Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 14

3298

1444 റമദാൻ 23

മയക്കുമരുന്ന്  വ്യാപനവും  മതനിരാസവും 

അന്‍വര്‍ വടക്കാങ്ങര, ജിദ്ദ

നവ ലിബറൽ സംസ്കാരത്തിന്റെ ഭാഗമായി മദ്യവും മയക്കുമരുന്നും ലൈംഗികതയും, ഒപ്പം മതനിരാസവും  നമ്മുടെ കൊച്ചു കുട്ടികളടക്കമുള്ള ന്യൂജെന്‍ സമൂഹത്തില്‍ വളരെ വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  സര്‍ക്കാറിന്റെ തലതിരിഞ്ഞ നിലപാടുകളും മതത്തെ പരിഹസിക്കുന്ന ഗ്രൂപ്പുകളുടെ ഗൂഢശ്രമങ്ങളും ഇതിന് ശക്തിപകരുന്നു.
ഈയടുത്ത ദിവസങ്ങളില്‍ മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട് പുറംലോകമറിഞ്ഞ ചില കേസുകളില്‍, ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ വരെ മാരകമായ മയക്കുമരുന്നിന്റെ അടിമകളാകുക മാത്രമല്ല വിതരണക്കാരികളായതും കാര്യങ്ങള്‍ അതിന്റെ അവസാന ഘട്ടത്തില്‍ എത്തിയതിന്റെ ലക്ഷണങ്ങളാണ്. മയക്കുമരുന്നിന്റെ ഫലം പെട്ടെന്ന് അനുഭവപ്പെടാന്‍ വേണ്ടി ശരീരത്തിൽ എഴുപത്തിയഞ്ചോളം മുറിപ്പാടുകൾ ഉണ്ടാക്കിയിരുന്നതായി മയക്കുമരുന്നിന്റെ അടിമയായി മാറിയ ഒരു വിദ്യാർഥിനി തന്നെ തുറന്നുപറയുകയുണ്ടായി.
ഇതേപോലെ പതിയിരുന്ന് ആക്രമിക്കുന്ന മറ്റൊരു ശത്രുവാണ് മതനിരാസം. മതപരിഹാസ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെയും മറ്റും പ്രവർത്തന ഫലമായി വിദ്യാർഥി-യുവജനങ്ങളില്‍ മതനിരാസം  ട്രെന്റായി മാറിക്കൊണ്ടിരിക്കുന്നു.
കൊച്ചു വിദ്യാർഥികളിൽപോലും ദൈവം, പ്രവാചകന്‍, വിശുദ്ധ ഖുർആൻ,  പ്രവാചകന്മാരുടെ ഭാര്യമാർ, ഹിജാബ്, മതകർമങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ വളരെ പരിഹാസ്യമായ രീതിയിൽ അവതരിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും പ്രത്യേക സൈബര്‍ വിംഗുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.
പുരോഗമനത്തിന്റെ മറവില്‍  നമ്മുടെ വിദ്യാർഥി-യുവജനങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന സാംസ്കാരിക ജീര്‍ണതകളില്‍നിന്നും മതനിരാസത്തിൽനിന്നും അവരെ രക്ഷപ്പെടുത്താൻ പതിവ് ബോധവല്‍ക്കരണ ക്യാമ്പയിനുകൾ മതിയാവുമെന്ന് തോന്നുന്നില്ല. വളരെ ശാസ്ത്രീയമായ രീതിയിൽ പാഠ്യപദ്ധതികളും ബോധവൽക്കരണ പ്രോഗ്രാമുകളും തയാറാക്കി പ്രത്യേക ശിക്ഷണ പരിപാടികളിലൂടെ നവതലമുറയെ രക്ഷിക്കാൻ മഹല്ല്, വിദ്യാർഥി, യുവജന, സാംസ്കാരിക സംഘടനകൾ ക്രിയാത്മകമായി ഇടപെടേണ്ടിയിരിക്കുന്നു.

 

ഇസ്രായേലിന്റെ ഭാവി അനിശ്ചിതത്വത്തിൽ?


പ്രബോധനം മാർച്ച് 17-ലെ മുഖവാക്ക് ഇസ്രയേലിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളും തുടർ സംഭവങ്ങൾ വരുത്തി വയ്ക്കുന്ന അനിശ്ചിതത്വവും പ്രതിപാദിച്ചിരിക്കുന്നു. ഇസ്രായേൽ ഭരിച്ചുകൊണ്ടിരിക്കുന്ന തീവ്ര വലതു പക്ഷക്കാരുടെ ചെയ്തികൾ കാരണം അവിടെ സമാധാനം കാംക്ഷിക്കുന്നവർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് എന്ന കാര്യം ഞെട്ടിക്കുന്നതാണ്. ഇങ്ങനെ പോയാൽ ആഭ്യന്തര കലാപത്തിലേക്കായിരിക്കും ഇസ്രായേൽ എത്തിപ്പെടുക. ഫലസ്ത്വീനികളെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ അതിന്റെ സ്വാഭാവിക പരിണതിയിലേക്ക് എത്തിപ്പെടുകയാണ്.

അബ്ദുൽ  മാലിക്  മുടിക്കൽ

നിലപാട് നിഷേധാത്മകമാവരുത്


'ഇറാൻ-  സുഊദി ഒത്തുതീർപ്പ്, മുന്നിൽ കടമ്പകളേറെ' എന്ന മുഖവാക്ക്( ലക്കം 3296) പ്രബോധനത്തിന്റെയും റമദാനിന്റെയും പ്രസാദാത്മക ഭാവത്തോട് പൊരുത്തപ്പെടുന്നതായില്ല.  ചരിത്രപരമായ ഈ കരാറിനെ  ആശീർവദിക്കുകയും,  പ്രത്യാശയുടെ പുടവകൾ അണിയിക്കുകയും ചെയ്യേണ്ടതായിരുന്നു. പകരം കേവലമായ അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ വായനക്കാരനെ അശുഭ  മനസ്കനാക്കുന്ന  ശൈലിയാണിത്. ദശവത്സരങ്ങളുടെ സംഘർഷങ്ങളിൽ കെട്ടിപ്പിണഞ്ഞു  കിടക്കുന്ന    ഒരു  സമസ്യക്ക്   രണ്ടുമാസം കൊണ്ട്  പരിഹാരം  പ്രതീക്ഷിക്കാമോ? കരാർ പൊളിഞ്ഞു കാണണമെന്ന് കൊതിക്കുന്നവരുടെ എതിർ ചേരിയിലാണ് പ്രബോധനം നിലകൊള്ളേണ്ടത്.  മുസ്്ലിം  മനസ്സുകളിൽ തെളിയുന്ന ഒരു നുറുങ്ങു വെട്ടത്തിനു പോലും പ്രാർഥനയുടെയും കരുതലിന്റെയും കവചം തീർക്കേണ്ട പ്രബോധനം ഇത്തരം നിഷേധാത്മക നയം സ്വീകരിക്കാമോ? 

കെ.ടി അബ്ദുല്ല ചേന്ദമംഗല്ലൂർ

 

പേര് മാറ്റുന്നത് പൈതൃകങ്ങളെ പിഴുതെറിയാൻ

ദല്‍ഹിയിലെ മുഗള്‍ ഗാര്‍ഡന്‍ ഇന്ന് അറിയപ്പെടുന്നത് അമൃത് ഉദ്യാന്‍ എന്ന പേരിലാണ്. കഴിഞ്ഞ ജനുവരി 28-നാണ് കേന്ദ്രസര്‍ക്കാര്‍ അതിന്റെ പേര് മാറ്റി ഉത്തരവിറക്കിയത്. മറ്റൊരു മുഗള്‍ ഗാര്‍ഡന്‍ കൂടി ഇന്ത്യയിലുണ്ട്; അത് കശ്മീരിലാണ്. മുഗള്‍ ചക്രവര്‍ത്തി ബാബറാണ് അത് പണിതത്. ദല്‍ഹിയിലെ മുഗള്‍ ഗാര്‍ഡന്‍ പണിതത് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് ആയ സര്‍ എഡ്വാര്‍ഡ് ലൂട്ടിന്‍സ് ആണ്. 1911-ന് ശേഷം ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യം അവരുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന് ദല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായിട്ട് തലസ്ഥാനം പണിയാന്‍ ചുമതലപ്പെടുത്തിയ പ്രധാന ആര്‍ക്കിടെക്റ്റായിരുന്നു ലൂട്ടിന്‍സ്. അദ്ദേഹം  തദ്ദേശീയമായ സാംസ്‌കാരിക ചിഹ്നങ്ങളും വെസ്റ്റേണ്‍ മാതൃകയും ഉള്‍ച്ചേര്‍ത്ത് പുതിയ തലസ്ഥാനത്തെ നിർമിതികളെ പരുവപ്പെടുത്തി. അന്ന് വൈസ്രോയിക്ക് പാര്‍ക്കാന്‍ പണിത, പിന്നീട് രാഷ്ട്രപതി താമസം തുടങ്ങിയ രാഷ്ട്രപതിഭവനിലെ വിശാലമായ ഉദ്യാനത്തിന് മുഗള്‍ ഗാര്‍ഡന്‍ എന്നാണ് പേരിട്ടത്.  ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം ഇവിടത്തെ മുസ്്ലിം രാജവംശങ്ങളുടെ, പ്രത്യേകിച്ച് മുഗളരുടെ ആധിപത്യം നോമിനലായി അംഗീകരിച്ചിരുന്നു എന്നതിന് തെളിവ്.
ഹിന്ദുത്വ ഭരണകൂടം ഇന്ന് ഇന്ത്യയിലെ പല നഗരങ്ങളുടെയും പട്ടണങ്ങളുടെയും സ്മാരകങ്ങളുടെയുമെല്ലാം പേര് മാറ്റിക്കൊണ്ടിരിക്കുകയാണ്. പേര് മാറ്റപ്പെടുന്ന പട്ടണങ്ങള്‍ക്ക്  മുസ്്ലിം പൈതൃകങ്ങളുടെ വലിയൊരു ചരിത്രമുണ്ട് എന്നത് സംഘ പരിവാരത്തെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. മുസ്്ലിം ഭരണാധികാരികള്‍ പണികഴിപ്പിച്ചതും വികസിപ്പിച്ചതുമായ പട്ടണങ്ങളാണ്  പേര് മാറ്റലുകൾക്ക്  ഇരകളായിക്കൊണ്ടിരിക്കുന്നത്. പേര് മാറ്റിയാലും ചരിത്രം മാറില്ലെന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല. സംഘ് പരിവാര്‍ പതിറ്റാണ്ടുകളായി ഉഴുതുമറിച്ച്, നിലമൊരുക്കി, വിത്ത് പാവി ഉണ്ടാക്കിയെടുത്ത ഒരു  പൊതുബോധമുണ്ട്. ഭൂരിപക്ഷ താൽപര്യം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ആ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ മുസ്്ലിം പൈതൃകം ഓരോന്നോരോന്നായി ഇല്ലാതെയാക്കിയാലേ സാധ്യമാവൂ  എന്ന് രാഷ്ട്രീയ പാര്‍ട്ടികൾക്ക് തോന്നുകയാണ്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ തനിക്ക് ഇനി ഇലക്്ഷനില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ തന്റെ സ്വത്വം ഇപ്പോഴും ഹിന്ദുത്വ തന്നെയാണെന്ന് തെളിയിക്കാന്‍ നിര്‍ബന്ധിതനായത് നാം കണ്ടു. അതിനു വേണ്ടി, മഹാവികാസ് അഖാഡി എന്ന മതേതര മുന്നണിയുടെ സര്‍ക്കാര്‍ നിലത്ത് വീഴുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മഹാരാഷ്ട്രയിലെ രണ്ട് പ്രധാന നഗരങ്ങളുടെ പേരുകള്‍ അദ്ദേഹം മാറ്റിയെഴുതിയത്. ഔറംഗാബാദിനെ സാംബാജി നഗര്‍ എന്നും ഉസ്മാനാബാദിനെ ധാരാശിവ എന്നുമാക്കി മാറ്റി.
ഹൈദറാബാദ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുക ചാര്‍മിനാറും അതിന് സമീപത്തെ മക്കാ മസ്ജിദുമാണ്. ഹൈദറാബാദിനെ നരേന്ദ്ര മോദി വിശേഷിപ്പിച്ചത് ഭാഗ്യനഗര്‍ എന്നാണ്. 2022 ജൂണില്‍ ഹൈദറാബാദില്‍ ബി.ജെ.പിയുടെ നാഷ്്നല്‍ എക്‌സിക്യൂട്ടീവ് മീറ്റിംഗിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇങ്ങനെ ഒരു പേര് മോദി വിളിച്ചത്. 2023-ല്‍ തെലങ്കാനയില്‍ നടക്കാനിരിക്കുന്ന ഇലക്്ഷൻ മുന്‍നിര്‍ത്തിയുള്ള പൊടിക്കൈ പ്രയോഗമാണിതെന്ന് ആരോപിക്കപ്പെടുന്നുണ്ട്.  
ഇന്ത്യയിലുടനീളം മുസ്്ലിം അടയാളം പതിഞ്ഞ സംസ്‌കൃതിയുടെ ശേഷിപ്പുകൾ നമുക്ക് കാണാന്‍ സാധിക്കും. സംഘ് പരിവാരത്തെ സംബന്ധിേച്ചടത്തോളം ബ്രാഹ്മണ മേധാവിത്വവും ചൂഷണവും നിലനിര്‍ത്തിപ്പോരാന്‍ തടസ്സമായി നിലനില്‍ക്കുന്ന ഏതൊരു  പ്രത്യയശാസ്ത്രത്തെയും തല്ലിക്കെടുത്തേണ്ടതുണ്ട്; ബുദ്ധിസത്തെയും ജൈനിസത്തെയും കൈകാര്യം ചെയ്തതു പോലെ.
 അദീബ് ഹൈദര്‍ എടവനക്കാട്

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്