Prabodhanm Weekly

Pages

Search

2023 മെയ് 26

3303

1444 ദുൽഖഅദ് 06

മാലിന്യ നിര്‍മാര്‍ജനം ഉത്തരവാദിത്വം ആര്‍ക്ക്?

അബ്ദുല്ലത്വീഫ് കൊടുവള്ളി

ആധുനിക ലോകം നേരിടുന്ന ഗുരുതരമായ ജീവൽ പ്രശ്‌നങ്ങളിലൊന്ന് പാരിസ്ഥിതികമാണെന്നതില്‍ രണ്ടു പക്ഷമില്ല. ദാരിദ്ര്യം, രോഗം, അവികസിതത്വം, വരള്‍ച്ച, പട്ടിണി മുതലായവ പലപ്പോഴും പ്രാദേശികമാണെങ്കില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ലോകത്തെ ഏതൊരു പൗരനെയും ഗ്രസിക്കുന്നതാണ്; അളവിലും തരത്തിലും മാത്രമേ വ്യത്യാസമുള്ളൂ.
പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഏറ്റവും മുന്തി നില്‍ക്കുന്നത് മലിനീകരണമാണ്. അതുതന്നെ പല വിധമുണ്ട്. മണ്ണ് മലിനീകരണം, വായു മലിനീകരണം, ജല മലിനീകരണം, പ്രകാശ മലിനീകരണം എന്നിങ്ങനെ. ഈയിടെ എറണാകുളത്തെ ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത് ഈ വിഷയകമായി എല്ലാവരുടെയും കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായി. ഇതേക്കുറിച്ച ഇസ്്ലാമിന്റെ നിലപാടെന്ത് എന്ന് അന്വേഷിക്കുകയാണ് ഈ ലേഖനത്തില്‍.
ഖുര്‍ആനിക വീക്ഷണം
മനുഷ്യരുടെ തെറ്റായ ഇടപെടലുകളാണ് സകലമാന പാരിസ്ഥിതിക ദുരന്തങ്ങളുടെയും മൗലിക ഹേതു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. സകല ജീവജാലങ്ങള്‍ക്കും സന്തോഷത്തോടെ ജീവിക്കാന്‍ പാകത്തില്‍ മികച്ച നിലയിലാണ് ഭൂമിയെ അല്ലാഹു സൃഷ്ടിച്ചതെന്നും മനുഷ്യരായിട്ട് അത് തകിടം മറിക്കരുതെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. അതായത്, ഭൂഗോളം ജീവജാലങ്ങള്‍ക്ക് നൂറുശതമാനവും ജീവിക്കാന്‍ അനുകൂലമാണ്. ശാന്തമായ ജീവിതത്തിനാവശ്യമായതെല്ലാം ഇവിടെ സംവിധാനിക്കപ്പെട്ടിരിക്കുന്നു. വീട് അടിച്ചുവാരിയും കഴുകി വൃത്തിയാക്കിയും പാത്രങ്ങള്‍ അടുക്കിവെച്ചും പുറത്തു പോകുന്ന ഗൃഹനാഥ വീട്ടിലുള്ളവരോട്, എല്ലാം ഞാന്‍ അടുക്കും ചിട്ടയിലും വെച്ചിരിക്കുന്നു, വരുമ്പോഴേക്ക് അലങ്കോലമാക്കിയിടരുത് എന്നു പറയുന്നതു പോലെയാണ്. 'നേരെയാക്കിവെച്ച ഭൂമിയെ നിങ്ങള്‍ അലങ്കോലപ്പെടുത്തരുത്' എന്ന് അല്ലാഹു മനുഷ്യരെ ഗുണദോഷിക്കുന്നത്.
'കരയിലും കടലിലും ഫസാദ് പ്രത്യക്ഷപ്പെട്ടു' (അർറൂം 41) എന്നതിലെ 'ളഹറ' (പ്രത്യക്ഷപ്പെട്ടു) എന്ന പദം ഫസാദ് ഭൂമിയുടെ സഹജഗുണമല്ലെന്നും, പുറത്തു (ളാഹിര്‍) നിന്നുള്ള ഇടപെടലുകളിലൂടെയാണ് അത് സംഭവിക്കുന്നതെന്നും ഭാഷാശൈലിയിലൂടെ തന്നെ സ്ഥാപിക്കുന്നുണ്ട്.
വ്യാവസായിക വിപ്ലവവും ശാസ്ത്ര-സാങ്കേതിക ശാസ്്ത്ര വികാസവും ഇക്കണ്ട തോതില്‍ ആസുരമായി വളര്‍ന്ന ശേഷമാണ് മലിനീകരണം അസഹ്യമായതെന്നതു തന്നെ ഖുര്‍ആന്റെ പ്രസ്താവനയെ അടിവരയിടുന്നതാണ്. അനേക ജീവി വര്‍ഗങ്ങള്‍ ഭൂമിയിലുണ്ടെങ്കിലും മനുഷ്യര്‍ മാത്രമേ ഭൂമിയെ മലിനപ്പെടുത്തുന്നുള്ളൂ.
മാലിന്യം രണ്ടുതരം
ഖുര്‍ആനിക വീക്ഷണത്തില്‍ ആദര്‍ശപരം, ഭൗതികം എന്നിങ്ങനെ മാലിന്യം രണ്ട് തരമാണ്. പ്രവാചകത്വത്തിന്റെ തുടക്കത്തില്‍, പ്രബോധനത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമായി അല്ലാഹു നബി(സ)യോട് പറയുന്നു: ''അതിനാല്‍ നീ നിന്റെ വസ്ത്രങ്ങൾ വൃത്തിയാക്കുക (ഭൗതികം), വിഗ്രഹമാകുന്ന മാലിന്യത്തെ നീ വെടിയുക (ആദര്‍ശപരം)'' (അൽമുദ്ദസ്സിര്‍ 4,5). 'നിങ്ങള്‍ വിഗ്രഹങ്ങളാകുന്ന മാലിന്യം വെടിയുക' (അൽഹജ്ജ്  30), 'ബഹുദൈവ വിശ്വാസികള്‍ അശുദ്ധരാണ്' (അത്തൗബ 28) എന്നിവ ആദര്‍ശപരമായ മാലിന്യത്തിന് അടിവരയിടുന്നു. ആദര്‍ശപരമായ മാലിന്യത്തെ അഖീദാ ഗ്രന്ഥങ്ങളും ഭൗതിക മാലിന്യങ്ങളെ ഫിഖ്ഹീ ഗ്രന്ഥങ്ങളുമാണ് പൊതുവെ കൈകാര്യം ചെയ്തുവരുന്നത്.
ലോകം എത്രതന്നെ വികസിക്കുകയും അതിനനുസൃതമായി ഭൗതിക മാലിന്യങ്ങള്‍ വര്‍ധിക്കുകയും ചെയ്താലും അവയുടെ നേരെ സ്വീകരിക്കേണ്ട നടപടികളും നിലപാടുകളും എന്തായിരിക്കണമെന്ന് ഇസ്്ലാം നേരത്തെ തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. അവയാകട്ടെ, ലളിതവും പ്രായോഗികവുമാണ്.
ഉത്തരവാദിത്വം വ്യക്തികള്‍ക്ക്
വ്യക്തികളില്‍നിന്നുണ്ടാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും അവയുടെ ഗുണദോഷങ്ങളെയും അതതു വ്യക്തികളില്‍ തന്നെ ചുമത്തുക എന്നതാണ് ഇസ്്ലാമിക ശരീഅത്ത് വിധി. 'അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍തന്നെ' (അൽബഖറ 286).
ധാര്‍മികം, ഭൗതികം എന്ന വ്യത്യാസമില്ലാതെ മനുഷ്യരില്‍ നിന്നുണ്ടാവുന്ന എല്ലാ തിന്മകളുടെയും ഉത്തരവാദിത്വം അതത് ആളുകള്‍ തന്നെ വഹിക്കണമെന്നാണ് ഇസ്്ലാം പറയുന്നത്. 'പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരംകൊണ്ടു ഞെരുങ്ങുന്ന ഒരാള്‍ തന്റെ ചുമട് താങ്ങാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും' (ഫാത്വിര്‍ 18). വ്യക്തികളുടെ ഉത്തരവാദിത്വത്തെ എത്ര വാചാലവും ശക്തവുമായാണ് ഖുര്‍ആന്‍ എടുത്തുപറയുന്നതെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. എല്ലാതരം അവകാശങ്ങളെയും ബാധ്യതകളെയും ഇസ്്ലാം ഈയൊരു ഉത്തരവാദിത്വത്തിന്റെ അടിത്തറയിലാണ് ബന്ധിച്ചിരിക്കുന്നത്. മാലിന്യ നിര്‍മാര്‍ജനവും ഇതില്‍നിന്ന് മുക്തമല്ല. ഈ വിഷയകമായ പ്രവാചക പാഠങ്ങളെല്ലാം വ്യക്തിയോട് നേരിട്ടുള്ള കല്‍പനകളായാണ് നമുക്ക് വായിക്കാനാവുക.
മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഉത്തരവാദിത്വം വ്യക്തികള്‍ക്ക്, മാലിന്യം ഉറവിടത്തില്‍ തന്നെ നീക്കം ചെയ്യുക, മാലിന്യം ഉടന്‍തന്നെ നീക്കം ചെയ്യുക എന്നീ മൂന്നു തത്ത്വങ്ങളിലാണ് ഇസ്്ലാമിക ശരീഅത്ത് ഈ വിഷയം ഊന്നുന്നത്. താഴെ നബിവചനങ്ങള്‍ ഈ മൂന്ന് തലങ്ങളും ഒരുപോലെ പ്രതിപാദിക്കുന്നുണ്ട്:
'നിങ്ങളില്‍ ആരെങ്കിലും തന്റെ കൈയില്‍ മാംസത്തിന്റെയോ നെയ്യിന്റെയോ അവശിഷ്ടമുണ്ടായിട്ട് അതു കഴുകാതെ ഉറങ്ങുകയും അതിന്റെ പേരില്‍ എന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍ അയാള്‍, തന്നെയല്ലാതെ ആക്ഷേപിക്കേണ്ടതില്ല തന്നെ' (അബൂദാവൂദ്, ഇബ്‌നു മാജ, അഹ്്മദ്). 'നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവശിഷ്ടം ഒട്ടുമില്ലാത്തവിധം പാത്രം വിരലുകള്‍കൊണ്ട് വടിച്ചു വൃത്തിയാക്കട്ടെ' (അബൂദാവൂദ്). (ഉറവിടത്തില്‍ തന്നെ മാലിന്യ സാധ്യത ഒഴിവാക്കണമെന്നര്‍ഥം).
'പള്ളിയില്‍ തുപ്പുന്നത് പാപമാണ്. അതിന്റെ പ്രായശ്ചിത്തം അത് (മണ്ണില്‍, മണലില്‍) മൂടിക്കളയലാണ്' (ബുഖാരി). (നബി [സ]യുടെ കാലത്തെ പള്ളിയുടെ നിലം മണ്ണും മണലുമായിരുന്നു). 'നമസ്‌കരിക്കുന്നയാള്‍ വലതു വശത്തേക്ക് തുപ്പുന്നത് നബി (സ) നിരോധിച്ചു. അയാളുടെ വലതു വശത്ത് മലക്കുണ്ട്. അതുകൊണ്ട് അയാള്‍ ഇടതുവശത്തേക്ക് അല്ലെങ്കില്‍ പാദത്തിനു ചുവട്ടിലേക്ക് തുപ്പട്ടെ. എന്നിട്ടയാള്‍ അത് മണ്ണില്‍ മൂടട്ടെ' (ബുഖാരി, മുസ്്ലിം). 'നിങ്ങളില്‍ ആരും തന്റെ മുമ്പിലേക്കും വലതു വശത്തേക്കും തുപ്പരുത്. ഇടതു വശത്തേക്കോ കാലിനു താഴേക്കോ തുപ്പിക്കൊള്ളട്ടെ' (ബുഖാരി, മുസ്്ലിം).
അൽമാഇദ 31-ാം സൂക്തത്തില്‍, ആദമിന്റെ ഘാതകനായ മകന്‍ വധിക്കപ്പെട്ട സഹോദരനെ മറമാടിയത് കാക്കയില്‍നിന്ന് പാഠം പഠിച്ചാണെന്നു പറയുന്നുണ്ട്. മൃതദേഹം/മാലിന്യം മറമാടണമെന്നും അത് ഉടന്‍ വേണമെന്നും ഉത്തരവാദികള്‍ അതിന് മുന്‍കൈയെടുക്കണമെന്നും അതില്‍ പാഠമുണ്ട്. വ്യക്തികള്‍ക്കാണ് ഉത്തരവാദിത്വം എന്നു വന്നാലേ മാലിന്യത്തിന്റെ അളവ് കുറയുകയുള്ളൂ. ഇല്ലെങ്കില്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും എല്ലാ മാലിന്യങ്ങളും ഏറ്റുവാങ്ങിക്കൊള്ളും എന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ നിരുത്തരവാദ നിലപാട് സ്വീകരിക്കുന്ന ദുരവസ്ഥ സംജാതമാവും.
പൊതുബാധ്യതയാകുന്നതെപ്പോള്‍?
ഇന്നത്തെ പല ഭൗതിക മാലിന്യങ്ങളും വ്യക്തികള്‍ക്ക് സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവയല്ല. അതിനു സര്‍ക്കാറുകള്‍ തന്നെ മുന്‍കൈയെടുക്കണം. വാടക വീടുകളിലും ഫ്‌ളാറ്റുകളിലും മറ്റും കഴിയുന്നവര്‍ ഈ വിഷയത്തില്‍ നിസ്സഹായരാണ്. പൊതുസംവിധാനം പ്രധാനമാകുന്നത് ഈ സാഹചര്യത്തിലാണ്.
ആകാശലോകത്തുനിന്ന് ദൃശ്യവും അദൃശ്യവുമായി ഭൂമിയിലേക്ക് വര്‍ഷിക്കുന്ന നാനാതരം ദൈവികാനുഗ്രഹങ്ങള്‍ക്ക് നന്ദിപൂര്‍വകമായ സല്‍ക്കര്‍മങ്ങളും പ്രകൃതിയുക്തമായ നിലപാടുകളും മനോഭാവങ്ങളും തിരിച്ചുനല്‍കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്. 'അവങ്കലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപ്പോകുന്നത്. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു' (ഫാത്വിര്‍ 10).
വൃത്തിയും വെടിപ്പുമുള്ള, ആദര്‍ശവും ജീവിത നിലപാടുകളുമുള്ള മുസ്്ലിംകള്‍ക്ക് ഈ വക വിഷയങ്ങളിലെല്ലാം മാതൃകാപരമായി പലതും ചെയ്യാന്‍ കഴിയേണ്ടതുണ്ട്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 51-59
ടി.കെ ഉബൈദ്‌

ഹദീസ്‌

പാപങ്ങൾ പരസ്യപ്പെടുത്തരുത്
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌