Prabodhanm Weekly

Pages

Search

2023 മെയ് 05

3300

1444 ശവ്വാൽ 14

അനന്തരാവകാശ നിയമത്തിലെ തലതിരിഞ്ഞ

ഡോ. യൂസുഫുല്‍ ഖറദാവി

പൊതു നന്മ പരിഗണിച്ച് അനന്തരസ്വത്തില്‍ സ്ത്രീ- പുരുഷ സമത്വാവകാശം നല്‍കണമെന്ന ആവശ്യം ഖുര്‍ആനിലെ ഖണ്ഡിത പ്രമാണങ്ങള്‍ക്ക് എതിരാകുന്നു. ഇത്തരമൊരു അവകാശവാദമുന്നയിച്ചവരിലൊരാളാണ് അറബ് രാഷ്ട്രമായ തുനീഷ്യയുടെ പ്രഥമ പ്രസിഡന്റ് ഹബീബ് ബൂറഖീബ. അനന്തരസ്വത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം ലഭിക്കും വിധം ഗവേഷണം (ഇജ്തിഹാദ്) നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഖുര്‍ആനിലെ ഖണ്ഡിത പ്രമാണത്തിനു വിരുദ്ധമായിരുന്നു ഈ പ്രസ്താവന. അല്ലാഹു പറയുന്നു: ''നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്'' (അന്നിസാഅ് 11). പ്രവാചകന്റെ കാലം മുതല്‍ ഇന്നുവരെ മുസ്്‌ലിംകള്‍ ഏകോപിച്ച അഭിപ്രായത്തിനു വിരുദ്ധമാണ് ബൂറഖീബയുടെ വാദം. അദ്ദേഹം എഴുതുന്നു: ''ഒരു അനീതിയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. എന്റെ ദൗത്യം പൂര്‍ത്തിയാകുന്നതിന് മുമ്പായി ഈ അനീതി പരിഹരിക്കാന്‍ ഞാന്‍ പരമാവധി പരിശ്രമിക്കും. സ്ത്രീ -പുരുഷ സമത്വ സാക്ഷാത്കാരമാണ് ഞാനുദ്ദേശിക്കുന്നത്. വിദ്യാലയങ്ങളിലും തൊഴിലിലും കാര്‍ഷിക വൃത്തിയിലും പോലീസ് സേനയിലും സ്ത്രീ-പുരുഷ സമത്വം കാണാമെങ്കിലും അനന്തരാവകാശ വിഹിതത്തില്‍ അത് നേടാനായിട്ടില്ല. അനന്തരസ്വത്തില്‍ ഇപ്പോഴും പെണ്ണിന്റെ ഇരട്ടി ഓഹരി പുരുഷന് ലഭിച്ചുകൊണ്ടിരിക്കുന്നു.
പുരുഷന് സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരം (ഖവ്വാമത്ത്) നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ തത്ത്വത്തിന് ന്യായീകരണമുണ്ടായിരിക്കാം. യഥാര്‍ഥത്തില്‍ പ്രവാചകന്റെ കാലത്ത് സ്ത്രീക്കും പുരുഷന്നും തുല്യത അനുവദിക്കാത്ത സാമൂഹികാവസ്ഥയായിരുന്നു നിലനിന്നിരുന്നത്. പെണ്‍കുട്ടികള്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു. സ്ത്രീയെ നിന്ദ്യമായി കണ്ടിരുന്ന സാമൂഹിക ഘടന. എന്നാല്‍, ഇക്കാലത്ത് സ്ത്രീകള്‍ തൊഴില്‍ മേഖലകളില്‍ മുന്നേറുന്നു. ചിലയിടങ്ങളില്‍ അവളുടെ ഇളയ സഹോദരങ്ങളുടെ സംരക്ഷണോത്തരവാദിത്വം അവള്‍ ഏറ്റെടുത്തേക്കാം. ഈ വിഷയം വിശകലന വിധേയമാകുന്ന ഗവേഷണ പഠനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുക യുക്തിസഹമായിരിക്കില്ല. സാമൂഹിക പുരോഗതിക്കൊത്ത് ശര്‍ഈ നിയമങ്ങള്‍ (അല്‍ അഹ്കാമുശ്ശര്‍ഇയ്യ) പരിവര്‍ത്തിപ്പിക്കേണ്ടതിന്റെ സാധ്യതകള്‍ നാം അന്വേഷിക്കേണ്ടതാണ്.
ഇതിന് മുമ്പ് വിശുദ്ധ ഖുര്‍ആന്‍ വചനത്തിന്റെ ആശയത്തിന്റെ വെളിച്ചത്തില്‍ ഇജ്തിഹാദിലൂടെ ബഹുഭാര്യത്വം നാം വിലക്കിയിട്ടുണ്ട്. ഉമ്മത്തിന്റെ പൊതു താല്‍പര്യം ആവശ്യപ്പെടുന്നുവെങ്കില്‍ അനുവദനീയമായ ഒരു പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഭരണാധികാരിക്ക് (ഇമാം) ഇസ്്‌ലാം അവകാശം നല്‍കുന്നുണ്ടല്ലോ. 'സത്യവിശ്വാസികളുടെ കൈകാര്യ കര്‍ത്താക്കളാണ് ഭരണാധികാരികള്‍' എന്ന സവിശേഷാവകാശത്തിന്റെ വെളിച്ചത്തില്‍ ഭരണാധികാരിയുടെ അധികാരമുപയോഗിച്ച് ജനങ്ങളുടെ പുരോഗതിക്കും നീതിസങ്കല്‍പത്തിന്റെ വികാസ പരിണാമത്തിനും ജീവിത ശൈലീമാറ്റത്തിനും അനുസരിച്ച് നിയമവിധികള്‍ (അഹ്കാം) പരിഷ്‌കരിക്കേണ്ടതാണ്.''
അടിമുടി തിരസ്‌കരിക്കപ്പെടേണ്ട അഭിപ്രായമാണിത്. മൂന്ന് പരിഗണനകള്‍ വെച്ചുകൊണ്ട് ഈ അഭിപ്രായം നിരര്‍ഥകവും തള്ളപ്പെടേണ്ടതുമാണ്. ഒന്നാമതായി, മതപരമായ വിഷയത്തില്‍  അഭിപ്രായം പറയാന്‍ യോഗ്യതയുള്ള വ്യക്തിയില്‍നിന്നുള്ളതല്ല ഇത്. അതുകൊണ്ടുതന്നെ അത് നിരാകരിക്കപ്പെടേണ്ടതാണ്. രണ്ടാമതായി, അസ്ഥാനത്തുള്ളതാണ് ഈ 'ഗവേഷണം'. മൂന്നാമതായി, അസാധുവായ അനുമാനത്തിന്റെ അടിത്തറയില്‍ ആവിഷ്‌കരിച്ചതാണിത്.
ഇതില്‍ ഒന്നാമത്തെ പോയിന്റ് പരിശോധിക്കാം. വിശദമായ തെളിവുകളില്‍നിന്ന് നിയമവിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കാന്‍ അവഗാഹമുള്ള കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നടത്തുന്ന പരിശ്രമത്തിനാണ് നിയമാനുസൃത ഗവേഷണം (അല്‍ ഇജ്തിഹാദുല്‍ മശ്‌റൂഅ്) എന്നു പറയുന്നത്. അതിനാല്‍, മുജ്തഹിദ് കര്‍മശാസ്ത്ര വിശാരദന്‍ -ഫഖീഹ് - ആയിരിക്കണം. അതല്ലെങ്കില്‍ നന്നച്ചുരുങ്ങിയത് ഇസ്്‌ലാമിക നിയമശാസ്ത്രം കൈകാര്യം ചെയ്യാന്‍ അടിസ്ഥാന യോഗ്യതയുണ്ടായിരിക്കണം. ഓരോ വിജ്ഞാനശാഖക്കും അതില്‍ പരിണിത പ്രജ്ഞരായ പണ്ഡിതരുണ്ട്. ഓരോ കലക്കും അതിന്റെതായ യോഗ്യത കരസ്ഥമാക്കിയ വിദഗ്ധരുണ്ട്. ഏറ്റവും ലളിതമായി പറഞ്ഞാല്‍, മുജ്തഹിദിനുണ്ടായിരിക്കേണ്ട പ്രാഥമിക ഉപാധികള്‍ പൂര്‍ത്തിയായിരിക്കണം. ഖുര്‍ആനിലും സുന്നത്തിലും ഇജ്മാഇലും പാണ്ഡിത്യം, അറബി ഭാഷാ പരിജ്ഞാനം, നിദാനശാസ്ത്രത്തിലും ശരീഅത്തിന്റെ ലക്ഷ്യങ്ങളിലും (മഖാസ്വിദുശ്ശരീഅ) അവഗാഹം എന്നീ യോഗ്യതകള്‍ മുജ്തഹിദില്‍ സമ്മേളിക്കണം. എങ്കില്‍ മാത്രമേ അയാളുടെ ഗവേഷണത്തിന് പ്രാബല്യമുള്ളൂ. വ്യക്തമായ ഖുര്‍ആന്‍ -ഹദീസ് പ്രമാണ വാക്യത്തിലൂടെയോ ഉറപ്പായ ഇജ്മാഇലൂടെയോ ഒരു നിയമവിധി കൃത്യവും സ്പഷ്ടവുമായി പറഞ്ഞിരിക്കെ അവിടെ വ്യക്തിനിഷ്ഠമായ മറ്റൊരു അഭിപ്രായത്തിന് പ്രസക്തിയില്ല. സൂക്ഷ്മതയുടെയും തഖ്്്വയുടെയും ഭാഗം കൂടിയാണിത്. കാരണം, എന്തു പറയുന്നതും അല്ലാഹുവിനെ ഭയന്നുകൊണ്ടായിരിക്കണമല്ലോ. അപ്പോള്‍ മാത്രമേ അതിന് അംഗീകാരം ലഭിക്കുകയുള്ളൂ; ജനം സ്വീകരിക്കുകയുള്ളൂ.
ഗവേഷണം അസ്ഥാനത്തായി എന്നതാണല്ലോ രണ്ടാമത്തെ കാര്യം. തെളിവുകള്‍ നിഗമനാധിഷ്ഠിതമോ ഊഹാധിഷ്ഠിതമോ ആയ വിഷയങ്ങളിലാവണം ഗവേഷണം. അല്ലെങ്കില്‍ പൊതുവില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങളിലാകണം. നിയമവിധികളും തെളിവുകളും ഖണ്ഡിതമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ ഇജ്തിഹാദിന് പഴുതില്ല. അല്ലാഹുവിന്റെയും തിരുദൂതന്റെയും വിധിതീര്‍പ്പുകള്‍ സര്‍വാത്മനാ അംഗീകരിക്കുകയാണ് വേണ്ടത്. വിശ്വാസവുമായാണ് ഇതിന്റെ ബന്ധം. ''നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു. പുരുഷന്റെ വിഹിതം രണ്ട് സ്ത്രീവിഹിതത്തിന് തുല്യമാകുന്നു'' (അന്നിസാഅ് 11). സ്ത്രീകളെ അവഗണിക്കുകയോ പുരുഷന്മാരോട് പക്ഷപാതപരമായി സമീപിക്കുകയോ അവര്‍ക്കനുകൂലമായി നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നുവെന്ന് അല്ലാഹുവിനെ സംബന്ധിച്ച് പറയുക സാധ്യമല്ല.
ആണ്‍-പെണ്‍ വ്യത്യാസമന്യേ മുഴുവന്‍ മനുഷ്യരുടെയും നാഥനാണ് അല്ലാഹു. സ്ത്രീ-പുരുഷന്മാരുടെ സാമ്പത്തിക ബാധ്യതയുടെ അടിസ്ഥാനത്തില്‍ അവര്‍ക്കിടയില്‍ ഏറ്റക്കുറച്ചില്‍ വരുത്തിയിട്ടുണ്ട്. വിവാഹിതരാകുന്നതു വരെ പെണ്‍കുട്ടികളുടെ സംരക്ഷണോത്തരവാദിത്വം അവരുടെ രക്ഷാകര്‍ത്താക്കളിലാണ്; വിവാഹാനന്തരം ഭര്‍ത്താവിലും. സാമ്പത്തികമായി എത്ര സൗകര്യമുള്ളവളാണെങ്കിലും സ്ത്രീകള്‍ക്ക് വിവാഹമൂല്യം ലഭിക്കുന്നു. പുരുഷന്‍ വിവാഹം കഴിക്കുമ്പോള്‍ വധുവിന് വിവാഹമൂല്യം നല്‍കാന്‍ ബാധ്യസ്ഥനാണ്. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ധനവര്‍ധനവുണ്ടാകുന്നു. അവളുടെ സഹോദരനാകട്ടെ ധനക്കമ്മിയും. അങ്ങനെ വരുമ്പോള്‍ ദായധനത്തില്‍ സ്ത്രീ-പുരുഷ തുല്യാവകാശം നല്‍കപ്പെടുകയാണെങ്കില്‍ പുരുഷനോട് അനീതി കാണിക്കുകയായിരിക്കും ഫലം. എന്നാല്‍, അല്ലാഹുവിന്റെ നിയമം (ശര്‍അ്) സംശയലേശമന്യേ നീതിയിലധിഷ്ഠിതമാണ്.
മൂന്നാമത്തെ കാര്യം, അനന്തരാവകാശ സംബന്ധമായ ഖുര്‍ആന്‍ വിധി ദുര്‍ബലമാക്കാന്‍ ബൂറഖീബ ന്യായം ചമക്കുന്നത്, ഭാര്യാ-ഭര്‍തൃബന്ധം പരാമര്‍ശിക്കുന്ന ഖുര്‍ആന്റെ മറ്റൊരു വിധി ദുര്‍ബലപ്പെടുത്തിക്കൊണ്ടു കൂടിയാണ്. കാരണം, അനന്തരാവകാശത്തിലെ സ്ത്രീ-പുരുഷ ഓഹരിവ്യത്യാസം സ്ത്രീയുടെ മേല്‍ പുരുഷനുള്ള നിയന്ത്രണാധികാര(ഖവ്വാമത്ത്)ത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ പദവി-ഖവ്വാമത്ത്- ഇല്ലാതാകുന്നതോടെ അതിനെ ഉപജീവിച്ചുണ്ടായ നിയമവിധിയും നീങ്ങുന്നതായിരിക്കും. ഇതാണദ്ദേഹത്തിന്റെ വാദമുഖം.
പുരുഷന് സ്ത്രീയുടെ മേലുള്ള നിയന്ത്രണാധികാരത്തിന്റെ പ്രതിഫലനമാണ് ദായധനത്തിലെ ഏറ്റക്കുറവ് എന്ന വാദം നാം അംഗീകരിച്ചുവെന്നു വെക്കുക. പക്ഷേ, ഈ വിധി നിശ്ചിത കാലത്തേക്ക് മാത്രമായിരുന്നുവെന്ന വാദം നാമൊരിക്കലും അംഗീകരിക്കുകയില്ല. കാലം മാറുന്നതിനനുസരിച്ച് പ്രസ്തുത വിധി മാറ്റത്തിനു വിധേയമാകുമെന്നത് സ്വീകാര്യമല്ല. കാരണം, അത് ഇസ്്‌ലാമിക ശരീഅത്തില്‍ വളരെ ഖണ്ഡിതമായി സ്ഥിരീകരിച്ച വിധിയാകുന്നു. ഖുര്‍ആനും സുന്നത്തം അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ''പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയതുകൊണ്ടുമാണത്'' (അന്നിസാഅ്  34).
''സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുണ്ട്. എന്നാല്‍, പുരുഷന്മാര്‍ക്ക് അവരെക്കാളുപരി ഒരു പദവിയുണ്ട്'' (അല്‍ ബഖറ 228). പുരുഷന്റെ നിയന്ത്രണാധികാരത്തിന്റെയും കുടുംബത്തിന്മേലുള്ള ഉത്തരവാദിത്വത്തിന്റെയും പദവിയാണത്. 'പുരുഷന്‍ തന്റെ വീടിന്റെ സംരക്ഷകനാണ്. ആശ്രിതരുടെ ഉത്തരവാദിത്വമുള്ളവനുമാണ്'- പ്രവാചകാധ്യാപനമാണിത്. ഈ വിധി ഏകപക്ഷീയമോ അനീതിപരമോ അല്ല. പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച ശുദ്ധ പ്രകൃതിയുടെ താല്‍പര്യമനുസരിച്ച നീതിയാണ്.
സ്ത്രീകള്‍ സ്വതവേ പുരുഷന്റെ സംരക്ഷണ വലയത്തിലും നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും കഴിയാന്‍ ഇഷ്ടപ്പെടുന്നു. പുരുഷൻ അവള്‍ക്ക് സംരക്ഷണം നല്‍കുകയും ചെലവഴിക്കുകയും ചെയ്യുന്നു. ഇസ്്‌ലാമും ഖുര്‍ആനും നിലനില്‍ക്കുന്ന കാലമത്രയും ഈ വിധി നിലനില്‍ക്കും. ആധുനിക വനിതകള്‍ വിദ്യാഭ്യാസം നേടുകയും തൊഴിലെടുക്കുകയും ചെയ്യുന്നതോടൊപ്പം വിവാഹം കഴിക്കുന്നു. വിവാഹമൂല്യം സ്വീകരിക്കുന്നു. അവളുടെ സാമ്പത്തിക ചെലവുകള്‍ വഹിക്കേണ്ടത് പുരുഷനാണ്. ഭര്‍ത്താവ് ചെലവിനു നല്‍കുന്നില്ലെങ്കില്‍ ശര്‍ഈ വിധി പ്രകാരം അവള്‍ക്കത് നേടിയെടുക്കാന്‍ സാധിക്കും.
സാമൂഹിക പുരോഗതിക്കും നീതിസങ്കല്‍പത്തിന്റെ വികാസത്തിനും ജീവിത രീതിയില്‍ വരുന്ന മാറ്റത്തിനുമനുസരിച്ച് ശര്‍ഈ വിധികള്‍ പരിഷ്‌കരിക്കപ്പെടണമെന്ന വാദം അംഗീകരിക്കുക സാധ്യമല്ല. ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കൽ മുസ്്‌ലിമിന് ഭൂഷണവുമല്ല; അയാള്‍ രാഷ്ട്രത്തലവനോ അമീറുല്‍ മുഅ്മിനീനോ ആയിക്കൊള്ളട്ടെ! സുല്‍ത്താന്റെയും അമീറുല്‍ മുഅ്മിനീന്റെയും ദൗത്യം ശര്‍ഈ നിയമങ്ങള്‍ നടപ്പാക്കലാണ്. അതിനെ മാറ്റലോ പരിഷ്‌കരിക്കലോ അല്ല. ഭരണാധികാരിയായി അധികാരത്തിലേറുന്നതും ജനമത് അംഗീകരിച്ച് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്യുന്നതും ദൈവിക ഗ്രസ്ഥത്തിന്റെയും തിരുദൂതന്റെയും നിര്‍ദേശാനുസരണമാണ്. ഭരണാധികാരി ദൈവിക വിധികള്‍ക്കതീതനല്ല. ഖുര്‍ആനും സുന്നത്തിനും വിരുദ്ധമായി പുതു നിയമം നിര്‍മിക്കുന്നവ നല്ല ഭരണാധികാരി. നിയമം നടപ്പാക്കുന്നവനായിരിക്കണമയാള്‍.
അല്ലാമാ ഇബ്‌നുല്‍ ഖയ്യിം വ്യക്തമാക്കിയ പോലെ (ഇഗാസത്തുല്ലഹ്ഫാന്‍ 1/346-349), ശര്‍ഈ നിയമവിധികള്‍ രണ്ടുതരമുണ്ട്. സുസ്ഥിരവും  നൈരന്തര്യ സ്വഭാവമുള്ളതുമായ നിയമവിധികളാണ് ഒന്നാം ഇനം. അത് മാറ്റത്തിനോ പരിവര്‍ത്തനത്തിനോ വിധേയമല്ല. ഇജ്തിഹാദിന്റെ വൃത്തത്തിനു പുറത്താണത്. ഖണ്ഡിതമായ തെളിവിന്റെ പിന്‍ബലത്തില്‍ സ്ഥിരപ്പെട്ടതുമാണ്. യാതൊരു സംശയമോ ദുരൂഹതയോ അതിലില്ല. ഖുര്‍ആന്‍ രേഖപ്പെടുത്തിയ അനന്തരാവകാശ നിയമങ്ങളഖിലം ഈ ഗണത്തില്‍ പെടുന്നു. ഗവേഷണക്ഷമവും പരിഷ്‌കരണ വിധേയവുമായ നിയമങ്ങളാണ് രണ്ടാമത്തെ ഇനം. കാലം, ദേശം, സാഹചര്യം, ആചാരങ്ങള്‍ എന്നിവ പരിഗണിച്ച് ആവിഷ്‌കരിച്ചവയാണത്. ലഘു ശിക്ഷാ നടപടികളും (അല്‍ ഉഖൂബാത്തുത്തഅ്‌സീരിയ്യ), ഓരോ കാലഘട്ടത്തിലെയും ജനങ്ങളുടെ സാഹചര്യങ്ങളും ആചാര സമ്പ്രദായങ്ങളും ശീലങ്ങളും അടിസ്ഥാനമാക്കി ആവിഷ്‌കരിക്കപ്പെടുന്ന നിയമങ്ങളും ഇതിനുദാഹരണമാണ്. കാല-ദേശ സമ്പ്രദായങ്ങളും സാഹചര്യങ്ങളും മാറിവരുമ്പോൾ അതിനെ ആസ്പദിച്ചുണ്ടായ നിയമങ്ങളുടെ സാധുതയും മാറും. കാരണം, നിമിത്തത്തോടൊപ്പമാണ് കാര്യവും നിലനില്‍ക്കുക.
ഈ രണ്ടു തരം നിയമവിധികള്‍ തമ്മില്‍ കൂട്ടിക്കലര്‍ത്തുന്നത് തെറ്റായ നടപടിയും അപകടകരവുമാണ്. സുസ്ഥിര പ്രമാണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതും പരിവര്‍ത്തനത്തിനു വിധേയമല്ലാത്തതുമായ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത് കാര്യങ്ങളെ തല കീഴ്‌മേല്‍ മറിക്കലാണ്. അപ്രകാരം പരിവര്‍ത്തനക്ഷമവും മാറ്റത്തിനു വിധേയവുമായ നിയമങ്ങളില്‍ പരിഷ്‌കരണം വരുത്താതെ അടിയുറച്ചു നില്‍ക്കുന്നതും അപകടകരമാണ്.
പരിഷ്‌കരണ വാദികള്‍ അവകാശപ്പെടും പോലെ ശര്‍ഈ നിയമങ്ങള്‍ മുഴുവനും പരിവര്‍ത്തനത്തിനു വിധേയമായിരുന്നുവെങ്കില്‍ കുശവന്റെ കൈയിലെ കളിമണ്ണ് പോലെ യഥേഷ്ടം രൂപാന്തരം വരുത്താന്‍ പറ്റുന്ന പരവുത്തിലാകുമായിരുന്നു. ജനങ്ങള്‍ക്ക് അവലംബിക്കാവുന്ന വിധിതീര്‍പ്പാകുമായിരുന്നില്ല അവ. ജനങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവരുടെ ഇഛകള്‍ക്കൊത്ത് അതില്‍ വ്യാഖ്യാനം ചമയ്്ക്കാന്‍ കഴിയുമായിരുന്നു. അങ്ങനെ ശര്‍ഈ നിയമങ്ങള്‍  ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കനുസൃതമായി തിരുത്തപ്പെടുമായിരുന്നു. ജനം ശരിയായ പാതയില്‍ നിലകൊള്ളുമ്പോള്‍ നിയമങ്ങളും നേരായ പാതയില്‍ നിലനില്‍ക്കും. അവര്‍ വ്യതിചലിച്ചാല്‍ നിയമവിധികളും വ്യതിചലിക്കും. അതോടെ ദീനിന്റെ നായകത്വം നഷ്ടപ്പെടും. വിധേയത്വം വന്നുചേരുകയും ചെയ്യും. യഥാര്‍ഥത്തില്‍ ദീനാകുന്നു നായകപദവിയിലുള്ളത്. ''സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു'' (അൽ മുഅ്മിനൂന്‍ 71). 
നിയമവിധികളില്‍ ഒരു തരത്തിലും ജനങ്ങളുടെ ഇഛകള്‍ പിന്‍പറ്റരുതെന്ന് അല്ലാഹു തിരുദൂതന് മുന്നറിയിപ്പ് നല്‍കുന്നു. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധി കല്‍പിക്കണമെന്നും വിവരമില്ലാത്തവരുടെ അജ്ഞതയെയും അധര്‍മകാരികളുടെ വ്യതിയാനത്തെയും പരിഗണിക്കരുതെന്നും കല്‍പിക്കുന്നു. ''അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവര്‍ക്കിടയില്‍ നീ വിധിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റാതിരിക്കുകയും, അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്ന വല്ല നിര്‍ദേശത്തില്‍നിന്നും അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി  ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും (നാം കല്‍പിക്കുന്നു). ഇനി അവര്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങൾ കാരണമായി അവര്‍ക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്. തീര്‍ച്ചയായും മനുഷ്യരില്‍ അധിക പേരും ധിക്കാരികളാകുന്നു. ജാഹിലിയ്യത്തിന്റെ (അിസ്്‌ലാമിക മാര്‍ഗത്തിന്റെ) വിധിയാണോ അവര്‍ തേടുന്നത്? ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ് ആരാണുള്ളത്?'' (അല്‍ മാഇദ 49,50).
ഇജ്തിഹാദ് പുനരുജ്ജീവിപ്പിക്കേണ്ടത് മതപരമായി നിര്‍ബന്ധവും അനിവാര്യവുമാകുന്നു. തലതിരിഞ്ഞ ഇജ്തിഹാദുകള്‍ക്ക് അവസരം സൃഷ്ടിക്കുകയാണെങ്കില്‍ അത് ആശയക്കുഴപ്പത്തിനും അരാജകത്വത്തിനും നിമിത്തമാകും. ഇജ്തിഹാദിന് നിശ്ചിതമായ വ്യവസ്ഥകളും രീതിശാസ്ത്രവും അനിവാര്യമാണ്. വ്യതിചലന മുക്തമാവാന്‍ അത് സഹായിക്കും. l
(അല്‍ ഇജ്തിഹാദുല്‍ മുആസ്വിര്‍ ബൈനല്‍ ഇൻദിബാത്വി വല്‍ ഇന്‍ഫിറാത്വ് എന്ന പുസ്തകത്തില്‍നിന്ന്)
വിവ: എം.എസ്.എ റസാഖ്

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 30-33
ടി.കെ ഉബൈദ്‌

ഹദീസ്‌

റമദാനിൽ പതിവാക്കിയ കർമങ്ങൾ തുടരണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്