Prabodhanm Weekly

Pages

Search

2023 മെയ് 12

3301

1444 ശവ്വാൽ 21

കേരളത്തെ തകർക്കാനുള്ള കള്ളക്കഥകൾ!

ശമീമ സക്കീർ

ഗുജറാത്ത് കലാപത്തെ ആസ്പദമാക്കി രാകേഷ് ശർമ സംവിധാനം ചെയ്ത, 2004-ൽ ഇറങ്ങിയ ‘ഫൈനൽ സൊല്യൂഷൻ' എന്ന ചിത്രം സി.ബി.എഫ്.സി ഇന്ത്യയിൽ നിരോധിച്ചിരുന്നു. ചിത്രത്തിൽ കള്ളം പറയുന്നതായി ആരോപണം ഉയർന്നതുകൊണ്ടായിരുന്നില്ല, മറിച്ച് സത്യം പറയുന്നു എന്നതായിരുന്നു നിരോധിക്കാനുള്ള കാരണം. 2007-ൽ ഇറങ്ങിയ 'പർസാനിയ' എന്ന ചിത്രം ഇന്ത്യയിൽ ഔദ്യോഗികമായി നിരോധിച്ചില്ലെങ്കിലും, ഗുജറാത്തിലെ ഒരൊറ്റ തിയേറ്ററിൽ പോലും പ്രദർശിപ്പിച്ചില്ല. അക്രമം ഭയന്നിട്ടാണ്  ചിത്രം പ്രദർശിപ്പിക്കാത്തതെന്ന് തിയേറ്റർ ഉടമകൾ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് കലാപമാണ് ഈ ചിത്രത്തന്റെയും പശ്ചാത്തലം.
ഗുജറാത്ത് കലാപത്തെപ്പറ്റി 2023-ൽ പുറത്തിറക്കിയ, ബി.ബി.സി ഡോക്യുമെന്ററിയും ഇന്ത്യയിൽ നിരോധിച്ചു. ഇവയ്ക്കെല്ലാം പുറമേ ധാരാളം സിനിമകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  വലിയ പ്രതിഷേധങ്ങൾ സംഘ് പരിവാർ  രാജ്യത്ത് നടത്തിയിട്ടുണ്ട്. ഷാരൂഖ് ഖാൻ നായകനായ 'പത്താൻ' സിനിമക്കെതിരെ സംഘ് പരിവാർ നടത്തിയ കൊണ്ടുപിടിച്ച കോലാഹലങ്ങൾ സമീപകാല അനുഭവമാണ്.
ആ സിനിമകളിലും ഡോക്യുമെന്ററികളിലും വ്യാജ സന്ദേശങ്ങളുണ്ട്, വംശീയത പ്രചരിപ്പിക്കുന്നു, കള്ളങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉയർന്നതുകൊണ്ടായിരുന്നില്ല നിരോധങ്ങളുണ്ടായതും തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടതും. മറിച്ച്, ഹിന്ദുത്വവാദികളുടെ താൽപര്യങ്ങൾക്ക് എതിരായിരുന്നു അവയുടെ ഉള്ളടക്കം എന്നതോ,  താരങ്ങളുടെയോ അതിൽ ഭാഗഭാക്കായവരുടെയോ  മതവും വംശവും സംഘ് പരിവാറിന് പിടിച്ചില്ല എന്നതോ ഒക്കെയായിരുന്നു കാരണങ്ങൾ.
എന്നാൽ, ഇപ്പോൾ വിവാദമായ 'ദ കേരള സ്റ്റോറി' എന്ന സിനിമ, കള്ളങ്ങൾ നിറച്ചതും വർഗീയത പ്രചരിപ്പിക്കുന്നതും ആണെന്ന് വ്യാപകമായി വിമർശനമുയർന്നിട്ടും 'സിനിമയെ സിനിമയായി കണ്ടാൽ പോരേ' എന്ന് ചോദിക്കുന്നത് എന്ത് മാനദണ്ഡപ്രകാരമാണ്? മറ്റു സിനിമകളുടെ കാര്യത്തിൽ, സംഘ് പരിവാർ ഉന്നയിച്ച നിരോധന ന്യായങ്ങളൊന്നും 'കേരള സ്റ്റോറി'ക്ക് ബാധകമാകാത്തത് എന്തുകൊണ്ടാണ്?

'കേരള സ്റ്റോറി'യുടെ കഥ
‘ദ കേരള സ്റ്റോറി’ എന്ന പേരിൽ വിപുൽ അമൃത് ലാൽ ഷാ നിർമാണം നിർവഹിച്ച് സുദീപ്്തോ സെൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലർ 2023 ഏപ്രിൽ 26-നാണ് പുറത്തിറക്കുന്നത്. തൊട്ടുപിന്നാലെ ധാരാളം പ്രമുഖർ ട്വീറ്റുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ചിത്രം കാണാൻ പ്രോത്സാഹിപ്പിച്ച്  ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്നു.
2022 നവംബറിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും, ബുർഖ ധാരിയായ ഒരു സ്ത്രീകഥാപാത്രം നഴ്‌സ് ആകാൻ ആഗ്രഹിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന ഹിന്ദുവായ തന്റെ ഭൂതകാലം വിവരിക്കുകയുമാണ്. താൻ നിലവിൽ അഫ്ഗാനിസ്താൻ ജയിലിൽ കഴിയുന്ന ഐസിസ് തീവ്രവാദിയാണെന്നും ഫാത്തിമ  എന്ന പേരിലാണ് ഇപ്പോൾ എന്നും, തന്നെപ്പോലെ ഇസ്്ലാംമതം സ്വീകരിച്ച് സിറിയയിലേക്കും യമനിലേക്കും അയച്ച കേരളത്തിൽ നിന്നുള്ള 32,000 പെൺകുട്ടികളുണ്ടെന്നും ഫാത്തിമ പറയുന്നു. “സാധാരണ പെൺകുട്ടികളെ  തീവ്രവാദികളാക്കി മാറ്റാനുള്ള അപകടകരമായ കളിയാണ് കേരളത്തിൽ നടക്കുന്നത്, അതും എല്ലാവരുടെയും കൺമുന്നിൽ...” എന്ന് വളരെ ഭയവിഹ്വലമായ ഭാവത്തോടെ അവർ തുടർന്ന് സംസാരിക്കുന്നതാണ് ടീസർ.
കേരളത്തിൽനിന്നുള്ള ഒരു സ്ത്രീയുടെ യഥാർഥ കഥയാണെന്ന് പറഞ്ഞു/സൂചിപ്പിച്ച് നിരവധി വ്യക്തികൾ ടീസർ പങ്കിടുകയും അതിൽ ഭൂരിപക്ഷം ആളുകളും  #TrueStory എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുകയും ചെയ്യുന്നതായി കാണാൻ കഴിയും.
ഹിന്ദുത്വ ആക്ടിവിസ്റ്റ് കാജൽ ഷിംഗ്‌ല ചിത്രത്തിന്റെ ടീസർ പങ്കിട്ടുകൊണ്ട് എഴുതിയത് 'യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രം' എന്നാണ്.
ട്രെയിലർ ട്വീറ്റ് ചെയ്തുകൊണ്ടുള്ള ഒരു വിവരണം ഇങ്ങനെയാണ്: 'ചിത്രം ലൗ ജിഹാദ് - തട്ടിക്കൊണ്ടുപോകൽ - ബലാത്സംഗം- കൊലപാതകം- ബ്ലാക്ക്‌മെയിൽ - തീവ്രവാദം - ഇസ്്ലാമിക് സ്റ്റേറ്റ്  എന്നതിന്റെ യഥാർഥ കഥയാണ്.
സിനിമയുടെ ടീസർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ സുദീപ്്തോ സെൻ ട്വീറ്റ് ചെയ്യുന്നത് 'ശാലിനി, ഗീതാഞ്ജലി, നിമ, ആസിഫ എന്നിവർ കഴിഞ്ഞ 5 വർഷക്കാലമായി എന്റെ ജീവിതരേഖയുടെ അടയാളപ്പെടുത്തലാകുന്നു. അവരുടെ കഥകൾ നിങ്ങളോട് പറയുന്നതുവരെ അത് എന്നെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. നിങ്ങൾ വിദൂര ഭാവനയിൽ പോലും ഒരിക്കലും സങ്കൽപിച്ചിട്ടില്ലാത്ത യാഥാർഥ്യമായ ഒരു സിനിമ  ഉടൻ നിങ്ങൾക്ക് കാണാൻ സാധിക്കും ' എന്നാണ്.
2022 മാർച്ചിൽ The Print-ൽ പ്രസിദ്ധീകരിച്ച ANI-യുമായുള്ള സംഭാഷണത്തിൽ സെൻ പറയുന്നത് “അടുത്തിടെ നടത്തിയ ഒരു അന്വേഷണമനുസരിച്ച്, 2009 മുതൽ കേരളത്തിൽനിന്നും മംഗലാപുരത്തുനിന്നും ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽനിന്നുള്ള ഏകദേശം 32,000 പെൺകുട്ടികൾ ഇസ്്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു, അവരിൽ ഭൂരിഭാഗവും സിറിയയിലും അഫ്ഗാനിസ്താനിലും ഐസിസിന് സ്വാധീനമുള്ള പ്രദേശങ്ങളിലും ആണെന്നുമാണ്. ഈ വസ്‌തുതകൾ സർക്കാർ അംഗീകരിക്കുന്നുണ്ടെങ്കിലും, ISIS-ന്റെ സ്വാധീനമുള്ള ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള അത്തരം വലിയ അന്താരാഷ്ട്ര ഗൂഢാലോചനകൾക്കെതിരെ ഒരു കൃത്യമായ പ്രവർത്തന പദ്ധതിയും സർക്കാർ ആലോചിക്കുന്നില്ല " എന്നു തുടങ്ങി വളരെ ഗുരുതരവും വസ്തുതാവിരുദ്ധവും അപകടകരവും മുസ്്ലിംവിരുദ്ധവും വ്യാജവുമായ പ്രസ്താവനകളാണ് സുദീപ്്തോ സെൻ തുടക്കം മുതൽ നടത്തിക്കൊണ്ടിരിക്കുന്നത്. സുദീപ്്തോയുടെ ആദ്യ ശ്രമമല്ല ഇത്. മുമ്പ് ലൗ ജിഹാദിനെപ്പറ്റി ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട് കക്ഷി. ഉള്ളടക്കം ഇതേ നുണതന്നെ. 
'കേരള സ്റ്റോറി'യുടെ സംവിധായകൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം മാത്രം മുറിച്ചെടുത്ത് ചെറിയ വീഡിയോ ആക്കി ഹിന്ദുത്വ അനുകൂല ചാനലായ സൺ ഷൈൻ പിക്ചേഴ്സിൽ അപ്‌ലോഡ് ചെയ്തിരുന്നു. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം വ്യൂ ഈ വീഡിയോയ്ക്ക് ലഭിച്ചു. അതിന്റെ ഡിസ്ക്രിപ്ഷൻ ഇങ്ങനെയാണ്:
Kerala love jihad stats: "30,000+ girls forcibly converted to Islam in 10 years. It is on public record that more than 30,000 girls have been duped & forcibly converted to Islam over the past ten years alone: National award winning filmmaker, Sudipto Sen on Kerala's love jihad.
2010-ൽ കേരള അസംബ്ലിയിൽ, ഒരു വർഷം 2800 മുതൽ 3200 വരെ പെൺകുട്ടികൾ ഇസ്്ലാമിലേയ്ക്ക് മതപരിവർത്തനം ചെയ്യപ്പെടുന്നുണ്ട് എന്ന് ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത് (അതുതന്നെ കളവാണ്). അടുത്ത പത്ത് വർഷത്തേയ്ക്ക് ഇതേ തോതിലുള്ള മതംമാറ്റം തുടർന്നാൽ 32,000 സ്ത്രീകൾ മതം മാറ്റപ്പെട്ടിട്ടുണ്ടാവും എന്ന് അദ്ദേഹം കണക്കാക്കുന്നു.  ആ 32,000 ആണ് അദ്ദേഹത്തിന്റെ സിനിമയിൽ വന്നിട്ടുള്ള 32,000!
അല്ലാതെ ലോകം മുഴുവനായി മതം മാറിയ പെൺകുട്ടികളുടെ എണ്ണമല്ല! കേരളത്തിൽ മാത്രം മതം മാറ്റപ്പെട്ട പെൺകുട്ടികളുടെ എണ്ണം 32,000 വരും എന്ന ഈ കണക്കാണ് സംഘ് പരിവാർ അനുകൂല ചാനലുകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ സംഭവിച്ചത്, ബേസ്ഡ് ഓൺ ട്രൂസ്റ്റോറി എന്നൊക്കെയുള്ള ലേബലുകളിൽ വരുന്ന 'കേരള സ്റ്റോറി' റിലീസിനു മുമ്പുതന്നെ ഉത്തരേന്ത്യയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സുദീപ്്തോയും സിനിമയും പ്രധാനമായും പറയുന്നത് കേരളത്തിൽ പത്തുവർഷത്തിനിടെ 32,000 സ്ത്രീകളെ ബലമായും പ്രേമം നടിച്ചുമൊക്കെ ഇസ്്ലാമിലേക്ക് മതം മാറ്റിയിട്ടുണ്ട്, ഇവരിൽ ഭൂരിപക്ഷവും ഐസിസിൽ ചേർന്ന് സിറിയയിലും മറ്റും എത്തിപ്പെട്ടു എന്നാണ്. കേരളത്തിലെ എല്ലാ മുസ്്ലിം സംഘടനകളും ഐ.എസിനെ അതിശക്തമായി തള്ളിപ്പറഞ്ഞതൊന്നും സംവിധായകന്റെ ശ്രദ്ധയിൽ പെടുന്നുമില്ല.
ഇതിനുള്ള തെളിവുകളെന്ന് സുദീപ്്തോ പറയുന്നത് രണ്ട് മുൻ കേരള മുഖ്യമന്ത്രിമാരുടെ വാക്കുകളാണ്. മതം മാറിയവരുടെ എണ്ണത്തിന്റെ കാര്യത്തിൽ ഉമ്മൻചാണ്ടിയെയും, എങ്ങനെ മതം മാറ്റുന്നു, അഥവാ 'ലൗ ജിഹാദ്' എങ്ങനെ വർക്കൗട്ടാകുന്നു എന്നതിന് വി.എസിനെയും സുദീപ്്തോ ഉദ്ധരിക്കുന്നു.
സുദീപ്്തോ 32,000 എന്ന കണക്കിലേക്കെത്തുന്നത് 2012-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞൊരു സംഖ്യയിൽനിന്നാണ്. 2006-2012 ആറു വർഷത്തിനിടെ 2667 പേർ കേരളത്തിൽ ഇസ്്ലാമിലേക്ക് മതം മാറിയിട്ടുണ്ട് എന്നായിരുന്നു പ്രസ്താവന. അവ ചതിയായോ നിർബന്ധിതമായോ അല്ലയെന്നും ആ പ്രസ്താവനയിലുണ്ട്, അത് സുദീപ്്തോ വിട്ടുകളഞ്ഞു. മതപരിവർത്തനത്തിനും മതസ്വാതന്ത്ര്യത്തിനും അവകാശമുള്ള ഒരു രാജ്യത്ത് ഇതുപോലെ എല്ലാ മതങ്ങളിൽനിന്നും അങ്ങോട്ടുമിങ്ങോട്ടും ധാരാളം മതപരിവർത്തനങ്ങൾ നടക്കാറുണ്ട്. 6 വർഷത്തിൽ 2667 പേർ എന്ന കണക്കിനെ സുദീപ്്തോ ആദ്യം ചെയ്തത് അത്രയും പേർ മതം മാറിയത് ഒറ്റ വർഷത്തിലാണെന്ന് തെറ്റായി വ്യാഖ്യാനിക്കുകയാണ്. അതും സുദീപ്്തോയുടെ കണക്കിൽ ആ സംഖ്യ ഉയർന്ന് 3200 വരെ ആകുന്നു. ഒരു കൊല്ലം 3200 പേരെങ്കിൽ പത്തുകൊല്ലത്തിൽ എത്ര പേരെന്ന  സുദീപ്്തോയുടെ 'കണക്കുകൂട്ടൽ' ആണ്, 32,000!
ഇതൊന്നും ലൗ ജിഹാദ് അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അവഗണിച്ച്, താൻ ഊഹിച്ചെടുത്ത കള്ളക്കണക്കിൽ ഭൂരിപക്ഷവും  ഐസിസിൽ ചേർന്ന് സിറിയയിലും മറ്റും എത്തിയെന്നും സുദീപ്്തോ സ്വന്തം നിലയിൽ നിഗമനത്തിലെത്തുന്നു. അതായത്, ഉമ്മൻ ചാണ്ടി പറഞ്ഞതിനെ ബോധപൂർവം തെറ്റിദ്ധാരണാജനകമായി വളച്ചൊടിച്ച്, ഇവിടെ ഗുരുതരമായ നിലയിൽ നിർബന്ധിത മതപരിവർത്തനവും ഐ. എസ്.ഐ.എസ് റിക്രൂട്ട്മെന്റും തീവ്രവാദവും നടക്കുന്നു എന്ന നിഗമനത്തിൽ എത്തുകയാണ് സുദീപ്്തോ.
സംവിധായകന്റെ തീർത്തും വ്യാജമായ ഈ അവകാശവാദമാണ് പിന്നീട് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളുടെ ഫലമായി യുട്യൂബ് ചാനലിലെ ഡിസ്ക്രിപ്ഷനിൽനിന്ന് മാത്രം ഒഴിവാക്കപ്പെട്ടത്. 'കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ’ എന്നായിരുന്നു സണ്‍ഷൈന്‍ പിക്‌ചേഴ്‌സിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറില്‍ നല്‍കിയിരുന്ന അടിക്കുറിപ്പ്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയർന്നു.  32,000 പേരെ മതംമാറ്റി സിറിയയിലേക്ക് അയച്ചു എന്ന വാദത്തിന് തെളിവ് നൽകുകയാണെങ്കിൽ ഇനാം നൽകാമെന്ന പ്രഖ്യാപനമുണ്ടായി. തൊട്ടു പിന്നാലെ  ‘ദ കേരള സ്റ്റോറി’യുടെ വിവരണത്തില്‍ നിന്ന് ‘32,000 സ്ത്രീകളുടെ കഥ’ എന്നത് അപ്രത്യക്ഷമായി;  പകരം ‘കേരളത്തില്‍നിന്നുള്ള മൂന്ന് യുവതികളുടെ കഥ’ എന്നാണ് യുട്യൂബ് ട്രെയിലറില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിവരണം.
സിനിമയിലെ നായിക അദാ ശർമ തന്റെ അഭിമുഖത്തിൽ പറയുന്നത്,  32,000 അല്ല മൂന്നു പേർ ആണെങ്കിൽ പോലും വിഷയം ഗൗരവമുള്ളതല്ലേ എന്നാണ്.  കേരളത്തിൽ ജനിച്ച താങ്കൾക്ക് ഇത്തരം ധാരാളം അനുഭവങ്ങൾ ഉണ്ടാകുമല്ലോ എന്ന് പത്രപ്രവർത്തകൻ ആരാഞ്ഞു. സ്കൂളിലോ കോളേജിലോ വെച്ച്, സിനിമയിൽ പറഞ്ഞതുപോലെയുള്ള നിർബന്ധിത മതപരിവർത്തനം നടന്ന അനുഭവങ്ങൾ പറയാൻ ആവശ്യപ്പെട്ടപ്പോൾ, താൻ ജനിച്ചത് കേരളത്തിലാണെങ്കിലും  പഠിച്ചതെല്ലാം മുംബൈയിലാണ്, അതുകൊണ്ട് അത്തരം അനുഭവങ്ങൾ ഒന്നുമില്ല, കേരളത്തിൽ വരാറുണ്ട്, പാലക്കാടുള്ള ബന്ധുവീട്ടിൽ നിൽക്കാറുണ്ട് , ആ പ്രദേശത്ത് പ്രശ്നമൊന്നുമില്ല, അവിടെയില്ല എന്നു വെച്ച് എവിടെയും ഇല്ല എന്ന് പറയാൻ പറ്റില്ലല്ലോ എന്നൊക്കെയായിരുന്നു മറുപടി.
'ദ കേരള സ്റ്റോറി’ക്ക് എ സര്‍ട്ടിഫിക്കറ്റോടെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം നിര്‍ദേശിച്ചത്. സിനിമയിലെ ചില സംഭാഷണങ്ങള്‍ ഒഴിവാക്കാനും കേരള മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിര്‍ദേശിക്കപ്പെട്ടു. ‘ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍’ എന്ന സംഭാഷണത്തില്‍നിന്ന് ‘ഇന്ത്യന്‍’ എന്ന വാക്ക് നീക്കാനും ഹിന്ദു ദൈവങ്ങളെ മോശമാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനഃക്രമീകരിക്കാനും, കമ്യൂണിസ്റ്റ് നേതാക്കൾ പൂജ പോലെയുള്ള ചടങ്ങിൽ പങ്കെടുക്കില്ല എന്ന ഡയലോഗ് ഒഴിവാക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത് പിന്നീടാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നവർ ഈ സിനിമ നിരോധിക്കണം എന്നു പറയുന്നത് ഇരട്ടത്താപ്പാണ്, ദേശസ്നേഹമില്ലായ്മയാണ് എന്നെല്ലാമാണ് സംഘ് പരിവാർ അനുകൂല വൃത്തങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ മുസ്്ലിം കമ്യൂണിറ്റിക്കെതിരെ ഇത്ര ഭീകരമായ  കള്ളം കെട്ടിച്ചമക്കുന്നത് എങ്ങനെയാണ് ആവിഷ്കാര സ്വാതന്ത്ര്യമാകുന്നത്! കഴിഞ്ഞ 10 വർഷമായി ഇസ്്ലാമിക് സ്റ്റേറ്റിൽ ചേർന്ന വിദേശ സ്ത്രീകളുടെ എണ്ണം 4317 എന്നാണ് യു.എൻ അന്വേഷണ ഏജൻസി നൽകുന്ന കണക്ക്. പിന്നെ കേരളത്തിൽനിന്ന് മാത്രമായി എങ്ങനെ 32,000 ഉണ്ടായി?
ഐക്യരാഷ്ട്ര സഭയുടെ 2019-ലെ കണക്കുകൾ പ്രകാരം 120 രാജ്യങ്ങളിൽ നിന്നായി 40,000 അന്താരാഷ്ട്ര ചാവേറുകളാണ് ഇസ്്ലാമിക് സ്റ്റേറ്റിനുള്ളത്.അതിൽ 1% പോലും ഇന്ത്യയിൽ നിന്നില്ല. 'ബിയോണ്ട് ദി ഖിലാഫേറ്റ് 2017' എന്ന തലക്കെട്ടിലുള്ള UN ന്റെ സൗഫാൻ ഗ്രൂപ്പ് റിപ്പോർട്ട് പ്രകാരം 110 രാജ്യങ്ങളിൽ നിന്ന് ലോകമൊട്ടാകെ ഐ.എസിൽ ചേർന്നവർ  43,000. ഇതിലും ഇന്ത്യയിൽനിന്ന് ആരും ഇല്ല.
2018 ജൂലൈയിലെ ഇന്റർനാഷനൽ സെന്റർ  ഫോർ ദി കിംഗ്സ് കോളേജിൽ റാഡിക്കലൈസേഷൻ (ICSR) പഠനവും ലണ്ടൻ ഒഫീഷ്യൽ ഡാറ്റയും അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പ്രകാരം ഇസ്്ലാമിക് സ്റ്റേറ്റിൽ ചേർന്ന വിദേശ തീവ്രവാദികളുടെ എണ്ണം ആകെ 41,490 പേർ - 32,809 പുരുഷന്മാർ, 80 രാജ്യങ്ങളിൽനിന്നുള്ള 4,761 സ്ത്രീകൾ,  4,640 കുട്ടികൾ. കേന്ദ്ര സർക്കാരും NIA യും അവരുടെ അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകിയത് പ്രകാരം, ഇന്ത്യയിൽനിന്ന്  ഒരു വിഭാഗത്തിലെയും സ്ത്രീകളെയോ പെൺകുട്ടികളെയോ ആരും നിർബന്ധിച്ച് തട്ടിക്കൊണ്ടുപോയി  മതം മാറ്റി വിവാഹം കഴിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നില്ല. ലൗ ജിഹാദ് പോലുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നുമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 155 പേരാണ് ഇന്ത്യയിൽനിന്ന് മൊത്തത്തിൽ ഐസിസിൽ ചേർന്നിട്ടുള്ളത്. NIA രജിസ്റ്റർ ചെയ്ത കേസുകളടക്കം 160- 200 കേസുകൾ ഇതുവരെ ഉണ്ട്. ഇതിൽ 20-25% ആണ് കേരളത്തിൽനിന്ന് ഐസിസിലേക്ക് പോയത്. അതായത്, ഏറിയാൽ 25-50 പേർ കേരളത്തിൽനിന്ന് ഇതുവരെ ഐസിസിൽ ആകൃഷ്ടരായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അവരിൽ തന്നെ 4 സ്ത്രീകളാണുള്ളത്, അടുത്ത കാലത്തുവരെ വാർത്തകളിൽ നിറഞ്ഞിരുന്ന, മതം മാറി സിറിയയിൽ പോയ നിമിഷ ഫാത്തിമയും റഫേലയും പാലക്കാട്ടെ സോണിയയും മെർലിനും ആണവർ. ഈ നാലു സ്ത്രീകൾ എന്ന സംഖ്യയെ ആണ് സുദീപ്്തോ മുപ്പത്തിരണ്ടായിരം ആക്കിയത്. ഇല്ലാത്ത കഥ സത്യമാക്കാൻ 8000 ഇരട്ടിയുടെ നുണക്കഥ!
കേരളത്തിൽ ലൗ ജിഹാദ് ആരോപണം പ്രധാനമായും കൊണ്ടുവന്നത് ക്രിസ്ത്യൻ സംഘടനയായ 'കാസ' ആയിരുന്നു. ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്്ലിം പുരുഷന്മാർ ദുരുദ്ദേശ്യപരമായി പ്രണയിച്ച് കല്യാണം കഴിച്ചു മതം മാറ്റുന്നു എന്നായിരുന്നു കേരളത്തിലെ അവരുടെ ആരോപണം. അത് സംഘ് പരിവാറും ഏറ്റുപിടിച്ചു.
ഇതിനെത്തുടർന്ന് കേരള ഹൈക്കോടതി തന്നെ അന്വേഷണത്തിനു ഉത്തരവിടുകയും സംസ്ഥാന അന്വേഷണ ഏജൻസികളും NIA പോലുള്ള കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുകയും ചെയ്തു. ചതിയിലൂടെയോ ബലപ്രയോഗത്തിലൂടെയോ ഇവിടെ മതംമാറ്റം നടക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന ഒരു തെളിവും ഒരു അന്വേഷണ ഏജൻസിക്കും കണ്ടെത്താനായില്ല. ലൗ ജിഹാദ്  മുസ്്ലിംകൾക്കെതിരെ വംശീയതയും വ്യാജവും പ്രചരിപ്പിക്കാനുള്ള ആയുധമാണെന്ന് പിന്നീട് തിരിച്ചറിയപ്പെട്ടു. ഹൈക്കോടതിയും സുപ്രീം കോടതിയും വരെ കേസ് പരിശോധിച്ചു ആ ആരോപണം തള്ളി.  കർണാടകയിലും ഇതേ ആരോപണം വരികയും അവിടെയും അന്വേഷണം നടക്കുകയും അവിടത്തെ ഹൈക്കോടതി കേസ് തള്ളുകയുമുണ്ടായിട്ടുണ്ട്.
കിട്ടുന്ന അവസരങ്ങളിലെല്ലാം സംഘ് പരിവാറും കേരളത്തിൽ കാസയും  പടച്ചുവിടുന്ന  ലൗ ജിഹാദ്, തീവ്രവാദ റിക്രൂട്ട്മെൻറ് വ്യാജങ്ങൾക്ക് സാധൂകരണങ്ങൾ രൂപപ്പെടുത്തുന്നതിനു വേണ്ടി ലഭ്യമാകുന്ന അവസരങ്ങളെല്ലാം സമർഥമായി അവർ ഉപയോഗപ്പെടുത്തുന്നു. അതിനായി നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നു.
അതായത്, ലൗ ജിഹാദെന്ന് ആരോപിക്കപ്പെട്ട് ഇവിടെ കോളിളക്കമുണ്ടാക്കിയ കേസുകളിലെല്ലാം തന്നെ, ആരോപണമുയർത്തിയ സ്വകുടുംബങ്ങൾ തന്നെ പിന്നീട്, അവയൊന്നും ലൗ ജിഹാദ് ആയിരുന്നില്ലെന്നും ചതിയായിരുന്നില്ലെന്നും തിരിച്ചറിഞ്ഞു. വലിയ അലകളുയർത്തുന്ന വാർത്തകളേ നാം കാണുന്നുള്ളൂ. അന്ന് തള്ളിപ്പറഞ്ഞവർ തിരിച്ചറിവുകളിലേക്കെത്തുന്നത് ഇവിടെ ചർച്ചയാക്കപ്പെടാറില്ല. l

Comments