Prabodhanm Weekly

Pages

Search

2023 മെയ് 19

3302

1444 ശവ്വാൽ 28

കെ.സി കോയാമു ഹാജി

പി.പി അബ്ദുർറഹ്്മാൻ കൊടിയത്തൂർ

റമദാൻ 23/ഏപ്രിൽ 14-ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ വന്ന ശേഷമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കൊടിയത്തൂർ ജുമാ മസ്ജിദിന്റെ ചാരത്ത് വെച്ച് കോയാമു ഹാജി 90-ാം വയസ്സിൽ അന്ത്യശ്വാസം വലിച്ചത്. താൻ ഏറക്കാലം പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി സേവനം ചെയ്ത പള്ളിയോടുള്ള അദ്ദേഹത്തിന്റെ അഭേദ്യമായ ബന്ധത്തെ അടയാളപ്പെടുത്തുന്നതായി ഈ വിടവാങ്ങൽ. കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ റമദാൻ അവസാന പത്തിലെ ഇഅ്തികാഫിന് തുടക്കമിട്ടത് കോയാമു ഹാജി ആയിരുന്നു. പലവിധ അസൗകര്യങ്ങളും പ്രയാസങ്ങളും ഉണ്ടായിട്ടും വാർധക്യത്തിന്റെ അവശതയിൽ എത്തും വരെ അദ്ദേഹം  അത് തുടർന്നു. ഒരുപാട് യുവാക്കളെ അതിന് പ്രേരിപ്പിക്കുകയും തന്റെ പിന്തുടർച്ച ഉറപ്പാക്കുകയും ചെയ്തതിനുശേഷമാണ് വളരെ മനഃപ്രയാസത്തോടെ അദ്ദേഹം സ്വന്തം വീട്ടിൽ അന്തിയുറങ്ങിയത്.
വിശുദ്ധ ഖുർആനോടുള്ള അദ്ദേഹത്തിന്റെ പ്രണയവും എടുത്തുപറയേണ്ടതാണ്. എന്നും അതിന്റെ പാരായണവും ആശയ പഠനവും മുടങ്ങാതെ കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു. പള്ളിയിൽ ഇമാമുമാരെ നിയമിക്കുമ്പോൾ ഖുർആൻ പാരായണത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു അദ്ദേഹം.
ജ്യേഷ്ഠ സഹോദരൻ ജമാഅത്തിന്റെ മുൻ അമീർ കെ.സി അബ്ദുല്ല മൗലവിയെപ്പോലെ മത പാണ്ഡിത്യം കരസ്ഥമാക്കാൻ സാധിക്കാത്തതിന്റെ ഖേദം അദ്ദേഹം പങ്കുവെച്ചിരുന്നു. പാണ്ഡിത്യത്തിന്റെ അഭാവത്തിലും അത്യാവശ്യ പഠനത്തിലും പാരായണത്തിലും ശ്രദ്ധ പുലർത്തിയ അദ്ദേഹം പ്രാദേശിക പ്രാസ്ഥാനിക നേതൃത്വം ഏറ്റെടുത്തതോടെ പ്രവർത്തകരെ ഖുർആൻ പഠനത്തിന് പ്രേരിപ്പിക്കുകയും, ക്ലാസ്സെടുക്കാനും പ്രസംഗിക്കാനും കഴിവുള്ളവരെ അതിനായി നിർബന്ധിക്കുകയും ചെയ്യുമായിരുന്നു.
പ്രാസ്ഥാനിക യോഗങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളും സമ്മേളനങ്ങളും അദ്ദേഹത്തിന് ലഹരിയായിരുന്നു.  ദഅ്്വാ പ്രവർത്തനങ്ങളിൽ സജീവമാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് പ്രബോധിതരോടുള്ള സ്നേഹവും പ്രതിബദ്ധതയും ആയിരുന്നു. അക്കാര്യം അവരോട് തുറന്നുപറയാൻ അദ്ദേഹം മടി കാണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് യാത്രാമൊഴി നൽകാൻ നാനാതുറകളിൽ പെട്ട പല വ്യക്തിത്വങ്ങളും വീട്ടിൽ തടിച്ചുകൂടിയത്.
1989-ൽ കൊടിയത്തൂരിലെ വാദി റഹ്്മയിൽ ഇസ്‌ലാഹിയാ അസോസിയേഷൻ അനാഥാലയം ആരംഭിച്ചപ്പോൾ അതിന്റെ സാരഥ്യമേറ്റെടുക്കാൻ മറ്റാരെയും അന്വേഷിക്കേണ്ടി വന്നില്ല. രണ്ടു പതിറ്റാണ്ട് അദ്ദേഹം നൂറുകണക്കിന് അനാഥകളുടെ പിതാവായി അന്തസ്സോടെ അവരെ വളർത്തി, ഉന്നത വിദ്യാഭ്യാസത്തിന് മാർഗദർശനവും ധനസഹായവും നൽകി, സ്വന്തം കാലിൽ നിൽക്കാനും കുടുംബം പോറ്റാനും യോഗ്യരാക്കി. അനാഥാലയങ്ങളുടെ പട്ടികയിൽ ഗുണനിലവാരത്തിൽ പ്രഥമ സ്ഥാനവും, സംസ്ഥാന ജില്ലാതല കലാകായിക മത്സരങ്ങളിൽ സ്ഥിരമായി ഓവറോൾ കിരീടവും നേടാൻ ചുക്കാൻ പിടിച്ചത് അദ്ദേഹമായിരുന്നു. ഒരേസമയം നൂറുകണക്കിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്വന്തം മക്കൾക്കെന്ന പോലെ ശ്രദ്ധയും സ്നേഹവും സാന്ത്വനവും നൽകാൻ അദ്ദേഹത്തിന്  സാധിച്ചു. അവധിക്കാലങ്ങളിൽ വീട്ടിലേക്ക് പോകാൻ സാധിക്കാത്ത കുട്ടികളെ സ്വന്തം വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. അവർക്ക് അത് സ്വന്തം വീട് തന്നെയായിരുന്നു.    
വാദി റഹ്്മയിലെ അസ്മാ ബിൻത് അബൂബക്കർ ഓർഫനേജിലെ വാർഡനായി ജോലി ചെയ്തിരുന്ന നൂർജഹാൻ കല്ലങ്ങോടൻ പങ്കുവെച്ച ഒരു അനുഭവം: "ഓർഫനേജ് ഗ്രാൻഡ് സംബന്ധമായ അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥ 'ഇത് ഓർഫനേജ് അല്ല, ഇവിടെ ഈ പേരിൽ ഒരു ഓർഫനേജില്ല' എന്ന് റിപ്പോർട്ട് ചെയ്തു. പുനരന്വേഷണത്തിന് അപേക്ഷ നൽകിയപ്പോൾ അവർ തന്നെയാണ് പിന്നെയും വന്നത്. ഇത്തവണ അവർ ആവശ്യപ്പെട്ടത് സ്ഥാപനത്തിന്റെ മെനു കാർഡ് ആയിരുന്നു. ഇത് സമ്പന്നരുടെ മക്കൾ പഠിക്കുന്ന സ്ഥാപനങ്ങളിലെ മെനു ആണ്. ഫൈവ് സ്റ്റാർ മെനു എന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് താൻ റിപ്പോർട്ട് നൽകിയത് എന്നായിരുന്നു അവരുടെ വിശദീകരണം. ഫീസ് നൽകി ബോർഡിംഗിൽ താമസിക്കുന്ന വിദ്യാർഥികൾക്കും ഓർഫനേജിലെ കുട്ടികൾക്കും ഒരേ ഭക്ഷണവും ഒരേ പരിഗണനയുമാണ് സ്ഥാപനത്തിന്റെ നയവും രീതിയുമെന്ന് ബോധ്യപ്പെടുത്തിയതിനുശേഷമാണ് അവർ റിപ്പോർട്ട് തിരുത്തിയത്.”
മുസ്‌ലിം അനാഥാലയങ്ങളുടെ കോഡിനേഷൻ കമ്മിറ്റിയായ കെ.എസ്.എം.ഒ.സി.സിയിലും കേരള ഓർഫനേജേഴ്സ് കൺട്രോൾ ബോർഡിലും അംഗമായിരുന്ന അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്. 1980-ൽ രൂപവത്കരിക്കപ്പെട്ട മുസ്‌ലിം കൂട്ടായ്മയായ അൻജുമൻ ഇശാഅത്തെ ഇസ്‌ലാമിന്റെ എക്സിക്യൂട്ടീവ് ബോഡിയിലും അംഗമായിരുന്നു. പാർപ്പിട പദ്ധതികൾ ഇല്ലാതിരുന്ന കാലത്ത് അതിന് തുടക്കമിടുകയും കോളനിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി സ്വന്തം സ്ഥലത്ത് സംവിധാനമേർപ്പെടുത്തുകയും ചെയ്തു.
ഭാര്യ: ഫാത്വിമ. വാദി റഹ്്മ സ്ഥാപനങ്ങളുടെ ചെയർമാനും വി.എസ് എം.സി പ്രസിഡന്റുമായ കെ.സി.സി ഹുസൈൻ, ഗസൽ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ കെ.സി മുജീബ്, ഹൈലുക്സ് പ്ലൈവുഡ്സ് ഡയറക്ടർ സൽമാ മജീദ് എന്നിവർ മക്കളാണ്.

 

കെ.കെ മുഹമ്മദ് കുഞ്ഞ്


റയോണ്‍പുരം ഹല്‍ഖയിലെ പ്രവര്‍ത്തകനും മസ്ജിദുസ്സലാം ഇമാമുമായിരുന്ന കെ.കെ മുഹമ്മദ് കുഞ്ഞ് സാഹിബ് (മമ്മൂഞ്ഞി ഇക്ക) മാര്‍ച്ച് 3-ന് അല്ലാഹുവിലേക്കു യാത്രയായി. രണ്ട് പതിറ്റാണ്ട് കാലം മസ്ജിദുസ്സലാമിന്റെ ഇമാം എന്നതിലുപരി, അതിന്റെ പരിപാലകനും അനുബന്ധ പ്രവൃത്തികള്‍ സ്വയം ഏറ്റെടുത്ത് നടത്തിയിരുന്ന സേവകനുമായിരുന്നു. ഔപചാരികമായി പ്രാഥമിക മദ്‌റസാ വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം ഒരു വ്യവസായ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു. ജമാഅത്ത് പ്രവര്‍ത്തകനായിരുന്ന ടി.എം മുഹമ്മദ് മാസ്റ്ററാണ് അദ്ദേഹത്തെ മസ്ജിദുസ്സലാമില്‍ നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാനുള്ള ചുമതല ഏല്‍പിച്ചത്. അന്ന് മുതല്‍ രോഗശയ്യയില്‍ ആകുന്നത് വരെ മസ്ജിദുമായി ബന്ധപ്പെട്ടതും അനുബന്ധ പ്രവര്‍ത്തനങ്ങളും വളരെ കൃത്യവും നിസ്വാര്‍ഥവുമായ നിലയില്‍ അദ്ദേഹം നിര്‍വഹിച്ചു പോന്നിരുന്നു.
ഖുര്‍ആന്‍ പഠനവും പാരായണവും ജീവിതത്തിലെ പ്രധാന അജണ്ടയായിരുന്നു. മേശപ്പുറത്ത് മുസ്വ്്ഹഫും ഖുര്‍ആന്‍ തഫ്‌സീറും സദാസമയവുമുണ്ടാവും. യൂസുഫ്, അൽകഹ്ഫ്, അസ്സുമര്‍  തുടങ്ങിയ സൂറത്തുകള്‍ നമസ്‌കാരങ്ങളില്‍ ഭാഗങ്ങളായി ഓതിത്തീര്‍ക്കുമായിരുന്നു. അത്യാസന്ന രോഗികള്‍, മരണാസന്നര്‍ എന്നിവരെ സന്ദര്‍ശിച്ച് പരിചരണവും ഉപദേശങ്ങളും നല്‍കുമായിരുന്നു. റയോണ്‍പുരത്ത് വലിയ കുടുംബങ്ങളുള്ള ഒരു തറവാട്ടിലെ മുതിര്‍ന്ന അംഗമായ മുഹമ്മദ് കുഞ്ഞ് സാഹിബ് കുടുംബപ്രശ്‌നങ്ങളിലും ആത്മീയ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിപ്പോന്നു.
ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു  പെണ്‍കുട്ടിയുമടങ്ങിയതാണ് കുടുംബം.
പി.ബി അലി റയോണ്‍പുരം

 

അമീർ ഹംസ


അല്ലാഹുവിലേക്ക് യാത്രയായ അമീർ ഹംസ (44) തിരുവനന്തപുരം ജില്ലയിലെ കമലേശ്വരം സ്വദേശിയും സജീവ ഇസ്്ലാമിക പ്രവർത്തകനുമായിരുന്നു. ചാല മാർക്കറ്റിൽ സബീന പ്ലാസ്റ്റിക് സ്ഥാപനം നടത്തിയിരുന്ന അമീർ ഹംസ, കമലേശ്വരം ബൈത്തുന്നൂറിൽ ഷാഹുൽ ഹമീദ് - നൂർജഹാൻ ദമ്പതികളുടെ മകനാണ്. വളരെ ചെറുപ്പത്തിൽ തന്നെ ഇസ്്ലാമിക ആശയങ്ങളിൽ ആകൃഷ്ടനായ അമീർ മലർവാടിയിലൂടെയാണ് പ്രസ്ഥാനമാർഗത്തിൽ കടന്നുവരുന്നത്. എസ്.ഐ.ഒവിന്റെയും സോളിഡാരിറ്റിയുടെയും ജില്ലാ സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ മലർവാടി ബാലസംഘത്തിന്റെയും തനിമയുടെയും വളർച്ചക്ക് മഹത്തായ സേവനങ്ങൾ അർപ്പിക്കുകയുണ്ടായി. മലർവാടി ബാലസംഘത്തിന്റെ ഏരിയാ കോഡിനേറ്ററും മലർവാടി ജില്ലാ റിസോഴ്സ് അംഗവും  തനിമ  ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്നു.
പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ കുട്ടികളുടെ കൂട്ടായ്മകൾ സംഘടിപ്പിക്കാനും അവരെ ഇസ്്ലാമിക പ്രസ്ഥാനത്തിലേക്ക് കൈപിടിച്ച് നടത്തിക്കാനും അമീറിന് സാധിക്കുകയുണ്ടായി. കമലേശ്വരം, മണക്കാട്, ചാല തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളം ചെറുപ്പക്കാർ അമീർ വഴി പ്രസ്ഥാനത്തിലേക്ക് വന്നവരാണ്. മുൻകാലങ്ങളിൽ എസ്.ഐ.ഒ സർഗവേദിയും മറ്റും പുറത്തിറക്കിയ ഇസ്്ലാമിക ഗാനങ്ങൾ ക്രോഡീകരിച്ച് പുതിയ സി.ഡി ഇറക്കണമെന്നും റഹ്്മാൻ മുന്നൂരിന്റെ ഗാനങ്ങൾ ദൃശ്യാവിഷ്ക്കാരം ചെയ്ത് ഇറക്കണമെന്നും അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഇസ്്ലാമോഫോബിയ പ്രമേയമാക്കി സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിനായി മലയാളത്തിലെ പല പ്രമുഖ സംവിധായകരെയും അമീർ കണ്ടിരുന്നു. കഴിവുകളുണ്ടായിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ കലാകാരന്മാരെ കണ്ടെത്താനും അവർക്ക് അർഹമായ അംഗീകാരങ്ങൾ നൽകാനും പ്രത്യേകം താൽപര്യം കാണിച്ചിരുന്നു.
അമീറിന്റെ ഭാര്യ സൈനബ് ഐ.ആർ.ഡബ്ല്യു വളണ്ടിയറാണ്. ഹലീമ, ആസിയ, മറിയം, ഷെയ്ഖ് അഹമ്മദ് യാസീൻ, മുഹമ്മദ് ഈസ എന്നിവരാണ് മക്കൾ. ഹലീമ, ആസിയ സജീവ ജി.ഐ.ഒ പ്രവർത്തകരും കോഴിക്കോട് ഇർശാദിയാ കോളേജ് വിദ്യാർഥിനികളുമാണ്. മറിയം ടീൻ ഇന്ത്യയുടെ സിറ്റി ക്യാപ്റ്റനാണ്.   
അമീർ കണ്ടൽ, തിരുവനന്തപുരം

 

അഹ്്മദ് കബീര്‍


പട്ടാമ്പിക്കടുത്ത നല്ലിക്കാട്ടിരി വട്ടുള്ളി സ്വദേശി പനക്കല്‍ പീടികയില്‍ അഹ്്മദ് കബീര്‍(46) അല്ലാഹുവിലേക്ക് യാത്രയായി. അജ്മാനിലെ അല്‍ ജബല്‍ വാട്ടര്‍ സപ്ലൈ കമ്പനി ഉടമയും അജ്മാന്‍ ഐ.സി.സി യൂത്ത് ഇന്ത്യ പ്രവര്‍ത്തകനുമായിരുന്നു.
നാട്ടില്‍ ജമാഅത്തെ ഇസ്്ലാമി/ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടില്‍ വന്നുപോയ ഉടനെ അസുഖം ബാധിച്ച് ഒരു മാസത്തിനുള്ളില്‍ നാട്ടിലേക്ക് തിരിച്ചു വന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഐ.സി.സിയില്‍ മയ്യിത്ത് നമസ്‌കാരവും അനുസ്മരണവും നടന്നു.
ഭാര്യ: സീനത്ത്. മക്കള്‍: മുഹമ്മദ് ദില്‍ഷാദ്, ഫാത്വിമ ദില്‍ന.
പിതാവ് അബൂബക്കര്‍ ഹാജി, മാതാവ് ആമിന ഹജ്ജുമ്മ.
കെ.എം.എ വഹാബ്‌   

 

മുള്ളന്‍മടക്കല്‍ മുഹമ്മദ് ഹാജി


മുതുവല്ലൂരിലെ മുള്ളന്‍ മടക്കല്‍ മുഹമ്മദ് ഹാജി(88) നാഥനിലേക്ക് യാത്രയായി. മലപ്പുറം കോട്ടപ്പടി ഹൈസ്‌കൂളിന് സമീപം എ.എം അബൂബക്കര്‍ സാഹിബ് നടത്തിയിരുന്ന കടയില്‍ വെച്ചാണ് ഞാന്‍ ആദ്യമായി ഹാജിയെ പരിചയപ്പെടുന്നത്. മുതുവല്ലൂരില്‍ ബീഡി തെറുപ്പുകാരനായാണ് വര്‍ഷങ്ങളോളം ഉപജീവനമാര്‍ഗം കണ്ടെത്തിയത്. പിന്നീട് ജോലി അന്വേഷിച്ച് ബോംബെയിലെത്തിയ അദ്ദേഹം അവിടത്തെ ജമാഅത്ത് പ്രവര്‍ത്തകരിലൂടെയാണ് ഇസ്്ലാമിക പ്രസ്ഥാനത്തിലെത്തിയത്. മലപ്പുറം, പെരിന്തല്‍മണ്ണ പ്രദേശങ്ങളില്‍ മലഞ്ചരക്ക് കച്ചവടവും നടത്തിയിരുന്നു. ജോലി ചെയ്തിടങ്ങളിലെല്ലാം പ്രസ്ഥാന സന്ദേശം പ്രചരിപ്പിച്ച അദ്ദേഹത്തിലൂടെ ഒട്ടുവളരെ പേര്‍ ഇസ്്ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു. കുറച്ചുകാലം ഗള്‍ഫില്‍ ജോലി നോക്കി തിരിച്ചുവന്ന ശേഷം മുതുവല്ലൂരിനടുത്ത നീറാട് എന്ന പ്രദേശത്ത് മസ്ജിദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും നീറാട് ജമാഅത്ത് ഹല്‍ഖാ നാസിമാവുകയും ചെയ്തിരുന്നു.
വര്‍ഷങ്ങളോളം എടവണ്ണപ്പാറയില്‍ സ്റ്റേഷനറി കച്ചവടം നടത്തിയ കാലയളവില്‍, തന്റെ കട തന്നെയായിരുന്നു പ്രബോധനം വിതരണകേന്ദ്രവും ജമാഅത്ത് ഓഫീസും. ജമാഅത്തെ ഇസ്്ലാമിയുടെ ഒരു പൊതുയോഗം നടത്താന്‍ എടവണ്ണപ്പാറയിലൊരിടത്തും അനുവാദം ലഭിക്കാതിരുന്ന കാലത്ത്, സ്വന്തം കച്ചവടസ്ഥാപനത്തിന്റെ ഷട്ടര്‍ താഴ്ത്തി യോഗം നടത്താന്‍ സൗകര്യം ചെയ്തുകൊടുത്ത സംഭവം ഓര്‍മവരുന്നു.
ജമാഅത്തുകാരനായ കാരണത്താല്‍ സ്വന്തം കുടുംബത്തില്‍നിന്നും നാട്ടില്‍നിന്നും കടുത്ത അവഗണന നേരിടുകയുണ്ടായി. പ്രതിബന്ധങ്ങളെയും മാര്‍ഗതടസ്സങ്ങളെയും സമചിത്തതയോടെ നേരിട്ട അദ്ദേഹം കാലം മാറിയപ്പോള്‍ നാട്ടിലെ ആദരണീയനായ വ്യക്തിയായി മാറുകതന്നെ ചെയ്തു.
ഖുര്‍ആന്‍ പണ്ഡിതനായിരുന്ന മര്‍ഹൂം ജമാല്‍ മലപ്പുറത്തിന്റെ സഹോദരിയാണ് ഹാജിയുടെ ഭാര്യ പൊടിയാടന്‍ മറിയുമ്മ.
മക്കള്‍: ഹസനുൽ ‍ബന്ന (സംസ്ഥാന സെക്രട്ടറി, പ്രവാസി വെല്‍ഫെയര്‍ ഫോറം), മുഹമ്മദ് ഹുസൈന്‍ (ഒമാന്‍), യൂനുസ് സലീം (മീഡിയാ വണ്‍), സക്കീന നാഫിഅ്, ഷാനിദ കരീം, സലീന ഹമീദ്.
റഹ്്മാന്‍ മധുരക്കുഴി

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 40-50
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതൃപിതൃ പരിചരണം സ്വർഗത്തിലേക്കുള്ള വഴി
കെ.പി യൂസുഫ് പെരിങ്ങാല