കിന്റെ പാർട്ടിയും കാൽനൂറ്റാണ്ട് തുർക്കിയ ഒറ്റക്ക് ഭരിച്ച കക്ഷിയുമായ സി.എച്ച്.പി നേതൃത്വം നൽകുന്നതുമായ നാഷനൽ അലയൻസ്, സാമ്പത്തിക രംഗത്ത് വമ്പിച്ച പുരോഗതി കൊണ്ടുവന്ന നേതാവെന്ന് പ്രതിച്ഛായ നഷ്ടപ്പെട്ട് ലീറയുടെ മൂല്യം കൂപ്പുകുത്തുകയും വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടി നിൽക്കുന്നതുമായ അവസ്ഥ, പ്രതിപക്ഷത്തിന് യൂറോപ്പിന്റെയും അമേരിക്കയുടെയും അകമഴിഞ്ഞ പിന്തുണ, 2018-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 8.5 ശതമാനം വോട്ട് നേടിയ കുർദുകളുടെ പാർട്ടിയായ എച്ച്.ഡി.പി ഇത്തവണ സ്ഥാനാർഥിയെ നിർത്താതെ കമാൽ ഒഗുലുവിന് പിന്തുണ പ്രഖ്യാപിച്ചത്, അതോടെ രാജ്യത്തെ ജനസംഖ്യയിൽ 20 ശതമാനം വരുന്ന മൊത്തം കുർദു വോട്ടുകളെ (16.6 മില്യൻ) സ്വാധീനിക്കാനായത്, 11 പ്രവിശ്യകളിലുണ്ടായ ഭൂകമ്പത്തിൽ വമ്പിച്ച നാശനഷ്ടങ്ങൾ ഉണ്ടായതും ഭരണ വിരുദ്ധ വികാരം ആളിക്കത്താനുള്ള സാധ്യതകൾ തെളിഞ്ഞതും, ഉർദുഗാന്റെ സ്വേഛാധിപത്യത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച നിറംപിടിപ്പിച്ച കഥകൾക്ക് വമ്പിച്ച പ്രചാരം ലഭിച്ചത്, രാജ്യത്തിന്റെ തലസ്ഥാന നഗരിയായ അങ്കാറയിലും, സാംസ്കാരിക തലസ്ഥാനവും എ.കെ പാർട്ടിയുടെ ഈറ്റില്ലവുമായ ഇസ്തംബൂളിലും മുനിസിപ്പാലിറ്റികൾ സി.എച്ച്.പി യുടെ സ്വന്തം ഭരണത്തിലായത് - അങ്ങനെ ഒട്ടേറെ അനുകൂല ഘടകങ്ങൾ പ്രതിപക്ഷ സഖ്യത്തിനു ലഭിച്ചൊരു തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ഈ ഘടകങ്ങളിൽ പലതും തെരഞ്ഞെടുപ്പിൽ ഉർദുഗാന് വലിയ തിരിച്ചടികൾ നൽകുകയും ചെയ്തു. ഉദാഹരണമായി, കുർദു മേഖലകളിൽ ഏതാണ്ട് 75 ശതമാനം വോട്ടുകളും പ്രതിപക്ഷത്തിനാണ് ലഭിച്ചത്. ഇസ്തംബൂളിലും അങ്കാറയിലും ഉർദുഗാന്റെ എ.കെ പാർട്ടിക്ക് പ്രതിപക്ഷത്തെ തോൽപിക്കാനായില്ല.
അതേയവസരം, പ്രതിപക്ഷത്തിന്റെ ഏതാണ്ടെല്ലാ സാധ്യതകളെയും ഉർദുഗാൻ എന്ന രാഷ്ട്രീയ ചാണക്യൻ തന്ത്രപരമായി മറികടക്കുന്നതാണ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിലും രണ്ടാം റൗണ്ടിലും കണ്ടത്.

ജനാധിപത്യത്തിന്റെ ശക്തി
ഉർദുഗാനെ ഓട്ടോക്രാറ്റും മനുഷ്യാവകാശ ലംഘകനുമായി പാശ്ചാത്യ മീഡിയയും പ്രതിപക്ഷവും വിശേഷിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം പ്രസിഡന്റായ രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പിൽ 90 ശതമാനത്തോളം ജനങ്ങൾ വോട്ടു ചെയ്തതോടെ ആ രാജ്യത്തെ ഡമോക്രസിയെ ആര് അവിശ്വസിച്ചാലും അവിടുത്തെ ജനങ്ങൾ അവിശ്വസിക്കുന്നില്ല എന്ന് വ്യക്തമായി. അരശതമാനം വോട്ടു കുറവിൽ പ്രസിഡന്റിന് രണ്ടാം റൗണ്ട് വോട്ടിംഗിനെ നേരിടേണ്ടി വരുന്നതോടെ തുർക്കിയ ജനാധിപത്യത്തിന്റെ കരുത്താണ് പ്രകടമായത്. ലോകത്തു തന്നെ ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായി തുർക്കിയ മാറി. ഫ്രാൻസിൽ കഴിഞ്ഞ തവണ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ പോലും 72 ശതമാനമായിരുന്നു പോളിംഗ്. ഒരു ജനത സ്വന്തം പ്രസിഡന്റിനെ വിശ്വസിക്കാതിരിക്കുമ്പോൾ എങ്ങനെയാണ് വോട്ടു ചെയ്യുക എന്നു പഠിക്കാൻ ഈജിപ്തിലേക്ക് നോക്കുക. 2018-ലെ ഇലക്്ഷനിൽ ജനറൽ അബ്ദുൽ ഫത്താഹ് സീസിയുടെ വിജയം 97 ശതമാനം വോട്ടോടെ. പട്ടാളത്തിന്റെ സകല ഇടപെടലുകൾക്കും സമ്മർദങ്ങൾക്കും ശേഷവും വോട്ടിംഗ് ശതമാനം 47 ശതമാനം എന്ന് പറയപ്പെട്ടു. ഏറ്റവുമൊടുവിൽ, മാസങ്ങൾക്കു മുമ്പ് തുനീഷ്യയിൽ പ്രസിഡന്റ് ഖൈസ് സഈദ് ഇലക്്ഷൻ പ്രഖ്യാപിച്ചപ്പോൾ വോട്ടിംഗ് ശതമാനം 11. തുർക്കിയയിലെ സ്വേഛാധിപത്യത്തിനു നേരെ മൈക്രോസ്കോപ്പ് വെച്ചിരിക്കുന്ന പാശ്ചാത്യ മീഡിയയും രാഷ്ട്രീയ നേതൃത്വങ്ങളും മുസ്്ലിം ലോകത്തു തന്നെ നടക്കുന്ന ഈ ജനാധിപത്യ നാടകങ്ങൾക്കു നേരെ പാലിക്കുന്ന മൗനം അവരുടെ നിലപാടുകളെ പരിഹാസ്യമാക്കുകയാണ് ചെയ്തത്. ഉർദുഗാൻ ദുർബലനായ ഭരണാധികാരിയല്ല. നിലപാടുകൾ ശക്തമാണ്. ആരുടെയും മുമ്പിൽ മുട്ടു മടക്കി ശീലമില്ലാത്ത നേതാവാണദ്ദേഹം. ഇതാണദ്ദേഹത്തെ യു.എസ്സിനും യൂറോപ്പിനും അനഭിമതനാക്കുന്നത്. മുസ്്ലിം ലോകത്ത് ശക്തരായ ഭരണാധികാരികളോ സുതാര്യമായ ജനാധിപത്യമോ ഉണ്ടാകുന്നത് തങ്ങളുടെ താൽപര്യങ്ങൾക്ക് ഹാനികരമാകുമെന്ന് അറിഞ്ഞാണ് തുർക്കിയ ജനാധിപത്യത്തെയും ഉർദുഗാനെയും പാശ്ചാത്യ മാധ്യമങ്ങൾ എന്നും വേട്ടയാടിയത്.
ഇരുപത് വർഷത്തെ സുസ്ഥിര ഭരണം എന്നതിന് തുർക്കിയയിൽ വലിയ പ്രസക്തിയുണ്ട്. കാരണം, 1960-നും 2002-നുമിടയിൽ 57 സർക്കാറുകൾ മാറിമാറി ഭരിച്ച നാടാണ് തുർക്കിയ. അത്രയും ഭീകരമായ രാഷ്ട്രീയ അസ്ഥിരത. ശരാശരി ഓരോ എട്ടു മാസത്തിലും ഗവൺമെന്റുകൾ വീഴുന്നു. അവിടെയാണ് ഉർദുഗാൻ 2001-ൽ ഒരു പാർട്ടിയുണ്ടാക്കി ഓരോ അഞ്ച് വർഷവും തെരഞ്ഞെടുപ്പ് നടത്തി കാലാവധി പൂർത്തിയാക്കുന്ന സർക്കാറുകളുണ്ടാക്കി രാജ്യത്ത് രാഷ്ട്രീയ സ്ഥിരത കൊണ്ടുവന്നത്. ഇതിനിടയിൽ 2016-ൽ പട്ടാള അട്ടിമറി നടത്തി അസ്ഥിരതയുണ്ടാക്കാൻ നടത്തിയ ശ്രമങ്ങളെയും ഉർദുഗാൻ അത്ഭുതകരമായി പരാജയപ്പെടുത്തി. മുമ്പും അക് പാർട്ടി ഭരണകൂടത്തെ അട്ടിമറിക്കാൻ പല ശ്രമങ്ങളും നടന്നു. പരിസ്ഥിതി നശിപ്പിക്കുന്നു എന്ന ആരോപണവുമായി തുർക്കിയ നഗരങ്ങളിൽ 2013 മെയ് മാസത്തിൽ നടന്ന കൂറ്റൻ പ്രകടനങ്ങൾ,  അതേ വർഷം ഡിസംബറിൽ കോടതികൾ കൂട്ടമായി ഉർദുഗാൻ ഗവൺമെന്റിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയത് എന്നിവ ഉദാഹരണം. അത്തരം പ്രതിസന്ധികളെയൊക്കെ മറികടന്നാണ് ഉർദുഗാൻ ഭരണകൂടം ഇത്രയും കാലം പിടിച്ചുനിന്നത്.

ഉർദുഗാൻ വിരുദ്ധ 
ഇസ്്ലാമിസ്റ്റുകൾ
ഇസ്്ലാമിസ്റ്റുകളാണെങ്കിലും ഉർദുഗാനോടുള്ള വിരോധം നേരെ എതിർ പാളയത്തിലേക്കെത്തിച്ച കക്ഷികളുടെ വിചിത്രമായ നിലപാടിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. അത്താതുർകിന്റെ സി.എച്ച്.പി എന്ന അൾട്രാ സെക്യുലർ പാർട്ടിയുടെ സകല ഇസ്്ലാം വിരുദ്ധ നിലപാടുകളുടെയും ഇരയായിരുന്ന നജ്മുദ്ദീൻ അർബകാൻ എന്ന മഹത്തായ പ്രതീകത്തിന്റെ കക്ഷിയായ സആദത്ത് പാർട്ടി സി.എച്ച്.പി യോടൊപ്പം ചേർന്ന് ഉർദുഗാനെ തോൽപിക്കാൻ കൊണ്ടുപിടിച്ചു നടത്തിയ ശ്രമമാണ് ഒന്ന് (ഈ വിചിത്ര നിലപാടിൽ വിയോജിച്ച് നജ്മുദ്ദീൻ അർബകാന്റെ മകൻ ഫാതിഹ് അർബകാൻ ന്യൂ റഫാഹ് പാർട്ടി രൂപവത്്കരിക്കുകയും ഉർദുഗാന്റെ സഖ്യത്തിൽ ചേരുകയും പാർലമെന്റ് തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകൾ നേടുകയും ചെയ്തു). ഉർദുഗാന്റെ വിപ്ലവത്തിൽ കൂടെ നിൽക്കുകയും അദ്ദേഹത്തിന്റെ സ്ട്രാറ്റജിസ്റ്റായി അറിയപ്പെടുകയും ചെയ്ത മുൻ പ്രധാനമന്ത്രി ദാവൂദ് ഒഗ്്ലു, ഉർദുഗാൻ കൊണ്ടുവന്ന വമ്പിച്ച സാമ്പത്തിക പുരോഗതിയുടെ പിന്നിൽ പ്രവർത്തിച്ച അലി ബാബജാൻ എന്നീ രണ്ടു വ്യക്തിത്വങ്ങൾ സി.എച്ച്.പി സഖ്യത്തിൽ ചേർന്ന് ഉർദുഗാനെ പരാജയപ്പെടുത്താൻ മെനക്കെട്ടതാണ് മറ്റൊരത്ഭുതം. ഉർദുഗാനോടുള്ള വ്യക്തിവിരോധം ഒരു വലിയ പ്രൊജക്്ടിനെയും സ്വപ്നത്തെയും തകർക്കാൻ അവർക്ക് പ്രേരകമായി എന്നതാണ് സങ്കടകരം. ഉർദുഗാൻ എന്ന വ്യക്തിക്ക് പോരായ്മകളുണ്ടാവാം. പക്ഷേ, അദ്ദേഹത്തിന്റെ കരിസ്്മയും സ്ട്രാറ്റജിയുമാണ് തുർക്കി എന്ന അൾട്രാ സെക്യുലരിസ്റ്റുകളുടെ രാജ്യത്ത് ഇസ്്ലാമിന്റെ പാതയൊരുക്കിയത് എന്ന വസ്തുത നിഷേധിക്കാനാവില്ല. ഏതു സംഘത്തിനും നേതാവ് വളരെ പ്രധാനമാണ് എന്നും തുർക്കിയ ഇസ്്ലാമിസ്റ്റുകളെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതംഗീകരിക്കലാണ് ബുദ്ധി.

ഭാവി
ഉർദുഗാന്റെ വിജയം അദ്ദേഹത്തിന്റെ ക്യാമ്പിനെ അതിയായി ആഹ്ലാദിപ്പിക്കുമെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയും സഖ്യവും സ്വന്തത്തെക്കുറിച്ച ഒരു ആത്മവിമർശനം നടത്തേണ്ടതിന്റെ അനിവാര്യത കൂടി ഈ സന്ദർഭത്തിൽ അവർക്ക് ബോധ്യപ്പെടാതിരിക്കില്ല എന്നു പ്രതീക്ഷിക്കാം. ഇലക്്ഷൻ പ്രചാരണത്തിൽ ശത്രുക്കളുയർത്തിയ വിമർശനത്തിൽ അക് പാർട്ടിക്ക് വല്ലാതെ വിയർക്കേണ്ടി വന്ന വിഷയങ്ങളുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണതിൽ മുഖ്യം. അഭയാർഥി പ്രശ്നമാണ് മറ്റൊന്ന്. ഇടഞ്ഞു നിൽക്കുന്ന കുർദുകൾ, പിണങ്ങി നിൽക്കുന്ന അയൽ രാഷ്ട്രങ്ങൾ, സർവ വിധേനയും തങ്ങളെ തകർക്കാൻ തക്കം പാർത്തിരിക്കുന്ന യൂറോപ്പും യു.എസ്സും. ഈ പ്രശ്നങ്ങളെയൊക്കെ സമവായത്തിലൂടെയും പോരാട്ടത്തിലൂടെയും മാറ്റിയെടുക്കാതെ അക് പാർട്ടിക്ക് അടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ല.
അതോടൊപ്പം, തുർക്കിയയിലെ ഉർദുഗാന്റെ അനുയായികളും തുർക്കിയക്ക് പുറത്ത് തുർക്കിയയെ പ്രതീക്ഷാപൂർവം കാണുന്ന ലോകത്തെങ്ങുമുള്ള കോടിക്കണക്കിന് ജനങ്ങളും ചോദിക്കുന്ന മർമ പ്രധാനമായൊരു ചോദ്യമുണ്ട്. ഉർദുഗാനു ശേഷം ആര് എന്നതാണ് ആ ചോദ്യം. ഭരണഘടനയനുസരിച്ച് ഉർദുഗാന് ഇനി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. അതിനുള്ള ആരോഗ്യവും അദ്ദേഹത്തിനില്ലാതായിരിക്കുന്നു. തന്റെ പിൻഗാമിയെ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനദ്ദേഹം തന്നെ മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കാം. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 05-06
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് നിർബന്ധമായാൽ ഉടനെ നിർവഹിക്കണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്