Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 14

3298

1444 റമദാൻ 23

പുതു മുസ്്ലിം പുരാണം

കെ.പി പ്രസന്നൻ

നാട്ടിലെ ഒരു പഴയ പള്ളി, മഗ്‌രിബ് നമസ്കാരം കഴിഞ്ഞ ഉടനെ എഴുന്നേറ്റ് ഒരാൾ ദൈന്യതയോടെ പറയുന്നു: "പുതു മുസ്്ലിമാണ്. എന്തെങ്കിലും സഹായിക്കണം."
പിന്നെ തോർത്തും വിരിച്ചു പള്ളിക്ക് വെളിയിലുള്ള കാത്തുനിൽപ്പ്. ചോദിച്ച് വരുന്നയാളെ മടക്കരുത് എന്ന തോന്നലോടെ ചില ആളുകൾ, പള്ളി യാചനയുടെ വീടാക്കിയതിലുള്ള അമർഷത്തോടെ മറ്റു ചിലർ. പല പല നിയ്യത്തിൽ തോർത്തിൽ നാണയത്തുട്ടുകൾ വീഴും.
അപൂർവം ചിലർ, ഇങ്ങനെയല്ല അയാളുടെ പ്രശ്നം പരിഹരിക്കേണ്ടത്  എന്ന ബോധ്യത്തോടെ അത്താഴത്തിനു വീട്ടിലേക്ക് ക്ഷണിച്ചു. കൂടുതൽ കാര്യങ്ങൾ തിരക്കിയാൽ, പത്തിരുപത് വർഷമായി  പുതു മുസ്്ലിമായി അയാൾ  ഉപജീവനം നടത്തുന്ന കാര്യം മനസ്സിലാവും!
യാചന അയാളുടെയും അയാൾ പ്രവേശിച്ചു എന്ന് കരുതിയ ഇസ്്ലാമിന്റെയും അന്തസ്സ് കെടുത്തിയതിനാൽ പ്രത്യേകിച്ച് പരിഹാരമൊന്നുമില്ലാതെ, ജനങ്ങൾക്ക് പുതു മുസ്്ലിംകളെ കുറിച്ച ഒരു ധാരണ സമ്മാനിച്ചുകൊണ്ട് അവർ ഇങ്ങനെ ജീവിച്ചു പോവുന്നു. വിരമിച്ചു കഴിഞ്ഞ ചില ഉസ്താദുമാരും ഇത്തരം ആവശ്യങ്ങളുമായി പള്ളികളിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നിരിക്കെ വിഷയം സമുദായ നേതൃത്വങ്ങളുടെ സത്വര ശ്രദ്ധയിൽ പെടേണ്ടിയിരിക്കുന്നു എന്ന്  ആമുഖമായി പറഞ്ഞുവെക്കാം.
നമ്മുടെ വിഷയത്തിലേക്ക് തിരിച്ചുവരാം. പലരും പുതു മുസ്്ലിം എന്ന പദവിയുടെ മാർക്കറ്റിംഗ്  വർഷങ്ങളായി നിർവഹിക്കുന്നതിനാൽ മോരിന് പഴയ പുളിയില്ലെന്ന് പറയേണ്ടിയിരിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കാൻ ഒരാൾ തീരുമാനമെടുക്കുമ്പോൾ സ്വയം പര്യാപ്തത, അഭിമാന ബോധം എന്നിവ  അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ മറ്റു പലതിന്റെയും, പലരുടെയും അടിമയായി കൂടി അയാൾക്ക് ജീവിക്കേണ്ടി വരും. ശിർക്കിൽനിന്നും ദാരിദ്ര്യത്തിൽനിന്നും രക്ഷിക്കേണമേ എന്ന തിരുനബിയുടെ പ്രാർഥന അത്രമേൽ ഗൗരവമുള്ളതാകുന്നത്  ഇതൊക്കെ  കൊണ്ടുതന്നെയാണ്.
ചുറ്റുമുള്ള കാഴ്ചകൾ ഒന്ന് വിലയിരുത്തിയാൽ:
1. ഇസ്്ലാമിക ആദർശം ബോധ്യപ്പെട്ടുകൊണ്ട്.
2. വിവാഹം കഴിക്കാൻ വേണ്ടി.
3. മാനസിക അസ്വസ്ഥതയിൽനിന്ന് രക്ഷ നേടാൻ.
4. സാമ്പത്തിക സഹായം പ്രതീക്ഷിച്ച്.
5. രാഷ്ട്രീയ കാരണങ്ങളാൽ.....
ചരിത്രത്തിലും വർത്തമാനത്തിലും ഒക്കെ ഈ ഗണത്തിൽ പെട്ട മുസ്്ലിംകൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ പല ഉദ്ദേശ്യങ്ങളോടെ ഇസ്്ലാം സ്വീകരിക്കുകയും ജീവിക്കുകയും ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. ആരുടെയും സ്വാതന്ത്ര്യത്തെയോ തീരുമാനങ്ങളെയോ വില കുറച്ച് കാണുന്നില്ല. അതേസമയം, ഇതിൽ ഏത് വിഭാഗത്തിലുള്ള ആളാണെങ്കിലും  മുസ്്ലിം ആണെന്ന അവകാശമുന്നയിക്കുമ്പോൾ സഹോദര ബുദ്ധ്യാ അവരോട് ഇടപഴകാനും ക്ഷമയും സഹനവും പരസ്പരം ഉപദേശിക്കാനും ശ്രമിക്കാറുമുണ്ട്. ആരായാലും തൗഹീദിന്റെ സൗന്ദര്യത്തിലേക്കും സമാധാനത്തിലേക്കും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാമല്ലോ. പാരമ്പര്യ മുസ്്ലിം ആയാലും ഇസ്്ലാം സ്വീകരിച്ചു എന്നവകാശപ്പെടുന്ന ഒരാളായാലും  പരസ്പരം തൂണുകളായി നിന്നുകൊണ്ട് ഇസ്്ലാം എന്ന കൂടാരത്തെ നിലനിർത്താൻ കൊതിക്കുകയും അതിലെ സമാധാനത്തിന്റെ സുഗന്ധം അനുഭവിക്കാൻ കൊതിക്കുകയും ചെയ്യുന്ന ഒരാളുടെ കുറിപ്പായി മാത്രം ഇതിനെ പരിഗണിക്കുക.
ഞാൻ ഇസ്്ലാം സ്വീകരിച്ചു എന്നതിനെക്കാൾ ഇസ്്ലാം എന്നെ സ്വീകരിച്ചു എന്ന് പറയാനാണെനിക്കിഷ്ടം. ഞാൻ മനസ്സിലാക്കി എന്ന് തോന്നിയ ഇസ്്ലാം പോലും ജീവിതത്തിൽ പൂർണമായും അനുവർത്തിക്കാൻ സാധിക്കാത്ത ഒരു മനുഷ്യൻ തന്നെയാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു. പക്ഷേ, ആ ആഗ്രഹം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇസ്്ലാം സ്വീകരിച്ച പലരോടും ഇടപഴകുന്നത്. ആ  പരിചയത്തിൽ താഴെ പറയുന്ന നിരീക്ഷണങ്ങൾ പങ്കുവെക്കുന്നു.

മുസ്്ലിമായി എന്നവകാശപ്പെടുന്നവരോട്:
1. നിങ്ങൾ ഇസ്്ലാം ആയത് പടച്ചവനോടോ മറ്റാരോടോ ഉള്ള ഔദാര്യമായി പറയാതിരിക്കുക. അത് നിങ്ങളുടെ മാത്രം ആവശ്യമാവേണ്ടതാണ്. അതുവഴി കിട്ടുന്ന സമാധാനവും അഭിമാനബോധവും മാത്രമേ നിങ്ങളെ ആത്യന്തികമായി സഹായിക്കൂ.
2. ഇസ്്ലാമിനെ നിങ്ങളിലേക്ക് എത്തിച്ചുതന്ന പടച്ചവനോടും സാഹചര്യങ്ങളോടും വ്യക്തികളോടും നന്ദി ഉണ്ടായിരിക്കുക.
3. നിങ്ങളുടെ ആവശ്യങ്ങൾ പടച്ചവനോട് മാത്രം പങ്കുവെക്കുക. മറ്റുള്ള പ്രകടനങ്ങൾ നിങ്ങളെയും നിങ്ങളുടെ ഇസ്്ലാമിനെയും  വിലകുറച്ച് കാണാൻ ആളുകളെ പ്രേരിപ്പിക്കും. നിങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കുന്ന സഹോദരങ്ങൾ നിങ്ങൾക്കുണ്ടായാൽ പടച്ചവനെ സ്തുതിക്കുക. ഇല്ലെന്നാലും അതൊന്നും പ്രതീക്ഷിച്ചല്ല നിങ്ങളുടെ തീരുമാനങ്ങളെന്ന് സ്വയം ഉറപ്പിക്കുക.
4. ഇസ്്ലാമികമായ അറിവും ചിട്ടകളും ശീലിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. അതിലുള്ള ഒഴികഴിവ് പറയലും വീഴ്ചകളും നോക്കി ചുറ്റുമുള്ളവർ നിങ്ങളെ പെട്ടെന്ന് വിലയിരുത്താൻ  സാധ്യതയുണ്ട്. ഭൂതക്കണ്ണാടി ഉപയോഗിച്ച് നിങ്ങളെ വീക്ഷിക്കുന്ന ചിലർ ഈ സമുദായത്തിന്റെ ഭാഗമാണ് എന്ന് കരുതിയിരിക്കുക.
5. ഏതെങ്കിലും സംഘടനാ ബന്ധം സൂക്ഷിക്കുന്നുണ്ടെങ്കിൽ തന്നെ സംഘടനാ വഴക്കുകളുടെ  ഭാഗമാവാതിരിക്കുക. എല്ലാവരോടും ബന്ധം സൂക്ഷിക്കാൻ ശ്രമിക്കുക.
6. സ്വയം പര്യാപ്തത നേടി പടച്ചവനെ ആരാധിക്കാനും പടപ്പുകളെ സഹായിക്കാനും പറ്റുന്ന അവസ്ഥയിലേക്ക് മാറാൻ ശ്രമിക്കുക.

മുസ്്ലിമായവരെ സഹായിക്കാൻ ശ്രമിക്കുന്നവരോട്:
1. നിങ്ങളറിയാതെ നിങ്ങളിലേക്ക് വന്ന ഇസ്്ലാമിനെ, ബോധപൂർവം അതിനെ ജീവിതത്തിലേക്ക് കൊണ്ടുവന്നവരെ (അതേതു കാരണത്താലായാലും) പരിഗണിക്കാൻ ശ്രമിക്കുക. കടുത്ത പല മാനസിക / ശാരീരിക പരീക്ഷണങ്ങൾ കടന്നുവരുന്നവരാണ് അവരെന്ന് മനസ്സിലാക്കുക.
2. കാരണങ്ങൾ ചൂഴ്ന്നു നോക്കാതെ  സ്വത്ത് പങ്കുവെച്ച അൻസ്വാരികളെപ്പോലെ ആവുന്നില്ലെങ്കിൽ പോലും നിങ്ങളുടെ സാഹോദര്യ മൂല്യങ്ങൾ അനുഭവിപ്പിക്കുക വഴി അവരുടെ ഇസ്്ലാമിനെ ശക്തിപ്പെടുത്താൻ സാധിച്ചേക്കും.
3. നിങ്ങളുടെ സംഘടനയെ അവരിലേക്ക് അടിച്ചേൽപിക്കാതിരിക്കുക. നിങ്ങളുടെ സംഘടനാ മികവിലേക്ക് അവർക്ക് ചേർന്നുനിൽക്കാൻ തോന്നുന്ന രീതിയിൽ പ്രവർത്തിക്കുകയൊക്കെ ആവാം.
4. ഇത്തരം മനുഷ്യരെ  ശാക്തീകരിക്കുന്ന കൂട്ടായ പ്രവർത്തനങ്ങൾക്ക് സംഘടനാതീതമായി, മഹല്ല് അടിസ്ഥാനത്തിലൊക്കെ കൂട്ടായ്മ ഉണ്ടാക്കുക. അത് പഠനകാര്യങ്ങളിലും പുനരധിവാസത്തിലുമൊക്കെ വേണ്ടി വരും.
5. ഇസ്്ലാം മനുഷ്യരെ  ഇഹത്തിലും പരത്തിലും സമാധാനത്തിലേക്ക് നയിക്കേണ്ട ആദർശവും ജീവിത ശീലവും കൂടിയാണ്. അതുണ്ടാക്കേണ്ട ഉത്തരവാദിത്വം മുസ്്ലിംകൾക്കുണ്ട്. അതിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക.
6. ഓരോ വ്യക്തിയുടെയും പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കും. ഇത്തരം പ്രവർത്തനങ്ങളിൽ നബി  സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ വചനങ്ങളും രീതികളും പഠന വിധേയമാക്കി  തികച്ചും മനഃശാസ്ത്രപരമായ ഒരു സമീപനമാണ് ഇസ്്ലാം മുന്നോട്ടുവെക്കുന്നതെന്ന് മനസ്സിലാക്കി, സാഹചര്യം അനുവദിക്കുന്ന ഇളവുകളും സൗകര്യങ്ങളും അവർക്കായി പറഞ്ഞുകൊടുക്കുക. മതജീവിതവും സ്വീകരിക്കലും ഒക്കെ വിവാദവും പ്രശ്നകലുഷിതവുമാവുന്ന വർത്തമാനകാല യാഥാർഥ്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കാൻ എല്ലാവരെയും പരിശീലിപ്പിക്കേണ്ടതുമുണ്ട്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്