Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 14

3298

1444 റമദാൻ 23

പരമോന്നത കോടതിയുടെ ചരിത്ര പ്രധാന വിധി

എഡിറ്റർ

മീഡിയാ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി എന്തുകൊണ്ടും ചരിത്ര പ്രധാനമാണ്. നാലാഴ്ചക്കകം ലൈസന്‍സ് പുതുക്കി നൽകാനാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ഹിമ കോഹ്്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ നാള്‍വഴികളില്‍ സവിശേഷമായി രേഖപ്പെടുത്തേണ്ടതാണ് ഈ വിധി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഇതുപോലെ വെല്ലുവിളിക്കപ്പെട്ട മറ്റൊരു സന്ദര്‍ഭമുണ്ടായിട്ടില്ല. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ പലതരം കുതന്ത്രങ്ങളാണ് പയറ്റിക്കൊണ്ടിരുന്നത്. പ്രലോഭനങ്ങളില്‍ വീഴാത്ത മാധ്യമങ്ങളെ പരസ്യങ്ങള്‍ നല്‍കാതെയും ഇ.ഡിയെ അയച്ചും ഭീഷണിപ്പെടുത്തി. സത്യം വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന ചില മാധ്യമങ്ങളെ കോര്‍പറേറ്റുകളെ ഇറക്കി വളഞ്ഞ വഴിയിലൂടെ അവയുടെ ഉടമസ്ഥത കൈക്കലാക്കി. ചൊല്‍പ്പടിയില്‍ നില്‍ക്കാത്ത മീഡിയാ വണ്ണിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ തയാറായില്ല. ഈ പശ്ചാത്തലത്തില്‍ വേണം വിലക്ക് നീക്കിയ വിധിയെ കാണാന്‍.
വിധിയില്‍ ഒട്ടേറെ ശ്രദ്ധേയമായ പരാമര്‍ശങ്ങളുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം സീല്‍ വെച്ച കവറിന്റെ അടിസ്ഥാനത്തില്‍ മാത്രം ശരിവെച്ച ഹൈക്കോടതി നടപടിയെ ശക്തമായി നിരൂപണം ചെയ്തു സുപ്രീം കോടതി. ചാനലിന്റെ സംപ്രേഷണം സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്നുണ്ടെങ്കില്‍ അതെന്താണെന്ന് വെളിപ്പെടുത്തണം. സുരക്ഷാ കാരണങ്ങളുണ്ടെന്ന് വെറുതെ പറഞ്ഞാല്‍ പോരാ. തെളിവുകള്‍ കൊണ്ടുവരണം. അല്ലാത്ത പക്ഷം പൗരന്മാര്‍ക്ക് നല്‍കപ്പെട്ട മൗലികാവകാശങ്ങളുടെ ലംഘനമായിത്തീരും അത്. സി.ബി.ഐ, ഐ.ബി റിപ്പോര്‍ട്ടുകളെ സീല്‍ വെച്ച കവറുകളിലാക്കിയതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) എന്നിവയെക്കുറിച്ച് ചാനലില്‍ വന്ന റിപ്പോര്‍ട്ടുകളെ ഭരണകൂട വിരുദ്ധതയുടെ തെളിവുകളായി ചൂണ്ടിക്കാട്ടിയതും അംഗീകരിക്കാനാവില്ല. ജനാധിപത്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ കോടതി, ഭരണകൂടത്തെക്കുറിച്ച് എല്ലാവരും ഒരേ അഭിപ്രായമേ പറയാവൂ എന്ന് ശഠിക്കുന്നത് ജനായത്ത ഘടനക്ക് ഗുരുതരമായ പരിക്കേല്‍പിക്കും എന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഗവണ്‍മെന്റ് നയങ്ങളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ മാത്രം ഒരു സ്ഥാപനത്തെയും 'ഭരണകൂട വിരുദ്ധം' എന്ന് പറയാനാവില്ല. ജമാഅത്തെ ഇസ്്‌ലാമിയെയും കേസിലേക്ക് വലിച്ചിഴക്കാന്‍ ശ്രമമുണ്ടായെങ്കിലും, സമുചിതം മറുപടി പറഞ്ഞ സുപ്രീം കോടതി അത്തരം വാദങ്ങളെയും തള്ളി.
ഭീഷണിപ്പെടുത്തുമ്പോള്‍ മുട്ടുമടക്കാതെയും നിശ്ശബ്ദമാവാതെയും സത്യത്തിനും നീതിക്കും വേണ്ടി ചങ്കുറപ്പോടെ നിലകൊള്ളാന്‍ ഈ വിധി മാധ്യമങ്ങള്‍ക്ക് പ്രചോദനമാവേണ്ടതാണ്. വിധിയുടെ കാലിക പ്രസക്തിയും ചരിത്ര പ്രാധാന്യവും അതാണ്.   l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്