Prabodhanm Weekly

Pages

Search

2023 മെയ് 26

3303

1444 ദുൽഖഅദ് 06

കെ.പി അബ്ദുൽ അസീസ്, സുഹ്റ

റസിയ ചാലക്കല്‍

പ്രിയപ്പെട്ട അസീസ്‌ക്കയും പ്രിയതമ സുഹ്‌റത്തയും കഴിഞ്ഞ റമദാനിലെ അടുത്തടുത്ത ദിവസങ്ങളില്‍ അല്ലാഹുവിലേക്ക് യാത്രയായി. വ്യവസായ പ്രമുഖന്‍, ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ആലുവ ടൗണ്‍ മുസ്്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ്, ആലുവയിലെ ദീനീ-സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യം, പ്രമുഖ പൊതു പ്രവര്‍ത്തകന്‍..  ആലുവയില്‍ ഇസ്്ലാമിക പ്രസ്ഥാനത്തിന് താങ്ങും തണലുമായിരുന്ന കെ.പി അബ്ദുല്‍ അസീസ് എന്ന അസീസ്‌ക്കയുടെയും അദ്ദേഹത്തിന്റെ സഹധർമിണിയുടെയും വേര്‍പാട് ഉണ്ടാക്കിയ വേദന വാക്കുകള്‍ക്കതീതമാണ്. അദ്ദേഹം രോഗശയ്യയിലായതിന്റെ പന്ത്രണ്ടാം നാളിലാണ് ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തണലായി കൂടെ നിന്ന സഹധർമിണി സുഹ്‌റയുടെ  ആകസ്മിക വേര്‍പാട്. ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഫ്രൈഡേ ക്ലബ്, ആലുവ മുസ്്ലിം ജമാഅത്ത്, ആലുവ ഇസ്്ലാമിക് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തുന്നതിലും അസീസ്‌ക്ക വഹിച്ച പങ്ക്  നിർണായകമായിരുന്നു.
ആലുവയിലെ പ്രസ്ഥാന കേന്ദ്രം  പിറവിയെടുക്കുന്നതില്‍ വലിയ  പങ്കുവഹിച്ച അദ്ദേഹം പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ കരുതലും കാവലുമായിരുന്നു. മാധ്യമം പത്രത്തിന്റെ പിറവിയിലും വളര്‍ച്ചയിലും ഞങ്ങളുടെ പിതാവിനോടൊപ്പംനിന്ന് അദ്ദേഹം നല്‍കിയ പിന്തുണയും സഹായവും അവിസ്മരണീയമാണ്. എവിടെയും സധൈര്യം കടന്നുചെന്ന് സഹായ സഹകരണങ്ങള്‍ ചോദിക്കുന്നതിനും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും അദ്ദേഹം കാണിച്ച ആർജവം മാധ്യമത്തിന്റെ ശൈശവദശയില്‍ ഏറെ ആശ്വാസകരമായി.
ഇസ്്ലാമിക പ്രസ്ഥാനം ആലുവയിലേക്ക്  കടന്നു വന്ന നാളുകളില്‍ ടി.കെ മുഹമ്മദ് സാഹിബുമായി ചേര്‍ന്ന് ഹാജി സാഹിബുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു അസീസ്‌ക്ക. വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയില്‍ സജീവമായിരുന്ന ഞങ്ങളുടെ പ്രിയ പിതാവിനോടൊപ്പംനിന്ന് എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ രൂപവത്കരണത്തിലും വളര്‍ച്ചയിലും അദ്ദേഹം നൽകിയ സേവനങ്ങള്‍ എണ്ണമറ്റതാണ്. കുട്ടമശ്ശേരിയില്‍ തുടക്കം കുറിച്ച് പിന്നീട് ചാലക്കലേക്ക് മാറ്റി സ്ഥാപിച്ച ഇസ്്ലാമിക് ബോര്‍ഡിങ് സ്‌കൂള്‍ അതില്‍ എടുത്തുപറയേണ്ട സംരംഭമാണ്. അസ്ഹറുല്‍ ഉലൂം സ്ഥാപനത്തിന്റെ രൂപവത്കരണത്തിലും നിർണായക പങ്കു വഹിച്ച അദ്ദേഹം അസ്ഹറിന്റെ ട്രസ്റ്റി ആയിരുന്നു.
ആലുവ ഇസ്്ലാമിക് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കേന്ദ്രമായി നിര്‍ധനരായ കുട്ടികള്‍ക്ക് സിവിൽ സർവീസ് പരിശീലനം നല്‍കുന്നതിനായി ALUVA CENTRE FOR EXCELLENCE (ACE) എന്ന സ്ഥാപനം അദ്ദേഹത്തിന്റെ ശ്രമഫലമായി തുടങ്ങിയതാണ്. മര്‍ഹൂം സിദ്ദീഖ് ഹസന്‍ സാഹിബുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നീതിയുടെ പക്ഷത്ത് ഉറച്ചുനിന്ന കരുത്തനായ വിശ്വാസിയായിരുന്ന അദ്ദേഹത്തെ പ്രയാസങ്ങളും പരീക്ഷണങ്ങളും തളര്‍ത്തിയില്ല.
നാട്ടിലെ വ്യത്യസ്ത വിഷയങ്ങളുടെ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്ന ആലുവ ടൗണ്‍ ജുമാ മസ്ജിദിന്റെ സമീപത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പ്രശ്‌ന പരിഹാരത്തിനായി ഒത്തുകൂടാത്ത, പഴയ തലമുറയിലെ പ്രസ്ഥാന പ്രവര്‍ത്തകരും നേതാക്കളും കുറവാണ്. നേരം പുലരുവോളം നീളുന്ന ചര്‍ച്ചകള്‍. പിതാവിന്റെ അത്തരം മാതൃകകൾ മകന്‍ അനീസ് ഫാഹിദ് ഓർത്തെടുത്തു. വരുന്നവരെ സ്വാഗതം ചെയ്തും സല്‍ക്കരിച്ചും പിന്നാമ്പുറത്ത് പ്രിയതമ സുഹ്‌റത്തയും ഉറങ്ങാതെ കാത്തിരുന്നു. ധാരാളം സാമൂഹിക ബന്ധങ്ങള്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുന്ന സന്ദര്‍ശകര്‍ക്ക് മടുപ്പില്ലാതെ ഭക്ഷണം വിളമ്പിയ ആ മഹതിയുടെ മുഖത്തെ മായാത്ത മന്ദസ്മിതവും വിനയത്തില്‍ പൊതിഞ്ഞ പതിഞ്ഞ സംസാരവും ആകര്‍ഷകവും മാതൃകാപരവുമായിരുന്നു. നാടിന്റെ സ്പന്ദനത്തിന് ചൂടും ചൂരും പകര്‍ന്ന ഈ ദമ്പതികളുടെ വേര്‍പാട് തീരാ നഷ്ടം തന്നെയാണ്.
മക്കള്‍: അമീര്‍ ഫൈസല്‍, അന്‍വര്‍ ഫിറോസ്, അഹ്്മദ് ഫയാസ്, ഫാരിസ, അഡ്വ. അനീസ് ഫാഹിദ്, ഫാത്തിമ, ഫുആദ്. മരുമക്കള്‍: ഫൈസല്‍, നൗഷാദ്, തസ്‌നീം, നസ്‌റിന്‍, സുനിമോള്‍, സൗമി.

 

സി.പി ഉസ്സൻ കുട്ടി


വിശ്വാസദാർഢ്യത, വിട്ടുവീഴ്ചയില്ലാത്ത ആദർശ പ്രതിബദ്ധത, ആരെയും കൂസാത്ത അഭിപ്രായ സുബദ്ധത- ഇതൊക്കെയായിരുന്നു കഴിഞ്ഞ റമദാൻ 18 /ഏപ്രിൽ 9-ന് 96-ാം വയസ്സിൽ കൊടിയത്തൂരിൽ നിര്യാതനായ സി.പി ഉസ്സൻകുട്ടി സാഹിബിന്റെ എടുത്തുപറയേണ്ട സവിശേഷതകൾ.
അൽപകാലം പള്ളിദർസുകളിൽ ഓതിപ്പഠിച്ച ശേഷം വാഴക്കാട് ദാറുൽ ഉലൂമിൽ ചേർന്നുവെങ്കിലും വിദ്യാഭ്യാസം ഇടക്ക്്വച്ച് നിർത്തി പിതാവിനെ സഹായിക്കാൻ കാർഷിക വൃത്തിയിലേക്കിറങ്ങി. എന്നാൽ, വായനയും പഠനവും ഒന്ന് രണ്ടു വർഷം മുമ്പ് വരെ തുടർന്നുവെന്നത് സ്വന്തം ഇച്ഛാശക്തിയുടെ അടയാളമായിരുന്നു. ഏഴ് പെൺമക്കളും രണ്ട് ആൺമക്കളും ഭാര്യയും അവരുടെ ഉമ്മയും ചേർന്ന കുടുംബം പുലർത്താൻ അങ്ങാടിയിലെ ചെറിയ ചായക്കടയായിരുന്നു ഏക ആശ്രയം. എന്നാൽ, പ്രസ്ഥാനത്തിന്റെ പത്രവും മറ്റു ആനുകാലികങ്ങളും ഇസ്്ലാമിക സാഹിത്യങ്ങളുമൊക്കെ ആവശ്യക്കാർക്ക് വായിക്കാൻ അദ്ദേഹം വാങ്ങിവെക്കുമായിരുന്നു. പ്രസിദ്ധീകരണങ്ങൾ വായിപ്പിക്കാനും അതിലെ കാര്യങ്ങൾ ചർച്ച ചെയ്യാനും വലിയ ഉത്സാഹമായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ ആളുകൾ അദ്ദേഹത്തെ സ്നേഹപൂർവം 'മൗദൂദി' എന്ന്  വിളിച്ചു. ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും കുറിച്ചുള്ള ചർച്ചയും സംവാദങ്ങളും ചായക്കടയെ സജീവമാക്കി നിർത്തിയപ്പോൾ അദ്ദേഹത്തിന്റെ കച്ചവടത്തെ അത് പ്രതികൂലമായി ബാധിക്കുന്നുണ്ടായിരുന്നു.
ഫർക്കാ സമ്മേളനങ്ങളിലും, അപൂർവമായി നടക്കുന്ന സംസ്ഥാന സമ്മേളനങ്ങളിലും ദിവസങ്ങളോളം വളണ്ടിയർ സേവനവും സ്ക്വാഡ് വർക്കുകളും കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് വീട്ടിലെ കാര്യങ്ങൾ ഓർമയിൽ തിരിച്ചെത്തുക. ദൽഹിയിലും ഹൈദരാബാദിലും നടന്ന അഖിലേന്ത്യാ സമ്മേളനങ്ങളിൽ രോഗവും പ്രായാധിക്യവും കണക്കിലെടുക്കാതെയാണ് പങ്കെടുത്തത്. പ്രസ്ഥാനത്തിന്റെ നിരോധനത്തെ തുടർന്ന് പ്രദേശത്തെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഇസ്‌ലാമിക് സ്റ്റഡി സർക്കിൾ രൂപവത്കരിക്കുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു.
ദൈനംദിന ജീവിതവും പെൺമക്കളുടെ വിവാഹവുമൊക്കെ സാമ്പത്തികമായ ചോദ്യചിഹ്നങ്ങളായി മാറുമ്പോഴും അചഞ്ചലമായ വിശ്വാസവും ആത്മബലവും വഴി നിറഞ്ഞ സംതൃപ്തിയും സമാധാനവും കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

  പി.പി അബ്ദുർറഹ്്മാൻ, കൊടിയത്തൂർ


കെ. മുഹമ്മദ് മാസ്റ്റർ

വടകര കുരിക്കിലാട് പ്രദേശത്തുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു,  കഴിഞ്ഞ ഏപ്രിൽ 24-ന് വിടവാങ്ങിയ കുനിയിൽ മുഹമ്മദ് മാസ്റ്റർ. ശാന്തനും സൗമ്യനും കാരുണ്യപ്രവർത്തകനുമായ അദ്ദേഹം ഇടപെട്ട മേഖലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. സദാ കർമനിരതനായിരുന്നു. പുഞ്ചിരി തൂകുന്ന മുഖം, പതിഞ്ഞ സ്വരത്തിലുള്ള സംസാരം, പരോപകാരവും സാമൂഹികസേവന സന്നദ്ധതയും നിറഞ്ഞ മനസ്സ്... ഇതെല്ലാം ഒത്തുചേർന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം.
വൈക്കിലശ്ശേരി എം.എൽ.പി സ്കൂളിൽ അറബി അധ്യാപകനായിരുന്നു. ഏതാണ്ട് മൂന്ന് മാസം മുമ്പ് വരെ, അഥവാ രോഗം മൂർഛിച്ച് ശയ്യാവലംബിയാകും വരെ അദ്ദേഹം സമൂഹത്തിന് വേണ്ടി പ്രവർത്തിച്ചു. ഏറ്റെടുക്കുന്ന എന്തും കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കുന്നതിലുള്ള നിഷ്കർഷ അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. കുരിക്കിലാട് പ്രദേശത്ത് സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായ കക്കാട് മഹല്ല് സാംസ്കാരിക കൂട്ടായ്മയുടെ നെടുംതൂണുകളിലൊന്നായിരുന്നു മുഹമ്മദ് മാസ്റ്റർ. കേരള പുരാവസ്തു-തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ, ജമാഅത്തെ ഇസ്്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. ശാക്കിർ വേളം, വൈ. പ്രസിഡന്റ് എം.എം മുഹ്്യുദ്ദീൻ എന്നിവർ പരേതന്റെ വീട് സന്ദർശിച്ചു.
ജമാഅത്തെ ഇസ്്ലാമി അംഗവും മാധ്യമം കോഡിനേറ്ററുമായ എടവന മൂസ (ആയഞ്ചേരി ) യുടെ മകളും കുരിക്കിലാട് യു.പി സ്കൂൾ അധ്യാപികയുമായ  നസീറയാണ് ഭാര്യ. കമ്പ്യൂട്ടർ എഞ്ചിനീയറും ദുബായിലെ ക്ലിക്കോൺ ഇലക്ട്രോണിക്സിൽ ഉദ്യോഗസ്ഥനുമായ  ജുനൈദ് ഫാരിസ്, തമിഴ്്നാട്ടിലെ തിരുവാരൂർ എം.ജി.ആർ മെഡിക്കൽ കോളേജ് വിദ്യാർഥി ഷബിൻ മുഹമ്മദ്, ചോറോട് ഗവ. ഹൈസ്കൂൾ വിദ്യാർഥി റാദിൻ മുഹമ്മദ് മക്കളാണ്. പിതാവ് കുനിയിൽ ഉസ്മാൻ ഹാജി, മാതാവ് ശരീഫ ഹജ്ജുമ്മ.  

എം.പി.കെ അഹമ്മദ് കുട്ടി

 

എം.പി അബ്ദുസ്സമദ് മൗലവി

പ്രമുഖ പണ്ഡിതനും പറപ്പൂര്‍ ഇസ്്ലാമിയാ കോളേജ്, മലപ്പുറം ഫലാഹിയാ അറബിക് കോളേജ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപകനുമായിരുന്നു ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ കോടൂര്‍ കരീപറമ്പ് മങ്കരത്തൊടി പാറമ്മല്‍ അബ്ദുസ്സമദ് മൗലവി. പള്ളിദര്‍സുകളിലും വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലും പഠനം പൂര്‍ത്തിയാക്കിയ മൗലവി നല്ലൊരു ഫിഖ്ഹ് പണ്ഡിതനും അറബി വ്യാകരണ ശാസ്ത്രത്തില്‍ നിപുണനുമായിരുന്നു. കരീപറമ്പ് പള്ളിമുതവല്ലിയും പൊതുകാര്യപ്രസക്തനുമായിരുന്ന മങ്കരത്തൊടി പാറമ്മല്‍ അഹമ്മദ് ഹാജിയാണ് പിതാവ്.
പ്രമുഖ പണ്ഡിതന്മാരായിരുന്ന ചെറുകുളമ്പ് പരേങ്ങല്‍ ബാപ്പു മുസ്്ലിയാര്‍, നാട്ടുകല്ലിങ്ങല്‍ മമ്മുദു മുസ് ലിയാര്‍, സ്വന്തം ജ്യേഷ്ഠനും വെല്ലൂര്‍ ബാഖിയാത്തില്‍ ഉസ്താദുമായിരുന്ന അബ്ദുല്‍ മജീദ് മുസ്്ലിയാര്‍, കെ.കെ സദഖത്തുല്ലാ മുസ്്ലിയാര്‍ എന്നിവര്‍ പ്രധാന ഉസ്താദുമാരാണ്.
ജമാഅത്ത് സഹയാത്രികരായിരുന്ന വരിക്കോടന്‍ ബാപ്പു മൗലവി, ഇല്ലത്തൊടി കുഞ്ഞഹമ്മദ് മുസ്്ലിയാര്‍, ഒതുക്കുങ്ങല്‍ ജമാഅത്ത് അമീറായിരുന്ന കെ.എം അബ്ദുല്ല മൗലവി എന്നിവര്‍ ദര്‍സു പഠന കാലത്തെ കൂട്ടുകാരായിരുന്നു. മരണം വരെ ഈ കൂട്ടുകെട്ട് നിലനില്‍ക്കുകയും ചെയ്തിരുന്നു.
തമാശകളും ഉപമകളും നിറഞ്ഞ മൗലവിയുടെ ക്ലാസ്സുകള്‍ ഏറെ ഹൃദ്യമായിരുന്നു.
അദ്ദേഹത്തിന്റെ പല ശിഷ്യന്മാരും ഇന്ന് ഇസ്്ലാമിക പ്രസ്ഥാനത്തില്‍ നേതൃ സ്ഥാനങ്ങളില്‍ ഉള്ളവരാണ്. മലപ്പുറം ഫലാഹിയാ കോളേജ് അധ്യാപകരില്‍ നല്ലൊരു പങ്കും കമ്മിറ്റിയുടെ നേതൃസ്ഥാനത്തുള്ളവരും അവിടെ തന്നെ പഠിച്ച മൗലവിയുടെ ശിഷ്യന്മാരാണ്.
പ്രമുഖ പണ്ഡിതനും സമസ്തയുടെയും സംസ്ഥാന ജംഇയ്യത്തുല്‍ ഉലമായുടെയും പ്രസിഡന്റുമായിരുന്ന മര്‍ഹൂം കെ.കെ സദഖത്തുല്ലാ മുസ്്ലിയാരുടെ മകള്‍ കദീസ കുട്ടിയെയാണ് മൗലവി വിവാഹം ചെയ്തിരുന്നത്. സദഖത്തുല്ലാ മുസ്്ലിയാര്‍ പ്രധാന ഉസ്താദും കൂടിയായിരുന്നു.
ആദ്യ ഭാര്യയുടെ മരണശേഷം ചാപ്പനങ്ങാടി വേര്‍കാട്ടില്‍ മമ്മുട്ടിയുടെ മകള്‍ മറിയുമ്മയെ വിവാഹം ചെയ്തു.
മക്കള്‍: ഖന്‍സാ (കരീപറമ്പ്), സുആദ (ചെറുകുളമ്പ്), റഹ്്മത്ത് (വാരണക്കര). മരുമക്കള്‍: അബ്ദുല്‍ ഹകീം (കരീപറമ്പ്), അബ്ദുല്‍ അസീസ് (ചെറുകുളമ്പ്), ഇബ്റാഹീം കുട്ടി (വാരണക്കര).

സി.പി അബ്ദുസ്സമദ് മങ്ങാട്ടുപുലം

 

മേച്ചേരി ഉബൈദുല്ല

ഒളവട്ടൂർ ഇസ്്ലാമിക് ഗൈഡൻസ് ട്രസ്റ്റിന് കീഴിലുള്ള മസ്ജിദുൽ ഹിദായയിൽ  ദീർഘകാലം മുഅദ്ദിനായിരുന്ന മേച്ചേരി അബൂബക്കർ മൗലവിയുടെ മകൻ മേച്ചേരി ഉബൈദുല്ല സാഹിബ് കഴിഞ്ഞ ഏപ്രിൽ എട്ടിന് അല്ലാഹുവിലേക്ക് യാത്രയായി. പ്രസ്ഥാനം നടത്തുന്ന എല്ലാ പരിപാടികളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടാകുമായിരുന്നു. വളരെ തുച്ഛമായ സേവന വേതന വ്യവസ്ഥകളിൽ അദ്ദേഹം ദീർഘകാലം മുഅദ്ദിനായി സേവനം ചെയ്തു. ഒളവട്ടൂരിൽ സഹോദരൻ മേച്ചേരി  സമദ് മാസ്റ്റർ തുടങ്ങിവെച്ച പ്രാസ്ഥാനിക ദീപം കെടാതെ സൂക്ഷിക്കുന്നതിൽ മസ്ജിദുൽ ഹിദായ മുഖ്യ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. തന്റെ മക്കളെ  പ്രാസ്ഥാനിക മാർഗത്തിൽ നയിക്കുന്നതിൽ ഉബൈദുല്ല സാഹിബ് വിജയിക്കുകയുണ്ടായി.  

അബ്ദുന്നാസർ മേച്ചേരി

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 51-59
ടി.കെ ഉബൈദ്‌

ഹദീസ്‌

പാപങ്ങൾ പരസ്യപ്പെടുത്തരുത്
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌