Prabodhanm Weekly

Pages

Search

2012 ജൂണ്‍ 16

ഒരു ടിക്കറ്റില്ലാ യാത്ര

അനുഭവം -നസീം ഗാസി ഫലാഹി

2005 ജനുവരിയിലാണ് സംഭവം. എനിക്ക് ലഖ്‌നൗവില്‍നിന്ന് റാംപൂരിലേക്ക് പോകണമായിരുന്നു. ലഖ്‌നൗ മെയില്‍ പുറപ്പെടാന്‍ ഇനി നിമിഷങ്ങളേയുള്ളൂ. നിര്‍ബന്ധിതാവസ്ഥയില്‍ ടിക്കറ്റെടുക്കാതെ തന്നെ വണ്ടിയില്‍ കയറിപ്പറ്റി. യാത്രക്കിടയില്‍ ടി.ടി.ആര്‍ പരിശോധനക്ക് വരുമ്പോള്‍ ടിക്കറ്റെടുക്കാം- ഞാന്‍ തീരുമാനിച്ചു. പക്ഷേ, യാത്ര അവസാനിക്കും വരെ ഒരു പരിശോധകനും എന്റെ ബോഗിയില്‍ വന്നില്ല. ട്രയിന്‍ റാംപൂരിലെത്തി.
സമയം രാത്രി രണ്ടര മണി. തണുപ്പ് ശക്തം. റെയില്‍വേ സ്റ്റേഷനില്‍ നല്ല ആള്‍ക്കൂട്ടം. ഏതാനും യാത്രക്കാര്‍ റാംപൂരില്‍ വണ്ടിയിറങ്ങി, അവരവരുടെ വഴിക്കു പോയി. സ്റ്റേഷന് പുറത്തേക്കുള്ള ഗെയിറ്റ് വരെ ഞാനെത്തി. ടിക്കറ്റ് കലക്ട് ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ഗെയ്റ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. തണുപ്പ് കാരണം അകത്തെവിടെയെങ്കിലും കുത്തിയിരിക്കുകയാവും. വണ്ടിയിറങ്ങിയവരെ കയറ്റി കൊണ്ടുപോകാന്‍ ധൃതികൂട്ടുന്ന റിക്ഷക്കാരുടെ ബഹളം പുറത്ത് കേള്‍ക്കാം. എന്തായാലും ടിക്കറ്റിന്റെ കാശ് ഒടുക്കിതന്നെ പുറത്ത് കടക്കാം-ഞാന്‍ ഉറച്ചു. അല്ലെങ്കില്‍ അത് ദൈവകോപം വിളിച്ചുവരുത്തുന്ന പാപമാകും. ഞാന്‍ അങ്ങുമിങ്ങും പരതി. ഉദ്യോഗസ്ഥരെ ആരെയും കാണുന്നില്ല. ടിക്കറ്റ് കൗണ്ടറില്‍ പോയി റാംപൂരില്‍ നിന്ന് ലഖ്‌നൗവിലേക്കുള്ള ഒരു ടിക്കറ്റെടുത്താല്‍ റെയില്‍വേയുടെ നഷ്ടം പരിഹരിക്കാമല്ലോ- ഞാന്‍ ചിന്തിച്ചു.
എന്നാല്‍, കൗണ്ടര്‍ അടഞ്ഞുതുടങ്ങുകയായിരുന്നു. ഗത്യന്തരമില്ലാതെ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ കയറി ചെന്നു. തണുപ്പുകാരണം അദ്ദേഹം മൂടിപ്പുതച്ചിരിക്കുകയായിരുന്നു. സ്റ്റേഷന്‍ മാസ്റ്ററോട് എന്റെ നിസ്സഹായത വെളിപ്പെടുത്തി. സമയം കിട്ടാത്തത് കാരണം ലഖ്‌നൗവില്‍ നിന്ന് ടിക്കറ്റെടുക്കാതെയാണ് ഞാന്‍ റാംപൂരില്‍ എത്തിയത്. വണ്ടിയിലാകട്ടെ ടി.ടി.ആര്‍ വന്നതുമില്ല. ഇവിടെ ഗെയ്റ്റില്‍ പാറാവുകാരെയും കണ്ടില്ല. ടിക്കറ്റ് കൗണ്ടറും അടഞ്ഞു കിടക്കുകയാണ്. ലഖ്‌നൗവില്‍ നിന്ന് റാംപൂരിലേക്കുള്ള ടിക്കറ്റിന്റെ കാശ് വാങ്ങി ടിക്കറ്റ് എടുത്തതായി രേഖപ്പെടുത്താന്‍ ദയവുണ്ടാകണം.
ഇത്രയും കേട്ടപ്പോള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുഖത്ത് പുഛമോ പുഞ്ചിരിയോ എന്തോ ഒന്ന് മിന്നിമറഞ്ഞു. അദ്ദേഹത്തിന് സ്വന്തം കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് തോന്നുന്നു. തന്റെ സര്‍വീസിനിടക്ക് ഇങ്ങനെയൊരനുഭവം ഒരു പക്ഷേ ഇതാദ്യമാകാം. കൗതുകത്തോടെ എന്നെ നോക്കിയ അദ്ദേഹം ഒരു കസേര നീക്കിയിട്ട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.
ഞാന്‍ ഇരുന്ന ഉടനെ സ്റ്റേഷന്‍ മാസ്റ്റര്‍ തന്റെ ചില കൂട്ടുകാരെ കൈക്കൊട്ടി വിളിച്ചു. പെട്ടെന്ന് മൂന്ന് നാലു പേര്‍ ഓടിയെത്തി. 'നിങ്ങള്‍ എന്നോട് പറഞ്ഞ കാര്യം ഒന്നുകൂടി പറയൂ' -സ്റ്റേഷന്‍ മാസ്റ്ററുടെ ആജ്ഞ. അവിടെ കൂടിയവരെല്ലാം എന്നെ സാകൂതം നോക്കി. എന്തോ അപൂര്‍വ കാര്യം കേള്‍ക്കാനെന്ന ഭാവത്തില്‍ അവര്‍ അടുത്തു വന്നു. അപ്പോള്‍ സ്റ്റേഷന്‍ മാസ്റ്ററോട് ബഹുമാനപുരസ്സരം ഞാന്‍ പറഞ്ഞു: ''സര്‍, എന്നെ ആള്‍ക്കൂട്ടത്തില്‍ അപമാനിക്കരുത്. വളരെ നിര്‍ബന്ധിതാവസ്ഥയിലാണ് ടിക്കറ്റെടുക്കാതെ എനിക്ക് യാത്ര ചെയ്യേണ്ടിവന്നത്. താങ്കള്‍ എനിക്കൊരു ടിക്കറ്റ് തന്ന് പൈസ ഈടാക്കിയാല്‍ മതി. എന്നാല്‍ എനിക്ക് പോകാമല്ലോ.''
സ്റ്റേഷന്‍ മാസ്റ്റര്‍ കൂട്ടുകാരോട് പ്രശ്‌നം വിശദീകരിച്ച ശേഷം പറഞ്ഞു: ''ഇപ്പോള്‍ ഇദ്ദേഹത്തിന് ആ ടിക്കറ്റിന്റെ പണം അടക്കണം പോല്‍!'' ഇയാള്‍ ഒരു മനുഷ്യനല്ല മറ്റെന്തോ കൗതുക ജീവിയാണെന്ന ഭാവത്തില്‍ കേട്ടുനിന്നവര്‍ എന്നെ നോക്കി. സ്റ്റേഷന്‍ മാസ്റ്റര്‍ വീണ്ടും എന്നോട് ചോദിച്ചു: ''യാത്രക്കിടയില്‍ ടി.ടി.ആര്‍ വന്നില്ല അല്ലേ. ഗെയ്റ്റില്‍ പാറാവുകാരനില്ലെങ്കില്‍ പിന്നെ താങ്കള്‍ക്ക് കടന്നുപോകാമായിരുന്നില്ലേ?''
ഒന്ന് മന്ദഹസിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു: 'സര്‍, അങ്ങനെ ഒരിക്കലും ചെയ്യാവതല്ല. ഞാനൊരു ഇസ്‌ലാംമത വിശ്വാസിയാണ്. സ്രഷ്ടാവും ഉടമസ്ഥനും രക്ഷാകര്‍ത്താവുമായ ദൈവം തമ്പുരാന്‍ എപ്പോഴും നമ്മോടൊപ്പമുണ്ട്. ഈ വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. ദൈവം നമ്മുടെ എല്ലാ ചെയ്തികളും കണ്ടുകൊണ്ടിരിക്കുന്നു. ഓരോ ചലനത്തിനും അവന്‍ സാക്ഷി. അന്ത്യദിനത്തില്‍ ഓരോരുത്തരും തങ്ങളുടെ കര്‍മത്തിന് പ്രതിഫലം ഏറ്റുവാങ്ങണം. നന്മക്ക് നന്മ, തിന്മക്ക് തിന്മ ഇതായിരിക്കും അനന്തരഫലം. ആര്‍ സല്‍ക്കര്‍മം ചെയ്തുവോ അവന് സ്വര്‍ഗവും തിന്മ ചെയ്തവര്‍ക്ക് നരകവും. ഒന്നും ദൈവത്തില്‍നിന്ന് മറഞ്ഞിരിക്കുകയില്ല.
മാലാഖമാരാകട്ടെ മനുഷ്യരുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ ലോകത്ത് ആരെങ്കിലും അപരന്റെ അവകാശം കവര്‍ന്നാല്‍ അന്ത്യദിനത്തില്‍ കണക്ക് തീര്‍ത്ത് തിരിച്ചു നല്‍കേണ്ടിവരും. ഈ ജീവിതം നമുക്ക് തന്നത് പരീക്ഷണാര്‍ഥമാണ്. മരണാനന്തരം നന്മ തിന്മകളുടെ തോതനുസരിച്ച് സുഖദുഃഖങ്ങള്‍ പങ്കിടേണ്ടിവരും. ഇതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.
ഇസ്‌ലാമിക പാഠശാലയില്‍ പഠിപ്പിക്കുന്ന ഒരധ്യാപകനാണ് ഞാന്‍. അവിടെ ഇത്തരം കാര്യങ്ങളാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും- സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഞാന്‍ വ്യക്തമാക്കി.
ട്രെയിനില്‍ സഞ്ചരിക്കാന്‍ എനിക്കവകാശമുണ്ട്. എന്നാല്‍ ഞാനതിനുള്ള ടിക്കറ്റ് എടുത്ത് കാശ് ഒടുക്കണം. ആരെങ്കിലും കാണുന്നുണ്ടോ, നോക്കുന്നുണ്ടോ എന്നത് പ്രശ്‌നമല്ല. ദൈവം എല്ലാം കാണുന്നുണ്ട്. അവസാനമായി താങ്കളോടെനിക്കഭ്യര്‍ഥിക്കാനുള്ളത്: ''ഒരു ടിക്കറ്റ് തന്ന് എന്നെ സഹായിക്കണം.''
ഇത്രയും നേരം എന്റെ വാക്കുകള്‍ അവിടെ കൂടിയവര്‍ സശ്രദ്ധം കേട്ടു. ഞാന്‍ സംസാരം നിര്‍ത്തിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ പ്രതികരണം: 'ഖുര്‍ആനും ഇസ്‌ലാമും മുന്നോട്ടുവെക്കുന്ന ഈ നിര്‍ദേശങ്ങള്‍ ഞാനിത് ആദ്യമായി കേള്‍ക്കുകയാണ്. ഈ ഖുര്‍ആനിക തത്ത്വങ്ങള്‍ ഇന്ത്യാരാജ്യവും അതിനെ നയിക്കുന്നവരും ഗ്രഹിച്ചിരുന്നുവെങ്കില്‍ നമ്മുടെ രാജ്യം എന്നോ സ്വര്‍ഗമായേനെ.
വിശുദ്ധ ഖുര്‍ആന്റെ ഹിന്ദിഭാഷ്യവും ഇസ്‌ലാമിനെക്കുറിച്ചുള്ള ഹിന്ദി സാഹിത്യങ്ങളും ലഭ്യമാക്കിത്തരാമോ എന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ എന്നോടാരാഞ്ഞു.
റാംപൂരിലെ ഇസ്‌ലാമിക സ്ഥാപനങ്ങളുടെ വിലാസം നല്‍കി അവരുമായി ബന്ധപ്പെടാന്‍ ഞാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം അവസാനം ടിക്കറ്റിന്റെ കാശ് വാങ്ങി രശീതി നല്‍കി.
ചായയും പലഹാരവും തന്ന് എന്നോട് ആദരം കാണിച്ച സ്റ്റേഷന്‍ മാസ്റ്ററോട് നന്ദി പറഞ്ഞ് ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍ അദ്ദേഹം ഇടപെട്ടു: ''ഈ തണുപ്പുള്ള കാളരാത്രിയില്‍ യാത്ര പുറപ്പെടുന്നത് ആരോഗ്യകരമല്ല. വഴിയില്‍ യാത്രികരെ കൊള്ളയടിക്കുന്ന സംഘങ്ങളുണ്ടാകും. അതിനാല്‍ ഇന്നു രാത്രി താങ്കള്‍ ഞങ്ങളുടെ ഗസ്റ്റ് ഹൗസില്‍ തങ്ങുക. ഇവിടെ വിശ്രമിച്ച് നാളെ രാവിലെ പോയാല്‍ മതി.'' അദ്ദേഹത്തിന്റെ ഉപദേശം മാനിച്ച് ഞാന്‍ അന്നു രാത്രി അവിടെ തങ്ങാന്‍ തീരുമാനിച്ചു. ഉടനെ ആ റെയില്‍വെ മേധാവി തന്റെ കീഴ്ജീവനക്കാരനെ വിളിച്ച് ഒരു മുറിയുടെ ചാവി നല്‍കി പറഞ്ഞു: ''ഇദ്ദേഹം ഇന്ന് നമ്മുടെ അതിഥിയാണ്. മുറി തുറന്ന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക.''
അന്ന് അവിടെ വിശ്രമിച്ച് ഞാന്‍ അതിരാവിലെ ലക്ഷ്യസ്ഥാനത്തേക്ക് വിട്ടു.
ഇസ്‌ലാം ദൈവത്തിന്റെ വരദാനമാണ്. അതിന്റെ അധ്യാപനങ്ങള്‍ ആകര്‍ഷകവും മാസ്മരികവുമാണ്. ഇതാണ് ഈ സംഭവം എന്നെ ഓര്‍മപ്പെടുത്തിയത്. കര്‍മങ്ങളിലൂടെ ഈ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കാന്‍ അതിന്റെ വാഹകര്‍ക്ക് കഴിയണം. ഇസ്‌ലാമിന്റെ തിളക്കമാര്‍ന്ന ഗതകാല ചരിത്രം അതിനുള്ള സാക്ഷ്യവുമാണല്ലോ. വഴിതെറ്റി നടന്നവര്‍ പിന്നീടും ഇസ്‌ലാമിന്റെ ശീതളഛായയില്‍ ആസ്വാദ്യകരമായ ജീവിതം നയിച്ചിട്ടുണ്ട്.
ഹഫീദ് മീറട്ടി പറഞ്ഞതെത്ര ശരി: ''തഹ്‌രീര്‍ സെ മുംകിന്‍ ഹെ ന തഖ്‌രീര്‍ സെമുംകിന്‍,
വൊ കാം ജോ ഇന്‍സാന്‍ കാ കിര്‍ദാര്‍ കരേ ഹെ.'' പേജിലും സ്റ്റേജിലുമല്ല, സ്വന്തം കര്‍മപഥത്തിലൂടെയാണ് വിശ്വാസി ഇസ്‌ലാമിനെ പ്രതിനിധീകരിക്കേണ്ടതെന്നര്‍ഥം.

വിവ: സഈദ് ഉമരി
 

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍