Prabodhanm Weekly

Pages

Search

2023 മെയ് 26

3303

1444 ദുൽഖഅദ് 06

ഇനിയും ഈ വിഷം തടയാനായില്ലേ?

ഡോ. കെ.എ നവാസ്

വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ ദോഷം വരുത്തി വെക്കുന്നതാണ് മദ്യമെന്ന കാര്യത്തിൽ പക്ഷാന്തരമില്ല. എന്നിട്ടും അതിനെതിരെ  കൈ ഉയർത്താൻ കഴിവില്ലാത്തവരായി തരം താഴുകയാണ് മാറി മാറി വരുന്ന ഭരണകർത്താക്കൾ. വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിനും സുരക്ഷക്കും പരമപ്രാധാന്യം നൽകുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തവരിൽ നിന്നാണ് ഈ ഉപേക്ഷ സംഭവിക്കുന്നത്.
കൊട്ടാരക്കര സ്വദേശിനി ഡോ.  വന്ദന ദാസിന്റെ കൊലപാതകം ലഹരിയിൽ നിപതിച്ചവരുടെ ആദ്യത്തെ അതിക്രമമല്ല. ആതുരശുശ്രൂഷാ രംഗത്തേക്ക് കാലെടുത്ത് വെക്കുന്ന ഒരു പുതുമുഖ ഡോക്ടറെയാണ് ലഹരിക്കടിമയായ ഒരാൾ   കൊന്നുകളഞ്ഞത്. പോലീസുകാരെയും ആശുപത്രി ജീവനക്കാരെയും അയാൾ കുത്തിപ്പരിക്കേൽപിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഒരധ്യാപകനിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരക്രമത്തിന് നാട് സാക്ഷിയാകേണ്ടി വന്നു. ലഹരി ബാധ മാത്രമാണ്  ഒരു കുടുംബത്തിന്റെ പ്രതീക്ഷകളത്രയും തകർത്തുകളഞ്ഞത്.
വന്ദനയുടെ കൊലപാതകത്തെ തുടർന്ന് ഡോക്ടർമാരുടെ പ്രതിഷേധ സമരങ്ങളും ധർണകളും നടന്നു. അതെ തുടർന്ന് ഭരണാധികാരികളും പതിവുപോലെ ചില നടപടികളൊക്കെ പ്രഖ്യാപിച്ചു. എന്നാൽ, അക്രമം നടത്തുന്നവർക്ക് കടുത്ത ശിക്ഷകൾ നൽകാത്തതിനാൽ ഇത്തരം അതിക്രമങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും. താനൂരിലെ ബോട്ട് മുങ്ങിയ സംഭവം കേരള ജനതയെ നടുക്കിയതിന് തൊട്ടു പിന്നാലെയാണ് ഇത് സംഭവിച്ചത്. അപകടമുണ്ടായാൽ ശിക്ഷാനടപടികൾ എടുക്കുക എന്നതു മാത്രം  അക്രമം തടയാൻ സഹായകമാവില്ല. മൂലകാരണങ്ങൾ കണ്ടെത്തി തടയണം, അപ്പോഴേ ഫലപ്രദമാകൂ. വന്ദനയുടെ കൊലപാതകം നടന്ന  അടുത്ത ദിവസം തന്നെ ആശുപത്രിയിൽ മദ്യലഹരിയിൽ  അക്രമം കാണിച്ച യുവാവിനെ കെട്ടിയിട്ടു ചികിൽസിക്കേണ്ടി വന്ന സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  
മദ്യം വിഷമാണെന്ന് ഉറക്കെ പറയുന്ന ജനത തന്നെയാണ് വിശേഷ ദിവസങ്ങളിൽ ഈ വിഷം മോന്തുന്നതിൽ റിക്കാർഡുമിടുന്നത്. ഗാർഹിക പീഡനങ്ങളുടെയും പലപ്പോഴും ലൈംഗിക പീഡനങ്ങളുടെയും മൂലകാരണം മറ്റൊന്നല്ല. ബാറുകളും മദ്യമുക്തി സെന്ററുകളും ഒരേ നിരത്തിൽ അടുത്തടുത്ത് പ്രവർത്തിക്കുന്ന കോമാളിക്കാഴ്ചകളാണ് ഇന്നാട്ടിൽ കാണേണ്ടിവരുന്നത്.  മദ്യത്തിൽ നിന്ന് പൂർണ വിമുക്തിയാണ്  പ്രവാചകൻ ആവശ്യപ്പെട്ടത്. ഏതു തരത്തിൽ ലഹരിയുണ്ടാക്കുന്ന വസ്തുവും  കർശനമായി തടയപ്പെടേണ്ടതാണെന്നും അദ്ദേഹം പഠിപ്പിച്ചു. പിൽക്കാലങ്ങളിൽ വരാനിരിക്കുന്ന സിന്തറ്റിക് ഡ്രഗ്ഗുകൾ പോലുള്ള മയക്കുമരുന്നുകൾ സമൂഹത്തെ നശിപ്പിക്കുമെന്ന തിരിച്ചറിവാണ് അത്തരം ഒരു നിയമത്തിന് ഇസ്‌ലാം ഉദ്യുക്തമായത്.

 

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ 

അന്താരാഷ്ട്ര കുടുംബ ദിനം കടന്നുപോയി. കുടുംബത്തിന്റെ മഹിമയും മേന്മയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഛിദ്രതയുടെ ശബ്ദകോലാഹലങ്ങളാണ് കുടുംബങ്ങളിൽ മുഴങ്ങുന്നത്.
ദമ്പതികളുടെയും മക്കളുടെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയുമൊക്കെ ശിഥില ബന്ധങ്ങളെക്കുറിച്ചുള്ള ദുരന്ത കഥകൾ നിത്യേന വാർത്താ മാധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. പുറത്തറിയാത്തവ ഇതിനെക്കാൾ കൂടുതലുണ്ടാവും. മക്കളെയുപേക്ഷിച്ച് കാമുകി/ കാമുകനൊപ്പം ഒളിച്ചോടുന്ന മാതാപിതാക്കളും, അച്ഛനമ്മമാരെ വൃദ്ധ സദനങ്ങളിലുപേക്ഷിക്കുന്ന മക്കളും, പരസ്പരം കലഹിക്കുകയും കൊല്ലുകയും ചെയ്യുന്ന സഹോദരങ്ങളും കേരളത്തിലും അധികരിച്ചുവരുന്നു. പാശ്ചാത്യരെ വെല്ലുന്ന വിധം കുടുംബങ്ങൾ ശിഥിലമാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.  
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിവാഹമോചന കേസുകൾ ഉള്ളത് രാജ്യത്തെ ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന കേരളത്തിലാണ്. വിവാഹ തർക്കങ്ങളും വിവാഹമോചന കേസുകളും കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ കുടുംബ കോടതികൾ കേസുകൾ തീർപ്പാക്കാൻ ബദ്ധപ്പെടുകയാണ്. കേസുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള നിർദേശങ്ങളുമായി ഹൈക്കോടതി വരെ ഇടപെടേണ്ടി വന്നിരിക്കുകയാണിപ്പോൾ.  ഒരു ദിവസം 200-ലധികം കേസുകൾ വരെ പല കുടുംബ കോടതികൾക്കും പരിഗണിക്കേണ്ടി വരുന്നുണ്ടത്രേ.   സംസ്ഥാനത്തെ 28 കുടുംബ കോടതികളിൽ ഒരു ലക്ഷത്തി നാലായിരത്തി പതിനഞ്ച് കേസുകൾ നിലവിലുണ്ടെന്ന നാഷനൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡിന്റെ കണക്കുകളിൽ നിന്ന്, കുടുംബ ബന്ധങ്ങളിലെ വിള്ളലിന്റെ ചിത്രം വ്യക്തം.
കേരള ഹൈക്കോടതി പുറത്തുവിട്ട കണക്ക് പ്രകാരം 1,96,000 വിവാഹമോചന കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവാഹ മോചനങ്ങളും കുടുംബ തർക്കങ്ങളും മുൻ വർഷങ്ങളെക്കാൾ ഇരട്ടിയായാണ് വർധിച്ചത്. 2005-ൽ 8456 കുടുംബ കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിൽ 2011-ൽ 44,982 ആയി വർധിച്ചു. തുടർന്നുള്ള വർഷങ്ങളിലൊക്കെ ഇത്തരം കേസുകൾ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നു. 
വിവാഹമോചനമാവശ്യപ്പെട്ട് ആലപ്പുഴക്കാരനായ 34-കാരൻ നൽകിയ ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി ജഡ്ജിമാരായ മുഹമ്മദ് മുഷ്‌താഖും സോഫി തോമസും പറയുന്നത് നോക്കൂ: "ബാധ്യതകളും കടമകളും ഇല്ലാത്ത സ്വതന്ത്ര ജീവിതം നയിക്കുന്നതിനായി ഒഴിവാക്കേണ്ട തിന്മയായിട്ടാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നത്. ഭാര്യ എന്നതിന്റെ ഇംഗ്ലീഷ് വാക്ക് ആയ 'വൈഫ്' -വറി ഇൻവൈറ്റഡ് ഫോർ എവർ (എന്നത്തേക്കുമായി ക്ഷണിച്ചുവരുത്തുന്ന ശല്യം) എന്നാണിപ്പോൾ യുവതലമുറ കരുതുന്നത്. വൈസ് ഇൻവെസ്റ്റ്മെന്റ് ഫോർ എവർ (എന്നത്തേക്കുമുള്ള വിവേക പൂർണമായ നിക്ഷേപം) ആയിരുന്നു പഴയ കാഴ്ചപ്പാട്. ഉപയോഗിച്ച് വലിച്ചെറിയുക എന്ന ഉപഭോക്‌തൃ സംസ്കാരം വിവാഹ ബന്ധങ്ങളെയും സ്വാധീനിച്ചു എന്നു വേണം കരുതാൻ. വേർപിരിഞ്ഞു ഗുഡ് ബൈ പറയാൻ കഴിയുന്ന ലൈവ് ഇൻ റിലേഷൻഷിപ്പാണ് ഇപ്പോൾ വർധിക്കുന്നത്."   
പുത്തൻ പ്രവണതകളായ ജെൻഡർ ന്യൂട്രാലിറ്റി, ലിബറലിസം, ആൺ-പെൺ സമത്വ വാദം, വിദ്യാഭ്യാസത്തിലെ അസന്തുലിതത്വം, പോൺ സൈറ്റ് അഡിക്്ഷൻ തുടങ്ങി മാന്യതയും മര്യാദയുമില്ലാത്ത അമിത ലൈംഗികത വരെ കുടുംബ പ്രശ്നങ്ങൾക്ക് കാരണമാകുന്നെന്നാണ്  പഠനങ്ങൾ വ്യക്തമാക്കുന്നത്. പുതിയ സാമൂഹിക മാധ്യമങ്ങളും വില്ലനാവുന്നതായാണനുഭവം.  മസ്‌ക്കറ്റിലെ ഖാബൂസ് യൂനിവേഴ്‌സിറ്റി നടത്തിയ പഠനമനുസരിച്ച് കുടുംബ ശൈഥില്യത്തിനുള്ള മുഖ്യ കാരണം, സോഷ്യൽ മീഡിയയോടുള്ള പുതുതലമുറയുടെ അമിതാഭിനിവേശമാണ്. 
സാമൂഹിക പ്രശ്‌നങ്ങൾക്ക് പരിഹാരമാകാൻ ആധുനിക വിദ്യാഭ്യാസത്തിന് സാധിക്കുന്നില്ലെന്നതാണ് സത്യം. സാമൂഹിക ശാസ്ത്രജ്ഞരുടെ ഭാഷയിൽ കുടുംബ പ്രശ്‌നങ്ങളും വിവാഹ മോചനവും കൂടുതലായി സംഭവിക്കുന്നത് വിദ്യാ സമ്പന്നരിലാണ്. സാക്ഷരതാ നിരക്കിൽ മുൻപന്തിയിൽ നിൽക്കുന്ന തെക്കൻ കേരളത്തിൽ ഈ സാമൂഹിക വിപത്ത് കൂടുതലായി കാണപ്പെടുന്നു.
തന്റെ ജീവിതം തനിക്ക് ആസ്വദിക്കാനും ആഘോഷിക്കാനും ഉല്ലസിക്കാനുമുള്ളതാണെന്ന് ഓരോരുത്തരും കരുതുന്നു. അതോടെ മനസ്സിൽ മറ്റാർക്കും ഇടമില്ലാതായിത്തീരുന്നു. ജീവിതപങ്കാളി ഉൾപ്പെടെ എല്ലാവരും മനസ്സിൽ നിന്നിറങ്ങിപ്പോകുന്നു. മറ്റുള്ളവർക്കു വേണ്ടി ക്ഷമിക്കാനോ ത്യാഗം സഹിക്കാനോ ആർക്കും താൽപര്യമോ സമയമോ ഇല്ല. സ്വന്തത്തിന്റെ ഇഷ്ടവും സ്വന്തത്തിന്റെ താൽപര്യങ്ങളും മാത്രമുള്ള സങ്കുചിത ചിന്തകൾ അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനനുസൃതമായി ദാമ്പത്യ ബന്ധം ദുർബലമാവുകയും കുടുംബം ശിഥിലമാവുകയും ചെയ്യുന്നു 
ഹബീബ് റഹ്‌മാൻ  കൊടുവള്ളി

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 51-59
ടി.കെ ഉബൈദ്‌

ഹദീസ്‌

പാപങ്ങൾ പരസ്യപ്പെടുത്തരുത്
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌