Prabodhanm Weekly

Pages

Search

2023 ജൂൺ 02

3304

1444 ദുൽഖഅദ് 13

ആയുസ്സിന്റെ നൂൽബലം

ഷഫീഖ് മലിക്കൻ

ദൈവത്തിന് സ്തുതി..... ഒരു ദിവസം കൂടി കിട്ടിയിരിക്കുന്നു ജീവിക്കാൻ. ഓരോ നിമിഷവും മരണം തൊട്ടടുത്ത് എത്തിയിട്ടും നിശ്ചയിച്ച സമയം ആകാത്തതു കൊണ്ട് മാത്രം ആയുസ്സ് നീണ്ടുപോകുന്നു. എന്നും കോടാനുകോടി രോഗാണുക്കൾക്കിടയിലൂടെ നമ്മൾ കടന്നുപോകുന്നുണ്ട്. ആരുടെയോ കണക്കുകൂട്ടൽ പ്രകാരം, അത്രയും മാരകമായ രോഗാണുക്കൾ ശരീരത്തിൽ കയറിയിറങ്ങിയിട്ടും ഒരു പോറലുമേൽക്കാതെ  ശരീരം ഇന്ന് അതിജീവിച്ചു. മൂന്നോ നാലോ മീറ്റർ വീതിയുള്ള റോഡിൽ ചീറിപ്പായുന്ന ലോഹനിർമിത വാഹനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു, തട്ടാതെയും മുട്ടാതെയും നമ്മൾ വീട്ടിലെത്തുന്നുണ്ട്.
ഇതെല്ലാം നമ്മുടെ സ്വയം കഴിവുകൊണ്ടാണെന്ന് വെറുതെ തോന്നിപ്പോയോ? മുൻകൂട്ടി നിശ്ചയിച്ചതല്ലാതെ നമുക്ക് ഒന്നും നേടാനും നഷ്ടപ്പെടാനും ഇല്ല. എന്നാൽ, സ്വന്തം കഴിവിനാൽ ഭൂമിയിൽ അഹങ്കരിച്ചു നടക്കുന്ന മനുഷ്യൻ അറിയുന്നില്ല, അവനും ദൈവത്തിന്റെ തിരക്കഥയിലെ ഒരു കഥാപാത്രം മാത്രമാണെന്ന്; ഒരു ലാബ് ടെസ്റ്റിന്റെ അക്കങ്ങളിലുള്ള ഒരു ചെറിയ മാറ്റം പോലും  അവന്റെ സമാധാനപൂർണമായ ജീവിതത്തിന് വിലങ്ങിട്ടേക്കാമെന്ന്. ബാങ്ക് ബാലൻസും സ്വത്തുവകകളും മുഴുവൻ കൊടുത്താലും ആ മാറിപ്പോയ അക്കങ്ങൾ തിരികെ കിട്ടിയെന്നു വരില്ല. അതു പിന്നീടങ്ങോട്ട് നമ്മുടെ എല്ലാ കണക്കുകളും തെറ്റിക്കും. അത്രയും നിസ്സാരമായ, വളരെ ചുരുങ്ങിയ സമയം മാത്രം അനുവദിച്ചു കിട്ടിയ ഒരു ആയുസ്സിന്റെ നൂൽബലത്തിലാണ് നാം.
ദിവസവും നമ്മുടെ ശരീരത്തിൽ അർബുദമായി മാറാൻ സാധ്യതയുള്ള ഒരു കോശത്തെയെങ്കിലും പ്രതിരോധ സംവിധാനം നശിപ്പിക്കുന്നുണ്ടെന്ന് ശാസ്ത്രം പറയുന്നു.  ഇതെല്ലാം മുൻ നിശ്ചയപ്രകാരം നടക്കുന്നതല്ലെന്ന് നാം കരുതിയോ? കോടിക്കണക്കിനു കോശങ്ങൾ ശരീരത്തിൽ പുനർനിർമിക്കപ്പെടുമ്പോൾ അത്ര തന്നെ നിർജീവ കോശങ്ങളെ ശരീരം പുറന്തള്ളുന്നുമുണ്ട്. അതായത്, നമ്മുടെ ശരീരം ഓരോ നിമിഷത്തിലും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.  വെറും മാംസവും മജ്ജയും അസ്ഥികളും വിസർജ്യങ്ങളും നിറച്ച ഒരു മാംസക്കട്ട മാത്രമാണ് ഈ ശരീരം. അഥവാ, നമ്മുടെ ആത്മാവ് അതിനെ വിട്ട് അതിന്റെ ഉടമസ്ഥനിലേക്ക് തിരിച്ചു പോയിക്കഴിഞ്ഞാൽ മറ്റെന്തിനെയും പോലെ ചീഞ്ഞളിയുന്ന മാംസം.
ലക്ഷക്കണക്കിന് പ്രവർത്തനങ്ങൾ ശരീരത്തിൽ നമ്മളറിയാതെ നടക്കുന്നുണ്ട്. ഏതെങ്കിലും ഒന്ന് ചെറുതായി താളം തെറ്റിയാൽ പോകുന്നത് നമ്മുടെ ജീവിതത്തിന്റെ താളമാണ്. ഓരോന്നും സ്രഷ്ടാവ് മുൻകൂട്ടി തീരുമാനിച്ച പ്രകാരമേ നടക്കുന്നുള്ളൂ.
രാവും പകലും, വെയിലത്തും മഴയത്തും എല്ലുമുറിയെ പണിയെടുത്താലും സമ്പാദ്യമൊന്നുമില്ലാതെ കഷ്ടപ്പാട് മാത്രം മിച്ചം വെക്കുന്ന പാവപ്പെട്ടവരും, ഒരു കഷ്ടപ്പാടും കൂടാതെ പൈതൃക സ്വത്ത്‌ കൊണ്ടും അല്ലെങ്കിൽ സമയവും ചുറ്റുപാടുകളും അനുകൂലമായതുകൊണ്ടും മാത്രം സമ്പത്ത് കുമിഞ്ഞു കൂടുന്നവരും നമുക്ക് ചുറ്റിലും കാണാം. നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ജീവിതത്തിൽ പച്ചപിടിക്കാത്ത ഒരുപാട് പേർ.  ഡയറ്റ്‌ നിയന്ത്രണത്താൽ ജീവിച്ചിട്ടും പെട്ടെന്ന് രോഗശയ്യയിലേക്ക് എടുത്തെറിയപ്പെടുന്നവർ.  ഇങ്ങനെ നമ്മൾ കൂട്ടുന്ന കണക്കുപുസ്തകം ശരിയാകാതെ വരുമ്പോൾ, എല്ലാം തന്റെ സ്വന്തം മിടുക്ക് കൊണ്ടാണെന്ന് സ്വയം ധരിച്ചു നടക്കുന്നവർ അറിയുന്നില്ല, തന്റെ സ്രഷ്ടാവിന്റെ തീരുമാനപ്രകാരം മാത്രമാണ് തന്നിലേക്ക് എല്ലാം വന്നുചേരുന്നതെന്ന്. 
ദുനിയാവ് ഒരു പരീക്ഷണമാണ്. പണവും പ്രതാപവും പ്രജകളും അധികാരവും രോഗവും ദാരിദ്ര്യവും സന്താനങ്ങളും പാർപ്പിടവും എല്ലാം ലോക രക്ഷിതാവ് തരുന്ന പരീക്ഷണം. നമ്മുടെ ഓരോ ശ്വാസവും മിടിപ്പും നമ്മളറിയാതെ നിയന്ത്രിക്കുന്ന ലോകരക്ഷിതാവിന്റെ പരീക്ഷണം. താൻ നേടിയതെല്ലാം സ്വന്തം കഴിവുകൊണ്ടാണെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ മൂഢ സ്വർഗത്തിലാണ്. നിമിഷ നേരംകൊണ്ട് തകർന്നടിയുന്ന ചീട്ടുകൊട്ടാരം പോലെയാണ് നമ്മുടെ ആരോഗ്യവും സമ്പത്തും.
'എല്ലാ ശരീരവും മരണത്തെ രുചിക്കുകതന്നെ ചെയ്യും.'
നമുക്ക് മുന്നേ അധികാരവും പ്രതാപവും സമ്പത്തും കൈയടക്കി വാണിരുന്ന ചക്രവർത്തിമാരും രാജാക്കന്മാരും- അവരുടെ സമ്പത്തിൽനിന്ന്  ചില്ലിക്കാശ് പോലും അവർക്ക് ഉപകരിച്ചിട്ടില്ല; അവർ ചെയ്ത നന്മകളല്ലാതെ. കടന്നുവരുന്ന ഓരോ നിമിഷവും തന്റെ അവസാനത്തേതാവാം എന്ന് ആരും ചിന്തിക്കുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും മരണമടയുമ്പോൾ നാം മറക്കുന്നു, അടുത്ത ഊഴം നമ്മുടെതായേക്കാം എന്ന്.  പെട്ടെന്നുള്ള മരണവാർത്തകൾ കേൾക്കുമ്പോൾ നാം അറിയണം, പൊടുന്നനെ വിട്ടുപോയ ആ മനുഷ്യരും ഒരുപാടു കാലം ജീവിക്കുമെന്ന് വിശ്വസിച്ചവരായിരുന്നു, ഒരു പാട് കണക്കുകൂട്ടലുകൾ ഉള്ളവരായിരുന്നു. നാളെ ഇതേ സമയം നാം ഒരു പക്ഷേ, ഖബ്റിന്റെ ഇരുട്ടറയിലായേക്കാം. രാത്രിയും പകലും മാറിവരുമ്പോൾ അടുത്ത ദിവസം കാണാൻ നമ്മളുണ്ടാവുമെന്ന് ഒരു ഉറപ്പുമില്ല. കൊണ്ടും കൊടുത്തും നേടിയതൊക്കെ ഇവിടെ ആർക്കോ വേണ്ടി ഉപേക്ഷിച്ചു പോകേണ്ടവരാണ് നമ്മൾ.  യൗവനവും ആരോഗ്യവും സമ്പാദിക്കാൻ മാത്രം ചെലവാക്കിയിട്ട് പെട്ടെന്നൊരു ദിവസം വെറും കൈയോടെ ദുനിയാവ് വിട്ടുപോകേണ്ടി വരുന്ന മനുഷ്യൻ നേടുന്നത് വട്ടപ്പൂജ്യം.
മരണം സംഭവിക്കുമ്പോൾ, തനിക്ക് ബുദ്ധിവെച്ച നാൾ മുതലുള്ള കാര്യങ്ങൾ ഒരു തിരശ്ശീലയിൽ എന്നപോലെ കണ്ണിൽ മിന്നിമറയുമെന്ന് പറയപ്പെടുന്നു. താൻ ഇക്കഴിഞ്ഞ കാലമത്രയും ജീവിച്ചത് കൊള്ളിമിന്നൽ പോലെ നമ്മുടെ ബോധമണ്ഡലത്തിൽ തെളിയുമ്പോൾ, ഞാൻ ജീവിച്ചത് ഏതാനും നിമിഷങ്ങൾ മാത്രമാണെന്ന് തോന്നിപ്പിക്കുന്ന അവസരം. മരണ മാലാഖയോട്, ഇത്തിരി നേരം കൂടി ഈ ലോകത്ത് നിൽക്കാൻ  അനുവദിക്കണമെന്ന് കേഴുമത്രേ. മനസാ വാചാ കർമണാ ചെയ്ത കാര്യങ്ങളുടെ അന്തിമ ഫലം ആ നിമിഷം മുതൽ തുടങ്ങുകയായി. നമ്മൾ നമ്മളോടും മറ്റുള്ളവരോടും എത്ര നീതിയുക്തമായാണ് പെരുമാറിയിട്ടുള്ളതെന്ന് തിരിച്ചറിയുന്ന സമയം. നമ്മൾ പ്രിയപ്പെട്ടതെന്നു കരുതിയതെല്ലാം നമ്മുടെതല്ലാതാകുന്ന ആ സമയം. നാം കഷ്ടപ്പെട്ടു വലുതാക്കിയ സാമ്രാജ്യവും കച്ചവടവും എന്തിനേറെ, സ്വന്തം കുടുംബം പോലും നമ്മുടെതല്ലാതാവുന്ന സമയം.  വലുതും ചെറുതുമായ നമ്മുടെ ഓരോ പ്രവൃത്തിയും  വിചാരണ ചെയ്യപ്പെടുമ്പോൾ നമ്മെ രക്ഷിക്കാൻ ആരാണുണ്ടാവുക?
സമാധാനമായി ജീവിക്കുക എന്നതു പോലെ പ്രധാനമാണ് സമാധാനമായി മരിക്കുക എന്നതും. ഈ ലോകത്ത് ആശകളും ആവശ്യങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല. താൻ മറ്റുള്ളവരെക്കാൾ വലിയവനാണെന്ന് ബോധ്യപ്പെടുത്തേണ്ട തിരക്കിനിടയിൽ  പാരത്രിക ജീവിതത്തിലേക്ക് കൂട്ടിവെക്കുന്നത് പൊങ്ങച്ചത്തിന്റെയും അഹന്തയുടെയും ലോകമാന്യതയുടെയും അസൂയയുടെയും ശേഷിപ്പുകൾ മാത്രമായിരിക്കും. അതിഭയാനകവും വേദനാജനകവുമായ മരണ മുഹൂർത്തത്തിൽ സ്വന്തം കർമഫലങ്ങൾ മാത്രമാണ് മരണ കാഠിന്യം നിർണയിക്കുന്നത്.
നാം നമ്മുടെ  ഈ ശരീരം ഉപേക്ഷിച്ചു പോകുമ്പോൾ കൂടെ കൊണ്ടുപോകാൻ കുറച്ചു നന്മകൾ സ്വരുക്കൂട്ടി വെക്കാം. അതിനെ എരിച്ചു കളയുന്ന തിന്മകളിൽനിന്ന് മാറിനിൽക്കാം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌