Prabodhanm Weekly

Pages

Search

2023 മെയ് 19

3302

1444 ശവ്വാൽ 28

ഹജ്ജ് യാത്രക്ക് തയാറെടുക്കുമ്പോൾ

പി.പി അബ്ദുർറഹ്്മാന്‍ പെരിങ്ങാടി

മാനവതയുടെ ആദിമതവും പ്രകൃതി മതവുമായ  ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങൾ  പരസ്പര ബന്ധിതവും പരസ്പര പൂരകവുമാണ്. വിശുദ്ധ ഹജ്ജ് കര്‍മം അഞ്ചാമത്തേതായത് എല്ലാവരും അതനുഷ്ഠിക്കേണ്ടതില്ല, അനുഷ്ഠിക്കുന്നവര്‍ തന്നെ എല്ലായ്‌പ്പോഴും അനുഷ്ഠിക്കേണ്ടതില്ല എന്നതിനാലാണ്. അടിമുടി സാമൂഹികതയിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളുടെ പ്രയോജനം അനുഷ്ഠിക്കുന്നവര്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും ലഭ്യമാകുമെന്നതാണ് വസ്തുത.  ലോകം ഒരു ഗ്രാമം കണക്കെ ആഗോളവത്കൃതമായ ഇക്കാലത്ത് ഹജ്ജിന് ബഹുമുഖ പ്രയോജനങ്ങളുണ്ട്. ഹജ്ജും ഉംറയും ഇന്ന് സാര്‍വത്രികവും ജനകീയവുമായിരിക്കുകയാണ്. കൂടാതെ ദൃശ്യമാധ്യമങ്ങളിലൂടെ ലോകത്തെല്ലാവര്‍ക്കും ഹജ്ജ് കർമം കാണാനും  സാധിക്കുന്നുണ്ട്. ആകയാല്‍ ഹജ്ജിന്റെ ബഹുമുഖ സദ്ഫലങ്ങള്‍ വളരെ വ്യാപകമാവേണ്ടതുണ്ട്. ഹജ്ജിന്റെ മഹത് സന്ദേശം സര്‍വര്‍ക്കും അനുഭവവേദ്യമാകേണ്ടതുമുണ്ട്.
ഹജ്ജിനെ വിലയിടിച്ചു കാണാനും ഇകഴ്ത്താനും മതവിരുദ്ധരും ഭൗതികവാദികളും പല മാര്‍ഗേണ ശ്രമിക്കാറുണ്ട്. 'എന്തിനാണ് പുണ്യം തേടി അങ്ങോട്ട് പോകുന്നത്? ഇവിടെയൊന്നും പുണ്യമില്ലേ?' എന്നിങ്ങനെ ഹജ്ജിന് പോകുന്നവരെ പരിഹസിക്കുന്നതും, കഥകളിലും നാടകങ്ങളിലും സിനിമകളിലും മറ്റും 'ഹാജി'യെ ദുഷ്ട കഥാപാത്രമായി അവതരിപ്പിക്കുന്നതും ഇസ്‌ലാം വിരോധത്താലാണ്.  ഒറ്റപ്പെട്ട ചില ഹാജിമാരെ മുന്‍നിര്‍ത്തി, ഉള്ളതും ഇല്ലാത്തതും കൂട്ടിക്കലര്‍ത്തി കുപ്രചാരണം നടത്തുന്നവര്‍ മനസ്സിലാക്കേണ്ടത്, അങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവരങ്ങനെ ആയിത്തീര്‍ന്നത് ഒരിക്കലും ഹജ്ജ് കാരണമായിട്ടല്ല. ഹജ്ജ് ലക്ഷക്കണക്കിന് ആളുകളിലുണ്ടാക്കിയ/ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന  നന്മകളോടുള്ള അഭിനിവേശത്തെ കാണാനോ അറിയാനോ ഒട്ടും മിനക്കെടാതെ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ചും വക്രീകരിച്ചും കുപ്രചാരണം നടത്തുന്നവര്‍ ഇസ്‌ലാമിന്റെ ഒരു പ്രമുഖ സ്തംഭത്തെയും അതുവഴി ഇസ്‌ലാമിനെയും അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഹജ്ജിന് പകരം ഹജ്ജേ ഉള്ളൂ. അതിലൂടെ ആര്‍ജിക്കാവുന്ന പുണ്യവും നന്മയും മറ്റൊന്നിലൂടെ ലഭ്യമാകില്ല. ആകയാല്‍ ഹജ്ജിന് പകരം മറ്റേതെങ്കിലും പുണ്യകര്‍മം അനുഷ്ഠിച്ചാല്‍ ഒരിക്കലും മതിയാകില്ല. ഹാജിമാര്‍ക്ക് സ്‌നേഹാദരപൂര്‍വം യാത്രയയപ്പ് നല്‍കുന്നതും മറ്റും സമ്പന്നരെ ആദരിക്കലായി ചിത്രീകരിക്കുന്നവര്‍ കമ്യൂണിസ്റ്റ് ചിന്ത ഉണ്ടാക്കുന്ന അസൂയ എന്ന മാരക മാനസിക രോഗം ബാധിച്ചവരാണ്.
വാസ്തവത്തില്‍ ഹാജിമാര്‍ ത്യാഗപൂര്‍വം പോകുന്നിടത്തോടുള്ള (മക്കയും പരിസരവും) വൈകാരിക ബന്ധവും ആദരവുമാണ് ഹജ്ജ് യാത്രയയപ്പുകളുടെയും മറ്റും പ്രേരകം. ''ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നെങ്കില്‍ അത് ഖല്‍ബുകളുടെ തഖ്‌വാ ഗുണത്തില്‍പെട്ടതാകുന്നു”(22:32), ''തീര്‍ച്ചയായും സഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാകുന്നു” (അല്‍ബഖറ), ''അവിടെ (കഅ്ബാലയ പരിസരങ്ങളില്‍) സുവ്യക്തമായ- ചിന്തോദ്ദീപകമായ- ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്” (3: 97), ''ഹജ്ജ് പ്രപഞ്ചനാഥനോടുള്ള ബാധ്യതയാണ്'' (3: 97), ഇബ്്റാഹീം നബി (അ) മുഖേന അല്ലാഹു നടത്തിയ ആഹ്വാനത്തിനുള്ള (22:27)  ഉത്തരമാണ്.  'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' (തമ്പുരാനേ, അടിയന്‍ ഇതാ ഹാജരായിരിക്കുന്നു) എന്ന തൽബിയത്തിന്റെ പൊരുള്‍ അതാണ്.
കഅ്ബാലയവും അത് നിലകൊള്ളുന്ന മക്കയും ഹാജിമാരുടേത് മാത്രമല്ല, മറിച്ച് ലോകത്തെങ്ങുമുള്ള സര്‍വ മുസ്‌ലിംകളുടേതുമാണ്. ആഗോള മുസ്‌ലിംകള്‍ കഅ്ബക്കഭിമുഖമായിട്ടാണ് പഞ്ച നേരങ്ങളില്‍ സദാ (ആജീവനാന്തം) പ്രാര്‍ഥിക്കുന്നത്. മരിച്ചാല്‍ ഖബ്റില്‍ അങ്ങോട്ട് മുഖം തിരിച്ചിട്ടാണ് കിടത്തുന്നത്. ആഗോള മുസ്‌ലിംകള്‍ കഅ്ബാലയവുമായി ഗാഢബന്ധം പുലര്‍ത്തുന്നവരാണ്/ പുലര്‍ത്തേണ്ടവരുമാണ്. ഹജ്ജിനായി തുടര്‍ച്ചയായി മൂന്നു മാസങ്ങള്‍ (ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം) യുദ്ധ നിരോധിത പാവന മാസങ്ങളായി ഇസ്‌ലാം നിര്‍ണയിച്ചത് മക്കയില്‍ മാത്രമല്ല, പ്രത്യുത ലോകത്തെല്ലായിടത്തേക്കുമാണ്. ഇത് ഹജ്ജ് അനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമല്ല, ലോകത്തെങ്ങുമുള്ള സകല മുസ്‌ലിംകള്‍ക്കുമാണ്. ദുല്‍ഹജ്ജിലെ ആദ്യത്തെ ദശദിനങ്ങള്‍ വളരെ ശ്രേഷ്ഠതയുള്ള ദിവസങ്ങളാണ്. ഇത് ഹാജിമാര്‍ക്ക് മാത്രമല്ല, എല്ലാ സത്യവിശ്വാസികള്‍ക്കുമാണ്.    
ബലിപെരുന്നാളിനോടനുബന്ധിച്ച് ബലികര്‍മം ഉദ്ദേശിക്കുന്നവര്‍ പ്രസ്തുത ദശദിനങ്ങളില്‍ ബലിയറുക്കുന്നതു വരെ നഖം വെട്ടാതെ, ക്ഷൗരം ചെയ്യാതെ മക്കയിലെ ഹാജിമാരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ട് കഴിയുന്നുണ്ട്. ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുമ്പോള്‍ ലോക മുസ്‌ലിംകള്‍ അതിനോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ട് വ്രതമനുഷ്ഠിക്കുകയും പ്രാര്‍ഥനാ നിരതരായിക്കഴിയുകയും ചെയ്യുന്നു. ദുൽഹജ്ജ് പത്തിന് തല്‍ബിയത്ത് ചൊല്ലി കല്ലെറിയാന്‍ പോയ ഹാജി തക്ബീര്‍ ചൊല്ലി മടങ്ങുമ്പോള്‍ ലോക മുസ്‌ലിംകളും അവരോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നു. തുടര്‍ന്ന് അവര്‍ അവിടെ ബലി നടത്തുമ്പോള്‍ ലോകത്തെങ്ങും കോടിക്കണക്കിന് വിശ്വാസികള്‍ ബലി നിര്‍വഹിച്ചുകൊണ്ട് ഹജ്ജിനോടും ഹാജിമാരോടും ചേര്‍ന്നുനില്‍ക്കുന്നു. ഹാജിമാര്‍ തക്ബീര്‍ ആലപിച്ച് മൂന്നു നാള്‍ (11,12,13) മിനായില്‍ കഴിച്ചുകൂട്ടുമ്പോള്‍ ലോക മുസ്‌ലിംകള്‍ ഭക്തിപൂര്‍വം തക്ബീര്‍ ധാരാളമായി മുഴക്കി മൂന്നു ദിവസവും അതിനോട് ചേര്‍ന്നുനില്‍ക്കുന്നു. ഹാജിമാര്‍ നമുക്കു വേണ്ടി പ്രാര്‍ഥിക്കുന്നു. നമ്മള്‍ ഹാജിമാര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുന്നു. ഹജ്ജനുഷ്ഠിക്കാത്തവരെല്ലാവരും അറഫ നോമ്പനുഷ്ഠിച്ചും ബലി നടത്തിയും തക്ബീര്‍ ചൊല്ലിയും ഹജ്ജിനോട് ചേര്‍ന്നുനില്‍ക്കുകയാണ്. ആകയാല്‍ ഹജ്ജ് എല്ലാവരുടേതുമാണ്. അതിന്റെ ബഹുമുഖ നന്മകള്‍ എല്ലാവര്‍ക്കും ലഭ്യവുമാണ്.
ഹജ്ജ് ആഗോള മുസ്‌ലിം സമ്മേളനമാണ്. വിശ്വമതമായ ഇസ്‌ലാം ഇതുവഴി വിശ്വപൗരന്മാരെയാണ് വാര്‍ത്തെടുക്കുന്നത്. ദേശ- ഭാഷാ- വര്‍ണ- വര്‍ഗ വിഭാഗീയതകള്‍ക്കതീതമായി വിശുദ്ധവും വിശാലവുമായ ഉത്തമ വീക്ഷണം പുലര്‍ത്തുന്ന വിശ്വ പൗരന്മാര്‍ വഴി ഉദാത്തമായ ഉദ്ഗ്രഥനവും സൃഷ്‌ട്യുന്മുഖമായ ആഗോളീകരണവുമാണ് സുസാധ്യമാകുന്നത്. മനുഷ്യന്‍ ഒരൊറ്റ കുടുംബം, ലോകം ഒരേ ഒരു തറവാട് എന്നതാണതിന്റെ പൊരുള്‍.
ഹജ്ജ് ഒരിക്കലേ നിര്‍ബന്ധമുള്ളൂ. എന്നാല്‍, ഒന്നിലേറെ ഹജ്ജ് ചെയ്യാന്‍ പാടില്ല എന്ന് വിലക്കൊന്നുമില്ല. ഹജ്ജിനെ ടൂറിസമോ പിക്‌നിക്കോ ആക്കാന്‍ പാടില്ല. മറ്റു ബാധ്യതകളൊന്നും മര്യാദക്ക് നിര്‍വഹിക്കാതെ അടിക്കടി ഹജ്ജിന് പോകുന്നത് തികച്ചും അനഭിലഷണീയമാണ്. വിശിഷ്യാ, വളരെയേറെ പേര്‍ക്ക് ഫർദായ (നിര്‍ബന്ധം) ഹജ്ജ് ചെയ്യാന്‍ പോലും അവസരം കിട്ടാതെ പോകുന്ന, മക്കയിലും പരിസരത്തും അസാധാരണമാം വിധം തിക്കും തിരക്കും വര്‍ധിച്ച ചുറ്റുപാടില്‍. എന്നാല്‍, മുന്‍ഗാമികളായ ധാരാളം പേര്‍ ഒന്നിലേറെ ഹജ്ജ് ചെയ്തവരാണ്. അന്നാരും അതിനെ വിലക്കിയിട്ടില്ല. പല കാരണങ്ങളാല്‍ ഒന്നിലേറെ ഹജ്ജ് ചെയ്യേണ്ടി വന്നേക്കാം. അങ്ങനെയുള്ളവരെ അന്ധമായി അധിക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. താനനുഷ്ഠിച്ച ഹജ്ജില്‍ അപൂര്‍ണത വരും വിധം അബദ്ധങ്ങള്‍ സംഭവിച്ചതിനാല്‍ ഹജ്ജ് വീണ്ടും ചെയ്യേണ്ടി വരുന്നവരുണ്ടാകാം. മാതാപിതാക്കള്‍ക്കു വേണ്ടി ഹജ്ജ് ചെയ്യുന്നവരുണ്ടാകാം. ഭാര്യ, പെങ്ങള്‍ തുടങ്ങിയവരോടൊപ്പം നിര്‍ബന്ധമായും അനുയാത്ര നടത്തേണ്ട നിര്‍ബന്ധാവസ്ഥയില്‍ പോകുന്നവരുണ്ടാകാം. യുവാവായിരിക്കെ ഹജ്ജ് ചെയ്ത് പിന്നീട് ദീര്‍ഘ കാലത്തിനു ശേഷം ആത്മീയ ദാഹത്താല്‍ വീണ്ടും ഒരു ഹജ്ജ് കൂടി എന്നതും ഉണ്ടാവാം. ചുരുക്കത്തില്‍, ഹജ്ജിനെ നിസ്സാരവല്‍ക്കരിക്കാനും ഹജ്ജിന് പോകുന്നവരെ ശരിക്കും വിലയിരുത്താതെ അടച്ചാക്ഷേപിക്കാനും തുനിയുന്നവര്‍ ഇസ്‌ലാമിക സൗധത്തിന്റെ സുപ്രധാന സ്തംഭത്തെ തകര്‍ക്കാന്‍ പല മാര്‍ഗേണ യത്‌നിക്കുന്ന നിര്‍മത- നിരീശ്വര വാദികളുടെ കുപ്രചാരണത്തിന് ഇന്ധനം പകരുകയാണ്.
ഇന്നത്തെ കാലത്ത് നമ്മള്‍ പണിയുന്ന വീടിന്റെ ആഡംബരം കുറച്ചാല്‍, അല്ലെങ്കില്‍ ഒരു മുറി പിന്നീട് പണിയാമെന്ന് വെച്ചാല്‍, അല്ലെങ്കില്‍ വീടിനായി വാങ്ങുന്ന ഭൂമി രണ്ടോ മൂന്നോ സെന്റ് കുറച്ചാല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിച്ചേക്കും. അങ്ങേയറ്റം സമ്പന്നത കൈവരിച്ച് എല്ലാ ആഡംബരങ്ങളും സ്വരൂപിച്ച് സകല മോഹങ്ങളും നടപ്പാക്കി ഒടുവില്‍ ചെയ്യേണ്ട ഒരു ചടങ്ങ് മാത്രമായി ഹജ്ജിനെ കാണാന്‍ പാടില്ലാത്തതാണ്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 40-50
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതൃപിതൃ പരിചരണം സ്വർഗത്തിലേക്കുള്ള വഴി
കെ.പി യൂസുഫ് പെരിങ്ങാല